Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

വി. അബൂബക്കര്‍ മൌലവി


മലപ്പുറം ജില്ലയിലെ വടക്കാങ്ങര പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്നു വി. അബൂബക്കര്‍ മൌലവി(58). ശാന്തപുരം ഇസ്ലാമിയാ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി 1987ല്‍ അദ്ദേഹം റിയാദിലെ സുഊദി യൂനിവേഴ്സിറ്റിയില്‍, തദ്രീബി കോഴ്സിന് ചേര്‍ന്ന് പഠിച്ചു. നാട്ടില്‍ തിരിച്ചെത്തിയ അബൂബക്കര്‍ മൌലവി, പൈങ്ങോട്ടായി, കൊടിഞ്ഞി, കൊച്ചനൂര്‍, കരിങ്ങനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്ലാമിക സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. മലപ്പുറം ഫലാഹിയാ കോളേജ്, ആലുവ അസ്ഹറുല്‍ ഉലൂം അറബികോളേജ്, ഏറ്റവും ഒടുവില്‍ തിരൂര്‍ക്കാട് ഇലാഹിയ കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. മങ്കട കൂട്ടില്‍ സ്വദേശിയും വടക്കാങ്ങരയില്‍ സ്ഥിര താമസക്കാരനുമായിരുന്ന പരേതന്‍ പ്രാസ്ഥാനിക കാര്യങ്ങളില്‍ വളരെയധികം നിഷ്കര്‍ഷ പുലര്‍ത്തി. വടക്കാങ്ങര പ്രാദേശിക ജമാഅത്ത് അമീര്‍, സൌത്ത് ഹല്‍ഖ നാസിം, ഏരിയ അസി. കണ്‍വീനര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടക്കാങ്ങര അബ്ദുല്‍ഖാദിര്‍ മൌലവിയുടെ ജ്യേഷ്ഠ പുത്രി സാറ ടീച്ചറാണ്(ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ മലപ്പുറം) ഭാര്യ.
കെ. അബൂബക്കര്‍ വടക്കാങ്ങര

 

എം.കെ ഉമ്മര്‍
കുഞ്ഞീച്ചി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എം.കെ ഉമ്മര്‍ ഒതുക്കുങ്ങല്‍ പ്രദേശത്ത് ജമാഅത്തെ ഇസ്ലാമി സ്ഥാപിതമായത് മുതല്‍(1961) മരണം വരെ പ്രസ്ഥാനത്തിന്റെ എല്ലാ സംരംഭങ്ങളിലും സജീവ സാന്നിധ്യമറിയിച്ച വ്യക്തിയായിരുന്നു. പ്രദേശത്ത് ഒരു ജുമാമസ്ജിദും  അല്‍ ഇഹ്സാന്‍ സ്കൂളും സ്ഥാപിക്കുന്നതിന് അദ്ദേഹം മുന്നിട്ടിറങ്ങി.
പ്രസ്ഥാന ഘടനയില്‍ ഇല്ലായിരുന്നുവെങ്കിലും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. മുന്‍കാലങ്ങളില്‍ സ്റഡി സര്‍ക്കിള്‍ നടത്തിപ്പുകാരില്‍ ഒന്നാമനായി അദ്ദേഹത്തെ കാണാമായിരുന്നു.
സി. കോയാമു കുഴിപ്പുറം

 

സൈദ
ഈരാറ്റുപേട്ട ഏരിയ, നടയ്ക്കല്‍ വനിത കാര്‍കൂന്‍ ഹല്‍ഖയിലെ ദീര്‍ഘകാല പ്രവര്‍ത്തകയും നടയ്ക്കല്‍ പ്രാദേശിക ഹല്‍ഖ സെക്രട്ടറി വി.പി ഷരീഫ് സാഹിബിന്റെ ഭാര്യയുമായിരുന്നു സൈദ (43). വീട്ടുപരിസരത്തെ കിണറ്റില്‍ വീണായിരുന്നു മരണം.
സുന്നത്ത് നോമ്പെടുത്തിരുന്ന സൈദ തലേ ദിവസവും ഖുര്‍ആന്‍ മുഴുവന്‍  പാരായണം ചെയ്തു തീര്‍ത്തിരുന്നു. സൈദയെക്കുറിച്ച് ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ലതു മാത്രമേ ഓര്‍ക്കാനുളളു. ഭര്‍ത്താവ് ഷരീഫ് സാഹിബിന്റെ പ്രസ്ഥാന പ്രവര്‍ത്തനത്തിനും വളരെയധികം പിന്തുണ സൈദയില്‍ നിന്നും ലഭിച്ചിരുന്നു. അദ്ദേഹം 15 വര്‍ഷമായി പ്രബോധനം വാരികയുടെ ഏജന്റാണ്. രണ്ട് പെണ്‍മക്കളും  പ്രസ്ഥാന മാര്‍ഗത്തിലാണ്.
ഫാസില റാഫി, ഈരാറ്റുപേട്ട

 

ശംസുദ്ദീന്‍
മലപ്പുറം ജില്ലയില്‍, വണ്ടൂര്‍ കാരക്കാപറമ്പില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പങ്കാളിയായിരുന്നു പുലത്ത് ശംസുദ്ദീന്‍(44). കാരക്കാപറമ്പ് മസ്ജിദ് ഖലീഫ ജോ. സെക്രട്ടറിയും മാധ്യമം ഏജന്റുമായിരുന്നു.
കുറേകാലം അറബ് നാട്ടില്‍ ജോലി ചെയ്തു. പ്രവാസ ജീവിതം മതിയാക്കി ഉള്ളത്കൊണ്ട് തന്റെ രണ്ട് മക്കളോടും ഭാര്യയുമൊത്ത് നാട്ടില്‍ കഴിച്ച് കൂട്ടാന്‍ ഉറച്ചു. രക്തത്തിലെ മഞ്ഞപ്പിത്തം ഗള്‍ഫിലായിരിക്കുമ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ചികിത്സയുമായി ഒരു വ്യാഴവട്ടക്കാലം ചെലവഴിച്ചു. ജനിച്ച മണ്ണില്‍ ഉറ്റവരോടും ഉടയവരോടും ഇടപഴകി ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ച് വരവെ വേര്‍പാട് തികച്ചും ആകസ്മികമായിരുന്നു. മക്കള്‍: ഷഫീഖ്, സഫ്ന. ഭാര്യ: സുലൈഖ.
ഡോ. കെ.ടി ആശിഖ് വണ്ടൂര്‍

 

കെ.വി മമ്മു
പതിനാറു വര്‍ഷം മുമ്പ് ഉളിയില്‍ ജമാഅത്തെ ഇസ്ലാമി സകാത്ത് കമ്മിറ്റി സംഘടിപ്പിച്ചത് മുതല്‍ മരിക്കുന്നത് വരെ അതിന്റെ ഉപദേശക കമ്മിറ്റി പ്രസിഡന്റ്, ഉളിയില്‍ സ്ഥലം വിലയ്ക്ക് വാങ്ങി ഈദ്ഗാഹ് സ്ഥാപിച്ച കമ്മിറ്റിയുടെ പ്രസിഡന്റ്, പഴയ ജുമുഅത്ത് പള്ളി നിര്‍മാണ കമ്മിറ്റിയുടെ പ്രസിഡന്റ്, ടൌണ്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം സേവനമര്‍പ്പിച്ച വ്യക്തിയായിരുന്നു കെ.വി മമ്മു സാഹിബ്(74). 1960കളില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്നു അദ്ദേഹം. തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂനിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് പിന്‍വലിഞ്ഞ് ഉളിയിലെ മഹല്ല് പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുകയായിരുന്നു.
വി.കെ കുട്ടു ഉളിയില്‍

മൌലവി അബുല്‍ഹസന്‍ ആലിനൂരി
തിരുവനന്തപുരത്തെ പാളയം പട്ടാളപ്പള്ളി മര്‍ഹൂം ടി.പി കുട്ടിയമു സാഹിബിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിത കാലം മുതല്‍ 21 വര്‍ഷത്തോളം അവിടത്തെ ഇമാമായിരുന്നു മൌലവി അബുല്‍ ഹസന്‍ ആലിനൂരി(90). പാളയത്തുകാര്‍ 'ആലിംസ' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം രണ്ട് വര്‍ഷത്തോളം കിടപ്പിലായിരുന്നു. ഇപ്പോഴത്തെ ഇമാം ജമാലുദ്ദീന്‍ മങ്കടയും മുന്‍ ഇമാം ഹംസ മൌലവി ഫാറൂഖിയും ചാര്‍ജെടുക്കുന്ന അവസരങ്ങളിലും 'ആലിംസ'യെ സന്ദര്‍ശിച്ചിരുന്നു. പണ്ഡിതോചിതം വളരെ സന്തോഷവാനായാണ് അദ്ദേഹം പിന്‍ഗാമികളെ സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല അനുഭാവികളില്‍ ഒരാളായിരുന്നു. കെ.എന്‍ അബ്ദുല്ല മൌലവി, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, കെ. മൊയ്തുമൌലവി, കെ.ടി അബ്ദുര്‍റഹീം തുടങ്ങിയ ജമാഅത്തിന്റെ ദക്ഷിണ കേരളത്തിലുണ്ടായിരുന്ന നേതാക്കളുമായി നല്ല സൌഹൃദത്തിലായിരുന്നു. അക്കാലത്ത് ജമാഅത്തിന്റെ മൌലവിയായും അറിയപ്പെട്ടിരുന്നതിനാല്‍ എതിര്‍പ്പുകളും നേരിടേണ്ടി വന്നു. ഹൈദറാബാദ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
തെങ്കാശി ആലിം സാഹിബ് വീട്ടില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ സൈനുദ്ദീന്റെയും റഹ്മാബീവിയുടെയും മകനായി 1921ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാജപാളയത്തും ബിരുദപഠനം തഞ്ചാവൂരിലും ബിരുദാനന്തര പഠനം ബര്‍മയിലുമായിരുന്നു. ഒമ്പത് ഭാഷകള്‍ അറിയുമായിരുന്ന ആലിംസ നല്ല ഖാരിഉം ആയിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ മാസ്മരികതയില്‍ ആരും ലയിച്ചു പോകും. ഇമാമിന്റെ സേവനത്തിനു പുറമെ സ്വന്തമായി, ഒരു മെഴുകുതിരി യൂനിറ്റ് നടത്തിയാണ് ചെലവിനുള്ള തുക കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഓലമേഞ്ഞ വീട്ടിലെത്തിയാല്‍ മുറിക്കയ്യന്‍ വെള്ള ബനിയനുമിട്ട് 'കളം കളം' കൈലിമുണ്ടുമുടുത്ത് മെഴുകുതിരി നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരനെയാണ് നാം കാണുക.
പലിശ, ലഹരി പദാര്‍ഥങ്ങള്‍, സ്ത്രീധനം തുടങ്ങിയ തിന്മകള്‍ക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ശിര്‍ക്കിനെതിരില്‍ സന്ധിയില്ലാ സമരം ചെയ്ത അദ്ദേഹത്തിന്റെ ശൈലി പിന്‍ഗാമികള്‍ക്ക് മാതൃകയാണ്. നര്‍മം കലര്‍ത്തിയായിരിക്കും സാധാരണ ഭാഷണം.
ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ പരിഭാഷയോടു കൂടി ഖുര്‍ആന്‍ പാരായണം അക്കാലത്ത് മിക്കവാറും വെള്ളിയാഴ്ചകളില്‍ അദ്ദേഹം നടത്തിയിരുന്നു. പാളയം പള്ളിയില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. പരേതയായ ഭാര്യ മഹമൂദ് ബീവിയിലും ഫാത്തിമ ബീവിയിലുമായി 8 ആണ്‍മക്കളും 4 പെണ്‍മക്കളുമുണ്ട്.
എം. അബ്ദുല്‍ ഗഫൂര്‍ പാളയം തിരുവനന്തപുരം

 

പി. മുഹമ്മദലി
സൌമ്യതയുടെയും പ്രസ്ഥാന പ്രതിബദ്ധതയുടെയും ആള്‍രൂപമായിരുന്നു കാപ്പാട് പാണ്ടികശാലക്കല്‍ മുഹമ്മദലി(60). ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കി രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അല്ലാഹുവിലേക്ക് യാത്രയായത്. പ്രദേശത്തെ പലിശ രഹിത നിധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു.
എം.പി മുഹമ്മദ് അശ്റഫ് കാപ്പാട്

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം