Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

ഒമാനില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് തുടക്കമായി

വി.എം റഹീം മസ്‌കത്ത്


മസ്കത്ത്: ഒമാനില്‍ ഇസ്ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് ബാങ്ക് മസ്കത്ത് തങ്ങളുടെ ഇസ്ലാമിക് ബാങ്കിംഗ് ശാഖ പ്രഖ്യാപിച്ചു. 'മീഥാഖ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വതന്ത്ര ഇസ്ലാമിക് ബാങ്കിംഗ് ശാഖയുടെ ലോഗോയും ബാങ്ക് അധികൃതര്‍ പ്രകാശനം ചെയ്തു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇസ്ലാമിക പണ്ഡിതരും ധനകാര്യവിദഗ്ധരുമടങ്ങുന്ന സംഘമായിരിക്കും ബാങ്കിന്റെ 'മീഥാഖ്' നിയന്ത്രിക്കുകയെന്ന് ബാങ്ക് മസ്കത്ത് ബോര്‍ഡ്  ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.  
രാജ്യത്ത് വരാനിരിക്കുന്ന മുഴുവന്‍ ഇസ്ലാമിക് ബാങ്കുകള്‍ക്കും  വഴികാട്ടിയായിരിക്കും 'മീഥാഖ്' എന്ന് പറഞ്ഞ ബാങ്ക് മസ്കത്ത് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുസ്തഹൈല്‍ അല്‍മഅ്ശനി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിശ്വാസവും മതമൂല്യങ്ങളും ഉയര്‍ത്തിപിടിച്ചുകൊണ്ടു തന്നെ ആധുനിക ബാങ്കിംഗിന്റെ മുഴുവന്‍ പ്രയോജനവും ലഭ്യമാക്കാന്‍ പുതിയ സംരംഭം അവസരമൊരുക്കുമെന്നും കൂട്ടിചേര്‍ത്തു. ധനകാര്യമേഖലയിലെ ശരീഅത്ത് നിയമം പൂര്‍ണമായും പാലിച്ചായിരിക്കും ഇസ്ലാമിക് ശാഖ പ്രവര്‍ത്തിക്കുക. പരമ്പരാഗതമൂല്യവും ആധുനികതയും ഒരേസമയം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള പദ്ധതികളാണ് തങ്ങള്‍ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെയും ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. പരിചയസമ്പന്നരായ സംഘമായിരിക്കും 'മീഥാഖി'നെ നയിക്കുകയെന്ന് ബാങ്ക് മസ്കത്ത് സി.ഇ.ഒ അബ്ദുര്‍റസാഖ് ബിന്‍ അലി ബിന്‍ ഈസ പറഞ്ഞു. ഇസ്ലാമിക് ബാങ്കിന്റെ പ്രധാന്യവും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു ബാങ്ക് മസ്കത്ത് നേരത്തേ രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ബാങ്ക് ജീവനക്കാര്‍ക്ക് ഇസ്ലാമിക് ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് പരിശീലനവും നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഇസ്ലാമിക് ബാങ്കിംഗിന് ശക്തമായ പ്രോത്സാഹനമാണ് നല്‍കിവരുന്നത്. അടുത്തിടെ ഒമാനില്‍ ഇസ്ലാമിക ബാങ്കുകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ഉത്തരവിറക്കിയിരുന്നു. വര്‍ഷം തോറും ഒമാനില്‍ സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര ഇസ്ലാമിക കര്‍മശാസ്ത്ര സമ്മേളനങ്ങളും ഇസ്ലാമിക ബാങ്കുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറയാറുണ്ട്. 
ഏതാനും ദിവസം മുമ്പ് മസ്കത്ത് അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടന്ന 'ഒമാന്‍ ഇസ്ലാമിക് എകണോമിക് ഫോറം' ഒമാനിലെ ഇസ്ലാമിക സാമ്പത്തിക രംഗത്തെയും, സാമൂഹിക ഉത്തരവാദിത്വത്തോടെ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പാക്കുന്നതിനെയും കുറിച്ച് ഗൌരവമേറിയ ചര്‍ച്ചകള്‍ക്ക് വേദിയായി.  രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.
ഒമാന്റെ അന്തരീക്ഷത്തിന് യോജിച്ച ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍, ഇസ്ലാമിക ബാങ്കിംഗിന്റെ ഘടന, ബാങ്കിംഗ് ഉല്‍പന്നങ്ങള്‍, ബാങ്കിംഗിലെ ശരീഅത്ത് നിയമങ്ങള്‍, ഇസ്ലാമിക് ഫിനാന്‍സ് സംവിധാനം, അറബ് ഇസ്ലാമിക് മാര്‍ക്കറ്റ്, സാമ്പത്തിക വ്യവസ്ഥയില്‍ സക്കാത്തിന്റെ പങ്ക്, വഖ്ഫ് സ്വത്തുക്കള്‍ സാമ്പത്തിക പരിഷ്കരണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നിവയായിരുന്നു ഫോറത്തിന്റെ അജണ്ട. രാജ്യത്തിന് അകത്തും പുറത്തുമുളള നിരവധി സമ്പത്തിക വിദഗ്ധരും പണ്ഡിതരും സാമ്പത്തിക പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒമാനില്‍ വരുംനാളുകളില്‍ ഇസ്ലാമിക് ബാങ്കിംഗ് രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
രണ്ട് ശതലക്ഷം രിയാലിലധികം പണം പലിശ രഹിത നിക്ഷേപമായി ഒമാനിലുണ്ടാവുമെന്ന് അംജദ് ഡവലപ്മെന്റ്് കമ്പനി ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ യഹ്മദി പ്രസ്താവിച്ചു. ഇത് പ്രദേശിക ബാങ്കുകളുടെ നിക്ഷേപത്തേക്കാള്‍ മൂന്ന് മടങ്ങെങ്കിലും വരും. സ്വദേശികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താനാഗ്രഹിക്കുന്നവരാണെന്നും കണക്കാക്കപ്പെടുന്നു.
അടുത്തവര്‍ഷം മധ്യത്തോടെ രാജ്യത്ത് ഇസ്ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍ ഹമൂദ് ബിന്‍ സന്‍ജൂര്‍ അസ്സദ്ജാലിയും ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു.
ഒമാനിലെ നിരവധി പരമ്പരാഗത ബാങ്കുകള്‍ ഇസ്ലാമിക ബാങ്കിംഗ് സമ്പ്രദായത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ രണ്ടിലധികം ബാങ്കുകള്‍ക്ക്  ഇപ്പോള്‍ അനുവാദം നല്‍കില്ല. മറ്റ് ബാങ്കിംഗ് സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപങ്ങള്‍ കച്ചവടമേഖലയിലും മറ്റ് നിര്‍മാണ മേഖലയിലും നിക്ഷേപിച്ച് അതില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപകന് നല്‍കുന്ന രീതിയാണ് ഇസ്ലാമിക് ബാങ്കുകള്‍ നടപ്പാക്കുക. ഇസ്ലാമിക് ബാങ്കിംഗ് സംബന്ധമായ നിയമങ്ങളും നടപടിക്രമങ്ങളും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവും. അന്താരാഷ്ട്ര ഓഡിറ്റ് കമ്പനിയായ ഏര്‍ണെസ്റ് ആന്റ്് യംഗിനെ ഇസ്ലാമിക് ബാങ്കിംഗ് നിയമങ്ങള്‍ക്ക്  രൂപരേഖ തയാറാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഏല്‍പിച്ചിരുന്നു. ഈ കമ്പനിയാണ് ഇസ്ലാമിക് ബാങ്കിംഗ് മേഖലയിലേക്ക് വരുന്ന അപെക്സ് ബാങ്കിന് നിയമനിര്‍ദേശം നല്‍കുക. ഇസ്ലാമിക ബാങ്കിംഗ് നിയമങ്ങളടങ്ങുന്ന പുസ്തകങ്ങള്‍ പൂര്‍ണമായി പഠിച്ചായിരിക്കും ഒമാനില്‍ നിയമാവലി നിര്‍മിക്കുക.
നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന്റെ പരിധി, വ്യക്തിക്ക് കടം നല്‍കാവുന്ന പരമാവധി സംഖ്യ, നിയമാവലി പുസ്തകം തയാറാക്കല്‍, ഇസ്ലാമിക് ബാങ്കിംഗിലെ റിപ്പോര്‍ട്ടുകള്‍ നിര്‍മിക്കല്‍, ശരീഅത്ത് ബോര്‍ഡ്  രൂപവത്കരിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ഏണസ്റ് ആന്റ് യംഗിന്റെ ചുമതലയിലുള്ളത്. ഇസ്ലാമിക ബാങ്കിംഗ് ഇസ്ലാമിക ശരീഅത്ത് അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് ശരീഅത്ത് ബോര്‍ഡിന്റെ ചുമതല. ഇസ്ലാമിക് ബാങ്കില്‍ നിക്ഷേപിക്കുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം വിലക്കുള്ളവയാണോ എന്ന് വിലയിരുത്തുന്നതും ബോര്‍ഡിന്റെ ചുമതലയാണ്. ബാങ്ക് വഴിയെത്തുന്ന നിക്ഷേപകരുടെ പണം കൈപറ്റുന്ന കമ്പനികളും സ്ഥാപനങ്ങളും ഇസ്ലാം നിരോധിച്ച മേഖലകളില്‍ മുതല്‍ മുടക്കുന്നില്ല എന്നും ഉറപ്പുവരുത്തും.
നിക്ഷേപകര്‍ക്ക്് പരമ്പരാഗത ബാങ്കുകളെ പോലെ പലിശ ഇടപാടുകള്‍ ഇല്ലാത്തതിനാല്‍ ഇസ്ലാമിക ബാങ്കിംഗിലെ നിക്ഷേപകര്‍ക്ക് എങ്ങനെ ലാഭം നല്‍കാനാവും എന്ന് കണ്‍സള്‍ട്ടന്‍സികള്‍ പഠനം നടത്തും. ഇതനുസരിച്ച് ഇത്തരം കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ഗങ്ങളും പഠന വിഷയമാക്കും.

അക്ഷര പൂമണം നിറഞ്ഞൊഴുകിയ പതിനൊന്ന് ദിനരാത്രങ്ങള്‍
നീ വായിക്കുക നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ എന്ന കല്‍പന അക്ഷരം പ്രതി പാലിച്ചും വായന മരിച്ചിട്ടില്ലെന്ന് ലോകത്തോട് ഒന്നാകെ വിളിച്ചു പറഞ്ഞുമാണ്, ലിഖിതാക്ഷരങ്ങളുടെ സ്‌നേഹത്തിന് എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന പതിനൊന്ന് ദിവസം നീണ്ട മുപ്പതാമത്  രാജ്യാന്തര പുസ്തകമേള സമാപിച്ചത്. അക്ഷര കുളിരും പുസ്തക ചൂരും നിറഞ്ഞുനിന്ന മേളയിലേക്ക് അഞ്ചര ലക്ഷത്തില്‍ പരം ആളുകള്‍ ഒഴുകിയെത്തിയപ്പോള്‍ 50 മില്യന്‍ ഡോളറിന്റെ പുസ്തകങ്ങളാണ് ഉന്തുവണ്ടിയിലും ചുമലിലും കവറിലുമായി വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചൊഴുകിയത്.
1981-ലാണ് ഷാര്‍ജ ഭരണാധികാരിയും ഗ്രന്ഥകാരനുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്യാന്തര പുസ്തകമേളക്ക് തുടക്കമിട്ടത്. ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യാ ഫോക്കസായിരുന്നു. ഇന്ത്യാ ഫോക്കസും ഗള്‍ഫ് മാധ്യമം സ്റ്റാളും ലോകത്തിനായി തുറന്നതും ഇക്കുറി ശൈഖ് സുല്‍ത്താനായിരുന്നു. 20-ല്‍ പരം പ്രസാധകരാണ് ഇന്ത്യയില്‍ ഇതില്‍ പങ്കെടുത്തത്. ഡി.സി ബുക്‌സായിരുന്നു ഇന്ത്യാ ഫോക്കസിന് അമരത്വം വഹിച്ചത്. ഇന്ത്യയില്‍ നിന്ന് എംടി, മുകുന്ദന്‍, കെ.പി രാമനുണ്ണി, ശോഭ ഡേ, ചേതന്‍ ഭഗത്, റസ്‌കിന്‍ ബോണ്ട്, ജയശ്രി മിശ്ര, ബെന്യാമിന്‍, ഉമ്പായി തുടങ്ങിയവര്‍ മേളയുടെ വിവിധ പരിപാടികളില്‍ എത്തി.
മുപ്പതാമത് ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയിലെ ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയ തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസാധനാലയമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ(ഐപിഎച്ച് ) സ്റ്റാളില്‍ ദിനംപ്രതി നിരവധി ആളുകളാണ് പുസ്തകങ്ങള്‍ക്കായി എത്തിയത്. 1945-ല്‍ പിറവിയെടുത്ത ഐ.പി.എച്ച് ഇതിനകം പുറത്തിറക്കിയ പുസ്തകങ്ങള്‍ കൈരളിയുടെ ബഹുസ്വര വായനയെ ഏറെ സ്വാധിനിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്ന വിധത്തിലാണ് എല്ലാം വിഭാഗം വായനക്കാരും  ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകങ്ങളെ തേടിയെത്തിയത്.
വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ആത്മസംസ്‌കരണം, കര്‍മശാസ്ത്രം, ചരിത്രം, ശാസ്ത്രം, ജീവചരിത്രം, മതതാരതമ്യം, വിമര്‍ശനം, ആത്മകഥ, കഥ, കവിത, നോവല്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളിലുള്ള ഗ്രന്ഥങ്ങള്‍ക്കു പുറമെ 20-ാം നൂറ്റാണ്ടില്‍ ലോകത്ത് ഉയിര്‍കൊണ്ട ഇസ്‌ലാമിക ചിന്തയും നവോത്ഥാന പ്രവണതകളും പഠനവിധേയമാക്കുന്ന വിഖ്യാതമായ ധാരാളം കൃതികളും ഐ.പി.എച്ച് സ്റ്റാളില്‍ ലഭ്യമായിരുന്നു. ഇമാം ഗസാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇമാം നവവി, ഷാ വലിയുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയ മുന്‍കാല പണ്ഡിതന്മാര്‍ക്കു പുറമെ ശഹീദ് ഹസനുല്‍ബന്നാ, ശഹീദ് സയ്യിദ് ഖുത്വ്ബ്, അബുല്‍ അഅ്‌ലാ മൗദൂദി, അബുല്‍ഹസന്‍ അലി നദ്‌വി, ഡോ. അലി ശരീഅത്തി, ഡോ. യൂസുഫുല്‍ ഖറദാവി, സയ്യിദ് സ്വാബിഖ്, മര്‍യം ജമീല, ഡോ. ത്വാരീഖ് സുവൈദാന്‍, ഡോ. ഹാറൂന്‍ യഹ്‌യ തുടങ്ങിയ പ്രശസ്തരായ ആധുനിക പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും കൃതികളും ഐ.പി.എച്ച് സ്റ്റാളില്‍ ലഭ്യമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറു വാല്യങ്ങള്‍ വെറും 125 ദിര്‍ഹമിനാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് നല്‍കിയത്. ഇതിന്റെ സി.ഡിയും സ്റ്റാളിലുണ്ടായിരുന്നു. പ്രശസ്ത ചെറുകഥാ കൃത്ത് ടി പത്മനാഭന്റെ 'ഖലീഫ ഉമറിന്റെ പിന്‍ഗാമികള്‍' എന്ന പുതിയ പുസ്തകത്തെ തേടി നിരവധി പേരെത്തി.
ഗള്‍ഫ് മാധ്യമത്തിന്റെ സ്റ്റാളിലും ആയിരങ്ങളാണ് ഒഴുകി എത്തിയത്. പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ അജീബ് കോമാച്ചിയുടെ അറബി മലയാളം എന്ന ഫോട്ടോ പ്രദര്‍ശനം ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് നാട്ടുകാരേയും ഏറെ ആകര്‍ഷിച്ചു. മലയാളം അറബ് സാംസ്‌കാരിക ബന്ധങ്ങളാണ് അറബി മലയാളത്തില്‍ നിറഞ്ഞ് നിന്നത്. പുരാതന കാലത്ത്് തന്നെ അറബികള്‍ വായനയിലും എഴുത്തിലും ഗവേഷണത്തിലും കണ്ടുപിടുത്തങ്ങളിലും അതികേമന്മാരായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു വിവിധ അറബി നാടുകളില്‍ നിന്നെത്തിയ പുസ്തകങ്ങള്‍. ഇന്ത്യക്കാരായ പുസ്തകാന്വേഷികളെ ഏറെ ആകര്‍ഷിച്ച ഒന്ന് ലബനാനിലെ ദാറുല്‍ ഇല്‍മ് പ്രസിദ്ധീകരിച്ച ഖിസ്വതു തജാറുബീ മഅല്‍ ഹഖീഖ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍) എന്ന ഗാന്ധിജിയുടെ പുസ്തകമായിരുന്നു. പ്രശസ്ത ലബനീസ് വിവര്‍ത്തകന്‍ മുനീര്‍ അല്‍ വഹല്‍വക്കിയാണ് ഇത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ബഷീര്‍ മാറഞ്ചേരി


കുട്ടികളെ പാഠപുസ്തകങ്ങളില്‍ മാത്രം തളച്ചിടരുത്-കെ.പി രാമനുണ്ണി
അബൂദബി: കുട്ടികളെ പാഠപുസ്തകങ്ങളില്‍ മാത്രം തളച്ചിടരുതെന്നും അവര്‍ക്ക് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും മൂല്യങ്ങളും പകര്‍ന്നു കൊടുക്കണമെന്നും പ്രവാസി കുട്ടികളില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും പ്രശസ്ത സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് തേജാവുമായ കെ.പി രാമനുണ്ണി പറഞ്ഞു. മലര്‍വാടി മെഗാ ക്വിസിന് തയാറെടുക്കുന്നവര്‍ക്ക് വേണ്ടി അബൂദബി ഐ.സി.സി അങ്കണത്തില്‍ സംവിധാനിച്ച കിയോസ്‌ക് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലര്‍വാടി ബാലസംഘം അബൂദബി രക്ഷാധികാരി വി.എം ശരീഫ് അധ്യക്ഷത വഹിച്ചു. ബാലസംഘം യു.എ.ഇ രക്ഷാധികാരി ഉമര്‍ അഹ്മദ്, രാമനുണ്ണിക്കും പ്രമുഖ സാഹിത്യകാരന്‍ ബെന്‍യാമീനുമുള്ള ഉപഹാരങ്ങള്‍ നല്‍കി. അബ്ദുല്‍ നാസര്‍ മങ്കടയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് പൈങ്ങോട്ടായി സ്വാഗതവും അബ്ദു ശിവപരും നന്ദിയും പറഞ്ഞു.

മലര്‍വാടിയില്‍ എനിക്ക് പ്രതീക്ഷ-ബെന്യാമിന്‍
അബൂദബി: മലര്‍വാടി ബാലസംഘത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനും കുട്ടികളുമായി സംവദിക്കാനും കഴിഞ്ഞതിനാല്‍ 'മലര്‍വാടി'യില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന്‍ പറഞ്ഞു. പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയോടൊപ്പം അബൂദബി ഐ.സി.സി അങ്കണത്തില്‍ സംവിധാനിച്ച കിയോസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളില്‍ നന്മയും സ്‌നേഹവും വളര്‍ത്തുന്നതോടൊപ്പം അവരിലെ സര്‍ഗാത്മകതയും മൂല്യബോധവും പരിപോഷിപ്പിക്കുന്ന മലര്‍വാടി ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പ്രവാസി കുട്ടികളില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നാട്ടിലെ കലുഷിതമായ അന്തരീക്ഷത്തിലല്ല ഇവിടെ കുട്ടികള്‍ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം