Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

മി. ബെര്‍മാന്റെ മാസ്റ്റര്‍പീസ്

മുഹമ്മദ് ശമീം

എല്ലായിടത്തും എല്ലാറ്റിലും കഥകള്‍ നിറഞ്ഞു നില്‍ക്കുന്നു. ഞാന്‍ എന്റെ ഏറ്റവും മികച്ച ഇഴകള്‍ കണ്ടെടുത്തത് പാര്‍ക് ബെഞ്ചുകളില്‍നിന്നും വിളക്കു കാലുകളില്‍നിന്നും ന്യൂസ് പേപ്പര്‍ സ്റ്റാന്റില്‍നിന്നുമൊക്കെയാണ്.

ഒ. ഹെന്റി

 

ജനലില്‍നിന്ന് നോക്കിയാല്‍ ദൂരെ ഒരു മതിലിനോട് ചേര്‍ന്നു കാണുന്ന, ഇലകള്‍ കൊഴിഞ്ഞു കൊണ്ടിരുന്ന ഐവി വള്ളിയുടെ നേരെ നോക്കി ജൊവെന്ന എന്ന ജോന്‍സി കൂട്ടുകാരിയായ സ്യൂവിനോട് ഇങ്ങനെ പറഞ്ഞു: "Leaves, On the ivy vine. When the last one falls I must go too. I want to see the last one fall before it gets dark. Then I'll go too". 


അങ്ങനെയാണ് അവള്‍ കരുതുന്നത്. ആ ഐവിച്ചെടിയുടെ ഇലകള്‍ അവളുടെ ആയുസ്സിന്റെ അടയാളമാണ്. അതിലെ അവസാനത്തെ ഇലയും കൊഴിഞ്ഞുവീഴുമ്പോള്‍ അവളും ഈ ലോകം വിട്ടുപോകും. 

Plot twist എന്നും Surprise ending എന്നുമൊക്കെ വിളിക്കാവുന്ന, അമ്പരപ്പിക്കുന്ന കഥാഗതിയുടെയും പരിണാമഗുപ്തിയുടെയും പേരില്‍ വിഖ്യാതമാണ് ഒ. ഹെന്റി എന്നറിയപ്പെട്ട വില്യം സിഡ്‌നി പോര്‍ട്ടറുടെ കഥകള്‍. ഒപ്പം മനുഷ്യബന്ധങ്ങളുടെ ഏറ്റവും ഊഷ്മളമായ ആഖ്യാനവും കൂടിയാണ് അവ. 

അക്കൂട്ടത്തിലൊന്നാണ് ഠവല ഘമേെ ഘലമള The Last Leaf  എന്ന കഥ. ജോന്‍സിയുടെയും സ്യൂവിന്റെയും കഥയാണ് ഇത്. എന്നാല്‍ അതിലുപരി ഇത് ബെര്‍മാന്‍ എന്ന കലഹപ്രിയനും മുരടനുമായ വയസ്സന്‍ കലാകാരന്റെ കഥയാണ്. 

കലാകാരികള്‍ തന്നെയാണ് ജോന്‍സിയും സ്യൂവും. ഒപ്പം യുവതികളും. കലിഫോര്‍ണിയക്കാരിയാണ് ജോന്‍സി. സ്യൂ ആകട്ടെ മെയിനില്‍നിന്ന് വരുന്നവള്‍. യു.എസിന്റെ തെക്ക് പടിഞ്ഞാറേ അറ്റത്താണ് കലിഫോര്‍ണിയയെങ്കില്‍ നേരെ എതിരില്‍ വടക്ക് കിഴക്കേ അറ്റത്താണ് മെയിന്‍. ഇരുവരും താമസിക്കുന്നതാകട്ടെ, ഗ്രീനിച്ചിലെ ഒരു സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റിലും. ന്യൂ യോര്‍ക്കില്‍ എയ്ത് സ്ട്രീറ്റ് ദെല്‍മോനിക്കോ റെസ്റ്ററന്റിലെ ടാബ്ലെ ദോത് (table d'hote) മെനുവിന് മുന്നിലാണ് അവര്‍ ആദ്യമായി കണ്ടുമുട്ടിയത്.  വളരെപ്പെട്ടെന്ന് തന്നെ ശീലങ്ങളും അഭിരുചികളുമൊക്കെ അവര്‍ പരസ്പരം മനസ്സിലാക്കി. 

മി. ബെര്‍മാന്റെ മാസ്റ്റര്‍പീസിന്റെ കഥയാണ് അവസാനത്തെ ഇല. ജോന്‍സിയും സ്യൂവും താമസിക്കുന്ന മുറിയുടെ നേരെ താഴെയാണ് അയാള്‍ താമസിക്കുന്നത്. ഒരു ചിത്രകാരനാണെങ്കിലും ആ നിലക്ക് തികഞ്ഞ പരാജയമാണ്. കഴിഞ്ഞ നാല്‍പത് കൊല്ലത്തിനിപ്പുറം ഒന്നും വരച്ചിട്ടുമില്ല. രാവിലെ മുതല്‍ ബ്രഷും കൈയില്‍ പിടിച്ച് കാന്‍വാസിന് മുന്നില്‍ ഒരേ നില്‍പ് നില്‍ക്കും. തന്റെ മാസ്റ്റര്‍പീസ് രചിക്കാനാണത്രെ. എന്നാല്‍ നേരം വൈകിയാലും അയാള്‍ ഒരു വര പോലും വരക്കാറില്ല. എന്നാലും അയാള്‍ക്ക് പ്രതീക്ഷയുണ്ട്. എന്നെങ്കിലും തന്റെ മാസ്റ്റര്‍പീസ് പൂര്‍ത്തിയാവുക തന്നെ ചെയ്യുമെന്ന്, അതുവഴി താന്‍ അംഗീകരിക്കപ്പെടുമെന്നും. 

പെട്ടെന്ന് തന്നെ ഇണപിരിയാത്ത കൂട്ടുകാരായി മാറി ജോന്‍സിയും സ്യൂവും. ഗ്രീനിച്ച് വില്ലേജിലെ ഒരു ന്യൂമോണിയ പകര്‍ച്ചവ്യാധിയുടെ കാലത്താണ് ശരിയായ കഥ നടക്കുന്നത്. അനുവാദം ചോദിക്കാതെ പല വീടുകളിലേക്കും കടന്നുചെന്ന ന്യൂമോണിയ ജൊവെന്നയെയും പിടികൂടി. അതീവശ്രദ്ധയോടെ സ്യൂ അവളെ പരിചരിച്ചെങ്കിലും രോഗം മൂര്‍ഛിച്ചു. പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ അവളിനി രക്ഷപ്പെടാന്‍ പത്ത് ശതമാനം സാധ്യതയേയുള്ളൂ എന്ന് വിധിയെഴുതി. ആ പത്ത് ശതമാനം സാധ്യത തന്നെ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ജീവിക്കണം എന്ന ആഗ്രഹവും ജീവിതത്തോടുള്ള അഭിനിവേശവും അവളില്‍ ഉണ്ടാകണം എന്നും. 

എന്നാല്‍ ഇലകള്‍ കൊഴിഞ്ഞുതീരുന്നതോടെ തന്റെ ജീവിതം അവസാനിക്കും എന്ന തീര്‍പ്പില്‍ ജോന്‍സി ജനലിലൂടെ പുറത്തേക്ക്, എവിച്ചെടിയിലേക്ക് തന്നെ നോക്കി കിടന്നു. ശരിക്കും രോഗം അവളുടെ മനസ്സിനെയാണ് ബാധിച്ചിരുന്നത്. സ്യൂ എത്ര ശ്രമിച്ചിട്ടും അവള്‍ ജീവിതാസക്തിയിലേക്കൊട്ടുമുണര്‍ന്നില്ല. അസ്വസ്ഥയായ സ്യൂ വിവരങ്ങളെല്ലാം ബെര്‍മാനോട് പറഞ്ഞു. മുരട്ടുസ്വഭാവക്കാരനായ ബെര്‍മാന്‍ ജോന്‍സിയുടെ വിഡ്ഢിത്തത്തിന്റെ പേരില്‍ സ്യൂവിനെ കുറേ ചീത്ത പറഞ്ഞു. 

കൊഴിഞ്ഞു കൊഴിഞ്ഞ് അവസാനം ഒരില മാത്രം ബാക്കിയായ രാത്രിയില്‍ അതിശക്തമായ കാറ്റും മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നു. പിറ്റേന്നത്തെ പുലരി തന്റെ തിരിച്ചുപോക്കിന്റെ മുഹൂര്‍ത്തമായിരിക്കും എന്ന് ഉറപ്പിച്ചുകൊണ്ടാണ് ജോന്‍സി ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ ആശങ്കയോടെ ജനല്‍ തുറന്ന സ്യൂ സന്തോഷം കൊണ്ട് നിലവിളിച്ചു; നോക്കൂ ജോന്‍സീ, ആ ഇല കൊഴിഞ്ഞിട്ടില്ല. 

ഞെട്ടിയുണര്‍ന്ന ജോന്‍സിയും അത് കണ്ടു. അതിന്റെ പിറ്റേന്നും ആ ഇല കൊഴിഞ്ഞില്ല. ക്രമേണ ആ ഐവി വള്ളിയില്‍ വേറെയും ഇലകള്‍ കുരുത്തു തുടങ്ങി. ജോന്‍സിയുടെ മാനസികാവസ്ഥ മാറിയത് വളരെപ്പെട്ടെന്നാണ്. അവളും തളിര്‍ത്തു തുടങ്ങി. ദുര്‍ബലമായ ആ ഇല എത്രമാത്രം ആസക്തിയോടെയാണ് ജീവിതത്തെ കെട്ടിപ്പുണരുന്നത് എന്നവള്‍ കണ്ടു. 'ഞാനെന്തൊരു വിഡ്ഢിയാണെന്ന് ആ ഇല എനിക്ക് കാണിച്ചുതന്നു' - അവള്‍ പറഞ്ഞു. 'മരിക്കണം എന്ന് തീരുമാനിക്കുന്നത് തീര്‍ച്ചയായും വലിയ തെറ്റു തന്നെ.' 

അങ്ങനെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ബെര്‍മാന്റെ മരണവിവരം അവരറിയുന്നത്. പനി ബാധിച്ച് കട്ടിലില്‍ വിറച്ചു കിടന്നത് ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴേക്കും വൈകി. ന്യൂമോണിയ മൂര്‍ധന്യത്തിലെത്തി. 

അപ്പോള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്? 

സത്യത്തില്‍ അതായിരുന്നു ജോന്‍സിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പെരുമഴയുള്ള ആ രാത്രിയില്‍ ഒരേണിയും കുടയും പെയിന്റും ബ്രഷുമൊക്കെയായി ബെര്‍മാന്‍ ഇറങ്ങി. ആ മതിലില്‍ ചാരിവെച്ച ഏണിപ്പടിമേല്‍ കയറി ദൂരെ നിന്ന് നോക്കിയാല്‍ ഐവിയുടെ വള്ളിയില്‍തന്നെയാണ് നില്‍ക്കുന്നത് എന്ന് തോന്നത്തക്ക വിധത്തില്‍ മതിലിന്മേല്‍ ഒരു ഇല വരച്ചുവെച്ചു. അവസാനത്തെ യഥാര്‍ഥ ഇല കൊഴിഞ്ഞുപോയിരുന്നു. വര തീര്‍ന്നപ്പോള്‍ പെട്ടെന്നൊരിടി വെട്ടി, കാറ്റ് അദ്ദേഹത്തിന്റെ കുടയെ പറത്തിക്കളഞ്ഞു. താഴെ വീണ ബെര്‍മാന്‍ ആ മഴ മുഴുവനും കൊണ്ടു. എങ്ങനെയോ ഇഴഞ്ഞ് മുറിയിലെത്തി പുതച്ചു കിടന്നു. അപ്പോഴേക്കും അദ്ദേഹത്തെ പനി ബാധിച്ചുതുടങ്ങിയിരുന്നു. 

പെരുമഴയുള്ള ആ രാത്രിയില്‍ മി. ബെര്‍മാന്‍ ആ മതിലിന്മേല്‍ തന്റെ മാസ്റ്റര്‍പീസ് വരച്ചുവെച്ചു. 

കലയെയും കലാകാരന്റെ ധര്‍മത്തെയും സംബന്ധിച്ച ചില അവബോധങ്ങളാണ് ഒ. ഹെന്റി നമ്മിലേക്ക് പകരുന്നത്. 

ഒരാളെ ജീവിതത്തിലേക്കുണര്‍ത്തുകയായിരുന്നു ബെര്‍മാന്റെ ചിത്രം. സൗന്ദര്യാസ്വാദനവും ആനന്ദവുമാണ് കലയുടെ പ്രഥമലക്ഷ്യമെങ്കിലും വ്യക്തിയെയും സമൂഹത്തെയും പ്രതീക്ഷയിലേക്ക് നയിക്കുമ്പോഴാണ് അത് കൂടുതല്‍ സാര്‍ഥകമാകുന്നത്. മനസ്സിന് ഉന്മേഷം പകരുന്നതോടൊപ്പം നിരീക്ഷണത്തെയും സാമൂഹികബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതെന്തോ അതാണ് ഉത്തമമായ കവിത എന്നാണല്ലോ കങ് ഫ്യു ചിസ് (Analects) പറയുന്നത്. സംഗീതത്തില്‍ ഷാവോ ശൈലി സ്വീകരിക്കണമെന്നും ചെങിന്റെ ഗാനങ്ങളെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. അന്തസ്സാര്‍ന്ന അംഗവിക്ഷേപങ്ങളും ക്രമാനുഗതികത്വവും ഉള്ളതാണ് ഷാവോ ശൈലി. ചെങിന്റെ ഗാനങ്ങളാകട്ടെ, ക്രമരഹിതവും ആഭാസചലനങ്ങളോട് കൂടിയതുമാണ്. 

കവിതയെയും സംഗീതത്തെയും പറ്റി ഇമാം ഗസാലിയുടെ നിരീക്ഷണവും ഇവിടെ പ്രസ്താവ്യമാണെന്ന് തോന്നുന്നു. മതനിയമങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ട് അദ്ദേഹം ആവിഷ്‌കാരങ്ങളെ മൂന്ന് തരമാക്കിത്തിരിക്കുന്നുണ്ട്: കേവലാനന്ദം മാത്രമുളവാക്കുന്നതാണ് ഒന്നാമത്തേത്. അതു പക്ഷേ ഒരു മനുഷ്യന്റെ മതജീവിതത്തിന് എതിരല്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മനുഷ്യന്‍ ആനന്ദിക്കുന്നതില്‍ വിരോധമുള്ളവനല്ല ദൈവം എന്ന് അതിന് അദ്ദേഹം ന്യായവും പറയുന്നു. അതായത്, കലക്കു വേണ്ടിയുള്ള കലയും സാര്‍ഥകം തന്നെയാണ്; അത് വ്യക്തികള്‍ക്ക് ആനന്ദവും ഉണര്‍വും നല്‍കുന്നു എന്നതിനാല്‍. അതേസമയം ഏതൊന്നും കൂടുതല്‍ സാര്‍ഥകമായിത്തീരുന്നത് അത് സോദ്ദേശ്യമാകുമ്പോഴാണ്. മൂല്യങ്ങളുടെയും നൈതികതയുടെയും സംസ്ഥാപനത്തിന് ആവിഷ്‌കാരങ്ങള്‍ ഉപകരിക്കുമ്പോള്‍ അത് ശ്രേഷ്ഠവും പുണ്യകരവുമായിത്തീരും എന്ന് ഗസാലി പറയുന്നു. ക്രമരാഹിത്യത്തെയും ആഭാസത്തെയും പറ്റി കങ് ഫ്യു ചിസ് പറഞ്ഞതു പോലെ നൈതിക മൂല്യങ്ങളെയും സദാചാരത്തെയും തകര്‍ക്കുന്ന തരത്തിലുള്ള ആവിഷ്‌കാരങ്ങളെ പാപമായും ഗസാലി പരിഗണിക്കുന്നു. 

രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ അടയാളമായി ജോന്‍സിയെ എടുത്തുനോക്കൂ. ഇവിടെ കലാകാരന്‍ ഒരു ഭിഷഗ്വരനെപ്പോലെ വര്‍ത്തിക്കുന്നു. യഥാര്‍ഥത്തില്‍ കേവലം ആനന്ദം പകരുക എന്നതിന് പോലും ഇങ്ങനെയൊരു മൂല്യമുണ്ട്. അത് ജീവിതത്തെ ഗുണാത്മകമായി ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നു. നോവലിസ്റ്റ്, ഉപന്യാസകാരന്‍, നാടകകൃത്ത്, നടന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നിങ്ങനെ ബഹുമുഖ മേഖലകളില്‍ പ്രശസ്തനായ സോവിയറ്റ്, റഷ്യന്‍ കവി യെവ്‌ഗെനി യെവ്തുഷെങ്കോവിനെപ്പറ്റി ഒരു കഥയുണ്ട്. പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പുസ്തകത്തെക്കുറിച്ച പ്രതികരണങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ അദ്ദേഹം പുസ്തകശാലയിലും പരിസരത്തും വെറുതെ കറങ്ങി നടക്കുമായിരുന്നുവത്രെ. അന്ന് പ്രശസ്തനല്ലാത്തതു കൊണ്ട് ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞുമില്ല. അതിനിടയില്‍ തങ്ങളുടെ ഒരു സുഹൃത്തിനെ കാണാന്‍ പോകുന്ന വഴി അദ്ദേഹത്തിന് നല്‍കാന്‍ വേണ്ടി ഒരു പുസ്തകം വാങ്ങാന്‍ കടയില്‍ കയറിയ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നടന്ന ഒരു സംഭാഷണം അദ്ദേഹം കേട്ടു. പുതിയ കവിയുടെ പുസ്തകം എന്ന നിലക്ക് ഇത് കൊടുക്കാം എന്ന് യെവ്തുഷെങ്കോയുടെ പുസ്തകമെടുത്ത് പറഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ഇങ്ങനെ പറഞ്ഞത്രെ: 'സുഖമില്ലാത്ത ഒരാളെ കാണാനാണ് താന്‍ പോകുന്നത്. അതിനാല്‍ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന എന്തെങ്കിലുമാണ് നല്‍കേണ്ടത്. ഇതിലെ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ട്. അങ്ങനെയൊരു ഗുണം അതിനുള്ളതായി കണ്ടിട്ടില്ല.' അന്ന് രാത്രി യെവ്തുഷെങ്കോ, തനിക്ക് റോയല്‍റ്റിയായി ലഭിച്ച റൂബിളുകള്‍ ഓരോന്നായി മോസ്‌ക്‌വാ നദിയിലേക്ക് വലിച്ചെറിഞ്ഞു. 

ചിലപ്പോള്‍ ചുറ്റുപാടുകളുടെ സമ്മര്‍ദം കലാകാരനെ പ്രതിസന്ധിയിലാഴ്ത്താറുണ്ട്. ജാപ്പനീസ് ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്ന റ്യുനോസുകി അകുതഗാവ തന്റെ മുപ്പത്തഞ്ചാം വയസ്സില്‍ ഓവര്‍ഡോസ് ബാര്‍ബിറ്റാള്‍ കഴിച്ച് ആത്മഹത്യ ചെയ്തതാണ്. അദ്ദേഹത്തിന്റെ കഥകള്‍ പ്രദീപ്തമായ ചിത്രങ്ങളല്ല മുന്നോട്ടു വെക്കുന്നത്. അകുതഗാവയുടെ രണ്ട് കഥകളെ ആധാരമാക്കിയാണ് അകിരാ കുറോസാവ തന്റെ റാഷമോണ്‍ എന്ന ക്ലാസിക് സിനിമ നിര്‍മിച്ചത്. പേരും സ്ഥലപശ്ചാത്തലവും Rashomon എന്ന കഥയില്‍നിന്നും കഥാതന്തു In a Grove എന്ന കഥയില്‍നിന്നും. ഭയാനകമായ ഒരു സംഭവത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളാണ് ചെറുവനത്തില്‍ എന്ന കഥയുടെ പ്രമേയം. ഓരോ ആഖ്യാതാവും അയാളുടെ വശത്തെ ന്യായീകരിച്ചുകൊണ്ടാണ് സംഭവം വിവരിക്കുന്നതെന്നു പറയാം. സത്യം ആപേക്ഷികമാണ് എന്ന ധ്വനിയും ഈ കഥക്കും കുറോസാവയുടെ സിനിമക്കുമുണ്ട്. ആത്മാര്‍ഥമായി ജോലി ചെയ്തിട്ടും പിരിച്ചു വിടപ്പെട്ട കഥാപാത്രം അവസാനം ഒരു കള്ളനാവാന്‍ തന്നെ തീരുമാനിക്കുന്നേടത്താണ് അകുതഗാവയുടെ കഥ അവസാനിക്കുന്നത്. മനുഷ്യനെക്കുറിച്ച വിഷാദാത്മക വീക്ഷണമാണത്. അതേസമയം കുറോസാവയുടെ സിനിമയുടെ അവസാനത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഏറ്റെടുക്കാന്‍ വരുന്ന യാത്രികന്‍ മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ സമയമായിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നു. പ്രസാദാത്മകമാണ് ആ ക്ലൈമാക്‌സ്. 

ഒരു തീര്‍പ്പ് കല്‍പിക്കുകയല്ലെങ്കിലും ഈ പ്രസാദാത്മകത്വം എന്നത് വലിയൊരു കാര്യമാണ്. ജോന്‍സിയില്‍ ജീവിതത്തെക്കുറിച്ച പ്രതീക്ഷ വളര്‍ത്തുകയാണല്ലോ ബെര്‍മാന്റെ ചിത്രം ചെയ്തത്. ഇത് കലയുടെ ധര്‍മത്തെക്കുറിച്ച ഉന്നതമായ ഒരു വീക്ഷണമാകുന്നു. 

രോഗഗ്രസ്തയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ബെര്‍മാന്‍ എന്ന കലാകാരന്‍ തന്റെ പ്രതിഭയെ മാത്രമല്ല, ജീവന്‍ തന്നെയാണ് സമര്‍പ്പിച്ചത് എന്നത് ഈ വീക്ഷണത്തെ കൂടുതല്‍ ശ്രേഷ്ഠമാക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല