സമകാലിക ഇന്ത്യയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യം
ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. വിഭജനകാലത്തെയും ബാബരി മസ്ജിദ് തകര്‍ച്ചയെയും ഗുജറാത്ത് വംശഹത്യയെയുമെല്ലാം ചൂണ്ടിക്കാട്ടി ഈ പ്രതിസന്ധി നിസ്സാരമായി കാണുന്നതില്‍ അര്‍ഥമില്ല. കാരണം, പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളുകയാണ് അതിനെ മറികടക്കാനുള്ള ആദ്യ ചുവട്. വിഭജനത്തെത്തുടര്‍ന്ന് രൂക്ഷമായ വര്‍ഗീയ ലഹളകള്‍ ഉണ്ടായി എന്നത് ശരിയാണ്. ഭരണകൂടം അത് അടിച്ചമര്‍ത്തുന്നതില്‍ തുടക്കത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ വര്‍ഗീയ ലഹളയുടെ പിന്നിലെ പ്രത്യയശാസ്ത്രത്തിന് ഭരണകൂടത്തിന്റെ പിന്തുണയില്ലായിരുന്നു. മാത്രമല്ല, ആ വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ധാര്‍മിക മനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഗാന്ധിജിയെ പോലുള്ള ഒരു നേതാവും അന്ന് രാജ്യത്തുണ്ടായിരുന്നു. രാജ്യം സ്വതന്ത്രമാകുന്നതിന്റെ ആഹ്ലാദത്തില്‍ പോലും പങ്കെടുക്കാതെ അദ്ദേഹം വര്‍ഗീയ ലഹളകള്‍ക്കെതിരെ രാജ്യത്തിന്റെ മനസ്സാക്ഷി ഉണര്‍ത്താന്‍ നവഖാലിയില്‍ സത്യഗ്രഹമിരിക്കുകയായിരുന്നുവല്ലോ. ഭരണത്തിലെ പരിചയക്കുറവ് കാരണം ലഹള അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും ലഹള ഒതുക്കണം എന്ന ആത്മാര്‍ഥത കാരണം, സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ തന്നെ തല്‍ക്കാലത്തേക്ക് രഹസ്യമായി ഭരണം തിരിച്ചേല്‍പിക്കാന്‍ വരെ മടികാണിച്ചില്ല എന്ന് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന കൃതിയില്‍ ലാറി കൊളിന്‍സും ഡൊമിനിക്ക് ലാപ്പിയറും എഴുതിയിയിട്ടുണ്ട്. അങ്ങനെ മൗണ്ട് ബാറ്റണ്‍ ആണത്രെ ആ കലാപങ്ങള്‍ അടിച്ചമര്‍ത്തിയത്. ഏതായാലും അക്കാലത്തെ ഭരണാധികാരികളുടെ ആത്മാര്‍ഥതയാണ് ഇതിലൂടെ തെളിയുന്നത്.
വിഭജന കാലത്ത് മുസ്‌ലിംകള്‍ നേരിട്ട മറ്റൊരു പ്രതിസന്ധി ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിലെങ്കിലും മതപരിത്യാഗ പ്രവണത പ്രകടമായതും നഗരങ്ങളിലെ എലീറ്റ് മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് കുടിയേറാന്‍ താല്‍പര്യം പ്രകടിപ്പിച്ചതുമാണ്. ആവേശം കെടുകയോ തളര്‍ച്ച ബാധിക്കുകയോ ചെയ്യാത്ത തബ്‌ലീഗ് ജമാഅത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വ്യത്യസ്ത സ്വഭാവത്തിലുള്ള ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ ആ രണ്ട് പ്രവണതകള്‍ക്കും വേഗത്തില്‍ തടയിടുകയും ചെയ്തു. പ്രതിസന്ധിയുടെ ഗൗരവത്തെ കുറിച്ച തിരിച്ചറിവിനോടൊപ്പം, വിഷനും മിഷനും ഉള്ളതുകൊണ്ടാണ് അന്ന് ആ സംഘടനകള്‍ക്ക് അതിന് കഴിഞ്ഞത്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഗൗരവമായ പ്രതിസന്ധി തന്നെയാണ് സമുദായത്തിന് മുമ്പാകെ ഉയര്‍ത്തിയത്. വിഭജനത്തിന്റെയും വിഭജനാനന്തര കലാപങ്ങളുടെയും പിറകിലെ പ്രത്യയശാസ്ത്രം തന്നെയാണ് ബാബരി തകര്‍ച്ചയുടെ മുമ്പിലും പിന്നിലും നിന്ന് ചരടുവലിച്ചത്. അവര്‍ക്ക് ഭരണ കൂടത്തില്‍നിന്ന് പരോക്ഷമായി ഒത്താശ കിട്ടിയെന്നതും ശരിയാണ്. എന്നാല്‍ ബാബരി തകര്‍ന്നുവീണതോടെ അതിന് ചരടു വലിച്ചവര്‍ കുറേ കാലത്തേക്കെങ്കിലും പ്രതിരോധത്തിലായി എന്നതൊരു വസ്തുതയാണ്. എന്നല്ല രാമജന്മഭൂമിക്ക് സമാന്തരമായി ഉയര്‍ന്നുവന്ന ജാതി രാഷ്ട്രീയം യു.പിയിലും ബിഹാറിലുമെങ്കിലും അടുത്തകാലം വരെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തിയതും നാം കണ്ടതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വന്‍തോതിലുള്ള വര്‍ഗീയ കലാപം ശിവസേനയുടെ മഹാരാഷ്ട്രയില്‍ മാത്രം പരിമിതപ്പെട്ടതിന്റെയും വര്‍ഗീയ കലാപങ്ങളുടെ കേളീരംഗമായിരുന്ന യു.പിയിലും ബിഹാറിലും അത് പടരാതിരുന്നതിന്റെയും കാരണം മണ്ഡല്‍ തുറന്നുവിട്ട ജാതീയമായ ധ്രുവീകരണമായിരുന്നുവെന്ന് കാണാന്‍ പ്രയാസമില്ല. ബാബരി പ്രതിസന്ധിയോടൊപ്പം ഇന്ത്യന്‍ സമൂഹത്തിലുണ്ടായ ചില സാമൂഹിക മാറ്റങ്ങള്‍ യു.പിയിലും ബിഹാറിലും ചുരുങ്ങിയത് അടുത്ത ഒരു പതിനഞ്ച് വര്‍ഷക്കാലത്തേക്കെങ്കിലും മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശത്തിനെങ്കിലും പരിരക്ഷ നല്‍കിയിട്ടുണ്ട്. ബിഹാറില്‍ ലാലു ഭരിച്ച പതിനഞ്ച് വര്‍ഷവും പിന്നീട് നിതീഷ് ഭരിച്ചപ്പോഴും ഒറ്റ വര്‍ഗീയ ലഹള പോലും ഉണ്ടായിട്ടില്ല. യു.പിയില്‍ മുലായം സിംഗിന്റെ എസ്.പിയും കാന്‍ഷിറാമിന്റെ ബി.എസ്.പിയും ഒരുമിച്ച് ഭരിച്ചപ്പോഴും പിന്നീട് വേര്‍പിരിഞ്ഞ് മുലായം സിംഗും മായാവതിയും മാറി മാറി ഒറ്റക്ക് ഭരിച്ചപ്പോഴും വര്‍ഗീയ ലഹളകള്‍ ഉണ്ടായില്ല. കഴിഞ്ഞ തവണ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ മാത്രമാണ് വര്‍ഗീയ ലഹളകളുടെ പാരമ്പര്യം യു.പി വീണ്ടും പുറത്തെടുത്തത്. മണ്ഡല്‍ ഉണര്‍ത്തിവിട്ട ജാതി രാഷ്ട്രീയത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഒരുമിച്ച് ചേര്‍ന്ന് പരാജയപ്പെടുത്തിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസിനെ നിലംപരിശാക്കി ബി.ജെ.പി സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്തു.
പറഞ്ഞുവന്നത് ബാബരി മസ്ജിദിന്റെ തകര്‍ച്ച സമുദായത്തിന് മുന്നില്‍ വലിയ പ്രതിസന്ധി ഉയര്‍ത്തിയതോടൊപ്പം തന്നെ അതിജീവനത്തിന്റെ ചില സാധ്യതകള്‍ കൂടി തുറന്നു തന്നിരുന്നുവെന്നാണ്. അത് മുകളില്‍ സൂചിപ്പിച്ചതു പോലെ വര്‍ഗീയ ലഹളകളെ ഫലപ്രദമായി ചെറുത്തുനിന്ന ചില ഭരണകൂടങ്ങള്‍ ഉയര്‍ന്നുവരാന്‍ നിമിത്തമായ സാമൂഹിക മാറ്റങ്ങളാണെങ്കില്‍ ആഭ്യന്തരമായി വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ പുരോഗതി നേടാനുള്ള ചില നീക്കങ്ങള്‍ സമുദായം സ്വന്തമായും നടത്തിയെന്നതാണ്. മണ്ഡല്‍ കമീഷനും പിന്നീട് ഒന്നാം യു.പി.എ ഭരണകാലത്ത് അര്‍ജുന്‍ സിംഗ് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സംവരണമേര്‍പ്പെടുത്തിയതുമെല്ലാം ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. അതുപോലെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും വന്‍കിടക്കാര്‍ മുതല്‍ ചെറുകിടക്കാര്‍ വരെയുള്ള സാമാന്യം തരക്കേടില്ലാത്ത ഒരു ബിസിനസ്സ് ശൃംഖലയും ബാബരിക്കു ശേഷം മുസ്‌ലിം സമുദായത്തില്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഹസന്‍ സറൂര്‍ എഴുതിയ ഇന്ത്യന്‍ മുസ്‌ലിം സ്പ്രിംഗ് നോബഡി ടോക്കിംഗ് എബൗട്ട് എന്ന കൃതിയില്‍ ബാബരിക്കും ഗുജറാത്തിനും ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ഇത്തരം വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
2002-ലെ ഗുജറാത്ത് വംശഹത്യ പോലും ഗുജറാത്തിനു പുറത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ തടയുകയാണ് ചെയ്തത്. 2004-ലും 2009-ലും ബി.ജെ.പിയെ ബഹുദൂരം പിന്തള്ളി യു.പി.എ ഗവണ്‍മെന്റ് തുടര്‍ച്ചയായി അധികാരത്തില്‍ വന്നതിന് അതല്ലാതെ മറ്റൊരു കാരണവുമില്ല. ആര്‍.എസ്.എസ് എന്ത് കണക്കുകൂട്ടിയാലും ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ലോകതലത്തില്‍ അനഭിമതനായ നരേന്ദ്ര മോദി 2014-ലെ ഇലക്ഷന് മുന്നോടിയായി ബി.ജെ.പിയുടെ മുഖ്യ പ്രചാരകനായി വന്നപ്പോള്‍ ബി.ജെ.പിക്ക് വെളിയിലും ബി.ജെ.പിക്കുള്ളില്‍ തന്നെയും ആരും കരുതിയിരുന്നില്ല മോദിക്ക് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ കഴിയുമെന്ന്. അതുകൊണ്ടാണല്ലോ ആ നിയമനത്തില്‍ അദ്വാനി പരസ്യമായി അതൃപ്തി അറിയിച്ചത്. ബിഹാറില്‍ നിതീഷ് സഖ്യം വിട്ടതിന് കാരണവും അതല്ലാതെയല്ല. പക്ഷേ നരേന്ദ്ര മോദി വന്‍ മാധ്യമ ശൃംഖലകളുടെ ഉടമകളായ കോര്‍പ്പറേറ്റുകളെ കൂടെ നിര്‍ത്തി ഇന്ത്യന്‍ മധ്യവര്‍ഗ ഹിന്ദുവിന്റെ മനസ്സില്‍ താന്‍ മാത്രമാണ് അവരുടെ രക്ഷകന്‍ എന്ന് ഇത്രവേഗം അവരെ വിശ്വസിപ്പിക്കുമെന്ന് ആരും കരുതിയില്ല. തീവ്രവാദികളെ നിലക്ക് നിര്‍ത്തും എന്നാല്‍, മുസ്‌ലിംകളെ ഒന്നടങ്കം നിലക്ക് നിര്‍ത്തുമെന്നു തന്നെയാണ് അവരുടെ പ്രചാരണ മാനേജര്‍മാര്‍ മാത്രമല്ല ഇലക്ഷന്‍ കാമ്പയിന്‍ നയിച്ച സാക്ഷാല്‍ മോദിയും അമിത് ഷായും വരെ പറഞ്ഞത്. അതിനാല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സംഘ്പരിവാര്‍ ഗവണ്‍മെന്റില്‍നിന്നും വ്യത്യസ്തമാണ് നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റ് എന്ന് മനസ്സിലാക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ സമകാലിക ഇന്ത്യയില്‍ മുസ്‌ലിം സമുദായം നിര്‍വഹിക്കേണ്ട ദൗത്യത്തിന്റെ മുന്‍ഗണനാക്രമവും രീതിശാസ്ത്രവും എന്തായിരിക്കണമെന്ന ആലോചന പോലും പ്രസക്തമാകൂ.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അവിടെ നിന്ന് പഠിച്ചതല്ലാത്ത മറ്റൊരു ജീവിതം മോദിക്കില്ല. വാജ് പേയിയും അദ്വാനിയും ആര്‍.എസ്.എസില്‍നിന്ന് ശിക്ഷണം കിട്ടിയവര്‍ തന്നെ. പക്ഷേ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത ജെ.പി മൂവ്‌മെന്റുമായുള്ള ബന്ധം അവരെ മോദിയില്‍നിന്ന് നേരിയ തോതിലെങ്കിലും വ്യത്യസ്തരാക്കുന്നുണ്ട്. പരമത വിദ്വേഷവും ജനാധിപത്യത്തോടുള്ള പുഛവും ഉന്മൂലന സിദ്ധാന്തവുമാണ് ആര്‍.എസ്.എസിന്റെ മുഖ മുദ്ര. പതിനഞ്ച് വര്‍ഷമത്രയും ഒരു സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയ അനുഭവങ്ങളുമായിട്ടാണ് മോദി പ്രധാനമന്ത്രിയായത്. ഒരു സംസ്ഥാനത്ത് നടപ്പാക്കിയത് പോലെയുള്ള കൂട്ട വംശഹത്യ വിശാലമായ ഒരു രാജ്യത്ത് പ്രായോഗികമല്ല. അതിനാല്‍ ഇടക്കിടെയുള്ള ജനക്കൂട്ടത്തിന്റെ കൊലപാതകത്തിലൂടെ വംശഹത്യക്കിരയാക്കാന്‍ ഉദ്ദേശിക്കുന്ന സമുദായത്തെ ഭയപ്പെടുത്തി മൃതപ്രായമാക്കുകയാണ് സംഘ്പരിവാറിന്റെ അജണ്ട. ഇപ്പോള്‍ നടക്കുന്ന പശുഭീകരത പ്രയോഗവത്കരിക്കുന്നത് ഈ അജണ്ടയാണ.് ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സമൂഹത്തിന് ദൗത്യം നിര്‍വഹിക്കാനുള്ളത്.
മുസ്‌ലിം സമുദായത്തിന്റെ നില എന്താണെന്നും അവര്‍ ചെയ്യേണ്ടത് എന്താണെന്നും വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടണ്ട്. 'ജനങ്ങള്‍ക്കു വേണ്ടി നിയുക്തരായ ഉത്തമ സമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു' (3:110). മുസ്‌ലിം ഉമ്മത്തിന്റെ നിലയെയും അവര്‍ ചെയ്യേണ്ട ദൗത്യത്തെയും ആറ്റിക്കുറുക്കി ഖുര്‍ആന്‍ മേല്‍വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. വിശ്വാസികള്‍ നീതിക്ക് സാക്ഷികളാകണമെന്നും സത്യത്തിന് സാക്ഷികളാകണമെന്നും മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതും ഇതേ ദൗത്യത്തിന്റെ വിശദീകരണമാണ്. മുസ്‌ലിം സമുദായത്തിന്റെ ഈ സ്ഥാനത്തിനോ അവരുടെ ഈ ദൗത്യത്തിനോ കാലദേശവ്യത്യാസമില്ല. മുന്‍ഗണനാക്രമവും രീതിശാസ്ത്രവും മാത്രമേ കാലദേശ വ്യത്യാസമനുസരിച്ച് ആവശ്യമെങ്കില്‍ വ്യത്യാസപ്പെടൂ. നന്മ കല്‍പിക്കുക, തിന്മ തടയുക എന്ന ദൗത്യത്തിന് പ്രധാനമായും രണ്ട് തലമുണ്ട്. ഒന്ന് രചനാത്മകം. മറ്റൊന്ന് നിഷേധാത്മകം. നന്മ കല്‍പിക്കുകയാണ് രചനാത്മക തലം. പക്ഷേ തിന്മയെ പ്രതിരോധിക്കുകയെന്ന നിഷേധാത്മക തലത്തെ ആശ്രയിച്ചാണ് ഇതിരിക്കുന്നത്. അതായത് തിന്മയെ പ്രതിരോധിച്ചാലേ നന്മ പ്രചരിപ്പിക്കാന്‍ കഴിയൂ. കാരണം നന്മ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും തടയുന്ന വിധം തിന്മ വ്യാപിച്ചാല്‍ അതിനെയാണല്ലോ ആദ്യം പ്രതിരോധിക്കേണ്ടത്. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ജിഹാദ് എന്നാണ് പറയുക. അതിന്റെ അര്‍ഥം വാളും ബോംബും കൊണ്ടുള്ള യുദ്ധം എന്നല്ല. ഇംഗ്ലീഷില്‍ സ്ട്രഗ്ള്‍ എന്നും മലയാളത്തില്‍ സമരം എന്നും പറയുന്നതിന്റെ സമാന അറബി സാങ്കേതിക പദമായ ജിഹാദിന് യുദ്ധം എന്നതിനേക്കാളാക്കെ വിശാലമായ അര്‍ഥമാണുള്ളത്. നീതിനിഷേധത്തിനെതിരായും അവകാശ സംരക്ഷണത്തിനായുമുള്ള എല്ലാ ജനാധിപത്യപരമായ സമരങ്ങളും ജിഹാദാണ്. അതുപോലെ ഇത്തരം സമരം ഉള്ളടക്കമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ജിഹാദാണ്. ജിഹാദ് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ്, നമ്മുടെ ക്ലാസിക്കല്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളെല്ലാം രാഷ്ട്രീയ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യായങ്ങള്‍ക്കു കീഴിലാണ് ജിഹാദ് പരാമര്‍ശിച്ചിരിക്കുന്നത് എന്നതാണ്. ജനാധിപത്യമോ ജനാധിപത്യപരമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ വികസിച്ചിട്ടില്ലാത്ത കാലത്ത് നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള ജിഹാദ് തീര്‍ച്ചയായും സായുധ യുദ്ധം തന്നെയായിരുന്നു. രക്തച്ചൊരിച്ചില്‍ ഇല്ലാതെ തന്നെ ജിഹാദ് സാധ്യമാകുമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തില്‍ മനുഷ്യരക്തം പവിത്രമായി പ്രഖ്യാപിച്ച ഇസ്‌ലാമിന് യാതൊരു സംശയവുമില്ല.
അതുപോലെ ഇത്തരം ജിഹാദ് മുസ്‌ലിംകളുടെ മാത്രം നീതിക്കും അവകാശത്തിനും വേണ്ടിയുള്ളതുമല്ല. ആര്‍ക്കാണോ നീതിയും അവകാശവും നിഷേധിക്കപ്പെടുന്നത് അവര്‍ക്കെല്ലാം വേണ്ടിയുള്ള സമരമാണ്. അതിന് മത-ജാതി പരിഗണനകളില്ല. മുസ്‌ലിംകള്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നതെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കുവേണ്ടി സമരം ചെയ്യണം. ദലിതന്നാണ് നിഷേധിക്കപ്പെടുന്നതെങ്കില്‍ അവര്‍ക്കുവേണ്ടിയും സമരം ചെയ്യണം, സവര്‍ണര്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നതെങ്കില്‍ അവര്‍ക്കു വേണ്ടിയും സമരം ചെയ്യണം. ഈ സമരത്തിലേര്‍പ്പെടുന്ന ഒരു മുസ്‌ലിമിന്റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗമാണെങ്കിലും അതിന്റെ സാമൂഹിക ലക്ഷ്യം ലിബറേഷന്‍ അഥവാ ബന്ധപ്പെട്ട സമൂഹത്തിന്റെയോ വ്യക്തികളുടെയോ ഭൗതികമായ വിമോചനമാണ്. അല്ലാതെ അവരെ ഇസ്‌ലാമിലേക്ക് 'മാര്‍ക്കം' കൂട്ടലല്ല. ദീനില്‍ ബലാല്‍ക്കാരമില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതില്‍നിന്നുതന്നെ ജിഹാദിന്റെ അല്ലെങ്കില്‍ സമരത്തിന്റെ സാമൂഹിക ലക്ഷ്യം ഭൗതികമായ മോചനം അഥവാ ലിബറേഷന്‍ ആണ് എന്ന് വ്യക്തമാവുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ നീതി നിഷേധിക്കുന്നതും പൗരാവകാശം ചവിട്ടിമെതിക്കുന്നതും ഹിന്ദുത്വ ഫാഷിസമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന്റെ ഇന്നത്തെ ഇരകള്‍ മുസ്‌ലിംകളും ദലിതുകളുമാണെന്നതിലും തര്‍ക്കമില്ല. ആര്‍.എസ്.എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയുടെ ആശയപരവും പ്രായോഗികവുമായ പിന്‍ബലത്തിലാണ് ഇതെല്ലാം നടക്കുന്നത്. പണ്ട് ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പരോക്ഷ പിന്‍ബലമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെ പ്രത്യക്ഷത്തില്‍ തന്നെയുള്ള പിന്തുണയുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ സങ്കീര്‍ണവും ഗുരുതരവുമാക്കുന്നത്. ഇതിനെതിരെ പൊരുതുകയെന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ ബാധ്യതയാണെന്ന് അവരുടെ നിയോഗ ലക്ഷ്യത്തില്‍നിന്നുതന്നെ സുതരാം വ്യക്തമാണ്. പക്ഷേ ഈ സമരം എങ്ങനെ ചെയ്യണം എന്നതാണ് അടുത്ത പ്രശ്‌നം. തീര്‍ച്ചയായും മുസ്‌ലിംകള്‍ ഒറ്റക്കും സമാനമനസ്‌കരുമായി ചേര്‍ന്നുമുള്ള ഫാഷിസ്റ്റ്‌വിരുദ്ധ സമരം അനിവാര്യമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
മുസ്‌ലിംകള്‍ സ്വന്തം നിലക്കു തന്നെ ഫാഷിസ്റ്റ്‌വിരുദ്ധ സമരത്തില്‍ ഇടപെടണമെന്ന് പറയാന്‍ കാരണം രണ്ടാണ്: ഒന്ന്, ഖുര്‍ആനില്‍ പറയുന്ന നിയോഗ ദൗത്യത്തിന്റെ രചനാത്മക തലം. അതായത് നന്മ പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും മുസ്‌ലിംകള്‍ക്ക് സാധ്യമാകണമെങ്കില്‍ ഭയമില്ലാത്ത, ആത്മവിശ്വാസമുള്ള സമുദായമായിത്തീരണം അവര്‍. പണ്ടൊന്നുമില്ലാത്ത വിധം ഫാഷിസം മുസ്‌ലിം സമുദായത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നുവെന്നത് നേരാണ്. ഈ ഭീതിയില്‍നിന്ന് അവരെ മോചിപ്പിച്ചേ പറ്റൂ. ആദര്‍ശ-ധാര്‍മിക പ്രഭാഷണങ്ങള്‍ കൊണ്ട് മാത്രം ഈ ആത്മവിശ്വാസം തിരിച്ചുപിടിക്കാനാവില്ല. കൃത്യമായ സാമൂഹിക ഇടപെടല്‍ അതിന് അനിവാര്യമാണ്. ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഒരു കാര്യം ചെയ്യാന്‍ അനിവാര്യമായ കാര്യം ചെയ്യലും നിര്‍ബന്ധമാണ്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ഫാഷിസത്തിനെതിരില്‍ അണിനിരന്നാല്‍ അത് മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ആത്മ വിശ്വാസം ചെറുതായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ ഇപ്പോള്‍ രൂപപ്പെട്ടിട്ടില്ലെങ്കിലും മുസ്‌ലിം സംഘടനകള്‍ ജുനൈദിന്റെ രക്തസാക്ഷിത്വത്തിനുശേഷം ആലസ്യം വിട്ടൊഴിഞ്ഞ് ഫാഷിസത്തിനെതിരെ രംഗത്തുവന്നുകൊണ്ടിരിക്കുന്നുവെന്നത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. തങ്ങളുടെ നിയോഗ ലക്ഷ്യത്തെ കുറിച്ച് അവര്‍ പൂര്‍ണമായും അജ്ഞരല്ല എന്നതിന്റെ തെളിവാണത്.
മറ്റൊന്ന്, ഇന്ത്യയിലെ ഏറ്റവും പ്രബല ന്യൂനപക്ഷമായ ഒരു സമുദായം ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തെരുവിലിറങ്ങിയാല്‍ ആ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഒരു ഫാഷിസ്റ്റ് ഗവണ്‍മെന്റിനും കഴിയില്ല എന്നുള്ളതാണ്. അതിനുള്ള ജനാധിപത്യമൊക്കെ ഇപ്പോഴും ഇന്ത്യയിലുണ്ട്. മാത്രമല്ല അതുണ്ടാക്കുന്ന സമ്മര്‍ദം ഇതുവരെ ഒന്നും നഷ്ടപ്പെടാനില്ലാത്ത മതേതര സമൂഹത്തിനും അവഗണിക്കാനാവില്ല. അതിനാല്‍ അവരെ തെരുവിലിറക്കാനും അത് കൂടിയേ തീരൂ. മുസ്‌ലിംകള്‍ അവരുടെ അവകാശത്തിനുവേണ്ടി രംഗത്തിറങ്ങിയാല്‍ ധ്രുവീകരണമുണ്ടാകുമെന്നും അത് സംഘ്പരിവാറിനെ ശക്തിപ്പെടുത്തുമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതം മാത്രമല്ല അപകടകരവുമാണ്. മുസ്‌ലിംകര്‍തൃത്വത്തിലുള്ള എല്ലാ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെയും നിര്‍വീര്യമാക്കാനും നിഷേധിക്കാനും സോകോള്‍ഡ് മതേതരന്മാരുടെ കൈയിലെ ഏറ്റവും വലിയ വെടിമരുന്നാണ് ഈ വാദം എന്ന് തിരിച്ചറിഞ്ഞേ തീരൂ. അതേസമയം ഒരു ചെറു തീപ്പൊരി പോലും വീഴാനിടയില്ലാത്ത വിധം ഈ സമരം ജനാധിപത്യപരവും സമാധാനപരവുമാവുകയും വേണം. സമാധാനത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന ആത്യന്തിക പ്രതിരോധത്തിലേക്ക് സമുദായത്തിലെ ആരെങ്കിലും പോകുന്നുവെങ്കില്‍ സമുദായം ജാഗ്രത പുലര്‍ത്തുകയും വേണം. കാരണം ഫാഷിസം അതിനെയാണ് മുതലെടുക്കുക. കെ.ഇ.എന്‍ നിരീക്ഷിച്ചതുപോലെ, ഹിന്ദുത്വ ഫാഷിസം യൂറോപ്പിലെ പോലെ മുകളില്‍നിന്ന് കെട്ടിയിറക്കിയതല്ല, അടിയില്‍നിന്ന് മുകളിലേക്ക് കെട്ടിയുയര്‍ത്തിയതാണ്. അതായത് കാലങ്ങളായി ഇവിടെ അടിത്തട്ടില്‍ പൊതുബോധമായി വളര്‍ത്തപ്പെട്ട മുസ്‌ലിംവിരുദ്ധതയാണ് സവര്‍ണ ഫാഷിസത്തിന്റെ തുരുപ്പുചീട്ട്. അതിന് ഇന്ധനം പകരുന്ന നീക്കങ്ങളോ പ്രകോപനങ്ങളോ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായിക്കൂടാ. മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് അത്തരം നീക്കമുണ്ടായില്ലെങ്കില്‍ പോലും സംഘ് പരിവാറോ അവരോട് കൂറ് പുലര്‍ത്തുന്ന ഏജന്‍സികളോ മുസ്‌ലിംകളുടെ പേരില്‍ അതൊക്കെ ചെയ്തുകൂടായ്കയില്ല.
ബാബരി മസ്ജിദ് ധ്വംസനത്തിനും ഗുജറാത്ത് വംശഹത്യക്കും സൃഷ്ടിക്കാന്‍ കഴിയാത്ത ധ്രുവീകരണം ഇന്ത്യയിലുണ്ടാക്കിയത് ഈ രണ്ട് സംഭവങ്ങള്‍ക്കും ശേഷം ഇന്ത്യന്‍ നഗരങ്ങളിലുണ്ടായ ചില പൊട്ടിത്തെറികളായിരുന്നു. ഈ പൊട്ടിത്തെറികളില്‍ സംഘപരിവാറിന്റെ പങ്ക് തെളിയിക്കപ്പെട്ടതാണ്. ഇന്റലിജന്‍സ് ഏജന്‍സികളുടെ പങ്ക് ഒരിക്കലും പുറത്തുവരില്ലെങ്കിലും അതും ചൂിക്കാട്ടപ്പെട്ടതാണ്. എന്നാല്‍ ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ എന്ന ആശയം തീരെ ചെറുതെങ്കിലും ഒരു വിഭാഗത്തില്‍ വളര്‍ന്നതുകൊണ്ടാണ് സംഘ്പരിവാറിനും അവരോട് കൂറ് പുലര്‍ത്തുന്ന ഏജന്‍സികള്‍ക്കും പണി എളുപ്പമായത് എന്ന സത്യവും തിരിച്ചറിയാതെ പോകരുത്. അതിനാല്‍ അത്തരം ആത്യന്തിക ചിന്തകള്‍ക്കെതിരെയുള്ള ജാഗ്രതയും ബോധ വല്‍ക്കരണവും ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തിന്റെ തന്നെ ഭാഗമാണ്. 'നിങ്ങള്‍ സ്വന്തം കൈകളാല്‍ നിങ്ങളെ തന്നെ ആപത്തിലകപ്പെടുത്തരുത്' (ഖുര്‍ആന്‍ 2/195) എന്ന വേദസൂക്തം ഈ വിഷയത്തില്‍ മതിയായ ജാഗ്രതാ നിര്‍ദേശമാണ്. പക്ഷേ ഈ ബോധവല്‍ക്കരണം പരസ്പരം ഒറ്റുകൊടുക്കുന്ന തരത്തിലാകരുതെന്നു മാത്രം. മുസ്‌ലിം കൂട്ടായ്മകള്‍ ഒറ്റക്കോ കൂട്ടായോ ഫാഷിസ്റ്റ് പ്രതിരോധം അജണ്ടയാക്കുകയാണ് ഇത്തരം ആത്യന്തിക ചിന്ത സമുദായത്തില്‍ വളര്‍ന്നുവരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഫാഷിസ്റ്റ് പ്രതിരോധത്തില്‍ ചെയ്യേണ്ട രാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ ദൗത്യം മതേതര സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിരോധങ്ങളെയും അതെത്ര ചെറുതെങ്കിലും പിന്തുണക്കുകയും അത്തരം പ്രതിരോധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്. ആ സമരങ്ങളെ സംശയത്തിലാക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്ന നീക്കങ്ങളും വിശകലനങ്ങളും മുസ്‌ലിം പക്ഷത്തു നിന്ന് ഉണ്ടാകുന്നത് സൂക്ഷിക്കണം. പശുഭീകരതക്കെതിരെ 'നോട്ട് ഇന്‍ മൈ നൈയിം' (എന്റേ പേരില്‍ വേണ്ട) എന്ന ഹാഷ് ടാഗില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം ഉദാഹരണം. അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തില്‍ പ്രശ്‌നങ്ങളോ അപര്യാപ്തതകളോ ഉണ്ടാകാം. പ്രയോഗത്തില്‍ ചവിട്ടിത്താഴ്ത്തല്‍ അനുഭവിക്കുന്നുണ്ടെങ്കിലും ഏട്ടിലെങ്കിലും പല സാമൂഹിക നിയമങ്ങളുടെയും പരിരക്ഷയുള്ള ദലിത് വിഭാഗത്തിന്, പ്രത്യേകിച്ച് അവരിലെ അക്കാദമീഷ്യന്മാര്‍ക്ക് ഇത്തരം സമരങ്ങളുടെ ഉള്ളടക്കപരമായ അപര്യാപ്തതയെ കുറിച്ച് ചര്‍ച്ച ചെയ്യാം. പക്ഷേ ഏട്ടില്‍ പോലും വലിയ പരിരക്ഷയൊന്നുമില്ലാത്ത മുസ്‌ലിംകള്‍ക്ക് അതിന് നേരമില്ല. ഫാഷിസ്റ്റ് പ്രതിരോധം ആര് എത്ര ചെറുതായി നടത്തിയാലും അതിനെ പിന്തുണക്കാനേ മുസ്‌ലിംകള്‍ക്ക് കഴിയൂ. കാരണം അവരുടെ നിലനില്‍പിനാണ് ഇപ്പോള്‍ പ്രത്യക്ഷ ഭീഷണിയുള്ളത്.
മതേതര പ്രതിരോധത്തിന്റെ ഫലം രണ്ടാണ്. ഒന്ന് ഹ്രസ്വകാലത്തേക്കും മറ്റൊന്ന് ദീര്‍ഘ കാലത്തേക്കും. ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കുക തന്നെയാണ് ഹ്രസ്വകാല ഫലം. നന്നേ ചുരുങ്ങിയത് മോദിയുടെ വാ തുറപ്പിക്കാനെങ്കിലും നടേപറഞ്ഞ സമരത്തിന് കഴിഞ്ഞല്ലോ. രണ്ടാമത്തെ ഫലം ഇലക്ഷന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മോദിയെ അതിലൂടെ മാത്രമേ പുറത്താക്കാനാവൂ. അതിന് മോദി സര്‍ക്കാറിനെതിരെ പൊതുജനാഭിപ്രായം ഉണരണം. മത-ജാതി പരിഗണനകളില്ലാത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നാല്‍ മാത്രമേ അത്തരമൊരു പൊതുജനാഭിപ്രായം ഉണരൂ. വിശ്വാസികള്‍ക്ക് ആദര്‍ശപരവും ധാര്‍മികവുമായ കരുത്തുണ്ടെങ്കില്‍ നിങ്ങളില്‍ ഇരുപത് പേര്‍ക്ക് നൂറ് പേരെ അതിജയിക്കാം എന്ന വിശുദ്ധ വേദവാക്യം, തലയെണ്ണി തീരുമാനിക്കുന്ന ജനാധിപത്യത്തില്‍ പ്രസക്തമല്ലെന്ന കാര്യം ഫാഷിസ്റ്റ് പ്രതിരോധം മുസ്‌ലിംകള്‍ക്ക് ഒറ്റക്ക് നടത്തിക്കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കണം. കാരണം ഒരാള്‍ക്ക് ധാര്‍മികമായും ആദര്‍ശപരമായും എത്ര തന്നെ ശക്തിയുണ്ടായാലും അയാളുടെ വോട്ടിന്റെ വിലയും ഇതൊന്നുമില്ലാത്തവന്റെ വോട്ടിന്റെ വിലയും ജനാധിപത്യത്തില്‍ ഒന്നുതന്നെയാണ്.
അപ്പോള്‍ വേദഗ്രന്ഥത്തിലെ മേല്‍ പരാമര്‍ശങ്ങള്‍ക്ക് ഇക്കാലത്ത് ഒരു പ്രസക്തിയുമില്ലേ? തീര്‍ച്ചയായും പ്രസക്തിയുണ്ട്. അത് തുടക്കത്തില്‍ സൂചിപ്പിച്ച ഉമ്മത്ത് മുസ്‌ലിമയുടെ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നന്മ കല്‍പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ആദര്‍ശം പ്രസംഗിച്ചും ധാര്‍മികമായി ജീവിതം സംസ്‌കരിച്ചും ഒന്നും ചെയ്യാതെ ആകാശത്തുനിന്ന് മന്നയും സല്‍വയും ഇറക്കിത്തരുമെന്ന് കരുതി കൈയും കെട്ടി നോക്കിനില്‍ക്കലുമല്ല അത്. ഏതൊരു സമൂഹത്തിന്റെയും ആരോഗ്യകരമായ അതിജീവനം മൂന്നു തരം മൂലധനത്തെ ആശ്രയിച്ചാണിരിക്കുന്നത്. രാഷ്ട്രീയ മൂലധനം, സാമ്പത്തിക മൂലധനം, സാംസ്‌കാരിക മൂലധനം എന്നിവയാണവ. ഇതുണ്ടെങ്കില്‍ മാത്രമേ, ഏതൊരു സമുദായത്തെയും മറ്റു സമുദായങ്ങള്‍ക്ക് ആവശ്യമുണ്ടാവുകയുള്ളൂ. ഒരു ബഹുസ്വര സമൂഹത്തിലെ ആരോഗ്യകരമായ സഹവര്‍ത്തിത്വമെന്ന് പറയുന്നത് ആരില്‍നിന്നും ഔദാര്യമായി കിട്ടേണ്ടതല്ല. വ്യക്തികള്‍ പരസ്പരം ഔദാര്യം ചെയ്യും. പക്ഷേ സമുദായങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആധാരം പരസ്പരം ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുക എന്നതാണ്. ന്യൂനപക്ഷമാണെങ്കിലും മുസ്‌ലിംകളുടെ കൈവശം മേല്‍പ്പറഞ്ഞ മൂന്ന് മൂലധനവുമുണ്ടെങ്കില്‍ അവരെ എല്ലാവര്‍ക്കും ആവശ്യമുണ്ടാകും. പ്രാചീന മലബാറില്‍ സാമൂതിരി മുസ്‌ലിം കളോട് നല്ലനിലയില്‍ വര്‍ത്തിച്ചുവെന്ന് നാമെല്ലാം പറയാറുണ്ടല്ലോ. സാമൂതിരി മഹാ ഔദാര്യവാനായതുകൊണ്ടോ മതേതര വിശ്വാസിയായതുകൊണ്ടോ അല്ല അത്. മറിച്ച് സാമൂതിരിയുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് മുസ്‌ലിംകളുടെ സാമ്പത്തികവും സൈനികവുമായ ശക്തി ആവശ്യമായിരുന്നതുകൊണ്ടാണ്.
ഇതില്‍ രാഷ്ട്രീയ മൂലധനം ആര്‍ജിക്കുന്നതിന്റെ പ്രാഥമിക തലത്തെ കുറിച്ച് മാത്രമാണ് ഇതുവരെ പറഞ്ഞത്. അതായത് മുസ്‌ലിംകള്‍ ഒറ്റക്കും മറ്റ് മതേതര സമൂഹവുമായി ചേര്‍ന്നുമുള്ള ഫാഷിസ്റ്റ് പ്രതിരോധത്തിലൂടെ ഭയത്തില്‍നിന്ന് മോചനം നേടുകയും തങ്ങളുടെ ആദര്‍ശവും രാഷ്ട്രീയ-സാമൂഹിക പദ്ധതികളും എന്തുമാകട്ടെ, അതെല്ലാം സ്വതന്ത്രമായി പ്രബോധനം ചെയ്യാവുന്നതും ആര്‍ക്കെതിരെയും വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കാത്തതുമായ സഹിഷ്ണുതയുള്ള ഒരു ഇന്ത്യയെ തിരിച്ചുപിടിക്കുകയും ചെയ്യുക. ആരുമായി ചേര്‍ന്നുകൊണ്ടാണോ മുസ്‌ലിം കര്‍തൃത്വത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്ന ആലോചനയും പദ്ധതിയുമെല്ലാം ഇതിനോടൊപ്പം തന്നെ ഉണ്ടാകേണ്ടതുണ്ട്. ഇതും മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. ഇവിടെ നമ്മുടെ സ്വാഭാവിക സഖ്യകക്ഷികള്‍, വ്യവസ്ഥ അസ്പൃശ്യരും അടിമകളുമാക്കി പുറംപോക്കിലേക്ക് തള്ളിമാറ്റിയ പാര്‍ശ്വവല്‍കൃതരും അരികുവല്‍ക്കരിക്കപ്പെട്ടവരും തന്നെയാണ്. അത്തരക്കാരുടെ മോചനം കൂടി മുസ്‌ലിംകളുടെ ദൗത്യത്തിന്റെ ഭാഗമാണെന്നതിന്റെ സൂചനയാണ് 'ജനങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുനേല്‍പിക്കപ്പെട്ടവര്‍' എന്ന സൂക്തത്തില്‍ പൊതുവായി പറഞ്ഞത്. 'ഭൂമിയില്‍ ദുര്‍ബലരായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി എന്തുകൊണ്ട് നിങ്ങള്‍ സമരം ചെയ്യുന്നില്ല' (4:75) എന്നും, 'ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്നും അവരെ നേതാക്കളും അവകാശികളുമാക്കണമെന്നും നാം ഉദ്ദേശിക്കുന്നു' (28:5) എന്നുമുള്ള ഖുര്‍ആനിക പ്രഖ്യാപനങ്ങളില്‍ അതിന്റെ വിശദീകരണവുമുണ്ട്.
മുസ്‌ലിം ഉമ്മത്തിന്റെ മുഖ്യ ദൗത്യമായി വരുന്ന ദഅ്‌വത്തും ഇസ്വ്‌ലാഹുമെല്ലാം ഇതിന്റെ തുടര്‍ച്ചയോ പൂര്‍ത്തീകരണമോ ആണ്. നന്മ കല്‍പിക്കുകയെന്നതിന്റെ പ്രധാന താല്‍പര്യം തന്നെ ദഅ്‌വത്തും ഇസ്വ്‌ലാഹുമാണല്ലോ. ഇവയില്‍ ഏതാണ് പ്രഥമം, ദ്വിതീയം, തൃതീയം എന്നീ ചര്‍ച്ചകള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. സാധ്യതയും സാഹചര്യവും അനുസരിച്ച് ഒരുമിച്ച് നിര്‍വഹിക്കേണ്ടതും പരസ്പര പൂരകവുമായ ദൗത്യങ്ങളാണ് അവയെല്ലാം. ശൈലിയിലും സ്വഭാവത്തിലുമെല്ലാം വ്യത്യാസമുണ്ടാകുമെങ്കിലും നന്മ കല്‍പിക്കലും തിന്മ തടയലുമാണല്ലോ ഖൈറു ഉമ്മത്തിന്റെ ദൗത്യമായി പറഞ്ഞത്. മനുഷ്യരുടെ വിമോചനവും രാഷ്ട്രീയ ശാക്തീകരണവുമെല്ലാം അതിന്റെ ഭാഗമാണെന്നും പറഞ്ഞു. അപ്പോള്‍ ഈ ദൗത്യം നിര്‍വഹിക്കുന്ന ഉമ്മത്തിന്റെ അടിത്തറ വിശാലമാവുകയും വികസിക്കുകയും ചെയ്യണമല്ലോ. വ്യക്തിയുടെ വിമോചനത്തോടൊപ്പം സാല്‍വേഷന്‍ (പാരത്രിക മോക്ഷം) കൂടി അതിന്റെ ലക്ഷ്യമാണ്. ദഅ്‌വത്തിലൂടെയാണ് അത് നിര്‍വഹിക്കപ്പെടുന്നത്. ഇവിടെ ബലപ്രയോഗമോ മറ്റു സമ്മര്‍ദമോ പാടില്ലെന്നതും ഇസ്‌ലാമിന്റെ കര്‍ശന നിര്‍ദേശമാണ്. ജാതീയമോ വംശീയമോ ലിംഗപരമോ ആയ യാതൊരു പരിഗണനയുമില്ലാതെ ഇസ്‌ലാമിന്റെ നന്മയും കാരുണ്യവുമെല്ലാം പ്രബോധിതര്‍ക്ക് അനുഭവവേദ്യമാക്കുക എന്നതാണ് ഇതിലൂടെ നടക്കേണ്ടത്. ഇവിടെ ശത്രു പോലും ദഅ്‌വത്തിന്റെ അഭിസംബോധിതരാണ്. പക്ഷേ അക്കാര്യത്തില്‍ നമ്മുടെ ഇടപെടലുകളും സമീപനങ്ങളും നമ്മുടെതന്നെ രാഷ്ട്രീയ നിലപാടിനെ ദുര്‍ബലപ്പെടുത്താതിരിക്കാനുള്ള ഔചിത്യം പാലിക്കണമെന്നു മാത്രം. അതുപോലെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ ദഅ്‌വത്തിന് പ്രതിബന്ധമാകാനും പാടില്ല.
ദഅ്‌വത്തിന്റെ കാര്യത്തില്‍ പറച്ചിലിനേക്കാള്‍ ഉമ്മത്തിന്റെ ജീവിതമാണ് ഫലപ്രദമാവുക. അതുകൊണ്ടാണല്ലോ ദൗത്യം നിര്‍വഹിക്കുന്ന ഖൈറു ഉമ്മത്ത് എന്നുപറഞ്ഞത്. ഖൈറു ഉമ്മത്ത് സവര്‍ണരോ അവര്‍ണരോ അല്ല. സവര്‍ണരും അവര്‍ണരും ഒരുപോലെ ഉന്നതമായ സ്വഭാവമാര്‍ജിക്കുന്നതോടെ ഖൈറു ഉമ്മത്താകും. എന്നല്ല എല്ലാ കാലത്തും ഖൈറു ഉമ്മത്തിലേക്ക് കൂടുതലായി വന്നിട്ടുള്ളത് ജന്മനാ താഴ്ന്ന വിഭാഗത്തില്‍നിന്നാണെന്ന് ഏതൊരു നാട്ടിലെയും ഇസ്‌ലാമിന്റെ വ്യാപനചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അവര്‍ക്കാണ് പെട്ടെന്ന് ഇസ്‌ലാം വിമോചനമായി അനുഭവപ്പെടുക എന്നതുകൊണ്ടാണിത്. ദഅ്‌വത്തിന്റെ കൂടെ വ്യവസ്ഥ അരികുവല്‍ക്കരിച്ചവരുടെ വിമോചനത്തിനു കൂടി പദ്ധതികള്‍ വേണമെന്ന് പറയുന്നത് അതുകൊണ്ടാണ്. അപ്പോള്‍, രാഷ്ട്രീയ ശാക്തീകരണത്തിന് ദഅ്‌വത്ത് അനിവാര്യമായതുപോലെ, ദഅ്‌വത്ത് ഫലപ്രദമാകണമെങ്കില്‍ ഉമ്മത്തിന്റെ രാഷ്ട്രീയ ശാക്തീകരണവും അനിവാര്യമാണെന്നു വന്നു. അതുകൊണ്ടാണ് ഇതെല്ലാം പരസ്പരപൂരകമാണെന്ന് പറയുന്നത്.
ദഅ്‌വത്തിന്റെ കാര്യത്തില്‍ പറച്ചിലിനേക്കാള്‍ ജീവിതമാണ് ഫലപ്രദമെന്ന് സൂചിപ്പിച്ചുവല്ലോ. അതായത് സമുദായത്തിന്റെ ജീവിതമാണ് ഏറ്റവും വലിയ സന്ദേശം. സമുദായത്തെ അതിന് പാകപ്പെടുത്തുകയാണ് ഇസ്വ്‌ലാഹ് കൊണ്ട് അര്‍ഥമാക്കുന്നത്. കേവലം ധാര്‍മികമായ ശിക്ഷണം മാത്രമല്ല ഇസ്വ്‌ലാഹ്. മറിച്ച് സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ശാക്തീകരണം കൂടിയാണ്. രാഷ്ട്രീയ ശാക്തീകരണവും പരോക്ഷമായി അതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ രാഷ്ട്രീയ മൂലധനം, സാമ്പത്തിക മൂലധനം, സാംസ്‌കാരിക മൂലധനം എന്നിവ ആര്‍ജിച്ച ഖൈറു ഉമ്മത്തായി മുസ്‌ലിം ഉമ്മത്തിനെ പരിവര്‍ത്തിപ്പിക്കുകയാണ് അതിനകത്തെ എല്ലാ സംഘടനകളുടെയും പ്രധാന ദൗത്യമാകേണ്ടത്. അപ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും ആശ്രയിക്കാവുന്നതുമായ ഒരു സമുദായമായി അവര്‍ മാറും. അത്തരമൊരു സമുദായത്തെ കൊന്നുതീര്‍ക്കാനോ അപരവല്‍ക്കരിക്കാനോ ഒരു ശക്തിക്കും സാധ്യമല്ല. ഇന്നത്തെ അവസ്ഥയില്‍ ഒരു സംഘടനക്കു മാത്രം അതിന് കഴിയില്ല. അതിനുവേണ്ടി എല്ലാ സംഘടനകളും ഒന്നാവുക എന്നതും പ്രായോഗികമല്ല. മറിച്ച് എല്ലാ സംഘടനകളും അവരുടെ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടണ്ടുതന്നെ തങ്ങളുടെ അജണ്ടയിലും പ്രവര്‍ത്തന പരിപാടിയിലും ഈ ദൗത്യം ഉള്‍ച്ചേര്‍ക്കുകയാണ് വേണ്ടത്.
Comments