മുസ്ലിം സംഘടനകള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം
15-01-2000ന് എറണാകുളം ഗള്‍ഫാര്‍ ഇന്റര്‍നാഷ്നല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന കേരള മുസ്ലിം സൌഹൃദവേദിയോഗം തത്വത്തില്‍ അംഗീകരിച്ച കരട് രൂപരേഖ:
1. മുസ്ലിം മത സംഘടനകള്‍ക്കിടയിലുള്ള ആശയ വ്യത്യാസങ്ങളുടെ പ്രകടനം മാന്യമായ രീതിയിലായിരിക്കേണ്ടതാണ്. അന്യര്‍ക്കിടയില്‍ സ്വയം പരിഹാസ്യരാകുന്ന രീതി ഒഴിവാക്കുകയും പരസ്പരം വിഴുപ്പലക്കുന്ന ശൈലി ഉപേക്ഷിക്കുകയും ചെയ്യുക.
2. പരസ്യ സംവാദങ്ങളും ഖണ്ഡനങ്ങളും വൈജ്ഞാനിക പ്രചാരണത്തില്‍ ഊന്നിക്കൊണ്ട് മാത്രമായിരിക്കുക.
3. പവിത്രമായ മസ്ജിദും മിമ്പറും മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തിനും സമൂഹത്തില്‍ 'തഖ്വാ' വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ഉപയോഗിക്കുക. പരസ്പര സ്പര്‍ധയും ശത്രുതയും വളര്‍ത്താന്‍ ദുരുപയോഗം ചെയ്യാതിരിക്കുക.
4. പത്ര-പ്രസിദ്ധീകരണ-പ്രചാരണ-പ്രസംഗങ്ങളിലും മറ്റും പണ്ഡിതന്മാരെയും നേതാക്കന്മാരെയും സഭ്യേതര ഭാഷയില്‍ ശകാരിക്കാതിരിക്കുക.
5. സംഘടനകള്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ അന്യര്‍ക്കിടപെടാനുള്ള അവസരം നിഷേധിക്കുക.
6. ഉദയാസ്തമനത്തിന് വ്യത്യാസമില്ലാത്ത പ്രദേശങ്ങളില്‍ നോമ്പും പെരുന്നാളും ഒരുമിച്ച് അനുഷ്ഠിക്കാനും ആഘോഷിക്കാനും അവസരം ഉണ്ടാക്കുക. ഇതിന് താഴെ പറയുന്ന രീതികള്‍ സ്വീകരിക്കേണ്ടതാണ്.
(എ) നോമ്പ്- പെരുന്നാളുകളുടെ ദിവസ നിര്‍ണയം നടത്തിക്കൊണ്ടുള്ള, മുന്‍കൂട്ടിയുള്ള പ്രഖ്യാപനം ഒഴിവാക്കുക.
(ബി) ചന്ദ്രദര്‍ശന നിര്‍ണയത്തിന് ഖുര്‍ആന്‍, ഹദീസ്-കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കുക. ഇത് അടിസ്ഥാനപ്പെടുത്തി തീരുമാനം കാണാന്‍ ശഅ്ബാന്‍, റമദാന്‍ മാസങ്ങളിലും ദുല്‍ഹജ്ജ് മാസത്തിലും എല്ലാ വിഭാഗം പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന ഒരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിരിക്കേണ്ടതാണ്.
(സി) ഒരു പൊതു ഖാദിയെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം സ്വീകരിക്കുകയും ചെയ്യുക. നോമ്പ്, പെരുന്നാളുകള്‍ ഏകോപിപ്പിക്കാന്‍ വേണ്ടിവന്നാല്‍ സൌഹൃദവേദിയുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കേണ്ടതാണ്.
7. ഒരുവിഭാഗം നടത്തുന്ന സ്ഥാപനം ഒരു കാരണവശാലും മറ്റൊരു വിഭാഗം കൈയേറാന്‍ പാടില്ലാത്തതാണ്. നേരത്തെ കൈയേറിയ സ്ഥാപനം തിരിച്ചു നല്‍കാന്‍ കൈയേറിയ കക്ഷികള്‍ ബാധ്യസ്ഥമായിരിക്കും. കൈയേറ്റം നിശ്ചയിക്കാന്‍ നിഷ്പക്ഷ സമിതിയെ സൌഹൃദസമിതി നിശ്ചയിക്കേണ്ടതാണ്.
8. ശരീഅത്ത്, ബാബരി മസ്ജിദ്, മതസ്ഥാപന ബില്‍ മുതലായ പ്രശ്നങ്ങളിലും സംവരണം, വിദ്യാലയ പ്രവേശനം, സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലെ വിവേചനം, അറബി-ഉര്‍ദു ഭാഷാ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും ഏകോപിച്ച് പ്രവര്‍ത്തിക്കുകയും ബോധവല്‍ക്കരണം സംഘടിപ്പിക്കുകയും ചെയ്യുക.
9. സൌഹൃദസമിതിയില്‍ താഴെ പറയുന്നവര്‍ക്ക് അംഗത്വം നല്‍കുക.
(എ) മത-വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മുസ്ലിം സംഘടനകള്‍
(ബി) ഓരോ സംഘടനകളുടെ പ്രതിനിധികളെ അതാത് സംഘടനകള്‍ നിശ്ചയിക്കുക.
(സി) മദ്റസകള്‍, ജുമുഅ മസ്ജിദുകള്‍, അറബി കോളേജുകള്‍, അനാഥശാലകള്‍ എന്നിവക്ക് ആനുപാതിക പ്രാതിനിധ്യവും പണ്ഡിതസഭ, യുവജനസമിതി, വിദ്യാര്‍ഥി സംഘടന, വിദ്യാഭ്യാസ ബോര്‍ഡ് എന്നിവക്ക് ഓരോ പ്രതിനിധി വീതവും സൌഹൃദവേദി ജനറല്‍ബോഡിയില്‍ അംഗത്വം നല്‍കേണ്ടതാണ്.
10. സൌഹൃദവേദി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരിക്കുക.
പെരുമാറ്റചട്ടം അംഗീകരിച്ചുകൊണ്ട് നടന്ന ചര്‍ച്ചയും തീരുമാനങ്ങളും
(പ്രസക്തഭാഗങ്ങള്‍)
* നേതാക്കന്മാര്‍ക്കിടയില്‍ സംജാതമായ സഹകരണവും സൌഹൃദവും അധികം വൈകാതെ അണികളില്‍ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് അധ്യക്ഷന്‍ ഗള്‍ഫാര്‍ മുഹമ്മദലി.
* സൌഹൃദവേദിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ ഒത്തൊരുമക്ക് ഒരടിത്തറയാകാന്‍ സാധിച്ചിട്ടുണ്ടെന്നും ഭാവി പരിപാടികള്‍ ആ അടിത്തറയില്‍ കെട്ടിപ്പടുക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി(മുസ്ലിംലീഗ്)
* സമുദായത്തിന്റെ പൊതുനന്മമാത്രം ഉദ്ദേശിച്ച് കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും വളരെ താല്‍പര്യത്തോടെ മുന്നോട്ട് വന്ന സൌഹൃദവേദി സംഘാടകരെ നിരുത്സാഹപ്പെടുത്താതെ വ്യത്യസ്ത സംഘടനകള്‍ വിട്ടുവീഴ്ച കാണിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് എം.എ യൂസുഫലി
* ഉലമാക്കളും ഉമറാക്കളും ഉള്‍ക്കൊള്ളുന്ന ഒരു വേദിക്ക് പെരുന്നാള്‍ ഏകീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൌഹൃദവേദിയുടെ നല്ല തുടക്കത്തില്‍ സംതൃപ്തിയുണ്ടെന്നും ചേലക്കുളം അബൂബക്കര്‍ അബുല്‍ബുശറാ മൌലവി, തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൌലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി(ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ)
* സമുദായ നേതാക്കളും പണ്ഡിതന്മാരും പരസ്പരം അടുക്കണമെന്നും തിന്മകള്‍ ഊതിവീര്‍പ്പിക്കാതെ സഹോദര സംഘടനകളിലുള്ള നന്മകള്‍ കണ്ടെത്താനുള്ള മനസ്സ് ഉണ്ടാകണമെന്നും അമീര്‍ അഹമദ്(മസ്കത്ത്)
* ഒരു മുഅ്മിനിനെ വേദനിപ്പിക്കുന്ന വാക്കോ പ്രവര്‍ത്തിയോ മറ്റൊരു മുഅ്മിനില്‍ നിന്നുണ്ടാകരുതെന്ന് ഇബ്രാഹിം ഹാജി(ദുബൈ)
* ആശയസംബന്ധമായി വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യമല്ലെങ്കിലും സമുദായത്തിന്റെ പൊതുകാര്യങ്ങളില്‍ സഹകരിക്കുമെന്നും പരസ്പരം തീവ്രവാദികളായി അവതരിപ്പിക്കാതിരിക്കാന്‍ വിവിധ സംഘടനകളും അവരുടെ പത്രപ്രസിദ്ധീകരണങ്ങളും ശ്രദ്ധിക്കണമെന്നും സംഘടനകള്‍ പരസ്പരം അകലുന്നതിനു പകരം അടുക്കാന്‍ ശ്രമിക്കണമെന്നും ഹുസൈന്‍ രണ്ടത്താണി(സമസ്ത എ.പി വിഭാഗം നിരീക്ഷകന്‍)
പെരുമാറ്റച്ചട്ടം അംഗീകരിച്ച ശേഷം ചര്‍ച്ചകള്‍ക്കൊടുവില്‍ എടുത്ത മുഖ്യതീരുമാനം:
"പെരുമാറ്റച്ചട്ടവും മറ്റു തീരുമാനങ്ങളും സംഘടനകളുടെ അണികളിലേക്കെത്തിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എടുക്കാനും സംഘടനകളുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഓരോ സംഘടനയും സര്‍ക്കുലറുകളിലൂടെ അണികളെ ഔദ്യോഗികമായി അറിയിക്കാനും തീരുമാനിച്ചു.''
(15-01-2000ലെ യോഗത്തിന്റെ മിനുട്ട്സില്‍നിന്ന്)
കേരളത്തിലെ മുസ്ലിം സംഘടനാ പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്ന് ഏകകണ്ഠമായി അംഗീകരിച്ച പരസ്പര പെരുമാറ്റച്ചട്ടവും തീരുമാനം അണികളിലെത്തിക്കാനുള്ള നിര്‍ദേശവും നേതാക്കളുടെ പ്രതീക്ഷാപൂര്‍വമായ പ്രതികരണങ്ങളും നമ്മള്‍ വായിച്ച് സന്തോഷിച്ചുവല്ലോ. 'പത്ത് കല്‍പനകള്‍' അടങ്ങിയ പെരുമാറ്റച്ചട്ടം അംഗീകരിച്ച്, ഇപ്പോള്‍ കൃത്യം പത്ത് വര്‍ഷം കടന്നുപോയി. സമുദായവും സംഘടനകളും എവിടെ എത്തിനില്‍ക്കുന്നുവെന്ന് പ്രത്യേകം പറയണമെന്ന് തോന്നുന്നില്ല. ആര്‍ക്കെങ്കിലും വല്ല അവ്യക്തതയുമുണ്ടെങ്കില്‍ ഈയിടെ പുറത്തിറങ്ങിയ, മത പണ്ഡിതന്മാരുടെ വാദപ്രതിവാദത്തിന്റെ ദൃശ്യാവിഷ്കാരം-ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം എന്ന ഡോക്യുമെന്ററി- നേരില്‍ കണ്ട് വ്യക്തത വരുത്താവുന്നതാണ്. കാണാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ കണ്ടവരെ കണ്ടാലും മതി. അല്ലാഹുവിന്റെ കാവല്‍ സമുദായത്തിനുമേല്‍ ഉണ്ടാവട്ടെ.
(തുടരും)
Comments