Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

ബനൂ ഗിഫാറും ബനൂ ളംറയും

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-49

മാനവ കുലത്തെ കൃത്യമായി നിരീക്ഷിക്കുന്ന ഒരാളെന്ന നിലക്ക്, മനുഷ്യന്‍ പൊതുവെ മൂന്ന് വിഭാഗങ്ങളായി വേര്‍തിരിഞ്ഞ് നില്‍ക്കുകയാണെന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു. ഒന്നാമത്തെ വിഭാഗം വിശുദ്ധവും പവിത്രവുമായ മനസ്സുകളുടെ ഉടമകളാണ്. സത്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാനും

തങ്ങളുടെ കടമകള്‍ യഥാവിധി നിര്‍വഹിക്കാനും അവരുടെ മേല്‍ സമ്മര്‍ദങ്ങളോ നിര്‍ബന്ധമോ ചെലുത്തേണ്ട യാതൊരു കാര്യവുമില്ല. ഒരിക്കലും നേരെയാവാത്തവരാണ് രണ്ടാമത്തെ വിഭാഗം. അവരൊന്നും പഠിക്കുകയോ ഗ്രഹിക്കുകയോ ഇല്ല. സ്വന്തം കാര്യങ്ങളും താല്‍പര്യങ്ങളും മാത്രമേ അവര്‍ ശ്രദ്ധിക്കുകയുള്ളൂ; അത് നീതിയും ന്യായവും കളഞ്ഞുകുളിച്ചുകൊണ്ടാണെങ്കിലും. മൂന്നാമത്തെ വിഭാഗം, രണ്ടിനും ഇടക്കുള്ള ശരാശരി മനുഷ്യരാണ്. മേല്‍നോട്ടത്തിന് ആളുകളുണ്ടെങ്കില്‍ അവര്‍ ഏറക്കുറെ എല്ലാ കാര്യങ്ങളും വേണ്ടവിധം ചെയ്യും. നിയമത്തിന്റെ കരങ്ങള്‍ തങ്ങളിലേക്കെത്തില്ലെന്ന് ബോധ്യമായാല്‍ അവസരം ദുരുപയോഗം ചെയ്യാനും അവര്‍ മടിക്കില്ല. ഒരു പരിഷ്‌കര്‍ത്താവെന്ന നിലയില്‍ പ്രവാചകന്‍ ആഗ്രഹിക്കുക ഒന്നാം വിഭാഗത്തിന് വഴികാട്ടാനും രണ്ടാം വിഭാഗത്തിന് പ്രശ്‌നങ്ങളുണ്ടാക്കാന്‍ അവസരം കൊടുക്കാതിരിക്കാനും മൂന്നാം വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും -ലോകത്തിന്റെ ഏതുഭാഗത്തും ഈ മൂന്നാം വിഭാഗക്കാരാവും ബഹുഭൂരിപക്ഷവും- ആയിരിക്കും.

വളരെ ആദര്‍ശാത്മകമായ രീതികള്‍ സാധാരണക്കാരെ ഭയപ്പെടുത്തുമെന്നും വലിയൊരു വിഭാഗം ആളുകളെ സംസ്‌കരിച്ചെടുക്കാനുള്ള അവസരം അങ്ങനെ നഷ്ടമാകുമെന്നും പ്രവാചകന്‍ ആശങ്കിച്ചിരുന്നു. മറ്റൊരു വിധം പറഞ്ഞാല്‍, ശരാശരി നിലവാരമുള്ള, അത്യാവശ്യം സാമൂഹിക പ്രതിബദ്ധതയും ധാര്‍മികതയുമുള്ള സാധാരണ മനുഷ്യരുടെ വലിയ കൂട്ടങ്ങള്‍ തന്നോടൊപ്പമുണ്ടാകുന്നതിനാണ്, മാലാഖമാരുടെ സ്വഭാവ ഗുണങ്ങളുള്ള ഒരു ചെറിയ സംഘത്തെ രൂപപ്പെടുത്തുന്നതിനേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നത്. കാരണം മാലാഖസമാനരായ ഈ മനുഷ്യര്‍ ഏറെ വൈകാതെ സമൂഹത്തില്‍നിന്ന് ഉള്‍വലിയും. സമൂഹത്തിലെ പെരുമാറ്റ ദൂഷ്യങ്ങള്‍ സഹിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അങ്ങനെയവര്‍ സാധാരണ മനുഷ്യരുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് ജനവാസമില്ലാത്ത മരുഭൂമിയിലേക്കോ മറ്റോ പിന്‍വലിയും. നീതിമാനായ ഒരു രാജാവ് പരിത്യാഗികളുടെയും പരിവ്രാജകരുടെയും വലിയ സംഘത്തേക്കാള്‍ വിലമതിക്കപ്പെടുന്നവനാണ് എന്നൊരു പ്രവാചക വചനമുണ്ട്.1 ആയിരം പരിവ്രാജകരേക്കാള്‍ പിശാചിന് പൊറുപ്പിക്കാന്‍ കഴിയാത്തത് ജ്ഞാനിയായ ഒരൊറ്റ മനുഷ്യനെയാണ് എന്ന് മറ്റൊരു നബിവചനം.2 പ്രവാചകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം വ്യക്തമാണ്. യഥാര്‍ഥ ജ്ഞാനമുള്ള ഒരു വ്യക്തിക്ക് ധാര്‍മികതയുടെ സാമൂഹിക തലം അവഗണിക്കാന്‍ കഴിയില്ല. അയാള്‍ ജനങ്ങളിലേക്കിറങ്ങി അവരെ നന്മയിലേക്ക് വഴിനടത്തും. തിന്മകളെ കൈയൊഴിയാന്‍ ഉപദേശിക്കും. ഇങ്ങനെ സമൂഹത്തെ വെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഒരാള്‍, സ്വന്തം ആത്മാവിന്റെ കാര്യം മാത്രം ശ്രദ്ധിക്കുകയും ജനങ്ങള്‍ക്ക് വഴികാട്ടുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന വ്യക്തിയേക്കാള്‍ എന്തുകൊണ്ടും ഉത്തമനാണ്. കാരണം പരിവ്രാജക സംഘം പൊതുജനത്തിന് വഴി കാട്ടാതെ അവരെ താന്തോന്നിത്തത്തിനും മൃഗീയ വാസനകള്‍ക്കും വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കര്‍മങ്ങള്‍ക്ക് അവയുടെ ഉദ്ദേശ്യം നോക്കിയാണ് ദൈവം പ്രതിഫലം നല്‍കുക എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. അതായത് ആ കര്‍മങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടായോ എന്ന് മാത്രമല്ല നോക്കുന്നത്.3 അതിനാല്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നത് (പ്രത്യേകിച്ച്, ശരിയായ പാതയിലേക്ക് അവരെ വഴികാട്ടുന്നത്), സ്വന്തം ആത്മീയ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമായ കര്‍മമാണ്.

പ്രവൃത്തിയുടെ അടിസ്ഥാനമെന്തായിരിക്കണം എന്ന് വിശദീകരിക്കുന്ന നബിവചനമുണ്ട്. അതിന്റെ ചൈതന്യം

പ്രവാചകന്‍ സ്വാംശീകരിക്കുകയും ചെയ്തിരുന്നു. നബിവചനം ഇതാണ്; അന്ത്യനാളില്‍4 മൂന്ന് മനുഷ്യര്‍ ദൈവസന്നിധിയില്‍ എത്തും; അന്തിമ വിധി കേള്‍ക്കുന്നതിനായി. അന്തിമവിധി നടത്തുന്നവന്‍ അല്ലാഹുവാണല്ലോ. ദൈവം ചോദിക്കുമ്പോള്‍ ഒന്നാമന്‍ പറയും: 'പടച്ചവനേ, എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പ്രാര്‍ഥനയിലും നോമ്പിലും മതപ്രബോധനത്തിലും പിന്നെ നീ കല്‍പിച്ച എല്ലാ കാര്യങ്ങളിലുമായി കഴിച്ചുകൂട്ടി.' ദൈവത്തിന്റെ മറുപടി: 'അങ്ങനെയല്ല. നീയതൊക്കെ ചെയ്തത് ഒരു ഭക്തനായി നീ അറിയപ്പെടുന്നതിനു വേണ്ടിയാണ്. നീ അങ്ങനെ അറിയപ്പെട്ടുവല്ലോ. നരകം കാക്കുന്ന മലക്കുകളേ, ഇവനെ നരകത്തില്‍ എറിയൂ.' രണ്ടാമന്‍ പറയുകയാണ്: 'മതകാര്യങ്ങളൊക്കെ ഞാന്‍ നന്നായി പഠിച്ചു. പിന്നെയുള്ള ജീവിതം പഠിച്ചതൊക്കെ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയായിരുന്നു. യഥാര്‍ഥ ദൈവിക മതത്തെയാണ് ഞാന്‍ പ്രബോധനം ചെയ്തത്.' അപ്പോള്‍ ദൈവം പറയും: 'ഒരിക്കലുമല്ല. നീയിതൊക്കെ ചെയ്തത് പണ്ഡിതനും ജ്ഞാനിയുമെന്ന ഖ്യാതി നേടാനാണ്. അത് നീ നേടിക്കഴിഞ്ഞുവല്ലോ. നരകത്തെ കാക്കുന്ന മലക്കുകളേ, ഇവനെ നരകത്തിലെറിയൂ.' മൂന്നാമന്‍ ദൈവമാര്‍ഗത്തിലുള്ള യുദ്ധങ്ങളില്‍ അസാധാരണ ധീരത പ്രദര്‍ശിപ്പിച്ചിട്ടുള്ളയാളാണ്. അയാളും പറയുന്നത് താന്‍ ജീവിതം ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ചുവെന്നും ഒടുവില്‍ രക്തസാക്ഷിയായെന്നുമാണ്. ദൈവം തിരുത്തുന്നു: 'നീ ധീരനാണ് എന്ന് ആളുകളെക്കൊണ്ട് പറയിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാം. ആ പേരും പ്രശസ്തിയും നിനക്ക് ലഭിക്കുകയും ചെയ്തുവല്ലോ.' മൂന്നാമനെയും നരകത്തിലെറിയാന്‍ ദൈവം കല്‍പിക്കുകയാണ്.

മറ്റൊരു നബിവചനത്തില്‍5 പറയുന്നത്, ഒരു വ്യഭിചാരിണിയെക്കുറിച്ചാണ്. വിധിതീര്‍പ്പിനായി അവളെ ദൈവസന്നിധിയില്‍ ഹാജരാക്കിയിരിക്കുകയാണ്. പാപപങ്കിലമായിരുന്നിരിക്കണം അവളുടെ ഇഹലോക ജീവിതം. ആര്‍ക്കും അവള്‍ നന്മയൊന്നും ചെയ്തിട്ടില്ല. ദൈവത്തിന്റെ കോടതിയില്‍ അവള്‍ക്ക് യാതൊരു പ്രതീക്ഷക്കും വകയില്ലെന്നാണ് ആരും കരുതുക. അപ്പോള്‍ ദൈവത്തിന്റെ അരുളപ്പാടുണ്ടാകുന്നു: 'അങ്ങനെയല്ല. കൊടും ചൂടുള്ള ഒരു ദിവസം. ദാഹിച്ചു വലഞ്ഞ ഒരു നായ കിണറ്റിന് ചുറ്റും ഓടിനടക്കുന്നു. വെള്ളം കിട്ടാന്‍ യാതൊരു മാര്‍ഗവുമില്ല. കയറോ തൊട്ടിയോ ഒന്നുമില്ല. നിനക്ക് ആ നായയോട് ദയ തോന്നുന്നു. എന്നിട്ട് നീ ധരിച്ചിരുന്ന ഷൂ ഊരിയെടുക്കുന്നു. നിന്റെ മേല്‍വസ്ത്രം കയറാക്കി കിണറ്റില്‍ ഇറങ്ങിയ നീ ഷൂവില്‍ വെള്ളം കോരി നായയുടെ ദാഹം ശമിപ്പിക്കുന്നു. ഇത് എന്നെ ആഹ്ലാദിപ്പിക്കുന്നു. സ്വര്‍ഗത്തിന്റെ കാവല്‍ക്കാരേ, ഈ സ്ത്രീയെ സ്വര്‍ഗത്തിലേക്ക് വഴിനടത്തൂ.'

അധികാരമില്ലാത്ത ധാര്‍മികതയും, ധാര്‍മികതയില്ലാത്ത അധികാരവും സമൂഹത്തിന് ഒരുപോലെ അപകടം ചെയ്യും എന്ന കാഴ്ചപ്പാടായിരുന്നു പ്രവാചകന്. അധാര്‍മിക വൃത്തികള്‍ ചെയ്യുന്നവരാല്‍ വലയം ചെയ്യപ്പെട്ട നല്ല മനുഷ്യരുടെ ചെറിയ സംഘത്തിന് അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. അവര്‍ ഏറെ താമസിയാതെ ഭീകര പീഡനങ്ങളുടെ ഇരകളായിത്തീരും. അധികാരത്തിനൊപ്പം ധാര്‍മികതയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് എന്താവുമെന്ന് ഊഹിക്കാമല്ലോ. അപ്പോള്‍ എന്താണ് പ്രതിവിധി? വ്യക്തിപരമായ ആത്മീയ കാര്യങ്ങളില്‍ അല്‍പം കുറവ് വന്നാലും, വിശുദ്ധ ജീവിതം നയിക്കുന്ന വിഭാഗം ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികാരവും സ്വാധീനവും ആര്‍ജിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. എങ്കിലേ, നീതിബോധമില്ലാത്തവരും അധര്‍മികളുമായവരെ അധികാരത്തില്‍നിന്ന് പുറത്താക്കാനാവൂ. മക്കയിലെ പതിമൂന്ന് വര്‍ഷത്തെ യാതനാപൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് നബിക്ക് ബോധ്യമായ ഒരു കാര്യമാണിത്.

മതകാര്യങ്ങളില്‍ നിര്‍ബന്ധം ചെലുത്തരുത് എന്ന് പറയുന്ന ഖുര്‍ആന്‍ (2/256) തന്നെ, ദൈവദത്തമായ ഭരണക്രമം സ്ഥാപിതമാവുന്നതു വരെ പോരടിക്കണം എന്നും ഉദ്‌ബോധിപ്പിക്കുന്നുണ്ട് (8:39). രാഷ്ട്രീയ വിമോചനം, മതസ്വാതന്ത്ര്യം എന്നീ രണ്ട് ആശയങ്ങള്‍ ഇവിടെ കൂടിച്ചേരുന്നുണ്ട്. ഇവിടെ മതസ്വാതന്ത്ര്യത്തെയും ധിക്കാരികളെ രാഷ്ട്രീയമായി വിധേയപ്പെടുത്തുന്നതിനെയും രണ്ടായിത്തന്നെ കാണണം. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, അല്ലെങ്കില്‍ ഏതെങ്കിലുമൊരു മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്. അതുപോലെ തന്നെ പ്രധാനമാണ്, ഏകാധിപതികളും സ്വാര്‍ഥമതികളുമായ ഭരണാധികാരികളെ അവരുടെ നടപടിക്രമങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതും, അല്ലെങ്കില്‍ ആ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതും. അത് വ്യക്തിയുടെ, സമാജത്തിന്റെ, മനുഷ്യവംശത്തിന്റെ തന്നെയും താല്‍പര്യമാണ്. ഇസ്‌ലാമിന്റെ ഈ രാഷ്ട്രീയം പ്രവാചകന്‍ ഇങ്ങനെ ഒതുക്കിപ്പറഞ്ഞിരിക്കുന്നു: 'ജനങ്ങളുടെ നേതാവ് അവരുടെ സേവകനാണ്.'6

അറേബ്യന്‍ സമൂഹത്തിന്റെ സവിശേഷ ഘടനയും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. പ്രവാചകന്‍ ആഗതനാവുന്ന സമയത്ത് അറേബ്യന്‍ ഉപദ്വീപിലൊന്നും ഒരു ഭരണകൂടം ഉണ്ടായിരുന്നില്ല. ഗോത്രജീവിതമാണ് അവിടെയുണ്ടായിരുന്നത്. അവരിലധികവും നാടോടികള്‍. ഓരോ ഗോത്രവും ഉപഗോത്രവും അത് എത്രതന്നെ ചെറുതാണെങ്കിലും ഒരു രാജഭരണം പോലെ, അല്ലെങ്കില്‍ ഒരു സാമ്രാജ്യം പോലെ അവയോരോന്നും പരമാധികാരം അവകാശപ്പെട്ടിരുന്നു. ഇത് തികഞ്ഞ അരാജകത്വത്തിന് കാരണമായി. ഗോത്രങ്ങള്‍ ഓരോന്നും തുടര്‍ച്ചയായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഈ അരാജകത്വം അവസാനിക്കണമെങ്കില്‍, കഴിയുന്നത്ര സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കണം, വേണമെങ്കില്‍ ബലപ്രയോഗവും നടത്തണം. വലിയൊരു തിന്മ തടയാന്‍ പറ്റുമെങ്കില്‍ ചെറിയ തിന്മ സഹിക്കാവുന്നതേയുള്ളൂ എന്ന പ്രവാചകവചനം ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഇതേ തത്ത്വം പ്രതിഫലിക്കുന്ന മറ്റൊരു പ്രവാചക വചനം: 'ദൈവം ഒരു സമൂഹത്തിന് നന്മ ഉദ്ദേശിച്ചാല്‍, അവന്‍ അവര്‍ക്ക് നല്ല രാജാക്കന്മാരെയും നല്ല മന്ത്രിമാരെയും നല്‍കും. ഒരു ജനത്തിന് അവന്‍ തിന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ചീത്ത രാജാക്കന്മാരെയും ചീത്ത മന്ത്രിമാരെയുമാണ് നല്‍കുക.'7 (ഒന്നും ചെയ്യാതെയിരിക്കാനുള്ള അനുവാദമാണിതെന്ന് തെറ്റായി വായിക്കരുത്. തന്റെ ഭാഗധേയം എന്തായിരിക്കുമെന്ന് ഒരാള്‍ക്കും അറിയില്ലല്ലോ. ഒരു കാര്യത്തിനു വേണ്ടി ശ്രമിച്ച് അത് സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞോ എന്നല്ല, അതിനു വേണ്ടി ശ്രമിച്ചോ എന്നത് മാത്രമാണ് ദൈവസന്നിധിയില്‍ പരിഗണനീയം).

ഒരു പരിഷ്‌കരണ ശക്തിയാകാന്‍ ആദ്യം ശക്തിയാര്‍ജിക്കണം. ഇവിടെ ആഹ്ലാദകരമായ ചില യാദൃഛികതകള്‍ പ്രവാചകന്റെ സഹായത്തിനെത്തുകയായിരുന്നു. എങ്ങനെയാണ് അഞ്ച് ഗോത്രങ്ങള്‍ (മൂന്ന് ജൂത ഗോത്രങ്ങള്‍, രണ്ട് അറബ് ഗോത്രങ്ങള്‍) മദീനയില്‍ പ്രവാചകനു പിന്നില്‍ അണിനിരന്ന് ഒരു ചെറിയ നഗരരാഷ്ട്രത്തിന് അടിത്തറ പാകിയത് എന്ന് നാം കണ്ടു. തനിക്ക് അഭയം നല്‍കിയ പ്രദേശത്തേക്ക് മാത്രമായി പ്രവര്‍ത്തനങ്ങള്‍ ചുരുക്കാന്‍ പ്രവാചകന് സാധിക്കുമായിരുന്നില്ല. കാരണം മക്കയിലെ ധനപൂജകര്‍ ഇസ്‌ലാമിനെതിരെ സകല അറബ് ഗോത്രങ്ങളെയും ഇളക്കിവിട്ടുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. പ്രായോഗിക ബുദ്ധിയുള്ള വ്യക്തിയായിരുന്നു പ്രവാചകന്‍. അതിനാല്‍ മദീനയില്‍ തനിക്ക് കീഴിലുള്ള ഗോത്രങ്ങളെ ഒരുമിപ്പിക്കാനാണ് അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്; പിന്നീട് മദീനക്ക് പുറത്ത് സുഹൃത്തുക്കളെ സമ്പാദിക്കാനായി അദ്ദേഹത്തിന്റെ ശ്രമം. മക്കക്കാരുടെ അതിക്രമങ്ങളെ ചെറുക്കാന്‍ പ്രവാചകന്‍ സാമ്പത്തിക ഉപരോധം സമ്മര്‍ദതന്ത്രമായി പ്രയോഗിച്ചത് നാം നേരത്തേ വിവരിച്ചിട്ടുണ്ട്. വടക്കന്‍ ഭാഗത്തേക്ക് പോകുന്ന മക്കന്‍ കച്ചവടസംഘത്തെ വഴി തടഞ്ഞുകൊണ്ടായിരുന്നു ഇത്. ആ കച്ചവടപ്പാത കടന്നുപോയിരുന്നത് മദീനയെ ചെങ്കടലില്‍നിന്ന് വേര്‍തിരിക്കുന്ന വീതി കുറഞ്ഞ ഒരു മേഖലയില്‍ കൂടിയായിരുന്നു. ആ മേഖലയില്‍ പാര്‍ത്തിരുന്ന ഗോത്രങ്ങളെ ആദ്യം പരിചയപ്പെടാം.

മദീനക്ക് പടിഞ്ഞാറ് ചുരുങ്ങിയത് നാല് ഗോത്രങ്ങളെങ്കിലും അധിവാസമുറപ്പിച്ചിരുന്നു. ബദ്‌റിന് സമീപം ളംറഃ, മുദ്‌ലിജ് ഗോത്രങ്ങള്‍, യാമ്പൂവിന് സമീപം മുസൈന, മദീനയുടെ വടക്ക് ജുഹൈന. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് മദീനക്കാര്‍ ഈ ഗോത്രങ്ങളിലേതെങ്കിലുമായി കരാറുകള്‍ ഉണ്ടാക്കിയിരുന്നോ എന്നറിയാന്‍ നിവൃത്തിയില്ല. ഉണ്ടാക്കിയിരുന്നെങ്കില്‍ പിന്നീട് വന്ന മദീന സ്റ്റേറ്റിന് അത്തരം കരാറുകള്‍ അനന്തരമെടുക്കാമല്ലോ.

ജുഹൈന ഗോത്രത്തെപ്പറ്റി ഒരു വിവരണം വന്നിട്ടുണ്ട്. പക്ഷേ, അതിന് വേണ്ടത്ര ചരിത്ര പരിഗണന ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഇങ്ങനെയാണ്: 'പ്രവാചകന്‍ മദീനയില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ ജുഹൈനക്കാര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: 'താങ്കള്‍ ഞങ്ങളുടെ അയല്‍പക്കത്തു വന്ന് താമസമുറപ്പിച്ചിരിക്കുകയാണ്. ഞങ്ങളുമായി ഒരു കരാര്‍ ഉണ്ടാക്കുക. എങ്കില്‍ നിങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്കും, ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്കും ഒരു ഉറപ്പ് കിട്ടുമല്ലോ.' ആ കരാറിന് പ്രവാചകന്‍ തയാറായി. (ആ സമയത്ത്) ഇവര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല.''8 മനം മാറ്റത്തിന് അവര്‍ പാകപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് കരുതിയാല്‍ മതി. ഇവരുമായുണ്ടാക്കിയ കരാറിന്റെ പൊരുള്‍ എന്ത് എന്ന് പിന്നീടുണ്ടായ ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്.

നബി മദീനയിലെത്തി ആറ് മാസം കഴിഞ്ഞപ്പോള്‍ ആ മരുപ്പച്ചയില്‍ ഒരു നഗരരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമം തുടങ്ങി. അഭയാര്‍ഥികളുടെ പുനരധിവാസം, നഗരരാഷ്ട്രത്തിന് ഒരു ഭരണഘടന ഉണ്ടാക്കല്‍, മുസ്‌ലിംകളല്ലാത്തവരുമായുള്ള ഇടപഴക്കങ്ങള്‍ ഇതെല്ലാം അതിന്റെ ഭാഗമായിരുന്നു. പിന്നെ പ്രവാചകന്‍ തന്റെ പിതൃവ്യനായ ഹംസയുടെ നേതൃത്വത്തില്‍ മുപ്പത് പേരടങ്ങുന്ന ഒരു പോരാളി സംഘത്തെ ജുഹൈനക്കാരുടെ പരിധിയിലുള്ള ഈസ് എന്ന സ്ഥലത്തേക്ക് പറഞ്ഞയച്ചു. അതുവഴി കടന്നുപോകുന്ന മക്കന്‍ കച്ചവടസംഘത്തെ തടയാന്‍ വേണ്ടിയായിരുന്നു ഇത്. ഈ മേഖലയിലെ ജുഹൈന മുഖ്യന്‍ മജ്ദിബ്‌നു അംറ് എന്നൊരാളായിരുന്നു. മുസ്‌ലിംകളുമായും മക്കക്കാരുമായും ഇദ്ദേഹം സമാധാനക്കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തല്‍ഫലമായി ഇരുപക്ഷവും പരസ്പരം ആക്രമിക്കാതെ തിരിച്ചുപോവുകയും ചെയ്തു.9 പക്ഷേ, ഈ 'കരാറി'നെക്കുറിച്ച് നമുക്ക് വളരെക്കുറഞ്ഞ വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ പല അനുമാനങ്ങള്‍ക്കും സാധ്യത നിലനില്‍ക്കുന്നു. തന്റെ പ്രദേശത്ത് ഒരു യുദ്ധം ഒഴിവാക്കുക മാത്രമായിരുന്നോ ജുഹൈന മുഖ്യന്റെ ലക്ഷ്യം? അതല്ലെങ്കില്‍ പ്രവാചകാഗമനത്തിനു മുമ്പ് തന്നെ മദീനയിലെ ഗോത്രങ്ങളുമായി അത്തരം ഒരു കരാര്‍ ഉണ്ടായിരുന്നതുകൊണ്ടോ (ഈ പോരാളി സംഘത്തില്‍ മദീനയിലെ തദ്ദേശവാസികളായ ഒരാളും ഉണ്ടായിരുന്നില്ല. എല്ലാവരും മക്കയില്‍നിന്നെത്തിയ മുഹാജിറുകള്‍ ആയിരുന്നു)? സമാധാനക്കരാര്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പ്രവാചകന്‍ മദീനയില്‍ എത്തിയതിന് ശേഷമാണോ അത് ഒപ്പുവെച്ചത്?

എന്തെങ്കിലുമാകട്ടെ, ഹിജ്‌റ ഒന്നാം വര്‍ഷം റമദാനിലായിരുന്നു ഈ സംഘത്തെ നിയോഗിച്ചത്. അടുത്തമാസം മറ്റൊരു സംഘത്തെയും പ്രവാചകന്‍ നിയോഗിക്കുന്നുണ്ട്, തന്റെ ബന്ധുവായ ഉസൈദുബ്‌നുല്‍ ഹാരിസ് ഇബ്‌നു മുത്ത്വലിബിന്റെ നേതൃത്വത്തില്‍. അതില്‍ 60 മുതല്‍ 80 വരെ പോരാളികളുണ്ടായിരുന്നു. ആ സംഘം പോയത് റാബിഗ് തുറമുഖത്തേക്കാണ്. അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമയുടെ നേതൃത്വത്തിലുള്ള (അതോ മിക്‌റാസുബ്‌നു ഹഫ്‌സത്തിന്റെ നേതൃത്വത്തിലോ?) മക്കന്‍ കച്ചവടസംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. ഖുദൈദിലേക്കുള്ള വഴിയില്‍ ജുഹ്ഫയുടെ പത്ത് മൈല്‍ അപ്പുറമുള്ള അല്‍ ആഹ്‌യാഇല്‍ വെച്ച് ഇരു സംഘവും കണ്ടുമുട്ടി. ചില അമ്പെയ്ത്തുകള്‍ പരസ്പരം നടന്നെങ്കിലും ഏറ്റുമുട്ടാന്‍ നില്‍ക്കാതെ മുസ്‌ലിംകളെക്കാള്‍ മൂന്നിരട്ടി അംഗബലമുള്ള ശത്രുസംഘം രക്ഷപ്പെടുകയായിരുന്നു.10 ഈ സന്ദര്‍ഭത്തിലാണ് ശത്രുസംഘത്തില്‍നിന്ന് രണ്ടു പേര്‍ (മിഖ്ദാദും ഉത്ബത്തു ബ്‌നു ഗസ്‌വാനും) മുസ്‌ലിം പോരാളി സംഘത്തില്‍ അഭയം തേടിയത്.11 രണ്ടു പേരും മുസ്‌ലിംകള്‍ തന്നെയായിരുന്നു. അവര്‍ അബ്‌സീനിയന്‍ പലായനത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്.12 അവര്‍ സിറിയയിലേക്കുള്ള മക്കന്‍ കച്ചവട സംഘത്തിനൊപ്പം ചേര്‍ന്നതാവണം; വഴിമധ്യേ ആക്രമിക്കപ്പെടാതെ സുരക്ഷിതരായി മദീനയിലെത്താന്‍. ഈ പോരാളി സംഘത്തിലെയും മുഴുവന്‍ ആളുകളും മക്കയില്‍നിന്നെത്തിയ അഭയാര്‍ഥികള്‍ (മുഹാജിറുകള്‍) തന്നെയായിരുന്നു. ഒരു മാസം കഴിഞ്ഞ്, അതേ മേഖലയിലെ ഖുമ്മിന് (ജുഹ്ഫ/റാബിഗ്) സമീപമുള്ള കര്‍റാറിലേക്ക് മറ്റൊരു സംഘത്തെ നിയോഗിക്കുന്നു.13 ആ സംഘത്തിലെയാളുകളും മുഴുവന്‍ മക്കക്കാര്‍ തന്നെ. അവരുടെ നേതാവ് സഅ്ദു ബ്‌നു അബീവഖാസ്. രംഗവീക്ഷണം നടത്തിയശേഷം അവര്‍ മദീനയിലേക്ക്തി രിച്ചുപോവുകയാണുണ്ടായത്.

ഈ സംഘങ്ങളെ അയച്ചുകൊണ്ടിരുന്നത് മക്കക്കാര്‍ക്ക് താക്കീത് നല്‍കാന്‍ വേണ്ടിയായിരുന്നു. ഇനിമേല്‍ മുസ്‌ലിം സ്വാധീനമുള്ള ഈ മേഖലയിലൂടെ സഞ്ചരിച്ച് പോകരുതെന്ന താക്കീത്. എന്തുകൊണ്ട് ഈ സംഘങ്ങളിലൊന്നും മദീനക്കാരായ അന്‍സ്വാറുകള്‍ ഉണ്ടായില്ല എന്ന കാര്യം ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മദീനക്കാര്‍ പ്രവാചകനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മദീന ആക്രമിക്കപ്പെട്ടാലേ അവര്‍ പ്രവാചകനെ സഹായിക്കേണ്ടതുള്ളൂ. അതുകൊണ്ടാണത്രെ അവരെ മാറ്റിനിര്‍ത്തിയത്. അത്ര സൂക്ഷ്മത ഇക്കാര്യത്തില്‍ സ്വീകരിക്കാനിടയില്ലെന്നാണ് തോന്നുന്നത്. കാരണം മുഹാജിറുകളെ പോലെതന്നെ ഇസ്‌ലാമിനെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയവരാണ് അന്‍സ്വാറുകളും. അത്തരം വേര്‍തിരിവുകളൊന്നും അവര്‍ അംഗീകരിക്കുന്നുണ്ടായിരുന്നില്ല. മദീനക്ക് ചുറ്റുമുള്ള മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങളുമായി വളരെ സുദൃഢമായ ബന്ധങ്ങളുണ്ടാക്കുക എന്നതായിരുന്നു ഈ ഘട്ടത്തിലെ പ്രധാനമായ മറ്റൊരു ഊന്നല്‍. ഇത് നടക്കണമെങ്കില്‍ പ്രവാചകന്‍ തന്നെ നേരില്‍ ചെല്ലണം. അതുകൊണ്ടാണ് പ്രവാചകന്‍ ബനൂഗിഫാറിലേക്ക് നേരില്‍ ചെന്നത്. അതിന് ന്യായമായ കാരണമുണ്ടായിരുന്നെന്നും ഇനിയുള്ള വിവരണത്തില്‍നിന്ന് നമുക്ക് വ്യക്തമാവും.

ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ്, ഇത്തരം ചെറു സൈനിക നീക്കങ്ങള്‍ നടക്കുന്നതിനു പത്ത് വര്‍ഷം മുമ്പേ മക്കയില്‍ വെച്ചു തന്നെ ഇസ് ലാം സ്വീകരിച്ച വ്യക്തിയാണ്. തന്റെ ഗോത്രത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. തന്റെ ആത്മസുഹൃത്തായ അബൂദര്‍റിന്റെ സ്വാധീനം പ്രയോജനപ്പെടുത്താന്‍ പ്രവാചകന്‍ തീരുമാനിച്ചത് തീര്‍ത്തും സ്വാഭാവികം. അങ്ങനെ പ്രവാചകന്‍ ഹിജ്‌റ രണ്ടാം വര്‍ഷം സഫര്‍ മാസത്തില്‍ ഗിഫാരി ഗോത്രക്കാര്‍ അധിവസിക്കുന്ന മേഖല ലക്ഷ്യമാക്കി മദീനയില്‍ നിന്ന് പുറപ്പെട്ടു.14 ഒപ്പം അറുപത് പേരുണ്ട്. എല്ലാം മക്കക്കാര്‍. മദീനയുടെ ഭരണച്ചുമതല സഅ്ദു ബ്‌നു ഉബാദഃ എന്ന മദീനക്കാരനെ ഏല്‍പ്പിക്കുന്നു. ആദ്യം ചെല്ലുന്നത് അബ്‌വ എന്ന സ്ഥലത്താണ് (ഏതാണ്ട് അമ്പതു വര്‍ഷം മുമ്പ് പ്രവാചകന്റെ മാതാവ് ഖബറടക്കപ്പെട്ടത് ഇവിടെയാണ്). ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്ന ആ പ്രശസ്ത സംഭവം നടന്നത് ഇവിടെ വെച്ചാവാം. ഒരു പഴയ ഖബ്‌റിന്റെ അടുത്ത് പോയി പ്രവാചകന്‍ കണ്ണീര്‍ വാര്‍ക്കുന്നത് ജനം കണ്ടു. അവര്‍ കാരണമന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എന്റെ മാതാവിന്റെ ഖബ്‌റിടമാണിത്. ഈ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ലോകരക്ഷിതാവായ റബ്ബ് എനിക്ക് അനുവാദം നല്‍കി. (അവരുടെ മുക്തിക്കു വേണ്ടി) പ്രാര്‍ഥിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവന്‍ തന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ കണ്ണീര്‍ പൊഴിക്കുന്നത്.' കുഞ്ഞായിരുന്നപ്പോള്‍ തനിക്ക് ലഭിച്ച മാതൃപരിലാളനകള്‍ അദ്ദേഹം ഓര്‍ത്തുപോയിട്ടുണ്ടാവും. അവിടെനിന്ന് ആറ് മൈലുകള്‍ സഞ്ചരിച്ച് പ്രവാചകന്‍ വദ്ദാന്‍ എന്ന പ്രദേശത്ത് എത്തുന്നു. ഇത് ബനൂളംറ ഗോത്രം അധിവസിക്കുന്ന മേഖലയാണ് (ഗിഫാര്‍ ഗോത്രക്കാരുടെ ബന്ധുക്കളാണിവര്‍). മദീനയുടെ തെക്കുള്ള ഈ പ്രദേശത്തേക്ക് കഷ്ടിച്ച് മൂന്നു ദിവസത്തെ വഴിദൂരമേയുള്ളൂ. എന്നിട്ടും പ്രവാചകന്‍ രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചുവരുന്നുള്ളൂ. അതിനര്‍ഥം അദ്ദേഹം ഒരാഴ്ച മുഴുവന്‍ വദ്ദാനില്‍ തങ്ങിയിട്ടുണ്ടാവും. ഇവിടെയുള്ള ജനങ്ങളുമായി, പ്രത്യേകിച്ച് മുസ്‌ലിംകളല്ലാത്തവരുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവണം അദ്ദേഹം ഈ ദിവസങ്ങളില്‍. അന്താരാഷ്ട്ര സ്വഭാവമുള്ള ഒരു രേഖ മുസ്‌ലിംകള്‍ ആദ്യമായി തയാറാക്കിയിരുന്നത് ഈ ചര്‍ച്ചകളെ തുടര്‍ന്നാണ്. അക്കാലത്തെ മുസ്‌ലിം നയതന്ത്രത്തെപ്പറ്റി അതില്‍ സൂചനയുണ്ട്. ആ രേഖ ഇങ്ങനെ:

'ദൈവ പ്രവാചകനായ മുഹമ്മദ് ബനൂ ളംറതുബ്‌നു അബ്ദിമനാത്ത് ബ്‌നു കിനാനക്ക് എഴുതുന്നത്-

ആ ഗോത്രത്തിന് ജീവധനാദികളില്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നു. അന്യായമായി ആര്‍ അവരെ ആക്രമിച്ചാലും അവര്‍ക്ക് സഹായം നല്‍കും. തിരിച്ച് പ്രവാചകനെ സഹായിക്കേണ്ടതും അവരുടെ ബാധ്യതയാണ്; സ്വൂഫ (ചിപ്പി/മുടി?)യെ നനക്കാന്‍ കടല്‍ വെള്ളത്തിന് കഴിയുവോളം. മുസ്‌ലിംകള്‍ മതപരമായി നടത്തുന്ന പോരാട്ടങ്ങളില്‍ ഇത് ബാധകമല്ല. പ്രവാചകന്‍ സഹായം ആവശ്യപ്പെട്ടാല്‍ അവര്‍ സഹായം നല്‍കണം. അല്ലാഹുവും പ്രവാചകനുമാണ് അവര്‍ക്ക് ഉറപ്പ് നല്‍കുന്നത്. ഉടമ്പടി പാലിക്കുവോളം സഹായം ലഭിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്.'15

ഇബ്‌നു സഅ്ദിന്റെ16 റിപ്പോര്‍ട്ടും ഇതേക്കുറിച്ച ഒരു സംക്ഷിപ്ത വിവരണമാവാം. മദീനയിലെത്തി പന്ത്രണ്ടു മാസം പിന്നിട്ടശേഷം സഫര്‍ മാസത്തില്‍ പ്രവാചകന്‍ ളംരി ഗോത്രക്കാരനായ മഖ്ശിബ്‌നു അംറുമായി ഉടമ്പടിയുണ്ടാക്കാന്‍ പുറപ്പെട്ടു. 'ളംറക്കാരെ താന്‍ ആക്രമിക്കുകയില്ല; അവര്‍ തന്നെയും ആക്രമിക്കാന്‍ പാടില്ല. തനിക്കെതിരെ അവര്‍ ശത്രുക്കളെ വര്‍ധിപ്പിക്കാന്‍ പാടില്ല; അവരെ സഹായിക്കുകയുമരുത്' എന്നാണ് കരാറിലുണ്ടായിരുന്നത്. മദീന നിവാസികളായ ആരും ഈ യാത്രയില്‍ നബിയോടൊപ്പം ഉണ്ടായിരുന്നില്ലെന്നു പറയുന്ന ഇബ്‌നു സഅ്ദ്, മുസൈന ഗോത്രക്കാര്‍ (അവര്‍ അന്‍സ്വാരികളല്ല) ഇതില്‍ പങ്കെടുത്തതായി രേഖപ്പെടുത്തുന്നുണ്ട്.

ഈ ഘട്ടത്തില്‍ ളംറക്കാര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ് മതപരമായി നടത്തപ്പെടുന്ന സൈനിക നീക്കങ്ങളില്‍ സഹായിക്കേണ്ടത് ളംറക്കാരുടെ ബാധ്യതയല്ലെന്ന് പ്രത്യേകം എടുത്തു പറഞ്ഞത്. എങ്കിലും ഒരു സൈനിക സഖ്യം സ്ഥാപിതമായിക്കഴിഞ്ഞിരുന്നു. ഇവിടെ ഒരു ചോദ്യമുയരാം. മക്കക്കാരുടെ അരിശം ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ എന്തുകൊണ്ടാണ് അവരുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് മുസ്‌ലിംകളുടെ പിന്നില്‍ അണിനിരക്കാന്‍ ളംറ ഗോത്രക്കാര്‍ തയാറായത്? അന്നാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് അംഗബലം കുറവാണ്; സാമ്പത്തിക ശേഷിയുമില്ല. മക്കക്കാരുടെ കച്ചവടസംഘങ്ങള്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം നിര്‍ത്തിക്കഴിഞ്ഞാല്‍ ആ നഷ്ടം നികത്തിക്കൊടുക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുകയുമില്ല. അതേസമയം വദ്ദാനിലേക്ക് മദീനയില്‍നിന്ന് മൂന്ന് ദിവസത്തെ വഴിദൂരമേയുള്ളൂ. മക്കയില്‍നിന്ന് ഒമ്പത് ദിവസത്തെ വഴിദൂരമുണ്ട്. ഒരുപക്ഷേ, അതിന് കാരണം, വദ്ദാനിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുന്ന മാര്‍ക്കറ്റ് മദീന ആയതുകൊണ്ടാവാം. വദ്ദാനികള്‍ അവര്‍ക്കാവശ്യമുള്ളതൊക്കെ വാങ്ങിയിരുന്നതും മദീനയില്‍നിന്നായിരുന്നു.17 പക്ഷേ, കരാര്‍ ളംറയിലെ ചില കുടുംബങ്ങള്‍ക്ക് മാത്രമാണ് ബാധകമായിരുന്നത് എന്നാണ് മനസ്സിലാവുന്നത്. ഈ ഗോത്രത്തിന്റെ തന്നെ മറ്റൊരു ശാഖയായ ബനൂ അബ്ദിബ്‌നി അദിയ്യ് (തെക്കു മാറി ഏതാണ്ട് മക്കയോടടുത്തായിരുന്നു ഇവരുടെ വാസം), പ്രവാചകനും മഖ്ശിയും തമ്മിലുണ്ടാക്കിയ കരാറില്‍നിന്ന് വിട്ടുനിന്നു എന്നുമാത്രമല്ല, വര്‍ഷങ്ങളോളം മദീനയിലേക്ക് പ്രതിനിധിസംഘങ്ങളെ അയക്കുകയും ചെയ്തിരുന്നില്ല. പ്രതിനിധിസംഘത്തെ അയച്ചപ്പോഴാകട്ടെ, മുസ്‌ലിംകളും മക്കയിലെ ഖുറൈശികളും യുദ്ധമുണ്ടാകുന്ന പക്ഷം തങ്ങള്‍ നിഷ്പക്ഷത കൈക്കൊള്ളും എന്ന ഒരു കരാര്‍ ഉണ്ടാക്കാനാണ് ബനൂ അബ്ദിബ്‌നി അദിയ്യ് ശ്രമിച്ചത്.18

ഗിഫാര്‍ ഗോത്രവുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാര്‍ ഇങ്ങനെ:

'മുസ്‌ലിംകള്‍ക്കിടയിലെ ഒരു വിഭാഗമായി ഗിഫാര്‍ ഗോത്രത്തെ കണക്കാക്കും.19 മുസ്‌ലിംകളുടെ എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ടാവും; ബാധ്യതകളും. അല്ലാഹുവിന്റെയും പ്രവാചകന്റെയും ഉറപ്പും അവര്‍ക്ക് ലഭിക്കും; അവരുടെ ജീവന്റെ കാര്യത്തിലും സ്വത്തിന്റെ കാര്യത്തിലും. പ്രവാചകന്‍ സഹായം ആവശ്യപ്പെട്ടാല്‍ അവര്‍ സഹായിക്കണം. പോരാട്ടം ദീന്‍ കാര്യങ്ങളിലാണെങ്കിലൊഴികെ. കരാര്‍ പ്രകാരം ഏതെങ്കിലും കുറ്റകൃത്യത്തിനെതിരെയും ഇടപെടല്‍ ഉണ്ടാവില്ല.'20

ളംറയുമായും ഗിഫാറുമായും ഉണ്ടാക്കിയ കരാറിലെ സമാന വ്യവസ്ഥകളും പദപ്രയോഗങ്ങളും ശ്രദ്ധിച്ചാല്‍ രണ്ട് കരാറുകളും ഒരേ കാലത്ത് (ഹിജ്‌റ രണ്ടാം വര്‍ഷം) എഴുതപ്പെട്ടതാണെന്നു കാണാം. അറേബ്യ അക്കാലത്ത് രാഷ്ട്രീയമായി കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നല്ലോ. ഒരേ ഗോത്രത്തിലെ വിവിധ ശാഖകള്‍ തമ്മില്‍ തന്നെ പോര് നടക്കുന്ന കാലം. ഉദാഹരണത്തിന് നമ്മള്‍ പറഞ്ഞുവരുന്ന ളംറ ഗോത്രം, യഥാര്‍ഥത്തില്‍ ബനൂബക്ര്‍ ഗോത്രത്തിന്റെ ഒരു ശാഖയാണ്. ഹുദൈബിയ സന്ധിയില്‍ ഖുറൈശികളുടെ പക്ഷത്തായിരുന്നു ബനൂ ബക്ര്‍. ഇങ്ങനെ ചേരികളായി ശിഥിലമായിക്കഴിഞ്ഞിരുന്ന ഗോത്രങ്ങളെ അവിശ്വസനീയമായ ക്ഷമയോടെ ഒരു രാഷ്ട്ര ഘടനയില്‍ ഒരുമിപ്പിക്കാനും, ഗോത്രവംശവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കാനുമാണ് പ്രവാചകന്‍ യത്‌നിച്ചുകൊണ്ടിരുന്നത്.

ഇങ്ങനെ ളംറ, ഗിഫാര്‍ ഗോത്രങ്ങളെ ഒപ്പം നിര്‍ത്തിയ ശേഷം പ്രവാചകന്‍ മദീനയിലേക്ക് മടങ്ങി. ഈ രണ്ട് ഗോത്രങ്ങളെയും എല്ലായ്‌പ്പോഴും പ്രവാചകന് വിശ്വാസത്തിലെടുക്കാന്‍ കഴിയുമായിരുന്നു. പ്രവാചകന്‍ മദീനയില്‍നിന്ന് പുറത്തുപോകുന്ന പല സന്ദര്‍ഭങ്ങളിലും ഗിഫാരി ഗോത്രക്കാരായ അബൂദര്‍റിനായിരുന്നു മദീനയുടെ പകരം ചുമതല നല്‍കിയിരുന്നത്. ഹുദൈബിയ യാത്രയില്‍ ഗിഫാരികളെ നയിച്ചിരുന്നത് അതേ ഗോത്രക്കാരനായ അബൂദര്‍റും ഇമാഉ ബ്‌നു റഹ്ദയും ആയിരുന്നു.21 ഹുദൈബിയയിലേക്കുള്ള നബിയുടെയും അനുയായികളുടെയും യാത്ര ഗിഫാര്‍ ഗോത്രക്കാരുടെ താമസസ്ഥലത്തു കൂടി കടന്നുപോയപ്പോള്‍ അവര്‍ പ്രവാചകന് നൂറ് ആടുകളെയും യാത്രക്ക് രണ്ട് ഒട്ടകങ്ങളെയും നല്‍കി; പിന്നെ ആവശ്യമായത്ര പാലും.22

ഹി. എട്ടാം വര്‍ഷം, സിറിയയിലെ ദാതുല്‍ അത്‌ലഹ് നിവാസികളെ പാഠം പഠിപ്പിക്കാനായി (മുഅ്ത യുദ്ധത്തിന്റെ ബാക്കിപത്രമാവണം ഇത്) ഒരു സൈനിക വ്യൂഹത്തെ പറഞ്ഞയച്ചപ്പോള്‍ അതിന്റെ നായകനാക്കിയത് ഗിഫാര്‍ ഗോത്രക്കാരനായ കഅ്ബു ബ്‌നു ഉമൈറിനെയായിരുന്നു. പക്ഷേ, മുസ്‌ലിം സൈന്യത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി.23 തബൂക്ക് യുദ്ധവേളയില്‍ (ഹി. 9-ാം വര്‍ഷം), യുദ്ധത്തിന് സ്വയം സന്നദ്ധരായി നിരവധി ഗിഫാര്‍ ഗോത്രക്കാര്‍ മുന്നോട്ടു വന്നു. പക്ഷേ, യാത്രാവാഹനങ്ങളും മറ്റും ഇല്ലാത്തതിനാല്‍ ചിലരെ ഒഴിവാക്കേണ്ടിവന്നു. ഒഴിവാക്കപ്പെട്ടവര്‍ സങ്കടം സഹിക്കവയ്യാതെ തേങ്ങിക്കരയാന്‍ തുടങ്ങി (അതിനാല്‍ ഇവര്‍ക്ക് ബനുല്‍ ബക്കാഅ്- 'കരച്ചിലിന്റെ ആളുകള്‍' എന്ന പേര് വീണു). ഈ ഗോത്രത്തില്‍തന്നെ പെട്ട ആളായിരുന്നു, വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാനായി നബിയെ സമീപിച്ച മാഇസും.24

ളംറ ഗോത്രം സംഭാവന ചെയ്ത മികച്ച നയതന്ത്രജ്ഞനാണ് അംറുബ്‌നു ഉമയ്യ ളംരി. മറ്റൊരു അധ്യായത്തില്‍ നാം അദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

(തുടരും)

 

കുറിപ്പുകള്‍

1. കന്‍സുല്‍ ഉമ്മാല്‍, III, No. 28134

2. ഇബ്‌നുമാജ - മുഖദ്ദിമ, അധ്യായം 17, No. 222

3. ബുഖാരി I/I

4. നസാഈ, അധ്യായം - ജിഹാദ്, No. 22

5. സ്വഹീഹ് മുസ്‌ലിം, അധ്യായം: 39, No. 154, 155, ഇബ്‌നുല്‍ ഹമ്പല്‍, II, 507

6. സ്വഹീഹ് മുസ്‌ലിം, ഖത്വീബുല്‍ ബഗ്ദാദി- താരീഖ് ബഗ്ദാദ്

7. കന്‍സുല്‍ ഉമ്മാല്‍, iii, No. 2785, അബൂയൂസുഫ് ഖറാജ്, പേ: 5

8. ഇബ്‌നു ഹജര്‍ - മത്വാലിബ്, No. 97

9. ഇബ്‌നു ഹിശാം പേ: 419-21, ഇബ്‌നു സഅ്ദ് II/i, പേ: 2

10. ഇബ്‌നു ഹിശാം പേ: 411-8, ഇബ്‌നു സഅ്ദ് II/i, പേ: 2-3

11. ഇബ്‌നു ഹിശാം, പേ: 416

12. ഇബ്‌നു ഹിശാം പേ: 210,211

13. സംഹൂദിയുടെ അഭിപ്രായത്തില്‍ (രണ്ടാം എഡിഷന്‍ പേ: 1001, 1018), ഖുദൈദ്, റാഗിബ്, ഖുമ്മ്, ജുഹ്ഫ എന്നിവയെല്ലാം ഒരേ മേഖലയിലുള്ള പ്രദേശങ്ങളാണ്. റാഗിബ് ഇന്നും ആ പേരില്‍ നിലനില്‍ക്കുന്നുണ്ട്. അത് ജുഹ്ഫക്ക് സമീപമാണ്. ഒരാള്‍ മദീനയില്‍നിന്ന് മക്കയിലേക്ക് പോവുകയാണെങ്കില്‍ ആദ്യമെത്തുന്നത് അബ്‌വയില്‍; പിന്നെ 13 മൈല്‍ പിന്നിട്ടാല്‍ ജുഹ്ഫ. ജുഹ്ഫയില്‍നിന്ന് നാല് മൈല്‍ അകലെയാണ് ഖുമ്മ് തടാകം. കുറച്ചുകൂടി അപ്പുറത്താണ് ഖുദൈദ് മഹാ ചന്ത നടക്കാറുണ്ടായിരുന്നത്. അതിന്റെ പരിസരത്ത് മനാത്തക്കു വേണ്ടി ഒരു ദേവാലയമുണ്ടായിരുന്നു. മദീന പലായനത്തിനിടക്ക് നബി രോഗിയായ ആടിനെ കറന്ന് പാലെടുത്ത (അത്ഭുത) സംഭവം നടന്ന ഉമ്മുമഅ്ബദിന്റെ കൂടാരവും ഇവിടെയായിരുന്നു. അതു കഴിഞ്ഞാണ് മര്‍റ് സ്വഹ്‌റാന്‍, സിര്‍ഫ്, തന്‍ഈം എന്നിവ.

14. ഇബ്‌നു ഹിശാം, പേ: 415-6, ഇബ്‌നു സഅ്ദ്: II/i, പേ: 3

15. വസാഇഖ്, No. 159

16. ഇബ്‌നു സഅ്ദ് II/i, പേ: 3

17. ഇബ്‌നു ഹിശാം പേ: 430, മക്കക്കാരുമായുള്ള അവരുടെ ബന്ധം വഷളാക്കിയ ഒരു കൊലപാതകത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്.

18. ഇബ്‌നു സഅ്ദ്, II/i, പേ: 48

19. 'മുസ്‌ലിംകളിലൊരു വിഭാഗമായി എണ്ണപ്പെടും', 'ദീന്‍ കാര്യമാണെങ്കില്‍ മുസ്‌ലിംകളോടൊപ്പം യുദ്ധത്തിന് അവര്‍ വരേണ്ടതില്ല' തുടങ്ങിയ പ്രയോഗങ്ങള്‍ ഗിഫാര്‍ ഗോത്രത്തിലെ മുസ്‌ലിംകളല്ലാത്ത അംഗങ്ങളെക്കൂടി കണക്കിലെടുത്താവണം.

20. വസാഇഖ്, No. 161

21. മഖ്‌രീസി - ഇംതാഅ് I, 373

22. അതേ പുസ്തകം, പേ: 277

23. ഇബ്‌നു ഹിശാം പേ: 983, ഇബ്‌നു സഅ്ദ് II/i, പേ: 92

24. ബുഖാരി 86/25

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല