ആസാമിന്റെ മണ്ണും സിയാച്ചിനിലെ മണ്ണും
ഭൂമിയുടെയും പൗരത്വത്തിന്റെയും കാര്യത്തില്‍ പലതരം ന്യായങ്ങളാണ് നമ്മുടെ കേന്ദ്രസര്‍ക്കാറിന്. പാകിസ്താന്റെ കാര്യത്തില്‍ പറയുന്ന ന്യായമല്ല ബംഗ്ലാദേശിന്റെ വിഷയമെത്തുമ്പോള്‍. ബംഗ്ലാദേശിന് ഇന്ത്യയുടെ 55 ഗ്രാമങ്ങള്‍ കൈമാറുന്നതിന്റെ പ്രാഥമികഘട്ടം നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത് മാധ്യമങ്ങളെ ഏതാണ്ട് പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിയാണ്. ഈ നീക്കത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ കാര്യങ്ങളല്ലാതെ വിശദാംശങ്ങള്‍ ആരുടെ കൈയിലുമില്ല. എന്തായിരുന്നു അസാധാരണമായ ആ അനിവാര്യത എന്നത് സൈന്യവും വിശദീകരിച്ചിട്ടില്ല. പ്രയോഗികമായി അവ ഇതിനകം ഇന്ത്യക്ക് നഷ്ടപ്പെട്ട പ്രദേശങ്ങളാണെന്നും നിയമപരമായി ഈ ഗ്രാമങ്ങളെ വിട്ടുകൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ഔദ്യോഗിക നിലപാട്. കുറ്റം പറയരുതല്ലോ പകരം ഏതാനും ഗ്രാമങ്ങള്‍ ഇന്ത്യക്ക് തിരികെ ലഭിക്കുന്നവയുമുണ്ട്. പക്ഷേ ആര്‍ ആര്‍ക്ക് വിട്ടുകൊടുക്കുന്ന ഭൂമിയാണ് തത്ത്വത്തില്‍ വലുതെന്ന സംശയം ഉയരുന്നുണ്ട്. തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ആളുകളെയാണോ എന്ന സംശയവും ഉയരുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഈ കൊടുക്കലിനും വാങ്ങലിനും ഒരു തത്ത്വമില്ലാതിരിക്കുമോ? വളരെ വൃത്തികെട്ട ഒരു സമീകരണം ഈ പ്രക്രിയയുടെ ഉള്ളിലെവിടെയോ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തം. സാധാരണഗതിയില്‍ ആസാമിന്റെ മണ്ണ് വിട്ടുകൊടുത്തു എന്നു കേള്‍ക്കുമ്പോള്‍ കൊടിയുമായി ചാടിവീഴേണ്ടവരാണ് അവിടത്തെ വിദ്യാര്‍ഥി സംഘടനകളും അസം ഗണപരിഷത്തും. ബി.ജെ.പി-വി.എച്ച്.പി ആദികളും ഇതൊരു ദേശീയ ദുരന്തമാക്കി മാറ്റിയെടുക്കേണ്ടവരാണ്. പക്ഷേ ആചാരപരമായ പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും തന്നെ ഈ വിഷയത്തില്‍ ഉണ്ടായിവരുന്നില്ല. മേഘാലയയിലും നാഗാലാന്റിലുമാണ് ഗവണ്‍മെന്റിനെ പ്രതിസന്ധിയിലാഴ്ത്തുന്ന മട്ടില്‍ ഗോത്രനേതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അവരുടെ പ്രാദേശികവാദങ്ങളുടെ കുഴപ്പം പിടിച്ച അതിരുകള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് വിട്ടുകൊടുക്കാനൊരുങ്ങുന്ന ഭൂമിയില്‍ ഉള്‍പ്പെടുമെന്നതാണ് ഈ പ്രതിഷേധത്തിന്റെ പോലും കാരണം. അല്ലാതെ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല.
നമ്മുടെ മാധ്യമങ്ങള്‍ പലപ്പോഴും ഗവണ്‍മെന്റിന്റെ കൈയിലെ പാവകളായി മാറുകയാണ്. ആസാമില്‍ കഴിഞ്ഞ എത്രയോ വര്‍ഷമായി യാത്ര ചെയ്യുകയും നിരവധി സംഘടനകളെയും ജനവിഭാഗങ്ങളെയും പരിചയപ്പെടുകയും ചെയ്ത മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവവികാസങ്ങളെ അതിശയത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല. ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഭൂപന്‍ ഹസാരികയുടെ മരണം. സംഗീതത്തില്‍ സവിശേഷമായ അഭിരുചിയും താല്‍പര്യവും ഉള്ളവര്‍ മാത്രമാണ് ആസാമിനു പുറത്ത് ഭൂപന്‍ ഹസാരികയെ അറിയുന്നത്. ആസാമില്‍ പോലും ഹസാരിക അഞ്ച് വര്‍ഷം മുമ്പെ സ്വന്തം ജനസമ്മിതി ബി.ജെ.പിക്കു വേണ്ടി പരിശോധിച്ച് ദയനീയമായി പരാജയപ്പെട്ടതുമാണ്. അങ്ങനെയൊരാളെ കുറിച്ച് കേട്ടിട്ടില്ലാത്ത എത്രയെങ്കിലും ആസാമികള്‍ എന്‍.ഡി.എ കാലത്തുണ്ടായിരുന്നുവെന്നര്‍ഥം. അതേസമയം ഈ ഏഴ് വര്‍ഷക്കാലത്തിനിടയില്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു എന്നതൊഴിച്ചാല്‍ പൊതുജീവിതത്തില്‍ എടുത്തുപറയത്തക്ക ഒന്നും ചെയ്തിട്ടില്ലാത്ത ഭൂപന്‍ദാ തന്റെ മരണത്തോടെ ആസാമിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ വീരപുരുഷനായി മാറിക്കഴിഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പൊതുവെ ലഭിക്കുന്ന ആചാരവെടിയിലപ്പുറം മറ്റൊന്നും ഭൂപന്‍ദായുടെ കാര്യത്തില്‍ ആസാമിലെ സര്‍ക്കാറിന് ചെയ്യേണ്ടിവരുമായിരുന്നില്ല. പക്ഷേ ചാനലുകള്‍ ഇടപെട്ടതോടെ സ്ഥിതി മാറി. അക്ഷരാര്‍ഥത്തില്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഗവണ്‍മെന്റ് വിഷയം ഏറ്റെടുത്തതും നഗരമധ്യത്തിലെ സുപ്രധാനമായ പാര്‍ക്കുകളിലൊന്നില്‍ ഭൂപന്‍ദാക്ക് ചിതയൊരുങ്ങിയതും. പക്ഷേ എവിടെയോ എന്തോ ചീഞ്ഞു മണക്കുന്നുണ്ട്. അദ്ദേഹം നുഴഞ്ഞു കയറ്റത്തിനെതിരെയുള്ള ആസാമിന്റെ വികാരമായാണ് ഏറ്റവുമൊടുവില്‍ ചിത്രീകരിക്കപ്പെടുന്നത്! ആസാമിന്റെ മണ്ണ് ബംഗ്ലാദേശിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്ന് അതൊരു വന്‍ പ്രക്ഷോഭത്തിലേക്ക് ആസാമിനെ പിടിച്ചു വലിക്കാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് ഭൂപന്‍ദായുടെ ദേഹവിയോഗമുണ്ടാവുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ബംഗ്ലാദേശിന്റെ രൂപവത്കരണത്തിനു തന്നെ കാരണമായ കോണ്‍ഗ്രസിന്റെ അടിസ്ഥാന രോഗമാണ് ഒരുപക്ഷേ ഇത്തവണയും പ്രശ്‌നം സൃഷ്ടിക്കുന്നത്. അവിഭക്ത ബംഗാളില്‍ വോട്ടെടുപ്പ് നടന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സൃഷ്ടിക്കാനിടയുള്ള മുസ്‌ലിം സീറ്റുകളുടെ എണ്ണം ഭയന്നാണ് ഇന്ത്യാ വിഭജനത്തിനും മുമ്പെ തന്നെ കിഴക്കന്‍ ബംഗാളും പശ്ചിമ ബംഗാളിനെയും രണ്ടാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതെന്നാണ് ചരിത്രം പറയുന്നത്. ഇപ്പോള്‍ ആസാമില്‍ മുസ്‌ലിംകളുടെ രാഷ്ട്രീയം കൂടുതല്‍ വ്യക്തത നേടുന്ന സാഹചര്യത്തില്‍ നുഴഞ്ഞു കയറ്റ പ്രശ്‌നം വീണ്ടും വര്‍ഗീയവത്കരിക്കാന്‍ തുടങ്ങുകയാണ് കോണ്‍ഗ്രസ്. മാധ്യമങ്ങള്‍ അതിന് ചൂട്ടുപിടിക്കുന്നു. കശ്മീരില്‍ ഇന്ത്യക്കാരനെ വെറുക്കുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞു വരുമ്പോഴും കശ്മീരി ഇന്ത്യന്‍ മാധ്യമങ്ങളുടെ കണ്ണില്‍ ഭീകരതയുടെ കുഴലൂത്തുകാരനാണ്. എന്നാല്‍, ഇപ്പോഴും ജനഗണമന പാടാത്ത സ്‌കൂളുകളുള്ള, ഇന്ത്യക്കാരനെന്നു കേട്ടാല്‍ ഏതോ അന്യനാട്ടുകാരനെന്ന മട്ടില്‍ പെരുമാറുന്ന നാഗാലാന്റിന്റെ കാര്യത്തില്‍ അവരുടെ നേതാക്കളെ ദല്‍ഹിയില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിവരികയാണ് കേന്ദ്രസര്‍ക്കാര്‍. ആസാമിലെ തത്ത്വം പൊതു തത്ത്വമാണെങ്കില്‍ ചൈനയുടെയും പാകിസ്താന്റെയും കൈയില്‍ അകപ്പെട്ട ഭൂപ്രദേശങ്ങളുടെ (സിയാചിനും പാക്കധീന കശ്മീരും) കാര്യത്തിലും ഇതാവുമോ നിയമം?
Comments