മതവും സംസ്‌കാരവും
താരിഖ് റമദാന്‍: ജീവിതവും ചിന്തയും-2
പടിഞ്ഞാറ് ജീവിക്കുന്ന ഇസ്‌ലാമിക കമ്യൂണിറ്റികളുടെ ഭാഗധേയം എന്താണ്? എന്താണു അവരുടെ മുമ്പിലുള്ള കള്‍ച്ചറല്‍- ഐഡിയോളജിക്കല്‍ ചോയ്‌സുകള്‍? ഇസ്‌ലാമിന്റെ സ്ഥിരപ്രമാണങ്ങളും പടിഞ്ഞാറന്‍ മതേതര സമൂഹങ്ങളുടെ സംസ്‌കാരത്തില്‍ ലയിക്കുന്നതിന്റെ താല്‍പര്യങ്ങളും തമ്മില്‍ എങ്ങനെ സാമഞ്ജസ്യം കൈവരിക്കാം?
വെസ്റ്റേണ്‍ മുസ്‌ലിംസ് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ഇസ്‌ലാം (Oxford University Press 3, 2003, 2004, ലണ്ടന്‍) എന്ന കൃതിയില്‍ താരിഖ് റമദാന്‍ ഈ ചോദ്യങ്ങള്‍ വിശദമായി വിശകലനം ചെയ്യുന്നു. 'പാശ്ചാത്യ മുസ്‌ലിമി'ന്റെ വിവക്ഷയെ നിര്‍ണയിക്കാന്‍ ഗ്രന്ഥകാരന്‍ ഇതില്‍ ശ്രമിക്കുന്നു. റാഡിക്കല്‍ ഇസ്‌ലാമിനെകുറിച്ച് പടിഞ്ഞാറ് പ്രചാരത്തിലുള്ള നിലപാടുകളെ അവലോകനം ചെയ്യുന്നു. തങ്ങള്‍ ജീവിക്കുന്ന സാംസ്‌കാരിക-സാമൂഹിക ചട്ടക്കൂടും മതവിശ്വാസങ്ങളും പരസ്പരം കൂട്ടിയിണക്കാനുള്ള പാശ്ചാത്യ മുസ്‌ലിംകളുടെ പരിശ്രമങ്ങളെയാണു ഗ്രന്ഥകാരന്‍ ഊന്നുന്നത്. ഇസ്‌ലാമിക തത്ത്വങ്ങളോടും സുസ്ഥിരമൂല്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തുന്നതോടൊപ്പം തന്നെ യൂറോപ്യന്‍ സംസ്‌കാരങ്ങളില്‍, അല്ലെങ്കില്‍ അമേരിക്കന്‍ സംസ്‌കാരത്തില്‍ ലയിച്ചു ജീവിക്കാനും ആ തലത്തിലൂടെ സ്വന്തം വിശ്വാസങ്ങളെ പുനഃപാരായണം ചെയ്യാനുമുള്ള നിരന്തര ശ്രമത്തിലാണ് പാശ്ചാത്യ മുസ്‌ലിംകളെന്ന് റമദാന്‍ എഴുതുന്നു. ഈ കാഴ്ചപ്പാട് മുസ്‌ലിം രാജ്യങ്ങളിലെ പാരമ്പര്യങ്ങളില്‍നിന്ന് ബന്ധം വിടര്‍ത്തി പടിഞ്ഞാറ് നിലനില്‍ക്കുന്ന സാംസ്‌കാരികാന്തരീക്ഷത്തോടു പ്രതിപ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായൊരു പാശ്ചാത്യഇസ്‌ലാമിനെ അനിവാര്യമാക്കുന്നുണ്ട്. ഉദ്ദിഷ്ടമായ സമവാക്യത്തിലെത്തിച്ചേരുക അത്ര സുലളിതമല്ലെന്ന് ഗ്രന്ഥകാരനറിയാം. അതിനാല്‍ ആ ഒരു ലക്ഷ്യം വെച്ചുകൊണ്ട് ഇസ്‌ലാമിക മൂലസ്രോതസ്സുകളെ പുനര്‍വായനക്ക് വിധേയമാക്കുകയാണു റമദാന്‍. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വികസിതമായ അര്‍ഥതലങ്ങള്‍ കണ്ടെത്താനാണ് റമദാന്റെ ശ്രമം. അതിലൂടെ പടിഞ്ഞാറന്‍ സമൂഹങ്ങളിലെ മുസ്‌ലിം ലയനം സുഗമമാക്കാമെന്ന് ഗ്രന്ഥകാരന്‍ വിശ്വസിക്കുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി ധീരവും സ്പഷ്ടവും വ്യതിരിക്തവുമായ ലെയിനുകള്‍ ഗ്രന്ഥത്തില്‍ സമര്‍പ്പിക്കുന്നു.
മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക തത്ത്വങ്ങള്‍ മുറുകെപ്പിടിക്കാന്‍ സാധിക്കും, സാധിക്കേണ്ടതുണ്ട്. അതേസമയം പടിഞ്ഞാറന്‍ മതേതര സമൂഹങ്ങളില്‍നിന്ന് വേറിട്ടു നില്‍ക്കയുമരുത്. പടിഞ്ഞാറിനോട് പ്രത്യക്ഷമായി ഏറ്റുമുട്ടുന്ന ഇസ്‌ലാമിക ചിന്തയില്‍നിന്ന് അകന്ന് നില്‍ക്കത്തക്കവിധം പുതിയൊരു ഇസ്‌ലാമിക ഐഡന്റിറ്റി സൃഷ്ടിച്ചെടുക്കാനുള്ള കാഴ്ചപ്പാടാണ് പരാമൃഷ്ട കൃതി അവതരിപ്പിക്കുന്നത്. ആ കാഴ്ചപ്പാടില്‍ ചിലരെങ്കിലും പ്രകോപനത്തിന്റെ അംശങ്ങള്‍ കണ്ടെത്തുക സ്വാഭാവികമാണ്. ഗ്രന്ഥകാരനോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കുന്നതായിരിക്കും ചിതം.
പ്രാപഞ്ചിക തത്ത്വങ്ങളും പുതിയ പരിസ്ഥിതികളും
മുഖവുരയില്‍ തന്റെ നോട്ടപ്പാടിനെ വ്യക്തമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്.
''ഇസ്‌ലാമിന്റെ സന്ദേശത്തിലും അതിന്റെ പ്രാപഞ്ചിക തത്ത്വങ്ങളിലും ഊന്നി പരിഷ്‌കരണ സംരംഭത്തിനും പുതിയ പരിതഃസ്ഥിതികളുമായുള്ള (മുസ്‌ലിം)താദാത്മ്യത്തിനും ആത്മപ്രചോദനമായി വര്‍ത്തിക്കുന്ന ഉപാധികള്‍ ഞാന്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. സാത്മീകരണത്തിന്റെ നിയമാവിഷ്‌കാര ഉപകരണങ്ങള്‍ക്കൊക്കെയും അടിസ്ഥാനമായി വര്‍ത്തിക്കേണ്ട 'ലയനതത്വ'ത്തിന്റെ ശക്തിയും ക്രിയാത്മകതയും നിലവിലെ മനോഭാവത്തെ പൂര്‍ണമായും നിരാകരിക്കുന്നതാണ്. സ്വത്വസംരക്ഷണ വാഞ്ഛക്കും ഉള്‍വലിയലിനും പ്രാന്തീയ ന്യൂനപക്ഷ സ്ഥലിയിലൂടെയുള്ള ലയനശ്രമങ്ങള്‍ക്കും എതിരാണത്. ഇതില്‍നിന്നെല്ലാം ഭിന്നമാണ് പ്രശ്‌നം. വൈജ്ഞാനികവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും മറ്റുമായ എല്ലാ തലങ്ങളിലും മനുഷ്യരാശി സംഭാവന ചെയ്ത നന്മയും സത്യവും മാനുഷികതയും ആര്‍ജിക്കാന്‍ വ്യക്തിയെ പര്യാപ്തനാക്കുന്ന ആശയത്തെയാണ് 'ലയനം' പ്രതിനിധാനം ചെയ്യുന്നത്.
''(പടിഞ്ഞാറുള്ള) നമ്മുടെ സഹപൗരന്മാര്‍ 'മുസ്‌ലിംകളെ നമുക്കിടയില്‍ ഉദ്ഗ്രഥിക്കണം' എന്ന് പറയുമ്പോള്‍ ഈ പ്രശ്‌നം മുസ്‌ലിംകള്‍ കാണുന്നത് മറ്റൊരു രൂപത്തിലാണ്. എന്നാല്‍ നിയമം അവരുടെ സവിശേഷ വ്യക്തിത്വത്തെ ആദരിക്കുകയും അവരുടെ അന്തഃകരണവും ആരാധനകളുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്യുന്നേടത്തോളം അവര്‍ ആത്മസംതൃപ്തിയോടെ തങ്ങള്‍ ജീവിക്കുന്ന സമൂഹങ്ങളുടെ സുസമ്മത യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നാണു അവരുടെ പ്രാപഞ്ചികാശയങ്ങള്‍ അവരെ പഠിപ്പിക്കുന്നത്. സഹപൗരന്മാരായ തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം കൂടുതല്‍ ശ്രേഷ്ഠവും സമീചീനവുമായ തലത്തിലേക്ക് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന പ്രവൃത്തിയില്‍ അവരും ഭാഗഭാക്കാകണം. അവിടെ പിന്മാറ്റത്തിനോ തന്മബോധത്തിന് അടിപ്പെടുന്നതിനോ പഴുതില്ല. മറിച്ച്, പരസ്പര ബഹുമാനത്തോടും പരസ്പരം അംഗീകരിച്ച പൊതുമൂല്യങ്ങളില്‍ ഭാഗഭാക്കായും തുറന്ന മനസ്സോടെ തുല്യകക്ഷികളെന്ന നിലയില്‍ ക്രിയാത്മക സംവാദത്തിലേര്‍പ്പെടുകയാണാവശ്യമായിട്ടുള്ളത്. അങ്ങനെ നിര്‍മാണ പ്രക്രിയയില്‍ മുസ്‌ലിംകള്‍ യഥാര്‍ഥ പങ്കാളികളായി മാറണം.''
തങ്ങള്‍ ജീവിക്കുന്ന നവസമൂഹങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്ന താരിഖ് റമദാന്റെ ആഹ്വാനത്തിന്റെ കാതല്‍ മുകളില്‍ ചേര്‍ത്ത ഉദ്ധരണിയില്‍ കണ്ടെത്താം. അതിനു അനുബന്ധമായി റമദാന്‍ ഇങ്ങനെ കുറിക്കുന്നു: ''ഈ ചിന്തകള്‍ ആശങ്കയുണ്ടാക്കുമെന്ന് എനിക്കറിയാം. ബ്രിട്ടനിലെ എന്റെ പ്രഭാഷണ പരിപാടികളിലൊന്നില്‍ അഭിപ്രായപ്രകടനം നടത്തിയ ഒരു ശ്രോതാവിന് ആക്രാമികമായ ഒരു പുത്തനാശയമായാണു ഇത് തോന്നിയത്. എനിക്ക് പറയാനുള്ളത്, മതസ്രോതസ്സുകളെ ഞാന്‍ വായിക്കുന്നത് എന്റെ പാശ്ചാത്യ സാഹചര്യത്തോടു ചേര്‍ത്ത് വെച്ചാണെന്നാണ്. മൗലികമായ രണ്ടു ആശയങ്ങളിലേക്ക് അതെന്നെ നയിക്കുന്നു. നിലവിലുള്ള ചില ധൈഷണിക നിലപാടുകളെ പൂര്‍ണമായും നിരാകരിക്കുന്നതാണു ഈ ആശയങ്ങള്‍. ബൗദ്ധിക വ്യവസ്ഥയില്‍ നാം സ്വയം അലിഞ്ഞുചേരാന്‍ പ്രവര്‍ത്തിക്കുകയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം ഇസ്‌ലാമിന്റെ സാര്‍വലൗകിക പ്രമാണങ്ങളെ കണ്ടീഷന്‍ ചെയ്യുക എന്നതല്ല ഇവിടത്തെ പ്രശ്‌നം. സാര്‍വലൗകിക ഇസ്‌ലാമിന് ആ പ്രകൃതം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബഹുസ്വരതയെയും അപരന്റെ വിശ്വാസങ്ങളെയും സ്വീകരിക്കാനും ആദരിക്കാനും കഴിയുന്ന ഒരു മാര്‍ഗത്തില്‍ എത്തിച്ചേരാന്‍ നമുക്ക് കഴിയണമെന്നാണു എന്റെ വീക്ഷണം.''
''എന്റെ വിശ്വാസത്തെ സന്ദര്‍ഭോചിതം ക്രമീകരിക്കുക എന്നതും അപരന്റെ വിശ്വാസങ്ങളെ പൂര്‍ണമായും മാനിക്കുക എന്നതും തമ്മില്‍ അന്തരമുണ്ട്. രണ്ടാമത്തെ ആശയത്തെ ഒന്നാമത്തെ ആശയവുമായി സങ്കലനം ചെയ്യണമെന്നാണു ഉത്തരാധുനികതയുടെ ചൈതന്യം നമ്മോടു ആവശ്യപ്പെടുന്നത്. ഇതെനിക്ക് സ്വീകാര്യമല്ല. ഒന്നാമതായി, എന്റെ വിശ്വാസപ്രമാണങ്ങളുടെ സാര്‍വലൗകികതയുടെ അകക്കാമ്പിന്റെ തന്നെ താല്‍പര്യമാണ് ബഹുസ്വരതയെയും സാപേക്ഷതയെയും മാനിക്കാന്‍ എന്റെ അന്തഃകരണത്തോടു അത് ആവശ്യപ്പെടുന്നുവെന്നത്. പടിഞ്ഞാറു പോലും നാം എന്തിന് നമ്മുടെ നിലനില്‍പിനെ 'ന്യൂനപക്ഷ' പരികല്‍പനയിലൂടെ കാണണം? 'മുസ്‌ലിം ന്യൂനപക്ഷം' എന്ന നമ്മുടെ പരികല്‍പന പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 'ന്യൂനപക്ഷ നിയമം', 'ന്യൂനപക്ഷ മതനിയമങ്ങള്‍' (ഫിഖ്ഹുല്‍ അഖല്ലിയാത്ത്) എന്നീ സാങ്കേതിക പ്രയോഗങ്ങളും പുനരവലോകന വിധേയമാക്കണം.
സ്വാതന്ത്ര്യം, പൗരസ്ത്യ മുസ്‌ലിം ബന്ധങ്ങള്‍
''പാശ്ചാത്യ മുസ്‌ലിംകളുടെ ധൈഷണിക- രാഷ്ട്രീയ- സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച വക്താവാണു ഞാന്‍. ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള വിനിമയങ്ങളും സംഭാഷണങ്ങളും മുറിച്ചു കളയണമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കരുത്. തീര്‍ച്ചയായും അതല്ല ഉദ്ദേശ്യം. മറിച്ചാണു ശരി. കഴിഞ്ഞ കാലത്തേക്കാളുപരി അവസരങ്ങള്‍ വിശാലമായി തുറന്നിടേണ്ടത് അത്യാവശ്യമായ സന്ദര്‍ഭമാണിന്ന്. സംവാദങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമുള്ള ഇടങ്ങള്‍ വിശാലമാക്കണം. പടിഞ്ഞാറ് ആശ്രയിക്കാവുന്ന ആധികാരിക മതനിയമജ്ഞര്‍ (ഫുഖഹാ) ഇല്ലാത്തപ്പോള്‍ വിശേഷിച്ചും. ഈ പരിവര്‍ത്തനഘട്ടത്തില്‍ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിംകള്‍ക്കിടയിലെ വിനിമയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നത് അടിസ്ഥാനപരമായൊരു പ്രശ്‌നമത്രെ.
'സ്വാതന്ത്ര്യം' എന്ന ആശയംകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത് ഇസ്‌ലാമിക വിശ്വാസം പുലര്‍ത്തുന്ന പാശ്ചാത്യ ദേശവാസികള്‍ സ്വയം ചിന്തിക്കുകയും സ്വന്തം അവസ്ഥകള്‍ക്കനുരൂപമായ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മാത്രമാണ്. മൂര്‍ത്തമായ നവീനാശയങ്ങളിലെത്തിച്ചേരാന്‍ അവര്‍ പ്രാപ്തി നേടണം. ചിന്താതലത്തിലോ സാമ്പത്തിക-രാഷ്ട്രീയതലത്തിലോ ഉള്ള ആശ്രിതഭാവത്തില്‍ തുടരുന്നതിനെ അവര്‍ കുടഞ്ഞു തെറിപ്പിക്കണം. ഇത്തരം ആശ്രിതരീതികള്‍ ഏറ്റവും ഗര്‍ഹണീയമത്രെ. കാരണം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അത് പ്രതിബന്ധം സൃഷ്ടിക്കും. പരിഷ്‌കരണവും മാനസിക-ധൈഷണിക വിമോചനവും തടസ്സപ്പെടുത്തും. അതേസമയം മുസ്‌ലിംകളെ പഴയതോ പുതിയതോ ആയ കീഴാളത്വത്തില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്ന ചില ഭരണകൂടങ്ങളില്‍ വ്യാപകമായി കാണുന്ന കൊളോണിയല്‍ പ്രതികരണത്തെ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നിരാകരിക്കുകയും ചെയ്യുന്നു. അതുപോലെത്തന്നെ 'മുസ്‌ലിം യുവാക്കളെ' വിവേകമെത്താത്ത കുട്ടികളെന്നോണം എന്നെന്നും തങ്ങളുടെ സ്വത്വങ്ങളില്‍ മുഴുകിക്കഴിയാന്‍ സഹായിക്കുന്ന 'പിതൃമേധാവിത്വ'ത്തോടും എന്റെ സമീപനം ഇത് തന്നെ.''
കള്‍ച്ചറല്‍ ബദല്‍
പുസ്തകത്തില്‍ 'സാംസ്‌കാരിക ബദല്‍' (The Cultural Alternative) എന്ന ശീര്‍ഷകത്തില്‍ പ്രത്യേകമൊരു അധ്യായം തന്നെയുണ്ട്. ഇസ്‌ലാം ഒരു സംസ്‌കാരമല്ലെന്ന് ഊന്നിപ്പറയാനാണു ഈ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ കാതല്‍ അതിന്റെ മതാത്മകതയാണു റമദാന്റെ വീക്ഷണത്തില്‍. ഇസ്‌ലാമിനെ കുറിച്ചു നാം സംസാരിക്കുമ്പോള്‍ അതിന്റെ വിശ്വാസപ്രമാണങ്ങള്‍, ആത്മീയത, ധാര്‍മികസംഹിത എന്നിവയെ കുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. ഇസ്‌ലാം ഒരു നാഗരികതയുമാണ്. എങ്കിലും അതില്‍ ഐക്യവും വൈവിധ്യവും പുലരുന്നുണ്ട്. എന്നാല്‍ പാശ്ചാത്യ മുസ്‌ലിംകളുടെ സംസ്‌കാരം എന്തായിരിക്കണം? 'പടിഞ്ഞാറുള്ള മുസ്‌ലിംകള്‍' (Muslims in the West) എന്ന് ഗ്രന്ഥകാരന്‍ പ്രയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 'പാശ്ചാത്യ മുസ്‌ലിംകള്‍ (Western Muslims) എന്ന റമദാന്റെ പ്രയോഗം തന്നെ ബോധപൂര്‍വമാണ്. അവര്‍ക്ക് സവിശേഷമായൊരു സംസ്‌കാരമുണ്ടെന്ന യാഥാര്‍ഥ്യത്തെ ഉറപ്പിക്കാനുള്ള മുന്നോടിയാണിത്; അവരുടെ ദേശീയ പാരമ്പര്യങ്ങള്‍ക്കനുസൃതമായ, അതില്‍ നിന്നു ഉരുത്തിരിഞ്ഞുവന്ന ഒരു സംസ്‌കാരം. എന്തുകൊണ്ടെന്നാല്‍ ഒരു തുര്‍ക്കിമുസ്‌ലിമിന്റെയോ പാകിസ്താനിമുസ്‌ലിമിന്റെയോ സംസ്‌കാരം ഒരു അറബി മുസ്‌ലിമിന്റെ സംസ്‌കാരത്തില്‍നിന്ന് ഭിന്നമായിരിക്കും. അറബ് മഗ്‌രിബ് (പശ്ചിമ) മേഖലയില്‍ നിന്ന് വരുന്ന മുസ്‌ലിമിന്റെ സംസ്‌കാരം അറബ് മശ്‌രിഖ് (പൗരസ്ത്യ) മേഖലയില്‍ നിന്നുള്ള മുസ്‌ലിമിന്റേതില്‍നിന്ന് വ്യത്യസ്തമായിരിക്കും. പടിഞ്ഞാറ് തന്നെ ജീവിക്കുന്ന മുസ്‌ലിം കമ്യൂണിറ്റികളില്‍ തന്നെ പ്രകടമായി കാണാവുന്ന വസ്തുതയാണിതെന്ന് റമദാന്‍ ചൂണ്ടിക്കാണിക്കുന്നു. റമദാന്‍ ഇവിടെ സൂചിപ്പിക്കുന്ന മറ്റൊരു സെന്‍സിറ്റീവായ പോയിന്റ് ഇസ്‌ലാം ആശ്ലേഷിക്കുന്ന പാശ്ചാത്യര്‍ അറബ് മുസ്‌ലിംകളോ പാകിസ്താനി മുസ്‌ലിംകളോ എന്ന ഒരു ചോയ്‌സില്‍ പെട്ടുപോകുന്നു എന്നതാണ്. ഇസ്‌ലാമും പാരമ്പര്യസംസ്‌കാരവും തമ്മില്‍ വ്യക്തമായ വേര്‍തിരിവുണ്ടെന്ന് ഖണ്ഡിതഭാഷയില്‍ ഊന്നിപ്പറയാന്‍ റമദാന് മടിയില്ല. ഇസ്‌ലാം പടിഞ്ഞാറ് കടന്നുപോയിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനഘട്ടത്തിന്റെ ദിശയെ നിര്‍ണയിക്കുന്നത് ഈ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ബോധമാണെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. പാശ്ചാത്യ മുസ്‌ലിംകളിലെ പുതിയ തലമുറയില്‍ ഇത് സ്വത്വപ്രതിസന്ധി സൃഷ്ടിക്കുന്നതായി റമദാന്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹം സ്വയം പേരിട്ട് വിളിക്കുന്ന ഒരു യൂറോപ്യന്‍ ഇസ്‌ലാമികസംസ്‌കാരം അല്ലെങ്കില്‍ ഒരു അമേരിക്കന്‍ ഇസ്‌ലാമികസംസ്‌കാരം ഉരുവപ്പെടുക എന്നതാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ ഇതിനുള്ള പരിഹാരം. പാശ്ചാത്യ രാജ്യങ്ങളിലെ ചരിത്രവും പാരമ്പര്യങ്ങളും അഭിരുചികളും ജീവിത ശൈലികളുമായി ചേര്‍ന്ന് നിന്നു കൊണ്ട് തന്നെ സാര്‍വലൗകികകമായ സ്വന്തം വിശ്വാസ പ്രമാണങ്ങളില്‍ നിലനില്‍ക്കാന്‍ പ്രസ്തുത സംസ്‌കാരത്തിനു സാധിക്കേണ്ടതുണ്ട്.
റമദാന്റെ അഭിപ്രായത്തില്‍ ഈ ആശയത്തിന്റെ മൂര്‍ത്തീകരണം ഫലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും അത് സങ്കീര്‍ണതയുടെ തടവിലാണ്. സര്‍ഗാത്മക ചൈതന്യവും സ്വയം വിമര്‍ശന സന്നദ്ധതയും തുറന്ന മനസ്സും ആവശ്യമുള്ള ഒരു വിശകലനമേഖലയാണിത്. പ്രമാണങ്ങളിലൂടെ സമ്പുഷ്ടീകരിക്കേണ്ട ഒരു നവബോധം ഇതിനായി സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. പാശ്ചാത്യ മുസ്‌ലിംകളില്‍ സര്‍ഗചൈതന്യവും വിമര്‍ശബുദ്ധിയും ത്വരിപ്പിക്കുന്നതിലാണ് റമദാന്‍ ശക്തമായി ഊന്നുന്നത്. പഴമയുടെയും പുതുമയുടെയും അനുകരണത്തിന്റെ തടവില്‍നിന്ന് അപ്പോള്‍ മാത്രമേ അവരെ മോചിപ്പിക്കാന്‍ സാധ്യമാകൂ.
ചോദ്യങ്ങള്‍
ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന മതപരമായ വിശ്വാസസംസ്‌കാരവും നിരന്തരനവീകരണത്തിന്റെയും സാപേക്ഷസത്യത്തിന്റെയും അതിന്റെ ബഹുത്വത്തിന്റെയും അടിത്തറയില്‍ നില്‍ക്കുന്ന മതേതര സമൂഹത്തിന്റെ സംസ്‌കാരവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ഇവിടെ ഒരു സമസ്യയായി വരുന്നു. ഇസ്‌ലാമിനെ പടിഞ്ഞാറിന്റെയും ഉദാരമായ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെയും എതിര്‍ ധ്രുവമായി വായിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പാശ്ചാത്യ മുസ്‌ലിംകള്‍ പുതിയൊരു സ്വത്വരൂപവത്കരണം നടത്തണമെന്ന റമദാന്റെ ആഹ്വാനം നിരവധി ഗവേഷണചിന്ത(ഇജ്തിഹാദ്)കളുടെ വാതില്‍ തുറക്കുന്നതാണ്.
പടിഞ്ഞാറിനും (വിശിഷ്യാ അമേരിക്കന്‍ പടിഞ്ഞാറ്) ഇസ്‌ലാമിനും (വിശിഷ്യാ പൊരുതുന്ന ഇസ്‌ലാം) ഇടയില്‍ നിലനില്‍ക്കുന്ന സമകാലിക രാഷ്ട്രീയാവസ്ഥ താരിഖ് റമദാന്റെ ചിന്തകളുടെ പശ്ചാത്തലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളിലൊന്നാണെന്നതും ഇവിടെ കാണാതിരുന്നു കൂടാ. സാമാന്യ വായനക്കാരനെ അത് വിഭ്രാമകാവസ്ഥയില്‍ തള്ളിയിടാം. മാനവികവും ബൗദ്ധികവുമായ ഒരു പുറംകവാടം തേടുന്നതിനുള്ള അകന്മഷമായ പരിശ്രമങ്ങളില്‍ നിലനില്‍ക്കുന്ന ഈ അനുഭവ യാഥാര്‍ഥ്യം ഭീതിദമായ നിഴല്‍ വീഴ്ത്തുന്നുണ്ട്. ഈ സംഭ്രാന്തിയെ സാധൂകരിക്കുന്നതാണ് ഗ്രന്ഥകാരന്‍ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന ദാരുണാനുഭവങ്ങള്‍. ഇന്ത്യാനാ യൂനിവേഴ്‌സിറ്റിയുടെ ക്ഷണപ്രകാരം യാത്രതിരിച്ച താരിഖ് റമദാന് അമേരിക്കന്‍ കുടിയേറ്റവകുപ്പ് വിസ നിഷേധിച്ച സംഭവം ഇംപാക്റ്റ് (ലണ്ടന്‍) പത്രാധിപര്‍ ഹാശിര്‍ ഫാറൂഖി കളിയാക്കിയപോലെ ഒരു യൂറോപ്യന്‍ മുസ്‌ലിമാകുന്നതിന്റെ (റമദാന്റെ ഗ്രന്ഥം: To be a European Muslim) പെടാപാടുകളാണു അനാവരണം ചെയ്യുന്നത്; അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ നിയമപോരാട്ടത്തിലൂടെ പിന്നീട് വിസാവിലക്ക് എടുത്ത് കളയുകയുണ്ടായെങ്കിലും മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും പരിഷ്‌കരണത്തെകുറിച്ചു അമേരിക്കയില്‍ ഉയര്‍ന്ന മുറവിളികളുമായി പ്രത്യക്ഷത്തില്‍ ഏറെക്കുറെ സമാനത പുലര്‍ത്തുന്നതാണു റമദാന്റെ ചിന്തകള്‍. എന്നിട്ടും ഇതാണവസ്ഥ.
ഇസ്‌ലാമിക ഫിഖ്ഹി(Islamic Jurisprudence)ന്റെ സാങ്കേതിക പദാവലികള്‍ ഉപയോഗിച്ചുള്ള താരിഖ് റമദാന്റെ ആശയസമര്‍ഥനങ്ങള്‍ സലഫി ചിന്താധാരകളെ, ഒട്ടൊക്കെ അറബ് ദേശീയധാരയെയും പ്രകോപിപ്പിക്കുന്നതാണ്. പരമ്പരാഗത ഇസ്‌ലാമികസങ്കല്‍പത്തിനകത്ത് നടക്കുന്ന ആശയവിപ്ലവമായും അത് വിലയിരുത്തപ്പെടാം. എന്നാല്‍ ഈ വിപ്ലവാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന റ്റു ബി എ യൂറോപ്യന്‍ മുസ്‌ലിം, ഇസ്‌ലാം ദി വെസ്റ്റ് ആന്റ് ദി ചലഞ്ചസ് ഓഫ് മോഡേര്‍ണിറ്റി എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഇപ്പോള്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അസി. അമീറായ പ്രഫ. ഖുര്‍ശിദ് അഹ്മദും ഒരു സംഘം ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവികളും സ്ഥാപിച്ച ലണ്ടനിലെ ''ദി ഇസ്‌ലാമിക് ഫൗണ്ടേഷന്‍'' ആണെന്നത് ശ്രദ്ധേയമാണ്. രണ്ടാമത് പരാമര്‍ശിച്ച പുസ്തകം 2002ല്‍ ഫ്രഞ്ചിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. യൂറോപ്യന്‍ മതരംഗത്ത് ഇസ്‌ലാമിനെ ജൈവിക ഘടകമായി മാറ്റാന്‍ സഹായകമായ കൃതി എന്നായിരുന്നു പുസ്തകത്തെ സംബന്ധിച്ച ടൈംസ് പത്രത്തിന്റെ കമന്റ്. ഫ്രാന്‍സില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണിത്.
[email protected]
(തുടരും)
Comments