നൃത്തം ശരീര പ്രദര്‍ശനത്തിന്റെ കല
മകനെയാകട്ടെ, മകളെയാകട്ടെ, കവിളിലും ചുണ്ടുകളിലും ചായം തേച്ച് ആഭരണാലങ്കാരങ്ങള്‍ അണിയിച്ച് ശരീരവടിവുകള്‍ ലാസ്യഭാവഹാവാദികളോടെ പ്രദര്‍ശിപ്പിക്കാന്‍ വേദിയിലേക്ക് കയറ്റിവിടുന്ന അഛനമ്മമാരുടെ ഉള്ളിലിരിപ്പ് എന്തായിരിക്കുമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ സന്ദേഹം പലരോടും ചോദിച്ചിട്ടുമുണ്ട്. ഏല്ലാ മറുപടികളും മൂന്നിലൊതുങ്ങും
1. നൃത്തം എന്നത് ദൈവികവും ഉദാത്തവുമായ ഒരു കലയാണ്. എന്റെ സന്തതി ആ കല സ്വായത്തമാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് പുണ്യമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
2. സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും സമ്മാനം നേടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്നത് പേരിനും പ്രശസ്തിക്കും ഭാവിക്കും നല്ലതാണെന്ന് ഞാന്‍ കരുതുന്നു. പത്രത്തില്‍ പടം വരാനും നാലാളുകളറിയാനും നൃത്തമാണ് നല്ലത്.
3. എന്റെ സന്തതിയുടെ സൗന്ദര്യം ദൈവം തന്ന അനുഗ്രഹമാണ്. എന്റെ കൂടി സൗന്ദര്യത്തിന്റെ പകര്‍പ്പാണത്. അത് ആളുകളെ കാണിക്കുന്നതിലും പേരെടുക്കുന്നതിലും എന്താണ് തെറ്റ്? കാണുന്നവരുടെ ഉള്ളില്‍ വേണ്ടാത്ത ചിന്തകളുണ്ടായതുകൊണ്ടാണ് ഇതിനെ വിമര്‍ശിക്കുന്നത്. ഇത്തരം കലകളില്‍ ലൈംഗികതയുണ്ടെന്ന് ആരോപിക്കുന്നത് കപടസദാചാരക്കാരാണ്.
കൂടുതല്‍ പേരും ആദ്യത്തെ പക്ഷക്കാരാണ്. മറ്റു രണ്ടു കാര്യങ്ങളും തുറന്നുപറയുന്നതെങ്ങനെ എന്ന് ഭയക്കുന്നവരാണ് അവര്‍. ചിലര്‍ രണ്ടാമത്തെ സംഗതിയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അത് സത്യസന്ധത. മൂന്നാമത്തെ നിലപാട് തുറന്നു പറയുന്നത് സിനിമാനടികളും അവരുടെ സില്‍ബന്ധികളും മാത്രമാണ്. സിനിമയിലെ ആഭാസനൃത്തനടികള്‍ വരെ മൂന്നാമത്തെ പക്ഷത്തുനിന്ന് ശരീരപ്രദര്‍ശനത്തിന് പ്രത്യയശാസ്ത്രം ചമക്കുന്നുണ്ട്.
വേദിയില്‍ നടക്കുന്ന ലാസ്യനൃത്തപ്രകടനം ആസ്വദിക്കുന്നവരോടും ചോദിക്കാമല്ലോ, എന്താണ് കണ്ടുരസിക്കുന്നത് എന്ന്. ചിലര്‍ ഉദാത്തവും ദൈവികവുമായ ഒരു കല ആരാധനയോടെ കണ്ടിരിക്കുന്നു, അവര്‍ മനസ്സടക്കം കൈവരിച്ച യോഗികള്‍. ചിലര്‍ മനുഷ്യന്റെ അത്ഭുതകരമായ കലാകഴിവുകള്‍ മതിമറന്ന് അഭിമാനപൂര്‍വം ആസ്വദിക്കുന്നു, അവര്‍ മഹത്തുക്കള്‍. ചിലര്‍ നൃത്തക്കാരികളായ ലാസ്യവതികളുടെ മേനിയഴകും ഭാവപ്പകര്‍ച്ചകളും നുകര്‍ന്നെടുക്കുന്നു. അത് ചീത്ത മനസ്സുള്ളവര്‍. അവര്‍ വളരെ കുറച്ചേ ചിലപ്പോള്‍ സദസ്സില്‍ ഉണ്ടാകൂ. അതെത്ര കുറവായാലും അവരുടെ കണ്‍വ്യഭിചാരത്തിലേക്ക് മക്കളെ തുറന്നുവിടണോ എന്ന ചോദ്യമുണ്ട് ബാക്കി. സത്യം ഇതാണ്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, സംഘനൃത്തം, മാര്‍ഗംകളി, തിരുവാതിരക്കളി, ഒപ്പന തൊട്ട് സിനിമാറ്റിക് ഡാന്‍സു വരെയുള്ള എല്ലാ നൃത്തങ്ങളുടെയും പൊതു അവതരണത്തില്‍ ശരീരപ്രദര്‍ശനത്തിന്റെയും ശൃംഗാരത്തിന്റെയും അംശമുണ്ട്. അത് നൃത്തത്തിന്റെ സ്വഭാവവും ശൈലിയും ഉള്ളടക്കവുമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുമെന്നു മാത്രം. 'ലാസ്യനൃത്തങ്ങളുടെ പ്രധാന ഭാവം രതിയാണ്', 'ഭക്തിയും വീര്യവും പോലും രതിജന്യമാണ്', 'ശൃംഗാരം രസരാജനാണ്' തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ മുമ്പേ എഴുതിവച്ച ഭരതമുനി തുടങ്ങിയ നാട്യാചാരന്മാര്‍ ഇക്കാര്യം തെളിച്ചു പറഞ്ഞിട്ടുമുണ്ട്. ഇത് അറിഞ്ഞിട്ടും ചിലര്‍ അറിയാത്ത ഭാവം നടിക്കുന്നു. ചിലര്‍ അറിയാതെയിരിക്കുന്നു. രണ്ടും സംസ്‌കാരമുള്ള സമൂഹത്തിന് ദോഷം തന്നെ. ഒരു പെണ്‍കുട്ടി (ആണ്‍കുട്ടി എന്ന് പ്രത്യേകം പറയുന്നില്ല. നൃത്തവേദിയില്‍ എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍ശരീരവും വഴക്കങ്ങളുമാണുള്ളത്) തന്റെ അംഗലാവണ്യവും ഭാവവിശേഷങ്ങളും വെളിപ്പെടുത്തി വേദിയില്‍ നിറഞ്ഞാടുന്നത് മറ്റെന്തിനാണ് എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാ കലകളിലും സമൂഹത്തെ ഗുണാത്മകമായി പുനര്‍നിര്‍മിക്കുന്ന എന്തെങ്കിലും ഒരു ഘടകം ആവശ്യമല്ലേ? ലാസ്യനൃത്തരൂപങ്ങളില്‍ ആ ഘടകം എന്താണ്? കേവലം സൗന്ദര്യാവിഷ്‌കാരം എന്നതില്‍ കവിഞ്ഞ് എന്ത് നിര്‍വഹണമാണ് നൃത്തകല ഉല്‍പാദിപ്പിക്കുന്നത്?
മോഹിനിയാട്ടമാണ് കേരളത്തിന്റെ പാരമ്പര്യ ലാസൃനൃത്തകല. അതിന്റെ ചരിത്രവും അത് രൂപപ്പെട്ട വഴികളും ആലോചിച്ചാല്‍ മതി ഈ കലാരൂപത്തിലെ സ്ത്രീവിരുദ്ധതയില്‍ അത്യാവശ്യം വെളിവുണ്ടാകാന്‍. അമൃതകുംഭം തട്ടിയെടുത്ത അസുരന്മാരെ വശീകരിച്ച് കീഴ്‌പ്പെടുത്താന്‍ മഹാവിഷ്ണു മോഹിനീരൂപം പൂണ്ടെന്നാണ് പുരാണം. അവളുടെ (അവന്റെ) ശൃംഗാരനൃത്തമായിരുന്നു ആദ്യത്തെ മോഹിനിയാട്ടം. അതുകണ്ട് ശിവന്‍ പോലും ഭ്രമിച്ചുപോയി. ശിവന് വിഷ്ണുമായയെ പ്രാപിക്കണമെന്നുതോന്നി. അതിലുണ്ടായ കുഞ്ഞാണ് ശബരിമല ശാസ്താവ്. മോഹിനിയാട്ടത്തിന് കേരളവുമായുള്ള പൗരാണികബന്ധംകൂടി ഈ കഥയിലുണ്ട്. മാത്രമല്ല അതിന്റെ ശൃംഗാരചരിത്രവും. ദക്ഷിണേന്ത്യയില്‍ ക്ഷേത്രങ്ങളിലേക്ക് നിവേദിക്കപ്പെട്ട ദേവദാസികള്‍ എന്ന കന്യകമാര്‍ ഈ വിഷ്ണുമായയുടെ പിന്തുടര്‍ച്ചക്കാരാണ് എന്നും വിശ്വസിക്കുന്നു.
കേരള സംസ്‌കാരത്തിലെ സദാചാരരാഹിത്യത്തിന്റെ താണ്ഡവക്കാലത്ത് അമ്പലങ്ങളിലെ ദേവദാസികള്‍ 'അച്ചി'കളായി. ആ മോഹിനിമാരുടെ കൂത്താണ് മോഹിനിയാട്ടത്തെ ജനകീയമാക്കിയത്. കൂത്താടുന്ന അച്ചികളാണ് 'കൂത്തച്ചി'കള്‍. ആ വാക്കിനുണ്ടായ അര്‍ഥ പരിണാമം ആലോചിച്ചു നോക്കൂ. വേശ്യാലയങ്ങളിലെ വശീകരണനൃത്തമായിരുന്ന അച്ചിക്കൂത്തിനെ കൊട്ടാരത്തിലേക്ക് ആനയിച്ച് ക്ലാസ്സിക് പദവി നല്‍കി ആദരിച്ചത് ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ മഹാരാജാവാണ്. നാട്ടിലെ മുഴുവന്‍ മോഹിനിമാരെയും കൊട്ടാരത്തില്‍ പാര്‍പ്പിച്ച് പാട്ടും പക്കമേളവും പണക്കിഴികളും നല്‍കി അദ്ദേഹം പൂലര്‍ത്തി. സ്ത്രീശരീര പ്രദര്‍ശനവും രതിഭാവങ്ങളും മാത്രമാണ് ഈ നൃത്തകലയിലുള്ളത് എന്ന് അന്നേ വിമര്‍ശനമുണ്ടായിരുന്നു. പിന്നീട്, തിരുവിതാംകൂറില്‍ പെണ്ണുങ്ങള്‍ക്ക് അധികാരപങ്കാളിത്തം ലഭിച്ച റീജന്‍സിഭരണകാലത്ത് റാണി ഗൗരി പാര്‍വതി ഭായി മോഹിനിയാട്ടം നിരോധിച്ചു. 1932 ല്‍, മോഹിനിയാട്ടം പഠിക്കുന്നതും പഠിപ്പിക്കുന്നതും കൊച്ചിരാജാവും നിയമം മൂലം വിലക്കി. ചടങ്ങുകളുടെ പേരില്‍ തിരുകൊച്ചിയിലെ ക്ഷേത്രങ്ങളില്‍ നടന്നു വന്നിരുന്ന മോഹിനിയാട്ടം 1952 ല്‍ അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടാവുകയും ചെയ്തു.
എല്ലാ നിരോധങ്ങളില്‍ നിന്നും ഈ ലാസ്യകലയെ പുരസ്‌കരിച്ചെടുത്തത് മഹാകവി വള്ളത്തോള്‍ നാരായണമേനോനാണ്. അര്‍ധ നഗ്ന വേഷവും അമിത ലൈംഗികഭാവവും ചേഷ്ടകളും മോഹിനിയാട്ടത്തില്‍നിന്ന് അദ്ദേഹം ഊരിയെടുത്ത് അതിനെ 'കാണാന്‍' പരുവത്തിലാക്കി. ഒട്ടേറെ എതിര്‍പ്പുകള്‍ക്കിടയിലും അത് പഠിപ്പിക്കാന്‍ അദ്ദേഹം കലാമണ്ഡലത്തില്‍ സൗകര്യമൊരുക്കി (ആദ്യകാലത്ത് പഠിപ്പിക്കാനും പഠിക്കാനും ആളെക്കിട്ടാതെ വള്ളത്തോള്‍ വലഞ്ഞിരുന്നുവെന്നും കഥകളുണ്ട്.). സ്ത്രീയുടെ ശരീരത്തെയും ലൈംഗികഭാവത്തെയും പുരുഷന്റെ കാഴ്ചക്ക് പാകമാകുന്ന രീതിയില്‍ മുറിച്ചെടുത്ത് സാംസ്‌കാരിക നിറംചേര്‍ത്ത് വില്‍പനക്കുവെക്കാനുള്ള ചരിത്രദൗത്യം അങ്ങനെ പൂര്‍ത്തിയായി. അതിന്റെ തുടര്‍ച്ചകളായി കലോത്സവ വേദികളിലും സാംസ്‌കാരിക പരിപാടികളിലും ഗള്‍ഫ് മേളകളിലും ലാസ്യനൃത്തങ്ങളുടെ ലൈംഗികഭാവങ്ങള്‍ നാം തുടര്‍ന്നുപോരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭരതനാട്യത്തിലും ആന്ധ്രയില്‍ നിന്നു വന്ന കുച്ചിപ്പുടിയിലും ഇതേ ചരിത്രത്തിന്റെയും തുടര്‍ച്ചകളുടെയും ഛായയുണ്ട്.
അങ്ങനയങ്ങനെ, സിനിമാ നൃത്തരംഗങ്ങളിലെ ലൈംഗിക ചേഷ്ടകള്‍ അതേപടി വേദികളില്‍ ആവിഷ്‌കരിക്കുന്നത് മനസ്സുറപ്പോടെ കണ്ടുനില്‍ക്കാനുള്ള നിര്‍വികാരതയിലേക്ക് നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു. 'കുട്ടികളല്ലേ' എന്ന് നാം വെറുതെ സമാധാനിക്കുന്നു. കുട്ടികളാണ് കേരളത്തില്‍ ഏറ്റവുമധികം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് എന്നതിന്റെ കാരണങ്ങള്‍ മറ്റു ചില കാര്യങ്ങളിലേക്ക് കൂട്ടിക്കൊടുത്ത് നാം സമാധാനിക്കുന്നു. ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ അര്‍ധനഗ്നകളായ കുട്ടികള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ചേഷ്ടകളും ഭാവങ്ങളും, ഡാന്‍സ്ടീച്ചറുടെയും മാതാപിതാക്കളുടെയും കാഴ്ചക്കാരുടെയും ജൂറിമേഡങ്ങളുടെയും നിര്‍ബന്ധത്തിനു വഴങ്ങി ആടിത്തീര്‍ക്കുന്ന ദയനീയതയാണോ ഇക്കാലത്തിന്റെ കല?
പിന്‍വാതില്‍ - മുമ്പ് ഏതോ ഒരു വിദ്യാഭ്യാസമന്ത്രി കാമ്പസുകളിലും സ്‌കൂളുകളിലും സിനിമാറ്റിക് ഡാന്‍സുകള്‍ നിരോധിച്ച് ഉത്തരവിറക്കി. ആ ഇണ്ടാസിന്റെ പിന്‍ബലത്തില്‍ ഇപ്പോഴും കാമ്പസ് വേദികള്‍ അത്രയും ആഭാസരഹിതമാണ്. സിനിമാറ്റിക് ഡാന്‍സ് മാത്രം നിരോധിക്കാന്‍ എന്താണ് കാരണം എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അതില്‍ അര്‍ദ്ധനഗ്ന വേഷവും ലൈംഗികച്ചുവയുള്ള ചേഷ്ടകളുമുണ്ടെന്നാണ് ലഭിച്ച അനൗദ്യോഗിക മറുപടികള്‍. അങ്ങനെ ഉണ്ടാകുന്നത് അധമമായ കലയാണത്രെ.
അധമമായ കലയും ഉദാത്തമായ കലയും ഉണ്ടാകാം.
അധമമായ ശൃംഗാരവും ഉദാത്തമായ ശൃംഗാരവും ഉണ്ടോ? ഉണ്ടെങ്കില്‍ അവയിലെ വ്യത്യാസമെന്താണ്? ഈ 'സദാചാരപ്പോലീസു'കാരന് ആരാണ് അതൊന്ന് പറഞ്ഞുതരിക?
9895437056
[email protected]
Comments