Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

എന്തുകൊണ്ട് ഇസ്‌ലാമിസ്റ്റുകള്‍?

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ലോകത്ത് പൊതുവെയും അറബ് ഇസ്‌ലാമിക ലോകത്ത് പ്രത്യേകിച്ചും പത്രമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന തലക്കെട്ടാണ് മുകളില്‍ കൊടുത്തത്. അറബ് വസന്തം പൂവിട്ട നാടുകളില്‍  ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം 'ഇസ്‌ലാമിസ്റ്റുകള്‍' എന്ന് സെക്യുലരിസ്റ്റുകള്‍ പേരിട്ട് വിളിക്കുന്ന ഇസ്‌ലാമിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നത് പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ കല്‍പിച്ചുനല്‍കിയ ഇസ്‌ലാമിക് മിലിറ്റന്‍സിക്ക് പകരം ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഇവരെ തെരഞ്ഞെടുത്തിരിക്കുന്നു എന്നത് തന്നെ കാരണം. ഈ നാടുകളിലൊന്നും ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നത് തോക്കിന്‍ കുഴലിലൂടെയോ ഉരുക്കു മുഷ്ടി ഉപയോഗിച്ചോ അല്ല, മറിച്ച് വോട്ട് പെട്ടിയിലൂടെയായിരുന്നു.
തുനീഷ്യയുടെയും ഈജിപ്തിന്റെയും ലിബിയയുടെയുമൊക്കെ തെരുവുകളില്‍ ഇസ്‌ലാമിസ്റ്റുകളുടെ സാന്നിധ്യം സ്വാഗതം ചെയ്യപ്പെടാനും അവര്‍ ആദരിക്കപ്പെടാനുമുള്ള കാരണവും മറ്റൊന്നല്ല. ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്ന് ഇത്രയും കാലം പെരുമ്പറ മുഴക്കി ഇക്കൂട്ടരെ രാഷ്ട്രീയ പ്രക്രിയകളില്‍നിന്ന് അകറ്റി നിര്‍ത്തിയവര്‍ക്ക് അതേ ജനാധിപത്യ പ്രക്രിയ ഉപയോഗപ്പെടുത്തി ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇസ്‌ലാമിക പാര്‍ട്ടികള്‍. വീണുകിട്ടിയ ഒന്നാമത്തെ അവസരം തന്നെ നാടിന്റെ പുനര്‍നിര്‍മാണത്തിനു ഉപയോഗപ്പെടുത്തിയാല്‍ ഒരു കാലത്തും മുഖ്യധാരയില്‍ നിന്ന് ഇവരെ അകറ്റിനിര്‍ത്താന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല എന്ന വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്. മറിച്ചായാല്‍ ഇപ്പോള്‍ സ്വാഗതം ചെയ്ത അതേ ബാലറ്റ് പെട്ടിയിലൂടെ പുറത്താക്കാനും അറബ് സമൂഹം വളര്‍ന്നിട്ടുണ്ട്. അറബ് ജനത സ്വപ്നം കാണുന്ന രീതിയിലുള്ള എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു ഭരണ സംവിധാനം രൂപപ്പെടുത്തുകയാണ് ഇസ്‌ലാമിക പാര്‍ട്ടികളുടെ മുമ്പിലുള്ള മാര്‍ഗം.
വര്‍ഷങ്ങളായി ഏകാധിപതികള്‍ സ്വയം കല്‍പിത നിയമ സംവിധാനം ഉപയോഗിച്ച് വാണുകൊണ്ടിരുന്ന ഈ അറബ് നാടുകളെല്ലാം അവ സ്വതന്ത്രമായിരുന്ന കാലത്ത്  ലോകത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഇസ്‌ലാമിന്റെ കേന്ദ്രങ്ങളായിരുന്നു എന്ന് ഓര്‍ക്കണം. ഈജിപ്ത് ഒരുകാലത്ത് അറബ് ഇസ്‌ലാമിക ഔന്നിത്യത്തിന്റെ കവാടമായിരുന്നു. പില്‍കാലത്ത് അധികാരം കൈക്കലാക്കിയ ഏകാധിപതികള്‍ സ്വന്തം ജനതയെ ഇസ്‌ലാമിക വിശ്വാസികളായതിന്റെ പേരില്‍ ജയിലിലടച്ചും കൊലക്ക് കൊടുത്തും കൊടിയ ദ്രോഹമാണ് ചെയ്തുകൂട്ടിയത്. തൊണ്ണൂറുകളുടെ അവസാനം രിയാദിലെ  കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുമ്പോള്‍ അറബ് സാംസ്‌കാരികതയെ കുറിച്ച് സംസാരിക്കുന്നതിനിടെ സ്വന്തം നാടിനെക്കുറിച്ച് ഒരു ഈജിപ്ഷ്യന്‍ അധ്യാപകന്‍ പറഞ്ഞത് 'സയ്യിദ് ഖുത്വ്ബിനെയും ഹസനുല്‍ ബന്നായെയും പോലുള്ള ഏതു രാജ്യവും കൊതിക്കുന്ന ധിഷണാശാലികളെ ഇല്ലായ്മ ചെയ്തതാണ് ഈജിപ്തിന്റെ ശാപം' എന്നായിരുന്നു. ഇത് കേവലം ഒരാളുടെ വികാരപ്രകടനമല്ല, മറിച്ച് ഒരു ജനതയുടെ നോവും വേവുമായിരുന്നുവെന്ന് സ്വാതന്ത്ര്യം ലഭിച്ച ഒന്നാമത്തെ അവസരംതന്നെ ഉപയോഗപ്പെടുത്തി ആ ജനത തെളിയിച്ചിരിക്കുന്നു.
സാമ്രാജ്യത്വശക്തികളുടെ അകമഴിഞ്ഞ സഹായങ്ങളും പിന്തുണയുമുണ്ടായിരുന്നിട്ടും അറബ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അസ്തമയത്തിന്റെ പാതയിലാണ്. അറബ് ദേശിയതയുടെ പേരില്‍ വളര്‍ന്നുവന്ന പാര്‍ട്ടികളും അറബ് ബഅ്‌സിസ്റ്റുകളും ലിബറലിസ്റ്റുകളുമെല്ലാം അറബ്‌ലോകത്ത് ഓര്‍മ മാത്രമായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ല. ഒരിക്കലും ചോദ്യംചെയ്യപ്പെടാത്ത ചിഹ്നങ്ങളായി വിലസിയിരുന്ന ഇവരുടെ പേരുകളുച്ചരിക്കാന്‍ ഇന്ന് അറബ് നാടുകളില്‍ ആളില്ലാതായി. പകരം എല്ലാ മാധ്യമ കുപ്രചാരണങ്ങളെയും സാമ്രാജ്യത്വ കുതന്ത്രളെയും അതിജീവിച്ചുകൊണ്ട് ഇസ്‌ലാമിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കുറിച്ച് കഴിഞ്ഞു. വര്‍ഷങ്ങളായുള്ള പീഡനങ്ങളും അടിച്ചമര്‍ത്തലുകളും നിരോധവും കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനോ പ്രവര്‍ത്തകരുടെ ആവേശം കെടുത്താനോ ജനമനസ്സുകളില്‍ അവര്‍ക്കുള്ള സ്വാധീനം കുറക്കാനോ ഏകാധിപതികള്‍ക്ക് കഴിഞ്ഞില്ല എന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. അറബ്‌നാടുകളില്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയതു മുതല്‍ തന്നെ ഇസ്‌ലാമിക പാര്‍ട്ടികള്‍ മുന്നേറുന്നതാണ് കാണാന്‍ കഴിഞ്ഞത്. വിപ്ലവാനന്തര തുനീഷ്യയിലാണ് ഇസ്‌ലാമിസ്റ്റുകള്‍ ആദ്യമായി തിരിച്ചുവരവിലൂടെ സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് പുതിയ ഭരണഘടന നിലവില്‍വന്ന മൊറോക്കോയിലും ഹുസ്‌നി മുബാറകിന്റെ പതനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തിലും ഇസ്‌ലാമിസ്റ്റുകള്‍ മുന്നേറിയപ്പോള്‍, ഖദ്ദാഫിക്ക് ശേഷം ലിബിയയിലെ പുതിയ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇസ്‌ലാമിസ്റ്റുകള്‍ തന്നെയാണ്.
എന്തുകൊണ്ട് അറബ് സമൂഹം ഇസ്‌ലാമിസ്റ്റുകളെ തങ്ങളുടെ വിമോചകരായി കാണുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ലോക മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇന്ന് സര്‍വസാധാരണയായിട്ടുണ്ട്. അവസാന വിശകലനത്തില്‍ ഇസ്‌ലാമിന്റെ സാര്‍വലൗകികതയും സാര്‍വ ജനീനതയുമാണ് അതിനുകാരണമെന്ന് കണ്ടെത്താന്‍ കഴിയും. ഇസ്‌ലാം കേവലം ആരാധനാകാര്യങ്ങളിലൊതുങ്ങി നില്‍ക്കുന്ന ഒരു 'മത'മല്ലെന്നും അത് മനുഷ്യന്റെ ചിന്തയെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്ന മുഖ്യ ഘടകമാണെന്നും മനുഷ്യന്റെ ധാര്‍മിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളെ ചൂഴ്ന്നു നില്‍ക്കുന്ന ജീവസുറ്റ ഒരു പ്രത്യയ ശാസ്ത്രമാണെന്നും അവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യരില്‍ നിന്ന് അകന്നുകഴിയുന്ന ഏകാധിപതികളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന കേവല ഭൗതിക പ്രത്യയ ശാസ്ത്രങ്ങളെയും തിരസ്‌കരിക്കേണ്ടതുണ്ടെന്നും തങ്ങളുടെ സമഗ്ര ജീവിത വിജയത്തിന് ഇസ്‌ലാമിനും ഇസ്‌ലാമിസ്റ്റുകള്‍ക്കും പലതും ചെയ്യാന്‍ കഴിയുമെന്നും ആ ജനത തിരിച്ചറിയുന്നു. യഥാര്‍ഥ ഇസ്‌ലാമിക നിയമവ്യവസ്ഥയും ഭരണക്രമവും തീവ്രവാദമല്ലെന്നും, മറിച്ച് മാനുഷികതയിലധിഷ്ഠിതമാണെന്നും ഇസ്‌ലാമിക ധാര്‍മികതയും ജനാധിപത്യ പ്രക്രിയയും കൈകോര്‍ത്ത് നീങ്ങുന്ന തുര്‍ക്കിയുടെ പരീക്ഷണം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അറബ് വസന്തത്തെയും തുടര്‍ന്നുള്ള ഇസ്‌ലാമിക പാര്‍ട്ടികളുടെ മുന്നേറ്റത്തെയും ലോകം പൊതുവിലും ലോക ഇസ്‌ലാമിക സമൂഹം പ്രത്യേകിച്ചും ശുഭകരമായി കാണുമ്പോള്‍ കേരളത്തിലെ ചില സംഘടനകള്‍ക്ക് മാത്രം അറബ് വസന്തം കലാപവും കുഴപ്പമുണ്ടാക്കലും അവിടങ്ങളിലെ രാഷ്ട്രീയ മാറ്റം ഭീതിതവുമാകുന്നത് കൗതുകമുളവാക്കുന്നതാണ്.  എത്ര തിരസ്‌കരിച്ചാലും അറബ് ഇസ്‌ലാമിക ലോകം ഇസ്‌ലാമിക ജനാധിപത്യ ക്രമത്തിലേക്ക് ഓടിയടുക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.

അറബ് വസന്തമല്ല, ഇസ്‌ലാമിക വസന്തം
ഈജിപ്ത് വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ പട്ടാളം പിന്‍വലിയുകയും സുരക്ഷാ ക്രമീകരണങ്ങള്‍ താളംതെറ്റുകയുമുണ്ടായി. ജയിലുകളുടെ വാതില്‍ തുറക്കപ്പെടുകയും ജയില്‍പുള്ളികള്‍ രക്ഷപ്പെടുകയും െചയ്തു. എന്നാല്‍, വിപ്ലവം തുടങ്ങിയ നാളുകളില്‍ ജയിലിലടക്കപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍ മാത്രം ജയില്‍ വിട്ടുപോകാതിരിക്കുന്നത് കണ്ട അല്‍ജസീറ ലേഖകന്‍ കാരണം ആരാഞ്ഞപ്പോള്‍ 'രാജ്യത്തെ നിയമവ്യവസ്ഥ ലംഘിക്കാന്‍ താല്‍പര്യമില്ല' എന്നായിരുന്നു അവരുടെ മറുപടി. ജയിലിലുണ്ടായിരുന്ന എല്ലാ തടവുകാരും രക്ഷപ്പെട്ടതിനു ശേഷം രാജ്യത്തെ നിയമവ്യവസ്ഥ തകര്‍ന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് ഇസ്‌ലാമിസ്റ്റുകള്‍ ജയിലില്‍നിന്ന് പുറത്തുപോയതെന്ന് അല്‍ജസീറ അത്ഭുതത്തോടെ ലോകത്തോട് വിളിച്ച് പറഞ്ഞത് നാം കേട്ടതാണ്. അനിസ്‌ലാമികമെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയെ ഇത്രയേറെ അംഗീകരിക്കുന്ന ഒരു വിഭാഗത്തെയാണ് ഈജിപ്തിലെ സ്വേഛാധിപതികള്‍ രാജ്യദ്രോഹികളെന്ന് വിളിച്ച് ഇക്കാലമത്രയും പടിക്ക്പുറത്ത് നിര്‍ത്തിയതെന്നുകൂടി ഓര്‍ക്കുക.
അറബ് നാടുകളില്‍ നടന്ന പ്രഥമ ജനാധിപത്യ തെരഞ്ഞെടുപ്പിന് ശേഷം അറബ് വസന്തത്തെക്കുറിച്ച് ഒരു അറബ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് ഇത് അറബ് വസന്തമല്ല മറിച്ച് ഇസ്‌ലാമിക വസന്തമാണെന്നായിരുന്നു. ശരിയാണ്, ഇസ്‌ലാമിസ്റ്റുകള്‍ ചരിത്രത്തില്‍ ആദ്യമായി ജനങ്ങളുമായി നേര്‍ക്കുനേര്‍ സംവദിക്കുന്നു. എന്നാല്‍ അറബ് നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നു പറയുമ്പോഴും അവരുടെ മുമ്പില്‍ അനേകം പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അധികാരികളുടെ ഉരുക്കുമുഷ്ടിയില്ലാതെ, ഏകാധിപത്യ നിയമ വ്യവസ്ഥയുടെ അതിര്‍ വരമ്പുകളില്ലാതെ ജനങ്ങളുമായി നേര്‍ക്കുനേര്‍ സംവദിക്കാന്‍ കിട്ടിയ അവസരം അവര്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് പ്രധാന വിഷയമാണ്. പഴയ അളവുകോല്‍ ഉപയോഗിച്ച് പ്രശ്‌നങ്ങളെ അളക്കുക സാധ്യമല്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും ആകെ മാറിയിരിക്കുന്നു. ഈ മാറ്റം ഉള്‍ക്കൊള്ളാനും അതിനനുസരിച്ച പ്രവര്‍ത്തന രീതികള്‍ ആസൂത്രണം ചെയ്യാനും അവര്‍ക്ക് കഴിയണം. പട്ടാള ബാരക്കുകളുടെ അടിച്ചമര്‍ത്തലുകളും മാധ്യമങ്ങളുടെ കുപ്രചാരണങ്ങള്‍ കാരണം പൊതുസമൂഹത്തില്‍ രൂപപ്പെട്ടിരുന്ന മോശമായ പ്രതിഛായയുമെല്ലാം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രതിനിധാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇന്ന് അതൊക്കെ നീങ്ങിയിരിക്കുന്നു. അതിനാല്‍ പുതിയ സമീപന രീതികളും ജനകീയ 'ഫിഖ്ഹു'കളും തെരഞ്ഞെടുക്കേണ്ടിവരും. ആധുനിക ചരിത്രത്തില്‍ ഒരുപക്ഷേ തുല്യതകളില്ലാത്ത സാഹചര്യങ്ങളെയാണ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് നേരിടേണ്ടിവരിക. ഏതെങ്കിലും തരത്തിലുള്ള വിപ്ലവങ്ങളിലൂടെയല്ല, മറിച്ച് ജനഹിതത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന രീതിയില്‍ ഇസ്‌ലാമിക സാഹചര്യങ്ങളെ രൂപപ്പെടുത്തേണ്ടിവരും.
എന്നാല്‍ അറബ് ലോകത്തും മറ്റും തിരിച്ചു വന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചിന്താപരവും കര്‍മശാസ്ത്രപരവുമായ ഇസ്‌ലാമിക മാനങ്ങളെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിയിണക്കുകയെന്ന വെല്ലുവിളിയെ വിജയകരമായി നേരിടുന്നുവെന്നത് പ്രതീക്ഷക്ക് വകനല്‍കുന്നു. തുനീഷ്യയില്‍ അന്നഹ്ദയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ട്ടിയുടെ നേതാവ് റാശിദ് ഗനൂശി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലും മറ്റും തെളിഞ്ഞുനിന്നത്, ഇസ്‌ലാമിക പാര്‍ട്ടിക്ക് രാജ്യത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി അനുയോജ്യമായ പ്രവര്‍ത്തന രീതി രൂപപ്പെടുത്താന്‍ നിഷ്പ്രയാസം സാധ്യമാകും എന്ന ശുഭാപ്തിയായിരുന്നു. അന്തിമമായി, ഈ രാജ്യങ്ങളിലെ നിയമ വ്യവസ്ഥയും ഭരണ ഘടനയും മാറ്റി നിശ്ചയിക്കുന്നതില്‍  എത്രമാത്രം വിജയം കാണുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇസ്‌ലാമിക പാര്‍ട്ടികളുടെ വിജയം. അറബ് രാജ്യങ്ങള്‍ നേരിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ അനേകം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇസ്‌ലാമിസ്റ്റുകളുടെ കൈയില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കൊന്നുമില്ല. പുതിയ സാഹചര്യങ്ങള്‍ക്കൊത്ത് സമൂലമായ മാറ്റം ജനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇസ്‌ലാംവിരുദ്ധ ശക്തികള്‍ പ്രചരിപ്പിക്കുന്നത് ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ പഴകിയതും ജനവിരുദ്ധവുമായ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അത് പുരോഗതിയെ പിന്നോട്ടുവലിക്കുമെന്നെുമൊക്കെയാണ്. ഒരു മാറ്റത്തിനും തയാറല്ലാതെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയാത്തവരാണ് ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള പാഴ്ശ്രമം. ഇസ്‌ലാമിനെ എതിര്‍ക്കുന്നവരുടെ രീതി എങ്ങും ഒരേപോലെയാണ്. ഇസ്‌ലാമിക സംഘടനകള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ അത് കാപട്യമാണെന്നും സ്വന്തം കാര്യം നേടാനാണെന്നും പറയും. ഇനി മാറ്റം ഉള്‍ക്കൊണ്ടില്ലെങ്കില്‍ തീവ്രവാദികളും അസംസ്‌കൃതരുമായി മുദ്രകുത്തും. ഈ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ജനങ്ങളുടെ ഭൗതിക, ധാര്‍മിക, രാഷ്ട്രീയ, സാംസ്‌കാരിക, സദാചാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെങ്കില്‍ അറബ് നാടുകള്‍ക്ക് മാത്രമല്ല ലോകത്തിന് മൊത്തം വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക് കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം