Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

മ്യാന്മറിലെ വംശീയത ശ്രീലങ്കയില്‍ എത്തിയപ്പോള്‍

അസീം അലവി

പല കാലങ്ങളായി നിരവധി വിദേശ യാത്രികര്‍ സഞ്ചരിച്ചു കാണുകയും ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കുകയും ചെയ്ത ദേശമാണ് മുമ്പ് സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്ക. ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാര്‍ക്കു പുറമെ ഹിന്ദു, മുസ്‌ലിം, റോമന്‍ കത്തോലിക്ക, മറ്റു ക്രിസ്തീയ വിഭാഗങ്ങള്‍ തുടങ്ങി അനവധി മതവിഭാഗങ്ങളും ഇവിടെ വസിക്കുന്നു. വംശീയമായി നോക്കിയാല്‍ എണ്ണത്തില്‍ കൂടുതല്‍ സിംഹള വിഭാഗമാണ്. പിന്നെ വരുന്നത് തമിഴര്‍, മുസ്‌ലിംകള്‍, ബുര്‍ഗേറുകള്‍ എന്നറിയപ്പെടുന്ന ആംഗ്ലോ-ശ്രീലങ്കക്കാര്‍ എന്നീ വിഭാഗങ്ങളാണ്. ഇരുപത്തിയൊന്ന് ദശലക്ഷം വരുന്ന മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗമാണ് ശ്രീലങ്കയിലെ മുസ്‌ലിംകള്‍. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് തന്നെ ശ്രീലങ്കയില്‍ താമസമാക്കിയ അറബ് വ്യാപാരികളുടെ പിന്മുറക്കാരാണ് ഇവരെന്ന് കരുതപ്പെടുന്നു.

ശ്രീലങ്കയിലെ മുസ്‌ലിംകളെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കാം; മൂറുകളും മലയികളും. അറബ് ജനവിഭാഗങ്ങളെ വിശേഷിപ്പിക്കാന്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്ന വാക്കാണ് മൂറുകള്‍. ജാവയില്‍നിന്നും മലേഷ്യന്‍ ഉപദ്വീപില്‍നിന്നും വന്ന മുസ്‌ലിംകളെയാണ് മലയികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവരുടെ ആകാരവും മലയ് ഭാഷാ കലര്‍പ്പുകളും ചില നാടന്‍ ശൈലികളും ചേര്‍ന്ന് അവര്‍ സൃഷ്ടിച്ചെടുത്ത ഭാഷയും അവരെ മൂറുകളില്‍നിന്ന് വ്യത്യസ്തരാക്കുന്നു. 

ശ്രീലങ്കയിലെ മുസ്‌ലിംകളുടെ മുന്‍കാല ചരിത്രം അത്യന്തം വര്‍ണാഭമായിരുന്നെങ്കിലും ഡച്ച്, പോര്‍ച്ചുഗീസ് കൊളോണിയല്‍ ഭരണത്തിനു കീഴില്‍ നീണ്ടകാലം ദുരിതമനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് അവര്‍ക്ക്. എന്നാല്‍ സാമ്പത്തിക ഞെരുക്കങ്ങളെയും പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളെയും മതത്തിന്റെ പേരിലുള്ള വേട്ടയാടലുകളെയും വിജയകരമായി നേരിട്ടുകൊണ്ട് അവര്‍ ശ്രീലങ്കയില്‍ തന്നെ ഉറച്ചുനിന്നു. കൊളോണിയല്‍ ശക്തികളില്‍നിന്ന് സ്വന്തം മതത്തെയും സംസ്‌കാരത്തെയും രക്ഷിച്ചുവെന്ന് മാത്രമല്ല, പതിനെട്ടാം നൂറ്റാണ്ടില്‍ ശ്രീലങ്കന്‍ ദ്വീപിന്റെ നിയന്ത്രണം ഡച്ചുകാരില്‍നിന്ന് ബ്രിട്ടീഷ് കരങ്ങളിലേക്ക് കൈമാറപ്പെടുമ്പോഴേക്ക് കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. 

ദ്വീപിന്റെ തനതു സ്വഭാവവുമായി പല രീതികളില്‍ ഒത്തുപോയതിനാലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയതിനാലും ഉത്തര മേഖലയിലെ തമിഴ് ഹിന്ദുക്കളില്‍നിന്ന് വ്യത്യസ്തമായി സ്വദേശികളായ സിംഹള വിഭാഗക്കാരുമായി വലിയ സംഘര്‍ഷങ്ങളില്ലാതെ കഴിഞ്ഞുപോവാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. മാത്രമല്ല, അവരുടെ അധ്വാനവും, മുഖ്യ ന്യൂനപക്ഷവിഭാഗം എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യവും രാഷ്ട്രീയത്തിലും ഭരണത്തിലും അവര്‍ക്ക് പല ഉയര്‍ന്ന പദവികളും നേടിക്കൊടുത്തു. ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ക്ക് രാഷ്ട്രീയ ആധിപത്യം ഉണ്ടായിരുന്നു എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ശബ്ദകോലാഹലങ്ങളില്ലാതെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇക്കാര്യത്തിലും അവര്‍ തമിഴ് വിഭാഗക്കാരില്‍നിന്ന് വേറിട്ടുനിന്നു.

 

സമീപകാല സംഘര്‍ഷത്തിന്റെ ഉറവിടം

2017 ജൂണ്‍ 11-ന് സണ്‍ഡേ ഐലന്‍ഡ് പത്രത്തില്‍ അച്ചടിച്ചുവന്ന ഒരു ലേഖനം മുസ്‌ലിം സമുദായത്തിലെ ചിന്താശീലരില്‍ വലിയ അങ്കലാപ്പ് സൃഷ്ടിച്ചു. സി.എ ചന്ദ്രപെരുമ എഴുതിയ ലേഖനം പല പുതിയ വസ്തുതകളും പുറത്തുകൊണ്ടുവന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ അതിന് വലിയ പ്രചാരം ലഭിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു മാധ്യമം എന്ന നിലയില്‍ സണ്‍ഡേ ഐലന്‍ഡ് വെറും ഊഹങ്ങളുടെ പേരില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കും എന്നു വിലയിരുത്താനാവില്ല. വിദ്വേഷപ്രസംഗകനും ശ്രീലങ്കയിലെ പ്രമുഖ മന്ത്രിയുമായ ഒരു ബുദ്ധസന്ന്യാസിയാണ് ഇവിടെ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ലേഖനത്തില്‍ സംശയത്തിനിട നല്‍കാത്ത വിധം വ്യക്തമാക്കുന്നുണ്ട്. ഹലാല്‍ മാംസത്തിനെതിരെയും കാലിക്കശാപ്പിനെതിരെയുമുള്ള കാമ്പയ്‌നുകള്‍, അലുത്ഗാമ കലാപങ്ങള്‍ ഇവയെല്ലാം തന്നെ തന്റെ രാഷ്ട്രീയ നിലനില്‍പിനു വേണ്ടി അദ്ദേഹം ആസൂത്രണം ചെയ്തതാണ് എന്ന് ലേഖനം പറയുന്നു.

ഈ വ്യക്തിയുടെ മുസ്‌ലിം വിരുദ്ധത പരസ്യമാണെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടു കൂടി അദ്ദേഹത്തിന്റെ സമീപനത്തില്‍ മാറ്റം വന്നു എന്നാണ് പൊതുവില്‍ മനസ്സിലാക്കപ്പെട്ടിരുന്നത്. മുസ്‌ലിംകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളില്‍ മൃദുവായ എതിര്‍പ്പ് മാത്രം പ്രകടിപ്പിക്കുകയോ മൗനം പാലിക്കുകയോ ചെയ്തതിനാല്‍, മന്ത്രിസ്ഥാനത്ത് വന്നതോടെ ഇദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റം സംഭവിച്ചുവെന്നും വിദ്വേഷപ്രസംഗകന്‍ യഥാര്‍ഥ ജീവിതത്തിന്റെ പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞുവെന്നും മുസ്‌ലിം സമുദായം വിശ്വസിച്ചുതുടങ്ങി. എന്നാല്‍ താന്‍ വളര്‍ത്തിയ സര്‍പ്പത്തെ മുസ്‌ലിംകള്‍ക്കു നേരെ അഴിച്ചുവിട്ടതിനു ശേഷമാണ് ഇയാള്‍ സൗമ്യതയുടെ മുഖംമൂടി എടുത്തണിഞ്ഞതെന്ന് സി.എ ചന്ദ്രപെരുമ വെളിപ്പെടുത്തുന്നു.

മന്ത്രിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ ലോകത്തുടനീളം കണ്ടുവരുന്ന ഇസ്‌ലാമോഫോബിയ വ്യവസായവുമായി എല്ലാ വിധത്തിലും ഒത്തുപോകുന്നതാണ്. ദേശീയതയെ സംരക്ഷിക്കാനെന്ന പേരിലും ശ്രീലങ്കയിലെ ഇസ്‌ലാമിന്റെ പ്രചാരം തടയാനെന്ന പേരിലുമാണ് ചര്‍ച്ചകള്‍ മുഖ്യമായും അരങ്ങേറുന്നത്. ഇസ്‌ലാംവിരുദ്ധതക്ക് ആഗോളതലത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഫ്രാന്‍സിലെ വലതുപക്ഷ നേതാവ് മരീന്‍ ലി പെനിനെയും ഈ മന്ത്രി പുകഴ്ത്തി സംസാരിക്കാറുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ നാവില്‍നിന്ന് ഒരുപാട് വാഗ്ദാനങ്ങള്‍ പുറത്തേക്കൊഴുകിയിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞ അമേരിക്കന്‍ പൗരന്മാരെ ഭയപ്പെടുത്താന്‍ ഇസ്‌ലാം ഭീഷണിയെന്ന കെട്ടുകഥയിറക്കുകയും ആ ഭീഷണിയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ഏറ്റവും പ്രാപ്തനായ വ്യക്തി താനാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു ട്രംപ്. ബുദ്ധിയേക്കാള്‍ വികാരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ വളരെ പെട്ടെന്ന് പ്രതികരണം ലഭിക്കുന്നതിനാല്‍ അധികാരത്തിലേറാന്‍ ഏറ്റവും സൗകര്യമുള്ള ഒരു മാര്‍ഗമായി ഇസ്‌ലാംവിരുദ്ധത മാറിയിട്ടുണ്ട്. ബുദ്ധിക്കും വികാരത്തിനുമിടയില്‍ സമതുലനാവസ്ഥ കൈവരിക്കുക എന്നത് മനുഷ്യന് എന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തകരുടെ ഏക ലക്ഷ്യം അധികാരത്തിലെത്തുക എന്നത് മാത്രമാണ്. അതിനു വേണ്ടി നുണകളുടെ ഭണ്ഡാരം തന്നെയാണ് അവര്‍ പൊതുസമൂഹത്തിലേക്ക് മനഃപൂര്‍വം കെട്ടഴിച്ച് വിടുന്നത്. അധികാരത്തിലേറിയതിനു ശേഷവും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് യാതൊരു ഖേദവും അവര്‍ പ്രകടിപ്പിക്കുന്നില്ല.

എല്ലാ കള്ളവും കാപട്യവും ഒരിക്കല്‍ നശിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. പുറമേക്ക് ശക്തമെന്ന് തോന്നുമെങ്കിലും വേരുകള്‍ അറ്റുപോയ കടപുഴക്കപ്പെട്ട മരം പോലെ ദൃഢതയില്ലാത്തതാണ് കള്ളം. മന്ത്രിയുടെ പദ്ധതിയെക്കുറിച്ചും ശ്രീലങ്കയിലെ മുസ്‌ലിം സമുദായത്തിന് ഇതേ കാഴ്ചപ്പാടാണുള്ളത്. ഞങ്ങളുടെ നിലനില്‍പിനു നേരെയുള്ള ഭീഷണിയായല്ല ഞങ്ങളതിനെ കാണുന്നത്; ജനാധിപത്യപരമായ രീതികളിലൂടെ ഞങ്ങള്‍ നേരിടേണ്ട വെല്ലുവിളി എന്ന നിലക്കാണ്. വംശീയ സൗഹാര്‍ദത്തിന്റെ ശക്തമായ വേരുകളോടുന്ന ബഹുസ്വര സമൂഹമാണ് ശ്രീലങ്കയിലേത്. സാമുദായിക വിദ്വേഷത്തിന്റെ തീ ഊതിക്കത്തിച്ച് അതു വഴി ഹിന്ദു സമുദായങ്ങളെ കബളിപ്പിച്ച് വോട്ടു നേടിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ ഇന്ത്യയില്‍നിന്നും, സ്വാതന്ത്ര്യലബ്ധി തൊട്ട് പട്ടാളഭരണം ജനാധിപത്യ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന മ്യാന്മറില്‍നിന്നും വ്യത്യസ്തമാണ് ശ്രീലങ്ക. എല്ലാ വിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി പൂര്‍ണ സംരക്ഷണം ഉറപ്പുനല്‍കിയ സംസ്‌കാരമുള്ള രാജ്യമാണത്. മുസ്‌ലിംകളെ ഒതുക്കാനും ശ്രീലങ്കയെ മറ്റൊരു മ്യാന്മറാക്കാനും നടക്കുന്ന എല്ലാ ശ്രമങ്ങളും പൂര്‍ണ തോല്‍വിയിലേ കലാശിക്കൂ. ഇത് മനസ്സിലാക്കാന്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ശ്രീലങ്കന്‍ ചരിത്രം പഠിച്ചാല്‍ മാത്രം മതി. ഇത്തരം തന്ത്രങ്ങളുടെ ഫലം സിംഹള വോട്ടുകള്‍ ഭിന്നിക്കുക മാത്രമായിരിക്കും എന്ന സി.എ ചന്ദ്രപെരുമയുടെ നിരീക്ഷണവും വാസ്തവമാണ്. ഞങ്ങള്‍ അവരോട് പറയുന്നു, നിങ്ങള്‍ നിങ്ങളുടെ കുതന്ത്രവുമായി മുന്നോട്ടു പോവുക. അത് എവിടം വരെയെത്തുമെന്ന് നമുക്ക് കാണാം. 

വളരെ സമാധാനത്തോടെയും ശാന്തിയോടെയുമാണ് ശ്രീലങ്കയിലെ മുസ്‌ലിംകള്‍ ഭൂരിഭാഗം വരുന്ന സിംഹള വിഭാഗക്കാരുമായി സഹവസിച്ചുവരുന്നത്. രണ്ടു വര്‍ഷം മുമ്പ് കാണ്ടിയില്‍ സംഘര്‍ഷം നടന്നപ്പോള്‍ ആക്രമണം അഴിച്ചുവിട്ടത് നാട്ടുകാരല്ലെന്നും പുറത്തുനിന്ന് വന്നവരാണെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ദിഗാനയിലെയും തെല്‍ദെനിയെയിലെയും ബുദ്ധ-മുസ്‌ലിം പുരോഹിതന്മാര്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ സമാധാനപൂര്‍വം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നെങ്കിലും പുറത്തുനിന്നു വന്ന ഒരു കൂട്ടം തീവ്രവാദികളാണ് യഥാര്‍ഥത്തില്‍ സംഘട്ടനത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

തെല്‍ദെനിയയില്‍ നിയമപാലനം നടത്തുന്നതില്‍ വീഴച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. മാത്രമല്ല, ആക്രമണത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും ആവശ്യമെങ്കില്‍ ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥയടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

ഈ വര്‍ഷം ഫെബ്രുവരി 26-ന് രാത്രി അംപാറയിലെ ഡി.എസ് സേനാനായകെ തെരുവിലെ കാസിം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ചിലര്‍ ഭക്ഷണത്തില്‍ വിചിത്ര വസ്തു കണ്ടെന്നു പറഞ്ഞ് വാക്കേറ്റം നടത്തുകയും അക്രമാസക്തരായ ജനക്കൂട്ടം നാല് മുസ്‌ലിം കടകളും ഒരു പള്ളിയും ആക്രമിക്കുകയും ചെയ്തിരുന്നു. വിവരം ലഭിച്ചയുടനെ പോലീസ് വേണ്ട നടപടികള്‍ കൈക്കൊണ്ടുവെങ്കിലും അവരുടെ ഭാഗത്തു നിന്ന് പാളിച്ചകള്‍ പറ്റിയെന്ന് പിന്നീട് എനിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. അതിനാല്‍ ഐ.ജി.പിയുടെ ഉത്തരവ് പ്രകാരം ബത്തികലോവ ഡി.ഐ.ജിയുടെ കീഴില്‍ ഇതിനെക്കുറിച്ച് പ്രത്യേകം അന്വേഷണം നടക്കുന്നുണ്ട്. 

അതിനു മുമ്പ് ഫെബ്രുവരി 22-ന് പുലര്‍ച്ചെ 2 മണിക്ക് തെല്‍ദേനിയ പോലീസ് മേഖലയില്‍ വരുന്ന കറലിയെഡ ഫില്ലിംഗ് സ്റ്റേഷനില്‍ വെച്ച് ഒരു ലോറി ഡ്രൈവറെ ത്രീ വീലറില്‍ വന്ന നാല് മുസ്‌ലിം യുവാക്കള്‍ ആക്രമിച്ചിരുന്നു. പിന്നീട് കാണ്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം മാര്‍ച്ച് 3-ന് മരണമടഞ്ഞു. നാലു പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുകയും ചെയ്തു.

മാര്‍ച്ച് 4 രാത്രി ഒരു തീവ്രവിഭാഗം തെല്‍ദേനിയ പോലീസ് മേഖലയിലെ ഒരു മുസ്‌ലിം കടയും തൊട്ടടുത്ത മറ്റൊരു കടയും തീ വെച്ച് നശിപ്പിച്ചതാണ് രണ്ടാമതായി എടുത്തുപറയേണ്ട സംഭവം. മൊബൈല്‍ പട്രോളുകള്‍ നടത്തിയും എസ്.ടി.എഫ് (സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്) ഉദ്യോഗസ്ഥരെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ടും മേഖലയെ സുരക്ഷിതമാക്കാന്‍ പോലീസ് അതിവേഗം പ്രവര്‍ത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ ഉടന്‍ അറസ്റ്റു ചെയ്ത് മാര്‍ച്ച് 19 വരെ അവരെ റിമാന്‍ഡ് ചെയ്തു. 

ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച (മാര്‍ച്ച് 5) ഒരു തീവ്രവിഭാഗം കലാപം സൃഷ്ടിക്കുകയും നാല് കടകളും രണ്ട് പള്ളികളും നശിപ്പിക്കുകയും ചെയ്തത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ വേണ്ടി കാണ്ടി ജില്ലയില്‍, പ്രത്യേകിച്ച് പല്ലെകലെ, തെല്‍ദേനിയ മേഖലകളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കെങ്കല്ലെ മേഖലയിലെ ദിഗാനയില്‍ കത്തിനശിച്ച ഒരു കടക്കുള്ളില്‍നിന്ന് 24 വയസ്സുകാരനായ മുസ്‌ലിമിന്റെ മൃതശരീരം കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സി.ഐ.ഡിയുടെ ഒരു സംഘത്തെ അവിടേക്ക് അയച്ചതായും വിവരം ലഭിക്കുന്നു.

നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗത്തില്‍ പോലീസിനും സര്‍വീസ് തലവന്മാര്‍ക്കും ഏതു തരത്തിലുള്ള സംഘര്‍ഷാവസ്ഥയും നിയന്ത്രിക്കാനും അട്ടിമറി ശ്രമങ്ങളെ ഒതുക്കാനും നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. രാത്രിയിലുടനീളം ഞാന്‍ ജനപ്രതിനിധികളുമായും മതനേതാക്കന്മാരുമായും പോലീസുമായും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫുമായും നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

എല്ലാ തരത്തിലുമുള്ള വര്‍ഗീയവും ഹിംസാത്മകവുമായ അതിക്രമങ്ങളെ ഞങ്ങളുടെ ഈ ഭരണകൂടം തീര്‍ത്തും എതിര്‍ക്കുന്നു. ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ ഇത്തരം ആക്രമണങ്ങളെ ഞങ്ങള്‍ക്ക് പൊറുപ്പിക്കാന്‍ കഴിയില്ല. ഞങ്ങളെപ്പോലെ, 30 വര്‍ഷം നീണ്ട യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന എല്ലാവര്‍ക്കും സമാധാനം, ശാന്തി, ഒരുമ എന്നീ മൂല്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്.

അധികാരദാഹികളായ ചില വിഭാഗങ്ങള്‍ സാധാരണജീവിതം താറുമാക്കാനും അട്ടിമറി നടത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. വര്‍ഗീയ ചിന്തകള്‍ ഉണര്‍ത്തുക എന്നത് മാത്രമാണ് അവരുടെ മാര്‍ഗം. രാജ്യത്ത് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് അധികാരത്തിലെത്തുകയാണ് അവരുടെ ലക്ഷ്യം. 

സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം പടര്‍ത്തുന്ന രൂപത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നതും സത്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് സിംഹള വിഭാഗത്തിനു നേരെ മുസ്‌ലിംകളുടെ ഭീഷണിയുണ്ടെന്ന് ചില ആളുകള്‍ കഴിഞ്ഞ ഒമ്പതു മാസമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി തെറ്റായ കണക്കുകളും നിരത്തുന്നുണ്ട്. ചില മുസ്‌ലിംകള്‍ ഇതിനോട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളും സിംഹള ബുദ്ധമതക്കാരാണ്. ആ പാരമ്പര്യം ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യും. അവരുടെ അവകാശങ്ങള്‍ക്കോ പാരമ്പര്യത്തിനോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഇവിടെ ഒരു തരത്തിലുമുള്ള ഭീഷണിയില്ല. അങ്ങനെയുണ്ടാവാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

ശ്രീലങ്കന്‍ പൗരന്മാരായിക്കൊണ്ടു തന്നെ മറ്റനേകം മത-വര്‍ഗ വിഭാഗങ്ങള്‍ ഈ രാജ്യത്ത് കഴിയുന്നുണ്ട്. അവരവരുടേതായ മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. രാഷ്ട്രപിതാവായ ഡി.എസ് സേനാനായകെയുടെ ഈ കാഴ്ചപ്പാട് ഞങ്ങള്‍ ഏതു വിധേനയും സംരക്ഷിക്കും. ഇതിന്റെ കൂടെ പള്ളികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം അതിക്രമികള്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഒരു മടിയും കാണിക്കില്ല.

അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇവയാണ്:

1. ഒരു ന്യൂനപക്ഷം എന്ന നിലയില്‍ നിരവധി പ്രത്യേകതകളുള്ള വിഭാഗമാണ് ശ്രീലങ്കന്‍ മുസ്‌ലിംകള്‍. ഊര്‍ജസ്വലതയോടെയും ഐക്യത്തോടെയും കഴിയുന്ന ഈ സമുദായത്തിന് സ്വാതന്ത്ര്യവും മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശവും ഭരണഘടനാപരമായി ലഭിക്കുന്നുണ്ട്. ശ്രീലങ്കയിലെ മുസ്‌ലിംകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അന്താരാഷ്ട്ര സമൂഹങ്ങള്‍ നടത്തുന്ന ഒരു നീക്കവും സമുദായങ്ങള്‍ തമ്മിലുള്ള ഈ ഐക്യത്തെ നിഷേധാത്മകമായി ബാധിക്കാന്‍ പാടില്ല. അതേ പോലെ തന്നെ അത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും ബാധിക്കരുത്. ശ്രീലങ്കയെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനും വഴിവെക്കരുത്.

2. വിദ്വേഷ പ്രചാരകരെ വേര്‍തിരിച്ചു കണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണം.

3. ശ്രീലങ്കന്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. മ്യാന്മറുമായോ ശ്രീലങ്കന്‍ തമിഴരുടെ സാഹചര്യവുമായോ ഇതിനെ താരതമ്യം ചെയ്യുന്നത് തീര്‍ത്തും അനീതിയാവും. മുസ്‌ലിംകളെ പാര്‍ശ്വവത്കരിക്കുക എന്നത് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ നയമല്ലെന്ന് മനസ്സിലാക്കുക.

4. ശ്രീലങ്കന്‍ ഭരണകൂടവുമായി ആശയവിനിമയം നടത്താനാണ് അന്താരാഷ്ട്രസമൂഹം ശ്രമിക്കേണ്ടത്. ഭരണകൂടത്തിനകത്തെ മുസ്‌ലിം വിരുദ്ധ കരങ്ങളെ തടുക്കാന്‍ അതുവഴി സാധ്യമാകും. 

(ശ്രീലങ്കയിലെ ദ ട്രെന്‍ഡ് ഇംഗ്ലീഷ് മാസികയുടെ എഡിറ്ററാണ് ലേഖകന്‍)

വിവ: സയാന്‍ ആസിഫ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല