Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

പരാജിത ദാമ്പത്യങ്ങള്‍ തുടരുന്നതിങ്ങനെ

ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍ പറഞ്ഞുതുടങ്ങി: ''ദാമ്പത്യ ബന്ധത്തില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ലെന്നറിഞ്ഞിട്ടും തുടര്‍ന്നു പോകുന്നത് എന്റെ മക്കളെ ഓര്‍ത്തിട്ടാണ്. എന്റെ ഭാര്യ ഉമ്മയാവാന്‍ യോഗ്യയാണ്. പക്ഷേ, ഭാര്യയാവാന്‍ അവള്‍ യോഗ്യയല്ല. അവളുടെ സര്‍വ ശ്രദ്ധയും പരിഗണനയും മക്കള്‍ക്കാണ്. അവരെ പോറ്റാനും ശിക്ഷണം നല്‍കി അവരെ വളര്‍ത്താനും ഭാര്യക്കുള്ള അപാര കഴിവ് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എനിക്ക് അവളുടെ ജീവിതത്തില്‍ രണ്ടാം സ്ഥാനമേയുള്ളൂ.'' ഈ പ്രശ്‌നം കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് ഞങ്ങളിരുവരും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി ഒരു തീരുമാനത്തിലെത്തി. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു കേസ് വന്നു. അതിലെ നായിക ഒരു ഭാര്യയാണ്. അവര്‍ പരാതിപ്പെട്ടു: ''എന്റെ വിവാഹ ജീവിതത്തില്‍ തീരെ സന്തോഷവതിയല്ല ഞാന്‍. എന്റെ കാര്യത്തില്‍ എന്റെ ഭര്‍ത്താവ് വലിയ വീഴ്ചകള്‍ വരുത്തുന്നുണ്ടെന്നറിഞ്ഞിട്ടും ജീവിതം ഇങ്ങനെ തുടര്‍ന്നു പോകുന്നു എന്നേയുള്ളൂ. ലോല വികാരങ്ങളുള്ള സ്ത്രീയാണ് ഞാന്‍. പക്ഷേ, എന്റെ ഭര്‍ത്താവിന് അത് തിരിച്ചുതരാന്‍ കഴിയുന്നില്ല. മക്കളെയോര്‍ത്ത് ക്ഷമിച്ചു അങ്ങനെ കഴിഞ്ഞുകൂടുന്നു എന്നുമാത്രം.''

ഈ രണ്ട് കഥകളിലും ദാമ്പത്യബന്ധം തുടര്‍ന്നുപോകുന്നതിനുള്ള പൊതുകാരണം മക്കളാണ്. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും സന്തുഷ്ടരല്ലെന്നിരിക്കിലും ബന്ധം തുടര്‍ന്നുപോകുന്നതെങ്ങനെയെന്ന് പല കേസുകളും കൈകാര്യം ചെയ്ത അനുഭവത്തില്‍നിന്ന് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ കുറിക്കുകയാണ്:

ഒന്ന്: സമൂഹത്തില്‍ ഒരാള്‍ക്ക് സ്ഥാനവും മാനവും സല്‍പേരും നല്‍കുന്ന ഘടകമാണ് വിവാഹം. വിവാഹമോചനം ഹലാല്‍ ആണെന്നാലും സ്രഷ്ടാവിന് ഏറെ ക്രോധകരമാണ്. സമൂഹത്തിന് പൊതുവില്‍ അതിനോട് അവജ്ഞയാണ്. ഇത് ചിന്തകളെയും തീരുമാനത്തെയും സ്വാധീനിക്കുന്നതിനാല്‍ വിവാഹബന്ധം തുടര്‍ന്നുപോകുന്നു.

രണ്ട്: വിവാഹ ജീവിതത്തില്‍ വീഴ്ചകളും വിഘ്‌നങ്ങളും കോട്ടങ്ങളും ഉണ്ടെങ്കിലും ഇണകള്‍ക്കിടയില്‍ സ്‌നേഹമുണ്ടാവും. ഭര്‍ത്താവ് തന്റെ കാര്യത്തില്‍ പല വീഴ്ചകളും വരുത്തിയിട്ടും തനിക്ക് അയാളോട് സ്‌നേഹമാണെന്ന് ഒരു സ്ത്രീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അതിനാല്‍ ബന്ധം തുടര്‍ന്നുപോകുന്നു.

മൂന്ന്: നിലവിലുള്ള വിവാഹം രണ്ടാമത്തേതോ മൂന്നാമത്തേതോ ആയിരിക്കും. ഒന്നും രണ്ടും വേര്‍പിരിഞ്ഞ അനുഭവങ്ങള്‍ മനസ്സിലുള്ളപ്പോള്‍ ദമ്പതികള്‍ ഈ അനുഭവം വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. വിവാഹ ജീവിതം വിജയകരമല്ലെന്ന് ബോധ്യമുണ്ടായിട്ടും ഇരുവര്‍ക്കും തുടര്‍ന്നേ പറ്റൂ.

നാല്: കഴിഞ്ഞ കാലത്തെ മധുരോദാരമായ ഓര്‍മകള്‍ ഇരുവരും അയവിറക്കുമ്പോള്‍, വേദനാ പൂര്‍ണമായ അനുഭവങ്ങള്‍ മറക്കുന്നു. വിവാഹ ജീവിതത്തിലെ ആദ്യനാളുകളില്‍ ഉണ്ടായ സുഖദമായ ഓര്‍മകള്‍ തുടര്‍ ദാമ്പത്യ ജീവിതത്തിന് പ്രേരകമാകുന്നു.

അഞ്ച്: വേര്‍പിരിഞ്ഞാല്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം. ക്ലേശപൂര്‍ണമാവുമെങ്കിലും ഒന്നിച്ചുള്ള ജീവിതം തന്നെയാണ് നല്ലതെന്ന് ഇരുവരും തീരുമാനിക്കുന്നു. വേര്‍പിരിയുന്നതോടെ ഇരുവരും സ്വതന്ത്രരാവുമെങ്കിലും ഭാവി ജീവിതത്തിലെ ഭയജനകമായ ഏകാന്തത ഇരുവരെയും പേടിപ്പെടുത്തുന്നു.

ആറ്: മറുകക്ഷി മാറുമെന്ന ശുഭപ്രതീക്ഷയില്‍ കഴിയുന്നു ഇരുവരും. ഭാവിയില്‍ സ്ഥിതി മെച്ചപ്പെടുമെന്ന ആശയാണ് ഇരുവരെയും ഒന്നിച്ച് ജീവിതം തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ഏഴ്: ചില ഭാര്യമാര്‍ക്ക് സ്വന്തമായി വീടോ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് കൂട്ടോ കുടുംബമോ ഉണ്ടാവില്ല. അല്ലെങ്കില്‍ ഒറ്റക്ക് കഴിയാനുള്ള വരുമാനം ഉണ്ടാവില്ല. അല്ലെങ്കില്‍ ഭാവി ജീവിതം ഭര്‍തൃവീട്ടുകാരുടെ സന്മനസ്സിനെ ആശ്രയിച്ച് തള്ളിനീക്കേണ്ടിവരും. വേര്‍പിരിഞ്ഞാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള തകര്‍ച്ചയോര്‍ത്ത് തുടരുകയാണ് ഭേദമെന്ന് തീരുമാനിക്കും.

എട്ട്: ഇരുവരും തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളോട് പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കും. പ്രശ്‌നങ്ങള്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിച്ച് ജീവിക്കുന്നവരാണവര്‍. കാരണം ഒരു മാറ്റത്തെക്കുറിച്ച ബോധം തന്നെ അവരുടെ ഉള്ളില്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കും. ആ ഘട്ടത്തില്‍ തുടരുകയേ നിര്‍വാഹമുള്ളൂ.

ഒമ്പത്: നാം തുടക്കത്തില്‍ സൂചിപ്പിച്ച മക്കളുടെ ഭാവിതന്നെ. മക്കളെയോര്‍ത്ത് ഇരുവരും തുടരാന്‍ തീരുമാനിക്കും.

പത്ത്: അല്ലാഹുവിന്റെ പ്രതിഫലവും സ്വര്‍ഗവുമായിരിക്കും തുടരാന്‍ പ്രേരകമാവുക. വിവാഹത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്. ജീവിത വിശുദ്ധി, നിഷിദ്ധ മാര്‍ഗങ്ങളില്‍നിന്നുള്ള മോചനം, ജീവിച്ചു മുന്നേറുമ്പോള്‍ ആവശ്യമായ സഹകരണം, പ്രതിഫലകാംക്ഷ അങ്ങനെ പലതും. കുടുംബം പോറ്റാന്‍ ദമ്പതികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും അധ്വാന പരിശ്രമങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും എല്ലാമുണ്ട് അല്ലാഹുവിന്റെ പ്രതിഫലം.

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍