Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

ഗ്രേറ്റ് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കസും ഫാഷിസവും

ശഹീന്‍ കെ. മൊയ്തുണ്ണി

ഉള്ളുറപ്പില്ലാത്ത ഭാഷ കൊണ്ട് സംഘ് പരിവാറിനെ പ്രതിരോധിക്കാനാകുമോ?-2

ഇന്ത്യയിലെ സംഘ് പരിവാറിനെ നാം മനസ്സിലാക്കുന്നതും ചെറുത്തുനില്‍ക്കുന്നതും ഫാഷിസത്തെ കുറിച്ച ഇടത് ധാരണകളെ ആധാരമാക്കിയാണ്. എന്നാല്‍, വളരെ തെറ്റായി വ്യവഛേദിക്കപ്പെട്ട ഒരു പ്രതിഭാസമാണ് ഫാഷിസം. എങ്ങനെ നിര്‍വചിക്കുമെന്ന വിഷയത്തില്‍ ഇപ്പോഴുമുണ്ട് ആശയക്കുഴപ്പങ്ങളേറെ. അത് സമഗ്രമായ ഒരു ദര്‍ശനമാണോ അതല്ല, ഭരണ സംവിധാനം മാത്രമാണോ? മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ പോലുമുണ്ട് ഭിന്നത. ചൈന-സോവിയറ്റ് ഭിന്നത (1956-'66) കാലത്ത് സോവിയറ്റ് യൂനിയനെ മോശമായി അവതരിപ്പിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റുകള്‍ ഈ പദം ഉപയോഗിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് ശൈലിയില്‍ പറഞ്ഞാല്‍, പാശ്ചാത്യ കുത്തക ഭരണങ്ങളൊക്കെയും ഫാഷിസ്റ്റാണ്. സോവിയറ്റ്‌വിരുദ്ധ മുന്നേറ്റമായ വാഴ്‌സ കലാപത്തിനു പോലും ഫാഷിസ്റ്റ് എന്ന വിശേഷണം വീണു. മാര്‍ക്‌സിസ്റ്റ് വിമത ധാരകളായ ട്രോട്‌സ്‌കിസവും ആ പേരില്‍ വിളിക്കപ്പെട്ടു. യഥാര്‍ഥ രാഷ്ട്രീയ മാനം മറന്ന്, അനവസരങ്ങളില്‍ നിരന്തരം ഉപയോഗിക്കപ്പെട്ടതോടെ ഫാഷിസമെന്ന പദത്തിന് അര്‍ഥം നഷ്ടപ്പെട്ടുവെന്ന് 1944-ല്‍ ജോര്‍ജ് ഓര്‍വെല്‍ പരിതപിക്കുന്നുണ്ട്. 

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും സംഘ് പരിവാരം ക്ലാസിക്കല്‍ ഫാഷിസത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന പക്ഷക്കാരാണ്, ഫാഷിസ്റ്റ് രീതികള്‍ അവര്‍ക്കുണ്ടെങ്കിലും. സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സീതാറാം യെച്ചൂരി 'സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ, ഫാഷിസ്റ്റ് ശക്തികളുടെ ഉദയം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണമുണ്ട്. ഇന്ത്യയില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ചയെ ഇതില്‍ സൈദ്ധാന്തികവത്കരിക്കുന്നത് ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് ഇന്റര്‍നാഷ്‌നല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജോര്‍ജി ദിമിത്രോവ് (1935) ഫാഷിസത്തിന് നല്‍കുന്ന നിര്‍വചനം ഉപയോഗിച്ചാണ്. ഫാഷിസത്തെ കുറിച്ച ഏറ്റവും ശാസ്ത്രീയവും മികച്ചതുമാണ് ഈ നിര്‍വചനമെന്നു കൂടി യെച്ചൂരി ഇവിടെ പറയുന്നു. കേരളത്തില്‍ കെ.ഇ.എന്നിനെ പോലുള്ളവരും ഈ നിര്‍വചനം സ്വീകരിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് ചിന്തകരായ ഡോണ്‍ ഹാമര്‍ക്വിസ്റ്റ്, ജെ. സകായി തുടങ്ങിയവര്‍ ഈ വാദത്തിനെതിരാണെങ്കിലും ഫാഷിസം 'മോശം മുതലാളിത്ത'മാണെന്ന ദിമിത്രോവിന്റെ സിദ്ധാന്തത്തിനാണ് പൊതു അംഗീകാരം. ഇതു പ്രകാരം കുത്തക മുതലാളിത്തത്തിന്റെ പിണിയാളുകളാണ് ഫാഷിസ്റ്റുകള്‍. ഫാഷിസം മുന്നോട്ടുവെച്ച വംശീയവാദത്തെയും ജനപിന്തുണ ആര്‍ജിക്കാനുള്ള അതിന്റെ ശേഷിയെയും പക്ഷേ, ഈ നിര്‍വചനം അവഗണിക്കുന്നു. വ്യാവസായിക മുതലാളിത്തത്തിന്റെ ഊന്നായി നില്‍ക്കാത്ത, എന്നാല്‍, വന്‍ജന പിന്തുണയോടെ ശക്തിയാര്‍ജിച്ച ഒരു ബാര്‍ബേറിയന്‍ ധാരയാണ് ഹിന്ദുത്വ ഫാഷിസം. അതിനാലത് ചിത്രത്തിന് പുറത്താകുന്നു. 

ഇന്ത്യന്‍ എക്‌സ്പ്രസില്‍ (2016 സെപ്റ്റംബര്‍ ആറ്) എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട്, ബി.ജെ.പി സര്‍ക്കാര്‍ ഏകാധിപത്യപരമാണെന്നും എന്നാല്‍, ഫാഷിസ്റ്റല്ലെന്നും വ്യക്തമാക്കുന്നു. യൂറോപ്പില്‍ പുതുതായി ശക്തിയാര്‍ജിക്കുന്ന തീവ്രവലതുപക്ഷത്തിന്റെ ആവിര്‍ഭാവവുമായാണ് ഇതിനെ അദ്ദേഹം താരതമ്യം ചെയ്യുന്നത്. യൂറോപ്പിലെ തീവ്ര വലതുപക്ഷങ്ങളും ബി.ജെ.പി - ആര്‍.എസ്.എസും ആശയധാരയില്‍ സാമ്യങ്ങള്‍ ഏറെ പുലര്‍ത്തുന്നതിനൊപ്പം ആര്‍.എസ്.എസ് ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണെന്നതും ജര്‍മനിയിലെ നാസികള്‍ ഇന്ത്യയുടെ സംസ്‌കൃത പാരമ്പര്യത്തില്‍ ആകൃഷ്ടരായിരുന്നുവെന്നതും അവര്‍ വിസ്മരിക്കുന്നു. കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്ക് പിഴക്കുന്നത് ഇവിടെയാണ്. സംഘടനയെ അതിന്റെ ആശയധാരയില്‍നിന്ന് മാറ്റിനിര്‍ത്തി നരേന്ദ്ര മോദിയെന്ന വ്യക്തിയില്‍ ഊന്നിയാണ് കാരാട്ടിന്റെ അപഗ്രഥനം എന്നതും ശ്രദ്ധേയമാണ്. 

ഫാഷിസത്തിന്റെ ഏതു ചട്ടക്കൂടായാലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അതിനകത്ത് നിര്‍ത്താന്‍ കാരാട്ടും യെച്ചൂരിയും കാണിക്കുന്ന വ്യഗ്രത ചേര്‍ത്തുവായിക്കണം. ഹിന്ദുത്വക്ക് ഇസ്‌ലാമിക ബദല്‍ അവതരിപ്പിക്കുന്നതിനൊപ്പം അവയെ ചെറുക്കാന്‍ തങ്ങള്‍ മാത്രമേയുള്ളൂവെന്ന് വരുത്താനുമായിരിക്കണം ഈ ശ്രമം. 'ആര്‍.എസ്.എസിന് ഗോള്‍വാള്‍ക്കര്‍ എത്രത്തോളമാണോ ജമാഅത്തെ ഇസ്‌ലാമിക്ക് അബുല്‍ അഅ്‌ലാ മൗദൂദിയും അങ്ങനെയാണ്' എന്ന്  യെച്ചൂരി പറയുന്നു. 1947-ല്‍ മൗദൂദി പഠാന്‍കോട്ടില്‍ നടത്തിയ പ്രസംഗമാണ് ആധാരമായി ഉന്നയിക്കുന്നത്. തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫാഷിസത്തിന്റെ മുസ്‌ലിം വകഭേദമാക്കാനും ഇസ്‌ലാമിക ഫാഷിസത്തില്‍ ഇന്ത്യക്കും തുര്‍ക്കിക്കുമിടയില്‍ കണ്ണിചേര്‍ക്കാനും പ്രകാശ് കാരാട്ട് തിടുക്കം കൂട്ടുന്നതും ശ്രദ്ധേയമാണ്.

യഥാര്‍ഥത്തില്‍, ബി.ജെ.പി-ആര്‍.എസ്.എസ് ദ്വയത്തിന്റെ ഇരകള്‍ ദലിതുകളും മുസ്‌ലിംകളുമാണ്. ഇവര്‍ രണ്ടു കൂട്ടരും പ്രശ്‌നത്തെ എങ്ങനെ കാണുന്നുവെന്നതാണ് പ്രധാനം. ഫാഷിസത്തെ യൂറോപ്പിന്റെ പശ്ചാത്തലത്തിലേക്ക് മാത്രമായി ഒതുക്കുന്നതും ഇന്ത്യന്‍ പശ്ചാത്തലം അവഗണിക്കപ്പെടുന്നതും ഇന്ത്യയിലെ ഇടത് ലിബറലുകള്‍ അവസരത്തിലും അനവസരത്തിലും ഫാഷിസത്തെ ഉപയോഗിക്കുന്നതും ഈ പദത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസ ധാരയെ പരിചയപ്പെടുത്താന്‍ ബെനിറ്റോ മുസോളിനി ഫാഷിസമെന്നും അഡോള്‍ഫ് ഹിറ്റ്‌ലര്‍ നാസിസമെന്നും വിളിച്ചുവെങ്കില്‍ ആര്‍.എസ്.എസിന്റേത് ഹിന്ദുത്വയാണ്. വി.ഡി സവര്‍ക്കര്‍ പ്രചാരം നല്‍കിയ ഈ പദം 1989-ല്‍ ബി.ജെ.പി ഔദ്യോഗികമായി തങ്ങളുടെ ദര്‍ശനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ ജനുവരി എഡിഷനില്‍ 'ഹിന്ദുത്വയും ഹിന്ദുയിസവും' എന്ന കവര്‍ സ്റ്റോറി ചെയ്യുന്നതും ശശി തരൂര്‍ ‘ണവ്യ ക മാ മ ഒശിറൗ’ എന്ന പുസ്തകത്തില്‍ ഇതു രണ്ടിനെയും വ്യവഛേദിക്കുന്നതും ശ്രദ്ധേയമാണ്. ചില ദലിത് ചിന്തകര്‍ ബ്രാഹ്മണ ഫാഷിസം എന്ന് ഇതിനെ വിളിക്കുന്നു. 

 

ചെറുത്തുനില്‍പ് എന്ന പദം

20-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭാവനയെയും കര്‍മത്തെയും ഒരുപോലെ ജ്വലിപ്പിക്കുകയും പുതിയ നൂറ്റാണ്ടിലെ സമരങ്ങളില്‍ സവിശേഷ പ്രാതിനിധ്യം വഹിക്കുകയും ചെയ്ത അതിപ്രധാനമായ പദങ്ങളിലൊന്നാണ് ചെറുത്തുനില്‍പ്. ആള്‍ക്കൂട്ടത്തെ ഇളക്കിവിടാനും പിന്നീടത് നിലനിര്‍ത്താനും സമരമുഖത്തുള്ളവരെ അടിച്ചമര്‍ത്താനും ലക്ഷ്യമിട്ട് രചനകള്‍ പലതു പിറന്നിട്ടുണ്ടെങ്കിലും കൃത്യമായി നിര്‍ധാരണം ചെയ്യപ്പെടാതെയും തത്ത്വചിന്താപരമായ അപഗ്രഥനത്തിന് വഴങ്ങാതെയും അത് നിലകൊണ്ടു. പൂര്‍ണമായി പ്രയോഗത്തെ ആശ്രയിച്ചുനില്‍ക്കുന്നതും സവിശേഷ സന്ദര്‍ഭങ്ങളിലെ പ്രസ്താവനകളിലും ന്യായീകരണങ്ങളിലും കൂടുതല്‍ തെളിയുന്നതുമായ ഒന്നാണ് ചെറുത്തുനില്‍പ് എന്നു തോന്നുന്നു. ഇങ്ങനെ പരിമിതപ്പെടുന്നത് ഒരു പോരായ്മയാകുന്നില്ല. കാരണം, ചെറുത്തുനില്‍പെന്ന സങ്കല്‍പത്തെ നിര്‍വചിക്കുകയെന്നാല്‍ അത് പ്രവചനാത്മകമാണെന്നും അതുവഴി നിയന്ത്രിക്കാവുന്നതാണെന്നും വരുന്നു. അതോടെ, ചെറുത്തുനില്‍പ് തന്നെ നഷ്ടമാകുന്നു. 

ഛി ഞലശെേെമിരല: അ ജവശഹീീെുവ്യ ീള ഉലളശമിരല എന്ന ഗ്രന്ഥത്തില്‍ ഹോവാര്‍ഡ് കേഗില്‍ ചെറുത്തുനില്‍പിനെ കൃത്യമായി വ്യവഛേദിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പലയിടത്തായി നാം കാണുന്ന പ്രകൃത്യാ സംഭവിക്കുന്ന ചെറുത്തുനില്‍പുകളെ, സൈനിക ചെറുത്തുനില്‍പുമായും അതിന്റെ പ്രചാരവേല, രഹസ്യ വിവര സമാഹരണം തുടങ്ങിയവക്കു വേണ്ട  പ്രവര്‍ത്തനങ്ങളുമായും ചേര്‍ത്ത് ഒരുതരം ചെറുത്തുനില്‍പായി 1943-ല്‍ ജീന്‍ മോളിന്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. ഇവിടെ  ചെറുത്തുനില്‍പിന് ഏകീകൃതമായ ഒരു സങ്കല്‍പവും ചരിത്രപരമായ പ്രകാശനത്തിന് അവസരമൊരുക്കുന്ന ഒരു സ്ഥാപനത്തിന്റെ സൃഷ്ടിയും അനിവാര്യമാണ്. ചെറുത്തുനില്‍പുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളെയും ഒരു സങ്കല്‍പവും സ്ഥാപനവുമായി ഏകീകരിക്കുന്നത്, അപൂര്‍വം സാഹചര്യങ്ങളില്‍ ശരിയാകാമെങ്കിലും, ചെറുത്തുനില്‍പിനെ തന്നെ അപ്രസക്തമാക്കുന്നതാണ്. അതേ സമയം, നിലവിലെ ചെറുത്തുനില്‍പിന്റെ മാതൃകകളെ തുടര്‍ച്ചയായി പുനരാവിഷ്‌കരിച്ചില്ലെങ്കില്‍ ചെറുത്തുനില്‍പ് തന്നെ സ്ഥായിയായി നിലനിര്‍ത്തല്‍ അസാധ്യമാകും. ഇന്ത്യയില്‍ ദലിത്- മുസ്‌ലിം ഐക്യത്തെ കുറിച്ചും ഒറ്റക്കെട്ടായ പ്രതിരോധത്തെ കുറിച്ചും ചര്‍ച്ച വരുമ്പോഴേക്ക് ഓരോരുത്തരും സ്വന്തമായ തത്ത്വചിന്തയെ കുറിച്ചും അവനവന്റെ വ്യത്യസ്ത രാഷ്ട്രീയ ധാരകളെക്കുറിച്ചുമാകും സംസാരിക്കുന്നത്. 

ചെറുത്തുനില്‍പിന്റെ തത്ത്വശാസ്ത്രത്തിനു തന്നെ സങ്കല്‍പമായി മാറാതെ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയാണ്. ചെറുത്തുനില്‍പിന്റെ ഭിന്നരൂപങ്ങളെ ഒറ്റ ആശയമായി ചുരുക്കാതെയും അത് വെല്ലുവിളിക്കുന്ന ഭരണകൂട രീതികളിലേക്ക് പരിവര്‍ത്തിതമാകാതെയും ചെറുത്തുനില്‍ക്കാനാകണം. 

മനസ്സിലാക്കേണ്ട മറ്റൊന്ന്, എങ്ങനെയാണ് ഇസ്‌ലാമിക പ്രസ്ഥാനം ഹിന്ദുത്വക്കെതിരെ പ്രതിരോധമൊരുക്കേണ്ടത് എന്നതാണ്. കഹെമാ മിറ വേല ആഹമരസ അാലൃശരമി: ഘീീസശിഴ ഠീംമൃറ ഠവല ഠവശൃറ ഞലൗെൃൃലരശേീി എന്ന ഗ്രന്ഥത്തില്‍ ഷെര്‍മാന്‍ ജാക്‌സണ്‍ കറുത്ത വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്‌ലാം നേടുന്ന തുല്യതയില്ലാത്ത സ്വീകാരം വിശദീകരിക്കുന്നിടത്ത്, ഇസ്‌ലാമിക പൈതൃകത്തിനകത്തെ വ്യവസ്ഥാപിതമായ വംശീയതക്കും സാമൂഹിക ആചാരങ്ങള്‍ക്കുമെതിരെ എങ്ങനെ പൊരുതണമെന്ന് പറയാന്‍ വലിയ ഒരു അധ്യായം തന്നെ നീക്കിവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നത്, മതം അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുത്തുനില്‍പിനെ ലക്ഷ്യമായി കാണാതെ മാര്‍ഗം മാത്രമായി ഉള്‍ക്കൊള്ളാന്‍ അതിന് കഴിയണമെന്നാണ്. അങ്ങനെയല്ലാത്ത പക്ഷം, മതത്തെ മതേതര പ്രസ്ഥാനങ്ങളില്‍നിന്നും സ്വപ്നസ്വര്‍ഗത്തില്‍നിന്നും വേര്‍തിരിക്കാനാകില്ല. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല