Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

റജബ് മാസവും മിഅ്‌റാജ് നോമ്പും

ഇല്‍യാസ് മൗലവി

റജബ് മാസത്തിന് എന്തെങ്കിലും പ്രത്യേകതകളുണ്ടോ?

അല്ലാഹു പവിത്രമാക്കിയ, യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' (അത്തൗബ: 36).

ഇമാം ത്വബരി, ഇബ്നുഅബ്ബാസി(റ)ല്‍നിന്ന് ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ ഉദ്ധരിച്ചതു കാണാം: ''എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍/അധര്‍മം ചെയ്യല്‍ നിഷിദ്ധമാണ്. പിന്നീട് അതില്‍നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞു. അവയുടെ പവിത്രതയെ മഹത്ത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവതരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായ നന്മകളുമാക്കിയിരിക്കുന്നു'' (തഫ്സീറുത്ത്വബരി).

പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: ''ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്. അഥവാ ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവയും ജുമാദക്കും ശഅ്ബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്'' ഇവിടെ മുളറിന്റെ റജബ് എന്നുപറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമദാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍'എന്ന്‌നബി(സ) വ്യക്തമാക്കിയത്.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസം, തിന്മകള്‍ കഠിനമായി വിലക്കപ്പെട്ടതും നന്മകള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കപ്പെട്ടതുമായ മാസങ്ങളിലൊന്ന് എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തില്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും അനുഷ്ഠിക്കുന്നതായി കാണാം. 

ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്ര സംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു: 

''റജബ് മാസത്തിന് ശ്രേഷ്ഠത വിവരിക്കുന്നതോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേതന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നമുക്കും ഈ സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍കൂടി കര്‍മമനുഷ്ഠിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നു തന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാരാ ശര്‍അ് അനുശാസിക്കാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടിവരുന്നത്. അബൂമുഹമ്മദ്ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍ നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധിവിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ''(തബ്യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്, പേജ്: 3). 

തുടര്‍ന്ന് അദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച് മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു. അതിലൊന്ന്: 

ഉസാമത്തുബ്നുസൈദില്‍നിന്ന്. 'ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു: ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?'

'അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന മാസമാണ്' എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു (നസാഈ). ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഇതില്‍ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാ കര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആ ശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താനതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍ റജബ് മാസത്തിനും ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും' (തബ്യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്).

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവയിലൊരെണ്ണം പോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ഇമാം അബൂബക്കര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു: 'റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും: 

1. റജബ് മാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍.

2. ഇതര സുന്നത്ത് നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.

 3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.

ഈ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ റജബില്‍  നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്നുഹജര്‍ അവസാനിപ്പിക്കുന്നത് (തബ്യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്).

റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റെ ദുര്‍ബലങ്ങളാണ്. അല്ലാത്തവ വ്യാജനിര്‍മിതവും. മാത്രമല്ല, റജബ് മാസത്തില്‍ പ്രത്യേകം സുന്നത്ത് ഉണ്ടെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കുന്നത് ഒട്ടും ശരിയല്ലെന്നും റജബില്‍ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് ഉമര്‍(റ) ആളുകളുടെ കൈക്ക് നല്ല അടി കൊടുക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ അവരുടെ കൈ അദ്ദേഹം പിഞ്ഞാണത്തില്‍ കുത്തിക്കുമായിരുന്നുവെന്നും എന്നിട്ട് 'ജാഹിലിയ്യാ അറബികള്‍ ബഹുമാനിച്ചാരാധിച്ചിരുന്ന ദിവസമാണ് അത്, നിങ്ങള്‍ തിന്നുവിന്‍' എന്ന് പറയാറുണ്ടായിരുന്നുവെന്നുമെല്ലാം ഇബ്നു അബീശൈബ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്വന്നഫ്: 2/345, അല്‍ മുഗ്നി: 3/53).

ഉസ്മാനു ബ്‌നു ഹകീമില്‍ അന്‍സ്വാരി പറയുന്നു: ഒരു റജബില്‍ ഞാന്‍ സഈദുബ്‌നുജുബൈറിനോട് റജബിലെ നോമ്പിനെപ്പറ്റി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി (സ) നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം അവിടുന്ന് ചിലപ്പോള്‍ നോമ്പനുഷ്ഠിച്ചുകൊണ്ടിരിക്കും, എന്നാല്‍ മറ്റു ചിലപ്പോള്‍ അവിടുന്ന് നോമ്പ് എടുക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുമാറ് നോമ്പ് എടുക്കാതിരിക്കുകയും ചെയ്യും എന്ന് ഇബ്‌നു അബ്ബാസ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (മുസ്‌ലിം: 2782).

ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി പറയുന്നു: ''ഈ തെളിവ് ആധാരമാക്കിയതിലൂടെ ഇബ്‌നു അബ്ബാസ് ഉദ്ദേശിച്ചത്, റജബില്‍ നോമ്പനുഷ്ഠിക്കുന്നതിന് വിലക്കില്ല, അതുപോലെ അതില്‍ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേകിച്ച് പുണ്യവുമില്ല എന്നാണ്. മറ്റേത് മാസത്തിലും നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി തന്നെയാണ് അതിനും എന്നര്‍ഥം. റജബ് നോമ്പുമായി ബന്ധപ്പെട്ട്, അത് വിലക്കുന്നതോ, ആ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേക പുണ്യമുണ്ടെന്നോ കുറിക്കുന്ന ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ മൗലികവിധി പുണ്യകര്‍മമാണ് എന്നതാണ്. അബൂദാവൂദിന്റെ സുനനില്‍ പവിത്ര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യമാണെന്ന് ഉണ്ട്, റജബ് അവയില്‍ ഒന്നാണല്ലോ'' (ശറഹു മുസ്‌ലിം: 1960).

 

ഇസ്റാഉം മിഅ്റാജും സംഭവിച്ചത് റജബ് 27-ാം രാവിലാണെന്നതിന് തെളിവുകളുടെ പിന്‍ബലമുണ്ടോ?

ഇസ്റാഉം മിഅ്റാജും റജബ് മാസത്തിലാണ്, വിശിഷ്യാ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ചരിത്രപരമായി തെളിവില്ലാത്തതും ഹദീസുകള്‍ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങള്‍ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്. 

ഇസ്റാഉം മിഅ്റാജും നടന്നതെന്നാണെന്ന്  തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. ഹിജ്റക്ക് ഒരുവര്‍ഷം മുമ്പാണിതെന്ന ഇമാം നവവിയെപ്പോലുള്ളവരുടെ നിഗമനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുന്നു (ഫത്ഹുല്‍ ബാരി 2/208). വര്‍ഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്നുകസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ: 3/107, തഫ്സീര്‍ ഖുര്‍ത്വുബി 10/210). 

അല്ലാമാ അബൂശാമ പറഞ്ഞു: ''കെട്ടുകഥകള്‍  ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്റാഅ് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത് പച്ചക്കള്ളമാണ്'' (അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്, പേജ് 116). 

വസ്തുത ഇതായിരിക്കെ, മഹാന്മാരായ ഇമാമുകള്‍ വ്യക്തമാക്കിയതുപോലെ റജബ് 27 ന് പുണ്യവും പവിത്രതയും കല്‍പ്പിക്കുന്നതും അന്നേദിവസം തദടിസ്ഥാനത്തില്‍ നോമ്പനുഷ്ഠിക്കുന്നതും അനഭിലഷണീയമാണെന്നതില്‍  തര്‍ക്കമില്ല. 

ശാഫിഈ മദ്ഹബിലെ തന്നെ ഏറ്റവും പ്രാമാണികരായ ഇമാമുമാരാണ് ഇമാം നവവിയും ഇമാം ഇബ്നു ഹജറും. ഇബ്നു ഹജറാകട്ടെ തദ്‌വിഷയകമായി പ്രത്യേക പഠനംതന്നെ നടത്തിയതായി നാം കണ്ടല്ലോ. അതിനാല്‍ അവരുടെയൊക്കെ വീക്ഷണമാണ് ഇവിടെ കൂടുതല്‍ പരിഗണനീയവും സ്വീകാര്യവും. സ്വീകാര്യതയോ ആധികാരികതയോ പ്രാമാണികതയോ ഇല്ലാത്ത കാര്യങ്ങള്‍ വര്‍ജിക്കുക എന്നത് തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ കരണീയം. 

ഇമാം ഇബ്നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ 'സാദുല്‍ മആദ്' എന്ന ഗ്രന്ഥത്തില്‍ ഇസ്‌റാഅ്-മിഅ്റാജിനെ കുറിച്ച് പറയുന്നത് കാണുക: 

''ഇസ്‌റാഅ്-മിഅ്റാജ് രാത്രിക്ക് മറ്റു ദിനങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ളതായി മുസ്ലിംകളിലൊരാളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.  ഇസ്‌റാഇന്റെയും മിഅ്റാജിന്റെയും രാത്രിക്ക് സ്വഹാബികളോ താബിഉകളോ ഒരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. അവര്‍ അത് സ്മരിക്കാറുമുണ്ടായിരുന്നില്ല. അതിനാലാണ് ഇസ്‌റാഅ് പ്രവാചകന് ലഭിച്ച വലിയ ശ്രേഷ്ഠതയായിട്ട് കൂടി അത് ഏത് ദിവസമായിരുന്നു എന്ന് അറിയപ്പെടാതെ പോയത്.'' ഏത് മാസത്തിലാണ്, ഏത് ദിവസത്തിലാണ് അത് സംഭവിച്ചത് എന്നതിനും തെളിവില്ല. പരസ്പരവിരുദ്ധമായ വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിനെ തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഖണ്ഡിതമായ ഒരു തെളിവും അതില്‍ വന്നിട്ടില്ല. മറ്റു ദിവസങ്ങളേക്കാള്‍ ആ രാത്രിക്ക് പ്രത്യേകതയുള്ളതായും ഉദ്ധരിക്കപ്പെട്ടിട്ടില്ല. റജബ് 27-നാണ് ഇസ്‌റാഅ്-മിഅ്റാജ് എന്ന് മനസ്സിലാക്കുന്നത് യഥാര്‍ഥ തെളിവിന്റെ അടിസ്ഥാനത്തിലല്ല.

ഇബ്നുഹജര്‍(റ): ''ഇസ്റാഅ്-മിഅ്റാജ് ദിനം നിര്‍ണയിക്കുന്നതില്‍ പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. അത് റമദാനില്‍ ആണെന്നും അല്ലെങ്കില്‍ ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉല്‍ അവ്വലിലാണെന്നും, റബീഉല്‍ ആഖറിലാണെന്നും അഭിപ്രായമുണ്ട്.'' (ഫത്ഹുല്‍ ബാരി: 9/67,68)

സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ 'ഉംദത്തുല്‍ഖാരി'യില്‍ ഇമാംഐനി(റ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ''ഇസ്റാഉം മിഅ്റാജും സംഭവിച്ചത് ഒരു രാത്രിയിലാണെന്നോ രണ്ടു രാവുകളിലാണെന്നോ ഉണര്‍ച്ചയിലാണെന്നോ ഉറക്കത്തിലാണെന്നോ ഒക്കെയുള്ള കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നത് പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലാണെന്നാണ്. ഇമാം ബൈഹഖി (റ) ഇമാം സുഹ്രി(റ)യില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് മദീനാ ഹിജ്റയുടെ ഒരുവര്‍ഷം മുമ്പാണ് എന്നാണ്. ഇമാം സുദ്ദി(റ)യില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് മദീനാഹിജ്റയുടെ പതിനാറു മാസം മുമ്പാണെന്നാണ്. ഇമാം സുഹ്രി(റ)യുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലും ഇമാം സുദ്ദി(റ)യുടെ അഭിപ്രായത്തില്‍ ദുല്‍ഖഅദ് മാസത്തിലുമാണ് ഇസ്റാഉം മിഅ്റാജും സംഭവിച്ചത് എന്നാണ്. റജബ് മാസം 27-നാണെന്നും പറയപ്പെട്ടിട്ടുണ്ട്'' (ഉംദതുല്‍ഖാരി: 4/39).

അപ്പോള്‍ ഇസ്റാഉം മിഅ്റാജും എന്നാണ് സംഭവിച്ചത് എന്നതിനു പോലും കൃത്യമായ രേഖകള്‍ ഇല്ലാത്ത അവസ്ഥയില്‍ റജബ് മാസം 27-ന് പ്രത്യേകമായ നോമ്പും മറ്റു പ്രാര്‍ഥനകളും നടത്തല്‍ ബിദ്അത്തും ഇസ്ലാമിന് വിരുദ്ധവും ആണെന്ന് പറയേണ്ടതില്ലല്ലോ. രുചിയുള്ള ഭക്ഷണവും കൈമടക്കും കിട്ടുന്ന പക്ഷം അഹ്ലുസ്സുന്നയുടെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി ഏത് അനാചാരവും നടപ്പില്‍ വരുത്താന്‍ ധൈര്യം കാണിക്കുന്നവരാണ് പല പണ്ഡിതന്മാരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല