ദയാവധമോ ക്രൂരവധമോ?
ചികിത്സിച്ചു ഭേദപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവില്ല എന്ന് വിധിയെഴുതി രോഗികളെ വേദനയില്‍നിന്നും കഷ്ടപ്പാടില്‍നിന്നും മോചിപ്പിക്കാനെന്ന പേരില്‍ ബോധപൂര്‍വം അവരുടെ ജീവിതം അവസാനിപ്പിക്കുന്ന സമ്പ്രദായമാണ് ദയാവധം. സൗകര്യപ്രദമായ മരണം എന്നര്‍ഥമുള്ള യൂത്തനേസിയ (Euthanasia) എന്ന ഗ്രീക്ക് പദവും ദയാവധത്തിന് പ്രയോഗിക്കാറുണ്ട്. മരണാസന്നനായ രോഗിയുടെ കഠിനമായ സ്ഥിതിയും ആകുലതയും വേദനയും കുറയ്ക്കാന്‍ ഡോക്ടര്‍ രോഗിയെ പരിചരിക്കുന്നതിനു പകരം അയാളെ മരിക്കാന്‍ സഹായിക്കുകയാണിവിടെ. പ്രത്യക്ഷ ദയാവധം (ആക്ടീവ് യൂത്തനേസിയ), അസിസ്റ്റഡ് സൂയിസൈഡ് (പരസഹായത്തോടെയുള്ള ആത്മഹത്യ), ചൈല്‍ഡ് യൂത്തനേസിയ തുടങ്ങി രോഗിയുടെ സമ്മതത്തോടെയും അല്ലാതെയും രോഗിയെ അറിയിക്കാതെയുമൊക്കെ ദയാവധം നടക്കുന്നുണ്ട്. നിഷ്‌ക്രിയ ദയാവധം (പാസ്സീവ് യൂത്തനേസിയ) അനുവദിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നമ്മുടെ രാജ്യത്ത് ദയാവധം തുറന്ന ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്.
നിത്യവേദന സഹിക്കുന്ന രോഗികള്‍ക്കും ജീവിത പ്രതീക്ഷ അസ്തമിച്ചവര്‍ക്കും, ഉറ്റ ബന്ധുക്കള്‍ക്കും ഏറെ ആശ്വാസകരമാണ് ഈ വിധിയെന്നാണ് നിയമപക്ഷം. ഭരണഘടനയിലെ 21-ാം അനുഛേദത്തില്‍, അന്തസ്സാര്‍ന്ന ജീവിതം നയിക്കാന്‍ ഓരോ പൗരനും അവകാശവും അധികാരവും ഉള്ളതുപോലെ, പീഡകളും യാതനകളുമില്ലാതെ മരണം വരിക്കാനും, ചികിത്സകളും ജീവന്‍ രക്ഷാ ഉപാധികളും സ്വയം വേണ്ടെന്നു വെക്കാനുമുള്ള അധികാരവും അയാള്‍ക്കുണ്ടെന്നാണ് കോടതി നിരീക്ഷണം. ജീവന്‍ സംരക്ഷിക്കുകയാണ് ഡോക്ടര്‍മാരുടെ പ്രഥമ കര്‍ത്തവ്യമെങ്കിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ദുരിതങ്ങള്‍ക്ക് വിരാമമിടാന്‍ എല്ലാവരും നിര്‍ബന്ധിതരാകേണ്ടി വരുമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗിയെ വധത്തിന് വിധേയമാക്കുകയല്ല, മറിച്ച് നിയമപരമായ സമ്മതത്തോടെ ചികിത്സ നിര്‍ത്തി പ്രാണ രക്ഷോപകരണങ്ങള്‍ വേര്‍പ്പെടുത്തി വേദനയുടെ നിത്യനരകത്തില്‍നിന്ന് മോചിപ്പിക്കുകയും അങ്ങനെ അന്തസ്സായ മരണത്തിന് അവസരം നല്‍കുകയുമാണെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ടുള്ള തേന്‍ പുരട്ടിയ വാക്കുകള്‍.
അപൂര്‍വവും ഒറ്റപ്പെട്ടതുമായ കേസുകള്‍ മുമ്പില്‍ വെച്ച് പരോക്ഷ ദയാവധം നിയമപരമായി അനുവദിക്കുന്നത് ഒട്ടേറെ സങ്കീര്‍ണതകളിലേക്കും കൊലപാതകസമാനമായ സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം. നിയമത്തിന്റെ വലിയ തോതിലുള്ള ദുരുപയോഗത്തിനും അത് കാരണമായേക്കും. ദയാവധം അനുവദിക്കണമെന്ന് വാദിക്കുന്നവര്‍ക്ക് പിന്നില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലോബികളുണ്ടെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. നിര്‍മാണോന്മുഖമല്ലാത്ത ജീവന്‍ ഇല്ലാതാക്കി, അങ്ങനെ ദേശീയ നഷ്ടം ഒഴിവാക്കി തികഞ്ഞ സാമ്പത്തിക കണ്ണോടെ ഇതിനെ ന്യായീകരിക്കുന്ന ഭൗതികവാദികളുമുണ്ട്. വാര്‍ധക്യത്തിലെത്തിയ രോഗികളെയും പ്രയോജനമില്ലാത്തവരെയും ചികിത്സിക്കുന്നതും തീറ്റിപ്പോറ്റുന്നതും നഷ്ടകച്ചവടമാണെന്നും അവര്‍ വാദിക്കുന്നു.
ഏതൊരു മനുഷ്യജീവനും സ്വാഭാവികമായി ശരീരത്തില്‍നിന്ന് വേര്‍പ്പെടുന്നതുവരെ അതിനെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അത് എത്ര മാരകമായ രോഗമായിരുന്നാലും. അതിനാണ് ജീവനെ ആദരിക്കുന്ന മാനവികത എന്ന് പറയുന്നത്. വൈദ്യശാസ്ത്ര നൈതികത പ്രകാരം, ഓരോ രോഗിക്കും കഴിവിന്റെ പരമാവധി ചികിത്സ നല്‍കുകയും ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ട എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ ഏറ്റെടുക്കുകയും വേണം. ഒരാള്‍ക്ക് പക്ഷേ, നിയമവിധേയമായി ഒരാളെ കൊല്ലാനുള്ള അധികാരമാണ് ഈ നിയമം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ അധികാരം ഉപയോഗിക്കുന്നതാവട്ടെ നീതി പാലിക്കാന്‍ ബാധ്യസ്ഥരായ നിയമവിദഗ്ധന്മാരും ജീവന്‍ രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാരുമാണ്. രക്ഷിക്കേണ്ടവര്‍ ആരാച്ചാരാവുകയാണ്.
കര്‍ക്കശമായ ഉപാധികളോടെയാണ് പരോക്ഷ ദയാവധം അനുവദിച്ചിരിക്കുന്നതെങ്കിലും ഏതു നിയമത്തെയും എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയും, നമ്മുടെ രാജ്യത്ത്. വളരെ കര്‍ക്കശ വ്യവസ്ഥകളുള്ള ഗര്‍ഭഛിദ്ര നിയമം ഇവിടെ ദുരുപയോഗം ചെയ്യുന്നുണ്ടല്ലോ. മയക്കുമരുന്ന് കടത്തിനെതിരെ കര്‍ക്കശ നിയമമുള്ളപ്പോഴാണ് അവയെ കുറ്റവാളികള്‍ അനായാസം മറികടക്കുന്നത്. വൃദ്ധ മാതാപിതാക്കളെയും നിത്യരോഗികളെയും അവരുടെ ബന്ധുക്കള്‍ തന്നെ ദയാവധത്തിന് ഇരയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വൃദ്ധജനങ്ങളെയും രോഗികളെയും വൃദ്ധ സദനങ്ങളിലും പെരുവഴിയിലും ഉപേക്ഷിക്കുന്ന തലമുറ ദയാവധ നിയമത്തെ ദുരുപയോഗം ചെയ്യില്ലെന്ന് എങ്ങനെ ഉറപ്പിക്കും!
ദയാവധം നിയമാനുസൃതമാക്കപ്പെട്ട നെതര്‍ലാന്റ്‌സില്‍നിന്നുള്ള ധാരാളം വാര്‍ത്തകള്‍ അത് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചാണ്. അവിടെ ആശുപത്രികളിലെത്തുന്ന പ്രായം ചെന്ന രോഗികള്‍ക്ക് തിരിച്ചുപോരാമെന്ന വിശ്വാസം പോലും നഷ്ടമാകുന്നുണ്ടത്രെ.
അനുബന്ധം: ഈയിടെ 76-ാം വയസ്സില്‍ വിടപറഞ്ഞ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ചലനമറ്റ് രോഗബാധിതനായി രണ്ട് ദശകങ്ങള്‍ പിന്നിട്ട ശേഷം, കൃത്യമായി പറഞ്ഞാല്‍ 1985-ല്‍ തന്റെ 43-ാം വയസ്സില്‍ ന്യൂമോണിയ കൂടി ബാധിച്ച് അത്യാസന്ന നിലയിലായി. ഈ സന്ദര്‍ഭത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ വിഛേദിച്ച് അദ്ദേഹത്തെ നിഷ്‌ക്രിയ ദയാവധത്തിന് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഭാര്യ ജയ്‌നിന്റെ വിസമ്മതം കാരണം അതു നടപ്പായില്ല. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഹോക്കിംഗ് മൂന്ന് പതിറ്റാണ്ടിലേറെ ജീവിച്ചു. അതിനിടയിലാണ് 1988-ല്‍ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന തന്റെ ക്ലാസിക് കൃതിപോലും അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തത്.
Comments