ദയാവധത്തിന് ഇസ്‌ലാമില്‍ സാധുതയുണ്ടോ?
കഠിനമായ വേദനയുള്ള രോഗാവസ്ഥയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് നിപുണരായ ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞാല്‍ രോഗി കൂടുതല്‍ വേദന സഹിക്കാതിരിക്കാന്‍ അയാളെ മരിക്കാന്‍ സഹായി ക്കുന്നതിന്റെ പേരാണ് ദയാവധം. ദയാവധത്തിന് അനുകൂലമായും പ്രതികൂലമായും മനുഷ്യാവകാശ സംഘടനകളും സര്‍ക്കാരിതര സംഘടനകളും ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനമായി 2018-ല്‍ ദയാവധം നിയമാനുസൃതമാക്കിയ ആറു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. സ്വിറ്റ്‌സര്‍ലന്റ്, ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്കയിലെ ഏഴു സ്റ്റേറ്റുകള്‍ എന്നിവ പ്രയാസപ്പെടുന്ന രോഗികളെ മരിക്കാന്‍ സഹായിക്കുന്നു. Assisted Suicide എന്നാണിതിനെ വിളിക്കുന്നത്.
ഇസ്‌ലാമിക ശരീഅത്തില്‍ ദയാവധത്തിന്റെ വിധിയെന്താണ്? ആ വിധിയുടെ അടിസ്ഥാന തത്ത്വങ്ങളെന്താണ്? ഇതിലേക്കുള്ള ഒരെത്തിനോട്ടമാണ് നാം നടത്തുന്നത്.
നബി(സ)യുടെ കാലത്തോ പില്‍ക്കാലത്ത് പ്രമുഖരായ കര്‍മശാസ്ത്ര വിശാരദന്മാരുടെ കാലത്തോ ഇങ്ങനെ ഒരു പ്രശ്‌നം അവരുടെ മുമ്പില്‍ വന്നിട്ടില്ല. ആധുനിക ചികിത്സാ രീതികള്‍ പുരോഗമിച്ചപ്പോള്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് ഇത്തരം രോഗികളുടെ ജീവന്‍ നിലനിര്‍ത്താമെന്ന് കണ്ടെത്തി. തലച്ചോറിന് ക്ഷതമേറ്റ വ്യക്തിക്ക് അബോധാവസ്ഥയില്‍ ദീര്‍ഘകാലം വിശ്രമം ലഭിച്ചാല്‍ തലച്ചോറിന്റെ കേടുപാടുകള്‍ ശരീരം സ്വയം ശരിപ്പെടുത്തും. ഇതിന് കൃത്രിമ ശ്വാസോഛ്വാസം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ കഠിന വേദനയുള്ള മാറാവ്യാധികളിലും ഇതേ രീതി സ്വീകരിച്ചുവരുന്നു. ഇത് രോഗിയുടെ ദുസ്സഹമായ വേദന ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ കാരണമാകുന്നു. ഈ അവസ്ഥയില്‍ ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്നു രോഗി പറഞ്ഞു കൊണ്ടിരിക്കും. അയാളെ സഹായിക്കാന്‍ ജീവനൊടുക്കുന്ന ശക്തമായ മരുന്നുകള്‍ നല്‍കാമോ? അയാളെ മരിക്കാന്‍ വിടാമോ, ചികിത്സ നിര്‍ത്തിവെക്കാമോ?
ആഗോള മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തത് നമുക്കു പരിശോധിക്കാം.
രോഗശമന പ്രതീക്ഷയില്ലാത്ത കഠിന വേദന അനുഭവിക്കുന്ന രോഗിയോടുള്ള ദയയും അനുഭാവവും കാരുണ്യവും കാരണം അയാളുടെ ജീവനൊടുക്കുകയാണ് ദയാവധത്തിലൂടെ. ഇത് രോഗിയുടെ ആവശ്യപ്രകാരമോ ബന്ധുക്കളുടെ ആവശ്യപ്രകാരമോ ആവാം. അല്ലെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറുടെയോ പരിചാരകരുടെയോ തീരുമാനമനുസരിച്ചും ആവാം. വൈദ്യശാസ്ത്ര വീക്ഷണത്തില്‍ ദയാവധത്തിലൂടെ ജീവന്‍ അവസാനിപ്പിക്കുന്നത് ഒന്നുകില്‍ ക്രിയാത്മക രീതിയിലാവാം, അല്ലെങ്കില്‍ നിഷേധാത്മക രീതിയിലാവാം.
ഒന്ന്: ക്രിയാത്മകമായ ദയാവധത്തില്‍ ഡോക്ടറുടെ ക്രിയ കൊണ്ടു മരണം സംഭവിക്കുകയാണ് ചെയ്യുക. രോഗിയുടെ വേദനയും ജീവനും അവസാനിപ്പിക്കുന്ന വിഷമോ മരുന്നോ നല്‍കി ജീവനൊടുക്കുക.
ചിലപ്പോള്‍ രോഗിക്ക് പോഷകങ്ങള്‍ നല്‍കുന്ന സംവിധാനം വേര്‍പ്പെടുത്തിക്കൊണ്ടു മാവാം ഈ വധം. അതല്ലെങ്കില്‍ കൃത്രിമ ശ്വസന സൗകര്യമോ മറ്റോ വിഛേദിച്ചുകൊണ്ടുമാവാം.
രണ്ട്: വേണ്ടത് ചെയ്യാതിരിക്കുക വഴി രോഗിയെ മരിക്കാന്‍ വിടുക. നിഷേധാത്മക രീതിയാണ് ഇത്. രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാതെയോ കൃത്രിമ ശ്വസനയന്ത്രം ഘടപ്പിക്കാതെയോ ആവാം.
ഇസ്‌ലാമിക കാഴ്ചപ്പാട്
ജീവനെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് സവിശേഷമാണ്. ജീവന്‍ നല്‍കുന്നത് അല്ലാഹുവാണ്. അത് ഹനിക്കാന്‍ മനുഷ്യന് അവകാശമില്ല. അതിനെ സംരക്ഷിക്കുകയാണ് മനുഷ്യന്റെ ബാധ്യത. ജീവനും ആരോഗ്യത്തിനും ഹാനി സംഭവിക്കുന്നത് അല്ലാഹുവിന്റെ പരീക്ഷണമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ക്ഷമ കൈക്കൊള്ളുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത് (വിശുദ്ധ ഖുര്‍ആന്‍ 2:55). മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒരു ജീവനെ സംരക്ഷിക്കുന്നത് മനുഷ്യരാശിയെ സംരക്ഷിച്ചതിന് തുല്യമാണ് (വിശുദ്ധ ഖുര്‍ആന്‍ 5:32). അതുപോലെത്തന്നെ രോഗവും പ്രയാസങ്ങളും വിശ്വാസി കാണേണ്ടത് എങ്ങനെയെന്ന് നോക്കൂ. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ''ഒരു മുസ്‌ലിമിനെ ക്ഷീണമോ ബുദ്ധിമുട്ടോ ദുഃഖമോ പ്രയാസമോ ഉപദ്രവമോ മനഃക്ലേശമോ ബാധിച്ചാല്‍, ശരീരത്തില്‍ ഒരു മുള്ള് തറച്ചാല്‍ പോലും, അതുവഴി അയാളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും.''
രോഗിയോ കുടുംബമോ തന്റെ പ്രയാസത്തില്‍നിന്നും മോചനം നേടാനായി മരണം കൊതിക്കാന്‍ പാടില്ല. തിരുമേനി (സ) പഠിപ്പിക്കുന്നു: ''തനിക്കേറ്റ ഒരു പ്രയാസം കാരണം നിങ്ങളിലൊരാളും മരണം കൊതിക്കരുത്. അയാള്‍ക്ക് കൂടിയേ കഴിയൂ എങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കട്ടെ; 'അല്ലാഹുവേ ജീവിതം എനിക്ക് ഗുണകരമാവുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ, മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ മരിപ്പിക്കേണമേ'' (ബുഖാരി, മുസ്‌ലിം).
ഒരാള്‍ രോഗിയായാല്‍ അയാളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും പ്രതീക്ഷ നല്‍കാനും രോഗസന്ദര്‍ശനം നടത്തുന്നത് ഇസ്‌ലാം വലിയ പുണ്യകര്‍മമായും മുസ്‌ലിംകളുടെ പരസ്പര ബാധ്യതയായും പഠിപ്പിക്കുന്നു. നബിതിരുമേനി രോഗികളെ സന്ദര്‍ശിക്കുക പതിവായിരുന്നു. അവിടെ വെച്ച് തിരുമേനി ഇങ്ങനെ പ്രാര്‍ഥിക്കും: 'ജനങ്ങളുടെ നാഥനായ അല്ലാഹുവേ, പ്രയാസം അകറ്റിത്തരേണമേ, രോഗം ശമിപ്പിക്കേണമേ, ശമിപ്പിക്കുന്നവന്‍ നീ മാത്രം, അസുഖം ഒട്ടും അവശേഷിക്കാതെ സുഖപ്പെടുത്തേണമേ!''
മറ്റൊരിക്കല്‍ അവിടുന്ന് അരുളി: 'നിങ്ങള്‍ രോഗിയുടെ അടുത്തു ചെന്നാല്‍ അയാള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ ജനിപ്പിക്കുവിന്‍.'
ഇസ്‌ലാമിക ജീവിത വീക്ഷണവുമായി പൊരുത്തപ്പെടുന്ന ആഹ്വാനമാണ് രോഗത്തിന് ചികിത്സ തേടണം എന്നത്. നബിതിരുമേനി അരുള്‍ ചെയ്തു: 'അല്ലാഹുവിന്റെ അടിയാറുകളേ, രോഗത്തിന് ഔഷധം സേവിക്കുവിന്‍. എല്ലാ രോഗങ്ങള്‍ക്കും അല്ലാഹു ഔഷധം നിശ്ചയിച്ചിട്ടുണ്ട്. അത് ചിലര്‍ക്കറിയാം, ചിലര്‍ക്കറിയില്ല.''
ഒരാളുടെ ജീവനെടുക്കാന്‍ അയാള്‍ക്ക് പോലും അവകാശമില്ല. ആത്മഹത്യ ഇസ്‌ലാമില്‍ മഹാപാപമാണ്.
ഇസ്‌ലാമിക വിധി
മുസ്‌ലിം പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം ദയാവധം തത്ത്വത്തില്‍ ഒരു ഘോര കുറ്റകൃത്യമാണ് എന്നത്രെ. അല്ലാഹു പവിത്രമാക്കിയ മനുഷ്യജീവനു മേലുള്ള അതിക്രമവും അകാരണമായി അതിനെ ഹനിക്കലുമാണത്. അകാരണമായി ഒരു ജീവന്‍ ഹനിക്കുന്നത് മനുഷ്യരെ ഒന്നടങ്കം കൊന്നൊടുക്കുന്നതിനു തുല്യമാണ് (ഖുര്‍ആന്‍ 5:32).
എന്നാല്‍ ഒരാളുടെ ആവശ്യപ്രകാരം അയാളെ ദയാവധം നടത്തിയ ആള്‍ക്കുള്ള ശിക്ഷയെക്കുറിച്ച് പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
കൊന്ന വ്യക്തിയെ വധിക്കണമെന്നതാണ് ഒരഭിപ്രായം. ബോധപൂര്‍വം നടത്തുന്ന കൊലക്കുള്ള ശിക്ഷ അതാണല്ലോ. മാലികീ മദ്ഹബിലെ അഭിപ്രായമാണിത്.
കുറ്റക്കാരനെ വധിക്കേണ്ടതില്ല, അയാള്‍ മോചനമൂല്യം നല്‍കിയാല്‍ മതി എന്നതാണ് രണ്ടാമത്തെ അഭിപ്രായം. രോഗി ആവശ്യപ്പെട്ടു എന്നതിനാല്‍ ഈ വധം വ്യത്യസ്തമാണ് എന്നതാണ് ഇതിന്റെ ന്യായം. ഹനഫി മദ്ഹബിലെ അഭിപ്രായമാണിത്. ജീവന്റെ പവിത്രത കാത്തു സൂക്ഷിക്കാനാണ് മോചനമൂല്യം നല്‍കാന്‍ വിധിക്കുന്നത്.
മൂന്നാമത്തെ അഭിപ്രായം പ്രതിക്രിയയോ മോചനമൂല്യമോ വേണ്ടതില്ല എന്നാണ്. എന്നാല്‍ കുറ്റവാളിക്ക് ഇത്തരം കൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പര്യാപ്തമായ ശിക്ഷ ന്യായാധിപന്‍ വിധിക്കണം. ഭൂരിപക്ഷം പണ്ഡിതന്മാരും, ശാഫിഈ മദ്ഹബും ഹമ്പലി മദ്ഹബും ഈ അഭിപ്രായക്കാരാണ്. രോഗിയുടെ ആവശ്യമനുസരിച്ചാണ് ദയാവധം നടന്നത് എന്നതാണ് ഇവര്‍ അവലംബമാക്കുന്ന ന്യായം.
രോഗി സമ്മതം നല്‍കുന്നതുപോലെത്തന്നെയാണ് അനന്തരാവകാശികള്‍ സമ്മതം നല്‍കുന്നതും. വളരെ അവശനായ രോഗിക്ക് സംസാരിക്കാനും സമ്മതം കൊടുക്കാനും സാധിക്കാതാവുമ്പോള്‍ ഉറ്റ ബന്ധുക്കള്‍ സമ്മതം നല്‍കുക പതിവാണല്ലോ.
ആധുനിക കര്‍മശാസ്ത്ര വിശാരദനായ മുഹമ്മദ് അബൂസഹ്‌റ ഒരു താരതമ്യ പഠനത്തില്‍ അവസാനം പറഞ്ഞ ഭൂരിപക്ഷാഭിപ്രായമാണ് അംഗീകരിച്ചത്. വധത്തിന്റെ പ്രചോദനം ശിക്ഷ നിര്‍ണയിക്കുമ്പോള്‍ പ്രത്യേകം പരിഗണിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അതിനാല്‍ ഇത് കല്‍പിച്ചുകൂട്ടി നടത്തുന്ന വധമായി കണ്ടുകൂടാ. തെറ്റു ചെയ്ത ഡോക്ടര്‍ പൂര്‍ണമായും കുറ്റകൃത്യം ചെയ്തവനുമല്ല. അതിനാല്‍ ന്യായാധിപന്റെ കാഴ്ചപ്പാടനുസരിച്ചുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കേണ്ടത്.
ദയാവധത്തിനു വസ്വിയ്യത്ത് ചെയ്യുന്നത്
ദയാവധത്തിന് വസ്വിയ്യത്ത് ചെയ്യുന്നത് അനുവദനീയമല്ല. അതിനാല്‍ രോഗി തന്നെ ചികിത്സിക്കേണ്ടെന്നോ, ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങള്‍ ഘടിപ്പിക്കേണ്ടെന്നോ വസ്വിയ്യത്ത് ചെയ്താല്‍ അത് സാധുവല്ല. ഈ ഒസ്യത്ത് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ചികിത്സിക്കുന്നവര്‍ അത് നടപ്പാക്കാന്‍ പാടില്ല. രോഗിയുടെ ജീവന്‍ എടുക്കാനല്ല, രക്ഷിക്കാനാണ് ഡോക്ടര്‍.
ആധുനിക ഫത്‌വകള്‍
നേരത്തേ സൂചിപ്പിച്ചതുപോലെ ഇസ്‌ലാമിക സമൂഹങ്ങളില്‍ പണ്ടില്ലാത്ത ഒരു പ്രശ്‌നമാണ് ദയാവധം. അതിനാല്‍ അതിന്റെ മതവിധി കണ്ടെത്താന്‍ നമ്മുടെ കാലത്തെ വിവിധ സ്ഥാപനങ്ങള്‍ ശ്രമം നടത്തിയിട്ടുണ്ട്. ജിദ്ദയിലെ ഇസ്‌ലാമിക കര്‍മശാസ്ത്ര പഠന സമിതി, അല്‍ അസ്ഹറിലെ ഫത്‌വ കമ്മിറ്റി, കുവൈത്തിലെ പണ്ഡിത സമിതി മുതലായവ ഉദാഹരണം. ഇവയെല്ലാം ഒരു നിലക്കും ദയാവധം അനുവദനീയമല്ല, അത് ജീവന്റെ മേലുള്ള അതിക്രമമാണ് എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്ന് നിരാശപ്പെടാന്‍ പാടില്ല. രോഗിയുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടത്. രോഗശമനം സാധ്യമാണെങ്കിലും അല്ലെങ്കിലും ക്ഷമയും സഹനവും കൈവിടാതിരിക്കണം.
മസ്തിഷ്‌ക മരണവും ദയാവധവും
ദയനീയമായ ഒരു രോഗാവസ്ഥയാണ് മസ്തിഷ്‌ക മരണം. ഹൃദയം യന്ത്രസഹായത്തോടെ മിടിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ രോഗിയുടെ മസ്തിഷ്‌കം നിലച്ചുപോയിരിക്കുന്നു. ഈ അവസ്ഥയില്‍ വെന്റിലേറ്റര്‍ നിലച്ചാല്‍ ഹൃദയത്തിന്റെ മിടിപ്പും നില്‍ക്കും. ഈ സന്ദര്‍ഭത്തില്‍ കൃത്രിമ ശ്വസന യന്ത്രം വിഛേദിക്കുന്നതിന് വിരോധമില്ല എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇത് മരണം പെട്ടെന്നാക്കുമെന്ന് പറയാനൊക്കില്ല. കാരണം യഥാര്‍ഥത്തില്‍ രോഗി മരിച്ചുകഴിഞ്ഞിരിക്കുന്നു. യന്ത്ര സഹായത്തോടെ നടക്കുന്ന ഹൃദയമിടിപ്പ് യഥാര്‍ഥമല്ല, കൃത്രിമമാണ്. ഇതിന് നിയമസാധുതയില്ല.
ഇതുസംബന്ധമായി ശൈഖുല്‍ അസ്ഹറായിരുന്ന ഡോ. മുഹമ്മദ് സയ്യിദ് തല്‍ക്കാവി, ഐന്‍ ശംസ് മെഡിക്കല്‍ കോളേജില്‍ രണ്ടായിരാമാണ്ടില്‍ ഫെബ്രുവരി 21 മുതല്‍ 24 വരെ നടന്ന വൈദ്യ ശാസ്ത്ര സെമിനാറില്‍ ദയാവധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രധാന ഭാഗമിതാ:
''വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനുഷ്യജീവന്‍ പവിത്രമാണെന്നും യാതൊരു വിധത്തിലും ജീവന്‍ ഹനിക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്നു. ഭിഷഗ്വരന്മാര്‍ ജീവനെ സംരക്ഷിക്കാന്‍ വേണ്ടി പരിശ്രമിക്കണം. അതാണവരുടെ ദൗത്യം. ചികിത്സയുടെ ഫലം അല്ലാഹുവിലേക്ക് വിടുക, അതാണ് ഡോക്ടര്‍ക്കും രോഗിക്കും ചെയ്യാനുള്ളത്.
രോഗി തന്റെ ജീവനെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഡോക്ടര്‍ അനുസരിക്കരുത്. അങ്ങനെ ചെയ്താല്‍ അത് അദ്ദേഹം ഏറ്റെടുത്ത ദൗത്യത്തോടുള്ള വഞ്ചനയാണ്. രോഗിയായാലും മറ്റുള്ളവരായാലും ജീവനെടുക്കാന്‍ പറഞ്ഞാല്‍ സ്വീകരിക്കരുത്. അങ്ങനെ ചെയ്താല്‍ ഡോക്ടര്‍ക്ക് നല്‍കേണ്ട ശിക്ഷ ന്യായാധിപന്‍ നിര്‍ണയിക്കുന്നതാണ്.''
ഡോക്ടര്‍മാര്‍ അന്ധാളിച്ചുപോകുന്ന പല സന്ദര്‍ഭങ്ങളെക്കുറിച്ചും അന്വേഷിച്ചതിന് ശൈഖ് വിശദമായി മറുപടി നല്‍കി. കാന്‍സര്‍ രോഗി ചികിത്സ തുടരാന്‍ വിസമ്മതിക്കുന്നു. തന്റെ നാളുകള്‍ എണ്ണപ്പെട്ടതാണെന്ന് അയാള്‍ക്കുറപ്പുണ്ട്. ബന്ധുക്കള്‍ രോഗിയെ ആശുപത്രിയില്‍നിന്ന് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുന്നു. ജീവന്‍ നില നിര്‍ത്താനുള്ള ഉപകരണങ്ങളുടെ ചെലവ് അവര്‍ക്ക് താങ്ങാനാവില്ല എന്നറിയിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച രോഗികള്‍, അവരുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ല. ഈ അവസ്ഥയില്‍ രോഗിക്ക് കൃത്രിമ ശ്വസനയന്ത്രങ്ങള്‍ നിഷേധിക്കാന്‍ ഡോക്ടര്‍ക്കോ ബന്ധുക്കള്‍ക്കോ പാടുണ്ടോ? ചിലപ്പോള്‍ അത് പ്രതീക്ഷയുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനാവാം, മറ്റു ചിലപ്പോള്‍ ഒരു പ്രയോജനവും ചെയ്യാത്ത ചെലവ് ഒഴിവാക്കാനാവാം.
ശൈഖിന്റെ മറുപടി: ജീവന്‍ വെടിയുക എന്നതാണ് മരണം. അത് തീരുമാനിക്കേണ്ടത് ഡോക്ടര്‍മാരാണ്, മത പണ്ഡിതന്മാരല്ല. അതിനാല്‍ മസ്തിഷ്‌കം മരിച്ച് ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന രോഗി മരിച്ചതായി കണക്കാക്കണമെന്ന് ഡോക്ടര്‍ തീരുമാനിക്കുന്ന പക്ഷം അതംഗീകരിക്കണം. ചികിത്സ നല്‍കാതിരിക്കാന്‍ രോഗിയെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ക്ക് അവകാശമില്ല. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയമിടിപ്പ് യന്ത്രത്തെ മാത്രം ആശ്രയിച്ചാണെങ്കില്‍, അതിന്റെ ചെലവ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത് നിര്‍ത്താന്‍ അവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ വേദനകള്‍ അവസാനിപ്പിക്കാനായി ജീവനെടുക്കാന്‍ ആവശ്യപ്പെടാന്‍ രോഗിക്ക് അനുവാദമില്ല.
ദക്ഷിണാഫ്രിക്കയിലെ ഇസ്‌ലാമിക ചികിത്സാ സംഘം പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും കര്‍മശാസ്ത്ര വിശാരദനുമായ ഡോ. യൂസുഫുല്‍ ഖറദാവിയോട് ഇവ്വിഷയകമായി ചില പ്രധാന ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. അവരുന്നയിച്ച പ്രശ്‌നങ്ങള്‍:
1. കഠിനമായ വേദനയും ബോധക്ഷയവും അനുഭവിക്കുന്ന ഒരു കാന്‍സര്‍ രോഗി. അയാള്‍ മരിക്കാറായെന്ന് ഡോക്ടര്‍ക്ക് ബോധ്യമുണ്ട്. അദ്ദേഹം രോഗിക്ക് വേദനസംഹാരിയുടെ ഒരമിത ഡോസ് നല്‍കുന്നു. അതോടെ രോഗിയുടെ ശ്വാസം നിലക്കുന്നു.
2. ശിരസ്സിലേറ്റ ക്ഷതം കാരണം ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിയുന്ന ഒരു രോഗി. വെന്റിലേറ്റര്‍ ഉപയോഗിച്ച് അയാളുടെ ജീവന്‍ പോകാതെ നിര്‍ത്താം. എന്നാല്‍ അയാള്‍ക്ക് രോഗം ഭേദമാകാന്‍ ഒട്ടും സാധ്യതയില്ലെന്ന് ഡോക്ടര്‍ കരുതുന്നു. ഈ ശ്വസനയന്ത്രം നിര്‍ത്തുന്നത് രോഗിക്ക് മരണം എളുപ്പമാക്കിക്കൊടുക്കും.
3. കഠിനമായ വൈകൃതമുള്ള ഒരു ശിശു. ചികിത്സിക്കാതെ വിട്ടാല്‍ ന്യൂമോണിയ മൂലം കുട്ടി മരിക്കും. കുട്ടി ജീവിച്ചാല്‍ തളര്‍വാതം മൂലം അവശനായിരിക്കും. ജീവിതം മുഴുവന്‍ പരസഹായവും പരിചരണവും ആവശ്യമായി വരും.
ഈ ഉദാഹരണങ്ങളിലെല്ലാം ചികിത്സ നിര്‍ത്തിവെക്കുന്നത് സ്വയം മരിക്കാന്‍ സൗകര്യം ചെയ്യുകയാണ്. ചികിത്സ നിര്‍ത്തുന്നത് പ്രയാസം നീണ്ടുപോകുന്നത് തടയാന്‍ സഹായിക്കും.
ചോദ്യങ്ങള്‍
1. ഡോക്ടറുടെ ക്രിയ കൊണ്ട് മരണം എളുപ്പമാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?
2. നിഷ്‌ക്രിയനായി രോഗിയെ മരിക്കാന്‍ വിടുന്നത് അനുവദനീയമാണോ?
ഡോക്ടര്‍ യൂസുഫുല്‍ ഖറദാവിയുടെ മറുപടി:
''രോഗിക്ക് ശക്തമായ വേദന സംഹാരി കുത്തി വെച്ച് മരിക്കാന്‍ വിടുന്നത് അനുവദനീയമല്ല. ഒരുതരം വധമാണത്. വിഷം കൊടുക്കുന്നതിനു തുല്യമാണത്. അത് നിഷിദ്ധമാണ്. വന്‍ പാപമാണ്. അതിന് പ്രേരകം രോഗിയോടുള്ള കാരുണ്യമാണെന്നത് കൊലയെ കൊലയല്ലാതാക്കുന്നില്ല. ഡോക്ടര്‍ സ്രഷ്ടാവിനേക്കാള്‍ കാരുണ്യവാനല്ല. അയാളുടെ കാര്യം അല്ലാഹുവിലേക്ക് വിടുകയാണ് വേണ്ടത്. ജീവന്‍ നല്‍കിയത് അവനാണ്. അത് തിരിച്ചെടുക്കുന്നതും അവന്‍ തന്നെ.
ചികിത്സ നല്‍കാതെ മരണം എളുപ്പമാക്കിക്കൊടുക്കുന്നത് രോഗിക്ക് ചികിത്സകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല എന്ന് ഡോക്ടര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണല്ലോ. പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച നിയമമനുസരിച്ച് ഈ അവസ്ഥയില്‍ രോഗിക്ക് ചികിത്സ കൊണ്ട് ഫലമുണ്ടാവില്ല എന്നര്‍ഥം.
ഭൂരിപക്ഷം പണ്ഡിതന്മാരും കര്‍മശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്, രോഗത്തിന് ചികിത്സിക്കുന്നത് നിര്‍ബന്ധമില്ല, അനുവദനീയം മാത്രമാണ് എന്നത്രെ. ഒരു ന്യൂനപക്ഷം മാത്രമാണ് നിര്‍ബന്ധമാണെന്ന് പറയുന്നത്. ചിലര്‍ അഭിലഷണീയമാണെന്ന അഭിപ്രായക്കാരാണ്. രോഗം ചികിത്സിക്കുന്നതാണോ ഉത്തമം അതോ ക്ഷമ കൈക്കൊള്ളുന്നതോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.
അപസ്മാര ബാധിതയായ സ്ത്രീയോട് പ്രവാചകന്‍ ക്ഷമ കൈക്കൊള്ളുകയോ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഏതാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍, 'ഞാന്‍ ക്ഷമിച്ചുകൊള്ളാം, രോഗം ബാധിക്കുമ്പോള്‍ എന്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാന്‍ അവിടുന്ന് പ്രാര്‍ഥിക്കുക' എന്ന് അവര്‍ പറഞ്ഞ സംഭവമാണ്, ക്ഷമയാണുത്തമം എന്ന അഭിപ്രായക്കാര്‍ ആധാരമാക്കുന്നത് (ഈ സംഭവം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു).
സ്വഹാബികളില്‍ ചികിത്സിക്കാത്ത ധാരാളം പേരുണ്ടായിരുന്നു. ഉബയ്യുബ്‌നു കഅ്ബ്(റ), അബൂദര്‍റ് (റ) തുടങ്ങിയവര്‍ ഉദാഹരണം. ഇക്കാര്യം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ തന്റെ ഫതാവയില്‍ ഉദ്ധരിച്ചിരിക്കുന്നു.
ഇമാം അബൂ ഹാമിദ് അല്‍ഗസാലി തന്റെ വിഖ്യാത കൃതിയായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ചികിത്സ വര്‍ജിക്കുന്നതാണ് ഉത്തമം എന്ന് വാദിക്കുന്നവര്‍ക്ക് മറുപടി പറയാന്‍ ഒരധ്യായം തന്നെ രചിച്ചതായി കാണാം.
എന്റെ അഭിപ്രായം, വേദന കഠിനമായിരിക്കുകയും ചികിത്സ വിജയപ്രദമാവുകയും രോഗശമനത്തിന് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച് പ്രതീക്ഷയുണ്ടാവുകയും ചെയ്യുമ്പോള്‍ ചികിത്സ നിര്‍ബന്ധമാണെന്നാണ്. തിരുമേനി(സ)യുടെ മാതൃകയും അതാണ്.
അതിനാല്‍ ചികിത്സ രോഗശമനത്തിന് ഫലപ്രദമാവുമെന്ന പ്രതീക്ഷയുള്ളപ്പോള്‍ അഭിലഷണീയമോ നിര്‍ബന്ധമോ ആണ്. എന്നാല്‍ നിപുണരായ ഭിഷഗ്വരന്മാരുടെ കാഴ്ചപ്പാടില്‍ രോഗശമനത്തിന് പ്രതീക്ഷയില്ലെങ്കില്‍ അത് നിര്‍ബന്ധമല്ല, അഭിലഷണീയവുമല്ല.
ആധുനിക ചികിത്സാ രീതിയിലൂടെ രോഗിയുടെ വേദനകള്‍ കൂടുതല്‍ ദീര്‍ഘിക്കാന്‍ കാരണമാവുകയാണെങ്കില്‍ എന്തായാലും അത് സുന്നത്തോ വാജിബോ ആവില്ല. മറിച്ച് അതൊഴിവാക്കുന്നതാവും അഭിലഷണീയവും ഒരുപക്ഷേ, നിര്‍ബന്ധവുമാവുക.
അതിനാല്‍ ഇങ്ങനെ മരിക്കാന്‍ വിടുന്നത് ദയാവധം എന്ന ഇനത്തില്‍ പെടുകയില്ല. ഇതില്‍ ഡോക്ടര്‍ക്ക് ഒരു കൈയുമില്ലല്ലോ. അഭിലഷണീയമോ നിര്‍ബന്ധമോ അല്ലാത്ത ഒരു കാര്യം ഉപേക്ഷിക്കുക മാത്രമേ ഇവിടെ ഉണ്ടാകുന്നുള്ളു. അതിനാലത് അനുവദനീയമാണ്. രോഗിയുടെയും ബന്ധുക്കളുടെയും ആശ്വാസത്തിനു വേണ്ടി ഡോക്ടര്‍ക്ക് അത് ചെയ്യാവുന്നതാണ്.
മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ കൃത്രിമ ശ്വസനയന്ത്രം വിഛേദിക്കുന്നത് യഥാര്‍ഥത്തില്‍ ചികിത്സ നല്‍കാതെ മരിക്കാന്‍ അനുവദിക്കുന്നതിന്റെ ഒരു രൂപമാണല്ലോ. അതിനാല്‍ അത് ശറഇല്‍ അനുവദനീയമാകുന്നു. മസ്തിഷ്‌കം പ്രവര്‍ത്തനരഹിതമാകുന്നതോടെ രോഗി മരിച്ച നിലയിലാണ്. ബോധമോ ഇന്ദ്രിയ ജ്ഞാനമോ അയാള്‍ക്കില്ല. ഇങ്ങനെ രോഗിയെ നിര്‍ത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ഉപകരണങ്ങള്‍ തടഞ്ഞുവെക്കാനും ഇത് കാരണമാകുന്നു. അയാള്‍ക്ക് ബോധമില്ലെങ്കിലും കുടുംബവും ബന്ധുക്കളും അയാളുടെ അവസ്ഥയില്‍ കുണ്ഠിതരും അസ്വസ്ഥരുമായിരിക്കും. ഇത് വര്‍ഷങ്ങളോളം നീണ്ടുപോകാന്‍ സാധ്യതയുണ്ടുതാനും.
കുവൈത്തിലെ വൈദ്യശാസ്ത്ര ഇസ്‌ലാമിക സമിതിയില്‍ ഞാനീ അഭിപ്രായം പറഞ്ഞപ്പോള്‍ പണ്ഡിതന്മാരും വൈദ്യശാസ്ത്ര നിപുണരും ഒരുപോലെ അത് സ്വാഗതം ചെയ്യുകയുണ്ടായി.
ഈ ചര്‍ച്ചയുടെ വെളിച്ചത്തില്‍ ഇസ്‌ലാം ദയാവധം അനുവദിക്കുന്നില്ലെന്നും മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ കൃത്രിമ ശ്വസന യന്ത്രത്തില്‍നിന്ന് മോചിപ്പിക്കാമെന്നും, കഠിനമായ പ്രയാസമനുഭവിക്കുന്ന രോഗിയെ മരിക്കാതെ നിര്‍ത്തുന്ന ചികിത്സ നല്‍കാതെ രോഗിയുടെ ക്ലേശം അവസാനിപ്പിക്കുന്നത് അഭിലഷണീയ മാണെന്നും മനസ്സിലാക്കാം.
Comments