മണ്ണ് പാകപ്പെടുത്തുന്നത് വംശീയ ഉന്മൂലനത്തിന്
ഡിഗനയില്‍ കഴിഞ്ഞ ജനുവരി നാലിന് ഞായറാഴ്ച നിരപരാധിയായ സിംഹള ലോറി ഡ്രൈവര്‍ക്കു നേരെ ത്രിചക്രവാഹനത്തില്‍ മദ്യപിച്ചെത്തിയ മുസ്‌ലിം ഗുണ്ടകള്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമായിരുന്നു. പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കേണ്ടത് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ബാധ്യത. സംഭവിച്ചത് പക്ഷേ, മറ്റൊന്നായിരുന്നു. മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി ചാമ്പലാക്കപ്പെട്ടു. പ്രദേശമൊന്നാകെ ഭീകരാന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു. മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയിലും സംസ്‌കാര ചടങ്ങുകളിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് അറിയുമായിരുന്നെങ്കിലും, പ്രദേശത്തെ മുസ്‌ലിംകളെ വംശീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ഇല്ലെന്നുവന്നതോടെ വംശീയത തലക്കുപിടിച്ചവര്‍ക്ക് എന്തും ചെയ്യാന്‍ അവസരമൊരുങ്ങുകയായിരുന്നു. സിംഹള സംഘടനയായ ബോഡു ബല സേന (ബി.ബി.എസ്) നേതാവ് ബുദ്ധ സന്യാസിയായ ഗലഗോഡ അറ്റെ ജ്ഞാനസാരയുടെ സാന്നിധ്യം എരിതീയില്‍ എണ്ണ പകര്‍ന്നു.
എന്തൊക്കെയാണ് അവിടെ സംഭവിച്ചത്? 'മുസ്‌ലിംകള്‍ക്ക് സ്വയം പ്രതിരോധത്തിന് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ആദ്യം സുരക്ഷാ സേന വന്ന് നാട്ടുകാര്‍ കൈവശം വെച്ച കത്തിപോലും എടുത്തുകൊണ്ടുപോയി. പിന്നീടാണ് ആക്രമണമുണ്ടാകുന്നത്. ഒരിക്കല്‍, മസ്ജിദിനകത്ത് കയറിയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അകത്തുള്ളവരെ മുഴുവന്‍ ആക്രമിച്ചു. പുറത്തുകാത്തിരുന്ന വംശീയവാദികളുടെ ഊഴമായിരുന്നു പിന്നീട്. ഇവരില്‍ ഹെല്‍മറ്റ് ധരിച്ച സ്ത്രീകള്‍ വരെയുണ്ടായിരുന്നു.' പാലെകെലെ സ്വദേശിയായ ഒരു മുസ്‌ലിം വിവരിച്ചതിങ്ങനെ. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള പോംവഴിയായി സര്‍ക്കാര്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് പറയുന്നവരും അനവധി. മൈത്രി-റനില്‍ വംശീയതയും നേരത്തേയുണ്ടായിരുന്ന രാജപക്‌സെയുടെ വംശീയതയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നതാണ് വസ്തുത. അലുത്ഗമ, ബെറുവാല, ദര്‍ഗ ടൗണ്‍ എന്നിവിടങ്ങളിലെ വംശീയ കൂട്ടക്കൊലകള്‍ക്കു പിന്നില്‍ മഹിന്ദ രാജപാക്‌സെയായിരുന്നെങ്കില്‍ ഗിന്‍ടോട്ട, അംപാര, ഡിഗാന കൂട്ടക്കൊലകളുടെ ക്രെഡിറ്റ് മൈത്രി-റനില്‍ കൂട്ടുകെട്ടിനാണ്.
കഴിഞ്ഞതില്‍നിന്നൊന്നും ഒരു പാഠവും പഠിക്കാനായിട്ടില്ലാത്തതിനാല്‍ രാജ്യം കൂടുതല്‍ ഭീഷണമായ ദുരന്തങ്ങളിലേക്കാണ് നീങ്ങുന്നതെന്നു തോന്നുന്നു. ആദ്യം അംപാര മസ്ജിദ് ഇമാമിനു നേരെ ആക്രമണം. പിന്നീട് മസ്ജിദ് തന്നെയും അക്രമിക്കപ്പെട്ടു. മുസ്‌ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും അവരുടെ സ്വത്തുക്കളും വ്യാപക കൊള്ളിവെപ്പിനിരയായി. എല്ലായിടത്തും ഇത് തുടര്‍ക്കഥയാവുകയാണ്. സിംഹള മനസ്സുകളില്‍ മുസ്‌ലിംവിരുദ്ധ വികാരം കുത്തിനിറക്കാന്‍ വര്‍ഷങ്ങളായി വിഷലിപ്തമായ കാമ്പയിന്‍ തുടരുന്നുണ്ട്. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളില്‍ ഇടപാടുകാരായി എത്തുന്ന സിംഹളരെ ഗൂഢമായ വഴികളിലൂടെ വന്ധ്യംകരിക്കാന്‍ ശ്രമമുണ്ടെന്ന പ്രചാരണം അതിലൊന്ന്. ഇവിടെ വില്‍ക്കപ്പെടുന്ന ബ്രേസിയറുകളിലും മറ്റും വന്ധ്യംകരണത്തെ സഹായിക്കുന്ന വസ്തുക്കള്‍ ഒളിപ്പിച്ചു വെക്കുന്നുവെന്നാണ് ആരോപണം.
മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍നിന്ന് സാധാരണക്കാരായ സിംഹളരെ അകറ്റുക വഴി സാമ്പത്തികമായി മുസ്‌ലിംകളെ തകര്‍ക്കുകയാണ് ലക്ഷ്യം.
ഈ ആള്‍ക്കൂട്ടത്തിന് ബുദ്ധമതവുമായോ സിംഹള സംസ്‌കാരവുമായോ ബന്ധമൊന്നുമില്ല. പ്രാദേശികമോ പുറത്തുനിന്നുള്ളതോ ആയ മുസ്‌ലിം വിരുദ്ധ ശക്തികള്‍ക്കുവേണ്ടി പണിയെടുക്കുന്ന കൂലിത്തൊഴിലാളികള്‍ മാത്രം. ചൂതാട്ട കേന്ദ്രങ്ങള്‍, മദ്യഷാപ്പുകള്‍, ലൈംഗിക വ്യവസായം തിമര്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊന്നും ഇവര്‍ ആയുധങ്ങളുമായി എത്തില്ല. ഇമാമുമാരെ ആക്രമിച്ചും പള്ളികളും മുസ്‌ലിം വ്യാപാര കേന്ദ്രങ്ങളും റസ്റ്റോറന്റുകളും വാഹനങ്ങളും കത്തിച്ചും നിര്‍വാണം പ്രാപിക്കാവുന്ന ബുദ്ധിസമാണ് അവരുടേത്. സ്വന്തം രാജ്യത്തിന് ഇതുവഴി ഉണ്ടാകുന്ന മഹാ ദ്രോഹങ്ങളെ കുറിച്ച് ഒട്ടും ബോധവാന്മാരല്ലാത്തവര്‍.
കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെ രണ്ട് പ്രധാന സംഭവങ്ങള്‍ അരങ്ങേറി. ഒന്ന്, അംപാരയിലും രണ്ടാമത് ടെല്‍ഡനിയക്കു സമീപത്തെ ഡിഗാനയിലും. അധികൃതരുടെ ഒത്താശയോടെയായിരുന്നു ഈ ആക്രമണങ്ങളെന്ന സംശയം വ്യാപകമാണ്. പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിയമപാലകര്‍ താല്‍പര്യമെടുക്കാത്തത് ഇതുകൊണ്ടാകണം. നേരത്തേ, രാജപക്‌സെ ഭരണത്തില്‍ ബെറുവാല, ദര്‍ഗ ടൗണ്‍, അലുത്ഗമ എന്നിവിടങ്ങളില്‍ കലാപം നടത്തിയവര്‍ ഇന്നും സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കുകയാണല്ലോ. ഗിന്‍ടോട്ടയിലും അക്രമികളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് കുടപിടിച്ചുവെന്ന് ജനം വിശ്വസിക്കുന്നു.
പുറത്തുനിന്നുള്ളവരാണ് ഇവിടെ ആക്രമണത്തില്‍ സജീവമായതെന്നാണ് ശ്രദ്ധേയം. ബെറുവാല, ദര്‍ഗ ടൗണ്‍, അലുത്ഗമ, ഗിന്‍ടോട്ട, അംപാര, ഡിഗാന തുടങ്ങി എല്ലായിടത്തും പുറത്തുനിന്ന് ആളുകളെത്തിയത് ബസുകളിലും വാനുകളിലും മുച്ചക്ര വാഹനങ്ങളിലുമായിരുന്നു.
ഈ പുറമെക്കാര്‍ ആരായിരിക്കുമെന്നതാണ് ചോദ്യം. നാടിനെ നശിപ്പിക്കാനായി സാമ്പത്തിക സഹായം നല്‍കിയും സംഘാടനം നിര്‍വഹിച്ചും ഇവരെ എത്തിച്ചത് ആരാണ്?
അംപാരയില്‍ അക്രമം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്. കാല്‍മണിക്കൂറിനകം എത്താവുന്ന അകലത്തിലായിരുന്നു പോലീസ്. വൈകിയാണെങ്കിലും പോലീസ് എത്തിയിട്ടും അക്രമികള്‍ വിളയാട്ടം തുടര്‍ന്നു. നിയന്ത്രിക്കേണ്ടവര്‍ കണ്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടു ദിവസം അഴിഞ്ഞാടിയ അക്രമികളെ പിടികൂടേണ്ട പൊലീസ് പക്ഷേ, കസ്റ്റഡിയിലെടുത്തത് അക്രമത്തിനിരയായ ഹോട്ടല്‍ കാഷ്യറെയായിരുന്നു. വിളിപ്പിച്ച രണ്ടു പ്രതികളെ പിന്നീട് വിട്ടയക്കുകയും ചെയ്തു.
അംപാരയിലെ അക്രമങ്ങള്‍ക്കു പിന്നില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഇഷ്ടക്കാരനായിരുന്നുവെന്ന് മന്ത്രി രജിത സേനവിരത്‌നെ പറഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഇയാള്‍ സ്ഥലം സന്ദര്‍ശിച്ച് പോലീസുമായി നീക്കുപോക്കുകള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നടന്നതത്രയും മൂടിവെക്കാന്‍ പോലീസ് നടത്തിയ ഇടപെടലുകള്‍ തെളിയിക്കാന്‍ നിഷ്പക്ഷ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് ഒരു പ്രസ്താവനയിറക്കാന്‍ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഇനിയും തയാറായിട്ടില്ല. അംപാര സന്ദര്‍ശിക്കുന്നതിനു പകരം ക്രമസമാധാന ചുമതലയുള്ള മന്ത്രി വിക്രമസിംഗ പുറപ്പെട്ടത് സിംഗപ്പൂരിലേക്കായിരുന്നു. മുസ്‌ലിം മന്ത്രിമാര്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് അംപാരയിലെ അക്രമങ്ങള്‍ അന്വേഷിക്കാമെന്ന് വിക്രമസിംഗെ ഉറപ്പുനല്‍കിയത്. സിംഹള വോട്ടുബാങ്ക് വഴിമാറിപ്പോകാനുള്ള സാധ്യതയാകും സിരിസേനയെ അലോസരപ്പെടുത്തിയത്.
മുസ്‌ലിംകളെ കൈയൊഴിഞ്ഞ് വംശീയവാദികളുമായി കൂട്ടുകൂടുന്നുവെന്ന് നേരത്തേതന്നെ അദ്ദേഹത്തിനെതിരെ പരാതിയുള്ളതാണ്. രാജ്യം രാഷ്ട്രീയമായും സാമ്പത്തിക, സാമൂഹിക തലങ്ങളിലും സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അനുബന്ധമായി നാം അറിയണം. വംശീയ ആക്രമണങ്ങള്‍ ഒരിക്കല്‍ കൂടി രാജ്യത്തെ നെടുകെ പിളര്‍ത്താന്‍ ശേഷിയുള്ളതാണ്. ഒരു ഫേസ്ബുക്ക് കമന്റ് ഇങ്ങനെ, മുഹമ്മദ് സന്‍ഹര്‍ഫ യുടേത് 'പോലീസ് എത്താന്‍ വൈകിയെന്നത് ന്യായീകരിക്കാം. പക്ഷേ, രണ്ടു വിഭാഗങ്ങള്‍ തമ്മിലെ സംഘട്ടനമായി മുദ്രകുത്തി പ്രതികളെ ജാമ്യത്തില്‍ വിടുന്നതാണ് മാപ്പര്‍ഹിക്കാത്തത്. നടന്നതെല്ലാം വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് ഇടപാടുകാരനും ഉടമയും തമ്മിലായിരുന്നു. എന്നിട്ടും, എന്തിനാകും മസ്ജിദ് ആക്രമിക്കപ്പെട്ടത്? ആരുമായും അങ്കത്തിനില്ലാത്ത സ്ഥാപനമല്ലേ മസ്ജിദ്?'
ഈയിടെയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ സിംഹളര്‍ക്കിടയില്‍ ഭീതി നിറച്ചിരുന്നുവെന്നത് സത്യമാണ്. ഇത് അപകടകരമായ പ്രവണതയാണ്. വംശീയ കാര്‍ഡിറക്കലും വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടലും ജനങ്ങളുടെ ദുരിതങ്ങളെ, കയറിപ്പോകാനുള്ള ചവിട്ടുപടിയായി ഉപയോഗിക്കലും രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുമയൊന്നുമല്ല. യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടി, ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി എന്നിവ ഇളക്കിവിട്ട വികാരങ്ങളാണ് തമിഴരെ കലാപത്തിന്റെ ഇരകളാക്കിയതും വന്‍ ദുരന്തത്തില്‍ പിന്നീടത് കലാശിച്ചതും.
സൈനികര്‍ രാജ്യത്തിനു വേണ്ടി പോരിനിറങ്ങി ശരീരവും അവയവങ്ങളും ബലിനല്‍കുന്നത് തുടര്‍ന്നപ്പോള്‍ മറുവശത്ത് ഭരണം പങ്കിട്ട യു.എന്‍.പി, എസ്.എല്‍.ഇ.പി പാര്‍ട്ടികളുടെ നേതാക്കളും അവരുടെ പിണിയാളുകളും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി കമീഷന്‍ പറ്റുന്ന തിരക്കിലായിരുന്നു. ഇനിയൊരു വംശീയ കൂട്ടക്കൊല കൂടി രാജ്യത്തിന് താങ്ങാവുന്നതിലപ്പുറമാണ്. ഇസ്‌ലാമിനും മുസ്‌ലിമിനുമെതിരെ ആഗോളതലത്തില്‍ യു.എസും ഇസ്രയേലും മുന്നില്‍നിന്ന് നയിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ശ്രീലങ്കയിലും ഇവ തീര്‍ക്കുന്ന പ്രത്യാഘാതങ്ങളും പ്രവചിക്കാവുന്നതിനപ്പുറമാണ്.
എന്നാല്‍, പ്രത്യാശയുടെ പ്രകാശരേഖകളും ഇത്തവണ ശ്രീലങ്കയില്‍ ദൃശ്യമായി എന്നതും ശ്രദ്ധേയമാണ്. അംപാരയില്‍ ആക്രമണം അരങ്ങേറിയ ഉടന്‍ സിംഹള വിഭാഗങ്ങളിലെ വലിയൊരു വിഭാഗം ഇതില്‍ നിന്ന് വിട്ടുനിന്നു. പരസ്യമായി ആക്രമണങ്ങള്‍ക്കെതിരെ ചിലര്‍ നിലപാട് സ്വീകരിച്ചപ്പോള്‍ മറ്റുള്ളവര്‍ അപവാദ പ്രചാരണങ്ങള്‍ വെറും നുണയാണെന്ന് പറഞ്ഞ് തള്ളി.
ഇത്തരം സിവില്‍ സമൂഹങ്ങളാണ് രാജ്യത്തിന് ആവശ്യം. അഴിമതി തുടച്ചുനീക്കി, ക്രിമിനലുകളെയും വംശീയത ആവേശിച്ചവരെയും മാറ്റിനിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ സാഹചര്യം രാജ്യത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്. സ്വയം അടിച്ചേല്‍പിച്ച ഒറ്റപ്പെടലിന്റെ പുറന്തോട് പൊട്ടിച്ച് മുഖ്യധാരയോടൊപ്പം ചേരാനും സക്രിയമായി രംഗത്തുള്ള ഇതര സാമൂഹിക വിഭാഗങ്ങളുമായി തോള്‍ ചേര്‍ന്ന് ദേശത്തിന്റെ വികസനത്തില്‍ തങ്ങളുടെ പങ്കുവഹിക്കാനും മുസ്‌ലിംകള്‍ക്കുമാകണം.
(സിലോണ്‍ ഡെയ്‌ലി ന്യൂസ്, സിലോണ്‍ ഒബ്‌സര്‍വര്‍, കൊളംബോയിലെ സൗത്തേഷ്യ ന്യൂസ് ഏജന്‍സി തുടങ്ങിയ നിരവധി പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ലേഖകന്‍ "Nobody's People- The Forgotten Plight of Sri Lankan Muslims' എന്ന കൃതിയുടെ കര്‍ത്താവു കൂടിയാണ്)
Comments