ശ്രീലങ്കയില്‍ നടക്കുന്നത്
അഹിംസയുടെ പര്യായമായിട്ടാണ് ബുദ്ധമതം പഠിപ്പിക്കപ്പെട്ടു വരാറുള്ളത്. ബുദ്ധധര്‍മം രൂപപ്പെടാനുണ്ടായ ചരിത്രപശ്ചാത്തലമാവാം അതിനൊരു കാരണം. മനുഷ്യരുടെ ദുരിതങ്ങള്‍ കണ്ട് മനസ്സ് തകര്‍ന്നുപോയ ഗൗതമബുദ്ധന്‍, ആ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനായി സേവനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ഒരു ധര്‍മസംഹിതക്ക് രൂപം നല്‍കി. ചരിത്ര കൃതികളില്‍ കാണുന്ന പ്രകാരം, ആ ധര്‍മസംഹിതയില്‍ പരലോക വിശ്വാസം പോയിട്ട് ദൈവവിശ്വാസം പോലും ഉണ്ടായിരുന്നില്ല. മരണത്തോടെ എല്ലാം അവസാനിക്കുകയാണെന്നും, മറ്റുള്ളവരെ സേവിച്ചുകൊണ്ടും സ്‌നേഹിച്ചുകൊണ്ടും ഹിംസ പാടേ വര്‍ജിച്ചുകൊണ്ടും ജീവിതം സാര്‍ഥകമാക്കണമെന്നും ബുദ്ധന്‍ പഠിപ്പിച്ചു. ഇന്ത്യയാണ് ബുദ്ധമതത്തിന്റെ ജന്മഭൂമിയെങ്കിലും ഇവിടത്തെ സവര്‍ണ പൗരോഹിത്യം അതിനെ പൊറുപ്പിക്കാന്‍ തയാറായില്ല. അവരുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ കൊടിയ പീഡനങ്ങളില്‍നിന്ന് രക്ഷനേടാനായി ബുദ്ധമതാനുയായികള്‍ അയല്‍ നാടുകളില്‍ അഭയം തേടി. അങ്ങനെയാവാം മ്യാന്മറിലും ശ്രീലങ്കയിലുമൊക്കെ ബുദ്ധമതാനുയായികള്‍ ഭൂരിപക്ഷ സമൂഹമായി മാറിയത്.
പക്ഷേ, ഏതാനും വര്‍ഷങ്ങളായി ബുദ്ധമത ദര്‍ശനത്തിന് തീരാക്കളങ്കം വരുത്തിവെക്കുന്ന വാര്‍ത്തകളാണ് ഇരുനാടുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നത്. സദാസമയവും സമാധാനവും അഹിംസയും ഉദ്‌ഘോഷിക്കുന്ന ബുദ്ധഭിക്ഷുക്കള്‍ രക്തദാഹികളായി രൂപാന്തരപ്പെടുന്ന അവിശ്വസനീയമായ കാഴ്ചകളാണ് മ്യാന്മറിലും ശ്രീലങ്കയിലും.
നൂറ്റാണ്ടുകളായി മ്യാന്മറില്‍ താമസിച്ചുവരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത് അവിടത്തെ ബുദ്ധസന്യാസിമാരുടെ സംഘടനകളാണ്. പട്ടാളം അതിന് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നു. ആങ് സാങ് സൂചിയെപ്പോലെ ഇരട്ടമുഖമുള്ള രാഷ്ട്രീയ നേതാക്കള്‍ വംശീയ ഉന്മൂലനത്തിന് മൗനാനുവാദം നല്‍കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള പ്രമുഖ ബുദ്ധിസ്റ്റ് സംഘടനകളോ അവയുടെ നേതാക്കളോ ഈ വംശീയ ഉന്മൂലനത്തിനെതിരെ രംഗത്തു വരുന്നില്ല എന്നതാണ് നമ്മെ ഏറെ അമ്പരപ്പിക്കുന്നത്.
മ്യാന്മര്‍ മോഡല്‍ ശ്രീലങ്കയിലും പരീക്ഷിച്ചുനോക്കുകയാണ് അവിടത്തെ ചില തീവ്ര ബുദ്ധിസ്റ്റ് സംഘങ്ങള്‍. കള്ളപ്രചാരണങ്ങള്‍ നടത്തി കലാപമഴിച്ചുവിടുകയാണ് ഇതിന്റെ ആദ്യപടി. കഴിഞ്ഞ മാസം അവസാനത്തിലും ഈ മാസം ആദ്യത്തിലുമായി ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കെതിരെയുണ്ടായ ആസൂത്രിതമായ ആക്രമണങ്ങള്‍ ഇതിന്റെ തെളിവാണ്. തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ ജയവര്‍ധനെ പ്രസിഡന്റായിരിക്കുമ്പോഴും മറ്റും പ്രമുഖ നയതന്ത്രജ്ഞനായ ശാഹുല്‍ ഹമീദ് ദീര്‍ഘകാലം ശ്രീലങ്കയുടെ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്. സാമ്പത്തിക മേഖലയിലും അവര്‍ വിജയക്കുതിപ്പുകള്‍ നടത്തി. ശ്രീലങ്കന്‍ മുസ്‌ലിംകള്‍ നേടിയെടുത്ത രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതിക്ക് തുരങ്കം വെച്ച് അവരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോ ഇപ്പോള്‍ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നേരില്‍ അറിയുന്നതിന് പ്രബോധനം അവിടത്തെ മുസ്‌ലിം നേതാക്കളുമായി ബന്ധപ്പെട്ടു. അവരുടെ നിര്‍ദേശപ്രകാരം, ശ്രീലങ്കയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ അസീം അലവിയും ലത്തീഫ് ഫാറൂഖുമാണ് സ്ഥിതിഗതികള്‍ വിശകലനം ചെയ്തുകൊണ്ട് ഈ ലക്കത്തില്‍ എഴുതുന്നത്. ഇരുവരും പ്രകടിപ്പിക്കുന്ന വീക്ഷണങ്ങള്‍ വ്യത്യസ്തമാണെങ്കിലും, യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ആ റിപ്പോര്‍ട്ടുകള്‍ പര്യാപ്തമാകുമെന്ന് വിശ്വസിക്കുന്നു.
Comments