Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

കാണം വില്‍ക്കണം ചികിത്സക്ക്

ഡോ. കെ. അഹ്മദ് അന്‍വര്‍

ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞതായി വായിച്ച ഒരു നര്‍മം ഇങ്ങനെ: ''എനിക്ക് ദീനമായി; ഞാന്‍ ഡോക്ടറെ പോയി കണ്ടു. അയാളുടെ ഫീസും കൊടുത്തു ഞാന്‍ മരുന്ന്ശീട്ട് വാങ്ങി; കാരണം, അയാള്‍ക്ക് ജീവിക്കണമല്ലോ. ഫാര്‍മസിയില്‍ കാണിച്ച് മരുന്നു വാങ്ങി; കാരണം അയാള്‍ക്കും ജീവിക്കണമല്ലോ. മരുന്ന് വാങ്ങി ഞാന്‍ ഓടയിലൊഴിച്ചു; കാരണം എനിക്കും ജീവിക്കണമല്ലോ.'' ഈ മേഖലയിലെ വിശ്വാസ്യതാ രാഹിത്യത്തിലേക്കായിരുന്നു സൂചന. ഇന്ന് വാക്യം ഇങ്ങനെ തിരുത്താം: ''ദീനം വന്നപ്പോള്‍ ഞാന്‍ ആരെയും കാണിച്ചില്ല. മൂടിപ്പുതച്ച് കിടന്നു; അത്രമാത്രം. കാരണം എനിക്ക് ജീവിക്കണമല്ലോ.''
മരുന്നു കമ്പനികളും മരുന്നുകളും ചികിത്സാ സംവിധാനങ്ങളുമെല്ലാം ഇന്ന് 'ആം ആദ്മി'യെ വരിഞ്ഞുമുറുക്കുകയാണ്. പത്തിരട്ടിയും അധികവുമാണ് മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ മാത്രമുണ്ടായത്. വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല. അവയുടെ വിശകലനം ആവര്‍ത്തന വിരസതയുണ്ടാക്കും. പകരം അവയുയര്‍ത്തുന്ന പ്രസക്തമായ ചിന്തകള്‍ പങ്ക് വെക്കുക മാത്രം.
ധാരാളം ബലഹീനതകളുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സുകളൊന്നും സാമാന്യ ജനങ്ങളുടെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. വാണം പോലെ കുതിച്ചുയരുന്ന മരുന്നു വിലകളുടെ അടിസ്ഥാന കാരണങ്ങള്‍ ചുരുക്കി പറയാം.
പ്രിസ്‌ക്രിപ്ഷനുകളുടെ സംഖ്യ അനേക മടങ്ങ് വര്‍ധിച്ചു. ശരാശരി ഒരു ഇന്ത്യക്കാരന്‍ ഇന്നകത്താക്കുന്ന മരുന്നുകളുടെ എണ്ണം ഒരമ്പത് കൊല്ലം മുമ്പത്തെ അപേക്ഷിച്ച് മുപ്പതും നാല്‍പതും ഇരട്ടിയായി. മരുന്നുകള്‍ കഴിക്കുന്നവരുടെ ശതമാനത്തിലും എത്രയോ വര്‍ധനയുണ്ട്. മധ്യ-ഉപരി വര്‍ഗങ്ങളിലുള്ള വീടുകളില്‍ ഒട്ടുംതന്നെ മരുന്നുകള്‍ കഴിക്കാത്ത അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം തുലോം വിരളമായിരിക്കുന്നു. ദരിദ്രരിലും നിത്യേന മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.
പുതുതായി പുറത്തിറക്കുന്ന മരുന്നുകളെല്ലാം വളരെ വില കൂടിയതാണ്. വില കുറഞ്ഞ പഴയ മരുന്നുകള്‍ക്ക് അവ പകരമായി വരുന്നെന്ന് മാത്രമല്ല, അവശേഷിക്കുന്ന പഴയ മരുന്നുകളുടെ തന്നെ വിലയും വര്‍ധിക്കുന്നു.
ഇതിന് തടയിടാനുള്ള മാര്‍ഗങ്ങളായി കാലാകാലങ്ങളില്‍ നടത്തിയ ശ്രമങ്ങളില്‍ ചിലതിങ്ങനെ: പ്രിസ്‌ക്രിപ്ഷനുകളുടെ എണ്ണം കുറക്കുക, അവശ്യവും ജീവന്‍ രക്ഷാ പ്രധാനവുമായ മരുന്നുകളുടെ വില നിയന്ത്രണത്തില്‍ സര്‍ക്കാരിടപെടുക; മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജ് കൂട്ടുക. എല്ലാം അര്‍ധ മനസ്സോടെയുള്ള ശ്രമങ്ങളായിരുന്നെന്ന് മാത്രം.
2003-ല്‍ ഒരു പൊതു താല്‍പര്യ ഹരജി തീര്‍പ്പാക്കുന്നതിനിടയില്‍ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ജെ.എസ്. സിംഗ്‌വിയും മുഖോപാധ്യായയും നിരീക്ഷിച്ചതിങ്ങനെ: ''രാം മനോഹര്‍ ലോഹ്യ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി, അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ കൂടി ഇല്ലായിരുന്നെങ്കില്‍ പത്തു ശതമാനം ജനങ്ങളെങ്കിലും ഒടുങ്ങിയേനെ.''
ഈ സാഹചര്യത്തിലാണ് മരുന്നു കമ്പനികളുടെ കടന്നുകയറ്റവും ആക്രമണാത്മക മാര്‍ക്കറ്റിംഗും നിര്‍ബാധം നടക്കുന്നത്. 'ജീവനാണ് ഞങ്ങളുടെ ജീവിത വൃത്തി' (Life is our life's work), 'രോഗശമനത്തിന്റെ ഭാഗം തന്നെയാണ് ഞങ്ങള്‍' (we are part of the cure) എന്ന് തുടങ്ങിയ ആകര്‍ഷകമായ പരസ്യവാചകങ്ങള്‍ കണ്ടുപിടിക്കാനും പ്രലോഭനങ്ങള്‍ വാരിവിതറിയ മാര്‍ക്കറ്റിംഗിനും അവര്‍ പരസ്പരം മത്സരിക്കുകയാണ്. വിറ്റ് വരവുകളില്‍ നിന്നുള്ള വാര്‍ഷിക ലാഭം കുത്തനെ ഉയരുന്ന ഗ്രാഫുകളായി പ്രദര്‍ശിപ്പിച്ച് സ്വന്തം കമ്പനികളുടെ സ്റ്റോക്ക് മാര്‍ക്കറ്റിലെ മൂല്യം ഇരട്ടിയിരട്ടി വര്‍ധിപ്പിക്കുന്ന തിരക്കിലാണവരെല്ലാം. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നുണ്ടെങ്കിലും ഇത്രയും ലാഭം കൊയ്യുന്ന മേഖല വേറെയുണ്ടാവില്ല.
അല്ലാതെ പിന്നെ ബിസിനസ്സിലിറങ്ങുന്നത് ലാഭത്തിന് തന്നെയല്ലേ; എല്ലാ ബിസിനസ്സും ഉന്നതിപ്പെടാന്‍ മാര്‍ക്കറ്റിംഗും പ്രലോഭനങ്ങളും സന്തോഷിപ്പിക്കലും വിദേശ യാത്രകളും വിലപിടിച്ച സമ്മാനങ്ങളും തരപ്പെടുന്നില്ലേ; മതകീയ ഛായയുള്ളവര്‍ പോലും ഇതെല്ലാം ബിസിനസ്സില്‍ കൊണ്ടുനടക്കുന്നില്ലേ എന്നെല്ലാമായിരിക്കും തിരിഞ്ഞുള്ള ചോദ്യങ്ങള്‍. അവിടെയാണ് നെറികേടുകള്‍ നിറഞ്ഞ, ന്യായീകരണങ്ങളില്ലാത്ത, ചോദ്യം ചെയ്യപ്പെടേണ്ട മാര്‍ഗങ്ങളാണ് പലപ്പോഴും ഈ രംഗം വാഴുന്നവര്‍ സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കുക. പലപ്പോഴും നടക്കുന്നത് പച്ചയായ വഞ്ചനകളും തട്ടിപ്പുകളും. ഇതിനേക്കാള്‍ മാക്യവെല്ലിയനായ മറ്റൊരു വ്യവസായവും കണ്ടില്ലെന്ന് വരാം.
നന്മേഛുക്കളായ പല ഡോക്ടര്‍മാരും തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. വ്യവസ്ഥാപിത മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിനുള്ളില്‍ നിന്ന് കലഹിക്കുന്നവര്‍ അനവധി. മംഗലാപുരത്തെ അതിപ്രശസ്തനായ കാര്‍ഡിയോളജിസ്റ്റും മണിപ്പാല്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി.എം ഹെഗ്‌ഡേ, നമ്മുടെ തന്നെ ഡോയ വലിയത്താന്‍, കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന പരേതനായ ഡോ. സി.എം ഫ്രാന്‍സിസ്, ദേശീയതലത്തില്‍ മുംബൈയിലെ ഡോ. മനു കോത്താരി, ഡോ. ലോപ മേത്ത, അന്തര്‍ദേശീയ തലത്തില്‍ ബെറ്റി ഡോംഗ്, ഡേവിഡ് ഹീലി, ഇവാന്‍ ഇല്ലിച്ച്, റോബര്‍ട്ട് മെന്‍ഡെല്‍ ഡോണ്‍, ലെയ്റ്റണ്‍ ക്ലഫ്, ജൂഡിത്ത് ജോണ്‍സ്, റിച്ചാര്‍ഡ് ടെയ്‌ലര്‍, തോമസ് മക്കഇവോണ്‍  തുടങ്ങി ഒട്ടനവധി പേര്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ അധാര്‍മികതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
ഔഷധ നിര്‍മാണരംഗത്തെ ഗവേഷണങ്ങളെല്ലാം എന്നുതന്നെ പറയാം, കമ്പനികള്‍ ഫണ്ടു ചെയ്യുന്നവയാണ്. മനസ്സിലാക്കാവുന്നവയാണ് കാരണങ്ങള്‍. പ്രധാനമായത് തികച്ചും നിഷ്പക്ഷമായ ഒരു റിസര്‍ച്ചും ഒരിടത്തും നടക്കുന്നില്ലെന്നതാണ്. ന്യൂ ഇംഗ്ലണ്ട് മെഡിക്കല്‍ ജേര്‍ണല്‍ ഈ രംഗത്തെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവരികയുണ്ടായി. അതിനെ അധികരിച്ച് ദ ഹിന്ദു ദിനപത്രം മുഖലേഖനങ്ങളും വിമര്‍ശങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്താല്‍ നമ്മുടെ സമൂഹം ഒട്ടാകെ 'മെഡിക്കലൈസ്ഡ്' ആയതാണ് അടിസ്ഥാന കാരണം. 'പരിഭ്രാന്തി പരത്തുന്നവര്‍' (Scare Mongers) എന്ന വിമര്‍ശം ഡോക്ടര്‍ സമൂഹത്തിനെതിരെ ഇവാന്‍ ഇല്ലിച്ച് ഉന്നയിക്കുകയുണ്ടായി. പൊതുജനങ്ങളില്‍ ആരോഗ്യ വിജ്ഞാനം ഉണ്ടാക്കുകയെന്ന നല്ല ഉദ്ദേശ്യത്തിന് പിറകില്‍ തികച്ചും നിഷ്പക്ഷമായ വിശകലനങ്ങള്‍ മാത്രമല്ല നടക്കുന്നത്. ഓരോ രോഗത്തിനും പ്രതിവിധിയുണ്ട് (for every illness there is a pill) എന്ന മിഥ്യാ ധാരണയില്‍ സാധാരണ ജനം അഭിരമിക്കാന്‍ ഇടയായത് വരെ എത്തി കാര്യങ്ങള്‍. ആവശ്യമായ മരുന്നുകള്‍ കഴിക്കുന്നത് മനസ്സിലാക്കാം; പക്ഷേ ഒരു സമൂഹമെന്ന നിലയില്‍ നാം എല്ലാം അനാവശ്യവും അധികപ്പറ്റുമായ മെഡിക്കേഷന് വിധേയരാവുകയാണ് എന്നത് സത്യം മാത്രം.
നാം കഴിക്കുന്ന ഭക്ഷണവും മരുന്നുകളും മിശ്രിതമായിരിക്കുന്നു. കൃഷിക്കുപയോഗിക്കുന്ന വളങ്ങളെയും കീടനാശിനികളെയുമല്ല ഉദ്ദേശിക്കുന്നത്. കൃഷിയിലാവട്ടെ, കന്നുകാലി, കോഴിവളര്‍ത്തല്‍ ഫാമിംഗിങ്ങിലാകട്ടെ  വിവിധ ഘട്ടങ്ങളില്‍ ആന്റിബയോട്ടിക്കുകളടക്കം വിവിധ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. യഥേഷ്ടം അലഞ്ഞുതിരിയാന്‍ വിട്ട് മൃഗങ്ങളെയും കോഴികളെയും വളര്‍ത്തിയിരുന്ന രീതി മാറി നിര്‍ണിത കാരാഗൃഹങ്ങളില്‍ ഒന്നിച്ച് പരിപാലിച്ച് വളര്‍ത്തുന്ന രീതിയിലേക്ക് ഫാമിംഗ് മാറിയപ്പോള്‍ ഉണ്ടായത്, ഭക്ഷ്യവസ്തുക്കളുടെ 'മണ്ണ് മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെ'യുള്ള പ്രയാണത്തില്‍ അവയില്‍ കൂട്ടിച്ചേര്‍ക്കുന്ന മരുന്നുകളുടെ ഫലവും കൂടിയാണ്.
ഇതിന്റെയെല്ലാം ഫലമായി, മരുന്ന് വ്യവസായം പുഷ്ടിപ്പെട്ടു; അവിശ്വസനീയമായ രീതിയില്‍ അവയുടെ ലാഭം വളര്‍ന്നു. പൊതു ജനാരോഗ്യനിലവാരം താഴ്ച്ചയിലേക്കും പോയി. വൈദ്യജന്യ-മരുന്ന് ജന്യ രോഗങ്ങളുടെ എണ്ണം വര്‍ധിച്ചു; ഇവയുടെ യഥാര്‍ഥ സ്ഥിതിവിവര കണക്കുകള്‍ കൃത്യമായി ലഭ്യമല്ല, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവ വളരെ കുറവ്.
ഡോക്ടര്‍മാരെ ഉന്നംവെച്ചുള്ള മരുന്ന് കമ്പനികളുടെ പ്രചാരണവും പ്രലോഭനങ്ങളും മറ്റൊരു വിഷയം. ത്യാജ്യ ഗ്രാഹ്യ വിവേചനങ്ങള്‍ പാലിക്കാന്‍ നിഷ്‌കര്‍ഷയുള്ളവര്‍ ഏറെയൊന്നും ഉണ്ടായെന്ന് വരില്ല. ഇതിന് പുറമെയാണ് ഗവേഷകരെയും ഗവേഷണരംഗത്തെയും യൂനിവേഴ്‌സിറ്റികളെയും സ്വാധീനിക്കാനുള്ള അവരുടെ കഴിവ്.
ടെക്‌നോളജിയുടെ ഗുണങ്ങളെയും കഴിഞ്ഞ ദശകങ്ങളില്‍ വൈദ്യശുശ്രൂഷാ രംഗത്തും ഔഷധ ഗവേഷണരംഗത്തും (ഉദാ: എയ്ഡ്‌സ്) ഉണ്ടായ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയും അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, പതിരും കല്ല് കടിയും കുറേ ഏറെ അവശേഷിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിലും രോഗാതുരത നിര്‍മാര്‍ജനം ചെയ്യുന്നതിലും ഔഷധ-വൈദ്യ ഇടപെടലുകളുടെ പങ്ക് നാലിലൊന്നാണെന്നതാണ് സത്യം, അല്ലാതെ പൊതുജനം തെറ്റിദ്ധരിക്കുന്നത് പോലെ, ഏറ്റവും വലിയ പങ്കല്ല ഔഷധങ്ങള്‍ക്ക്. എണ്ണിപ്പറഞ്ഞാല്‍ ആരോഗ്യ സംരക്ഷണത്തില്‍ ഏറെ പങ്ക് വഹിക്കുന്ന ആദ്യ മൂന്ന് ഘടകങ്ങള്‍ ഇവയാണ്:
1. ജീവിതരീതികള്‍, ശൈലികള്‍: ബൃഹത്തായ അംഗങ്ങള്‍ അടങ്ങിയതാണവ. എന്നാലും എല്ലാം ലളിതമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ. മനുഷ്യന് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം സ്വന്തം ശാരീരികാധ്വാനത്തിലൂടെ ലഭിക്കുന്നതാണ്. പരസ്പര സ്‌നേഹവും വിശ്വാസവും ഗുണകാംക്ഷയും നിലനിര്‍ത്തുക. എല്ലാ രംഗത്തും ലാളിത്യം പുലര്‍ത്തുക. ധൂര്‍ത്തും പാഴ്‌ചെലവും അമിത ഉപഭോഗവും ഒഴിവാക്കുക. പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം, മയക്കുമരുന്നുകളടക്കം അനാവശ്യ മരുന്നുകളൊഴിവാക്കുക. മിതഭോജനം, ആവശ്യത്തിന് ഉറക്കം തുടങ്ങിയവ ശീലമാക്കുക. സര്‍വോപരി ദൈവത്തില്‍ എല്ലാം ഏല്‍പിക്കാനും അര്‍പ്പിക്കാനും കഴിയുക. ഇതൊക്കെ ഈ ഇനത്തില്‍ വരുന്നു.
2. പരിസ്ഥിതി സംരക്ഷണം: ശുദ്ധവായു, ശുദ്ധജലം, ശുദ്ധവും വൃത്തിയുമുള്ള പാര്‍പ്പിടങ്ങള്‍, ഓസോണ്‍ തുളകള്‍ക്ക് കാരണങ്ങള്‍ കുറക്കുക, വിസര്‍ജ്യ വസ്തുക്കളുടെ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുക തുടങ്ങിയവ.
3. പാരമ്പര്യ ഘടകങ്ങള്‍: പാരമ്പര്യമായും ജനിതകമായും ഉണ്ടാവുന്ന രോഗാവസ്ഥകള്‍ പരമാവധി കുറക്കാനുള്ള സൂക്ഷ്മതകളും മുന്‍കരുതലുകളും.
നാലാമത് മാത്രമാണ് മെഡിക്കല്‍ ഇടപെടലുകള്‍. അനിവാര്യമായ മരണത്തെ എന്തു വില കൊടുത്തും ചെറുത്തുതോല്‍പിക്കേണ്ട ശത്രുവായി കാണാതെ ബുദ്ധിപൂര്‍വകവും ഒട്ടൊക്കെ നിസ്സംഗതയോടെയും അതിനെ അഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥ പൊതുജനങ്ങളില്‍ വളര്‍ത്തണം.
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും ഒന്നു പറയാന്‍ ബാക്കി. വിപണിയധിഷ്ഠിത, മൂലധന പ്രധാനമായ, മുതലാളിത്ത മൂല്യങ്ങളിലൂന്നിയ സാമ്പത്തിക കാഴ്ചപ്പാടാണ് മരുന്ന് വില അനിയന്ത്രിതമായ നിലയില്‍ ഉയരാന്‍ ഒരു പ്രധാന കാരണം. ജനങ്ങളെ നികുതി ഭാരത്താല്‍ വരിഞ്ഞുമുറുക്കി പൊതുഖജനാവിലേക്ക് പണം സംഭരിച്ചാലും അത്യാവശ്യ സേവനങ്ങള്‍ക്ക് 'യൂസേഴ്‌സ്ഫീ'യും പിന്നെ കൈക്കൂലിയും വേണമെന്ന നിലയിലേക്കെത്തിച്ച പുനഃക്രമീകരണത്തെയാണ് പഴി പറയേണ്ടത്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ നയങ്ങളെയും. സര്‍ക്കാറുകളെയും ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാരാണെന്നതും ലോകമെമ്പാടുമുള്ള പത്തു ശതമാനം അതിസമ്പന്നര്‍ സമ്പത്തിന്റെ എഴുപത് ശതമാനവും സ്വന്തമാക്കിയ വിധിവൈപരീത്യവും ജനങ്ങളുടെ അഭിപ്രായങ്ങളെ അട്ടിമറിക്കാന്‍ പിന്നാമ്പുറം ചരട് വലിക്കാന്‍ അവര്‍ക്ക് കഴിയുന്നുവെന്നതുമൊക്കെയാണ് അടിസ്ഥാന കാരണങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം