Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

താങ്കള്‍ എന്നെ ഓര്‍ക്കണമെന്നില്ല

എന്‍.കെ അഹ്മദ്

സഫാത്ത് പോസ്റ്റ് ഓഫീസില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ചുറ്റുമുള്ള പള്ളികളില്‍നിന്ന് ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു. നാഷ്‌നല്‍ ബാങ്കിന്റെ കോര്‍ണറിലൂടെ ഞാന്‍ തൊട്ടടുത്ത പള്ളി ലക്ഷ്യമാക്കി നടന്നു. ഞായറാഴ്ചയായതിനാല്‍ ബസ് സ്റ്റാന്റും പരിസരവും ജനനിബിഡവും ബഹളമയവും. പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരപരിചിതന്‍ എന്റെ നേരെ കൈ നീട്ടി ഉച്ചത്തില്‍ സലാം ചൊല്ലി. പ്രത്യഭിവാദനത്തിനു ശേഷം, ബംഗാളിയെന്നു തോന്നിക്കുന്ന ആ മധ്യവയസ്‌കനോടു ഞാന്‍ പറഞ്ഞു: 'മനസ്സിലായില്ലല്ലോ...?'

അയാള്‍ പ്രതിവചിച്ചു: 'എന്നെ മനസ്സിലാവണമെന്നില്ല. എനിക്ക് പക്ഷേ, നിങ്ങളെ നന്നായറിയാം. നിങ്ങള്‍ അബ്ബാസിയയില്‍നിന്ന് താമസം മാറിയല്ലേ? ഭാര്യയും മക്കളും?'

ചിരപരിചിതത്വത്തിന്റെ ഭാവങ്ങളും സൗഹൃദവാക്കുകളുമായി മുന്നില്‍ നില്‍ക്കുന്ന ആഗതനെ തിരിച്ചറിയാനാകാത്ത ധര്‍മസങ്കടത്തിലായിരുന്നു ഞാന്‍. കുവൈത്തിലെ മൂന്ന് ദശാബ്ദക്കാലത്തെ പ്രവാസത്തില്‍ വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലുമായി ഒരുപാട് പേരെ പരിചയപ്പെട്ടിരിക്കാം. ഈ മനുഷ്യനെ എവിടെ വെച്ചാവും ഇത്രയധികം ബന്ധപ്പെട്ടിരിക്കുക? മനസ്സ് നിറയെ മാറിമറിയുന്ന ചോദ്യങ്ങള്‍...

എന്റെ മുഖഭാവം തിരിച്ചറിഞ്ഞ ആഗതന്‍ പറഞ്ഞു:

'താങ്കളെന്നെ ഓര്‍ക്കണമെന്നില്ല. ഒരിക്കലേ നമ്മള്‍ കണ്ടിട്ടുള്ളൂ. അതും അടുത്തൊന്നുമല്ല. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കും.'

'വല്ലാഹി! ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പോ....' - ആകാംക്ഷയോടെ ഞാന്‍ തിരക്കി.

'അതേ, ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും നമ്മള്‍ കണ്ടിട്ട്. അതുകൊണ്ടുതന്നെ താങ്കളെന്നെ ഓര്‍ത്തെങ്കിലേ അത്ഭുതമുള്ളൂ. പക്ഷേ, എനിക്ക് താങ്കളെ മറക്കാന്‍ കഴിയില്ല. താങ്കളുടെ കുടുംബത്തെയും.'

അയാള്‍ തുടര്‍ന്നു: അതൊരു ഒഴിവുദിനമായിരുന്നു. ഞാന്‍ കാലത്ത് എന്റെ ടാക്‌സി കാറുമായി റോഡിലിറങ്ങിയതായിരുന്നു. യാത്രക്കാരെയും തേടി ബസ് സ്റ്റോപ്പ് തോറും കറങ്ങി. തീ പറക്കുന്ന വെയില്‍. ഉച്ച കഴിഞ്ഞിട്ടും ഒരു യാത്രക്കാരനെയും കിട്ടിയില്ല. അതിയായ ക്ഷീണവും ഉറക്കവും. ഞാന്‍ വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം വീണ്ടുമിറങ്ങി. അബ്ബാസിയ സിഗ്നലിന് മുമ്പുള്ള ബസ് സ്റ്റോപ്പില്‍ താങ്കളും ഭാര്യയും മൂന്നു മക്കളും. ഹോണടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: 'സിറ്റിയിലേക്കാണോ?' നിങ്ങള്‍ എന്റെ ടാക്‌സിയില്‍ കയറി.

അന്നത്തെ എന്റെ കന്നി യാത്രക്കാരനായിരുന്നു താങ്കള്‍. സിറ്റിയില്‍നിന്ന് എന്തോ ഷോപ്പിംഗ് കഴിഞ്ഞ് എന്റെ കൂടെത്തന്നെയാണ് നിങ്ങള്‍ മടങ്ങിയത്. അബ്ബാസിയയിലെത്തി. കാശ് തരാന്‍ പേഴ്‌സ് നോക്കിയപ്പോള്‍ താങ്കളുടെ പക്കല്‍ ചില്ലറയുണ്ടായിരുന്നില്ല. താങ്കള്‍ പറഞ്ഞു: 'ഞങ്ങളുടെ കൂടെ മുകളിലേക്ക് വരൂ. കാശ് അവിടന്ന് തരാം.'

നാലാം ഫ്‌ളോറിലെ ഫ്‌ളാറ്റിലെത്തി. കാശ് തരുന്നതിനിടയില്‍ താങ്കള്‍ പറഞ്ഞു: 'ഇരിക്കൂ. നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ.' നാം പരസ്പരം പരിചയപ്പെട്ടു. അതിനിടയില്‍ തീന്‍മേശയില്‍ ഭക്ഷണം തയാറായി. താങ്കളുടെ ഭാര്യ പറഞ്ഞു: 'ഭക്ഷണം റെഡിയാണ്.'

ഞാന്‍ പോകാനെഴുന്നേറ്റു. 'ഭക്ഷണം കഴിച്ചു പോകാം' - നിങ്ങള്‍ പറഞ്ഞു.

'ഭക്ഷണം വേണ്ട സര്‍, വളരെ നന്ദി. ഞാന്‍ പോകട്ടെ' - ഞാന്‍ പോകാനെഴുന്നേറ്റു.

സത്യത്തില്‍ അന്ന് മുഴുപ്പട്ടിണിയിലായിരുന്നു ഞാന്‍. ഒരു ഗ്ലാസ് വെള്ളം കുടിച്ചു വീട്ടില്‍നിന്ന് ഇറങ്ങിയതാണ് കാലത്ത്. പേഴ്‌സാകട്ടെ കാലിയും. ഭക്ഷണം വേണ്ടെന്ന് പറയുമ്പോഴും ഞാനനുഭവിച്ച ക്ഷീണാധിക്യവും വിശപ്പിന്റെ കാഠിന്യവും എനിക്കും അല്ലാഹുവിനും മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നിട്ടും ഒരുപചാരത്തിന് ഞാന്‍ പറഞ്ഞു, ഭക്ഷണം വേണ്ടെന്ന്.

പക്ഷേ, താങ്കളും കുടുംബവും എന്നെ വിട്ടില്ല. ഭക്ഷണം കഴിച്ചേ പോകാവൂ - നിങ്ങള്‍ വീണ്ടും നിര്‍ബന്ധിച്ചു.

അങ്ങനെ ഞാന്‍ നിങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം. ഞാന്‍ വയറുനിറച്ചുണ്ടു. അന്ന് കഴിച്ച ബിരിയാണിയുടെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്, സര്‍....

സര്‍, താങ്കളുടെ കുടുംബ വിവരങ്ങള്‍ പറഞ്ഞില്ല. അന്നു മൂന്നു മക്കളല്ലേ ഉണ്ടായിരുന്നത്.

ഞാന്‍ പറഞ്ഞു - ഇപ്പോള്‍ നാലു പേരുണ്ട്.

അയാള്‍: അല്‍ഹംദുലില്ലാഹ്!

മൂത്ത ആള്‍?

ഡോക്ടറാണ് - ഞാന്‍ പറഞ്ഞു.

രണ്ടാമന്‍?

ഞാന്‍ പറഞ്ഞു: അവനും ഡോക്ടറാണ്.

മൂന്നാമന്‍? - അയാള്‍ തിരക്കി.

ഞാന്‍ പറഞ്ഞു: ഡെന്റല്‍ കോളേജില്‍ പഠിക്കുന്നു. നാലാമന്‍ സ്‌കൂളിലാണ്.

എന്തെന്നില്ലാത്ത ആവേശത്തോടെ എന്നെ ആശ്ലേഷിച്ചുകൊണ്ട് അയാള്‍ പറഞ്ഞു; അല്‍ഹംദു ലില്ലാഹ്!

ഹമാരാ ദുആ ഖുദാ ഖബൂല്‍ കിയാഹെ സാബ്! വല്ലാഹ്! മാശാ അല്ലാഹ്!.... മാശാ അല്ലാഹ്.....

അയാളുടെ കണ്ണുകളില്‍നിന്ന് അശ്രുകണങ്ങള്‍ അടര്‍ന്നുവീഴുന്നുണ്ടായിരുന്നു. ഇടറുന്ന വാക്കുകളില്‍ അയാള്‍ പറഞ്ഞു; താങ്കളെയും കുടുംബത്തെയും അല്ലാഹു ഇനിയുമിനിയും അനുഗ്രഹിക്കുമാറാകട്ടെ. ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. താങ്കള്‍ക്കു വേണ്ടി. ഒരുപാട്. ഇനിയും ഞാന്‍ പ്രാര്‍ഥിക്കും. ഇന്‍ശാ അല്ലാഹ്!

ആ ബംഗാളി സുഹൃത്തിന്റെ വാക്കുകളും വൈകാരിക പ്രകടനങ്ങളും എന്നെ വികാരാധീനനാക്കി.

ഞാന്‍ പറഞ്ഞു: 'അല്ലാഹു താങ്കളെയും അനുഗ്രഹിക്കുമാറാകട്ടെ. ഇത്രയൊക്കെ പറയാന്‍ സുഹൃത്തേ, നിങ്ങള്‍ക്ക് വേണ്ടി ഞാനെന്താണ് ചെയ്തത്? ഒരുവട്ടം ഒന്നിച്ചു യാത്രചെയ്യുകയും ഒരുനേരം ഒന്നിച്ചു ഭക്ഷണം കഴിക്കുകയും ചെയ്ത പരിചയമല്ലേ നമുക്കിടയിലുള്ളൂ?' 'ശരിയാണ് സര്‍, നമുക്കിടയിലെ പരിചയവും ബന്ധവും അത്രയേയുള്ളൂ. എങ്കിലും താങ്കളുടെ വീട്ടില്‍നിന്ന് അന്നു കഴിച്ച ഭക്ഷണമുണ്ടല്ലോ, അപ്പോള്‍ അതെനിക്കെല്ലാമായിരുന്നു. അത് കഴിച്ചപ്പോള്‍ എനിക്ക് പ്രാണന്‍ തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു, സര്‍. അതുകൊണ്ടാണ് അതിന്റെ രുചി ഇപ്പോഴും ഈ നാവിന്‍ തുമ്പത്ത് ബാക്കി നില്‍ക്കുന്നത് - രണ്ടു ദശാബ്ദങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത സ്വാദ്!' നിറകണ്ണുകളോടെ അയാള്‍ പറഞ്ഞു നിര്‍ത്തി.

മസ്ജിദുശ്ശാഇയില്‍നിന്ന് ഇഖാമത്ത് മുഴങ്ങിയപ്പോഴാണ് സമയം പോയതറിഞ്ഞത്. ഞങ്ങള്‍ രണ്ടുപേരും ജനപ്രവാഹത്തിലൂടെ പള്ളിയിലേക്ക് നീങ്ങി. ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും പാകിസ്താന്‍കാരുടെയും സംഗമ കേന്ദ്രം.

നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കാല്‍കുത്താനിടം കിട്ടാത്ത തിരക്ക്. എന്റെ കണ്ണുകള്‍ ആ ബംഗാളി സുഹൃത്തിനെ തന്നെ തേടുകയായിരുന്നു. സംസാരത്തിനിടയില്‍ അയാള്‍ സ്വന്തം പേര് പറഞ്ഞിരുന്നെങ്കിലും മനസ്സില്‍ പതിയാതെ പോയി. തിരക്കൊഴിയാന്‍ കാത്തിരുന്നിട്ടും അയാളെ കാണാനായില്ല. വല്ല ഓട്ടത്തിനും ഓര്‍ഡര്‍ കിട്ടി പോയിക്കാണും.

താമസസ്ഥലമായ റിഗ്ഗഈയിലേക്ക് മടങ്ങുമ്പോഴും എന്റെ കണ്ണുകള്‍ ആ ബംഗാളിയുടെ മുഖം തെരയുകയായിരുന്നു സഫാത്തിലെയും മാലിയയിലെയും ആള്‍ക്കൂട്ടത്തില്‍. ഒരു ഗുരുവിനെ നഷ്ടപ്പെട്ട നൊമ്പരം മനസ്സില്‍. അയാളുടെ പേര് പോലും ഓര്‍ക്കാതെ പോയതില്‍ അതിയായ കുറ്റബോധം തോന്നി. ചിരപരിചിതമായ, പലരും പലപ്പോഴായി ഉദ്ധരിക്കാറുള്ള ആ പ്രവാചകവചനം എന്റെ ചുണ്ടുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു: ഇത്തഖുന്നാറ വലൗ ബിശിഖി തംറത്തിന്‍....

നരകത്തെ തടുക്കൂ, കാരക്കയുടെ ഒരു ചീളു കൊണ്ടെങ്കിലും. നിര്‍വികാരതയോടെ മാത്രം പലവട്ടം വായിച്ചുപോയ ആ തിരുവചനം. ആ തിരുമൊഴിയുടെ ആശയസാഗരത്തിന്റെ ആഴവും പരപ്പും ആദ്യമായി എന്നെ പഠിപ്പിച്ച ഗുരുവര്യനായി മാറി ആ ബംഗാളിയെനിക്ക്....

ഭൂമിയില്‍ ഒരു ദേവാലയം പണിത് സ്വര്‍ഗത്തിലൊരിടം നേടാന്‍ സമ്പന്നര്‍ക്കേ കഴിയൂ. പക്ഷേ, കത്തിയാളുന്ന നരകാഗ്നിയെ തടുക്കാന്‍ ഒരു കാരക്കയുടെ ചീളെങ്കിലുമില്ലാത്തവര്‍ അധികം കാണില്ല തന്നെ. നമ്മുടെ മൂല്യനിര്‍ണയത്തില്‍ ഒന്നുമല്ലാത്ത, നാം നിസ്സാരമായി വലിച്ചെറിയുന്ന ഓരോ കാരക്കച്ചീളിലും പിടയുന്ന പച്ചക്കരളുകള്‍ക്കുള്ള ജീവരക്തവും വ്യഥിത ഹൃദയങ്ങള്‍ക്കുള്ള പ്രാണവായുവുമുണ്ടെന്ന തിരിച്ചറിവുണ്ടായെങ്കില്‍!

ലളിതസുന്ദരവും ആശയസമ്പുഷ്ടവുമായ ആ നബിവചനം ഞാനറിയാതെ എന്റെ ചുണ്ടുകള്‍ വീണ്ടും വീണ്ടും മന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ മഹദ് വചനം പ്രഘോഷിക്കുന്ന, ആഘോഷിക്കുന്ന ജീവകാരുണ്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉണര്‍ത്തുപാട്ട് ദിഗന്തങ്ങളിലെങ്ങും പ്രതിധ്വനിക്കുന്ന പോലെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍