Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

മദയാനയെ മാനവികതകൊണ്ട് തളയ്ക്കും

സലാഹുദ്ദീന്‍ മമ്പാട്

'മദയാനയെ തളയ്ക്കാന്‍ വാഴനാരോ?' എന്ന തലക്കെട്ടില്‍ എ.ആറിന്റെ ലേഖനം ചില കാര്യങ്ങളില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ല. ത്രിപുരയില്‍ സി.പി.എം വന്‍ തകര്‍ച്ചയെ നേരിട്ടുവെന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ തന്നെ ഉദാഹരണം. ഇരുപത്തിയഞ്ച് വര്‍ഷക്കാലം ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്കും അതിന് നേതൃത്വം കൊടുത്ത ഭരണാധികാരിക്കും നേരെ ഭരണവിരുദ്ധ വികാരം ഉണ്ടായില്ല എന്നത് എന്തുകൊണ്ട് എ.ആര്‍ കാണാതെ പോയി? വര്‍ഗീയതയും യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ച മോഹന വാഗ്ദാനങ്ങളും വിഘടനവാദികളുമായുള്ള കൂട്ടുകെട്ടും അതിലുപരി പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്സിന്റെ ബി.ജെ.പിയിലേക്കുള്ള ഒലിച്ചുപോക്കും സൃഷ്ടിച്ച സങ്കീര്‍ണമായ സ്ഥിതിവിശേഷത്തിലും ഇടതുപക്ഷം നാല്‍പത്തി അഞ്ച് ശതമാനത്തിലധികം വോട്ടുനേടിയത് നിസ്സാരമായി കാണാന്‍ കഴിയുമോ?

നിഷ്പക്ഷമതികളായ രാഷ്ട്രീയ നിരീക്ഷകര്‍ ത്രിപുരയുടെ കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷക്കാലത്തെ ക്രമപ്രവൃദ്ധമായ സാമൂഹിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തിയത് നാം കണ്ടതാണ്. വിവിധ സാമൂഹിക-സാംസ്‌കാരിക ആരോഗ്യ മണ്ഡലങ്ങളിലും സാക്ഷരതയിലും പ്രത്യേകിച്ച് വനിതാ സാക്ഷരതയിലും ഏറെ മുന്നേറി. 16 ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. ദാരിദ്ര്യം വളരെയേറെ കുറച്ചുകൊണ്ടുവന്നു. പോഷകാഹാരക്കുറവ് പ്രശ്‌നം പരിഹരിക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. ലിംഗ സമത്വവും വനിതാ ശാക്തീകരണവും അടിസ്ഥാനമായി അംഗീകരിച്ചു. ഭൂപരിഷ്‌കരണം കൊണ്ടുവന്നു. ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാവുകയും പാവങ്ങള്‍ക്ക് പട്ടയം നല്‍കുകയും ചെയ്തു. ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂവുടമാ അവകാശം ലഭിച്ചു. ഗോത്ര വര്‍ഗ സ്വയംഭരണ സമിതിയുടെ പേരില്‍ ആദിവാസി ജനതയുടെ അവകാശങ്ങളെ ഗവണ്‍മെന്റ് അംഗീകരിച്ചു. വംശീയ സംഘര്‍ഷം നടക്കുന്ന മേഖലയായിട്ടും കര്‍ക്കശമായ സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിച്ച മേഖലയിലെ ഒരേയൊരു സംസ്ഥാനമായി. ഗോത്രവര്‍ഗ ബംഗാളി സംഘര്‍ഷങ്ങളെ അനുരഞ്ജനത്തിലെത്തിച്ചു (ഉജ്ജൈനി ഹലീം, മാധ്യമം - മാര്‍ച്ച് 10).

ഒരു തുണ്ട് ഭൂമിയും വീടുമില്ലാത്ത മണിക് സര്‍ക്കാരും ഭാര്യയും തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പാര്‍ട്ടി ഓഫീസിന്റെ ഇടുങ്ങിയ മുറി താമസത്തിനായി തെരഞ്ഞെടുത്തത് പരാജയത്തിന്റെ കയ്പുനീരിനേക്കാള്‍ വര്‍ത്തമാനകാലത്ത് മധുരതരമല്ലേ. കുടില തന്ത്രങ്ങള്‍ക്ക് മുന്നില്‍ ചരിത്രത്തില്‍ മുമ്പും മാനവികത മുഖമുദ്രയാക്കിയ ഭരണാധികാരികള്‍ 'വീണിട്ടുണ്ട്.' ഖലീഫ ഉമര്‍ കുത്തേറ്റുവീണത് ഏറ്റവും നല്ല ഉദാഹരണം. പക്ഷേ, ഈ കുടിലതക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാകൂ. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം വിട്ടുമാറുംമുമ്പ് ഇപ്പോള്‍ ബി.ജെ.പി നേരിടുന്ന മ്ലാനത നാം കാണുകയാണല്ലോ. ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളും മഹാരാഷ്ട്രയിലെ കര്‍ഷക സമരവും അവര്‍ക്ക് താക്കീതായിയിരിക്കുകയാണ്.

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയം സ്ഥായിയല്ല. പരാജയത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകും. 'മദയാന'യെ മണിക് സര്‍ക്കാര്‍ മാനവികത കൊണ്ട് തളയ്ക്കും.

 

 

 

ആമിയും കമലും പിന്നെ ആവിഷ്‌കാരത്തിലെ സത്യസന്ധതയും

കെ.കെ ബഷീര്‍ കണ്ണൂരിന്റെ കത്താണ്(മാര്‍ച്ച് 16) ഈ കുറിപ്പെഴുതാന്‍ പ്രേരകം. കമല്‍ എന്ന സംവിധായകനെയും മലയാള സിനിമാ ലോകത്തെയും വിലയിരുത്തുന്നതില്‍ കുറിപ്പുകാരന് പിഴവ് പറ്റിയിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ മഹാഭൂരിഭാഗത്തെയും സ്വാധീനിച്ച സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് കമലെന്ന മുസ്‌ലിം സിനിമാക്കാരന്‍ നാളിതുവരെ സിനിമ ചെയ്തിട്ടുള്ളതെന്ന് 'പെരുമഴക്കാലം' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ കമല്‍ തന്റെ മാതാപിതാക്കള്‍ നല്‍കിയ പേരിന്റെ ഭാഗമായ 'ദീന്‍' എന്ന പദം പോലും വെട്ടിക്കളയുകയാണുണ്ടായത്. മതേതര ആഭിമുഖ്യമായല്ല അതിനെ കാണാന്‍ കഴിയുക. പ്രത്യുത, ഭീരുത്വമോ അതുമല്ലെങ്കില്‍ നടേപറഞ്ഞ സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തി അതുവഴി ലഭിക്കുന്ന ജനപ്രിയതയും തദ്ഫലമായി ലഭിക്കുന്ന ലാഭവും മുന്നില്‍ കണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമോ ആണ്. ഇതിന് വിശ്വപ്രസിദ്ധയും നിഷ്‌കളങ്കയുമായ ഈ സാഹിത്യകാരിയെ ഇവ്വിധം ഇരയാക്കേണ്ടിയിരുന്നോ എന്നതാണ് മനസ്സിലുയരുന്ന ചോദ്യം.

കമലാ സുറയ്യയുടെ ജീവിതം സിനിമയാക്കുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷിക്കുകയും കമലെന്ന സിനിമാക്കാരനോട് നേരത്തേ പറഞ്ഞ വിയോജിപ്പുകള്‍ ഉണ്ടെന്നിരിക്കെ തന്നെ ഏറെ ആദരവ് തോന്നുകയും ചെയ്തിരുന്നു. പക്ഷേ, സിനിമ പുറത്തുവന്നപ്പോള്‍ നിരാശയാണ് തോന്നിയത്. ഇതിന്റെ ചിത്രീകരണ സമയത്തും മറ്റുമുണ്ടായിരുന്ന ഫാഷിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്തിയതാണോ എന്ന സംശയവും മനസ്സിലുയരുന്നുണ്ട്.

ഇംഗ്ലീഷില്‍ കവിതയെഴുതിയും മലയാളത്തില്‍ കഥകളെഴുതിയും വിശ്വപ്രസിദ്ധയായ മാധവിക്കുട്ടിയുടെ ആദര്‍ശമാറ്റം ഇന്നും ദഹിക്കാത്തവര്‍ ഏറെയാണ്. കമലാ സുറയ്യയെന്ന പേര് പോലും എഴുതാന്‍ മാധ്യമങ്ങള്‍ മടിക്കുന്നു. അവരുടെ ഇസ്‌ലാമാശ്ലേഷണ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മലയാളത്തിലെ ഒരു പത്രം സന്ദേഹിച്ചതിങ്ങനെ: 'കവയത്രിയും കഥാകാരിയുമായ മാധവിക്കുട്ടിയെ മലയാള സാഹിത്യ ലോകത്തിന് നഷ്ടമാവുകയാണോ?' - മലയാളമനോരമ. ഇങ്ങനെ മലയാളികളിലെ സവര്‍ണ പൊതുബോധം ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ഏറെ നിഷ്‌കളങ്കയായ ഒരു പെണ്ണിന്റെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നതിനു മുമ്പ് ആവശ്യമായ ഹോം വര്‍ക്ക് ചെയ്യാതിരുന്നത് ആ മഹദ് വ്യക്തിത്വത്തോടുള്ള അനാദരവും സിനിമയെന്ന കലാരൂപത്തോടുള്ള തികഞ്ഞ അനീതിയുമാണെന്ന് മാത്രം കമലിനെ ഓര്‍മപ്പെടുത്തട്ടെ.

എം.എസ് സിയാദ്, കലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍