'ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ കമ്പ്യൂട്ടറും'
ചോദ്യം: സമഗ്ര വികസനത്തിന് മുസ്‌ലിം യുവാക്കള്‍ ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറുമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിം യുവാക്കള്‍ ഒരുഭാഗത്ത് മാനവിക ഇസ്‌ലാമിന്റെ ഭാഗമാവുകയും മറുഭാഗത്ത് ആധുനിക വിജ്ഞാനത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുകയും വേണം. ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദാനിലെ അബ്ദുല്ല രാജാവിനെ പങ്കെടുപ്പിച്ച് ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്‌ലാമിക് സെന്റര്‍ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
(മാധ്യമം 2018 മാര്‍ച്ച് 2 വെള്ളി)
കേരളത്തില്‍നിന്ന് സമസ്ത എ.പി ഗ്രൂപ്പ് നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം പങ്കെടുത്ത ഈ പരിപാടിയിലെ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് എന്തുപറയുന്നു?
നസീര്‍, പള്ളിക്കല്‍
ഉത്തരം: സുന്നി-സലഫി പണ്ഡിതന്മാരും നേതാക്കളുമടക്കം പങ്കെടുത്ത ജോര്‍ദാന്‍ രാജാവ് മുഖ്യാതിഥിയായ പരിപാടിയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗത്തോട് വിയോജിക്കുന്നവരാരും മുസ്‌ലിം സമുദായത്തിലുണ്ടാവാന്‍ ഇടയില്ല. ജീവന്‍ പോയാലും വിശ്വാസികള്‍ മുറുകെ പിടിക്കുന്നതാണ്, പിടിക്കേണ്ടതാണ് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍. അത് അന്ധമായ ആരാധനയുടെയോ ഭക്തിയുടെയോ ഫലമല്ല. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി ജീവിതം ക്രമപ്പെടുത്തിയാല്‍ ഇഹ-പര നേട്ടങ്ങള്‍ക്കായി മറ്റൊന്നും അന്വേഷിക്കേണ്ടതില്ല എന്ന് അവര്‍ക്കറിയാം. മനുഷ്യനെ സൃഷ്ടിച്ചതു തന്നെ മലക്കുകളെ അതിശയിപ്പിച്ച ബുദ്ധിശക്തിയോടുകൂടിയാണ്. വിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായി അവതരിച്ചതും എഴുത്തും വായനയും വഴി വളരാനും വികസിക്കാനും ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ്. പ്രപഞ്ചത്തെയും സ്വന്തത്തെയും കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഉയരാനുമുള്ള ആഹ്വാനം ഖുര്‍ആനിലുടനീളം കാണാം. തൂലിക കൊണ്ടുള്ള ജിഹാദാണ് ഖഡ്ഗം കൊണ്ടുള്ള ജിഹാദിനെ വെല്ലുന്ന ശക്തി. മനുഷ്യ മാഹാത്മ്യം മറ്റെന്തിനേക്കാളും ഉദ്‌ഘോഷിക്കുന്ന ഖുര്‍ആന്‍ കൈയിലേന്തി മുസ്‌ലിമിന് അറിവിനോ അഭിവൃദ്ധിക്കോ വികാസത്തിനോ മറ്റൊരു സ്രോതസ്സ് അന്വേഷിക്കേണ്ടതായിട്ടില്ല. അങ്ങനെയാണ് പൂര്‍വികരായ മഹാത്മാക്കള്‍ കാലത്തെ അമ്പരപ്പിച്ച ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്തിയതും പ്രപഞ്ച രഹസ്യങ്ങള്‍ പലതും അനാവരണം ചെയ്തതും. പടിഞ്ഞാറിന് വെളിച്ചം നല്‍കിയത് പൗരസ്ത്യ മുസ്‌ലിം ചിന്തകരും ശാസ്ത്രജ്ഞരുമാണെന്നത് അനിഷേധ്യ ചരിത്രസത്യം.
എന്നാല്‍ സ്വതന്ത്രചിന്തയും അറിവ് തേടിയുള്ള അലച്ചിലും അവസാനിപ്പിച്ച് മുസ്‌ലിംകള്‍ എന്നുമുതല്‍ കേവലം അനുകര്‍ത്താക്കളായി മാറിയോ അന്നുമുതല്‍ അവരുടെ അധോഗതിയും ആരംഭിച്ചു. അധഃപതനത്തിന്റെ ആഴത്തിലേക്ക് ആപതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ മുമ്പില്‍ കണ്ടാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം. പക്ഷേ, എത്രത്തോളം ആത്മാര്‍ഥമാണ് എന്നതാണ് മര്‍മപ്രധാനമായ ചോദ്യം. 50 വര്‍ഷത്തെ മുസ്‌ലിം അവസ്ഥ സമഗ്രമായി അന്വേഷിച്ച് സച്ചാര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപ്പടി തള്ളിക്കളഞ്ഞ പാര്‍ട്ടിയാണ് ബി.ജെ.പി. മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസ്ഥ പട്ടികജാതി/പട്ടികവര്‍ഗങ്ങളേക്കാള്‍ മോശമാണെന്ന് വസ്തുതകളുദ്ധരിച്ച് കമീഷന്‍ ചൂണ്ടിക്കാട്ടിയിട്ടും അത് പരിഹരിക്കാനുള്ള ഏത് നടപടിയെയും ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിച്ചു. തദടിസ്ഥാനത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ആവോളം ഇളിക്കിവിട്ടാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത്. ബി.ജെ.പിയാണ് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത്. ഒരിടത്തും മുസ്‌ലിം വിദ്യാഭ്യാസത്തിന് നിസ്സാര പരിഗണനപോലും നല്‍കുന്നില്ല. പകരം, അവര്‍ ഒരു കൈയില്‍ പിടിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി ഉപദേശിക്കുന്ന ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായ അന്ധവിശ്വാസങ്ങളും കടങ്കഥകളും ഐതിഹ്യങ്ങളും മുസ്‌ലിം തലമുറകളുടെ തലച്ചോറുകളില്‍ അടിച്ചുകയറ്റുകയാണ്. മറുഭാഗത്ത് അത്യാധുനിക സാങ്കേതിക ജ്ഞാനത്തിന്റെ മാധ്യമമായ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടിക്കൊണ്ടുപോവാനും ബി.ജെ.പി സര്‍ക്കാറുകള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. അതേയവസരത്തില്‍ മറ്റെല്ലാ മൃഗങ്ങളെയും പോലെ മൃഗങ്ങള്‍ മാത്രമായ പശുക്കളുടെ പേരില്‍ മുസ്‌ലിം-ദലിത് ജീവിതങ്ങളെ പെരുവഴിയിലാക്കുകയാണ്. ഇതൊന്നും പ്രധാനമന്ത്രി അറിയാതെയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അദ്ദേഹത്തിന്റെ ഗിരിപ്രഭാഷണം കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പണ്ഡിതശിരോമണികള്‍ എല്ലാം തലയാട്ടി സമ്മതിച്ച് പിരിഞ്ഞുപോന്നതും ആശ്ചര്യകരം തന്നെ. അത്തരക്കാരെ ഉപയോഗിച്ച് മുസ്‌ലിം വോട്ട് തരപ്പെടുത്താമെന്ന സൂത്രമാവും പിന്നില്‍.
തിരിച്ചുവരവിന് തിരിച്ചറിവ് വേണം
ചോദ്യം: ഹിന്ദുത്വ വര്‍ഗീയതയുടെ രാഷ്ട്രീയമാണ് ത്രിപുരയില്‍ വിജയിച്ചതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ആര്‍.എസ്.എസ്സിനെയും സംഘ് പരിവാറിനെയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനു മുമ്പ് ഗോവധത്തിന്റെ പേരിലും അല്ലാതെയും നടത്തിയ ആള്‍ക്കൂട്ടകുരുതികളാണ് ത്രിപുരയില്‍ ബി.ജെ.പിക്ക് അടിസ്ഥാനമുണ്ടാക്കിയതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു (മാതൃഭൂമി 2018 മാര്‍ച്ച് 5).
പണക്കൊഴുപ്പും വര്‍ഗീയ വിഘടനവാദികളുടെ കൂട്ടുകെട്ടുമാണ് ത്രിപുരയില്‍ ബി.ജെ.പി ജയിച്ചുകയറാന്‍ കാരണമായതെന്ന് സി.പി.എം പി.ബി അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഒരു ചാനലിലും പ്രസ്താവിച്ചു. ഇത് ബി.ജെ.പിയുടെ താല്‍ക്കാലിക ജയം മാത്രമാണ്. സി.പി.ഐ.എം വീണ്ടും ത്രിപുരയില്‍ അധികാരത്തില്‍ വരും - അദ്ദേഹം പറയുന്നു. പ്രതികരണം?
എ. അലി ഹസന്‍, പുലാപ്പറ്റ
ഉത്തരം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുരയിലെ ബി.ജെ.പി വിജയത്തെ വിലയിരുത്തിയതില്‍ ശരിയുണ്ട്. വര്‍ഗീയ പ്രചാരണം ശക്തമാക്കിയും പണം ഒഴുക്കിയും സമ്മതിദായകരെ വേണ്ടത്ര തെറ്റിദ്ധരിപ്പിച്ചും വിഘടനവാദികളായ പ്രാദേശിക ഗോത്രവര്‍ഗ പാര്‍ട്ടിയെ കൂട്ടുപിടിച്ചും തന്നെയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി ത്രിപുര സി.പി.എമ്മില്‍നിന്ന് പിടിച്ചെടുത്തത്. പക്ഷേ, ചോദ്യം അതല്ല. ഇങ്ങനെയൊക്കെയാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സംഘ് പരിവാര്‍ അധികാരം പിടിച്ചെടുത്തത് എന്നത് പുതിയ വിവരമല്ലാതിരിക്കെ നമ്മുടെ ഇടതുപക്ഷ-മതേതര പാര്‍ട്ടികള്‍ അതിനെ നേരിടാനും ചെറുത്തു തോല്‍പിക്കാനും എന്ത് ചെയ്തു? അധികാരം കൈയടക്കാനും കിട്ടിയ അധികാരം പരമാവധി ദുര്‍വിനിയോഗം ചെയ്യാനും ഒരു മടിയുമില്ലാത്ത ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ പ്രാഥമിക ചുമതലയെന്ന് യഥാസമയം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ പതിറ്റാണ്ടുകള്‍ ഇടതു ഭരണത്തിലിരുന്ന ത്രിപുരയെ തളികയില്‍വെച്ച് സംഘ് പരിവാറിന് സമ്മാനിക്കേണ്ടിവരുമായിരുന്നോ? കോണ്‍ഗ്രസിന്റെ 35 ശതമാനം വോട്ടില്‍ 1.5 ശതമാനമൊഴിച്ച് അപ്പാടെ ബി.ജെ.പിക്ക് പോയതാണ് പരാജയകാരണമെന്ന് സി.പി.എം നേതാക്കളും വക്താക്കളും വാദിക്കുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ആഗോളീകരണ നവലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്ന വലതുപക്ഷമായതിനാല്‍ ഒന്നിനെ തോല്‍പിക്കാന്‍ മറ്റേതുമായി കൂട്ടുകൂടുന്ന പ്രശ്‌നമില്ലെന്ന് സി.പി.എം നേതൃത്വം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ത്രിപുരയിലെ കോണ്‍ഗ്രസ്സുകാര്‍ അനുദിനം ക്ഷയിച്ചുവരുന്ന സ്വന്തം പാര്‍ട്ടിയെ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയെങ്കില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു! മറിച്ച് മതനിരപേക്ഷ ജനാധിപത്യത്തിന്റെ നിലനില്‍പ്പാണ് വര്‍ത്തമാനകാല ഇന്ത്യയുടെ പരമപ്രധാനമായ പ്രശ്‌നമെന്ന് മനസ്സിലാക്കിയുള്ള സമീപനം സി.പി.എമ്മിന് സ്വീകരിക്കാന്‍ കഴിയാതെപോയതിന് ആരാണുത്തരവാദി? പിന്നെ, നിലംപരിശായ സി.പി.എം ത്രിപുരയില്‍ തിരിച്ചുവരുമെന്ന പിണറായി വിജയന്റെ ഉറപ്പ്. തൊട്ടടുത്ത ബംഗാളില്‍ ആ തിരിച്ചുവരവ് രാജ്യം കാണുന്നുണ്ടല്ലോ! അവിടെ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയിട്ടുപോലും രക്ഷയില്ലെന്നതാണവസ്ഥ. തിരിച്ചുവരവിന് ആദ്യം വേണ്ടത് തിരിച്ചറിവാണ്. അതാണ് സി.പി.എം നേതൃത്വത്തിനില്ലാത്തതും.
ബി.ജെ.പി സര്‍ക്കാറിന്റെ യഥാര്‍ഥ മുഖം
ചോദ്യം: ബി.ജെ.പി ഗവണ്‍മെന്റിന്റെ യഥാര്‍ഥ മുഖം ലോക രാഷ്ട്രങ്ങളെയോ മുസ്‌ലിം ഭരണാധികാരികളെയോ അറിയിക്കുന്നതില്‍ പ്രവാസി സമൂഹവും മുസ്‌ലിം സംഘടനകളും കുറ്റകരമായ അനാസ്ഥ കാണിച്ചതായി മുസ്‌ലിം സമൂഹം കരുതുന്നു. ഇതില്‍ ശരിയില്ലേ?
പി. അബു മാസ്റ്റര്‍, തിരൂര്‍ക്കാട്
ഉത്തരം: സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ പരാതികള്‍ ഉന്നയിക്കേണ്ടതും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും രാജ്യത്തിന്റെ പുറത്തുപോയല്ല. വിദേശികള്‍ക്കോ വിദേശ രാജ്യങ്ങള്‍ക്കോ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാനും കഴിയില്ല. ഇടപെട്ടാല്‍ വിപരീത ഫലമാണുളവാകുക. ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ ഒറ്റക്കെട്ടായി, ജനാധിപത്യ ശക്തികളോടൊപ്പം നിന്ന് പൊരുതുകയാണ് ആവശ്യം. സ്വാഭാവികമായും ഇത്തരം പോരാട്ടങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കും. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്.
മുസ്‌ലിം രാജ്യങ്ങള്‍ സ്വയം തന്നെ ആഭ്യന്തര കുഴപ്പങ്ങളും കലാപങ്ങളും മൂലം ഉഴലുമ്പോള്‍ അവരേക്കാള്‍ എത്രയോ ഭേദമായ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അവര്‍ എന്ത് ചെയ്യാന്‍! പിന്നെ, ഭരണകൂടങ്ങള്‍ ഏത് തലത്തില്‍പെട്ടതായാലും ഇന്ത്യ തങ്ങളോട് സുഹൃദ്ബന്ധങ്ങള്‍ പുലര്‍ത്തുന്നേടത്തോളം കാലം വിദേശ രാജ്യങ്ങള്‍ ആഭ്യന്തര സ്ഥിതിഗതികള്‍ മാറിനിന്ന് വീക്ഷിക്കുകയേ ചെയ്യൂ. ആ രാജ്യങ്ങളില്‍ ഉപജീവനത്തിന് കുടിയേറിയ പ്രവാസി ഇന്ത്യക്കാരും പരമാവധി സംയമനം പാലിച്ച് അച്ചടക്കത്തോടെ ജീവിക്കുക എന്നതല്ലാതെ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയാല്‍ അത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക. വിദേശ രാജ്യങ്ങളിലെ മുസ്‌ലിം പ്രവാസി കൂട്ടായ്മകള്‍ തങ്ങളുടെ പരിധിയിലും കഴിവിലും ഒതുങ്ങുന്ന സേവനങ്ങള്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ചെയ്യുക എന്ന വിവേകപൂര്‍ണമായ നയമാണ് പൊതുവെ സ്വീകരിച്ചിരിക്കുന്നത്. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. അതേസമയം തീവ്രവാദത്തിന്റെയും ഭീകരതയുടെയും മറവില്‍ ഒറ്റുകാരായ ചിലരും ഉണ്ടെന്നത് വസ്തുതയാണ്. അവര്‍ പക്ഷേ, തിരിച്ചറിയപ്പെടാതെ പോവില്ല.
Comments