തിരുത്തലുകളെക്കുറിച്ച് പ്രസംഗിച്ചാല്‍ പോരാ
ഇസ്‌ലാമിനോട് ചേര്‍ന്നുനില്‍ക്കുന്നവരുടെയും ഇസ്‌ലാമിക സമൂഹത്തോടൊപ്പം ജീവിക്കുന്നവരുടെയും ചിന്തകളില്‍ നേരറിവിന്റെ കൈത്തിരികള്‍ കത്തിച്ചുവെക്കുന്നതാണ് കെ.പി പ്രസന്നന്റെ പഠനങ്ങള്‍. ഖുര്‍ആന്‍ പല ആവൃത്തി 'ഓതി'യിട്ടും ഖത്തം തീര്‍ത്തിട്ടും മത പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും കേട്ടിട്ടും ഇനിയും സമുദായത്തിന് തിരിയാതെ പോയ ഇസ്‌ലാമിന്റെ നന്മ വശങ്ങള്‍, അഥവാ ഭൂമിയിലെ അല്ലാഹുവിന്റെ 'ആയത്തുകള്‍' കണ്ടെത്തി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാം വളരെ ഭാരിച്ചതും തീരെ സഹിഷ്ണുതയില്ലാത്തതും ബാലിശവുമായ ചില പ്രവര്‍ത്തനങ്ങളുടെ പര്യായമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നാളിതുവരെയുള്ള മുസ്‌ലിം സമൂഹത്തിലും നേതൃത്വത്തിലും പെട്ട പലരും ശ്രമിച്ചത്. അതിതീവ്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമുപരി ലളിതവും മാനുഷിക ജൈവ പ്രകൃതി സൗഹൃദത്തിലധിഷ്ഠിതവുമായ ചെറിയ ചെറിയ 'വലിയ' മൂല്യങ്ങളുടെ ആകത്തുകയാണ് ഇസ്‌ലാം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതാണ് ഇസ്‌ലാമിക സമൂഹം ഇന്നനുഭവിക്കുന്ന പ്രതിസന്ധികളുടെ മൂല കാരണം.
ചെറിയ ചെറിയ ഉപകാരങ്ങള്‍ തടയുന്നവര്‍, അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവര്‍ തുടങ്ങിയ ഖുര്‍ആനികാധ്യാപനങ്ങളുടെ അര്‍ഥവ്യാപ്തിയും ആശയവും ഇപ്പോഴും മനസ്സിലാകാതെയാണ് സമൂഹത്തില്‍ പാരമ്പര്യാധിഷ്ഠിതമായ മതാചാരങ്ങള്‍ നിലനിന്നുപോരുന്നത്. ഇസ്‌ലാമിക വിശ്വാസി അല്ലാതിരുന്നിട്ടും 'പ്രവാസിയുടെ കുറിപ്പുകളില്‍' ബാബു ഭരദ്വാജിന് 'ദൈവത്തിന്റെ കടങ്ങള്‍' എന്ന അധ്യായം ലളിതസുന്ദരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. നന്മകളുടെ ലാളിത്യവും സഹജീവി സ്‌നേഹത്തിന്റെ മഹിമയും പ്രകൃതി വിഭവങ്ങളുടെ വിലയും വീര്യവും തിരിച്ചറിയാത്ത ഒരു ഇസ്‌ലാം എങ്ങനെയാണ് നമ്മുടെ മനസ്സുകളില്‍ ഇടം പിടിച്ചതെന്ന് നാം തന്നെ ചിന്തിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു. കാരണം തിരുത്തലുകള്‍ക്ക് നമുക്കിനി ഒരു പ്രവാചകന്‍ വരാനില്ലല്ലോ.
ബ്രോയിലര്‍ കോഴികള്‍ പാറിപ്പറക്കാറില്ല
റാഫി വടുതലയുടെ 'ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല' ചിന്തോദ്ദീപകമായിരുന്നു. ഈ കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ അനാവരണം ചെയ്യുന്നു ലേഖകന്‍. ഫ്‌ളാറ്റിലെ നാലു ചുമരുകള്‍ക്കുള്ളില്‍ മൊബൈലില്‍ വിരലുകളമര്‍ത്തി ജീവിക്കുന്നവര്‍ ശരിക്കും ബോണ്‍സായ് മരങ്ങള്‍ തന്നെ. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചോ സ്വന്തം രക്തബന്ധങ്ങളെക്കുറിച്ചോ അറിയാത്തവര്‍! ഒറ്റപ്പെട്ട ചില അനുഭവങ്ങള്‍ മറിച്ചും ഉണ്ടാകാം. വെള്ളത്തില്‍ വീണ് ഒഴുകുന്ന മനുഷ്യന്റെ ചിത്രം പകര്‍ത്താന്‍ നില്‍ക്കുന്ന യുവത എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? അപകടം സംഭവിച്ച് രക്തം വാര്‍ന്നൊഴുകുമ്പോഴും നിസ്സംഗരായി നോക്കിനില്‍ക്കുന്നവര്‍ കാലഘട്ടത്തിന്റെ ശാപമാണ്. ജീവിക്കുന്ന സമൂഹത്തിലേക്ക് പടര്‍ന്നു പന്തലിക്കാത്ത മനസ്സാണ് അവരുടേത്.
പടര്‍ന്നു കയറേണ്ട സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വേരുകള്‍ ചട്ടിയില്‍ ഒതുക്കിവെച്ചവര്‍ ബോണ്‍സായ് വൃക്ഷം തന്നെ. ചുറ്റുപാടുകളെ അറിയാനും ശ്രദ്ധിക്കാനും കഴിയാത്ത തലമുറ നിവരാന്‍ കഴിയാത്ത ബ്രോയിലര്‍ കോഴികളാണ്. പാറിപ്പറക്കാന്‍ കഴിയാത്ത അവക്ക് മറ്റുള്ളവര്‍ക്ക് കത്തിവെക്കാന്‍ കഴുത്ത് നീട്ടിക്കൊടുക്കാനുള്ള വിധിയേയുള്ളൂ. ഇന്റര്‍നെറ്റില്‍ തലപൂഴ്ത്തി വളരുന്ന തലമുറക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ എങ്ങനെ കഴിയും? അവരും കഴുത്ത് നീട്ടിക്കൊടുക്കുന്ന ബ്രോയിലര്‍ ആവുകയാണോ? സാഹചര്യങ്ങളോട് മല്ലടിച്ച് പ്രതികൂല ചുറ്റുപാടുകളെ നേരിടാന്‍ കഴിയുന്ന ബാല്യം, കൗമാരം, യുവത്വം നാം തിരിച്ചുപിടിക്കണം. അതിന് റാഫിയുടെ ലേഖനം പ്രചോദനമാകട്ടെ.
കെ.വി ഖയ്യൂം പുളിക്കല്‍
ബോണ്‍സായ് വൃക്ഷങ്ങള്‍
റാഫി വടുതലയുടെ 'ബോണ്‍സായ് വൃക്ഷങ്ങള്‍ പടര്‍ന്നു പന്തലിക്കാറില്ല' (ലക്കം 3043) എന്ന ലേഖനം ആകര്‍ഷകമായിരുന്നു. പടവും തലക്കെട്ടുമൊക്കെ കണ്ടപ്പോള്‍ കരുതിയത് ഇളം തലമുറയെ പറ്റിയുള്ള ലേഖനമായിരിക്കുമെന്നാണ്.
എന്നാല്‍, വായന തുടര്‍ന്നപ്പോഴാണ് അതിന്റെ ആഴവും പരപ്പും കാമ്പുമൊക്കെ തിരിച്ചറിയുന്നത്. സമകാലിക സംഭവങ്ങളെ പുതുതലമുറയുടെ മനസ്സിന്റെ മരവിപ്പുമായും മറ്റും ഇഴചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ ലേഖകന്‍ വിജയിച്ചിടുണ്ട്.
സദാ 'റുകൂഇല്‍' കഴിയുന്ന ന്യൂജനറേഷനെയും ചാരിക്കിടന്ന് വാട്ട്‌സ്ആപ്പ് 'തസ്ബീഹ്' ചെയ്യുന്ന പഴയ തലമുറയെയും വേദവാക്യത്തിന്റെയും വിശുദ്ധ ഖുര്‍ആന്റെയും വെളിച്ചത്തില്‍ തൊട്ടുണര്‍ത്തുന്നു. അവതരണ ശൈലി വശ്യം.
മമ്മുട്ടി കവിയൂര്‍
'ഞാനിതാ തല മറച്ചല്ലോ'
ഊര്‍ജവും ഉന്മേഷവും നല്‍കുന്ന വിവരണമായിരുന്നു മാള മുഹമ്മദ് മൗലവിയുടെ ജീവിതാനുഭവങ്ങള്‍ (ലക്കം 37, 38, 40). കടുത്ത മതനിഷേധ പ്രസ്ഥാനത്തില്‍ വിശ്വസിക്കുകയും അതിനായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു വിദ്യാര്‍ഥിയെ, ഹസനിയ്യ പോലുള്ള ഒരു സ്ഥാപനത്തില്‍ മൗലവി സാദിഖ് ഫിഖരി എന്ന ഉസ്താദ് കൈകാര്യം ചെയ്ത രീതി എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് അനുഭാവം പുലര്‍ത്തി എന്ന ഒറ്റക്കാരണത്താല്‍ പല സ്ഥാപനങ്ങളില്‍ നിന്നും പലരും പുറത്താക്കപ്പെട്ട ചരിത്രം ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഏതു വിധേനയും തന്റെ വിദ്യാര്‍ഥിയെ നന്നാക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും വിശാല മനസ്‌കതയുടെയും തെളിവാണ് സി.എന്‍ അഹ്മദ് മൗലവിയുമായുള്ള സംസാരവും കക്ഷിവ്യത്യാസം പരിഗണിക്കാതെ പ്രബോധനം വാരികയെ ഉപയോഗപ്പെടുത്തിയതും.
തഫ്‌സീര്‍, ഹദീസ് ഗ്രന്ഥങ്ങള്‍ പഠിച്ചതിനു ശേഷവും ഒരാള്‍ അനിസ്‌ലാമിക പ്രസ്ഥാനങ്ങളെ പിന്തുണക്കുകയെന്നത് ആ മതപഠനരീതിയുടെ പോരായ്മയെ ആണ് വെളിപ്പെടുത്തുന്നത്. 'ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു പ്രഫസര്‍ ആണ് വേണ്ടത്' എന്ന സയ്യിദ് മൗദൂദിയുടെ പ്രസിദ്ധമായ പ്രസ്താവന ഓര്‍ത്തുപോയി.
കമ്യൂണിസം ജ്വലിച്ചുനിന്ന ആ കാലത്ത് അതില്‍ പെട്ടുപോയ ഒട്ടേറെ പ്രതിഭകളെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ കാര്യം വിവരണത്തിലുണ്ട്. ആ ദര്‍ശനം പരാജയമടഞ്ഞ ഇക്കാലത്ത് എന്തുകൊണ്ട് അത്തരമൊരു അവസ്ഥ ഉണ്ടാകുന്നില്ല എന്ന് ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതാണ്. നല്ലൊരു പ്രഭാഷകനാണ് മാള മൗലവി. വശ്യമായ ശൈലിയില്‍, ലളിത ഭാഷയില്‍, ആത്മാവ് ചോരാതെയാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. 'ഹജ്ജിന്റെ ആത്മാവ്' എന്ന വിഷയം കേട്ട് കണ്ണ് നനയാത്തവരുണ്ടാവുമോ എന്ന് സംശയമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹരിപ്പാട് ജംഗ്ഷനില്‍ നടന്ന പ്രഭാഷണത്തില്‍ 'പരലോകം' എന്ന വിഷയം പറഞ്ഞതും അതിനെത്തുടര്‍ന്ന് ഒരുപാട് അമുസ്‌ലിംകള്‍ ഖുര്‍ആന്‍ പരിഭാഷ ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്.
അഭിപ്രായഭിന്നതയുള്ള കാര്യങ്ങളില്‍ രസകരമായ സമീപനമാണ് മൗലവി സ്വീകരിക്കാറുള്ളത്. മൗലവിയോട് ആദരവുള്ള ഒരു പണ്ഡിതന്‍ ഒരിക്കല്‍ 'മൗലവീ, താങ്കളെന്താണ് തല മറക്കാത്തത്' എന്ന് ചോദിച്ചപ്പോള്‍ ഉടനെതന്നെ തന്റെ തോളില്‍ കിടന്ന ഷാള്‍ തലയില്‍ ഇടുകയും 'ഞാനിതാ തല മറച്ചല്ലോ' എന്ന് പറഞ്ഞ് വിഷയം അവിടെ അവസാനിപ്പിക്കുകയും ചെയ്തു.
എ. സൈനുദ്ദീന്‍ കോയ കൊല്ലം
ആ ലേഖനം അസ്സലായി
ഓണ്‍ലൈന്‍ സൗഹൃദം, ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ്, ഓണ്‍ലൈന്‍ ബാങ്കിംഗ് ഇവക്കിടയില്‍ പെട്ട് ബോണ്‍സായി വൃക്ഷങ്ങളെപ്പോലെ ആയിപ്പോയ ഒരു തലമുറയെ വരച്ചുകാണിച്ച റാഫി വടുതലയുടെ ലേഖനം അസ്സലമായി. അതിനു നല്‍കിയ ചിത്രവും. ഇനി നമുക്കത് അവരെക്കൊണ്ടൊന്ന് വായിപ്പിക്കണം. അതിനെന്താണൊരു വഴി? അതും ഓണ്‍ലൈനായി അയക്കാതെ പ്രബോധനം കൈയില്‍ കൊടുത്ത് വായിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫലം ചെയ്യുമെന്ന് തോന്നുന്നു.
പി.സി മുഹമ്മദ് കുട്ടി തിരുത്തിയാട്
ആ രണ്ട് അക്ഷരങ്ങള്‍
സി.കെ.എ ജബ്ബാര്‍ എഴുതിയ അനുസ്മരണം (വാള്യം 74 ലക്കം 37) വായിച്ചു. കണ്ണൂര്‍ ജില്ലയിലും പുറത്തും കെ.എല്‍ എന്ന രണ്ടക്ഷരത്തിലാണ് കെ.എല്‍ ഖാലിദ് സാഹിബ് അറിയപ്പെട്ടത്. നിരന്തര പ്രവര്‍ത്തനം തുടര്‍ പ്രവര്‍ത്തനം എന്നതാണ് കെ.എല്ലിന്റെ പ്രവര്‍ത്തനശൈലി. അടുത്തിടപഴകുന്നവരെല്ലാം അദ്ദേഹത്തിന്റെ മിത്രങ്ങളായി മാറും, കിട്ടുന്ന സമയം കൂടുതല്‍ ആളുകളെ പരിചയപ്പെടാനും അദ്ദേഹം ശ്രമിച്ചു.
ഞാന്‍ കണ്ണൂരില്‍ കൗസര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ആധാരമെഴുത്ത് ജോലി തീര്‍ന്നാല്‍ (തീരാന്‍ നേരം വളരെ ഇരുട്ടാവും) നേരെ ഞാന്‍ താമസിക്കുന്ന റൂമില്‍ വന്ന് എന്നെയും കൂട്ടി പുതിയ ആളുകളെ കണ്ട് സംസാരിക്കാന്‍ പോകുമായിരുന്നു.
വെറുതെ ഇരിക്കുക എന്നത് അദ്ദേഹത്തിന്റെ ഡിക്ഷനറിയില്‍ ഉണ്ടായിരുന്നില്ല. എല്ലാ രംഗങ്ങളിലും എല്ലാ നിലക്കും ഇടപെട്ടു. രാപ്പകലില്ലാതെ ഓടിക്കൊണ്ടേ ഇരുന്നു. എന്തോ ചെയ്തുതീര്‍ക്കാനന്നപോലെ.
ഡോ. അത്തീഖുര്‍റഹ്മാന്‍ പുലാപ്പറ്റ
പണ്ഡിതന്മാര്‍ തിരിച്ചറിയുക
അറിവ് നേടുക നിസ്സാരമല്ല. അതിന് അശ്രാന്ത പരിശ്രമം ആവശ്യമാണ്. അങ്ങനെ വിജ്ഞാനം നേടുന്നവരെയാണ് പണ്ഡിതന്മാര്‍ എന്ന് വിളിക്കുന്നത്. പണ്ഡിതന്മാരില്‍ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുണ്ട്. ചിലര്‍ മതമേഖലയില്‍ മാത്രം പാണ്ഡിത്യമുള്ളവരാണ്. ചിലര്‍ മറ്റു മേഖലകളിലും ജ്ഞാനമുള്ളവരായിരിക്കും. മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ അറിവുള്ള പണ്ഡിതരെയും കാണാം. നല്ല അറിവ് സ്വായത്തമാക്കുകയും അത് സമൂഹത്തിന് പകര്‍ന്നു നല്‍കുകയും ചെയ്യുന്നവരാണ് പണ്ഡിതര്‍. അവര്‍ ഒരിക്കലും മറ്റു ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തെയോ അനുയായികളെയോ തെറ്റായ വഴിയിലേക്ക് നയിക്കില്ല. ഇത്തരം പണ്ഡിതന്മാരെ നാം ബഹുമാനിക്കുന്നു, ആദരിക്കുന്നു, അനുധാവനം ചെയ്യുന്നു.
മറ്റൊരു വിഭാഗം പുരോഹിതന്മാരാണ്. പ്രധാനമായും മതമേഖലകളിലാണ് ഇവരുടെ വാസം. മിക്കവാറും എല്ലാ മതങ്ങളിലും ഇവര്‍ സൈ്വര വിഹാരം നടത്തുന്നുണ്ട്. ഇവര്‍ക്ക് അറിവ് കുറവും, ആചാരങ്ങളും സാമ്പ്രദായിക അനുഷ്ഠാനങ്ങളും കൂടുതലുമായിരിക്കും. മാത്രമല്ല, ഇത്തരക്കാരെ അവരുടെ വേഷവിധാനങ്ങളില്‍തന്നെ മനസ്സിലാക്കാന്‍ പറ്റും. സാധാരണക്കാരില്‍നിന്ന് ഭിന്നമായ വേഷഭൂഷാദികളില്‍ അഭിരമിക്കുന്ന ഇവര്‍ തങ്ങളുടെ അനുയായികളില്‍ ഇത്തരം ആചാരങ്ങള്‍ അടിച്ചേല്‍പിക്കുകയും രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് സ്വന്തം കാര്യം ഭദ്രമാക്കുകയും ചെയ്യും. സമൂഹത്തില്‍ വിപ്ലവകരമായ പ്രകമ്പനം സൃഷ്ടിക്കേണ്ട യുവാക്കളായിരിക്കും പലപ്പോഴും ഇത്തരം പുരോഹിതന്മാരുടെ ഇരകള്‍. അതുകൊണ്ടുതന്നെ പുരോഹിതന്മാരെയും പണ്ഡിതന്മാരെയും തിരിച്ചറിയാനുള്ള വിവേകം നമ്മള്‍ ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കാലഘട്ടം ആവശ്യപ്പെടുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ യുവത്വത്തിന് കഴിയുകയുള്ളൂ. നമുക്ക് ആദര്‍ശവും ആശയങ്ങളും വേണോ, അല്ല കേവല ആചാരങ്ങളില്‍ കെട്ടിപ്പിടിച്ചു കിടന്നാല്‍ മതിയോ എന്ന് ചിന്തിക്കേണ്ടത് നാം തന്നെയാണ്. അതുകൊണ്ട് പണ്ഡിതരെ പണ്ഡിതരായും പുരോഹിതന്മാരെ പുരോഹിതരായും തിരിച്ചറിയാനുള്ള വിവേകം സമൂഹത്തിന് ഉണ്ടാവേണ്ടതുണ്ട്.
നജീബ് കാഞ്ഞിരോട്, കണ്ണൂര്‍
Comments