Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

ഊര്‍ജസ്വലതയുടെ കൗമാരം കരുതലോടെ വിനിയോഗം

നാസിറുദ്ദീന്‍ ആലുങ്ങല്‍

മനുഷ്യ ജീവിതത്തിലെ അതിശയകരമായ കാലഘട്ടമാണ് കൗമാരം. ശാരീരിക-മാനസിക തലങ്ങളില്‍ പ്രവചനാതീതവും തീവ്രവുമായ മാറ്റങ്ങളോടെ ബാല്യത്തോട് വിട പറയുകയും മുതിര്‍ന്ന വ്യക്തിയിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്ന ഘട്ടമാണിത്. ഊര്‍ജസ്വലമാണീ കാലം.  ഊര്‍ജം പക്വതയോടെയും കരുതലോടെയും വിനിയോഗിച്ചാല്‍ കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമകളായി മാറും കൗമാരക്കാര്‍.

കൗമാരം പരീക്ഷണങ്ങളുടെയും സാഹസികതകളുടെയും കാലം കൂടിയാണ്. വ്യത്യസ്തനായി വളരാനുള്ള ശ്രമവും സമപ്രായക്കാരോടൊപ്പം കിടപിടിച്ചുനില്‍ക്കാനുള്ള മത്സരവും കൗമാരക്കാരില്‍ പ്രകടമായിരിക്കും. കൗമാരക്കാരുടെ ഈ സവിശേഷതയെ അവര്‍ക്ക് ചുറ്റുമുള്ളവര്‍ മനസ്സിലാക്കാതിരിക്കുന്നത് കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ അനാരോഗ്യകരമായ സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തുന്നതിനു കാരണമായെന്നുവരും.  'അദ്വിതീയമായ വ്യക്തിത്വം നിര്‍മിച്ചെടുക്കാന്‍ കൗമാരക്കാര്‍ കഠിന പ്രയത്‌നം ചെയ്യുമ്പോള്‍ അവര്‍ക്കു ചുറ്റുമുള്ള ലോകം അവരെ മറ്റുള്ളവരെപ്പോലെ ആക്കിത്തീര്‍ക്കാന്‍ എല്ലാ അര്‍ഥത്തിലും ശ്രമിച്ചുകൊണ്ടിരിക്കും' എന്ന് എ.പി.ജെ അബ്ദുല്‍ കലാം വിലയിരുത്തിയിട്ടുണ്ട്.

ചുറ്റുമുള്ള ലോകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മാതാപിതാക്കളും സഹോദരങ്ങളും  ബന്ധുമിത്രാദികളും അധ്യാപകരും സമൂഹ നേതൃത്വങ്ങളുമൊക്കെയാണ്. കൗമാരക്കാര്‍ക്ക് കലഹിക്കേണ്ടിവരുന്നത് ഇവരോടൊക്കെയാണ് എന്നത് യാദൃഛികമല്ല. ഓരോരുത്തരും കണ്ടതിനും അറിഞ്ഞതിനും അനുഭവിച്ചതിനുമൊക്കെ അനുസൃതമായിരിക്കും അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പെരുമാറ്റങ്ങളും. മുതിര്‍ന്നവര്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ലോകമല്ല കൗമാരക്കാര്‍ക്ക് കാണാനും അറിയാനും അനുഭവിക്കാനുമുള്ളത്. അതുകൊണ്ടുതന്നെ രണ്ടു വിഭാഗത്തിന്റെയും കാഴ്ചപ്പാടുകളിലും പെരുമാറ്റങ്ങളിലും വൈവിധ്യമുണ്ടാവുക സ്വാഭാവികമാണ്. മുതിര്‍ന്നവരും കൗമാരക്കാരും ഇതു മനസ്സിലാക്കി പരസ്പരം ഇടപെടുന്ന പക്ഷം സംഘര്‍ഷ സാധ്യത ലഘൂകരിക്കാന്‍ കഴിയും.

തീരുമാനങ്ങളെടുക്കുമ്പോള്‍

കൗമാരം ആനന്ദകരമായ ഒരു യാത്രയാണ്. പുതിയ ലോകവും പുതിയ അനുഭവങ്ങളും കൊണ്ട് സമ്പന്നമാകുന്ന യാത്രയില്‍ സാഹസികതകള്‍ക്കും അയുക്തികമായ എടുത്തുചാട്ടങ്ങള്‍ക്കും ധാരാളം സാധ്യതകളുണ്ട്. ചിന്തിച്ചാലോചിച്ച് സന്ദര്‍ഭോചിതം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ജീവിത പരിചയവും തലച്ചോറിന്റെ വളര്‍ച്ചയും കൗമാരക്കാര്‍ നേടിവരുന്നതേയുള്ളൂ എന്നതാണതിനു കാരണം. തങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന അനുകൂലമോ പ്രതികൂലമോ ആയ വിവിധ  വിഷയങ്ങളില്‍ പരിണിത ഫലങ്ങള്‍ വിലയിരുത്തി ബുദ്ധിപൂര്‍വകമായും സയുക്തികമായും തീരുമാനങ്ങളെടുക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്ന തലച്ചോറിലെ പ്രിഫ്രന്റല്‍ കോര്‍ടെക്‌സ് (Prefrontal cortex) പൂര്‍ണ പ്രവര്‍ത്തന സജ്ജമാവുക ഇരുപത്തഞ്ച് വയസ്സോടു കൂടിയാണ്. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ വ്യക്തവും ശരിയുമായ തീരുമാനം എടുക്കാന്‍ കഴിയുന്നത്. മറിച്ച്, കൗമാരക്കാരില്‍ ഇത്തരം ഘട്ടങ്ങളില്‍ അമിഗ്ഡല (Amygdala) എന്ന ഭാഗമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ കൗമാരക്കാരുടെ തീരുമാനങ്ങളും കര്‍മങ്ങളും വൈകാരികമായിപ്പോയെന്നു വരാം.

നാം ബിസിനസ് പോലുള്ള ഗൗരവപൂര്‍ണമായ വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ വിദഗ്ധരായ കണ്‍സള്‍ട്ടന്റുമാരുടെ സേവനം തേടാറുണ്ട്. ഉപരിപഠനാര്‍ഥം വിദേശത്തു പോകുന്ന വിദ്യാര്‍ഥികളും കണ്‍സള്‍ട്ടന്റുമാരുടെ സേവനം തേടുന്നു. അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനും തീരുമാനങ്ങള്‍  ഫലപ്രദമാകാനുമാണിത്. അതുപോലെ, കൗമാരക്കാര്‍ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് മുതിര്‍ന്നവരുമായി കൂടിയാലോചിക്കേത് അനിവാര്യമാണ്. കണ്‍സള്‍ടന്റുമാരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ നാം മുഖവിലക്കെടുക്കുകയും പരിഗണിക്കുകയുമാണ് ചെയ്യാറുള്ളത്. കൗമാരക്കാരും മുതിര്‍ന്നവരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ മാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. അതവരെ തെറ്റാതെ, ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരാക്കുകയും, നല്ല ആത്മവിശ്വാസമുള്ളവരും കാര്യപ്രാപ്തിയുള്ളവരുമാക്കി മാറ്റുകയും ചെയ്യും.

തങ്ങള്‍ക്ക് പണ്ടേയുള്ള അറിവും കാഴ്ചപ്പാടുകളുമനുസരിച്ച് എടുത്തുചാടിയല്ല കണ്‍സള്‍ട്ടന്റുമാര്‍ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കുക. കണ്‍സള്‍ട്ടന്റുമാര്‍ തങ്ങളെ സമീപിക്കുന്ന കക്ഷികളെ ശ്രദ്ധാപൂര്‍വം കേള്‍ക്കും. അവരുടെ ആവശ്യങ്ങള്‍ വ്യക്തമായി പഠിക്കും. അവരുടെ താല്‍പര്യങ്ങള്‍  മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യും. കാര്യങ്ങള്‍ കക്ഷികളുടെ ഭാഗത്തുനിന്ന് നോക്കിക്കണ്ട് അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കും. കക്ഷികളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് അതു നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുക.  കക്ഷികള്‍ കണ്ട ആശയവും വഴിയും നല്ലതാണെങ്കില്‍ അതിനെ പിന്തുണക്കും. അല്ലെങ്കില്‍ കൂടുതല്‍ ഉചിതമായവ നിര്‍ദേശിക്കും. കക്ഷികളുടെ ഇപ്പോഴത്തെ ആവശ്യങ്ങളും താല്‍പര്യങ്ങളും ബിസിനസിന്റെ പൊതു നന്മക്കും താല്‍പര്യത്തിനും അനുഗുണമല്ലെന്നു കണ്ടാല്‍, അത് കക്ഷികളെ കാര്യകാരണസഹിതം ബോധ്യപ്പെടുത്തുകയും അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരും കക്ഷികളും തമ്മില്‍ നല്ല ബന്ധമായിരിക്കും. 

മുതിര്‍ന്നവര്‍ ഈ നയം കൈക്കൊള്ളുന്നവരായിരിക്കണം.  എന്നാല്‍ രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ കൗമാരക്കരെ ഒട്ടും പരിഗണിക്കാതെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും അതവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണ് പലപ്പോഴുംചെയ്യാറുള്ളത്. ഇത് അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുന്നതിന് കാരണമായിത്തീരുന്നു. കൗമാരക്കാരുടെ തീരുമാനങ്ങളോ ആവശ്യങ്ങളോ ഗുണകരമല്ലെന്ന് മുതിര്‍ന്നവര്‍ക്ക് മനസ്സിലായാല്‍ കൗമാരക്കാരെ അത് ബോധ്യപ്പെടുത്തേണ്ട  ഉത്തരവാദിത്തം മുതിര്‍ന്നവര്‍ക്കുണ്ട്.

 

പ്രണയ സംഘര്‍ഷങ്ങള്‍

കൗമാരകാലം മാറ്റങ്ങളുടെ കാലമാണ്. ബാല്യത്തില്‍നിന്നും മുതിര്‍ന്നവരിലേക്കുള്ള മാറ്റം. ശാരീരിക, മാനസിക,  ബൗദ്ധിക മാറ്റങ്ങള്‍ ദ്രുതഗതിയില്‍ സംഭവിക്കുന്നു. മനുഷ്യര്‍ ഇണതുണകളായും കുടുംബമായും ജീവിക്കുന്നവരാണ്. ഈ ജീവിതത്തിലൂടെയാണ് പ്രജനനമുണ്ടാവുന്നതും സംസ്‌കൃത സമൂഹമുണ്ടാവുന്നതും വളര്‍ച്ചയും വികാസവുമുണ്ടാവുന്നതും. മുതിര്‍ന്നവരാവുമ്പോള്‍ ഇണതുണകളായും കുടുംബമായും മനുഷ്യര്‍ ജീവിക്കാനാരംഭിക്കുന്നു. ഇതിനാവശ്യമായ ലൈംഗിക വളര്‍ച്ചയും ഹോര്‍മോണുകളുടെ ഉല്‍പാദനവും കൗമാരത്തില്‍ ആരംഭിക്കും. പ്രജനനത്തിനാവശ്യമായ അവയവങ്ങള്‍ അവയുടെ പ്രവര്‍ത്തനം തുടങ്ങുന്നതു മൂലം പെണ്‍കുട്ടികളില്‍ ആര്‍ത്തവവും ആണ്‍കുട്ടികളില്‍ ബീജോല്‍പാദനവും തുടങ്ങും. സെക്‌സ് ഹോര്‍മോണുകളുടെ വര്‍ധിച്ച  സാന്നിധ്യം ആണ്‍-പെണ്‍ കുട്ടികളില്‍ പരസ്പരം ആകര്‍ഷകത്വം ഉണ്ടാകുന്നതിന് കാരണമാവും. ഇത് കൗമാരക്കാര്‍ അപക്വമായ വിവാഹപൂര്‍വ പ്രണയ ബന്ധങ്ങളില്‍ അകപ്പെടാന്‍ ഇടയാക്കുന്നു.

കൗമാരക്കാരുടെ തീരുമാനങ്ങള്‍ വൈകാരികമായിരിക്കുമെന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. അതിനാല്‍തന്നെ  പ്രണയ കാര്യത്തില്‍ അവരെടുക്കുന്ന തീരുമാനങ്ങള്‍ അപക്വവും വൈകാരികവുമായിരിക്കും. വിവാഹത്തിന്റെ പവിത്രതയോ കുടുംബ ജീവിതത്തിന്റെ ഗൗരവപൂര്‍ണമായ ഉത്തരവാദിത്തങ്ങളോ തീരുമാനങ്ങളെടുക്കുമ്പോള്‍ പരിഗണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഇത് ജീവിതംതന്നെ പരാജയത്തിലേക്ക് വീണുപോവാന്‍ കാരണമായെന്നുവരും. കൗമാരക്കാരും അവരുടെ രക്ഷിതാക്കളും ഒരുപോലെ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയും പലപ്പോഴും അനാരോഗ്യകരമായ സംഘട്ടനത്തിലേക്കത് അവരെ കൊത്തെിക്കുകയും ചെയ്യും. യഥാര്‍ഥ സ്‌നേഹവും ഉത്തരവാദിത്തങ്ങളും  എന്തെന്ന് തിരിച്ചറിഞ്ഞും കൗമാരകാലത്തെ മാറ്റങ്ങളെയും  പ്രത്യേകതകളെയും ശരിയായ വിധം മനസ്സിലാക്കിയും രക്ഷിതാക്കളെ വിശ്വാസത്തിലെടുത്തും മാത്രമാണ് കൗമാരക്കാര്‍ക്ക്  ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുക.

തങ്ങള്‍ക്ക് ശാരീരിക വളര്‍ച്ചയും ആര്‍ത്തവവും ബീജോല്‍പാദനവുമെല്ലാം ഉണ്ടായതുപോലുള്ള മാറ്റങ്ങളുടെ  ഭാഗമാണ് എതിര്‍ലിംഗത്തില്‍ പെട്ടവരോടുള്ള ആകര്‍ഷണമെന്നും, അത് മുതിര്‍ന്ന വ്യക്തിയാവുന്നതിന്റെ അനുകൂല ലക്ഷണമാണെന്നും, എന്നാല്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കുന്നത് ജീവിതത്തിന് ഗുണകരമാവില്ലെന്നും, വസ്തുതകള്‍ മനസ്സിലാക്കി സ്വയം നിയന്ത്രിക്കേണ്ടത് ജീവിത വിജയത്തിന് അനിവാര്യമാണെന്നും കൗമാരക്കാരെ ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്.

ഇത്തരം അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മാതാപിതാക്കളും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ നിയന്ത്രണങ്ങളില്‍നിന്ന് കുതറിമാറി സഞ്ചരിക്കാനുള്ള കൗമാരകാല  പ്രവണതയെ രക്ഷിതാക്കള്‍ ശരിയാംവിധം മനസ്സിലാക്കണം. അവര്‍ താന്തോന്നികളാകുന്നതല്ല. കൗമാര ഘട്ടത്തിന്റെ വികൃതികളായി അതിനെ കാണാന്‍ കഴിയണം. അതിനാല്‍ അവരുമായി കൊമ്പുകോര്‍ക്കാതെയും എന്നാല്‍, അവഗണിച്ചു തള്ളാതെയും അവരോട് ചേര്‍ന്നുനില്‍ക്കണം. അവരെ പരിഗണിക്കണം, സ്‌നേഹിക്കണം. രക്ഷിതാക്കള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യമാവണം. അതനുഭവിക്കാനും അവസരമുണ്ടാകണം. മറ്റെങ്ങുനിന്നും കിട്ടാത്ത സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും കുടുംബത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കണം. കുടുംബത്തില്‍നിന്ന് അകന്നുനിന്ന് പഠിക്കുമ്പോഴും  കുടുംബത്തിനകത്തേക്ക് പടര്‍ന്നുകിടക്കുന്ന ശക്തമായൊരു വേര് മക്കള്‍ക്കുണ്ടായിത്തീരുന്നതിന് ഇത് ഇടവരുത്തും.

എന്നാല്‍, വിദേശത്ത് ജോലി ചെയ്യുന്ന രക്ഷിതാക്കള്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊന്നും മക്കളോടൊപ്പമിരിക്കാനോ അവരുമായി ഉള്ളുതുറന്നു സംസാരിക്കാനോ അവസരം കണ്ടെത്താന്‍ സാധിക്കുന്നില്ല.  മാതാവും പിതാവും ജോലിക്ക് പോകുന്നവരാണെങ്കില്‍ അവരും  ഈ പ്രശ്‌നം അനുഭവിക്കുന്നവരാണ്.  ഇത്തരം അവസരങ്ങളിലാണ് മൊബൈല്‍ ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമൊക്കെ  വില്ലന്‍ വേഷം കെട്ടി കടന്നുവരുന്നത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, കുടുംബ ചുറ്റുപാടുകളെക്കുറിച്ചൊന്നും ഒരറിവുമില്ലാത്ത ഒരാളെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ  പരിചയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിത പങ്കാളിയായി സ്വീകരിക്കുന്നതിനും പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നതിനും കൗമാര പ്രായക്കാര്‍ക്ക് സാധിക്കുന്നുവെങ്കില്‍ ആ മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എത്രമാത്രം ദുര്‍ബലമായിരിക്കും എന്ന്  ഊഹിക്കാം. അവിവാഹിതരായി നില്‍ക്കെത്തന്നെ ഒരു പരിചയവുമില്ലാത്ത  ആളുകളോടൊപ്പം ഒളിച്ചോടുകയും ലൈംഗി

കവേഴ്ചയിലേര്‍പ്പെടുകയും ചെയ്ത് തീരാദുഃഖം ഏറ്റുവാങ്ങുന്നവരും കൗമരക്കാര്‍ക്കിടയിലുണ്ട്. അത്തരം കൗമാരക്കാര്‍ അറിയുക, ജീവിതം നേടുകയല്ല; നഷ്ടപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

ഇത്തരം വാര്‍ത്തകള്‍ കണ്ടും കേട്ടും തങ്ങളുടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ മാനസിക രോഗികളെപോലെ  പെരുമാറുന്ന അവസ്ഥയും ഉണ്ടാകരുത്. തങ്ങളുടെ ശ്രദ്ധയില്‍  പെട്ടാലും പ്രശ്‌നം സങ്കീര്‍ണമാകുന്നതുവരെ മാതാപിതാക്കളത് രഹസ്യമാക്കി വെക്കും. മാനം പോകുമെന്ന ആകുലതയായിരിക്കാം അതിനു കാരണം. കാര്യങ്ങള്‍ പിടിവിട്ടുപോകുന്നതുവരെ മാതാപിതാക്കള്‍ പരസ്പരം പഴിചാരി കാലംകഴിക്കാറാണ് പതിവ്. അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഒന്നു പറയാന്‍ പോലും അവരുടെ മുമ്പില്‍ ആരുമില്ലാത്തതാണ് ഇതിനു പ്രധാന കാരണം. അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മഹല്ലുകളില്‍ സംവിധാനമുണ്ടാവുകയാണെങ്കില്‍ ജാതിമതഭേദമന്യേ സമൂഹത്തിന് അതൊരു വലിയ ആശ്വാസമായിരിക്കും. 

 

അധാര്‍മിക കുരുക്കുകള്‍

മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും തുടങ്ങാനുള്ള  സാധ്യത ഈ കാലയളവില്‍ കൂടുതലാണ്. വെറുതെ ഒരു തമാശക്കോ മറ്റുള്ളവരുടെ മുമ്പില്‍ പേരുനേടാനോ ഒക്കെയാണ് ആരംഭിക്കുകയെങ്കിലും പിന്മാറാന്‍ കഴിയാത്തവിധം അവക്കടിമപ്പെടുകയെന്നതാണ് അതിന്റെ അനിവര്യമായ ദുരന്തഫലം.

ഇന്റര്‍നെറ്റിലും മറ്റുമുള്ള അശ്ലീലതകള്‍ കൗമാരക്കാര്‍ കാണുന്നതും ഇന്ന് വ്യാപകമാണ്. വൈകാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന  പ്രകൃതവും എതിര്‍ലിംഗത്തില്‍ പെട്ടവരോടുണ്ടാവുന്ന ആകര്‍ഷണവും ഇതിലേക്ക് അവരെ തള്ളിവിടുന്നു. അശ്ലീല കാഴ്ചകള്‍ക്ക് അടിപ്പെടുന്നത് നിരവധി മാനസിക, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. വ്യക്തിത്വ വൈകൃതം, ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്,  സാമൂഹിക ഇടപെടലുകളില്‍നിന്നുള്ള പി

ന്മാറ്റം, ലൈംഗികജീവിതം അനാരോഗ്യകരവും അസംതൃപ്തവുമാകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇതിന്റെ പരിണിത ഫലമായി ഉണ്ടാവുക. ഇന്ന് കൗമാരക്കാരും മുതിര്‍ന്നവരുമൊക്കെ ഇത്തരം അധാര്‍മിക വൃത്തികളുടെ അടിമകളാണ്. 

അവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അശ്ലീലത ഇന്നൊരു വ്യവസായമാണ്; മദ്യം, മയക്കുമരുന്ന് എന്നിവ പോലെ.  ഇവ നിങ്ങളെ അടിമകളാക്കുകയും നശിപ്പിക്കുകയും ചെയ്യും. അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ജീവിതത്തിന്റെ യശസ്സും സന്തോഷവും ആസ്വദിക്കാന്‍  കഴിയാത്തവരായി നിങ്ങള്‍  മാറും. നിങ്ങള്‍  ഇങ്ങനെ ദുര്‍ബലരാവേണ്ടവരല്ല. ഇത്തരം തിന്മകള്‍ക്കെതിരെ  ധാര്‍മികവും രാഷ്ട്രീയവും സാമൂഹികവും സാങ്കേതികവുമായ മേഖലകളില്‍ കരുത്താര്‍ജിച്ച് സമാധാനപരമായി പോരാടേണ്ടവരാണ്. സ്വകാര്യതയിലാണെങ്കിലും നിങ്ങള്‍തന്നെ  ഇത്തരം വൃത്തികേടുകള്‍ക്ക് അടിമകളായാല്‍ ആരാണ് പിന്നെ സമരരംഗത്ത് ആത്മാര്‍ഥതയോടെ നിലയുറപ്പിക്കുക?

സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം എത്രയും പെട്ടെന്ന് വിദഗ്ധ സഹായം തേടി ജീവിതം തിരിച്ചു പിടിക്കണം, അമാന്തം കാണിക്കരുത്. 

 

കരുത്തുറ്റ കൗമാരം; കരുത്തുറ്റ സമൂഹം

ജീവിതവിജയം യാന്ത്രികമായി സംഭവിക്കുന്ന ഒന്നല്ല. കൃത്യമായ മുന്നൊരുക്കത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണത്. മുന്നൊരുക്കത്തിനുള്ള ഏറ്റവും നല്ല കാലമാണ് കൗമാരകാലം. അത് വലിയ കഴിവുകളാര്‍ജിക്കുന്ന കാലം കൂടിയാണ്. വഴിതെറ്റാനും നിഷ്‌ക്രിയരാവാനും കാരണമാവുന്ന  നെഗറ്റീവ് കാര്യങ്ങളില്‍നിന്നും കൗമാരക്കാര്‍ സ്വന്തം തീരുമാന പ്രകാരം മാറിനില്‍ക്കണം. ഓരോ വ്യക്തിക്കും അവരുടേതു മാത്രമായ ഒരു മുഖ്യ കഴിവുണ്ടായിരിക്കും. കൗമാരക്കാര്‍ തന്റെ ആ കഴിവെന്ത് എന്ന് കത്തെി അതിനെ പരിപോഷിപ്പിക്കണം.

കൗമാരക്കാരാണ് പുതിയ പൗരന്മാരെയും തലമുറകളെയും രൂപപ്പെടുത്തുന്നത്.  അതുകൊണ്ടുതന്നെ കരുത്തുറ്റ കൗമാരമുള്ള സമൂഹമേതോ അവര്‍  നാളത്തെ ലോകത്തെ നയിക്കും.

 (മലപ്പുറം ആശ്വാസ് കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍