Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

സ്റ്റീഫന്‍ ഹോക്കിംഗ് എന്ന വിസ്മയ ജീവിതം

ബഷീര്‍ മുഹ്‌യിദ്ദീന്‍

സ്വബ്‌റ് എന്ന വാക്കിന് ക്ഷമ എന്നു മാത്രമല്ല അര്‍ഥം; അതില്‍ ക്ഷമയുണ്ട്, സഹനമുണ്ട്, സ്ഥൈര്യമുണ്ട്. തപസ്സനുഷ്ഠിക്കുന്നതുപോലെ ആന്തരിക അനുഭൂതിയാണത്. ഒരു ലക്ഷ്യം നിറവേറ്റിയെടുക്കാന്‍ ജീവിതത്തെ പാകപ്പെടുത്തിയെടുക്കലാണ് സ്വബ്‌റ്. പ്രതിസന്ധികള്‍ എന്തുതന്നെയായാലും തികഞ്ഞ പ്രതീക്ഷയോടെ അതിനെ മറികടക്കാനുള്ള അതിമഹത്തായ ആയുധമാണ് സ്വബ്‌റ്.

സ്വബ്‌റിനെപ്പറ്റി പറയുമ്പോള്‍ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ അതുല്യനായ ശാസ്ത്രപ്രതിഭ സ്റ്റീഫന്‍ ഹോക്കിംഗിനെ നമുക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം സാങ്കേതികമായി 'മുസ്‌ലിം' ആയിരുന്നില്ല. മുസ്‌ലിം സമുദായത്തില്‍ പിറന്നയാളുമല്ല. ഒരുപക്ഷേ നമ്മള്‍ ഇങ്ങനെ ചിന്തിച്ചേക്കാം: ഇങ്ങനെയുള്ള ഒരാളെ എന്തിന് മിമ്പറില്‍ അനുസ്മരിക്കണം? അദ്ദേഹം ദൈവവിശ്വാസി പോലുമായിരുന്നില്ലത്രെ. പക്ഷേ, അല്ലാഹു ആ ജീവിതത്തിലൂടെ നമുക്കൊരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.

അദ്ദേഹം കണ്ടെത്തിയ ശാസ്ത്ര വിസ്മയങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. അതേസമയം, നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സ്വബ്‌റിന്റെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണോ അല്ലാഹു അദ്ദേഹത്തെ അയച്ചത് എന്ന് തോന്നിപ്പോകുന്നു.

പണ്ട് അല്ലാഹു ഒരു കാക്കയെ അയച്ചത് ഓര്‍ക്കുന്നില്ലേ; സഹോദരന്റെ ജഡം മറവു ചെയ്യേണ്ടവിധം പഠിപ്പിക്കാനാണതിനെ അയച്ചത്. വേണമെങ്കില്‍ അങ്ങനെയുള്ള കാക്കയായിട്ട് നമുക്ക് സ്റ്റീഫന്‍ ഹോക്കിംഗിനെ കാണാം. അസ്വസ്ഥ മനസ്സുകള്‍ക്ക് അതിജീവനത്തിന്റെ അതുല്യ മന്ത്രങ്ങള്‍ പഠിപ്പിച്ച കാക്കയായിട്ട്.

ലോകാത്ഭുതങ്ങള്‍ ഏഴില്‍നിന്ന് എട്ടിലേക്ക് തിരുത്തിയ അതുല്യ ജന്മമാണ് അദ്ദേഹത്തിന്റേത്. ചെറിയ പരീക്ഷണങ്ങളില്‍ പെട്ടെന്ന് ചിറകൊടിഞ്ഞ് മനസ്സ് തളര്‍ന്നുപോകുന്ന അവസ്ഥയിലാണ് നാം. അവിടെ മനസ്സിന്റെ കരുത്തും അതിന്റെ സാധ്യതയുമാണ് ആ ജീവിതം നമുക്ക് പഠിപ്പിച്ചുതരുന്നത്. മനസ്സ് തളര്‍ന്നാല്‍ ശരീരം തളരും. പക്ഷേ, മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍, അത് നേടിയെടുക്കാനുള്ള ദൃഢനിശ്ചയം മനസ്സ് നേടിയെടുത്തിട്ടുണ്ടെങ്കില്‍ അയാളുടെ നിഘണ്ടുവില്‍ 'അസാധ്യം' എന്ന വാക്കില്ല. അദ്ദേഹത്തിന്റെ വീല്‍ചെയറുണ്ടല്ലോ അതൊരു പ്രതീകമാണ്. അതുമായി അദ്ദേഹം അന്റാര്‍ട്ടിക്ക മുതല്‍ സീറോ ഗ്രാവിറ്റി വരെ സഞ്ചരിച്ചു. ഒരിക്കല്‍ താന്‍ ശൂന്യാകാശത്ത് പോകും എന്നദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. മനസ്സില്‍ ഒരാഗ്രഹമുണ്ടെങ്കില്‍ പറക്കാന്‍ ചിറകുകള്‍ വേണ്ട എന്ന് അദ്ദേഹം പഠിപ്പിക്കുന്നു.

നമ്മെപ്പോലെ ഒരുപാട് സ്വപ്‌നങ്ങളുള്ള യുവത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ബിരുദ പഠനശേഷം ഗവേഷണ പഠനത്തിന് ശ്രമിക്കവെ കൈകാലുകള്‍ വേച്ചു, സംസാരം ഇടറി. പതിയെ നശിക്കുന്ന കോശങ്ങളെ നോക്കി, കൂടിയാല്‍ രണ്ട് വര്‍ഷം ആയുസ്സ് വിധിയെഴുതി ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ അടുത്ത കട്ടിലില്‍ കാന്‍സര്‍ ബാധിച്ച് അവശതയില്‍ കിടക്കുന്ന കുട്ടിയോട് ഹോക്കിംഗ് ചോദിച്ചുവത്രെ, ഒന്ന് മരിച്ചുകിട്ടിയെങ്കില്‍ എന്നു തോന്നുന്നുണ്ടോ എന്ന്. കുട്ടി: ഇല്ല; ഒരു ദിവസമെങ്കില്‍ ഒരു ദിവസം എനിക്ക് ജീവിക്കണം. ഈ ഉത്തരത്തില്‍നിന്നാണ് അദ്ദേഹം ആത്മവിശ്വാസം നേടിയെടുത്തത്. ഒന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം തന്റെ ഗവേഷണ സപര്യയില്‍ മുഴുകി. ചലനമില്ലാത്ത ശരീരത്തില്‍നിന്ന് 'വികസിക്കുന്ന പ്രപഞ്ച'ത്തെക്കുറിച്ച് ചിന്തിച്ചു. നമുക്കാലോചിക്കാന്‍ കഴിയുമോ?

നാം പല തവണ ഖുര്‍ആന്‍ അദ്ദാരിയാത്ത് 47-ാം സൂക്തം ഉച്ചാരണശുദ്ധിയോടെ പാരായണം ചെയ്തു: ''നാം നമ്മുടെ കരങ്ങള്‍കൊണ്ട് ഈ ആകാശത്തെ നിര്‍മിച്ചു. നാം തന്നെ ഇതിനെ വികസിപ്പിക്കുന്നവനാണ്.''

സ്റ്റീഫന്‍ ഹോക്കിംഗ് അതിന്റെ പൊരുളറിയാന്‍ ശ്രമിച്ചു. അദ്ദേഹം വിശ്വാസിയല്ല; ഖുര്‍ആന്‍ അറിയില്ല. പക്ഷേ, അല്ലാഹുവിന്റെ പ്രപഞ്ചത്തെ അഗാധമായി നിരീക്ഷിച്ചു. നമ്മളാരും ഈ ആയത്ത് 'വായിച്ചില്ല'; 'ഓതി'യിട്ടുണ്ട്. വേണ്ടവിധത്തില്‍വായിക്കാന്‍, പഠിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ആ ഒരു കുറ്റബോധം മനസ്സിലിരിക്കട്ടെ.

വീണ്ടും ന്യൂമോണിയ ബാധിച്ച് അവശനിലയില്‍ ഹോക്കിംഗ് 'ജീവഛവം' എന്ന അവസ്ഥയിലെത്തി. കണ്ണിന്റെ പുരികം കൊണ്ടും മുഖപേശി കൊണ്ടും പ്രത്യേക ഉപകരണം വഴി ലോകത്തോട് സംവദിക്കുകയായിരുന്നു പിന്നീടദ്ദേഹം.

1988-ല്‍ സമയത്തെയും കാലത്തെയും പറ്റിയുള്ള ലോകപ്രശസ്ത ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. വില്‍പനയില്‍ റെക്കോര്‍ഡിട്ടു ആ പുസ്തകം. ആ പുസ്തകത്തില്‍ ലോകചരിത്രത്തിന്റെ ചുരുക്കെഴുത്ത് അദ്ദേഹം നടത്തുന്നുണ്ട്. പ്രവാചകനും വേദവും പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രഭാഷയില്‍ അദ്ദേഹം പറയുകയാണ്.

സമയം അമൂല്യമാണ്; അതുകൊണ്ട് അതിനെ ബോധപൂര്‍വം ഉപയോഗിച്ചു. എല്ലാ നെഗറ്റീവ് ചിന്തകളെയും അതിജീവിച്ച് നിരന്തര യാത്രകളും ഗവേഷണങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി. പരിമിതികളെ ആയുധമാക്കി. അലസത വെടിഞ്ഞ് മുന്നോട്ടുപോകാന്‍ നിതാന്ത ജാഗ്രത്തായിരുന്നു അദ്ദേഹം. വൈകല്യം ശാരീരികമല്ല; മാനസികമാണ്. ഭിന്നശേഷി പരിമിതിയായി കാണാതെ നിക്ഷേപിക്കപ്പെട്ട കഴിവുകളെ തിരിച്ചറിയാന്‍ അദ്ദേഹം പഠിപ്പിക്കുന്നു.

നമ്മുടെ മനസ്സിന് വൈകല്യം ബാധിച്ചിട്ടുണ്ടോേ? അലസതയാണല്ലോ നമ്മുടെ മുഖമുദ്ര. അദ്ദേഹത്തിനു വേണ്ടി അനുശോചിക്കാമോ, ദുഃഖിക്കാമോ എന്ന 'മസ്അല' ചോദിക്കുകയാണല്ലോ നമ്മള്‍.

യഥാര്‍ഥത്തില്‍ ചിന്തിച്ചു നോക്കുക. ഈ ഉമ്മത്ത് നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുകയാണ്. അല്ലാഹു നല്‍കിയ ചിന്തയെ, കഴിവിനെ, ക്രിയാശേഷിയെ പ്രയോജനപ്പെടുത്താതെ ഉറങ്ങിക്കിടക്കുന്ന ഈ ഉമ്മത്തിന് വേണ്ടിയാണോ നാം ദുഃഖിക്കേണ്ടത്?

അദ്ദേഹത്തെക്കുറിച്ച് പഠിക്കുമ്പോള്‍ അദ്ദേഹം പടച്ചവനെ തൊട്ടില്ല എന്ന യാഥാര്‍ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പക്ഷേ, അവിടെ നാം തലകുനിക്കേണ്ടിവരും; കുറ്റബോധത്തോടെ. നമ്മള്‍ തന്നെയല്ലേ അതിന്റെ കാരണക്കാര്‍? ഏതു നിമിഷവും കുമിളപോലെ പൊട്ടിത്തകരുമായിരുന്ന ആ ജീവിതം വളരെ പ്രയാസപ്പെട്ട് മുന്നോട്ടുപോയപ്പോള്‍ അല്ലാഹുവിനെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍, ഈ പ്രപഞ്ചത്തിനു പിന്നിലെ യാഥാര്‍ഥ്യത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തോളം വളര്‍ന്ന ഒരാള്‍ നമുക്കില്ലാതെ പോയി.

ഐന്‍സ്റ്റീനുമായി നിരന്തര സംവാദം നടത്തിയ അല്ലാമാ ഇഖ്ബാലിനെ ഓര്‍ത്തുപോവുകയാണ്. മഹാ പ്രതിഭകളോട് സംവദിക്കാന്‍ പ്രതിഭകളില്ലാതെ പോയത് കാലത്തിന്റെ നഷ്ടമാണ്.

പ്രപഞ്ചത്തിന്റെ തുടക്കം, സഞ്ചാരം, ഒടുക്കം ഇവയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ മുന്നില്‍ വെച്ച് പഠിക്കാനോ ഉള്‍ക്കൊള്ളാനോ ജനങ്ങള്‍ക്കത് എത്തിച്ചുകൊടുക്കാനോ സാധിക്കുന്നേടത്ത് നമുക്ക് നമ്മുടെ ദൗത്യനിര്‍വഹണം സാധ്യമാവും. അദ്ദേഹം നിര്‍ത്തിയിടത്ത് നിന്ന് നമുക്ക് തുടങ്ങാം. 

 

(16-3-2018-ന് കലൂരിലെ ദഅ്‌വ മസ്ജിദില്‍ നടത്തിയ ഖുത്വ്ബ) സംഗ്രഹിച്ചത്: സി.പി ജൗഹര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല