Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

മണ്ണിലൊടുങ്ങുന്നതല്ല, വിണ്ണിലേക്കുയരേണ്ടതാണ് മനുഷ്യ ഭാഗധേയം

ജി.കെ എടത്തനാട്ടുകര

മത്സ്യം ചീയുന്നത് തലയില്‍നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍നിന്ന് എന്നൊരു ചൊല്ലുണ്ട്. ഹൃദയവിശുദ്ധിയാണ് മനുഷ്യന്‍ എന്ന നിലക്കുള്ള മനുഷ്യന്റെ നിലനില്‍പിന്റെ ന്യായം. ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പരിസ്ഥിതി മലിനീകരണത്തേക്കാള്‍ അപകടകരം മനുഷ്യന്റെ മനഃസ്ഥിതി മലിനീകരണമാണ് (ങീൃമഹ ജീഹഹൗശേീി). പരിസ്ഥിതി മലിനീകരണം പോലും മനുഷ്യന്റെ മനഃസ്ഥിതി മലിനീകരണത്തിന്റെ അനന്തരഫലമാണ്.

മനുഷ്യനെ കൂടാതെ കോടാനുകോടി ജീവജാലങ്ങള്‍ ജീവിക്കുന്നുണ്ട് ഈ ഭൂമിയില്‍. അവ ജീവിച്ചതിന്റെ പേരില്‍ പ്രകൃതിയില്‍ ഒരു നാശവും ഉണ്ടായിട്ടില്ല. മനുഷ്യ മനഃസ്ഥിതി മലിനമാകുമ്പോഴാണ് പ്രകൃതിയില്‍ നാശങ്ങള്‍ ഉണ്ടാവുന്നത്. വിശുദ്ധ ഖുര്‍ആന്‍ അതിന് അടിവരയിട്ടുകൊണ്ട് പറയുന്നു: ''മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം പ്രകടമായിരിക്കുന്നു'' (30:41).

മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും അധര്‍മം ഗ്രസിച്ചിരിക്കുന്നു. അമേരിക്കയിലേക്ക് അകലം കുറയുകയും അയല്‍വീട്ടിലേക്ക് അകലം കൂടുകയും ചെയ്തിരിക്കുന്നു എന്നതാണിന്നത്തെ മനുഷ്യന്‍ എത്തിപ്പെട്ട അവസ്ഥ. അതായത്, ഭൗതികതയില്‍ പുരോഗതിയും മാനവികതയില്‍ അധോഗതിയും. മനുഷ്യബന്ധങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആഴം ബോധ്യപ്പെടുത്തുന്നുണ്ട് റഫീഖ് അഹ്മദിന്റെ വരികള്‍. 'ഞാനും നാരായണന്‍ കുട്ടിയും പെട്ടെന്നൊരു ദിവസം രണ്ട് രാഷ്ട്രങ്ങളായി' (മാധ്യമം പുതുവര്‍ഷപ്പതിപ്പ്). ലോകം ഒന്നാകുമ്പോഴും മൂല്യങ്ങള്‍ പറിച്ചെറിയപ്പെടുന്നുവെന്നത് മനുഷ്യകുലത്തിന്റെ ആഗോള പുരോഗതിയിലേക്കല്ല, ആഗോള നാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

മനുഷ്യന്‍ തന്റെ ശുദ്ധ പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് മനുഷ്യത്വം വീണ്ടെടുക്കാനും വിജയം വരിക്കാനുമുള്ള വഴി. 'നിങ്ങള്‍ തിരിഞ്ഞ് ശിശുക്കളെപ്പോലെയായി വരുന്നില്ലായെങ്കില്‍ സ്വര്‍ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ല' എന്ന് ശേു പറയുന്നതായി മത്തായി സുവിശേഷം (18:3). 'തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു' എന്ന് വിശുദ്ധ ഖുര്‍ആന്‍ (91:9,10).

ആത്മസംസ്‌കരണമാണ് ജീവിത വിജയത്തിന്റെ നിദാനം എന്ന് ചുരുക്കം. ആത്മസംസ്‌കരണം കര്‍മസംസ്‌കരണത്തിലേക്കും കര്‍മസംസ്‌കരണം ജീവിത വിശുദ്ധിയിലേക്കും നയിക്കും. എന്നാല്‍, ആത്മാവിന്റെ അസ്തിത്വം നിഷേധിക്കുകയും യുഗങ്ങളോളം പരിണാമത്തിനു വിധേയമായി വാല് നഷ്ടപ്പെട്ട ജന്തുവാണ് മനുഷ്യന്‍ എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ഇഛകളുടെ പൂര്‍ത്തീകരണത്തിന് മനുഷ്യന്‍ ഏതു മാര്‍ഗവും അവലംബിക്കും. അതോടെ 'ജീവിത വിശുദ്ധി' എന്നത് ഒരു പഴഞ്ചന്‍, പിന്തിരിപ്പന്‍ പ്രയോഗമായി കണക്കാക്കപ്പെടും. മനുഷ്യനില്‍നിന്ന് 'മനുഷ്യത്വം' അല്ലെങ്കില്‍ 'മാനവികത' എന്ന അടിസ്ഥാന ഗുണം പറിച്ചുമാറ്റപ്പെടും. മനുഷ്യന്‍ എന്ന നിലക്ക് താന്‍ നിലനില്‍ക്കാനുള്ള അടിസ്ഥാന ന്യായം പൂര്‍ണമായി ഇല്ലാതാകുന്നതോടെയാണ് ഉപ്പുരസമില്ലാത്ത ഉപ്പ് പോലെ, വെളിച്ചമില്ലാത്ത വിളക്കുപോലെ, വെള്ളമില്ലാത്ത കിണറുപോലെ നിലനില്‍ക്കാനും നിലനിര്‍ത്താനും യോഗ്യമല്ലാതായി മനുഷ്യ സമൂഹം മാറുന്നത്.

'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിതനായത്' എന്ന് മുഹമ്മദ് നബി തന്റെ നിയോഗ ലക്ഷ്യമായി ഒരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. ലോകതലത്തില്‍ തന്നെ മാനവികത തകര്‍ന്നുകൊണ്ടിരിക്കെ, ലോകജനതക്കു മുഴുവനുമായി ദൈവത്താല്‍ നിയോഗിതനായ അന്ത്യപ്രവാചകന്റെ അധ്യാപനങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ട സന്ദര്‍ഭമാണിത്. മനുഷ്യന് മാനവികത പഠിപ്പിക്കാന്‍ ദിവ്യവെളിപാടും പ്രവാചകന്മാരും എന്തിന് എന്ന ചര്‍ച്ചയിലൂടെ വേണം അതിലേക്ക് പ്രവേശിക്കാന്‍.

ഏകകോശ ജീവിയായ അമീബ മുതല്‍ വിശേഷബുദ്ധിയുള്ള മനുഷ്യനടക്കം കോടാനുകോടി ജീവജാലങ്ങളുണ്ട് ഈ ഭൂമിയില്‍. ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ജീവികളെ അടക്കിഭരിക്കുന്ന 'ഭൂമിയിലെ രാജാക്കന്മാര്‍' ആയി മനുഷ്യര്‍ക്ക് വാഴാന്‍ കഴിയുന്നത് 'ബുദ്ധിജീവികള്‍' ആയതുകൊണ്ടാണ്. ബുദ്ധിയുള്ള മനുഷ്യര്‍ക്ക് മറ്റു ജീവജാലങ്ങള്‍ക്ക് ആവശ്യമില്ലാത്ത പ്രവാചകന്മാരും വേദങ്ങളും എന്തിനാണ്?

മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പരിമിതികളാണ് ഇതിനു കാരണം. ഒരു ആട് പ്രസവിച്ചാല്‍ അല്ലെങ്കില്‍ ഒരു പശു പ്രസവിച്ചാല്‍ അതിന്റെ കുഞ്ഞ് അല്‍പം കഴിയുമ്പോള്‍ അന്നം തേടി അതിന്റെ മാതാവിന്റെ അകിട്ടിലേക്ക് സ്വയം പോകും. മനുഷ്യക്കുഞ്ഞിനെ സംബന്ധിച്ചേടത്തോളം വാവിട്ടു കരയാനേ ആ സന്ദര്‍ഭത്തില്‍ കഴിയൂ. മാതാവ് വാരിയെടുത്ത് മാറോടു ചേര്‍ക്കുമ്പോഴാണതിന് അന്നം നുകരാനാവുന്നത്. തുടക്കം മുതലേ ഒരു 'കൈത്താങ്ങ്' ആവശ്യമാണ് മനുഷ്യനെന്നര്‍ഥം. പൂച്ചക്കുട്ടിക്ക്  പോലുമില്ലാത്ത ഒട്ടേറെ പരിമിതികളുണ്ട് മനുഷ്യക്കുട്ടിക്ക്.

മുട്ട വിരിഞ്ഞ് പുറത്തുവരുന്ന കോഴിക്കുഞ്ഞ് ധാന്യമണിയും മണല്‍ത്തരിയും തിരിച്ചറിയും. പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമെല്ലാം അവയുടെ ജനനം മുതല്‍തന്നെ അവയുടെ അന്നമേതെന്നറിയാം. അവക്ക് ഹറാമും ഹലാലും (അനുവദനീയവും നിഷിദ്ധവും) എന്തൊക്കെയെന്ന് അവയെ സൃഷ്ടിക്കുമ്പോള്‍ തന്നെ അവയുടെ പ്രകൃതിയില്‍ ദൈവം നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. മനുഷ്യന്റെ കാര്യം അങ്ങനെയല്ല. കുട്ടി മുട്ടിലിഴഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ കണ്ണ് തെറ്റിയാല്‍ സ്വന്തം മലവും വാരിവിഴുങ്ങും. ഒരു പട്ടിക്കുട്ടി ചെയ്യാത്തത് മനുഷ്യക്കുട്ടി ചെയ്യുമെന്നര്‍ഥം. ആ സന്ദര്‍ഭത്തില്‍ 'അരുത്' എന്ന് ആ മനുഷ്യക്കുട്ടിയെ പഠിപ്പിക്കേണ്ടത് ഒരു അനിവാര്യതയാണ്. ജീവിതത്തിലുടനീളം പാടുള്ളതും പാടില്ലാത്തതും പഠിപ്പിക്കണം മനുഷ്യനെ. മറ്റു ചരാചരങ്ങളെ സൃഷ്ടിച്ചപ്പോള്‍ ദൈവം അത് അവയുടെ പ്രകൃതത്തില്‍ തന്നെ നിക്ഷേപിച്ചിരിക്കുന്നു.

അരുതായ്മകളില്ലാത്ത സ്വതന്ത്ര ജീവിതം മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ധാര്‍മികാധ്യാപനങ്ങള്‍ക്കു വരെ കൂച്ചുവിലങ്ങിടുന്ന പ്രവണത ശക്തിപ്പെട്ട ഒരു വല്ലാത്ത കാലമാണിത്. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കു പോലും കുട്ടികളെ  അരുതായ്മകള്‍ പഠിപ്പിക്കാന്‍ വ്യക്തിസ്വാതന്ത്ര്യം എന്ന ഒരു ആനക്കാര്യം തടസ്സമായി വരുന്നേടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പണ്ട് ചേര്‍ത്തലയിലെ ഒരു നങ്ങേലി 'മാറ് മറക്കല്‍ അവകാശ'ത്തിനായി സ്വന്തം മാറ് മുറിച്ച് മരിച്ച നാട്ടില്‍ 'മാറ് തുറന്നിടല്‍ അവകാശ'ത്തിനായി സമരം നടത്തുന്ന നിലയിലേക്ക് സ്വാതന്ത്ര്യ ചിന്ത വളര്‍ന്നിരിക്കുന്നു.

യഥാര്‍ഥത്തില്‍ മനുഷ്യനെ മനുഷ്യനാക്കുന്നത് അതിരുവിട്ട സ്വാതന്ത്ര്യമല്ല. അത് മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുക. മനുഷ്യജീവിതം തന്നെ അതിനു ഉദാഹരണങ്ങള്‍ പറഞ്ഞുതരുന്നു. പക്ഷിമൃഗാദികള്‍ ഇവിടെ സ്വതന്ത്രമായി ലൈംഗിക വേഴ്ച നടത്തുന്നുണ്ട്. അതിന്റെ പേരില്‍ ഒരു നാശവും അവക്ക് ഉണ്ടാകുന്നില്ല. അതിനര്‍ഥം അവ ജീവിക്കുന്നത് ശരിയായ രീതിയിലാണെന്നാണ്. അവയെ ദൈവം സൃഷ്ടിച്ചപ്പോള്‍ തന്നെ അവക്കാവശ്യമായ 'അതിരുകള്‍' നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്‍ അതിരുവിട്ട് ലൈംഗിക വേഴ്ച നടത്തിയാല്‍ എയിഡ്‌സ് പോലെയുള്ള മാരകരോഗങ്ങള്‍ പിടികൂടുന്നു. മനുഷ്യവംശത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. അതിനര്‍ഥം ആ ജീവിതരീതി ശരിയല്ല എന്നാണല്ലോ. അവിടെ മനുഷ്യന് ചില 'അതിരുകള്‍' നിശ്ചയിക്കേണ്ടതുണ്ട്. ജീവിതത്തിലുടനീളം ഈ അതിരുകള്‍ മനുഷ്യന് ആവശ്യമാണ്. അതിനാണ് 'സാന്മാര്‍ഗിക നിയമങ്ങള്‍' എന്ന് പറയുന്നത്. സ്രഷ്ടാവായ ദൈവം പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ടാണിത് മനുഷ്യനെ പഠിപ്പിക്കുന്നത്. 

2017 ജനുവരിയില്‍ ഉത്തര ഗംഗാതടത്തിലെ വന്യജീവി സങ്കേതത്തില്‍നിന്ന് കിട്ടിയ, കുരങ്ങുകള്‍ വളര്‍ത്തിയ എട്ടു വയസ്സുകാരി പെണ്‍കുട്ടി ഒരു വലിയ പാഠം മനുഷ്യന് നല്‍കുന്നുണ്ട്. കുരങ്ങുകളില്‍നിന്ന് മോചിപ്പിച്ചെടുത്ത കുട്ടിയെക്കുറിച്ച പത്രവാര്‍ത്ത ഇങ്ങനെയാണ്: ''കുട്ടിക്ക് ഒരു വാക്ക് പോലും സംസാരിക്കാനോ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനോ കഴിഞ്ഞിരുന്നില്ല. മനുഷ്യര്‍ അടുത്തെത്തുമ്പോള്‍ അവള്‍ ആക്രമണകാരിയാകുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മനുഷ്യപ്രകൃതി വീണ്ടെടുത്തിട്ടില്ല. പിച്ചവെച്ച് നടക്കാന്‍ ഡോക്ടര്‍മാര്‍ അവളെ പരിശീലിപ്പിക്കുകയാണ്. എന്നാല്‍, രണ്ട് കൈയും നിലത്തു കുത്തി മൃഗങ്ങളെപ്പോലെയാണ് നടത്തം. നഖം വളര്‍ന്നിരിക്കുന്നു'' (മാധ്യമം 2017 ഏപ്രില്‍ 7).

കുരങ്ങുകള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടിക്ക് എന്തുകൊണ്ട് മനുഷ്യപ്രകൃതമുണ്ടായില്ല? എന്നാല്‍ മനുഷ്യന്‍ വളര്‍ത്തുന്ന കുരങ്ങിന്‍കുട്ടി ശരിയായ കുരങ്ങായും പൂച്ചക്കുട്ടി ശരിയായ പൂച്ചയായും കോഴിക്കുട്ടി ശരിയായ കോഴിയായുമാണല്ലോ വളരുന്നത്. അപ്പോള്‍ പക്ഷിമൃഗാദികള്‍ പ്രകൃതിപരമായിതന്നെ പൂര്‍ണതയിലാണ്. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ മനുഷ്യനാകണമെങ്കില്‍ സാന്മാര്‍ഗികവും മറ്റുമായ ചില പെരുമാറ്റ മര്യാദകള്‍ അവനെ പഠിപ്പിക്കണം. അതാണ് പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‍കപ്പെട്ടിട്ടുള്ളത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചിട്ടുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 'എല്ലാ സമൂഹങ്ങളിലേക്കും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്' (ഖുര്‍ആന്‍ 16:6) എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ആദ്യ പ്രവാചകന്‍ ആദം മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് വരെയുള്ള പ്രവാചകന്മാരിലൂടെയും അവരെ പിന്‍പറ്റിയ മഹാന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട സാന്മാര്‍ഗികാധ്യാപനങ്ങളാണിന്ന് മാനവ സമൂഹത്തില്‍ ഏറിയും കുറഞ്ഞും 'മാനവികത' അല്ലെങ്കില്‍ 'ധാര്‍മികത' എന്ന പേരില്‍ നിലനില്‍ക്കുന്നത്. ഇത്തരം ശാശ്വത മൂല്യങ്ങളെ തിരിച്ചുപിടിക്കലാണ് പരാജയത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യനെ വിജയത്തിലേക്ക് നയിക്കാനുള്ള വഴി. ബുദ്ധി കൊണ്ടുള്ള യുക്തിചിന്തയിലൂടെ സ്രഷ്ടാവിനെ അറിയുക, ആത്മാവു കൊണ്ടുള്ള അനുഷ്ഠാനങ്ങളിലൂടെ സ്രഷ്ടാവിനോടടുക്കുക, ശരീരം കൊണ്ടുള്ള സല്‍ക്കര്‍മങ്ങളിലൂടെ സൃഷ്ടികളെ സേവിക്കുക. ഈ മൂന്ന് മുഖ്യ വഴികളാണ് മനുഷ്യനെ വിജയത്തിലേക്ക് നയിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. കാര്യത്തില്‍നിന്ന് കാരണം കണ്ടെത്താനുള്ള മനുഷ്യന്റെ കഴിവ് സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയാന്‍ എത്രയോ പര്യാപ്തമാണ്. അതിനാല്‍ സൃഷ്ടികളെ നോക്കി ചിന്തിക്കാന്‍ ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

എല്ലാറ്റിനെയും പൊതുവില്‍ ഇണകളായി, ജോഡികളായി സൃഷ്ടിച്ചതിലേക്ക് വിരല്‍ചൂണ്ടി ചിന്തിക്കാന്‍ ഖുര്‍ആിലൂടെ ദൈവം ആവശ്യപ്പെടുന്നുണ്ട്: ''നാം എല്ലാ വസ്തുക്കളുടെയും ഇണകളെ സൃഷ്ടിച്ചു, നിങ്ങള്‍ ചിന്തിച്ചറിയാന്‍'' (51:49). ഇണകളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് സൃഷ്ടിപ്പ് മുന്‍ പ്ലാനിംഗോടെയാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ആണിനെ തേടുന്ന പെണ്‍ വികാരവും പെണ്ണിനെ തേടുന്ന ആണ്‍ വികാരവും പരസ്പരപൂരകമാവുന്ന ശരീരപ്രകൃതവും വലിയ ദൃഷ്ടാന്തമാണ്. ഇണ ചേരലിനെയും വംശവര്‍ധനവിനെയും ഒരു ലക്ഷ്യമായി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്നതാണ് ആ ദൃഷ്ടാന്തം. യാദൃഛികമായ പരിണാമ പ്രക്രിയയില്‍ മുന്‍കൂട്ടി നിശ്ചയിക്കല്‍ സാധ്യമാകുന്നതെങ്ങനെ? അതിനാല്‍ സൃഷ്ടികളുടെ പിന്നിലെ സ്രഷ്ടാവിനെ ചിന്തിക്കുന്ന ആര്‍ക്കും നിഷേധിക്കാനാവില്ല.

സൃഷ്ടികളുടെ സ്രഷ്ടാവാണ് ദൈവം എന്ന് മനസ്സിലാവുമ്പോള്‍ എല്ലാവരുടെയും ദൈവം ഒന്നാണെന്നും അതില്‍നിന്ന് മനസ്സിലാവും. സൃഷ്ടികള്‍ എന്ന നിലക്ക് മനുഷ്യന്റെ രക്ഷയുടെ വഴി ആ സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെട്ട് ജീവിക്കലാണെന്നും ബോധ്യമാവും. ''അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് നിങ്ങള്‍ വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കാം'' (ഖുര്‍ആന്‍ 2:21).

എല്ലാറ്റിനും ഇണകളെ സൃഷ്ടിച്ചു എന്നതില്‍നിന്ന് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഈ ഭൗതിക ജീവിതത്തിനും ഒരു ഇണയുണ്ടാവും എന്നതാണ്. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ അബുല്‍ അഅ്‌ലാ മൗദൂദി ഇക്കാര്യം വിശദീകരിക്കുന്നതിങ്ങനെയാണ്: ''സകല പ്രാപഞ്ചിക വസ്തുക്കളും ജോഡിയായി സൃഷ്ടിക്കപ്പെടുന്നതും ലോകത്തെ ഓരോ വസ്തുവും മറ്റൊന്നിന്റെ ഇണയായിരിക്കുന്നതും പരലോകത്തിന്റെ അനിവാര്യതയെ ഖണ്ഡിതമായി സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യമാകുന്നു. നിങ്ങള്‍ സ്വന്തം ബുദ്ധി കൊണ്ട് ആലോചിച്ചുനോക്കിയാല്‍ തന്നെ ബോധ്യമാകുന്ന സംഗതിയാണിത്. ലോകത്തിലെ ഓരോ കാര്യത്തിനും ഒരു ഇണയുണ്ടായിരിക്കുകയും ഒരു കാര്യവും അതിന്റെ ഇണയെ കൂടാതെ പ്രയോജനപ്രദമല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ ഭൗതിക ജീവിതം മാത്രം ഇണയില്ലാതെ ഒറ്റപ്പെട്ടതാകുമോ? അതിന്റെ ഇണ അനിവാര്യമായും പരലോകമാകുന്നു. അതില്ലെങ്കില്‍ തീര്‍ച്ചയായും ഈ ജീവിതം അര്‍ഥഹീനമായിത്തീരുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം 5, പേജ് 141).

ഒന്നിന്റെ യാഥാര്‍ഥ്യവും മഹത്വവും വ്യക്തമാവുക അതിന്റെ വിപരീതത്തിലൂടെയാണെന്ന് ഇമാം റാസി തന്റെ തഫ്‌സീറില്‍ പറയുന്നുണ്ട്. സത്യം-അസത്യം, നന്മ-തിന്മ, ശരി-തെറ്റ്, ധര്‍മം-അധര്‍മം, സന്മാര്‍ഗം-ദുര്‍മാര്‍ഗം എന്നു തുടങ്ങി പകല്‍-രാത്രി, വെളുപ്പ്-കറുപ്പ്, മധുരം-കയ്പ്, അകം-പുറം എന്നിങ്ങനെ നീളുന്ന ഈ ലിസ്റ്റില്‍ സുഖം-ദുഃഖം, ജനനം-മരണം എന്നതുവരെയും യാഥാര്‍ഥ്യമാണെന്നിരിക്കെ ഇഹലോകം-പരലോകം, സ്വര്‍ഗം-നരകം, നശ്വരം-അനശ്വരം എന്നീ കാര്യങ്ങള്‍ കൂടി യാഥാര്‍ഥ്യമാവാതിരിക്കുന്നതെങ്ങനെ?

വിശുദ്ധ ഖുര്‍ആന്‍ ഈ കാര്യങ്ങള്‍ക്ക് അടിവരയിടുന്നു: ''എന്നാല്‍, അറിയുക. ആര്‍ പാപം പ്രവര്‍ത്തിക്കുകയും പാപം അവനെ വലയം ചെയ്യുകയും ചെയ്യുന്നുവോ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോ അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (2:81,82).

പറഞ്ഞുവന്നതിന്റെ ചുരുക്കം മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്ന കാര്യമാണ്. അതിനാല്‍ മരണത്തോടെ മണ്ണിലേക്ക് മടങ്ങുന്ന ശരീരത്തേക്കാള്‍ വിണ്ണിലേക്കുയരുന്ന ആത്മാവിനെ വേണം പരിഗണിക്കാന്‍. ''എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും'' (87:16,17).

ദൈവത്തെക്കുറിച്ച അറിവ് പൂര്‍ണമാകുന്നത് പരലോകത്തെക്കുറിച്ച അറിവു കൂടി ചേരുമ്പോഴാണ്. തന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് രക്ഷാശിക്ഷകള്‍ നല്‍കുന്ന യഥാര്‍ഥ ദൈവത്തെ അറിയുന്നതോടെയാണ് മനുഷ്യന്‍ തന്റെ ജീവിതത്തെ രഹസ്യമായും പരസ്യമായും മാറ്റിപ്പണിയാന്‍ ആരംഭിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ അറിയുന്നതോടെ ആ രക്ഷിതാവിങ്കലേക്ക് അടുക്കാനുള്ള വഴിയായി ആത്മാവുകൊണ്ടുള്ള അഥവാ ആത്മീയമായ അനുഷ്ഠാനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. അതിന്റെ ലക്ഷ്യമാകട്ടെ ആത്മസംസ്‌കരണവുമാണ്. ധര്‍മാധര്‍മബോധത്തോടെയാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഖുര്‍ആന്‍ പലയിടങ്ങളിലായി പറയുന്നുണ്ട്. ധര്‍മബോധത്തിന്റെ വിപരീതമാണ് അധര്‍മബോധം എന്നതുപോലെ ദൈവബോധത്തിന്റെ വിപരീതമാണ് പൈശാചിക ബോധം. ഇത് രണ്ടും മനുഷ്യരിലുണ്ട്. അതിനാല്‍ ദൈവബോധത്തെ വളര്‍ത്തി പൈശാചിക ബോധത്തെ തളര്‍ത്തലാണ് അനുഷ്ഠാനങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. നമസ്‌കാരം നിങ്ങളെ തിന്മയില്‍നിന്ന് തടയും, സകാത്ത് നിങ്ങളെ ശുദ്ധീകരിക്കും, വ്രതാനുഷ്ഠാനം നിങ്ങളെ സൂക്ഷ്മതയുള്ളവരാക്കും, ഹജ്ജ് നിര്‍വഹിച്ച ഒരാള്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലെ പാപരഹിതനാകും എന്നൊക്കെ അനുഷ്ഠാനങ്ങളുടെ അനന്തരഫലത്തെക്കുറിച്ച് ഖുര്‍ആനും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്.

അനുഷ്ഠാനങ്ങളിലൂടെ ആത്മസംസ്‌കരണവും  ആത്മസംസ്‌കരണത്തിലൂടെ കര്‍മസംസ്‌കരണവും സാധ്യമാകുമ്പോഴാണ് ജീവിത വിജയത്തിലേക്ക് മനുഷ്യനെത്തുക. അനുഷ്ഠാനങ്ങള്‍ കേവലം ലക്ഷ്യങ്ങളല്ല; ആത്മസംസ്‌കരണത്തിനുള്ള മാര്‍ഗങ്ങളാണ്. അതുകൊണ്ടാണ് വിശ്വാസിയെയും അവിശ്വാസിയെയും വേര്‍തിരിക്കുന്ന അടിസ്ഥാന ഘടകം നമസ്‌കാരമാണെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം 'നമസ്‌കാരക്കാര്‍ക്ക് നാശം' (107:4) എന്നു കൂടി പഠിപ്പിച്ചത്. അനുഷ്ഠാനങ്ങളുടെ കൂമ്പാരങ്ങളുമായി നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരെക്കുറിച്ച് പ്രവാചകന്‍ താക്കീതു നല്‍കിയതും കാണാം.

അനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ആത്മസംസ്‌കരണം ശരീരം കൊണ്ടും മറ്റു ദൈവിക അനുഗ്രഹങ്ങള്‍ കൊണ്ടും സൃഷ്ടികളെ സേവിക്കുക എന്നിടത്തേക്ക് വികസിക്കുമ്പോഴാണ് ഒരു യഥാര്‍ഥ മനുഷ്യന്‍, യഥാര്‍ഥ വിശ്വാസി രൂപപ്പെടുന്നത്. 'ദൈവിക ജീവിത പദ്ധതി'(ദീന്‍)യുടെ നിഷേധം അനാഥയെ ആട്ടിയകറ്റലും അഗതിക്ക് അവന്റെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കലുമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതില്‍നിന്ന് സകല മാനവിക ഗുണങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഇസ്‌ലാം എന്ന് സ്പഷ്ടമാവുന്നു. അനാഥയെ ആട്ടിയകറ്റല്‍ സഹജീവിയോട് ചെയ്യുന്ന അക്രമമാണ്. അഗതിക്ക് അവന് അവകാശപ്പെട്ട അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുന്നത് സഹജീവിക്ക് നന്മ നിഷേധിക്കലുമാണ്. സഹജീവികളോട് അക്രമം കാണിക്കലും അവര്‍ക്ക് നന്മ ചെയ്യാതിരിക്കലും ദൈവിക ജീവിത വ്യവസ്ഥയെ നിഷേധിക്കലായിത്തീരുന്നു. ഇസ്‌ലാം പഠിപ്പിച്ച ഈ ജീവിത വീക്ഷണത്തില്‍നിന്നാണ് 'നമസ്‌കാരം നമ്മെ ദൈവത്തിലേക്ക് പാതി ദൂരമെത്തിക്കും, വ്രതം ദൈവിക കൊട്ടാരത്തിന്റെ കവാടം വരെ നമ്മെ കൊണ്ടുപോകും, ദാനധര്‍മങ്ങളിലൂടെയാണ് അതിലേക്ക് പ്രവേശനം കിട്ടുക' എന്ന പഴമൊഴി രൂപപ്പെട്ടത്.

'മാതാപിതാക്കളുടെ പ്രീതിയിലാണ് ദൈവത്തിന്റെ പ്രീതി, മാതാപിതാക്കളുടെ കോപത്തിലാണ് ദൈവത്തിന്റെ കോപം' എന്ന് കുടുംബത്തില്‍നിന്ന് തുടങ്ങി 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല' എന്ന അധ്യാപനത്തിലൂടെ അയല്‍പക്കത്തേക്ക് വികസിച്ച്, വിശപ്പു കാരണം ആര്‍ക്കെങ്കിലും മോഷ്ടിക്കേണ്ടിവന്നാല്‍ ഭരണാധികാരിയുടെ കൈകളാണ് ആദ്യം വെട്ടിയെറിയുക എന്നിടത്തേക്കു വരെ മാനവികത വികസിക്കുന്ന ദൈവിക ജീവിത പദ്ധതിയുടെ പുനര്‍വായനയിലൂടെ മാത്രമേ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാവൂ എന്ന തിരിച്ചറിവിലേക്ക് മനുഷ്യരാശി എത്താതിരിക്കില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍