ദാമ്പത്യ വഞ്ചനക്ക് ശേഷമുള്ള തിരുത്തല്‍ നടപടികള്‍
അവര്‍ പറഞ്ഞു തുടങ്ങി: ''എന്റെ ഭര്‍ത്താവും മറ്റൊരു സ്ത്രീയും തമ്മിലെ അവിഹിത ബന്ധം ഞാന്‍ കണ്ടുപിടിച്ചു. ആ സ്ത്രീയെ അദ്ദേഹം ജോലിസ്ഥലത്തു വെച്ച് പരിചയപ്പെട്ടതാവാം. അല്ലെങ്കില്‍ മൊബൈല്‍ ചാറ്റിംഗിലൂടെ അറിയാന്‍ ഇടവന്നതാവാം. എനിക്ക് കിട്ടിയ വിവരങ്ങളുമായി ഞാന്‍ ഭര്‍ത്താവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം സമ്മതിക്കുകയും ആ സ്ത്രീയുമായുള്ള ബന്ധം സ്ഥിരീകരിക്കുകയും അവളുമായുള്ള ബന്ധം അവസാനിപ്പിച്ച് ദാമ്പത്യ വഞ്ചനയില്‍നിന്ന് പിന്മാറാമെന്ന് എനിക്ക് ഉറപ്പുതരികയും ചെയ്തിരിക്കുകയാണ്. പക്ഷേ, എന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ച് സംശയമുണ്ട്. ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട് എന്റെ തലയില്‍.''
ഞാന്‍: ''എന്തൊക്കെയാണ് ചോദ്യങ്ങള്‍? കേള്‍ക്കട്ടെ.''
''ഇണകളില്‍ ഒരാള്‍ ദാമ്പത്യവഞ്ചന നടത്തിയെന്ന് ബോധ്യമായിട്ടും വൈവാഹിക ബന്ധം വിജയകരമായി തുടര്‍ന്നുപോവാന്‍ ഒക്കുമോ? സംഭവിച്ച ഈ തെറ്റിനു ശേഷവും വഞ്ചന നടത്തിയ ഒരു ഭര്‍ത്താവിന് തന്റെ വീഴ്ച മനസ്സിലാക്കി തിരുത്താന്‍ കഴിയുമോ? എനിക്കിനിയും അയാളിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുമോ? അയാള്‍ക്കാവശ്യമുള്ളതെല്ലാം ഞാന്‍ നിര്‍ലോഭം ഒരുക്കിക്കൊടുത്തിട്ടും നിഷിദ്ധം ചെയ്ത് എന്നോട് ഈ കൊലച്ചതി ചെയ്യാന്‍ എന്താവാം കാരണമെന്ന് എനിക്കറിയണം.''
ഞാന്‍: വഞ്ചകനായ ഭര്‍ത്താവിനോട് വളരെ വേഗത്തില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള കഴിവുള്ള ചില സ്ത്രീകളുണ്ട്. ചിലര്‍ക്ക് അതിന് സമയം വേണം. ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയും സൗമനസ്യവും സാധ്യമാണ്. ഇത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഹറാമായ വഴി ഉപേക്ഷിക്കുമെന്ന ഭര്‍ത്താവിന്റെ തീരുമാനം ചില കാര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഒന്നാമത്, അയാള്‍ ഭാര്യയോട് സത്യസന്ധനായിരിക്കണം. അവളോട് കളവ് പറയരുത്. എന്തിനേറെ പറയുന്നു, ഭര്‍ത്താവിന്റെ അവിഹിത ബന്ധം സംബന്ധിച്ച വിശദാംശങ്ങള്‍ ഭാര്യ തേടിയെന്നിരിക്കട്ടെ. അയാളാണെങ്കില്‍ അത് വെളിപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. എങ്കില്‍ അയാള്‍ പറയേണ്ടത് 'ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ്. ഭാര്യയോട് അയാള്‍ കളവ് പറയരുത്. അവരുടെ ദാമ്പത്യബന്ധം സത്യസന്ധമായും സുതാര്യമായും തുടരാന്‍ ഈ നിലപാട് ആവശ്യമാണ്. അവിഹിതബന്ധം തീര്‍ത്തും വിഛേദിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. മൊബൈല്‍, ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ എല്ലാ ബന്ധങ്ങളും അറുത്തുമാറ്റിയാവണം ഇത് സാധിക്കേണ്ടത്. തന്റെ ഭാര്യയോടും കുടുംബത്തോടും ഒപ്പമുള്ള ജീവിതവും സാന്നിധ്യവും വര്‍ധിപ്പിക്കുകയും വേണം. വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും കൂടുതല്‍ അകന്നുനില്‍ക്കുന്നതും രാവേറെ ചെന്ന് വീട്ടില്‍ വരുന്നതും ഉറക്കിമിളച്ച് പുറത്ത് ഏറെ കറങ്ങുന്നതുമെല്ലാം സംശയങ്ങള്‍ക്ക് ഇടവരുത്തും. അത് അവസാനിപ്പിക്കുക എന്നതാണ് മൂന്നാമത്തേത്. ഭാര്യയില്‍നിന്നുണ്ടാവുന്ന പ്രതികരണങ്ങള്‍ അവ എത്ര കടുത്തതായാലും സഹിക്കാന്‍ തയാറാവുക എന്നതാണ് നാലാമത്തെ കാര്യം. തന്റെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന രോഷവും കലിയും അടങ്ങുവോളം അവള്‍ ചിലപ്പോള്‍ അട്ടഹസിച്ചെന്നും ആക്രോശിച്ചെന്നും വരും. അതൊക്കെ സഹിക്കണം.
ഹറാമിലേക്ക് താന്‍ എടുത്തെറിയപ്പെട്ട സാഹചര്യങ്ങള്‍ ഭാര്യയോട് തുറന്നു സംസാരിക്കുകയാണ് അഞ്ചാമതായി വേണ്ടത്. ഒരുപക്ഷേ ഭാര്യ അയാളെ അവഗണിക്കുന്നതു മൂലമാവാം, സൗന്ദര്യബോധം ഇല്ലത്തതാവാം, വസ്ത്രധാരണത്തിലും ചമയങ്ങളിലും അവള്‍ കാണിക്കുന്ന അശ്രദ്ധയാവാം, ഹറാമിന് പ്രോത്സാഹനം നല്‍കുന്ന ചീത്ത കൂട്ടുകെട്ടാവാം, ഭാര്യയും അയാളും തമ്മിലെ ചിന്താപരവും സാംസ്‌കാരികവുമായ വിടവാകാം-ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയെ വൈജ്ഞാനികമായും സാംസ്‌കാരികമായും വളര്‍ത്താനാവണം അയാളുടെ ശ്രമം. അവളുടെ വീഴ്ചകള്‍ പറഞ്ഞുകൊടുത്ത് പരിഹാരം കാണാനും യത്‌നിക്കണം.
ആറാമത്, ബന്ധം വേര്‍പിരിയാന്‍ ഭാര്യ ആഗ്രഹം പ്രകടിപ്പിക്കുമ്പോള്‍ ആത്മസംയമനം കൈവിടാതെ നോക്കണം. 'ഞാന്‍ എന്റെ വിട്ടിലേക്ക്
പോവുകയാണ്' എന്ന് അവള്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. ധൃതിപ്പെട്ട് പ്രതികരിക്കരുത്. ഭര്‍ത്താവ് ചെയ്ത നിഷിദ്ധ കര്‍മത്തോടുള്ള അടങ്ങാത്ത അമര്‍ഷം നീറിപ്പുകയുകയാവും ആ മനസ്സില്‍. ദാമ്പത്യവഞ്ചനക്ക് ശേഷം വൈവാഹിക ബന്ധം നേരെയാവാന്‍ സമയമെടുക്കും. മനസ്സിനേറ്റ മുറിവ് പെട്ടെന്ന് ഉണങ്ങുമെന്ന് പ്രതീക്ഷിക്കരുത്. സമയവും സാവകാശവും പ്രധാന ഘടകമാണ്. ആത്മാര്‍ഥമായ ഖേദപ്രകടനത്തിനും കുറ്റസമ്മതത്തിനും ശേഷം ഭര്‍ത്താവിന് ഒരവസരവും കൂടി നല്‍കാന്‍ ഭാര്യ സൗമനസ്യം കാട്ടണം. ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച വീഴ്ചയാവാം അത്. അരുതാത്ത ചിന്തകളും സംശയങ്ങളും ഒഴിയാബാധ പോലെ കൊണ്ടു നടക്കുന്ന ഭാര്യയെ ഉള്‍ക്കൊള്ളാനും വസ്തുത പറഞ്ഞ് ബോധ്യപ്പെടുത്താനും ഭര്‍ത്താവ് നിരന്തരം ശ്രമിക്കണം. തന്റെ വേദനയും പശ്ചാത്താപവും കര്‍മത്തിലൂടെ പ്രകടിപ്പിച്ചാവണം ഭര്‍ത്താവ് തന്റെ വിശുദ്ധി ബോധ്യപ്പെടുത്തുന്നത്. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി ചെലവ് ചെയ്യുന്നതും ഗൃഹകാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും ഭാര്യ കണക്കിലെടുക്കുമെന്നോര്‍ക്കുക. തിരിച്ചുവരവിന്റെ അടയാളമായി അവര്‍ അത് മനസ്സില്‍ കുറിച്ചിടും. ഇബാദത്ത്, സ്വദഖ, ഉംറ, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളിലൂടെ സംഭവിച്ചുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. ചില സന്ദര്‍ഭങ്ങളില്‍ ഇരുവരും കൗണ്‍സലിംഗ് വിദഗ്ധന്റെയോ സ്പിരിച്വല്‍ ലൈഫ് കോച്ചിന്റെയോ സഹായം തേടുന്നത് 'വഞ്ചന'ക്കു ശേഷമുള്ള ആരോഗ്യകരമായ ഭാവി ജീവിതത്തിന് ഉതകും. ഭര്‍ത്താവിനെ സംബന്ധിച്ച അശുഭ ചിന്തകള്‍ ഒഴിവാക്കി സുദൃഢ ദാമ്പത്യബന്ധം തുടരാനുള്ള ശക്തമായ തീരുമാനം ഉണ്ടാവേണ്ടത് ആദ്യമായും അവസാനമായും 'നല്ല ഭാര്യ'യില്‍നിന്നുതന്നെയാണ്.
വിവ: പി.കെ ജമാല്‍
Comments