ബാബാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്ര്‍
ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?-4
ഇന്ത്യയില്‍ ചിശ്തിയാ ത്വരീഖത്തിന്റെ ശില്‍പി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയാണെങ്കില്‍ അതിന്റെ രണ്ടാം സ്ഥാപകനും പരിഷ്‌കര്‍ത്താവുമായി അറിയപ്പെടുന്ന സൂഫി പ്രബോധകനാണ് ഖാജാ ഫരീദുദ്ദീന്‍ ഗന്‍ജേ ശ്ക്ര്‍. തന്റെ ജീവിതകാലത്തു തന്നെ ദല്‍ഹിക്ക് വെളിയില്‍ പഞ്ചാബിലും ബിഹാറിലും പ്രബോധന പ്രവര്‍ത്തനം നടത്തിയെന്നതോടൊപ്പം തന്റെ രണ്ട് പ്രധാന ഖലീഫമാരായ ഖാജാ നിസാമുദ്ദീന്‍ മഹ്ബൂബെ ഇലാഹിയിയിലൂടെയും ഹസ്‌റത്ത് ശൈഖ് അലാവുദ്ദീന്‍ അലി സ്വാബിര്‍ പേറാന്‍ കലീരിയിലൂടെയും ഇന്ത്യ മുഴുവന്‍ ത്വരീഖത്തിന് പ്രചാരം ലഭിച്ചതുകൊണ്ടുമാണ് അദ്ദേഹം ചിശ്തി ത്വരീഖത്തിന്റെ രണ്ടാം സ്ഥാപകനും പരിഷ്‌കര്‍ത്താവുമായി അറിയപ്പെട്ടത്.
മസ്ഊദ് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഫരീദുദ്ദീന്‍ സ്ഥാനപ്പേരും. എന്നാല്‍ ഗന്‍ജേ ശക്ര്‍ എന്ന അപരനാമത്തിലാണ് പരക്കെ അറിയപ്പെട്ടത്. ഈ പേര് വരാനുള്ള കാരണമായി പലരും പലതും പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും വിശ്വാസയോഗ്യമല്ല എന്നാണ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന് മധുരത്തോടുള്ള പ്രിയമാണ് പഞ്ചസാര എന്നര്‍ഥമുള്ള ഗന്‍ജേ ശക്ര്‍ എന്ന പേരു വരാന്‍ കാരണമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖില്‍ കുടുംബ വേരുകള്‍ ചെന്നു ചേരുന്നു. കാബുളിലെ ഒരു പ്രദേശത്തെ ഖാദിയായിരുന്ന പിതാമഹന്‍ ശുഐബ്, താര്‍ത്താരി ആക്രമണത്തെ തുടര്‍ന്ന് അവിടം ഉപേക്ഷിച്ച് ലാഹോറില്‍ താമസമാക്കി. ലാഹോറിനോടടുത്ത കഹീനവാലില്‍ അദ്ദേഹം ഖാദിയായി നിയമിതനായി.
ഹിജ്‌റ 569-ല്‍ കഹീനവാലിലായിരുന്നു ഗന്‍ജേ ശക്‌റിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ മുള്‍ത്താനില്‍ പോയി അവിടത്തെ പ്രമുഖ ഉസ്താദുമാരില്‍നിന്ന് വിദ്യ അഭ്യസിച്ചു. മൗലാനാ മിന്‍ഹാജുദ്ദീന്‍ തിര്‍മിദിയായിരുന്നു കര്‍മശാസ്ത്രത്തിലെ പ്രധാന അധ്യാപകന്‍. തന്റെ ആത്മീയ ഗുരുവായ ഖാജാ ഖുത്വ്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിയെ ആദ്യമായി കണ്ടുമുട്ടിയതും മുള്‍ത്താനില്‍ വെച്ചാണ്. ഗന്‍ജേ ശക്ര്‍ പഠനം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ കൂടെ പോകാന്‍ തുനിഞ്ഞെങ്കിലും അത് വിലക്കി പഠനം തുടരാനാണ് ഗുരു ശിഷ്യനെ ഉപദേശിച്ചത്. ഗുരുവിന്റെ ഉപദേശം മാനിച്ച് അദ്ദേഹം ഇന്ത്യക്കകത്തും പുറത്തും പോയി പഠനം പൂര്‍ത്തീകരിച്ചതിനു ശേഷം ദല്‍ഹിയില്‍ വന്ന് ഗുരുവില്‍നിന്ന് ബൈഅത്ത് സ്വീകരിച്ചു. ഗസ്‌നൈന്‍ ദര്‍വാസക്കടുത്തുള്ള ഒരു സ്ഥലമാണ് സൂഫി മുറകള്‍ അഭ്യസിക്കാനായി ശിഷ്യനു വേണ്ടി ഗുരു തെരഞ്ഞെടുത്തത്. അവിടെ താമസിച്ച് കഠിനമായ സൂഫിമുറകള്‍ നിഷ്ഠയോടെ പൂര്‍ത്തീകരിച്ച ഗന്‍ജേ ശക്‌റിനെ ആത്മീയ ഗുരു ഒരു പ്രത്യേക ചടങ്ങില്‍ വെച്ച് തന്റെ ഖലീഫയായി വാഴിച്ചു. അനന്തരം ശൈഖിന്റെ അനുവാദത്തോടെ ഹാന്‍സിയില്‍ താമസിച്ചുകൊണ്ട് തന്റെ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബഖ്തിയാര്‍ കാകി ദല്‍ഹിയില്‍ മരിക്കുമ്പോള്‍ ഗന്‍ജേ ശക്ര്‍ ഹാന്‍സിയിലായിരുന്നു. മരിച്ച് മൂന്നാമത്തെ ദിവസമാണ് അദ്ദേഹം ദല്‍ഹിയിലെത്തുന്നത്. ശൈഖിന്റെ വസ്വിയ്യത്ത് പ്രകാരം ശൈഖിന്റെ രണ്ട് പ്രധാന ശിഷ്യന്മാര്‍, പിന്‍ഗാമിയാക്കിക്കൊണ്ടുള്ള സ്ഥാന വസ്ത്രങ്ങളും മറ്റു ഉപഹാരങ്ങളും ഗന്‍ജേ ശക്‌റിന് കൈമാറി.
ഗന്‍ജേ ശക്ര്‍ ദല്‍ഹിയില്‍ താമസം തുടങ്ങിയതിന്റെ മൂന്നാം ദിവസം ഹാന്‍സിയിലെ പഴയ ഒരു ശിഷ്യന്‍ ശൈഖിനെ കാണാന്‍ വന്നെങ്കിലും പാറാവുകാര്‍ അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടില്ല. ഗുരു പുറത്തു വരുന്നതുവരെ വാതില്‍ക്കല്‍ കാത്തുനിന്ന മുരീദ് അദ്ദേഹത്തെ കണ്ടപാടേ തന്റെ പരാതിക്കെട്ടഴിച്ചു. ഹാന്‍സിയിലായിരുന്നപ്പോള്‍ ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് എപ്പോഴും താങ്കളുടെ അടുക്കല്‍ വരാമായിരുന്നു. പക്ഷേ, ദല്‍ഹിയിലെത്തിയപ്പോള്‍ പാവങ്ങള്‍ക്ക് പ്രവേശനം തടയപ്പെടുന്നു എന്നായിരുന്നു ശിഷ്യന്റെ പരാതി. ശിഷ്യന്റെ പരാതി കേട്ട് മനംനൊന്ത ഫരീദുദ്ദീന്‍ ദല്‍ഹി ഉപേക്ഷിച്ച് പഴയ ലാവണത്തിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. തന്റെ ഈ തീരുമാനം അവിടെ കൂടിയവരെ അറിയിച്ചപ്പോള്‍ ഖുത്വ്ബുദ്ദീന്‍ എവിടെയാണോ താങ്കളെ ഇരുത്തിയത് അവിടെ നിന്ന് താങ്കള്‍ എങ്ങനെ പോകും എന്നായിരുന്നു അവരുടെ പ്രതികരണം. താന്‍ എവിടെ താമസിക്കണം എന്ന തീരുമാനം ശൈഖ് തനിക്ക് വിട്ടുതന്നിരിക്കുന്നുവെന്നായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
നഗരത്തെ അപേക്ഷിച്ച് ശാന്തമായ അന്തരീക്ഷവും വല്ലാതെ അറിയപ്പെടാതെ ജീവിക്കാനുള്ള ത്വരയുമാണ് ദല്‍ഹി ഉപേക്ഷിച്ച് പഴയ ലാവണമായ ഹാന്‍സി തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ പ്രശസ്തി വളരെ വേഗം വ്യാപകമാവുകയും അദ്ദേഹത്തിന്റെ പര്‍ണശാല ജനങ്ങളെക്കൊണ്ട് വീര്‍പ്പു മുട്ടുകയും ചെയ്തു. അതോടെ അദ്ദേഹം തന്റെ ജന്മദേശമായ മുള്‍ത്താനു സമീപം കഹീനവാലിലേക്ക് പോയി. അധികകാലം അവിടെ തങ്ങിയില്ല. പഞ്ചാബിലെ അജോന്ദനിലാണ് ഒടുവില്‍ അദ്ദേഹം എത്തിയത്. അവിടെ അദ്ദേഹം സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടത്തെ താമസത്തിനിടക്ക് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നതിനാല്‍ പഞ്ചാബി ഭാഷ നന്നായി പഠിച്ചു. ആ ഭാഷയില്‍ ധാരാളം കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. ഒരുപക്ഷേ ഇസ്‌ലാമിക പ്രബോധനത്തിന് പ്രാദേശിക ഭാഷയെയും പാരമ്പര്യത്തെയും ആദ്യമായി ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ സൂഫി ഫരീദുദ്ദീന്‍ ഗന്‍ജേ ശക്ര്‍ ആയിരിക്കും. പഞ്ചാബിലെ ഒട്ടേറെ ഗോത്ര വിഭാഗങ്ങള്‍ അദ്ദേഹം വഴി ഇസ്‌ലാം സ്വീകരിച്ചു. പടിഞ്ഞാറന്‍ പഞ്ചാബിലെ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഗന്‍ജേ ശക്‌റാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഒമ്പതു ഗോത്രങ്ങള്‍ തങ്ങളുടെ മതംമാറ്റത്തിന് കാരണം ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റാണെന്ന് പറഞ്ഞിരുന്നതായി പഞ്ചാബ് ഗസറ്റിയറിലുണ്ട്.1 അതുപോലെ പഞ്ചാബിലെ അറിയപ്പെട്ട രജപുത്ര കുടുംബമായ സിയാല്‍ ഗന്‍ജേ ശക്ര്‍ വഴി ഇസ്‌ലാം സ്വീകരിച്ചു.2 അദ്ദേഹം വഴി ഇസ്‌ലാം സ്വീകരിച്ച നൂറ് കുടുംബങ്ങളെ കുറിച്ച് അസ്ഗറലിയും പറയുന്നുണ്ട്.3
ഹിന്ദുക്കളും ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റിനെ ഭക്തിയോടെ കാണുകയും പലരും മതം മാറാതെത്തന്നെ അദ്ദേഹത്തിന്റെ അനുയായികളായി മാറുകയും ചെയ്തിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച സിഖ് മതസ്ഥാപകന്‍ ഗുരുനാനാക് രചിച്ചതും സിഖുകാരുടെ പുണ്യ ഗ്രന്ഥവുമായ ഗുരു ഗ്രന്ഥസാഹിബില്‍ ഗന്‍ജേ ശക്‌റിന്റെ വാചകങ്ങളും വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത ഫരീദുദ്ദീന്‍ ഗന്‍ജേ ശക്ര്‍ പഞ്ചാബിലെ പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി മാറിയിരുന്നുവെന്ന് തെളിയിക്കുന്നതാണ്.
വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും അങ്ങേയറ്റം കാരുണ്യത്തോടും സ്‌നേഹത്തോടുമാണ് ശൈഖ് വര്‍ത്തിച്ചിരുന്നതെന്ന അദ്ദേഹത്തിന്റെ ശിഷ്യന്‍ നിസാമുദ്ദീന്‍ ഔലിയാ സാക്ഷ്യപ്പെടുത്തുന്നുണ്ട്.4
ദല്‍ഹി സുല്‍ത്താന്മാരില്‍ പ്രധാനിയായ ഗിയാസുദ്ദീന്‍ ബാല്‍ബന്‍ ശൈഖിന്റെ അനുയായിയായിരുന്നു. തന്റെ അധികാരലബ്ധിയില്‍ ശൈഖിന്റെ പ്രാര്‍ഥനക്ക് പങ്കുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവത്രെ. ഒരിക്കല്‍ നിര്‍ബന്ധത്തിനു വഴങ്ങി ആര്‍ക്കോ വേണ്ടി അദ്ദേഹം ഇപ്രകാരം ഒരു ശിപാര്‍ശക്കത്ത് സുല്‍ത്താന് നല്‍കുകയുണ്ടായി: ''ഞാന്‍ ഇയാളുടെ കാര്യം അല്ലാഹുവിന് വിട്ടുകൊടുക്കുകയാണ്. അതിനു ശേഷം താങ്കളുടെ മുമ്പാകെയും സമര്‍പ്പിക്കുകയാണ്. താങ്കള്‍ അയാള്‍ക്ക് വല്ലതും നല്‍കുകയാണെങ്കില്‍ യഥാര്‍ഥത്തില്‍ നല്‍കുന്നവന്‍ അല്ലാഹുവാണ്. താങ്കള്‍ നന്ദിയുള്ളവനാവുകയും ചെയ്യും. ഇനി താങ്കള്‍ നല്‍കിയില്ലെങ്കിലോ അത് തടഞ്ഞവന്‍ അല്ലാഹുവാണ്. താങ്കള്‍ക്ക് ഒഴികഴിവ് ലഭിക്കുകയും ചെയ്യും.''5
സുല്‍ത്താനുമായി വളരെ അടുപ്പമുണ്ടായിട്ടും അദ്ദേഹം എപ്പോഴെങ്കിലും കൊട്ടാരത്തില്‍ പോവുകയോ അവിടെനിന്നുള്ള സഹായം സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ ആത്മീയ ഗുരുവായ ഖാജാ ബഖ്തിയാര്‍ കാകിയുടെ ഖലീഫമാരിലൊരാളായ ശൈഖ് ബദ്‌റുദ്ദീന്‍ ഗസ്‌നവിക്ക് അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടായിരുന്ന മന്ത്രിമാരില്‍ ഒരാള്‍ വലിയൊരു ഖാന്‍ഗാഹ് നിര്‍മിച്ചുകൊടുത്ത വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അസ്വസ്ഥനാവുകയും ബദ്‌റുദ്ദീന്‍ തന്നെ നേരില്‍ കാണാന്‍ വന്നപ്പോള്‍ തങ്ങള്‍ക്കായി ഖാന്‍ഗാഹുകള്‍ പണിതുണ്ടാക്കുക മുഈനുദ്ദീന്‍ ചിശ്തിയുടെയും ഖാജാ ബഖ്തിയാര്‍ കാകിയുടെയും പ്രവര്‍ത്തനരീതിയല്ലെന്നു പറഞ്ഞ് തന്റെ നീരസം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.6
ഹി. 664-ല്‍ അദ്ദേഹം അജോന്ദനില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മഖ്ബറ നിര്‍മിച്ചത് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കാണ്. അദ്ദേഹത്തിന്റെ അഞ്ച് മക്കളും പിതാവില്‍നിന്ന് ബൈഅത്ത് സ്വീകരിച്ച സൂഫികളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ത്വരീഖത്തിന് ഇന്ത്യയില്‍ വന്‍ പ്രചാരം സിദ്ധിച്ചത് തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ഖാജാ നിസാമുദ്ദീന്‍ ഔലിയയിലൂടെയും ശൈഖുല്‍ കബീര്‍ അലാഉദ്ദീന്‍ അഹ്മദ് സാബിറിലൂടെയുമാണ്. നിസാമിയ്യ, സ്വാബിരിയ്യ എന്നീ രണ്ട് ശാഖകളായിട്ടാണ് ശൈഖിന്റെ മരണ ശേഷം ചിശ്തിയാ ത്വരീഖത്ത് ഇന്ത്യയില്‍ വികാസം നേടിയത്. ഇവയില്‍ നിസാമിയ്യാ ത്വരീഖത്തും അതിന്റെ ആചാര്യനായ ഖാജ നിസാമുദ്ദീന്‍ ഔലിയയും തന്നെയാണ് ഏറ്റവും പ്രശസ്തി നേടിയത്. ശൈഖിന്റെ പ്രധാന ഖലീഫയും നിസാമുദ്ദീന്‍ ഔലിയ തന്നെയാണ്. ഇവരെ കൂടാതെ ശൈഖ് ജമാലുദ്ദീന്‍ ഹാന്‍സവി, ശൈഖ് ബദ്‌റുദ്ദീന്‍ ഇസ്ഹാഖ്, ശൈഖ് ആരിഫ് എന്നീ മൂന്ന് ഖലീഫമാര്‍ കൂടി ഖാജാ ഫരീദുദ്ദീന്‍ ഗന്‍ജേ ശക്‌റിനുണ്ടായിരുന്നു.
1. ഇസ്‌ലാം ആന്റ് മുസ്‌ലിം ഇന്‍ സൗത്തേഷ്യ
2. എസ്.എം ഇക്‌റാം -ആബ് കൗസര്‍ 222
3. ദഅ്‌വത്തെ ഇസ്‌ലാം 279
4. സിയറുല്‍ ഔലിയാഅ് 123
5. അഖ്ബാറുല്‍ അഖ്‌യാര്‍- ഉദ്ധരണം: താരീഖു ദഅ്‌വത്ത് അഅസീമത്ത് 3/41
6. സിയറുല്‍ ആരിഫീന്‍
Comments