Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

അഹ്‌ലാം തമീമി പോരാട്ടത്തിന്റെ കരുത്ത്

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

അഹ്‌ലാം  തമീമി. ഫലസ്ത്വീന്‍ ജനതയുടെ ആവേശമായ വനിതാ പോരാളി. സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ഫലസ്ത്വീനികളുടെ ജീവന്‍മരണ പോരാട്ടത്തിന്റെ പ്രതീകം. ഹമാസിന്റെ സൈനിക വിംഗായ 'ഇസ്സുദ്ദീനുല്‍ ഖസ്സാമിലെ' പ്രഥമ വനിതാ സൈനിക. അധിനിവേശക്കാരായ ഇസ്രയേലിനെ തുരത്തി സ്വന്തം മണ്ണിലേക്ക് വിജയശ്രീലാളിതരായി തിരിച്ചു വരുമെന്ന ഓരോ ഫലസ്ത്വീനിയുടെയും ജീവിത സ്വപ്നത്തിന്റെ പ്രതീകം. ഇതെല്ലാമാണ് അഹ്‌ലാം.  ഫലസ്ത്വീനിയുടെ രക്തം പുരണ്ട കഥയിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട മറ്റൊരു അധ്യയമാവുകയായിരുന്നു അവര്‍. നീണ്ട പതിനൊന്നു വര്‍ഷത്തെ കാരാഗൃഹ വാസത്തിനു ശേഷം ഇക്കഴിഞ്ഞ മാസം അവര്‍ ഇസ്രയേലീ തടവറയില്‍ നിന്ന് മോചിതയായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫലസ്ത്വീനീ തടവറയില്‍ കഴിയുന്ന ഇസ്രയേല്‍ പൗരന്‍ ശാലിത്തിനെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ട തടവുകാരുടെ പട്ടികയില്‍ അഹ്‌ലാം തമീമിയും ഇടം പിടിക്കുകയായിരുന്നു. 'എന്റെ തല ഞാന്‍ ഉയര്‍ത്തി പിടിച്ചു. എന്നിട്ട് പ്രൗഢമായി പുഞ്ചിരിച്ചു. സാധാരണ തടവു പുള്ളികള്‍ തല താഴ്ത്തിയാണല്ലോ നടക്കുക. അല്ലാഹുവിനു സ്തുതി! ഇനി ഇസ്രയേലികളെ  ഞങ്ങള്‍ ജയിക്കുകയും ഫലസ്ത്വീന്‍ മണ്ണില്‍ നിന്ന് പൂര്‍ണമായി പുറന്തള്ളുകയും ചെയ്യും.' ജയിലില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ അഹ്‌ലാമിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. 
2000-ല്‍  ഇന്‍തിഫാദ ആരംഭിച്ചതോടെ ഇസ്രയേലിലെ ജൂത കേന്ദ്രങ്ങള്‍ നടുങ്ങാന്‍ തുടങ്ങിയിരുന്നു. ചാവേര്‍ സ്‌ഫോടനങ്ങള്‍ അതിനു എരിവു പകര്‍ന്നു.
പിറ്റേ വര്‍ഷം ജൂത കേന്ദ്രമായ സബാരോയില്‍ നടന്ന ചാവേര്‍ ഓപ്പറേഷനില്‍  കുട്ടികള്‍ ഉള്‍പ്പെടെ 16  ഇസ്രയേലികളാണ് കൊല്ലപ്പെട്ടത് . ഈ സംഭവം ഇസ്രയേലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇതിന്റെ ആസൂത്രകയെന്ന കുറ്റം ചാര്‍ത്തിയാണ് അഹ്‌ലാമിനെ ഇസ്രയേല്‍ സേന അറസ്റ്റുചെയ്ത് ജയിലിലടച്ചത്. യുദ്ധോത്സുകമായ ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഫലസ്ത്വീനിക്ക് സ്വന്തം ജനതയുടെയും നാടിന്റെയും സുരക്ഷക്ക് വേണ്ടി ഏതു വിധേനയും പൊരുതാനുള്ള ധാര്‍മികമായ ന്യായം മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന എല്ലാ പരിഷ്‌കൃത ജനതയും അംഗീകരിച്ചിട്ടുള്ളതാണ്. ചാവേര്‍ സ്‌ഫോടനം ഈ അര്‍ഥത്തില്‍ ഫലസ്ത്വീന്‍ സമരത്തിന്റെ ചോര കലര്‍ന്ന ഏടായി മാറുകയായിരുന്നു.
ഒരു സാധാരണ ഫലസ്ത്വീനി കുടുംബമാണ് അഹ്‌ലാമിന്റേത്. മതബോധവും ദീനീപ്രതിബദ്ധതയും ദേശ സ്‌നേഹവും ആവോളം ആവാഹിച്ച ഒരു വിനയാന്വിത കുടുംബം. ഈ ഗുണ വിശേഷങ്ങളെല്ലാം അഹ്‌ലാമിലും സമ്മേളിച്ചിരുന്നു. മാതാപിതാക്കള്‍ അഹ്‌ലാമില്‍ നട്ടുവളര്‍ത്തിയ ഈ നന്മകള്‍, ദീനിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അവരില്‍ അങ്കുരിപ്പിച്ചിരുന്നു.
സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം അവര്‍ പഠന വിഷയമായി പത്ര പ്രവര്‍ത്തനം തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നു. സ്വന്തം നാടിന്റെയും ജനതയുടെയും പ്രശ്‌നങ്ങള്‍ അതിന്റെ ആഴത്തിലും പരപ്പിലും ഏറ്റവും  അടുത്തു നിന്ന് വീക്ഷിക്കണം എന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍. ഫലത്തില്‍ സംഭവിച്ചതും അതുതന്നെ. പത്രപ്രവര്‍ത്തനം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ഫലസ്ത്വീനിയുടെ ദൈന്യതയുടെ മര്‍മം തൊട്ടറിയാനായതിലൂടെ അവരുടെ ചിന്തയില്‍ പലപ്പോഴും തീപ്പന്തം ജ്വലിച്ചു.
സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ബെര്‍സീത് യൂനിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസത്തിനു ചേര്‍ന്നു. പ്രസ്തുത ക്യാമ്പസ് ഫലസ്ത്വീനിലെ യുവാക്കളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. പല വിപ്ലവ വിമോചന ചിന്തകളും പൊട്ടിമുളക്കുന്ന ഇടം. ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള സന്ദര്‍ഭവും അതുവഴി കരഗതമായി. മൊത്തത്തില്‍ അഹ്‌ലാമിന്റെ ജീവിതത്തെ സാരമായി സ്വാധീനിച്ചു ക്യാമ്പസ് ജീവിതം. പത്ര പ്രവര്‍ത്തന മേഖലയോടുള്ള പ്രതിബദ്ധതയും താല്‍പര്യവും കാരണമായാണ് കോഴ്‌സ് കഴിയും മുമ്പ് തന്നെ ജോലിയില്‍ പ്രവേശിച്ചത്. തന്റെ ധാരണകള്‍  തിരുത്തിയെഴുതിയ പല സംഭവങ്ങള്‍ക്കും പത്ര പ്രവര്‍ത്തനത്തില്‍ അവര്‍ സാക്ഷ്യം വഹിച്ചു. സ്വന്തം കണ്‍മുന്നില്‍ വെച്ചു ഫലസ്ത്വീനി വീട്ടമ്മയും പിഞ്ചു ബാലനും നിഷ്‌കരുണം കൊല്ലപ്പെടുന്ന സംഭവം പോലുമുണ്ടായി. ആദ്യം 'അല മീലാദ്'എന്ന ഒരു ജേര്‍ണലില്‍ ആണ് ജോലി ലഭിച്ചത്. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കിയ പ്രസിദ്ധീകരണമായിരുന്നു അത്. പിന്നീട് ദൃശ്യ മാധ്യമത്തിലേക്കു തിരിഞ്ഞു. ഒരു പ്രാദേശിക ചാനലിലാണ് ജോലി നോക്കിയത്. സമകാലിക സംഭവ വികാസങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു വാരാദ്യ പരിപാടി 'വാരക്കൊയ്ത്ത്' എന്ന പേരില്‍ അവര്‍ കൈകാര്യം ചെയ്തിരുന്നു.
അധിനിവേശ സേനക്കും വേട്ടക്കാരായ ഭരണ കൂടത്തിനുമെതിരിലുള്ള വികാരം ഫലസ്ത്വീനി യുവാക്കളില്‍ കത്തി നിന്ന കാലമായിരുന്നു ഇന്‍തിഫാദയുടേത്. തുടരെത്തുടരെയുള്ള ഫലസ്ത്വീനി നേതാക്കളുടെ കൊലപാതകങ്ങള്‍ യുവാക്കളുടെ മനസ്സില്‍ പ്രതികാരാഗ്‌നി ജ്വലിപ്പിച്ചു  നിര്‍ത്തുകയും ചെയ്തു. ഈ ചുറ്റുപാടിലാണ് ചാവേര്‍ സ്‌ഫോടനങ്ങളിലൂടെ ഇന്‍തിഫാദ ശക്തി ആര്‍ജിച്ചത്. ഓരോ ഫലസ്ത്വീനിയിലും നാടിനു വേണ്ടി എന്ത് ചെയ്യാനാവും എന്ന ആലോചന സജീവമായ കാലം. പലരും രക്തസാക്ഷികളുടെ കുടുംബങ്ങളെ സേവിച്ചും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുഴുകിയും പ്രവര്‍ത്തനനിരതരായി. അതിലപ്പുറം പലതും  തനിക്കു കഴിയുമെന്നും അത് സമര്‍പ്പിക്കണമെന്നും അഹ്‌ലാമിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. നിലവിലെ അവസ്ഥയില്‍ അങ്ങേയറ്റത്തെ വിഷമവും വേദനയും അവരെ വേട്ടയാടി. അങ്ങനെയാണ് അവര്‍ ഇസ്സുദ്ദീനുല്‍ ഖസ്സാമിന്റെ പ്രഥമ വനിതാ സൈനികയായി മാറിയത്. അതിനു ശേഷം ഒരുപാടു സ്ത്രീകള്‍ ഹമാസിന്റെ സൈനിക വിംഗിലേക്ക് കടന്നുവരികയുണ്ടായി. യൂനിവേഴ്‌സിറ്റിയിലെ സതീര്‍ഥ്യനും ഹമാസ് സൈനികനുമായ വാഇലിന്റെ പ്രേരണ കൂടിയായപ്പോള്‍  അത് യാഥാര്‍ഥ്യമായി. അബ്ദുല്ല ബര്‍ഗൂസി എന്ന ബുദ്ധി കൂര്‍മതയും ആവേശവും  ഒത്തിണങ്ങിയ ഫലസ്ത്വീനി നായകനെ കുറിച്ച് മനസ്സിലാക്കിയത് വിമോചന പോരാളിയാകാനുള്ള വേഗവും ആവേശവും വര്‍ധിപ്പിക്കുകയും ചെയ്തു.
സബാരോ ഓപ്പറേഷന് ഒന്നര മാസത്തിനു ശേഷമാണു അഹ്‌ലാമിനെ ഇസ്രയേല്‍ പട്ടാളം അറസ്റ്റു ചെയ്തു ജയിലിലടച്ചത് .അറസ്റ്റിനെയും ജയില്‍ ജീവിതത്തെയും കുറിച്ച് അഹ്‌ലാം മനസ്സ് തുറക്കുന്നു:
'പ്രിയ  മാതാവിന്റെ മരണം കഴിഞ്ഞു രണ്ടു മൂന്നു ദിവസം മാത്രം പിന്നിട്ട ദുഃഖകരമായ സാഹചര്യമായിരുന്നു അത്. അതിരാവിലെ ഏകദേശം മൂന്നു മണി സമയം. ഗ്രാമവാസികള്‍ ഉറക്കിലാണ്ട നേരം. ഇസ്രയേലി സൈന്യത്തിലെ ഒരു വന്‍പട എന്റെ കൊച്ചുവീട്ടിലേക്ക് ഇരമ്പി വന്നു. ആയുധസജ്ജമായിട്ടായിരുന്നു അവരുടെ വരവ്. എന്നെ പിടികൂടി കൈകാലുകള്‍ ബന്ധിച്ചു. കണ്ണുകളും വായും മൂടിക്കെട്ടി. ഉമ്മ മരിച്ചു രണ്ടു നാള്‍ മാത്രം പിന്നിട്ട മരണ വീടാണ് ഇതെന്നോ പ്രായം ചെന്ന ദുഃഖിതനായി കഴിയുന്ന ഉപ്പയുടെ അവസ്ഥയോ ഒന്നും പരിഗണിക്കപ്പെട്ടില്ല. തട്ടിക്കൊണ്ടു പോകുന്ന പ്രതീതിയായിരുന്നു ആ അറസ്റ്റ് നടപടിക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറം   പോലും ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്ന കരാള ഭീകര രംഗങ്ങളായിരുന്നു അത്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത, മൃഗീയതയുടെ ഒന്നാന്തരം ഉദാഹരണം. വിചാരണയുടെ ആദ്യ ദിവസം രോഗിയായ എന്നെ ശക്തി പ്രയോഗിച്ചാണ് കൊണ്ടുപോയത്. എല്ലാം തുറന്നുപറയാന്‍ വേണ്ടി അത്യന്തം വേദനാജനകമായ കൊടിയ പീഡനമുറകള്‍ക്ക്  ഇരയാക്കി. ഖബ്ര്‍ പോലെയുള്ള അണ്ടര്‍ ഗ്രൗണ്ടിലെ ഇടുങ്ങിയ ഒരു ഇരുട്ട്  മുറിയിലായിരുന്നു വിചാരണ. നാല്‍പ്പത്തി മൂന്നുനാള്‍ നീണ്ട വിചാരണ. നാല്‍പതു  ദിവസം രാപ്പകലില്ലാതെ ഇട തടവില്ലാത്ത വിചാരണ. മൂന്നു ദിവസം അല്‍പം വിശ്രമം അനുവദിച്ചു. ആ ഇടുങ്ങിയ തടവറ പക്ഷേ എന്റെ നാഥനോടുള്ള വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ നിമിത്തമായി. മൂന്നാമത് ഒരാള്‍ അറിയാത്ത വിധം ഞാന്‍ അല്ലാഹുവില്‍ നിന്നുള്ള  കരുത്തുറ്റ ഒരു പാശ ത്തില്‍ ബന്ധിതയായി. അതിനാല്‍ എന്റെ സകല കാര്യങ്ങളും മനോഹരമായി കലാശിച്ചു. അണ്ടര്‍ ഗ്രൗണ്ടിലെ കൊച്ചു ഇരുട്ടു മുറിയില്‍ കഴിച്ചു കൂട്ടാന്‍ എനിക്ക് ക്ഷമ നല്‍കിയത് പടച്ചവനോട് സ്ഥാപിച്ച ഈ കൂട്ട് തന്നെ. ഇസ്രയേലിന്റെ ശിക്ഷാ രീതികളില്‍ ശാരീരികവും മാനസികവുമായ മുറകള്‍ ഉണ്ട്. ഈ രണ്ടു രീതികളും അവര്‍ എന്നില്‍ പ്രയോഗിച്ചു. പക്ഷേ എന്നെ കൂടുതല്‍ വേദനിപ്പിച്ചത് മാനസിക പീഡനമായിരുന്നു. അന്നത്തെ എന്റെ മാനസിക തലവുമായും അതിനു ബന്ധമുണ്ട്. ഉമ്മ മരിച്ച ദുഃഖം ഘനീഭവിച്ചു നിന്നിരുന്നു. വിചാരണക്കിടെ ഞാന്‍ കുറ്റം സമ്മതിച്ചാലും ഇല്ലെങ്കിലും ഫലം ഒന്നായിരുന്നു. ഇതേ കേസില്‍ പിടിക്കപ്പെട്ട മറ്റു തടവുകാരെ  എന്റെ മുമ്പാകെ വെച്ചു പീഡിപ്പിച്ചു എന്റെ പേര് അവരെക്കൊണ്ടു  പറയിപ്പിക്കുകയുണ്ടായി.  അവരുടെ ശരീരത്തിലെ ചോരയൊലിക്കുന്ന മുറിവുകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു.
എന്നെ അറസ്റ്റു ചെയ്തു ഏകദേശം മൂന്നു വര്‍ഷം പിന്നിട്ടപ്പോഴാണ് ശിക്ഷാ വിധി വന്നത്. അന്ന് കൊല്ലപ്പെട്ട പതിനാറു ഇസ്രായേലി പൗരന്മാരില്‍ ഒരാള്‍ക്ക് ഒരു ജീവപര്യന്തം എന്ന തോതില്‍ പതിനാറു ജീവപര്യന്തം തടവായിരുന്നു ശിക്ഷ. വേട്ടക്കാര്‍ ഇസ്രയേല്‍ ആയതിനാല്‍ ഈ ശിക്ഷാ വിധി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ശിക്ഷയുടെ അവസാന വര്‍ഷത്തില്‍ മറ്റൊരു സംഭവം കൂടിയുണ്ടായി. ജയിലിലെ സൈനികനുമായി വഴക്കിട്ടു എന്ന പേരില്‍ ഒരു പ്രാവശ്യം ആറു  മാസവും മറ്റൊരു തവണ നാലുമാസവുമായി പത്തു മാസം ശിക്ഷ വര്‍ധിപ്പിച്ചു. പതിനാറു ജീവ പര്യന്തത്തോട് പത്തു മാസം ശിക്ഷ കൂട്ടിച്ചേര്‍ത്തത് എത്രത്തോളം ചിരിക്കു വക നല്‍കുന്നു എന്ന് ഓര്‍ത്തുനോക്കൂ. വയോധികനായ എന്റെ പിതാവ് കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം ക്ഷമയോടെ ഈ സാഹചര്യം നേരിട്ടതും എന്നെ കാണാനുള്ള അദ്ദേഹത്തിന്റെ കലശലായ ആഗ്രഹം പൂവണിയാന്‍ പോകുന്നതുമായ സാഹചര്യമാണ് എന്നെ ഏറെ വികരാധീനയാക്കുന്നത്.'
മാതൃ സഹോദരീ മകന്‍ നിസാര്‍ തമീമിയുമായി അഹ്‌ലാമിന്റെ വിവാഹം 2005 ജൂണ്‍ പത്തൊമ്പതിന് നടന്നു. വധുവിന്റെയും വരന്റെയും പക്ഷക്കാര്‍  ഏര്‍പ്പാടാക്കിയ വക്കീലുമാര്‍  മുഖാന്തിരമാണ് വിവാഹം നടന്നത്. വരന്റെയും വധുവിന്റെയും പിതാക്കന്മാര്‍ നികാഹിന്റെ  പ്രത്യേകമായ ഔദ്യോഗിക ചിട്ടവട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. നിസാര്‍ ഹര്‍കത്തുല്‍ ഫത്ഹിന്റെ പ്രവര്‍ത്തകനാണ്. വിവിധ ഫലസ്ത്വീന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടാവേണ്ട ഐക്യത്തിന്റെ മനോഹരമായ ഒരു ആവിഷ്‌കാരമാണ് നിസാറുമായുള്ള വിവാഹമെന്നും ഇത് നല്ലൊരു സന്ദേശം ആണെന്നുമാണ് അഹ്‌ലാമിന്റെ പക്ഷം. എന്നാല്‍ 2010 മാര്‍ച്ച് ഒന്നിന് ഒറ്റ പ്രാവശ്യമാണ് ഇരുവര്‍ക്കും ജയിലധികൃതര്‍ കൂടിക്കാഴ്ച അനുവദിച്ചത്.
'ഇസ്രയേല്‍ ജയിലിലെ ഫലസ്ത്വീനികളായ തടവുകാര്‍ ഹമാസിന്റെയോ ഫലസ്ത്വീനി സമൂഹത്തിന്റെയോ പിരടിയില്‍ മാത്രമുള്ള ഉത്തരവാദിത്വമല്ല. മൊത്തം അറബ് ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണ്. അതാകട്ടെ അടിക്കടി ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. 'അഹ്‌ലാം പറയുന്നു. 'ജോര്‍ദാനിലായിരുന്ന  ഞാന്‍ ഒറ്റക്കാണ് കഴിഞ്ഞ തവണ ഫലസ്ത്വീനിലേക്ക് വന്നത്. കുടിയിറക്കപ്പെട്ട മുഴുവന്‍ ഫലസ്ത്വീനികളോടുമൊപ്പം വിജയ ശ്രീലാളിതയായി അടുത്ത പ്രാവശ്യം തിരിച്ചു വരണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. അന്ന് മസ്ജിദുല്‍ അഖ്‌സ്വ മോചിതമായിരിക്കും. ഇസ്രയേല്‍  വേറെ മണ്ണും ഭൂമിയും അന്വേഷിക്കുന്നതാണ് നല്ലത്. അവര്‍ കുടിയിറങ്ങിതരുന്നില്ലെങ്കില്‍ അവര്‍ക്ക് വിധിച്ചത് മരണവും പരാജയവുമായിരിക്കും എന്നവര്‍ ഓര്‍ക്കുന്നത് നന്ന്. ഞാന്‍ ശ്വസിച്ചിരുന്ന വായുവിലേക്ക്, ഒലിവു ചില്ലയില്‍ ഹൃദയം ചേര്‍ത്തു വെച്ച എന്റെ സ്വന്തം ഫലസ്ത്വീനിലേക്ക് ഞാന്‍ തിരിച്ചുവരിക തന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്!'

അവലംബം: 'ഫലസ്ത്വീനുല്‍ മുസ്‌ലിമ'

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം