Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

എം.എ.കെ ഷാജഹാന്‍ എന്ന വന്മരം

റഹ്മത്തുല്ല മഗ്‌രിബി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരുത്തും തണലുമായിരുന്നു എം.എ.കെ ഷാജഹാന്‍ (52). ഒമാനിലെ കേരള ഇസ്‌ലാമിക് അസോസിയേഷന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും പബ്ലിക് റിലേഷന്‍, മീഡിയ, പുതിയ പ്രോജക്ടുകള്‍ എന്നീ വകുപ്പുകളുടെ തലവനും ഒമാനിലെ അല്‍ ഹരീബ് ട്രേഡിംഗ് കമ്പനി ഉടമയുമായിരുന്ന എം.എ. കെ ഷാജഹാന്‍ ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തഞ്ചിനു പെരുന്നാള്‍ ദിവസം സ്വദേശമായ വര്‍ക്കലയിലെ ഓടയത്ത് മരണപ്പെടുകയായിരുന്നു. പള്ളിയില്‍ ഇശാ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിക്കുകയും മരണം സംഭവിക്കുകയുമാണുായത്. ഒമാനില്‍ ഈദ് നമസ്‌കാരത്തിനുശേഷം   കുടുംബത്തോടൊപ്പം സ്വദേശമായ വര്‍ക്കലയിലെത്തിയപ്പോഴായിരുന്നു അല്ലാഹുവിന്റെ അലംഘനീയമായ വിധി അദ്ദേഹത്തെ തേടിയെത്തിയത്. 

ഒമാനില്‍ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിന്ന വ്യക്തിത്വമാണ് എം.എ.കെ ഷാജഹാന്‍. തെക്കന്‍ ശര്‍ഖിയ മേഖലയിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനമെത്താത്ത മേഖലകളില്ല. വ്യവസായി എന്നതിനേക്കാള്‍ എം.എ.കെ ഷാജഹാന്‍ ഒമാനിലെ പ്രവാസികള്‍ക്ക് സുപരിചിതനായത് സാമൂഹിക സേവകന്‍ എന്ന നിലക്കായിരുന്നു. തൊഴില്‍പ്രശ്‌നത്തില്‍ അകപ്പെട്ടവര്‍ മുതല്‍ സൂര്‍ തീരത്ത് കപ്പലില്‍ കുടുങ്ങുന്ന നാവികര്‍ വരെ ഷാജഹാന്‍ സാഹിബിന്റെ സഹായത്തില്‍ പലകുറി നാടണഞ്ഞു. സാമൂഹികരംഗത്തും ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്തും ഒരുപോലെ സജീവമായി നിന്ന വ്യക്തിത്വം. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടെ അദ്ദേഹം തുടക്കമിട്ട അല്‍ഹരീബ് സ്ഥാപനങ്ങള്‍ ഒമാനിലെ മികച്ച ബിസിനസ് സംരംഭമായി വളര്‍ന്നു. സൂര്‍ ഇന്ത്യന്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് സമിതി അംഗം എന്ന നിലയില്‍ ഒമാനിലെ വിദ്യാഭ്യാസരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.

കേരളാ ഇസ്‌ലാമിക് അസോസിയേഷന്റെ മീഡിയാ വിഭാഗം തലവന്‍ എന്ന നിലയില്‍  ഒമാനിലെ മാധ്യമത്തിന്റെയും മീഡിയാ വണ്ണിന്റെയും കോ-ഓര്‍ഡിനേഷന് നേതൃത്വം നല്‍കിയിരുന്നത് ഷാജഹാന്‍ സാഹിബാണ്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഈ രണ്ടു സംരംഭങ്ങളുടെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. ഇതിനു പുറമെ, അസോസിയേഷന്റെ പബ്ലിക് റിലേഷന്‍, പീരിയോഡിക്കല്‍സ്, പുതിയ സംരംഭങ്ങള്‍ എന്നിവയും അദ്ദേഹം തന്നെ നിയന്ത്രിച്ചു. പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയുടെ സര്‍ക്കുലേഷനും പ്രചാരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നതും അദ്ദേഹം തന്നെ. ഏറ്റവും ഒടുവില്‍ ജി.സി.സി ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലെ (ജി 25) ബിസിനസ് സംരംഭങ്ങള്‍ക്ക് ഒമാനില്‍നിന്ന് ചുക്കാന്‍ പിടിക്കാന്‍ ചുമതലപ്പെടുത്തിയതും ഷാജഹാനെ തന്നെ.

പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു ഷാജഹാന്‍. വലിപ്പച്ചെറുപ്പമില്ലാതെ താനുമായി ഇടപഴകുന്നവരോടെല്ലാം വല്ലാത്ത അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്നോടാണ് കൂടുതല്‍ സ്‌നേഹം കാണിക്കുന്നത് എന്നും കൂടുതല്‍ പരിഗണിക്കുന്നത് തന്നെയാണ് എന്നും തോന്നുംവിധം പെരുമാറുന്ന വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഒറ്റത്തവണ കണ്ടവരും ഒരുപാട് കാലമായി ഇടപഴകുന്നവരും ഇതേ അഭിപ്രായം പങ്കുവെക്കുമ്പോഴാണ് ഒരു ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ ആഴത്തിലുള്ള പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. തന്റെ കമ്പനിയിലെ ജോലിക്കാരോടെല്ലാം വളരെ മാന്യമായും സ്‌നേഹപുരസ്സരവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അവര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവനായിരുന്നു. 

വലിയ സൗഹൃദ വൃന്ദമുായിരുന്നു അദ്ദേഹത്തിന്. ഒമാന്‍ ഗവണ്‍മെന്റിലെ ഉത്തരാവാദപ്പെട്ടവരോടും ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരോടും അംബാസിഡറോടും ഒമാനിലെ ബിസിനസ് പ്രമുഖരോടും സാമൂഹിക പ്രവര്‍ത്തകരോടും ഇസ്‌ലാമിക പ്രവര്‍ത്തകരോടും പാവപ്പെട്ട തൊഴിലാളികളോടും എല്ലാം ഒരേപോലെ ഹൃദ്യമായ ബന്ധം. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ട്യ, ഷാജഹാന്‍ മരണപ്പെട്ട  ഉടനെ ഫേസ്ബുക്കില്‍ അനുശോചന കുറിപ്പിട്ടു. 

ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവും വലിയ വികാരമായിരുന്നു അദ്ദേഹത്തിന്. തന്റെ കമ്പനിയില്‍  പ്രസ്ഥാനത്തിലെ അര്‍ഹരായവര്‍ക്ക് ഇടം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ ഏതു സംരംഭവും വലിയ ആവേശത്തോടെ ആയിരുന്നു അദ്ദേഹം എറ്റെടുക്കാറുണ്ടായിരുന്നത്. അത് മാധ്യമത്തിലും മീഡിയാ വണ്ണിലും ഒതുങ്ങാതെ പ്രബോധനം കാമ്പയിനിലെ സര്‍ക്കുലേഷന്‍ വര്‍ധനവില്‍ വരെ എത്തി നിന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാനും സംശയങ്ങള്‍ ചോദിക്കാനും പ്രസ്ഥാനത്തിലെ മുതിര്‍ന്നവരെയും പണ്ഡിതരെയും സ്ഥിരമായി അദ്ദേഹം ബന്ധപ്പെടാറുണ്ടായിരുന്നു. 

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ദീനീപ്രവര്‍ത്തനങ്ങള്‍ക്കും തിരക്കുപിടിച്ച ബിസിനസ് ജീവിതം ഒരു തടസ്സമേ അല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ചു അദ്ദേഹം. അവശതയനുഭവിക്കുന്നവരെ സഹായിക്കുക എന്നത് ഒരു വലിയ ദീനീബാധ്യതയായി അദ്ദേഹം കണ്ടു. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മാധ്യസ്ഥം വഹിച്ചും തൊഴിലാളികള്‍ക്ക് എംബസി മുഖാന്തരം അര്‍ഹമായ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയും അദ്ദേഹം മുന്നില്‍തന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ഒമാനിലെ ശര്‍ഖിയ റീജ്യനിലെ എംബസി പ്രതിനിധി എന്ന അര്‍ഥത്തില്‍ അദ്ദേഹം ഒരുപാട് സേവനങ്ങള്‍ ചെയ്തു. സൂര്‍ ഇന്ത്യന്‍ സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു ദീര്‍ഘകാലം. സ്‌കൂളിലെ ഫീസ് വര്‍ധനവിനെതിരെയും മറ്റും ഇന്ത്യന്‍ സ്‌കൂള്‍ കേന്ദ്ര കമ്മിറ്റിയോട് തര്‍ക്കിച്ചിരുന്നത് അനുശോചന യോഗത്തില്‍ സ്‌കൂള്‍ മാനെജ്‌മെന്റ് പ്രതിനിധികള്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. 

മസ്‌കത്തില്‍നിന്ന് ഇരുനൂറിലധികം കിലോമീറ്റര്‍ ദൂരെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സ് ആസ്ഥാനവും താമസവും എന്നത് ഒരിക്കല്‍പോലും മസ്‌കത്തില്‍ വരുന്നതിന് തടസ്സമായി അദ്ദേഹത്തിന് തോന്നിയില്ല. പലപ്പോഴും പല യോഗങ്ങള്‍ക്കും അടുത്തുള്ളവരേക്കാള്‍ നേരത്തേ അദ്ദേഹം എത്താറുണ്ടായിരുന്നു. 

തന്റെ കര്‍മഭൂമിയായ ഒമാനും അദ്ദേഹത്തിന് ഒരു വികാരമായിരുന്നു. നല്ലവരായ ഒമാനിലെ സ്വദേശികളുമായി അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ഇടക്കിടെ ഒമാനികളെയും അവരുടെ സംസ്‌കാരത്തെയും കുറിച്ച് എഴുതണമെന്ന് ഈ കുറിപ്പുകാരനോട് ആവശ്യപ്പെടുമായിരുന്നു. ഒരിക്കല്‍ ഈ കുറിപ്പുകാരനും ഷാജഹാനും കൂടി യാത്ര ചെയ്യവെ കാറിന്റെ ടയര്‍ പഞ്ചറാവുകയും ചില സ്വദേശികള്‍ ഇടപെട്ട് സ്റ്റെപ്പിനി മാറ്റിത്തരികയും ചെയ്ത സന്തോഷകരമായ അനുഭവം ഉണ്ടായിരുന്നു. അത് മുന്നില്‍ വെച്ച് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ തനിക്കുണ്ടെന്നും അത് പങ്കുവെക്കാമെന്നും പറയുമായിരുന്നു. 

ഷാജഹാന്‍ സാഹിബിന്റെ  മരണം  അക്ഷരാര്‍ഥത്തില്‍തന്നെ വലിയ നഷ്ടമാണ്, ഇസ്‌ലാമിക പ്രസ്ഥാനത്തിനും ഇന്ത്യയിലെ നാനാവിധമായ സേവന പദ്ധതികള്‍ക്കും. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങള്‍, സേവന സംരംഭങ്ങള്‍, മറ്റു പദ്ധതികള്‍ എന്നിവക്കെല്ലാം ഊര്‍ജവും സാമ്പത്തിക പിന്തുണയും നല്‍കുന്നതിലും തദാവശ്യാര്‍ഥം ഒമാന്‍ സന്ദര്‍ശിക്കുന്നവരെ പരിചരിക്കുന്നതിലും അവര്‍ക്ക് വിസ നല്‍കുന്നതിലും അവര്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലും വളരെ മാതൃകാപരമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ഏറ്റവുമൊടുവില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കൊടുക്കുന്ന ഒരു പദ്ധതിയെ കുറിച്ച് അദ്ദേഹം ബന്ധപ്പെട്ടവരുമായി സംസാരിച്ചിരുന്നു എന്നാണറിവ്. ആ വിടവ് അത്തരത്തില്‍ ഇനി നികത്താനാവില്ല എന്ന തിരിച്ചറിവിനോടൊപ്പം അല്ലാഹുവിന്റെ അലംഘനീയ വിധിക്ക് വലിപ്പച്ചെറുപ്പമില്ലാതെ വിധേയരാവേണ്ടാവരാണ് എല്ലാവരും എന്ന ബോധം നല്‍കുന്ന ആശ്വാസം മാത്രം. 

ഒരു മനുഷ്യന്‍ എത്ര കണ്ട് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യനാണ് എന്നതിന് ഏറ്റവും വലിയ തെളിവ് അദ്ദേഹത്തിന്റെ മരണാനന്തരം മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ നന്മകള്‍ വാഴ്ത്തുക എന്നതു തന്നെയാണ്. മരണപ്പെട്ട അന്നു മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെയും പത്രത്താളുകളിലൂടെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍  അനുശോചന സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മരണവിവരം കേട്ടപ്പോള്‍ അവിടെ കൂടിയ ജനസഞ്ചയവും ജനാസയില്‍ പങ്കെടുത്തവരുടെ വൈപുല്യവും അത് വിളിച്ചോതി.  മസ്‌കത്ത് റൂവിയിലെ സുല്‍ത്താന്‍ ഖാബൂസ് മസ്ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ പലരും വിതുമ്പുന്നത് കേള്‍ക്കാമായിരുന്നു. അതിനുശേഷം റൂവിയില്‍ നടന്ന അനുശോചന യോഗത്തില്‍ എംബസി പ്രതിനിധികളും ഗള്‍ഫാര്‍ മുഹമ്മദലി പോലെയുള്ള ബിസിനസ് പ്രമുഖരും വളരെ വിഷമത്തോടെയാണ് സംസാരിച്ചത്. ചിലരെല്ലാം നിയന്ത്രണം നഷ്ടപ്പെട്ട് കരഞ്ഞുപോയി. ജനാസക്ക് ശേഷം അദ്ദേഹത്തിന്റെ ഓടയത്തെ വീട്ടില്‍ നടന്ന അനുശോചന യോഗത്തിലും ഗദ്ഗദങ്ങള്‍ ഉയര്‍ന്നു. അംബാസിഡര്‍ കൂടി പങ്കെടുത്ത ഒരു അനുശോചന യോഗം ഷാജഹാന്‍ സാഹിബിന്റെ തട്ടകമായ സൂറിലും അടുത്ത പ്രദേശമായ ജഅലാനിലും നടന്നു. 

തന്റെ പിതാവിന്റെ വിയോഗത്തിലും മനസ്സ് പതറാതെ പിടിച്ചുനിന്ന ബാസിം എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ഷാജഹാന്‍ സാഹിബിന്റെ ഒരേയൊരു മകന്‍. തന്റെ കുടുംബ കാര്യത്തില്‍ പൂര്‍ണമായ ഇസ്‌ലാമിക ചിട്ടകള്‍ വേണം എന്നത് അദ്ദേഹത്തിന്റെ നിര്‍ബന്ധം കൂടി ആയിരുന്നു. ഭാര്യ സുബൈദ.

അല്ലാഹുവേ, ഞങ്ങളുടെ ഷാജഹാന്‍ സാഹിബിന്റെ വീഴ്ചകള്‍ നീ പൊറുത്തുകൊടുത്ത് അദ്ദേഹത്തെ അനുഗ്രഹിക്കേണമേ. നാളെ സ്വര്‍ഗീയാരാമങ്ങളില്‍ അദ്ദേഹത്തെ കണ്ടുമുട്ടാനും സന്തോഷം പങ്കുവെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌