ആഖിറത്തിലെ ആത്മാവിന്റെ ദിനസരിക്കുറിപ്പുകള്‍
2019 ജനുവരി 5.................
'ഉപ്പാ...'
അവന്റെ വിളിയാണ് എന്നെ ഉണര്‍ത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേട്ട അതേ വിളി, അതേ ശബ്ദം...
'നീ എന്താ അജ്മല്‍.. ഇവിടെ..?'
ചോദ്യം പൂര്‍ത്തിയാക്കാന്‍ എനിക്കായില്ല. അതിനുമുമ്പേ അക്ഷരങ്ങള്‍ മുറിഞ്ഞുവീണു.
'ഇന്നാണ് ഞാന്‍ ഇവിടെ എത്തിയത്. സ്‌കൂളില്‍നിന്ന് വീട്ടിലേക്കു നടന്നു വരുന്ന വഴി ഇന്നലെ എന്നെ കാറിടിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ ആ വലിയ വളവില്ലേ... ആശാരി വേലായുധന്റെ വീടിന്റെയടുത്ത്, അവിടെ വെച്ച്. ആരും കാണാതെ അര മണിക്കൂറോളം രക്തത്തില്‍ കുളിച്ചുകിടന്ന എന്നെ അതുവഴി വന്ന ഏതോ വണ്ടിക്കാരാണ് ആശുപത്രിയിലെത്തിച്ചത്. രാത്രിയായപ്പോഴേക്കും ഞാന്‍ മരിച്ചു.
ഇന്ന് രാവിലെയാണ് ഇവിടെയെത്തിയത്. ഉപ്പയെ കാണണമെന്നു വാശി പിടിച്ച എനിക്ക് മാലാഖമാരാണ് ഈ സ്ഥലം കാണിച്ചുതന്നത്.....'
06/02/3013
.... എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സമയത്താണ് മാലാഖമാരുടെ വിളിയാളമുണ്ടായത്........
അവിടെ എത്തിയപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്. എന്നെ കാത്ത് സലീനയും അജ്മലും അവിടെ നില്‍ക്കുന്നു. സലീനയുടെ മുഖത്തും ശരീരത്തിലും നരകശിക്ഷയുടെ ശേഷിപ്പുപോലെ നിറയെ കറുകറുത്ത പാടുകളുണ്ട്.....
******
ജീവിതത്തിന്റെ ഇടുക്കങ്ങളാല്‍ വലിയ തെറ്റുകളിലമര്‍ന്ന തയ്യിലപറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ മരണാനന്തര ജീവിതത്തിലെ ആത്മാവിന്റെ അനുഭവങ്ങള്‍ നോവലിന്റെ ഇതിവൃത്തമായപ്പോള്‍ രൂപംകൊണ്ടതാണ് 'മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍.' കുട്ടിക്കാലത്തെ റമദാന്‍ മാസങ്ങളിലെ രാപ്രസംഗങ്ങളില്‍ കേട്ട മരണത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ച വിവരണങ്ങളും ഖുര്‍ആനും പ്രവാചക വചനങ്ങളും പരലോകത്തെ കുറിച്ച് നല്‍കുന്ന വിശദാംശങ്ങളും ചേര്‍ത്തുവെച്ച് ഇഹലോകത്തു വെച്ചുതന്നെ മറുലോകത്തെ അനുഭവിപ്പിക്കാനുള്ള ശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. അദ്ദേഹമാകട്ടെ ഒരു മതപണ്ഡിതന്‍ കൂടിയാണെന്ന സവിശേഷതയുമുണ്ട്, ശംസുദ്ദീന്‍ മുബാറക് ഹുദവി. ഡയറിക്കുറിപ്പുകളുടെ സ്വഭാവത്തിലാണ് നോവല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
2015 ആഗസ്റ്റ് 16-ന് രാത്രി കിടന്നുറങ്ങിയ ബഷീര്‍ പിറ്റേന്ന് കാലത്ത് ഭാര്യ തട്ടിവിളിക്കുന്നതിന് തൊട്ടുമുമ്പ് മരണത്തിലേക്ക് പ്രവേശിക്കുന്നതോടെ നാള്‍മൊഴികള്‍ ആരംഭിക്കുന്നു. ശരീരത്തില്‍നിന്നും വേര്‍പ്പെട്ട റൂഹ് (ആത്മാവ്) പിന്നീട് മരണവീട്ടിലെ വെപ്രാളങ്ങളും ഉപചാരങ്ങളും മരണാനന്തര ചടങ്ങുകളും കാണുകയാണ്. നന്മതിന്മകളെഴുതുന്ന റഖീബ്, അതീദ് മാലാഖമാരുടെ സമീപനങ്ങളും മുന്‍കര്‍, നകീര്‍ മലക്കുകളുടെ ചോദ്യം ചെയ്യലും ഖബ്‌റിലെ ശിക്ഷയുമെല്ലാം ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തുന്നു. റൂഹിന് ഭൂമിയിലേക്ക് വരാന്‍ അനുവാദമുള്ള ആദ്യ വ്യാഴാഴ്ചയില്‍ തന്നെ വീട്ടിലേക്ക് എത്തിനോക്കുന്ന ബഷീറിന്റെ റൂഹ് തന്നെ മറന്നുകഴിഞ്ഞ കുടുംബാം
ഗങ്ങളുടെ കളിതമാശകളാണ് കാണുന്നത്. മുമ്പേ ഇഹലോകത്തെ വെടിഞ്ഞ മാതാപിതാക്കളുടെയും താന്‍ മോശമായി പെരുമാറിയ അയല്‍ക്കാരനായ മത്സ്യവില്‍പനക്കാരന്റെയും നന്മകള്‍കൊണ്ട് ജീവിതം അടയാളപ്പെടുത്തിയവരുടെ റൂഹുകളുമായും സന്ധിക്കുന്നുണ്ട്. താന്‍ ചെയ്ത തിന്മകള്‍ വിരൂപ രൂപം പൂണ്ട് ഖബ്‌റില്‍ കൂടെ കിടന്ന് ഇടുക്കിക്കൊണ്ടേയിരിക്കുന്നു. വിവിധ തീയതികളില്‍ മസീഹുദ്ദജ്ജാലും ഈസാ(അ)യും ദാബ്ബതുല്‍ അര്‍ളുമെല്ലാം കടന്നുവരുന്നത് വ്യത്യസ്തമായ വായനാനുഭവമാണ്. നോവലിസ്റ്റിന്റെ ഭാവനയില്‍ 2278 മെയ് 13-ന് ലോകം അവസാനിക്കുന്നതോടെ നോവലിന്റെ ആദ്യപര്‍വം അവസാനിക്കുന്നു........
ശേഷം പെയ്ത പെരുമഴയില്‍ റൂഹിന് പുനര്‍ജന്മമുണ്ടായ ശേഷമുള്ള യാത്രാവഴിക്കുറിപ്പുകളാണ് നോവലിന്റെ തുടര്‍ന്നുള്ള ഭാഗം. അറ്റമില്ലാത്ത ദിനരാത്രങ്ങളാണല്ലോ ആഖിറത്തിലെ ഓരോ ദിവസവും. ആദ്യ ദിവസത്തിന് 01/01/01/ എന്ന തീയതി നല്‍കിയത് ശ്രദ്ധേയമാണ്. മാസത്തിന് പേര് നല്‍കാതിരിക്കാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു. മഹ്ശറിലേക്ക് ആനയിക്കപ്പെടുന്നതും വിചാരണക്കായുള്ള കാത്തിരിപ്പും ഹൗളുല്‍ കൗസറില്‍ ദാഹം തീര്‍ക്കാനുള്ള വരിയില്‍നിന്ന് തള്ളിമാറ്റപ്പെടുന്നതും മീസാനിലെ നന്മതിന്മകളുടെ തൂക്കലും സ്വിറാത്ത് പാലവുമെല്ലാം നീണ്ടുനീണ്ട കാത്തിരിപ്പുകള്‍ക്കു ശേഷമാണ് കടന്നുവരുന്നത്. തന്റെ യാത്ര നരകത്തിലേക്കാണെന്നുറപ്പിക്കുമ്പോഴും പ്രസന്നമുഖഭാവങ്ങളോടെ അര്‍ശിന്റെ തണലില്‍ കഴിയുന്നവരെയും സ്വര്‍ഗത്തിലേക്ക് യാത്ര തിരിക്കുന്നവരെയും മോഹഭംഗത്തോടെ ബഷീര്‍ നോക്കുന്നുണ്ട്. നരകത്തിലെ ബഷീറിന്റെ അനുഭവക്കുറിപ്പുകളിലൂടെ ഉള്‍ക്കിടിലത്തോടെയല്ലാതെ വായനക്കാര്‍ക്ക് കടന്നുപോകാനാവില്ല.
നരകമോചനത്തിനു ശേഷം നീണ്ട (പരലോകത്തെ) ഒരാഴ്ച സ്വര്‍ഗപ്രവേശത്തിനായി കാത്തിരിക്കുന്ന ബഷീറിന്റെ മനോധര്‍മങ്ങളെ വശ്യമായി തന്നെ രചയിതാവ് ആവിഷ്‌കരിച്ചിട്ടുണ്ട്, 10/12/3103 (വെള്ളി)ന് ഭാര്യയെയും കുഞ്ഞുമോളെയും കണ്ടെത്തി, തന്റെ മരണശേഷം ഭൂമിയില്‍ അവര്‍ക്കെന്ത് സംഭവിച്ചു, അവരുടെ മരണാനന്തര അനുഭവം എങ്ങനെ എന്ന ഒരായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ആകാംക്ഷയോടെ കേള്‍ക്കാനായി ബഷീറിന്റെ കൊട്ടാരത്തിലേക്ക് നീങ്ങുന്നതോടെ നോവല്‍ അവസാനിക്കുന്നു.
മരണാനന്തര ജീവിതത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് നോവലിന് ഇതിവൃത്തമാകുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ പുതുമയുള്ളതും. പ്രസാധനം: ഡി.സി ബുക്‌സ്
Comments