'അദ്ദേഹമൊരു പക്കാ മൗലവിയല്ല!'
അബൂ ഫഹ്മി
കൊടുവള്ളി, ദോഹ
കെ.ടി റഷീദ് സാഹിബിനെ കുറിച്ച് സഹപ്രവര്‍ത്തകനായിരുന്ന സി.എച്ച് അബ്ദുല്‍ ഖാദര്‍ എഴുതിയ അനുസ്മരണം (ലക്കം 27 ) വായിച്ചു. കേരളത്തിലെ ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവ കാലത്ത് സംഘടനക്കു വെള്ളവും വളവും നല്‍കി ത്യാഗങ്ങള്‍ അര്‍പ്പിച്ചവരുടെ മുന്‍ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും മരിക്കാത്ത ഒരുപിടി നല്ല ഓര്‍മകള്‍ അവശേഷിപ്പിച്ചാണ് കെ.ടി വിട പറഞ്ഞത്. കോഴിക്കോട് പട്ടണത്തിലെ പ്രധാന ഹോട്ടലുകളില്‍ കാബറെ ഡാന്‍സ് അരങ്ങുതകര്‍ത്തിരുന്ന അക്കാലത്ത്, ശക്തമായ പ്രതിഷേധങ്ങളിലൂടെ അത് ഇല്ലായ്മ ചെയ്യുന്നതില്‍ എസ്.ഐ.ഒവിന്റെ പങ്ക് നിസ്തുലമായിരുന്നു. ആ സമരത്തിന്റെ മുന്നണിയില്‍ എസ്.ഐ.ഒ കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ കെ.ടി ഉണ്ടായിരുന്നു. പ്രതിഷേധ പ്രകടനം ഓരോ കാബറെ കേന്ദ്രത്തിന്റെയും മുമ്പിലെത്തുമ്പോള്‍, ഈ പേക്കൂത്തിന്റെ പ്രായോജകരായ സ്ഥാപനാധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കെ.ടിയുടെ പ്രസംഗങ്ങള്‍ ചാട്ടുളി പോലെയാണ് പതിച്ചത്. അത് വിജയം കാണുകയും ചെയ്തു.
അന്യാദൃശമായ സംഘാടന വൈഭവമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ജോലിക്കായി എത്തുന്ന പ്രദേശങ്ങളിലെ ചെറുപ്പക്കാരെ വളരെ പെട്ടെന്ന് വരുതിയിലാക്കാന്‍ പോന്ന മാസ്മരിക സിദ്ധി അദ്ദേഹത്തിനു സ്വായത്തമായിരുന്നു. അതിനു തന്റെ വാഗ് വൈഭവവും നര്‍മബോധവും അദ്ദേഹത്തെ ഏറെ സഹായിച്ചിരിക്കണം. പള്ളിയിലും അങ്ങാടിയിലും കല്യാണ വീട്ടിലും പ്രസ്ഥാന പരിപാടികളിലും എവിടെയും കെ.ടിക്ക് ചുറ്റും ചെറുപ്പക്കാരുടെ ഒരു ചെറുകൂട്ടം എപ്പോഴും കാണുമായിരുന്നു. അവിടങ്ങളിലെ ഇത്തരം കൂട്ടായ്മകള്‍ ക്രിയാത്മകമായ പലതും ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും കൊടുവള്ളിയിലെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെയും ഉത്ഭവം അങ്ങനെയാണ്!
അദ്ദേഹത്തിന്റെ ഖുത്വ്ബ ശ്രവിക്കാന്‍ പരിസരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒരുമിച്ചുകൂടും. കൊടുവള്ളിയില്‍ സമ്പത്തും സൗകര്യങ്ങളുമുള്ള അനവധി ചെറുപ്പക്കാര്‍ ആ പ്രഭാഷണ ചാതുരിയില്‍ ആകൃഷ്ടരായി. സ്വര്‍ണ കച്ചവടക്കാരും മറ്റുമായ ആ യുവാക്കളില്‍ ഒരുപരിധി വരെ ദീനീ ബോധം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിനായി. നാട്ടിലെ സാമൂഹിക പണക്കൊഴുപ്പില്‍ പലപ്പോഴും വഴുതിപ്പോകാറുള്ള പ്രാദേശിക യൗവനത്തെ ദീനീ മാര്‍ഗത്തില്‍ വഴിനടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കെ.ടിയുടെ നേതൃത്വത്തില്‍ 'ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍' എന്ന പേരില്‍ ഒരു വേദിക്ക് രൂപം നല്‍കി. പഠന ക്യാമ്പുകളും സേവന പ്രവര്‍ത്തനങ്ങളും വേദിക്ക് കീഴില്‍ നടന്നിരുന്നു.
കെ.ടിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കൊടുവള്ളിയിലെ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പ്രഥമ വാര്‍ഷിക പരിപാടിക്ക് അതിഥിയായെത്തിയ സാഹിത്യകാരനും റേഡിയോ നാടക കൃത്തുമായ ഹുസൈന്‍ കാരാടിയെ യാത്രയാക്കാന്‍ അനുഗമിച്ചപ്പോള്‍ കെ.ടിയെക്കുറിച്ച് അദ്ദേഹം വാചാലനായത് ഓര്‍ത്ത് പോകുന്നു. അദ്ദേഹം ഉപസംഹരിച്ചു പറഞ്ഞ വാചകം ഇതായിരുന്നു: 'കെ.ടി റഷീദ് ഒരു പക്കാ മൗലവിയല്ല!'
ദീനീ മുഖം തിരിച്ചുപിടിക്കുക
കൂളത്ത് ഇസ്മാഈല്‍ ഷാര്‍ജ
'സാമുദായികത, മതേതരത്വം, ഇടയിലെ ജമാഅത്തെ ഇസ്‌ലാമി' (ലക്കം 24,25), ടി. ആരിഫലിയുമായി നടത്തിയ സുദീര്‍ഘ അഭിമുഖം, പ്രസ്ഥാനത്തിന്റെ നയനിലപാടുകളിലെ ഊന്നലുകള്‍ മനസ്സിലാക്കാന്‍ പര്യാപ്തമായി. മുസ്‌ലിം ജനസാമാന്യവുമായി നേരിട്ടുള്ള ബന്ധത്തിന് ഈ കാലയളവില്‍ പ്രത്യേക ശ്രദ്ധ കൊടുക്കും എന്നത് ഉചിതം എന്നല്ല, അടിയന്തര ആവശ്യമാണെന്ന അഭിപ്രായമാണുള്ളത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈയുള്ളവന്‍ നാട്ടില്‍ വെച്ച് പ്രസ്ഥാന ബന്ധുവായ ഒരു കാരണവരുമായി ഈ വിഷയം സംസാരിക്കാനിടയായി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളാണ് ചുവടെ.
- ആത്മീയത ഉദ്‌ഘോഷിക്കുന്ന ഒരു സംഘടന എന്നതിലുപരി, ഒരു ഭൗതിക പ്രസ്ഥാനമായിട്ടാണ് മുസ്‌ലിം ജനസാമാന്യം പലപ്പോഴും ജമാഅത്തിനെ കാണുന്നത്. പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങളായിരിക്കാം ഒരു പരിധിവരെ ഈ ധാരണക്ക് കാരണം.
- നവയാഥാസ്ഥിതികരായ ഉല്‍പതിഷ്ണു സംഘടനയും നവ ബറേല്‍വി സുന്നീ വിഭാഗവും സമുദായത്തിനകത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രചണ്ഡമായ പ്രതിലോമ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മൂലം സമുദായത്തിലെ ഗണ്യമായൊരു ഭാഗം, പ്രത്യേകിച്ച് യുവാക്കള്‍ ഇന്നൊരു തരം ഉന്മാദാവസ്ഥയിലാണ്.
- അവരെ യഥാര്‍ഥ ഇസ്‌ലാമിന്റെ മൂശയില്‍ പുനഃസംസ്‌കരണം ചെയ്‌തെടുക്കേണ്ടത് അടിയന്തരാവശ്യമാണ്. അതിന് ടി.കെയെ പോലുള്ള പഴയകാല പണ്ഡിത വാഗ്മികള്‍ വീണ്ടും രംഗത്തിറങ്ങി വിശുദ്ധ ഖുര്‍ആനിലൂന്നിയുള്ള പ്രാസ്ഥാനിക പ്രഭാഷണ പരമ്പരകള്‍ ഒട്ടൊരു നൈരന്തര്യത്തോടെ കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാറില്‍ തുടങ്ങിയാല്‍ ആത്മീയഛായ ഒട്ടൊക്കെ തിരിച്ചുപിടിക്കാം.
'കുടിയന്‍ ദ്വീപ്'
അബ്ദുന്നാസര്‍
പൂക്കാടഞ്ചേരി, എടത്തനാട്ടുകര
കേരളം ഇന്ത്യയുടെ 'ആത്മഹത്യാ മുനമ്പ്' ആയിരുന്നതു പോലെ 'കുടിയന്‍ ദ്വീപാ'യി മാറിക്കൊണ്ടിരിക്കുന്നു. മദ്യം ഒരു കറവപ്പശു (ലക്കം 25) എന്ന മുഖക്കുറിപ്പ് നന്നായി.
മദ്യപാനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തന്നെയാണ് കേരളം. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മദ്യത്തിന്റെ 16 ശതമാനവും ഉപയോഗിക്കുന്നത് കേരളീയരാണെന്ന് വാണിജ്യ വ്യവസായ സംഘടനകളുടെ ഏകോപന സമിതിയായ 'അസോച്ചം' വ്യക്തമാക്കുന്നു. 14 ശതമാനവുമായി രണ്ടാം സ്ഥാനത്ത് പഞ്ചാബാണ്. മൂന്ന് മുതല്‍ 9 വരെ സ്ഥാനങ്ങളിലുള്ള ആന്ധ്ര, ഹരിയാന, ഹിമാചല്‍, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മൊത്തം ഉപയോഗം 40 ശതമാനമാണ്. മദ്യവിപണിയുടെ 15 മുതല്‍ 20 ശതമാനം വരെ വ്യാജന്മാര്‍ക്ക് അവകാശപ്പെട്ടതും.
വന്‍തോതിലുള്ള സാമ്പത്തിക വരുമാനം, മാതാപിതാക്കളുടെ ശ്രദ്ധക്കുറവ്, മാറുന്ന സാമൂഹിക വ്യവസ്ഥിതി, പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മദ്യപാനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളില്‍ 12-ാം ക്ലാസ് പൂര്‍ത്തിയാക്കുന്ന 45 ശതമാനം വിദ്യാര്‍ഥികളും മദ്യപാനികളായി മാറുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കൗമാരക്കാരായ മദ്യപരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവുണ്ടായി.
കത്തുകള്‍ക്ക് കൊടുത്ത ലേഔട്ട് ഭംഗിയായിരിക്കുന്നു. പേരും സ്ഥലവും മുകളില്‍ ചേര്‍ക്കുന്ന ശൈലി നന്ന്. ആകെയുള്ള ഏഴു കത്തുകളില്‍ അഞ്ചെണ്ണത്തിനു മാത്രമേ തലക്കെട്ടുള്ളൂ. എത്ര ചെറിയ കത്താണെങ്കിലും അതിനൊരു തലക്കെട്ട് കൊടുക്കാതിരുന്നാല്‍ അത് കത്ത് പേജിന്റെ 'മൊഞ്ചിനെ' ബാധിക്കുന്നുണ്ട്. സ്ഥല പരിമിതി മൂലമാണെങ്കില്‍ പേരും സ്ഥലപ്പേരും ഒരു വരിയില്‍ ഒതുക്കാമല്ലോ.
അബ്ദുല്‍ ജബ്ബാര്‍ പുഞ്ചക്കോട് / അജ്മാന്‍
പി.എ നാസിമുദ്ദീന്റെ 'സൂര്യനും കുടവും' (ലക്കം 27) എന്ന കവിത, 'ദൈവവും കളിപ്പന്തും' എന്ന അദ്ദേഹത്തിന്റെ തന്നെ വേറൊരു കവിതയിലേക്ക് കൈ പിടിച്ച് കൊണ്ടുപോയി. ബഹുജനങ്ങള്‍ പരിമിതപ്പെടുത്തിയ ദൈവത്തെയല്ല, ആകാശഭൂമികളുടെ ഉടമയായ യഥാര്‍ഥ ദൈവത്തെയാണ് തേടിയലഞ്ഞ് അനന്തമായ സ്വാതന്ത്ര്യത്തില്‍ കണ്ടുമുട്ടുന്നത്. സര്‍ഗാത്മക രചനകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണം.
അഷ്‌റഫ് ധംറു/വിഴിഞ്ഞം
പള്ളികളുടെ മാനവിക ദൗത്യങ്ങള്‍
എ.വി ഫിര്‍ദൗസ്
ആരിഫലിയുമായുള്ള അഭിമുഖം കേരളീയ മുസ്‌ലിം/ പൊതുമണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാഴ്ചപ്പാടുകളാണ് പൊതുവില്‍ മുന്നോട്ടു വെക്കുന്നത്. സാമുദായിക/ മുസ്‌ലിം നവീകരണത്തിന്റെ അടിസ്ഥാനതല യത്‌നങ്ങള്‍ ആരംഭിക്കേണ്ടത് പള്ളികള്‍ കേന്ദ്രീകരിച്ചാണ്. മതത്തിന്റെ സ്‌നേഹമസൃണവും മാനവികവുമായ ആശയങ്ങള്‍ പൊതുസമൂഹത്തിലേക്ക് പ്രസരിക്കുന്നതിന്റെ പ്രഭവ കേന്ദ്രമായും സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും അനുഭവങ്ങള്‍ നല്‍കുന്ന ദൈവിക സ്പര്‍ശത്തിന്റെ ശിആറുകള്‍ (അടയാളങ്ങള്‍) ആയും മുസ്‌ലിം ആരാധനാലയങ്ങള്‍ മാറുന്ന അവസ്ഥ സമകാലിക പൊതുമണ്ഡലത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ആയുധപ്പുരകളോ അസഹിഷ്ണുതകളുടെ 'ഫാമു'കളോ ആയി പള്ളികളെ തെറ്റിദ്ധരിക്കുന്ന പൊതുമനസ്സുകള്‍ ഇന്നും ധാരാളമാണ്.
'ഹയ്യഅലല്‍ ഫലാഹ്' (വിജയത്തിലേക്ക് വരുവിന്‍) എന്ന വിളി പള്ളികളില്‍ നിന്നുയരുമ്പോള്‍ അത് മനുഷ്യ സ്‌നേഹത്തിലേക്കുള്ള വിളിയാളമായി തിരിച്ചറിയാന്‍ പൊതു സമൂഹത്തിന് സാധിക്കുമാറ് പള്ളികളെ മാനവികമായ ഒരു 'അനാഛാദന'ത്തിന് വിധേയമാക്കേണ്ടതുണ്ട്. അശരണരെ അവഗണിക്കുന്ന ആശയധാരാളിത്തം കൊണ്ട് മതത്തിന് മുന്നോട്ടുപോകാനാവില്ല.
കൊട്ടാരങ്ങളിലെ മതം
എ.എസ്.ആര്‍ വിതുര
ഡോ. പി.എ അബൂബക്കറിന്റെ 'മതം കൊട്ടാരത്തിനെതിരെ' ലേഖനം മതവും കൊട്ടാരങ്ങളും തമ്മില്‍ നടന്ന വ്യതിരിക്തമായ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. മുആവിയയിലൂടെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ചെങ്കോലും കിരീടവും ഖിലാഫത്തില്‍ നിന്ന് രാജവാഴ്ചയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നീട് ആ ശൃംഖലയില്‍ വല്ലപ്പോഴും മാത്രമാണ് ഉമറുമാര്‍ പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാല്‍ തന്നെയും കൊട്ടാര മേധാവികളൊക്കെ തന്നെ അതിനിര്‍ണായക സാഹചര്യങ്ങളില്‍ ഇസ്‌ലാമിക ലോകത്തിന്റെ പോരാട്ട വീര്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏത് അടിച്ചമര്‍ത്തലിലും മുസ്‌ലിം മനസ്സിനകത്ത് അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടം രൂഢമൂലമാണ്. അവസാന നാളുകളില്‍ ഖദ്ദാഫി പോലും മരുഭൂമിയുടെ സിംഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സനൂസി വിപ്ലവ നായകന്‍ ഉമര്‍ മുഖ്താറിന്റെ ഡോക്യുമെന്ററികളും വീഡിയോയും നിരന്തരം സംപ്രേഷണം ചെയ്ത് കുരിശ് സേനക്കെതിരെ സായുധയുദ്ധം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു.
അതേ കാഴ്ച തന്നെയാണ് 1856-ല്‍ മുഗള്‍ സാമ്രാജ്യ കൊട്ടാരത്തില്‍ അധികാരത്തിന് വേണ്ടി കൊട്ടാരവും അമരത്വത്തിനായി ഇസ്‌ലാമും ഒന്നിച്ചത്. ഇസ്‌ലാമും കൊട്ടാരവും തമ്മിലുള്ള നീണ്ട സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ മദീനക്കും ദമസ്‌കസിനും ബഗ്ദാദിനും പിന്നില്‍ ദല്‍ഹിയുടെ സ്ഥാനം മനസ്സിലാക്കാന്‍ ലേഖനം സഹായിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ കൊട്ടാരങ്ങള്‍ വിസ്മൃതിയിലായെങ്കിലും ഇന്ന് രാഷ്ട്ര തലസ്ഥാനങ്ങളും ഭരണ നിര്‍വഹണ കാര്യാലയങ്ങളും തമ്മിലുള്ള അധികാരത്തിനും അമരത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. എന്നാല്‍, 1857-ല്‍ ദല്‍ഹിയില്‍ മുഴങ്ങിയ സീനത്ത് മഹലിന്റെ സ്വാര്‍ഥതയില്‍ മുഴങ്ങിയ ശബ്ദങ്ങള്‍ ഇന്നും ഉയരുന്നുണ്ട് എന്നുള്ളത് നിര്‍ഭാഗ്യകരമാണ്.
Comments