Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

കാപട്യത്തിന്റെ കെടുതികള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

മനുഷ്യ മനസ്സിനെ ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് കാപട്യം.  അതിനെ മനസ്സിന്റെ രോഗമെന്ന് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്.  കാപട്യം ഒട്ടുമില്ലാത്ത കാലമോ, നാടോ, ജനതയോ, സമൂഹമോ ഉണ്ടായിട്ടില്ല. അത്രയേറെ വ്യാപകവും സാര്‍വത്രികവുമാണത്.  അതുകൊണ്ടുതന്നെ കപടതയില്‍നിന്ന് തീര്‍ത്തും മുക്തമാകാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്.
കപടന്റെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും.  മനസ്സിലുള്ളതല്ല പുറത്ത് പറയുക, പറയുന്നതല്ല പ്രവര്‍ത്തിക്കുക. അകത്ത് ഒന്ന് ഒളിപ്പിച്ച്‌വെച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കും. ശത്രുത മനസ്സില്‍വെച്ച് സൗഹൃദം പ്രകടിപ്പിക്കും. സൗഹൃദം നടിച്ച് ശത്രുത കാണിക്കും. സത്യസന്ധത നടിച്ച് വഞ്ചന നടത്തും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചാല്‍ ചതിക്കും. സംസാരിച്ചാല്‍ കള്ളം പറയും. മനസ്സില്‍ പകവെച്ച് പുഞ്ചിരിക്കും.  വാഗ്ദാനങ്ങള്‍ ലംഘിക്കും.
കപടന്മാര്‍ ഇരട്ടമുഖമുള്ളവരായിരിക്കും. ഒരിടത്ത് ഒരു മുഖം പ്രദര്‍ശിപ്പിക്കും. മറ്റൊരിടത്ത് തീര്‍ത്തും ഭിന്നമായ മറ്റൊന്നും. ഒരിക്കല്‍ ഒരു സമീപനം സ്വീകരിക്കും. തൊട്ടുടനെതന്നെ അതിന് വിരുദ്ധമായ നിലപാടെടുക്കും. കൂടെ നില്‍ക്കുന്നവരെ ചതിക്കും. അടുത്തുള്ളപ്പോള്‍ അതിരറ്റ് പ്രശംസിക്കും.  അസാന്നിധ്യത്തില്‍ രൂക്ഷമായി പരിഹസിക്കും. കേള്‍ക്കെ നല്ലത് പറയും. കേള്‍ക്കാതെ ചീത്തയും. വിശ്വാസികളോടൊപ്പമാകുമ്പോള്‍ അവരുടെ കൂടെയാണെന്ന് വരുത്തും. അവിശ്വാസികളോടൊന്നിച്ചാകുമ്പോള്‍ അവരോടൊപ്പം ചേരും. അതുകൊണ്ടു തന്നെ കപടന് സ്ഥിരസ്വഭാവമുണ്ടാവില്ല. ഒന്നിലും ഉറച്ചു നില്‍ക്കുകയില്ല.  സദാ അങ്ങുമിങ്ങും ആടിക്കളിക്കും.
ശത്രുവിനെ ആര്‍ക്കും അതിവേഗം തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കും. എന്നാല്‍ കപടനെ കണ്ടെത്തുക എളുപ്പമല്ല. അതിനാല്‍ പ്രത്യക്ഷ ശത്രുവേക്കാള്‍ ദ്രോഹം വരുത്തുക സൗഹൃദം നടിക്കുന്ന കപടനാണ്. എതിരാളിയോട് എപ്പോഴും അകലം പാലിക്കാം. എന്നാല്‍ കൂടെ കഴിയുന്ന കപടനെ അകറ്റി മാറ്റുക ഏറെ പ്രയാസകരമത്രെ. കാപട്യം സ്വന്തത്തിലേക്ക് കടന്നുവരാതിരിക്കാനെന്നപോലെ, കപടന്മാരുടെ കെണിയില്‍ കുടുങ്ങാതിരിക്കാനും നിതാന്ത ശ്രദ്ധ അനിവാര്യമാണ്.
പരസ്പരം പൊരുതുന്ന രണ്ടു വിഭാഗമുണ്ടാവുമ്പോള്‍ കപടന്മാര്‍ ഇരു വിഭാഗത്തോടും അടുപ്പം പുലര്‍ത്തും.  ഓരോ വിഭാഗത്തെയും അവരുടെ കൂടെയാണെന്ന് ധരിപ്പിക്കാന്‍ ശ്രമിക്കും. അതിനാവശ്യമായ സമീപനം സ്വീകരിക്കും. യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടരുടെ കൂടെയുമുണ്ടാവില്ല. വിജയിക്കുന്നവരുടെ നേട്ടങ്ങളില്‍ പങ്കാളികളാകലാണ് ലക്ഷ്യം. നഷ്ടങ്ങളില്‍ അകപ്പെടാതിരിക്കലും. കപടന്മാരുടെ ഈ പ്രകൃതത്തെ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
''ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കും.  നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന്  വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും:  ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ? ഇനി സത്യ നിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നല്ലോ. എന്നിട്ടും വിശ്വാസികളില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ'' (അന്നിസാഅ് 141).
''മറ്റൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം.  അവര്‍ നിങ്ങളില്‍നിന്നും സ്വന്തം ജനതയില്‍നിന്നും സുരക്ഷിതരായിരിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ അതിലേക്കവര്‍ തലകുത്തി മറിയുന്നു''(അന്നിസാഅ് 91).
പ്രവാചകന്റെ കാലത്തുതന്നെ ധാരാളം കപടന്മാരുണ്ടായിരുന്നു. അവര്‍ നബി(സ)യുടെയും അനുയായികളുടെയും ഇടയില്‍ അവരോടൊപ്പമാണ് ജീവിച്ചിരുന്നത്.  അതോടൊപ്പം ഇസ്‌ലാമിക സമൂഹത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അതിനാല്‍ വിശ്വാസികളോടൊന്നിച്ചു നിന്ന് അവര്‍ക്കെതിരായ നിലപാട് സ്വീകരിച്ചിരുന്ന കപടന്മാരുടെ വിവിധ സമീപനങ്ങളെയും ചെയ്തികളെയും സ്വഭാവങ്ങളെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശദമായിതന്നെ വിവരിക്കുന്നു.  കപടവിശ്വാസികളെ മനസ്സിലാക്കാന്‍ കഴിയുമാറ് അവരുടെ നിലപാടുകളെയും പെരുമാറ്റങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിരൂപണം ചെയ്യുന്നു.
അതോടൊപ്പം കപടന്മാരുടെ പൊതുസ്വഭാവവും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ''അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവാണ് അല്ലാഹു'' (അല്‍മാഇദ 41).
''സ്വന്തം ചെയ്തികളില്‍ ഊറ്റം കൊള്ളുകയും ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ പ്രശംസ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍നിന്ന് ഒഴിവാകുമെന്ന് നീ കരുതരുത്'' (ആലുഇംറാന്‍ 188).
''തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അവര്‍ സ്വയം വഞ്ചിതരാവുകയാണ്.  അവര്‍ നമസ്‌കാരത്തിന് നില്‍ക്കുന്നതുപോലും അലസന്മാരായാണ്.  ആളുകളെ കാണിക്കാന്‍ വേണ്ടിയും.  അവര്‍ വളരെ കുറച്ചെ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ.  ഇവരോടോ അവരോടോ ചേരാതെ രണ്ടു കൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍'' (അന്നിസാഅ് 142,143).
പ്രവര്‍ത്തിക്കാത്തത് പറയുകയെന്നത് കപടന്മാരുടെ പൊതു സ്വഭാവമാണ്. അവര്‍ വളരെ വലിയ ആദര്‍ശങ്ങളും തത്ത്വങ്ങളും പറയുന്നു.  മഹത്തായ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവയൊന്നുപോലും സ്വന്തം ജീവിതത്തില്‍ പാലിക്കുകയോ പ്രായോഗികമാക്കുകയോ ചെയ്യുകയില്ല.  അതിനാല്‍ അല്ലാഹു ചോദിക്കുന്നു: ''വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ എന്തിന് ഉപദേശിക്കുന്നു? സ്വയം ചെയ്യാത്തത് മറ്റുള്ളവരോടുപദേശിക്കുന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമത്രെ'' (അസ്സ്വഫ് 2,3).
കപടവിശ്വാസികളുടെ ലക്ഷണങ്ങളെ സംബന്ധിച്ച് ധാരാളം പ്രവാചകവചനങ്ങളുണ്ട്.  അവിടുന്ന് അരുള്‍ ചെയ്യുന്നു.
''കപടവിശ്വാസികളുടെ ലക്ഷണം മൂന്നാണ്. സംസാരിച്ചാല്‍ കളവു പറയും. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചാല്‍ ചതിക്കും'' (ബുഖാരി).
''നാലു ലക്ഷണങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ തികഞ്ഞ കപടനായി.  അവയിലേതെങ്കിലുമൊന്നുണ്ടെങ്കില്‍ അതുപേക്ഷിക്കുംവരെ കാപട്യത്തിന്റെ ഒരടയാളം അവനിലുണ്ടാകും. വിശ്വസിച്ചാല്‍ ചതിക്കും. സംസാരിച്ചാല്‍ കള്ളം പറയും. വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും. തമ്മില്‍ തെറ്റിയാല്‍ തെറി പറയും'' (ബുഖാരി).
ജാബിറുബിനു സൈദില്‍ നിന്ന് നിവേദനം: ഒരാള്‍ ഹുദൈഫയോട് കാപട്യമെന്താണെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇസ്‌ലാമിനെ സംബന്ധിച്ച് സംസാരിക്കുകയും എന്നിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യലാണ് കാപട്യം'' (മുസ്‌നദ് ഇമാം റബീഅ്).
കാപട്യം ഇരുലോകത്തും നാശം മാത്രമേ വരുത്തുകയുള്ളൂ. രണ്ടു മുഖത്തോടെ ജീവിക്കേണ്ടിവരുന്നതില്‍ അവര്‍ കടുത്ത അന്തസ്സംഘര്‍ഷം അനുഭവിക്കുന്നു. വൈരുധ്യം നിറഞ്ഞ ജീവിതം നയിക്കേണ്ടിവരുന്നു. വിശ്വാസ്യത നഷ്ടപ്പെടുന്നു. അതിനാല്‍ ആരും കപടവിശ്വാസികളുമായി ഉറ്റബന്ധം പുലര്‍ത്തുകയോ സ്വകാര്യതകള്‍ പങ്കുവെക്കുകയോ ഇല്ല. എല്ലാവരും കപടന്മാരുമായി നിശ്ചിത അകലം കാത്തുസൂക്ഷിക്കുന്നു. അതോടൊപ്പം തങ്ങളുടെ കാപട്യം വെളിപ്പെടുമോ എന്ന ആശങ്ക അവരെ സദാ വേട്ടയാടുന്നു. ദൈവശാപത്തിനും കോപത്തിനും അവര്‍ ഇരയാവുന്നു. കഠിനമായ നരകശിക്ഷക്കും.
അല്ലാഹു കപടവിശ്വാസികളെ സംബന്ധിച്ച് തന്റെ അന്ത്യദൂതനായ നബിതിരുമേനിയെ അറിയിക്കുന്നു: ''നീ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക.  നീ അവര്‍ക്കുവേണ്ടി എഴുപതു പ്രവാശ്യം പാപമോചനത്തിനു പ്രാര്‍ഥിച്ചാലും അല്ലാഹു അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല''(അത്തൗബ 80).
''അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ കുഴിമാടത്തിനടുത്ത് നില്‍ക്കരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. അധാര്‍മികമായി മരണമടഞ്ഞവരും'' (അത്തൗബ 84).
''കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും.  അവര്‍ക്കതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിത്യമായ ശിക്ഷയുണ്ട്''(അത്തൗബ 68).

അനിവാര്യമായ ജാഗ്രത
മനുഷ്യമനസ്സുകളിലേക്ക് അതിവേഗം കടന്നുവരുന്ന രോഗമാണ് കാപട്യം.  അതുകൊണ്ടുതന്നെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും മേധാവിത്വം പുലര്‍ത്തുകയും ചെയ്യുക കപടതയും കപടന്മാരുമായിരിക്കും.  സമകാലീന സമൂഹം തന്നെ അതിനു സാക്ഷിയാണ്.  തികഞ്ഞ ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തെ സംബന്ധിച്ച് സംസാരിക്കുന്നു.  കൊടും ക്രൂരന്മാര്‍ കാരുണ്യത്തിന്റെ മേലങ്കിയണിയുന്നു.  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷബീജം പേറുന്നവര്‍ സ്‌നേഹത്തിന്റെ മഹത്വമുദ്‌ഘോഷിക്കുന്നു.  നീചന്മാരും നിന്ദ്യരും മാന്യതയുടെ മുഖംമൂടിയണിയുന്നു. പിശുക്കന്മാര്‍ വലിയ വായില്‍ ഉദാരതയെക്കുറിച്ച് വര്‍ത്തമാനം പറയുന്നു. കോടികള്‍ കക്കുന്നവര്‍ അഴിമതിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു. കൊടിയ കുറ്റവാളികള്‍ വിശുദ്ധി നടിക്കുന്നു. തല്ലും കൊല്ലും പതിവാക്കിയവര്‍ സമാധാന ജാഥ നയിക്കുന്നു. നാട് കട്ടുമുടിക്കുന്നവര്‍ തങ്ങള്‍ രാഷ്ട്രത്തിന് കാവലിരിക്കുകയാണെന്ന് അവകാശപ്പെടുന്നു.  സാമൂഹികദ്രോഹികള്‍ ജനസേവകരായി പ്രത്യക്ഷപ്പെടുന്നു. രാജ്യദ്രോഹികള്‍ ദേശസ്‌നേഹത്തിന്റെ മൂടുപടമണിയുന്നു. ഇങ്ങനെ സമൂഹം അടിമുടി കാപട്യത്തിനടിപ്പെടുന്നു.
കപടത സമൂഹത്തില്‍ വമ്പിച്ച തോതില്‍ സ്വാധീനം ചെലുത്താനും മനുഷ്യമനസ്സുകളെ കീഴ്‌പ്പെടുത്താനും വലിയ സാധ്യതയുള്ളതിനാല്‍ വിശ്വാസികള്‍ അതേക്കുറിച്ച് സദാ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  സ്വന്തം മനസ്സിലേക്കും ജീവിതത്തിലേക്കും കാപട്യം കടന്നുവരാതിരിക്കാന്‍ സൂക്ഷ്മത പാലിക്കണം. ഇക്കാര്യത്തില്‍ പ്രവാചക ശിഷ്യന്മാരും പൂര്‍വകാല പണ്ഡിതന്മാരും എത്രമാത്രം ജാഗ്രത്തായിരുന്നുവെന്ന് ചരിത്രം നമുക്ക് പറഞ്ഞുതരുന്നു.
പ്രമുഖ പണ്ഡിതനായ ഇബ്‌നു അബീമുലൈക ഒരിക്കല്‍ പറഞ്ഞു: ''ഞാന്‍ മുപ്പതോളം പ്രവാചകാനുചരന്മാരുമായി സഹവസിച്ചിട്ടുണ്ട്. തങ്ങളില്‍ കാപട്യമുണ്ടോ എന്ന് ആശങ്കപ്പെട്ട് അസ്വസ്ഥരായി കഴിയുന്നവരായാണ് അവരെയൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞത്.''
'കാപട്യത്തിന്റെ കാര്യത്തില്‍ സ്വയം സംതൃപ്തനാകാന്‍ കപടനുമാത്രമേ കഴിയൂ' എന്ന് പ്രശസ്ത പണ്ഡിതന്‍ ഹസന്‍ ബസ്വരി പറയാറുണ്ടായിരുന്നു.
അതിനാല്‍ ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തിലേക്ക് കപടത കടന്നുവരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം കപടതയില്‍നിന്ന് അല്ലാഹുവോട് രക്ഷതേടുകയും വേണം.
''അല്ലാഹുവേ, എന്റെ മനസ്സിനെ കപടതയില്‍നിന്നും കര്‍മങ്ങളെ പ്രദര്‍ശനപരതയില്‍നിന്നും നാവിനെ കള്ളം പറയുന്നതില്‍നിന്നും കണ്ണുകളെ കട്ടുനോട്ടത്തില്‍നിന്നും കാത്തു രക്ഷിച്ച് വിശുദ്ധമാക്കേണമേ. തീര്‍ച്ചയായും കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നതും നന്നായറിയുന്നവനല്ലോ നീ.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം