ഒരു സെന്‍കഥയും മുസ്‌ലിം പേടിയുടെ പേറ്റുനോവുകളും
'എഴുതിയെടുത്തോ, ഞാനൊരറബി
കുട്ടികള്‍ എട്ട്........, ഒമ്പതാമത്തെയും
പുറപ്പെടാറായി. എന്താ ചൂടാകുന്നോ...?'
മഹ്മൂദ് ദര്‍വീഷ്
മുസ്‌ലിംകള്‍ പെറ്റുപെരുകി ഭൂരിപക്ഷമാകുമെന്ന 'പേടി'ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാമോഫോബിയക്കൊപ്പം പെറ്റുവീണതാണീ മുസ്‌ലിം പോപുലേഷന്‍ ഫോബിയയും. യൂറോപ്യന്‍ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മുസ്‌ലിം കുടിയേറ്റക്കാരുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യ ചൂണ്ടിക്കാട്ടി സ്ഥിരമായി ഈ മുസ്‌ലിം ഭീതി ജനിപ്പിക്കാറുണ്ട്. ഈ ന്യൂനപക്ഷ മുസ്‌ലിം പെറ്റ്‌പെരുകി നാളെ ഭൂരിപക്ഷമായി നമ്മുടെ നാടിന്റെ ഭരണം നിയന്ത്രിക്കുന്ന കാലം വരുമെന്നാണ് അവര്‍ സ്ഥിരമായി പ്രചരിപ്പിക്കാറ്. യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും പ്രചാരണങ്ങളുടെയും പിന്നിലും ഈ മുസ്‌ലിം പോപുലേഷന്‍ പേടി കാണാം. ആ പ്രചാരണത്തിന്റെ സാധ്യതയും അതുളവാക്കുന്ന ഭീതിയും എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് ഓരോ തവണയും വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്ന യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ കാണുകയും ചെയ്യാം.
ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായാണ് നിലവില്‍ ലോകസഭ-നിയമസഭാ മണ്ഡലങ്ങളും മറ്റു അധികാര സഭകളും നിര്‍ണയിക്കപ്പെടുന്നത്. കേരളത്തില്‍ മുസ്‌ലിംകള്‍ ഭാവിയില്‍ ഭൂരിപക്ഷത്തോടടുക്കുമെന്ന മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തലുകളുടെ യഥാര്‍ഥ ഉദ്ദേശ്യവും ഈ അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ അധികാരം മുസ്‌ലിംകള്‍ നിയന്ത്രിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന കാലം വരാന്‍ പോവുകയാണെന്ന് ഇതര സമുദായക്കാര്‍ക്കുള്ള മുന്നറിയിപ്പാണത്. മറ്റെല്ലാ ഭിന്നിപ്പും മറന്ന് ഭൂരിപക്ഷ സമുദായം സംഘടിക്കുകയോ അല്ലെങ്കില്‍ ഈ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ച തടയാനുള്ള പദ്ധതിയാവിഷ്‌കരിക്കുകയോ ചെയ്തില്ലെങ്കില്‍ നിലവിലെ അധികാര സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഒരേസമയം മറ്റു സമുദായങ്ങളെ ഭീതിപ്പെടുത്തുകയും മുസ്‌ലിംകള്‍ക്കെതിരെ സംഘടിക്കാന്‍ സമയമായെന്ന് ഉണര്‍ത്തുകയും ചെയ്യുകയാണ് ഈ സെന്‍വെളിപാടുകളുടെ ലക്ഷ്യം. ഇതിനായി ആഗോളതലത്തിലെ ഐഎസ് പേടിക്കൊപ്പം തദ്ദേശീയ ലൗ ജിഹാദുമെല്ലാം ചേര്‍ത്തു വെച്ച് നിലവിലെ ഇസ്‌ലാമോഫോബിയയുടെ പരിസരം പരമാവധി ചൂഷണം ചെയ്യാനുള്ള ശ്രമവും മുന്‍ ഡിജിപി നടത്തിയതായി കാണാം. യഥാര്‍ഥത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായത്തിലെ ജനസംഖ്യാ വര്‍ധനവ് ആരും ഭയപ്പെടേണ്ടതോ പ്രശ്‌നവല്‍കരിക്കേണ്ടതോ ആയ വിഷയമല്ല. ജനാധിപത്യ വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനെ അത് സ്വാധീനിക്കേണ്ടതുമില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ പൗരാവകാശങ്ങളും സാമൂഹിക നീതിയും പുലരണമെന്നാണല്ലോ ജനാധിപത്യത്തിന്റെ കാതല്‍. അത് ഉറപ്പുവരുത്തുന്നവര്‍ ഏത് മതക്കാരായാലും എന്താണ് വ്യത്യാസം? നിലവില്‍ ഭരണത്തെ നിയന്ത്രിക്കുന്നവര്‍ അതിനെ പേടിക്കുന്നുണ്ടെങ്കില്‍ ജനാധിപത്യ മൂല്യങ്ങളെക്കാളും സാമൂഹിക നീതിയേക്കാളും അവര്‍ മറ്റെന്തോ ലക്ഷ്യമിടുന്നുണ്ടെന്നല്ലേ അര്‍ഥം?
അങ്ങനെയാണെങ്കില്‍ ഒരു വിഭാഗത്തിന്റെ ജനസംഖ്യാ വര്‍ധനവ് അവരില്‍ അസ്വസ്ഥതയുണ്ടാക്കുക സ്വാഭാവികമാണ്. അത്തരം അസ്വാഭാവിക പ്രവണതകളെ മുന കൂര്‍പ്പിച്ചെടുക്കുന്ന രാഷ്ട്രീയായുധമായി മാത്രമേ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിന്റെ പേരിലുള്ള പേടിപ്പെടുത്തലുകളെ കാണേണ്ടതുള്ളൂ.
Comments