ഇസ്‌ലാമിക സമൂഹം നിലനില്‍പ് അര്‍ഥപൂര്‍ണമാകണമെങ്കില്‍
ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്‍പിന്റെ ന്യായീകരണം ഏതു സാഹചര്യത്തിലും അവര്‍ സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും നന്മയുടെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കുമെന്നു മാത്രമല്ല, അവയുടെ സംസ്ഥാപനത്തിനായി സദാ നിലകൊള്ളുമെന്നു കൂടിയാണ്. എന്നും എവിടെയും അവര്‍ സത്യമാര്‍ഗത്തെ പ്രതിനിധീകരിക്കുന്നവരും അതിന്റെ പ്രയോക്താക്കളുമായിരിക്കും. അതിനാലാണ് അവര്‍ ഉത്തമ സമൂഹമെന്ന് വിശേഷിപ്പിക്കപ്പെട്ടത്.
''മനുഷ്യ സമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു'' (ഖുര്‍ആന്‍ 3:110). ''നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍'' (3:104).
ഇവ്വിധം സത്യത്തിന് ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുമ്പോഴാണ് മുസ്‌ലിംകള്‍ മധ്യമ സമൂഹവും മാതൃകാ സമുദായവുമാവുക. പ്രവാചകന്‍ നിര്‍വഹിച്ച അതേ ചുമതല നിര്‍വഹിക്കുന്നവരും നിര്‍വഹിക്കേണ്ടവരുമാണ് അവര്‍. ''ഇവ്വിധം നിങ്ങളെ നാം ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും'' (2:143). ഇക്കാര്യത്തില്‍ സ്ത്രീപുരുഷ വ്യത്യാസം പോലുമില്ല. എല്ലാവരും ഒരേപോലെ ഈ ബാധ്യത നിര്‍വഹിക്കണം. ''സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു'' (9:71).
മഹത്തായ ദൗത്യം
കണ്ണ് കാണാത്ത ആള്‍ പൊട്ടക്കിണറ്റില്‍ വീഴാന്‍ പോകുമ്പോള്‍ അല്‍പമെങ്കിലും മനുഷ്യത്വമുള്ള ആരും അയാളെ തടഞ്ഞുനിര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കും. എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടി ചിരട്ടയിലെ തീക്കനല്‍ വാരിയെടുക്കാന്‍ പോകുമ്പോള്‍ നാം അവനെ കോരിയെടുത്ത് രക്ഷിക്കും. ഇപ്രകാരം തന്നെ അവിശ്വാസവും അന്ധവിശ്വാസവും അജ്ഞതയും മറ്റും കാരണമായി നിത്യനാശത്തിലേക്ക് നീങ്ങുന്ന മനുഷ്യനെ അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഇത്തിരിയെങ്കിലും നന്മയും കാരുണ്യവുമുള്ള ഏവരും ബാധ്യസ്ഥരാണ്. സത്യപ്രബോധനം സുമനസ്സുകളുടെ സ്വാഭാവിക കൃത്യവും അനിവാര്യ ബാധ്യതയുമാണെന്ന് പറയുന്നത് അതിനാലാണ്. മുഴുവന്‍ പ്രവാചകന്മാരും നിര്‍വഹിച്ച ഉത്തരവാദിത്തമാണിത്. സത്യപാത പിന്തുടരുന്നവര്‍ക്ക് വിജയത്തെ സംബന്ധിച്ച് ശുഭവാര്‍ത്തയും അതിനെ ധിക്കാരപൂര്‍വം നിരാകരിക്കുന്നവര്‍ക്കും നിഷേധികള്‍ക്കും കടുത്ത ശിക്ഷ ഉണ്ടാകുമെന്ന താക്കീതും നല്‍കിയാണ് അവരിത് നിര്‍വഹിച്ചത്.
''ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്'' (4:165).
അന്ത്യപ്രവാചകനായ മുഹമ്മദ് നബി നിര്‍വഹിച്ച ദൗത്യവും ഇതുതന്നെ. അല്ലാഹു അദ്ദേഹത്തെ സംബോധന ചെയ്ത് ഇക്കാര്യം വ്യക്തമാക്കുന്നു: ''നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്'' (33: 45,46).
അതുകൊണ്ടുതന്നെ നബി(സ) തന്റെ അനുചരന്മാരോട് അന്ത്യോപദേശമെന്ന നിലയില്‍ ആവശ്യപ്പെട്ടതും സത്യപ്രബോധനം നിര്‍വഹിക്കാനാണ്. അവിടുന്ന് അരുള്‍ ചെയ്തു: ''അറിയുക: ഈ സന്ദേശം ലഭിച്ചവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ'' (ബുഖാരി).
പ്രവാചകനില്‍നിന്ന് ഈ നിര്‍ദേശം ഏറ്റുവാങ്ങിയ ഒരു ലക്ഷത്തിലേറെ വരുന്ന അനുചരന്മാരില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രമേ ജന്മനാട്ടില്‍ ജീവിച്ചു മരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരൊക്കെയും സത്യപ്രബോധനാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പരന്നൊഴുകുകയായിരുന്നു. അങ്ങനെയാണ് ഇസ്‌ലാമിന്റെ സന്ദേശം ലോകമെങ്ങും അതിവേഗം പ്രചരിച്ചത്.
മനുഷ്യന് ഏറ്റവും കൂടുതല്‍ പുണ്യവും പ്രതിഫലവും നേടിത്തരുന്ന സുകൃതവും ഇസ്‌ലാമിക പ്രബോധനം തന്നെ. തന്റെ പ്രവര്‍ത്തനഫലമായി ഉാകുന്ന നേട്ടങ്ങള്‍, അതിന് തലമുറ തലമുറകളായി നൂറ്റാണ്ടുകളിലൂടെയുണ്ടാകുന്ന സകല സദ്ഫലങ്ങള്‍ എല്ലാം അതിനു വഴിയൊരുക്കിയ വ്യക്തിക്ക് സുകൃതമായി സമര്‍പ്പിക്കപ്പെടും. അല്ലാഹു അറിയിക്കുന്നു: ''നിശ്ചയമായും നാം മരിച്ചവരെ ജീവിപ്പിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു'' (36:12).
അതുകൊണ്ടാണ് നബി(സ) അലി(റ)യോട് ഇങ്ങനെ പറഞ്ഞത്: ''താങ്കള്‍ വഴി അല്ലാഹു ഒരാളെ നേര്‍വഴിയിലാക്കുന്നതാണ് താങ്കള്‍ ഈ ലോകവും അതിലുള്ളതൊക്കെയും സ്വന്തമാക്കുന്നതിനേക്കാള്‍ ഉത്തമം'' (ത്വബറാനി).
അതുകൊണ്ടുതന്നെ ഭൂമിയില്‍ മനുഷ്യന് നിര്‍വഹിക്കാവുന്ന ഏറ്റവും മഹത്തായ കൃത്യം സത്യപ്രബോധനമത്രെ. ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?'' (41:33). ''അതിനാല്‍ യുക്തി കൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍'' (16:125).
കൊലയാളിയോടും പ്രബോധനം
സത്യവിശ്വാസിയുടെ സകല ഇടപെടലുകളും സത്യപ്രബോധനപരമായിരിക്കും, ആയിരിക്കണം. ഭൂമിയില്‍ ആദ്യത്തെ കൊല നടന്നപ്പോള്‍ കൊലയാളിയായ ഖാബീലും കൊല്ലപ്പെട്ട ഹാബീലും തമ്മില്‍ നടന്ന സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. അപ്പോള്‍ വധിക്കപ്പെടുമെന്നുറപ്പുണ്ടായിരുന്നിട്ടും കൊലയാളിയായ ഖാബീലിനെ മരണാനന്തര ജീവിതത്തിലെ ശിക്ഷയെ സംബന്ധിച്ച് ഉണര്‍ത്തിക്കൊണ്ട് തന്റെ പ്രബോധനദൗത്യം നിര്‍വഹിക്കുകയാണ് ഹാബീല്‍ ചെയ്യുന്നത്:
''അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു: 'നിന്നെ ഞാന്‍ കൊല്ലുക തന്നെ ചെയ്യും.' അപരന്‍ പറഞ്ഞു: ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. നിന്റെ പാപവും എന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ'' (5:27-29).
വിമോചന സമരത്തിനിടയിലും
മര്‍ദിതരായ ഇസ്രാഈലീ സമൂഹത്തിന്റെ വിമോചനം മൂസാ നബിയുടെ മുഖ്യ നിയോഗ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആ വിമോചനപോരാട്ടത്തിനിടയില്‍ പോലും ഇസ്രാഈല്യരെ അടിച്ചമര്‍ത്തുകയും അടിമകളാക്കുകയും ചെയ്ത ഫറവോന്റെ രക്ഷ കാംക്ഷിക്കുകയും അദ്ദേഹത്തോട് അതിനായി പ്രബോധനം നടത്തുകയും ചെയ്യുന്ന പ്രവാചകനെയാണ് നാം ഖുര്‍ആനിലൂടെ പരിചയപ്പെടുന്നത്:
''അതിനാല്‍ നിങ്ങളിരുവരും ഫറവോന്റെ അടുത്ത് ചെന്ന് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക. സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണുണ്ടാവുകയെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു.
''ഫറവോന്‍ ചോദിച്ചു: മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ ഈ രക്ഷിതാവ്? മൂസാ പറഞ്ഞു: എല്ലാ ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും പിന്നെ അവക്ക് വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്. അയാള്‍ ചോദിച്ചു; അപ്പോള്‍ നേരത്തേ കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയോ? മൂസാ പറഞ്ഞു: അതേക്കുറിച്ചുള്ള എല്ലാ വിവരവും എന്റെ നാഥന്റെ അടുക്കല്‍ ഒരു പ്രമാണത്തിലുണ്ട്. എന്റെ നാഥന്‍ ഒട്ടും പിഴവു പറ്റാത്തവനാണ്. തീരെ മറവിയില്ലാത്തവനും'' (20: 47-52).
ഫിര്‍ഔന്‍ കടുത്ത ധിക്കാരിയും അതിക്രമിയും കുഴപ്പക്കാരനും മര്‍ദകനുമൊക്കെയാണെന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹത്തോട് ഗുണകാംക്ഷയോടെയും തികഞ്ഞ പ്രതീക്ഷയോടെയും ഒട്ടും പ്രകാപനം സൃഷ്ടിക്കാതെയും പ്രബോധനം നടത്താനാണ് അല്ലാഹു മൂസാ നബിയോടും സഹോദരന്‍ ഹാറൂന്‍ നബിയോടും ആവശ്യപ്പെടുന്നത്: ''നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭയന്ന് അനുസരിച്ചെങ്കിലോ?'' (20:44).
ഏതു സാഹചര്യത്തിലും ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നും പ്രബോധിതരെ സംബന്ധിച്ച തികഞ്ഞ പ്രതീക്ഷയോടെയും പ്രത്യാശയോടെയും ഒട്ടും പ്രകോപിതരാകാതെയും തികഞ്ഞ ഗുണകാംക്ഷയോടെയുമാണ് ഇത് നടത്തേണ്ടതെന്നും ഇതിലൂടെ അല്ലാഹു നമ്മെ ഉണര്‍ത്തുന്നു.
ഇവിടെ ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. ചിലരെങ്കിലും തെറ്റിദ്ധരിച്ചപോലെ മൂസാ നബി ഫറവോനെ അതിക്രമിയെന്നോ കുഴപ്പക്കാരനെന്നോ ധിക്കാരിയെന്നോ വിളിച്ചിട്ടില്ല. സമൂഹത്തില്‍ ഫറവോന്‍ അങ്ങനെയൊക്കെയാണെന്ന് വിളംബരം ചെയ്തിട്ടുമില്ല. മറിച്ച് തങ്ങള്‍ സത്യസന്ദേശവുമായി ചെല്ലുന്നത് ആരുടെ അടുത്തേക്കാണെന്ന് അയാളുടെ എല്ലാ ക്രൂരതകളും എടുത്തുകാണിച്ച് മൂസാ നബിയെയും ഹാറൂന്‍ നബിയെയും ഉണര്‍ത്തുകയാണ് അല്ലാഹു ചെയ്തത്. അതിനാല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഒട്ടും പ്രകോപനമുണ്ടാക്കാതെ സൗമ്യമായി സംസാരിക്കണമെന്നും ആവശ്യപ്പെടുകയുമാണ്.
ഫറവോനെ അധിക്ഷേപിക്കുന്ന ഖുര്‍ആനിലെ പരാമര്‍ശങ്ങളൊന്നും നമ്മുടെ നാട്ടിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളെ രൂക്ഷമായി ആക്ഷേപിക്കാനും അവരെ പ്രകോപിതരാക്കുംവിധം കടുത്ത പ്രയോഗങ്ങള്‍ നടത്താനുമുള്ള തെളിവല്ല. മറിച്ച് ഗുണകാംക്ഷയോടെയും പ്രതീക്ഷയോടെയും സൂക്ഷ്മതയോടെയും സത്യപ്രബോധനം നടത്താനുള്ള പാഠമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സത്യപ്രബോധന ദൗത്യം നിര്‍വഹിക്കുന്നവര്‍ തിന്മയെ നന്മ കൊണ്ട് തടയണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവര്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല'' (41:34,35).
അതോടൊപ്പം ഈ സമീപനം ഉപേക്ഷിക്കാനും പ്രതികാരത്തിന്റെയും പാരുഷ്യത്തിന്റെയും പാത പിന്തുടരാനുമുള്ള പലതരം പ്രേരണകള്‍ ഉായിക്കൊണ്ടിരിക്കുമെന്നും അത്തരം ഏതു നിലപാടും പൈശാചികമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അതില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടണമെന്നും. ''പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണം തേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്'' (41:36).
ഏതു സാഹചര്യത്തിലും വിശ്വാസിസമൂഹം സത്യപ്രബോധനം നടത്താന്‍ ബാധ്യസ്ഥരാണ്. സംസ്‌കരണത്തിലൂടെയും ശിക്ഷണത്തിലൂടെയും ശാക്തീകരണത്തിലൂടെയും മുസ്‌ലിംകളെ ഉത്തമ സമുദായവും മാതൃകാ സമൂഹവും കരുത്തുറ്റതുമാക്കുന്നത് ഈ ദൗത്യനിര്‍വഹണത്തിന് അവര്‍ അര്‍ഹരും പ്രാപ്തരുമാകാനാണ്. സമുദായത്തിന്റെ സുസ്ഥിതിക്കും സുരക്ഷിതത്വത്തിനും ശാക്തീകരണത്തിനുമുള്ള എല്ലാ ശ്രമങ്ങളും പ്രബോധന ദൗത്യനിര്‍വഹണത്തിന് വേണ്ടിയാണെന്നര്‍ഥം. ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനവും അതിന്റെ സംസ്ഥാപനത്തിനും നിലനില്‍പിനും വേണ്ടിയുള്ള അധ്വാന പരിശ്രമങ്ങളുമാണ് മുസ്‌ലിം സമുദായത്തിന് ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം. അതിന്റെ നിര്‍വഹണത്തിലൂടെയാണ് പരലോക വിജയം സാധ്യമാവുക.
Comments