കണ്ണടയല്‍ (കവിത)
ആകാശച്ചെരുവില്‍
നക്ഷത്രങ്ങള്‍ക്കൊടുവില്‍
മേഘങ്ങള്‍ക്കിടയില്‍
ആയിരത്തൊന്നു രാവുകള്‍
എന്റെ കഥപറച്ചലിന്നറുതി വരുമ്പോഴാകും
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുക
ഒപ്പമെന്‍ കണ്‍കളും.
**************************************
തുറന്ന വിചാരണ
ഒരാള്‍ മരിക്കുമ്പോള്‍
ജീവിച്ചയായുസ്സിന്‍
പകലിന്റെയത്രയും സൂര്യന്മാരും
ഒപ്പം മരിക്കുന്നു
എന്നിട്ട്
വിചാരിച്ച
ശരിതെറ്റുകളെയും
ചെയ്ത
നന്മതിന്മകളെയും
അത്യുജ്ജ്വല
പകല്‍വെളിച്ചത്തില്‍
മരിച്ചയാള്‍ക്കു മുമ്പിലും
മൃതജനസമക്ഷവും
കാണിച്ചുകൊടുക്കും
തുറന്ന വിചാരണയത്
ഇന്നു നാം
മറന്ന വിചാരമിത്
******************************************************
ജനാധിപത്യം
-നാസര്‍ കാരക്കാട്-
ഇത് എന്റെ ജന്മഗൃഹമല്ല
എന്നെ ഇങ്ങോട്ട് കൊണ്ടുവരുമ്പോള്‍
തടിച്ചു കൊഴുത്തുരുണ്ടിരുന്നു ഞാന്‍
'വീട്ടുകാരണവര്‍' എന്നെ
മച്ചി എന്ന് അധിക്ഷേപിച്ചു
അത് ഞാന്‍ ക്ഷമിച്ചു
ഒരു 'അടിയന്തര' ആവശ്യം പറഞ്ഞ്
'അമ്മായിയമ്മ'യാണ്
എന്റെ ആടയാഭരണങ്ങളെല്ലാം
വിറ്റു തുലച്ചത്
അന്ന് ഞാന്‍ ഒരു പാട് കരഞ്ഞു
പിന്നീട് തരം കിട്ടിയപ്പോഴൊക്കെ
പലരും പല തരത്തില്‍
എനിക്ക് അംഗഭംഗങ്ങള്‍ വരുത്തി
ഞാന്‍ ആര്‍ത്തലച്ചു
അവ ബധിരകര്‍ണങ്ങളില്‍
തട്ടിത്തെറിച്ചു
തറവാടിന്റെ 'മോഡി' കൂടിയപ്പോള്‍
ഞാന്‍ ജീവഛവമായി
ഊര്‍ധ്വന്‍ വലിക്കുന്നു.
Comments