Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 31

നിയമങ്ങളുടെ ലഘൂകരണം

മൗലാനാ മൗദൂദി

നമ്മുടെ കാലത്തെ സാമ്പത്തിക നിയമങ്ങളുടെ പുനഃക്രമീകരണം-4
നിമയങ്ങള്‍ കഠിനതരമായി അനുഭവപ്പെടുമ്പോള്‍ അവ ലഘൂകരിക്കാന്‍  ഇസ്‌ലാമില്‍ ധാരാളം വഴികളുണ്ട്. ആവശ്യവും സന്ദര്‍ഭവും നോക്കി ആ ലഘൂകരണങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇസ്‌ലാമിക ഫിഖ്ഹിലെ ഒരു തത്ത്വം ഇങ്ങനെയാണ്: നിവൃത്തിയില്ല എന്ന് വരികയാണെങ്കില്‍ നിയമവിരുദ്ധമായതും ചിലപ്പോള്‍ നിയമാനുസൃതമാകും. ശരീഅത്ത് നിയമം പാലിക്കല്‍ അതീവ ദുസ്സഹമായ സാഹചര്യത്തില്‍ അതിന്റെ രൂക്ഷതക്ക് ലഘൂകരണം വരുത്താവുന്നതാണ്.
ഈ തത്ത്വത്തിലേക്ക് സൂചന നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങളും പ്രവാചക മൊഴികളും നമുക്ക് കണ്ടെത്താനാവും.
''അല്ലാഹു ആരെയും കഴിവിന്നതീതമായ ഭാരം വഹിപ്പിക്കുകയില്ല'' (അല്‍ബഖറ 286). ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പം ഉദ്ദേശിക്കുന്നു, ഞെരുക്കം ഉദ്ദേശിക്കുന്നില്ല'' (അല്‍ബഖറ 185). ''മതത്തില്‍ ഒരു ഭാരവും ഉണ്ടാവരുതെന്നാണ് അല്ലാഹു വെച്ചിരിക്കുന്നത്'' (അല്‍ഹജ്ജ് 78).
നബിവചനങ്ങളില്‍ ഇങ്ങനെ വന്നിരിക്കുന്നു:
''അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഋജുവായതും സരള ലളിതവുമായ മതമാണ്.'' ''ഉപദ്രവിക്കുകയോ ഉപദ്രവമേല്‍ക്കുകയോ അരുത്.''
ചട്ടവും നിയമവും പാലിക്കല്‍ അതീവ ദുഷ്‌കരമാവുന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കുക എന്നത് ഇസ്‌ലാമിലെ ഒരു അംഗീകൃത തത്ത്വമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാവുന്നു. കൃത്രിമവും സാങ്കല്‍പികവുമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഇളവ് തരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഇളവ് അനുവദിക്കാന്‍ ചില വ്യവസ്ഥകളുണ്ട്. അവ എന്തൊക്കെയെന്ന് എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതേയുള്ളൂ.
ഒന്ന്, പ്രയാസത്തിന്റെ അളവ് എത്രയെന്ന് ശരിക്കും ഉറപ്പ് വരുത്തിയിരിക്കണം. സാധാരണയുണ്ടാകുന്ന ഏത് പ്രയാസത്തിനും ഇളവ് ചോദിക്കാന്‍ നിന്നാല്‍ ശരീഅത്ത് നിയമസംഹിത തന്നെ ഇല്ലാതായിപ്പോവും. ശൈത്യകാലത്ത് വുദൂ എടുക്കുന്നത്, ഉഷ്ണകാലത്ത് നോമ്പെടുക്കുന്നത്, ഹജ്ജിനും ജിഹാദിനും പോകുന്നത് ഇതിലൊക്കെ പ്രയാസങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, നമ്മള്‍ പറഞ്ഞ ഇളവുകള്‍ ലഭിക്കുന്ന പ്രയാസങ്ങളല്ല ഇതൊന്നും തന്നെ. ശരീരത്തിന് ഹാനികരമായിത്തീരുന്ന പ്രയാസങ്ങളാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് പ്രയാസകരമായ യാത്ര, രോഗം, ഏതെങ്കിലും ഏകാധിപതിയുടെ പീഡനം, പട്ടിണി, അപ്രതീക്ഷിതമായ അത്യാഹിതങ്ങള്‍, ശാരീരിക വൈകല്യം, ആഭ്യന്തര യുദ്ധം ഇത്യാദി കാര്യങ്ങളാണ് അതില്‍ വരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലും ഇതിന് സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും ഇളവുകള്‍ എടുക്കാം എന്നാണ് ശരീഅത്തിന്റെ നിര്‍ദേശം.
രണ്ട്, പ്രയാസത്തിന്റെയും നിര്‍ബന്ധിതാവസ്ഥയുടെയും തരം നോക്കിയാണ് എത്രത്തോളം ഇളവാകാം എന്ന് നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ഒരു രോഗിക്ക് ഇരുന്ന് നമസ്‌കരിക്കുന്നതിന് പ്രയാസമില്ല എന്ന് വെക്കുക. എങ്കില്‍ അയാള്‍ കിടന്ന് നമസ്‌കരിക്കുന്നത് അനുവദിക്കാനാവുകയില്ല. റമദാനില്‍ രോഗിയായ ഒരാള്‍ക്ക് ആ രോഗാവസ്ഥ തരണം ചെയ്യാന്‍ പത്ത് ദിവസമേ വേണ്ടി വന്നുള്ളൂ. അയാള്‍ക്ക് ആ പത്ത് ദിവസം നോമ്പൊഴിവാക്കാം എന്നല്ലാതെ റമദാന്‍ മുഴുവന്‍ നോമ്പൊഴിവാക്കുന്നത് അനുവദിക്കപ്പെടുകയില്ല. ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഒരു കപ്പ് മദ്യമോ ഹറാമായ ഭക്ഷണമോ മാത്രമാണ് കൈവശമുള്ളതെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ളത് കഴിക്കാം. അതിലപ്പുറം പാടില്ല. അതുപോലെ, ഡോക്ടര്‍ക്ക് ചിലപ്പോള്‍ രോഗികളുടെ രഹസ്യ ഭാഗങ്ങള്‍ കാണേണ്ടിവന്നേക്കാം. അവിടെയും എത്രയാണോ കാണേണ്ടത് അത്രമാത്രമേ കാണാവൂ. ഇതില്‍ നിന്നെല്ലാം പ്രയാസത്തിന്റെയും ആവശ്യത്തിന്റെയും തോതനുസരിച്ച് മാത്രമാണ് അനുവാദവും ഇളവും എന്ന് കണ്ടെത്താന്‍ കഴിയും.
മൂന്ന്, ഒരു ഉപദ്രവം ഒഴിവാക്കാന്‍ വേണ്ടി അതിന് തത്തുല്യമോ അതിനേക്കാള്‍ വലിയതോ ആയ മറ്റൊരു ഉപദ്രവം പകരം വലിച്ചുകൊണ്ടുവരാന്‍ പാടില്ല. താരതമ്യേന ഉപദ്രവം കുറഞ്ഞ സംഗതിയാവണം പകരമായി സ്വീകരിക്കേണ്ടത്. ഒരു നാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അതിനേക്കാള്‍ വലിയ നാശത്തില്‍ ചെന്ന് ചാടാനും പാടില്ല. രണ്ട് തിന്മകള്‍ക്കിടയില്‍ പെട്ടുപോവുകയും ഏതെങ്കിലുമൊന്ന് സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലാതെ വരികയും ചെയ്താല്‍ അതില്‍ താരതമ്യേന അപകടം കുറഞ്ഞ തിന്മയെ സ്വീകരിക്കുകയും അപകടം കൂടിയതിനെ ഒഴിവാക്കുകയുമാണ് വേണ്ടത്.
നാല്, പ്രയോജനകരമായത് ചെയ്യുന്നതിന് (ജല്‍ബുല്‍ മസ്വാലിഹ്) അല്ല, തിന്മകളെ തടുക്കുന്നതിന് (ദഫ്ഉല്‍ മഫാസിദ്) ആണ് മുന്‍ഗണന. ഒരാള്‍ അയാള്‍ക്ക് നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനല്ല, തിന്മ ചെയ്യുന്നതിനും ഹറാമാക്കപ്പെട്ടതില്‍ നിന്ന് രക്ഷ നേടുന്നതിനും അരാജകത്വത്തെ തടുത്ത് നിര്‍ത്തുന്നതിനുമാണ് ഇസ്‌ലാമിക ശരീഅത്തില്‍ മുന്‍ഗണന ലഭിക്കുക. അതുകൊണ്ടാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അനുഷ്ഠാന കര്‍മങ്ങളില്‍ ലഭിക്കുന്ന സമൃദ്ധമായ ഇളവ് വിലക്കപ്പെട്ട കാര്യങ്ങളില്‍ അനുവദിക്കാത്തത്. യാത്രയിലും രോഗാവസ്ഥയിലും നോമ്പ്, നമസ്‌കാരം പോലുള്ള അനുഷ്ഠാനങ്ങള്‍ക്ക് ലഭിക്കുന്ന ഉദാരമായ ഇളവ് ഹറാമും അവിശുദ്ധവുമായ ഭക്ഷണം തിന്നുന്ന കാര്യത്തില്‍ ഒരിക്കലും ലഭിക്കുന്നില്ലല്ലോ.
അഞ്ച്, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എപ്പോള്‍ നീങ്ങുന്നുവോ അപ്പോള്‍ ഇളവുകളും ഇല്ലാതാവും. രോഗം ഭേദമായാല്‍ പിന്നെ തയമ്മും പാടില്ല.

ഇളവുണ്ടോ, പലിശകാര്യത്തില്‍?
മേല്‍കൊടുത്ത തത്ത്വങ്ങള്‍ മനസ്സിലാക്കിയ ശേഷം പലിശയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കാവുന്ന നിര്‍ബന്ധിതാവസ്ഥകള്‍ ശരീഅത്ത് പരിഗണിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ചില കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കണം.
1. പലിശ ഈടാക്കുന്നതും കൊടുക്കുന്നതും ഒരേ ഇനത്തില്‍ പെടുത്താനാവുകയില്ല. ഒരാള്‍ക്ക് പലിശക്ക് കടമെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നുപെട്ടേക്കാം. അതേസമയം പലിശ ഈടാക്കുന്നതിന് അങ്ങനെ യാതൊരു നിര്‍ബന്ധിതാവസ്ഥകളും ഇല്ലല്ലോ. പണക്കാരനാണ് പലിശക്ക് കടം കൊടുക്കുന്നത്. ശരീഅത്ത് വിരുദ്ധമായ ഈ പ്രവൃത്തി തനിക്ക് ഏതെങ്കിലും തരത്തില്‍ ശരീഅത്ത് വിധേയമാക്കാം എന്ന് ചിന്തിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല.
2. പലിശക്ക് എടുക്കുന്ന എല്ലാ ലോണുകളും വളരെ അനിവാര്യമായ സാഹചര്യത്തില്‍ എടുത്തതാണെന്നും പറയാന്‍ കഴിയില്ല. ആര്‍ഭാടപൂര്‍വമായ കല്യാണങ്ങള്‍ക്കോ കുടുംബത്തിലെ മറ്റു ആഹ്ലാദമുഹൂര്‍ത്തങ്ങള്‍ക്കോ ഒക്കെ ആയിരിക്കും ലോണെടുത്തിരിക്കുക. കാറു വാങ്ങുന്നതും വീട് വെക്കുന്നതുമൊന്നും നിര്‍ബന്ധിതാവസ്ഥയില്‍ പെടുത്താന്‍ പറ്റുകയില്ല.
3. ഇത്തരം ആവശ്യങ്ങള്‍ക്ക് 'അടിയന്തരം' എന്ന വിശേഷണം ചാര്‍ത്തി ബാങ്കില്‍ നിന്നും മറ്റും വന്‍ തുക പലിശക്ക് കടമെടുക്കുന്നവരുണ്ട്. ഇത് ശരീഅത്തിന്റെ ദൃഷ്ടിയില്‍ നീതീകരിക്കപ്പെടാനാവുകയില്ല. ഇത്തരം ദുര്‍ബല ന്യായങ്ങള്‍ നിരത്തി പലിശക്ക് കടമെടുക്കുന്നവര്‍ ഒരു മഹാ തിന്മയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായത് നിയമാനുസൃതമാക്കാന്‍ പോന്ന നിര്‍ബന്ധിതാവസ്ഥകള്‍ ഉണ്ടാവണം. ഉദാഹരണത്തിന്, മാരകമായ ഒരു പ്രകൃതി ദുരന്തമോ ജീവനും അഭിമാനത്തിനും ഭീഷണിയോ അല്ലെങ്കില്‍ ഒരാള്‍ക്ക് താങ്ങാന്‍ പറ്റാത്തത്ര പ്രയാസങ്ങളോ ഒക്കെ. അത്തരം അപൂര്‍വം അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് മറ്റൊരു മാര്‍ഗവും മുമ്പിലില്ലാതിരിക്കെ പലിശക്ക് കടമെടുക്കലിനെ ന്യായീകരിക്കാനാവുക. ഇങ്ങനെയൊരു ദുരന്തം ഒരാള്‍ക്ക് വന്നുപെട്ടിട്ട് അയാളുടെ (ആദര്‍ശ) സഹോദരന്മാര്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നില്ലെങ്കില്‍ അവരും കുറ്റക്കാരായിത്തീരും എന്ന കാര്യവും ഓര്‍ക്കണം. എന്നല്ല സകാത്ത്-സ്വദഖകള്‍ ആസൂത്രിതമായി സമാഹരിച്ചുകൊണ്ട് പാവങ്ങളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാന്‍ മുസ്‌ലിം സമൂഹം മുന്നോട്ട് വരാതിരിക്കുകയും അശരണര്‍ ഗതിയില്ലാതെ വട്ടിപ്പലിശക്കാരുടെ നേരെ കൈനീട്ടുകയുമാണെങ്കില്‍ ആ സമൂഹത്തിന് മേല്‍ ദൈവകോപം പതിക്കാതിരിക്കില്ല. ഭരണകൂടത്തെ നയിക്കുന്നത് മുസ്‌ലിംകളാണെങ്കില്‍ ആ ഭരണകൂടത്തിനും ഈ പാപത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
4. ഒരു നിലക്കും ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യത്തിന് വേറെ വഴിയൊന്നും ഇല്ലാത്ത അവസ്ഥയില്‍ മാത്രമാണ് പലിശയുടെ കാര്യത്തില്‍ ഇളവ് പ്രതീക്ഷിക്കാവുന്നത്. എത്രയും പെട്ടെന്ന് പണം തിരിച്ചുകൊടുത്ത് ആ ഇടപാട് അവസാനിപ്പിക്കാനും നോക്കണം. അടിയന്തര ഘട്ടം പിന്നിട്ട ശേഷം ഒരു പൈസ പലിശയായി കൊടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഓര്‍ക്കണം. ഒഴിവാക്കാനാവാത്ത അടിയന്തര ഘട്ടം ഏതാണ്, ആ ഘട്ടം അവസാനിക്കുന്നതെപ്പോഴാണ് ഇതൊക്കെ ഓരോ വ്യക്തിക്കും തന്റെ ഇസ്‌ലാമിക ബോധത്തെയും ദൈവഭയത്തെയും മുന്‍നിര്‍ത്തി സ്വയം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഒരാള്‍ എത്രമാത്രം ദൈവഭക്തനാവുന്നുവോ അതിനനുസരിച്ച് ഇത്തരം ഇടപാടുകളില്‍ അവന്‍ അതീവ സൂക്ഷ്മത കാണിക്കും.
5. വ്യാപാരാവശ്യങ്ങള്‍ക്കോ നാട്ടിലെ സാമ്പത്തികവും മറ്റുമായ അരക്ഷിതാവസ്ഥ കണ്ടോ ബാങ്കില്‍ പണം നിക്ഷേപിക്കുന്നവരുണ്ട്. ചിലര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നു, ചിലര്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രൊവിഡന്റ് ഫണ്ട് പോലുള്ളവയില്‍ പണം നിക്ഷേപിക്കുന്നു. ഇതിലൊക്കെയും താന്‍ നിക്ഷേപിച്ചത് (Principal money) മാത്രമാണ് തന്റെ ധനം. ആ ധനത്തിന് വര്‍ഷം തികയുമ്പോള്‍ രണ്ടര ശതമാനം സകാത്തും നല്‍കണം. ഒരാള്‍ പണത്തെയല്ല, അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ സകാത്ത് നല്‍കിയാലേ തന്റെ ധനം ശുദ്ധമാകൂ എന്ന് മനസ്സിലാക്കണം.
6. ബാങ്കിലോ ഇന്‍ഷുറന്‍സ് പോളിസിയിലോ പ്രൊവിഡന്റ് ഫണ്ടിലോ ഉള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ആ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കിരിക്കട്ടെ എന്നല്ല വെക്കേണ്ടത്. ചൂഷകര്‍ക്ക് തന്നെ ആ പണം കൊടുക്കുന്നതിനു പകരം ആവശ്യക്കാര്‍ക്കും അശരണര്‍ക്കും അത് വിതരണം ചെയ്യുന്നതായിരിക്കും ഉത്തമം (എവിടെയും നിസ്സഹായരായ സാധാരണക്കാരണല്ലോ പലിശ സമ്പ്രദായത്തിന്റെ ഇകള്‍).
7. പലിശ ഉള്‍ച്ചേര്‍ന്ന എല്ലാ ഇടപാടുകളും വ്യവഹാരങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. അത്തരമൊരു ഇടപാട് അനിവാര്യമായി വന്നാല്‍ പലിശയായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അത് മേല്‍ വിവരിച്ച പ്രകാരം പലിശയുടെ കെടുതികള്‍ അനുഭവിക്കുന്ന നിരാലംബര്‍ക്കായി നീക്കിവെക്കണം. ഒരു സത്യവിശ്വാസി എപ്പോഴും തിന്മയെ വിപാടനം ചെയ്യുന്നതിനാണ് ശ്രമിക്കേണ്ടത്. സ്വന്തം താല്‍പര്യങ്ങളല്ല അയാളെ നയിക്കേണ്ടത്. പരലോകത്ത് വിചാരണ നേരിടേണ്ടിവരുമെന്ന വിചാരമുള്ള ഏതൊരാളും എത്രമാത്രം ലാഭം നേടിത്തരുന്നതായാലും പലിശ ഉള്‍ച്ചേര്‍ന്ന എല്ലാ ഇടപാടുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ദൈവകോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അതേ വഴിയുള്ളൂ.
ഇതൊക്കെ വ്യക്തികള്‍ക്ക് ബാധകമാകുന്ന കാര്യങ്ങളാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത കോളനിവത്കരിക്കപ്പെട്ട നാടുകള്‍ക്കും സമൂഹങ്ങള്‍ക്കും കൂടി ഈ ഇളവുകള്‍ ബാധകമാക്കാവുന്നതാണ്. പക്ഷേ, സ്വാതന്ത്ര്യം നേടിക്കഴിഞ്ഞ മുസ്‌ലിം രാഷ്ട്രങ്ങളെ സംബന്ധിച്ചേടത്തോളം ഈ ഇളവ് അവര്‍ക്ക് ലഭിക്കുകയില്ല. പലിശയുടെ അടിസ്ഥാനത്തിലല്ലാതെ ബാങ്കിംഗ്, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളൊന്നും തന്നെ പ്രവര്‍ത്തനക്ഷമമാകില്ലെന്ന അവസ്ഥ വരികയും ഒരു പകരം സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഇളവിന് അര്‍ഹതയുണ്ടാകുന്നത്. പലിശാധിഷ്ഠിതമായല്ലാതെ സമ്പദ്‌രംഗം പ്രവര്‍ത്തനക്ഷമമാകില്ലെന്നത് താത്ത്വികമായും പ്രായോഗികമായും ഒരു അബദ്ധധാരണയാണ്. പലിശയെ ഒഴിവാക്കിക്കൊണ്ട് തന്നെ ഒരു സമ്പദ്ഘടനക്ക് വിജയകരമായി മുന്നോട്ട് പോകാനാവും. മുതലാളിത്ത ഘടന കൂടിയേ മതിയാവൂ എന്ന് ശാഠ്യം പിടിക്കുന്നവര്‍ സര്‍വശക്തനായ സ്രഷ്ടാവിനെതിരെ കലാപത്തിനിറങ്ങുകയാണ് ചെയ്യുന്നത്.
('സൂദ്' എന്ന കൃതിയില്‍നിന്ന്)
അവസാനിച്ചു

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം