ഉമ്മ പകരം വെക്കാനാകാത്ത വാക്ക്
നിങ്ങളുടെ പേരിന് മുമ്പിലായി ഏത് വിശേഷണം നല്‍കപ്പെടാനാണ് നിങ്ങളാഗ്രഹിക്കുന്നത്. ഡോക്ടര്‍, എഞ്ചിനീയര്‍, അഡ്വക്കേറ്റ്..... അതോ ജനറല്‍, ക്യാപ്റ്റന്‍? ഇവയിലേത് വിളിപ്പേരാണ് നിങ്ങള്‍ക്ക് സുഖം തരുന്നത്? നിങ്ങളുടെ ആ സ്വപ്‌നത്തില്‍, അല്ലെങ്കില്‍ സ്വപ്ന സാക്ഷാത്ക്കാരത്തിനിടയില്‍ സുഖകരമായ മറ്റൊരു വിളി ഒരു പക്ഷേ നിങ്ങള്‍ മറന്നിരിക്കും. 'മോനേ', 'കുഞ്ഞുമോനെ' എന്നുള്ള നിങ്ങളുടെ ഉമ്മയുടെ സ്‌നേഹപൂര്‍ണമായ വിളി. ശരിയാണ്! ആ വിളിയും ലാളനയും ദിനം തോറും നാം മറക്കുക തന്നെയാണ്.
കരുണാമയനാണ് ദൈവം. അവന്‍ പരിചയപ്പെടുത്തുന്നതനുസരിച്ച് 'റഹ്മാനും' 'റഹീമു'മാണ്. എന്നാല്‍ ഈ റഹ്മത്തിന്റെ വിശദീകരണം നാം മനുഷ്യര്‍ അറിഞ്ഞതെങ്ങനെയാണ്? സ്വന്തം കാരുണ്യത്തെ നൂറായി വിഭജിച്ച് അതിലൊന്ന് മാത്രം ഭൂമിയിലേക്കിട്ടു എന്നാണ് ദൈവിക ഭാഷ്യം. അതിന്റെ വിശദീകരണം അറിയാന്‍ ഇതാ ഒരു പ്രവാചക സാക്ഷ്യം.
സ്വഹാബികളോടൊപ്പം സഞ്ചരിക്കുന്ന പ്രവാചകന്റെ ശ്രദ്ധയില്‍ അതാ ഒരു സ്ത്രീ. പൊരിവെയിലില്‍ വേഗതയോടെ മുന്നോട്ട് നീങ്ങുന്ന ആ സ്ത്രീയുടെ മാറോട് ചേര്‍ന്ന് ഒരു കുഞ്ഞ്. സൂര്യപ്രകാശം ആ കുഞ്ഞിന്റെ ദേഹത്തേല്‍ക്കാതിരിക്കാന്‍ തന്റെ വസ്ത്രം കൊണ്ട് ആ കുഞ്ഞിന്റെ ശരീരമാസകലം പൊതിഞ്ഞിരിക്കുന്നു ആ മാതാവ്. ഒരു നിമിഷം ആ രംഗം വീക്ഷിച്ച് തന്റെ അനുചരരോട് പ്രവാചകന്‍ അരുളി. ''കൂട്ടരേ, ഈ മാതാവ് സ്വന്തം കുഞ്ഞിനെ തീയിലെറിയുമെന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടോ?'' ''ഇല്ല, പ്രവാചകരേ'' എന്ന് സ്വഹാബികള്‍. ''എങ്കില്‍ ഈ ഉമ്മക്ക് മകനോടുള്ള കാരുണ്യത്തേക്കാള്‍ ദൈവം നിങ്ങളോട് അടുത്തവനാണ്'' എന്ന് പ്രവാചകന്റെ മറുപടി.
ദൈവിക കാരുണ്യത്തിന്റെ അളവ് വിശദീകരിക്കുന്ന പ്രഭാഷണങ്ങളില്‍ മാന്യവായനക്കാര്‍ ഈ സംഭവം ഒരുപക്ഷേ ശ്രദ്ധിച്ചേക്കാം. എന്നാല്‍ ഈ സംഭവത്തിന്റെ വിശദീകരണത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പോയിന്റിലേക്കാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. നോക്കൂ കൂട്ടരെ! ദൈവിക കാരുണ്യത്തിന് ഉദാഹരണമായി പ്രവാചകന്‍ ഉപമയാക്കിയതെന്താണ്? മാതൃസ്‌നേഹം! ദൈവസ്‌നേഹത്തോട് ഉപമിക്കപ്പെടാന്‍ ഏറ്റവും അര്‍ഹത നിങ്ങളുടെ മാതാവിന്റെ സ്‌നേഹത്തിന് മാത്രമേയുള്ളൂ എന്നല്ലേ അതിന് അര്‍ഥം. കാണാത്ത ദൈവത്തിന്റെ സ്‌നേഹവും വാത്സല്യവും നിങ്ങളിലേക്കൊഴുക്കുന്ന കണ്‍കണ്ട മാതാവിന്റെ മഹത്വം നിങ്ങളൊന്നാലോചിച്ച് നോക്കൂ.
ഉമ്മയെ നിങ്ങളിലേക്കൊന്നു ചേര്‍ത്തു പിടിക്കൂ, കൂട്ടരെ! കവിള്‍ തടത്തിലും നെറ്റിയിലും അവര്‍ക്ക് ചുടുചുംബനം നല്‍കൂ..... നിഷ്‌കളങ്കമാണ് നിങ്ങളുടെ സ്‌നേഹമെങ്കില്‍ മനസ്സില്‍, ഹൃദയത്തില്‍, ചിന്തയില്‍ ഒരു വൈദ്യുതി തരംഗ പ്രവാഹം നിങ്ങള്‍ക്ക് അനുഭവപ്പെടും. തീര്‍ച്ച. സൂര്യനും ചന്ദ്രനും പുഴകളും മലയോരങ്ങളും ദൈവിക കാരുണ്യത്തിന്റെ നിശ്ചലാവിഷ്‌കാരമെങ്കില്‍ നിന്നോട് സംസാരിക്കുന്ന, നിനക്കായി ജീവിക്കുന്ന, നിനക്കായി തുടിക്കുന്ന ദൈവ സ്‌നേഹത്തിന്റെ പ്രതിരൂപമാണ് നിന്റെ മാതാവ്.
പുരുഷന്മാരേ, നിങ്ങളില്‍ ആര്‍ക്കു സാധിക്കും നിങ്ങളുടെ രക്തത്തില്‍ നിന്ന്, പോഷകത്തില്‍ നിന്ന്, ഉദരത്തില്‍ നിന്ന് നിങ്ങളുടെ മകന് ജീവന്‍ നല്‍കാന്‍? നിങ്ങളുടെ പെങ്ങളോ ഭാര്യയോ ഉമ്മയോ മകളോ ഈ പ്രക്രിയക്ക് തയാറാക്കപ്പെട്ടതില്‍ ഒരു അത്ഭുതവും നിങ്ങള്‍ക്കില്ലെന്നോ! വേദന കടിച്ചമര്‍ത്തി കഷ്ടത പേറി ഗര്‍ഭം ധരിച്ച് സമാനതകളില്ലാത്ത ദുഃഖം പേറി പേറ്റുനോവ് തിന്ന് ജന്മം കൊടുത്ത മക്കളെ മാതാവ് ചുംബിക്കുന്നത് പോലെ ഒരു പിതാവിന് ചുംബിക്കാന്‍ പറ്റില്ല. കാലില്‍ തറക്കുന്ന മുള്ളു പോലും നിങ്ങളുടെ തെറ്റ് കുറ്റങ്ങള്‍ പൊറുത്ത് തരാന്‍ കാരണമാകും എന്ന് പഠിപ്പിച്ച പ്രവാചക വചനത്തിനടിസ്ഥാനത്തില്‍ ഒരു മാതാവനുഭവിച്ച വേദനകളും കഷ്ടതകളും അവളുടെ സാഗര സമാനമായ തെറ്റുകള്‍ വരെ പൊറുത്തു കളയില്ലേ...........!
ദീര്‍ഘമായി നമസ്‌കരിക്കാന്‍ കരുതിയിറങ്ങിയ പ്രവാചകന്‍ നമസ്‌കാരം നന്നേ ചുരുക്കിയത് ആര്‍ക്ക് വേണ്ടിയായിരുന്നു? ഒരു മാതാവിന് വേണ്ടി. നമസ്‌കാരത്തില്‍ പിന്‍ സ്വഫുകളിലൊന്നില്‍ നിന്ന് പിഞ്ചുപൈതലിന്റെ കരച്ചില്‍ കേള്‍ക്കുന്ന മാത്രയില്‍ ധൃതിപ്പെട്ട് നമസ്‌കാരം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവാചക മനസ്സില്‍ മാതൃത്വത്തിനുള്ള പരിഗണന എത്ര മഹത്തരം!
ദൈവത്തിങ്കല്‍ വിലയേറിയവളാണ് മാതാവ്. അവളെ ആരും തന്നെ പരിഗണിച്ചില്ലെങ്കിലും, 'രാത്രി നീളെ നമസ്‌കരിക്കുന്നതിന്റെയും, പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നതിന്റെയും കൂലിയും അവള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു' വെന്ന് പ്രവാചകന്‍ അറിയിച്ചു. കുട്ടിയെ ഗര്‍ഭം ധരിച്ചതിന്, അവരുടെ കരച്ചിലിന് ശമനം നല്‍കാന്‍ ശ്രമിച്ചതിന്, രാപ്പകല്‍ ഭേദമന്യേ അവരെ മുലയൂട്ടിയതിന്, അര്‍ധ രാത്രിയില്‍ കുഞ്ഞിനോടൊപ്പം ഉണര്‍ന്നതിന്, ഇവക്കെല്ലാം എന്ത് പ്രതിഫലം കിട്ടിയാലാണ് കൂടുതലാവുക! അതെ ഉമ്മാ........ നീ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിച്ചവളെപ്പോലെയാണ്. കാലം മുഴുക്കെ നോമ്പെടുത്തവളെപ്പോലെയും.
മക്കളുടെ എണ്ണവും അവരെ വളര്‍ത്തിയെടുത്ത കാലവും കഷ്ടപ്പാടും കണക്കിലെടുക്കുമ്പോള്‍ ഈ ഉമ്മ എത്ര നോമ്പെടുത്തതും നമസ്‌കരിച്ചതുമായ പ്രതിഫലം വാരിക്കൂട്ടിയിരിക്കും!
ഒന്നാം സ്ഥാനം ഉമ്മക്ക്, രണ്ടാം സ്ഥാനവും അവള്‍ക്ക് തന്നെ, ഇല്ല........... അവളോളം വരില്ല മൂന്നാം സ്ഥാനത്തിനും അര്‍ഹര്‍. ഏ, പിതാവേ...... നിനക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ മാത്രം. മാതാവിന് പിതാവിനെക്കാള്‍ സ്ഥാനം നല്‍കപ്പെട്ടതിന്‍ മേല്‍ പറഞ്ഞതില്‍പരം തെളിവെന്തിന്? ജീവാംശം മാതൃ ഉദരത്തില്‍ നിക്ഷേപിക്കുന്നതൊഴിച്ചാല്‍ പിതാവിന് എന്ത് റോളാണ് ഒരു കുഞ്ഞിന്റെ ജനനത്തിലുള്ളത്? അതെ, ഉമ്മ.......... അതിന് ശേഷം നീയാണ് എല്ലാം സഹിച്ചത്! ദൈവിക നടപടി ക്രമത്തിന് വിധേയമായി ഈ ലോകം നിലനിര്‍ത്തപ്പെടുന്നത് നിന്നിലൂടെയാണ്.
ചിലരെങ്കിലും ചോദിച്ചേക്കാം. ദൈവം ഈ പ്രകൃതി സ്ത്രീയില്‍ നിറച്ചുവെച്ചത് എന്തിനെന്ന്. അവരോടായി ചിലത്. ഈ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്ല, ഈ വാത്സല്യമില്ലെങ്കില്‍ നമ്മളുമില്ല. സങ്കല്‍പ്പിച്ചു നോക്കൂ! ജനിച്ചയുടനെ ഉമ്മ നഷ്ടപ്പെട്ട കുട്ടിയുടെ ഗതി! അവന്റെ/ അവളുടെ ബാല്യം. അവര്‍ക്ക് ലഭിക്കുന്ന സ്‌നേഹം. വയര്‍ നിറക്കാന്‍ പിതാവ് ഭക്ഷണം നല്‍കുമായിരിക്കാം. എന്നാല്‍, പിതാവിന് പകരം വേറൊരാള്‍ക്കും ഭക്ഷണം നല്‍കാനും വസ്ത്രം വാങ്ങിക്കൊടുക്കാനും കഴിഞ്ഞേക്കാം. മാതാവിന്റെ കാര്യമോ. അവള്‍ക്ക് പകരം, അവളുടെ സ്‌നേഹത്തിന് പകരം, മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല.
ഹേ, പ്രയപ്പെട്ട ഉമ്മ...... നിന്നിലൂടെയല്ലാതെ ഈ ലോകത്ത് സ്‌നേഹമില്ല. നിന്നോളം ഒരു കുഞ്ഞിന്റെ വേദന മനസ്സിലാക്കാന്‍ ആര്‍ക്കുമാകില്ല. കുഞ്ഞുമേനിയില്‍, പിഞ്ചു കൈകളില്‍, നിര്‍മല ശരീരത്തില്‍ മുത്തം വെക്കാന്‍, ചുംബനം പകരാന്‍ നിന്നോളം അര്‍ഹത ഈ ലോകത്ത് ആര്‍ക്കുമില്ല.
നീ ദൈവത്തിന് മാത്രമറിയാവുന്ന രഹസ്യമാണ്. ഹേ, മാതാവേ, നീ നിന്റെ മാതാവിന്റെ ഉദരത്തിലായിരുന്നപ്പോള്‍ പോലും ഈ സ്‌നേഹം നിന്നില്‍ നിറക്കപ്പെട്ടിട്ടുണ്ടാകും. നിന്റെ ഉമ്മയില്‍ നിന്ന് നിനക്ക് ലഭിച്ചത് നീ ഈ ലോകത്തിന് കൈമാറുന്നതായിരിക്കാം.!! ഞങ്ങള്‍ക്കറിയില്ല.. നിന്റെ സ്‌നേഹം എന്ന അപൂര്‍വ്വ രഹസ്യത്തെക്കുറിച്ച്!
എന്നിട്ടും....... എന്നിട്ടും..... നിനക്കിടം നല്‍കാത്ത, നിനക്ക് തണലേകാത്ത, നിന്നോട് ദുഷ്ടത കാട്ടുന്ന, നിന്റെ മരണം കൊതിക്കുന്ന മക്കള്‍ക്കാണല്ലോ നീ ജന്മം കൊടുത്തത്.
വിവ: നഹാസ് മാള
[email protected]
Comments