സ്‌നേഹസാമ്രാജ്യത്തിലെ ജന്തുജീവിതം
രാജ്യമാസകലം ജന്തുക്കള്‍ വലിയ ചര്‍ച്ചാ വിഷയമാവുകയുായി. മൃഗങ്ങളോട് ക്രൂരത തടയല്‍ നിയമത്തിന്റെ ചുവടുപിടിച്ച് പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നിവയുടെ വിപണനം, കശാപ്പ്, പരിപാലനം തുടങ്ങിയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടര്‍ന്നു. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍, കൊലപാതകങ്ങള്‍, പോര്‍വിളികള്‍ തുടങ്ങി ഗോരക്ഷകര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണി ഉയര്‍ത്തിയ സാഹചര്യം ദലിത്-ന്യൂനപക്ഷ വിഭാഗത്തിന്റെ ജീവിത സുരക്ഷിതത്വത്തെയും അത്യന്തം അപകടകരമായ വിധത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മനുഷ്യന്റെ സാമാന്യ യുക്തിബോധത്തെ പരിഹസിക്കുന്ന തരത്തിലാണ് പശുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഉന്മാദത്തിന്റെയും വിശ്വാസ തീവ്രതയുടെയും തലത്തിലേക്ക് പശുവ്യവഹാരങ്ങള്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്ന വിലയിരുത്തല്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. മനുഷ്യ ജീവന് കല്‍പിക്കാത്ത വില പശുക്കള്‍ക്ക് നല്‍കുന്ന രാജ്യത്ത് മൂല്യങ്ങളുടെ കുഴമറിച്ചിലാണ് സംഭവിച്ചിരിക്കുന്നത്. പശുവിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ രാജ്യനിവാസികളെ നെടുകെ പിളര്‍ത്തുന്ന അവസ്ഥയിലാണ്. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച ചിന്ത പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്താണ് മൃഗങ്ങളുടെ അവകാശങ്ങള്‍? യഥാര്‍ഥ ജന്തുസ്‌നേഹം എന്താണ്?
മനുഷ്യരുടെ അവകാശങ്ങള്‍ പോലെ പ്രധാനമാണ് ജന്തുക്കളുടെ അവകാശങ്ങളും. മനുഷ്യവര്‍ഗം തങ്ങളുടെ അവകാശ സംരക്ഷണത്തിന് നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കുന്നു. മിണ്ടാപ്രാണികളായ ജന്തുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതെ നോക്കേണ്ടത് മനുഷ്യരുടെ കടമയാണ്. മനുഷ്യനെ പോലെ ദൈവത്തിന്റെ സൃഷ്ടിയായ ജന്തുക്കള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശമുണ്ട്. മനുഷ്യലോകം പോലെതന്നെയാണ് ജന്തുലോകവും എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''ഭൂമിയില്‍ നടക്കുന്ന ഏതു മൃഗവും വായുവില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെ പോലുള്ള വര്‍ഗങ്ങള്‍ തന്നെയാകുന്നു. നാം അവരുടെ വിധിപ്രമാണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. പിന്നീട് അവയെല്ലാം തങ്ങളുടെ നാഥങ്കല്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാകുന്നു'' (അല്‍അന്‍ആം 38). ഈ സൂക്തം വിശദീകരിച്ച് സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഭൂമിയില്‍ ഇഴഞ്ഞു നടക്കുന്ന ജീവികള്‍, ജന്തുക്കള്‍, പ്രാണികള്‍, ഉരഗങ്ങള്‍, വിഹായസ്സിന്റെ വിരിമാറിലൂടെ പറന്നു നടക്കുന്ന പറവകള്‍ തുടങ്ങി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ അഖിലം ഓരോന്നും ഓരോ വംശവും വര്‍ഗവുമാണ്. ഓരോന്നിനുമുണ്ട് അവരുടേതായ സവിശേഷതകളും ജീവിതരീതികളും. മനുഷ്യവര്‍ഗത്തിന്റെ ജീവിതരീതിക്കും സവിശേഷതക്കും സമാനമായ അവസ്ഥ തന്നെയാകുന്നു അവയുടേതും'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).
ജന്തുക്കളോട് ദയയും കരുണയും കാട്ടുകയെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അനുശാസനയാണ്. ജന്തുക്കളോടും മിണ്ടാപ്രാണികളോടും കാട്ടുന്ന ക്രൂരത ദൈവശിക്ഷ ക്ഷണിച്ചുവരുത്തുന്ന പാപമായാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. വിശ്വാസിയുടെ ഹൃദയത്തില്‍നിന്ന് ഉറവയെടുക്കുന്ന കരുണ, സര്‍വ ചരാചരങ്ങളിലേക്കും പക്ഷിമൃഗാദികളിലേക്കും സസ്യലതാദികളിലേക്കും ഒഴുകിപ്പരക്കേണ്ടതാണെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു.
സവിശേഷ സ്ഥാനം
ഭൂമിയെ അധിവാസ യോഗ്യമാക്കുന്നതില്‍ മനുഷ്യനോടൊപ്പം പങ്കുവഹിക്കുകയും പ്രപഞ്ചത്തിന്റെ അനുസ്യൂതമായ അതിജീവന പ്രക്രിയയില്‍ സക്രിയമായി ഇടപെടുകയും ചെയ്യുന്ന ജന്തുവര്‍ഗത്തിന് അര്‍ഹവും സവിശേഷവുമായ സ്ഥാനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ക്ക് ജന്തുക്കളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. പശു, കന്നുകാലികള്‍, തേനീച്ച, ഉറുമ്പ്, ചിലന്തി, ആന തുടങ്ങിയ തലക്കെട്ടുകള്‍. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിന്റെ ശക്തിയും കഴിവും വിശദമാക്കുന്ന സൂക്തങ്ങള്‍ക്കിടയില്‍ ജന്തുക്കളെ സംബന്ധിച്ച സവിശേഷ പരാമര്‍ശം നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. 'തേനീച്ച' എന്ന അധ്യായത്തിലെ വിവരണം ഇങ്ങനെ: ''അവന്‍ കാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് വസ്ത്രമുണ്ട്, ഭക്ഷണമുണ്ട്, വേറെയും പലതരം പ്രയോജനങ്ങളുണ്ട്. അവയെ പ്രഭാതത്തില്‍ മേയാന്‍ വിട്ടയക്കുമ്പോഴും പ്രദോഷത്തില്‍ തിരിച്ചുകൊണ്ടുവരുമ്പോഴും നിങ്ങള്‍ക്കവയില്‍ കൗതുകമുണ്ട്. വലിയ ക്ലേശത്തോടു കൂടിയല്ലാതെ നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദിക്കുകളിലേക്ക് അവ നിങ്ങള്‍ക്കു വേണ്ടി ഭാരങ്ങള്‍ ചുമക്കുന്നു. നിങ്ങളുടെ നാഥന്‍ വളരെ കനിവുറ്റവനും ദയാപരനും ആകുന്നു. നിങ്ങള്‍ക്ക് സവാരി ചെയ്യുന്നതിനും നിങ്ങളുടെ ജീവിതം അഴകേറ്റുന്നതിനുമായി അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും കഴുതകളെയും സൃഷ്ടിച്ചു തന്നിരിക്കുന്നു. നിങ്ങള്‍ അറിയുക പോലും ചെയ്യാത്ത നിരവധി വസ്തുക്കളെയും അവന്‍ നിങ്ങളുടെ പ്രയോജനത്തിനു വേണ്ടി സൃഷ്ടിക്കുന്നു'' (അന്നഹ്ല്‍ 5-8).
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ സൂക്തങ്ങള്‍ വിശകലനം ചെയ്ത് എഴുതി: ''മനുഷ്യനുമായി സുദൃഢബന്ധമാണ് ജന്തുക്കള്‍ക്കുള്ളത്. മനുഷ്യനെ ചുറ്റിപ്പറ്റിയാണ് അവയുടെ ജീവിതം. ബാഹ്യവും ആന്തരികവുമായ അവയവങ്ങള്‍, ഇന്ദ്രിയങ്ങള്‍, വികാരം, ക്ഷോഭം എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യന് ശേഷമുള്ള ജീവിവര്‍ഗത്തില്‍ സവിശേഷ സ്ഥാനമാണ് ജന്തുക്കള്‍ക്കുള്ളത്. ആഹാരം, ഗതാഗതം, വസ്ത്രം തുടങ്ങിയ പ്രയോജനങ്ങള്‍ക്കപ്പുറം അവയുടെ സാമീപ്യം നല്‍കുന്ന ആനന്ദാനുഭൂതിയും അവ നല്‍കുന്ന സന്തോഷവും കണക്കിലെടുത്ത് അവയോടുള്ള പെരുമാറ്റം മാന്യവും ഉദാരവുമാവണമെന്ന സൂചന സൂക്തത്തിലുണ്ട്. രാവിലെ മേയാന്‍ പോകുന്നതും വൈകുന്നേരം വീടണയുന്നതും കൗതുകമുള്ള കാഴ്ചയായി വിശേഷിപ്പിക്കുന്ന ഖുര്‍ആന്‍ മനുഷ്യമനസ്സിലെ സഹൃദയഭാവത്തെ തൊട്ടുണര്‍ത്തുകയാണ്. അവയോടുള്ള സമീപനം കരുണാര്‍ദ്രവും സ്‌നേഹസമ്പന്നവുമാവണം. മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന്റെ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെടുത്തിയാണ് നബി(സ) കൈകാര്യം ചെയ്തത്. കേവല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമുപരി, തങ്ങളെ പോലെ തന്നെ ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശം മൃഗങ്ങള്‍ക്കുമുണ്ടെന്ന ബോധം മനുഷ്യമനസ്സില്‍ അങ്കുരിപ്പിക്കുകയാണ് ഇസ്‌ലാം. മൃഗങ്ങളോടുള്ള സമീപനത്തില്‍ പാകപ്പിഴ സംഭവിച്ചാല്‍ ഇടപെടുന്ന നബി(സ)യുടെ ശിക്ഷണരീതി ഇതിന് ഉത്തമോദാഹരണമാണ്'' (ഖുര്‍ത്വുബി, റാസി).
ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നല്‍കി ദൈവസ്‌നേഹം പിടിച്ചുപറ്റിയ ആളെക്കുറിച്ച് നബ(സ) പറഞ്ഞു: ദാഹിച്ചവശനായ ഒരാള്‍ അരികില്‍ കണ്ട കിണറ്റില്‍ ഇറങ്ങി ദാഹം തീര്‍ത്തു. പുറത്തുവന്നപ്പോള്‍ അയാള്‍ കണ്ടത് ദാഹം മൂത്ത് വെള്ളം ലഭിക്കായ്കയാല്‍ മണ്ണില്‍ ചിക്കിച്ചികയുന്ന നായയെയാണ്. തന്നെ വലച്ച ദാഹമാവും നായയെയും വലച്ചത് എന്നോര്‍ത്ത അയാള്‍ തന്റെ പാദരക്ഷ അഴിച്ച് അതില്‍ വെള്ളം കോരി നായക്ക് നല്‍കി. ദൈവം അയാള്‍ക്ക് നന്ദി പറയുകയും അയാളുടെ പാപം പൊറുത്തു കൊടുക്കുകയും ചെയ്തു. ഇതു കേട്ട അനുചരന്മാര്‍: 'മൃഗങ്ങളുടെ കാര്യത്തിലുണ്ടാകുമോ ഞങ്ങള്‍ക്ക് പ്രതിഫലം?' നബിയുടെ മറുപടി: 'തീര്‍ച്ചയായും; പച്ചക്കരളുള്ള എല്ലാറ്റിലുമുണ്ട് പ്രതിഫലം' (മാലിക്, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്).
''ദാഹം സഹിക്കാതെ കിണറിന് ചുറ്റും നാവു നീട്ടി അലയുന്ന നായയെ ക വേശ്യ, ആ ജന്തുവിന്റെ സ്ഥിതിയില്‍ മനസ്സലിഞ്ഞ് തന്റെ പാദരക്ഷയില്‍ വെള്ളമെടുത്ത് നായക്ക് നല്‍കി അതിന്റെ ദാഹമകറ്റി. ഈ സല്‍ക്കര്‍മം അവളുടെ പാപമോചനത്തിന് ഹേതുവായി'' (മുസ്‌ലിം).
ഒരാള്‍ നബിയോട്: ''ഞാന്‍ എന്റെ ഒട്ടകത്തിനു വേണ്ടി നിറച്ച പാത്രത്തില്‍നിന്ന് വേറൊരാളുടെ ഒട്ടകം വെള്ളം കുടിച്ചാല്‍ അതിന്റെ പ്രതിഫലം എനിക്കുണ്ടാവുമോ?'' നബി(സ) പറഞ്ഞു: ''തീര്‍ച്ചയായും. എല്ലാ പച്ചക്കരളിലുമുണ്ട് ധര്‍മം''(അഹ്മദ്).
ജന്തുക്കളോട് കരുണയോടെ പെരുമാറാന്‍ അനുശാസിക്കുന്നതോടൊപ്പം തന്നെ, മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും അവയെ പീഡിപ്പിക്കുന്നതും ദൈവത്തിന്റെ കഠിന ശിക്ഷക്ക് നിമിത്തമാകുന്ന കുറ്റമാണെന്നും ഉണര്‍ത്തി. ''പൂച്ചക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ചതു കാരണം ഒരു സ്ത്രീക്ക് നരകത്തില്‍ പ്രവേശിക്കേണ്ടിവന്നു. അവള്‍ അതിനെ കെട്ടിയിട്ടതു കാരണം അതിന് പുറത്തിറങ്ങി ആഹാരം തേടാനും പറ്റിയില്ല'' (ബുഖാരി, മുസ്‌ലിം).
മൃഗങ്ങളെ തീ കൊണ്ട് പൊള്ളിച്ചും അടയാളം വെച്ചും ക്രൂരത കാട്ടുന്നത് ദൈവകോപമേല്‍പ്പിക്കുന്ന കൊടും കുറ്റമായി നബി(സ) കണ്ടു. മുഖത്ത് അടയാളം വെച്ച കഴുതക്കരികിലൂടെ കടന്നുപോയ നബി(സ): ''അതിനെ ഈ വിധം അടയാളം വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു'' (മുസ്‌ലിം). ജന്തുക്കളുടെ മുഖത്ത് അടിക്കുന്നതും മുഖത്ത് അടയാളം ചാര്‍ത്തുന്നതും നബി(സ) നിരോധിച്ചു'' (ത്വബറാനി). ഗൈലാനുബ്‌നു ജുനാദ ഗോത്രക്കാരന്‍ പറഞ്ഞു: മൂക്കിന്മേല്‍ മുദ്ര കുത്തിയ ഒട്ടകത്തെയും കൊണ്ട് ഞാന്‍ നബി(സ)യുടെ സമീപം പോവാനിടയായി. അപ്പോള്‍ നബി(സ): ''അടയാളം വെക്കാന്‍ മുഖമല്ലാത്ത ഒരു ഭാഗവും നിങ്ങള്‍ കണ്ടില്ലേ? നിങ്ങളുടെ കാര്യത്തില്‍ ഖിസ്വാസ് (പ്രതിക്രിയ) വേണ്ടിവരും'' (ത്വബറാനി). ജാബിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ''മുഖത്ത് ചൂടുവെച്ചതു കാരണം കവിളിലൂടെ ചോരയൊലിക്കുന്ന കഴുത നബി(സ)യുടെ അരികിലൂടെ നടന്നുപോയി. ഇത് ചെയ്തവനെ അല്ലാഹു ശപിച്ചു. മുഖത്ത് ചൂടുവെക്കുന്നതും അടിക്കുന്നതും നബി ശക്തിയായി നിരോധിച്ചു'' (തിര്‍മിദി). ചാവുന്നതു വരെ ജന്തുക്കളെ തളച്ചിടുന്നതും ചിത്രവധം നടത്തുന്നതും നബി തടഞ്ഞു. ''മൃഗങ്ങളുടെ അംഗഛേദം നടത്തിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു.'' ശാപം കുറ്റത്തെക്കുറിച്ച സൂചനയാണെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി. അദ്ദേഹം തുടരുന്നു: ''മൃഗങ്ങളെ പീഡിപ്പിക്കുന്നത് നിഷിദ്ധമാക്കുന്നതാണ് ഈ ഹദീസുകള്‍. നിഷിദ്ധം ചെയ്യുന്നത് ശിക്ഷ അനിവാര്യമാക്കുന്നു. ശിക്ഷ കുറ്റത്തിന്റെ പ്രത്യാഘാതമാണ്.'' മൃഗങ്ങളുടെ വൃഷ്ണം ഉടച്ച് വന്ധീകരിക്കുന്ന പ്രാകൃത രീതി പ്രവാചകന്‍ വിലക്കിയിട്ടുണ്ടെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നു.
പീഡനം അരുത്
ലോകത്ത് നാനാതരം മൃഗപീഡനങ്ങള്‍ അരങ്ങേറുന്നുണ്ട്. കാളപ്പോര്, കോഴിയങ്കം, അമ്പെയ്ത്തിനും കത്തിയേറിനും നാട്ടക്കുറി, ജെല്ലിക്കെട്ട് എന്നിവ അവയില്‍ ചിലത് മാത്രം. അതിരില്ലാത്ത ക്രൂരത നിറഞ്ഞാടുന്ന ഈ അത്യാചാരങ്ങള്‍ എല്ലാവരുടെയും വിമര്‍ശനത്തിന് ഹേതുവായിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്തില്‍ ശിക്ഷാര്‍ഹമാണ് ഇത്തരം ഹീന കൃത്യങ്ങള്‍. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''മൃഗങ്ങള്‍ക്കിടയില്‍ നടത്തുന്ന അങ്കവും പോരും നബി(സ) നിരോധിച്ചു'' (അബൂദാവൂദ്, തിര്‍മിദി). അബ്ദുല്ലാഹിബ്‌നു ഉമറിബ്‌നുല്‍ ഖത്ത്വാബ് ഒരു സംഭവം ഓര്‍ക്കുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്രയിലാണ്. നബി(സ) എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയപ്പോള്‍ രണ്ടു കുഞ്ഞുങ്ങളെയും അടക്കിപ്പിടിച്ചിരിക്കുന്ന കിളിയെ കണ്ടു ഞങ്ങള്‍. കുഞ്ഞുങ്ങളെ ഞങ്ങള്‍ ബലമായി പിടിച്ചുകൊണ്ടുവന്നു. തള്ളക്കിളി കുഞ്ഞുങ്ങളെ പരതി നടക്കുന്നത് ശ്രദ്ധയില്‍പെട്ട നബി(സ): 'ആരാണ് കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുവന്ന് തള്ളക്കിളിയെ വേദനിപ്പിച്ചത്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരികെ കൊടുത്തേക്കൂ.' പറവകളെ നാട്ടക്കുറിയാക്കി വെച്ച് അമ്പെയ്ത് കളിക്കുന്ന കുട്ടികളെ ശ്രദ്ധയില്‍പെട്ട അബ്ദുല്ലാഹിബ്‌നു ഉമര്‍(റ): ''ജീവനുള്ള വസ്തുക്കളെ ഈവിധം നാട്ടക്കുറിയാക്കുന്നവനെ നബി(സ) ശപിച്ചിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).
ലോകത്തുള്ള ജനങ്ങളില്‍ മഹാ ഭൂരിപക്ഷം മാംസം ആഹരിക്കുന്നവരാണ്. സ്ലോട്ടര്‍ ഹൗസുകളില്‍ ആധുനിക യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചും സാധാരണ രീതിയിലും അറവ് നടത്തുന്നുണ്ട്. മനുഷ്യോപയോഗത്തിന് സൃഷ്ടിക്കപ്പെട്ട മൃഗങ്ങളെ ആഹാരാവശ്യത്തിന് ഉപയോഗപ്പെടുത്തുമ്പോള്‍ അനുവര്‍ത്തിക്കേണ്ട കശാപ്പു രീതികളെ സംബന്ധിച്ച് ഓരോ രാജ്യത്തും ചട്ടങ്ങളും നിയമങ്ങളുമുണ്ട്. തീറ്റയും ഭക്ഷണവും കിട്ടാതെ അവ അലഞ്ഞു തിരിഞ്ഞ് ചത്തൊടുങ്ങുന്നതിനേക്കാള്‍ അഭികാമ്യം മനുഷ്യോപകാരപ്രദമാകുന്ന വിധത്തില്‍ അവയെ മാന്യമായി അറുത്ത് ഭക്ഷിക്കാന്‍ സംവിധാനമൊരുക്കപ്പെടുകയാണ്. അറുക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട മര്യാദകളും രീതികളും നബി(സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്: ''നിങ്ങള്‍ അറുക്കുകയാണെങ്കില്‍ ആ അറവിലും വേണം ഉദാരവും നന്മനിറഞ്ഞതുമായ സമീപനം. കത്തി നല്ല മൂര്‍ച്ച കൂട്ടണം, അറുക്കുന്ന ഉരുവിന് ആശ്വാസം നല്‍കണം.'' അറുക്കുന്ന മൃഗത്തെ കശാപ്പുസ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകരുതെന്ന് ഉമര്‍(റ) കര്‍ശന നിര്‍ദേശം നല്‍കിയത് കാണാം.
മറ്റൊരു മൃഗത്തിന്റെ കണ്‍മുന്നില്‍ വെച്ച് അറുക്കുന്നതും അറുക്കുന്ന ഉരുവിന്റെ കണ്‍മുന്നില്‍ വെച്ച് കത്തിയണയ്ക്കുന്നതും നബി(സ) തടഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഒരാള്‍ മൃഗത്തെ ചരിച്ചിട്ട് കത്തി മൂര്‍ച്ച കൂട്ടാന്‍ ഒരുങ്ങി. അതു കണ്ട നബി(സ): അതിനെ രണ്ട് വട്ടം കൊല്ലണമെന്നുണ്ടോ നിങ്ങള്‍ക്ക്? ''അതിനെ ചരിച്ചിടുന്നതിന് മുമ്പാകാമായിരുന്നില്ലേ ഈ കത്തിയണയ്ക്കല്‍?'' (ത്വബറാനി). ബുഖാരിയുടെ നിബന്ധനയനുസരിച്ച് ഈ ഹദീസ് പ്രബലമാണെന്ന് ഹാകിം രേഖപ്പെടുത്തുന്നു. കശാപ്പുസ്ഥലത്തുനിന്ന് ഓടിപ്പോയ മൃഗത്തെ പിന്തുടര്‍ന്ന് അറവുകാരന്‍ അതിനെ വലിച്ചിഴച്ചുകൊണ്ട് വരുന്നത് കണ്ട റസൂല്‍(സ) ''അറവുകാരാ, അതിനെ സൗമ്യതയോടെ തെളിച്ചുകൊണ്ടുപോകൂ.''
മൃഗങ്ങളെ കൊല്ലുമ്പോള്‍ പോലും നന്മ നിറഞ്ഞ മനസ്സ് കൈവിടരുത്. നബി(സ) പറഞ്ഞു: ''എല്ലാറ്റിലും അല്ലാഹു നന്മ നിശ്ചയിട്ടുണ്ട്. നിങ്ങള്‍ മൃഗങ്ങളെ കൊല്ലുകയാണെങ്കില്‍ ആ കൊലപോലും നന്മയോടെ വേണം.'' തിന്നാത്ത മൃഗങ്ങളെ കൊല്ലുന്നതിനെ കുറിച്ചാണ് സൂചന. കടിക്കുന്ന നായ, വിഷസര്‍പ്പം, തുരപ്പന്‍ എലികള്‍ തുടങ്ങി മനുഷ്യജീവന് ഹാനികരമായ ജീവികളെ കൊല്ലുമ്പോള്‍ മര്യാദ കൈവെടിയരുതെന്ന് സാരം. അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഓര്‍ക്കുന്നു: നബി(സ)യോടൊപ്പം യാത്രയിലായിരുന്നു ഞങ്ങള്‍. ഉറുമ്പുകള്‍ പാര്‍ക്കുന്ന ഒരിടം ഞങ്ങള്‍ തീകൊണ്ട് കരിച്ചത് ശ്രദ്ധയില്‍പെട്ട നബി(സ): ''ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേ തീ കൊണ്ട് ശിക്ഷിക്കാന്‍ അവകാശമുള്ളൂ'' (അബൂദാവൂദ്). കാളക്കൂട വിഷം പേറുന്ന സര്‍പ്പങ്ങളെ പോലും ഒറ്റ അടി കൊണ്ട് കൊല്ലണമെന്നാണ് നിര്‍ദേശം. അബൂഹുറയ്‌റയുടെ റിപ്പോര്‍ട്ട്: ''സര്‍പ്പത്തെ ഒറ്റയടിക്ക് കൊന്നവന് മഹത്തായ പ്രതിഫലമു്. രണ്ടടി കൊണ്ടെങ്കില്‍ അതിന് താഴെ. മൂന്ന് കൊണ്ടെങ്കില്‍ അതിനും താഴെ'' (മുസ്‌ലിം). ''നായ്ക്കളും നിങ്ങളെ പോലെ ഒരു ജീവി വിഭാഗം അല്ലായിരുന്നുവെങ്കില്‍ അവയെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു'' (തിര്‍മിദി). ചില ഘട്ടങ്ങളില്‍ അത് പൊതു ശല്യമായി മാറുന്നുവെന്ന ന്യായം നിരത്തി കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെയാണ് നബിയുടെ പ്രസ്താവന.
ജന്തുക്കള്‍ക്ക് യഥേഷ്ടം മേയാനും വിശ്രമിക്കാനുമുള്ള സമയം നല്‍കണം. അബൂഹുറയ്‌റയുടെ റിപ്പോര്‍ട്ട്: ''പുല്ലുള്ള സസ്യസമൃദ്ധമായ ഭൂഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒട്ടകത്തിന് ഭൂമിയിലുള്ള ഓഹരി നിങ്ങള്‍ നല്‍കണം'' (മുസ്‌ലിം). ഈ ഹദീസ് വിശദീകരിച്ച നവവി(റ): ''ജന്തുക്കളോട് കനിവ് കാണിക്കണമന്നും അവയുടെ താല്‍പര്യം പരിരക്ഷിക്കണമെന്നുമാണ് ഈ ഹദീസിന്റെ സൂചന. പുല്‍മേടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവക്ക് യഥേഷ്ടം മേയാനും വിശ്രമിക്കാനുമുള്ള സൗകര്യം ചെയ്യണം.''
മൂന്നാള്‍ ഒന്നിച്ച് ഒട്ടകപ്പുറത്തേറരുത്. ജാബിര്‍(റ) റിപ്പോര്‍ട്ട്: ''സഞ്ചാരത്തിനുപയോഗിക്കുന്ന മൃഗത്തിന്റെ പുറത്ത് മൂന്നാള്‍ കയറുന്നത് നബി(സ) വിലക്കി.'' മൂന്നാളുകള്‍ ഒരു ഒട്ടകത്തിന്റെ പുറത്തേറി യാത്ര ചെയ്യുന്നത് കണ്ടാല്‍ അവരെ എറിയണം. അവരില്‍ ഒരാള്‍ താഴെ ഇറങ്ങട്ടെ. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയായി ഇതു കണ്ട അലി(റ)യുടേതാണ് കല്‍പന.
താങ്ങാനാവാത്ത ഭാരം മൃഗങ്ങളെ കൊണ്ട് വഹിപ്പിക്കുന്നതും വിലക്കി. മരണക്കിടക്കയില്‍ അബുദ്ദര്‍ദാഅ് (റ): ''(അരികെ കെട്ടിയ ഒട്ടകത്തെ നോക്കി) ഒട്ടകമേ! നാളെ, പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ എനിക്കെതിരില്‍ മൊഴി നല്‍കരുത്; നിനക്ക് വഹിക്കാന്‍ കഴിയാത്ത ഭാരം ഞാന്‍ നിന്റെ പുറത്തേറ്റിയിട്ടില്ല.''
ഇടതടവില്ലാതെ ജോലി ചെയ്യിച്ചും പട്ടിണിക്കിട്ടും മൃഗങ്ങളോട് കാട്ടുന്ന ക്രൂരത ദൈവശിക്ഷക്ക് നിമിത്തമാകുമെന്ന് നബി(സ) താക്കീതു നല്‍കി. അബ്ദുല്ലാഹിബനു ജഅ്ഫര്‍: ''ഒരുദിവസം എന്നെയും പിറകിലിരുത്തി നബി യാത്രചെയ്യുകയാണ്. ഒരു അന്‍സ്വാരിയുടെ തോട്ടത്തിലെത്തി. അവിടെയുണ്ട് ഒരൊട്ടകം. അതിനെ ക നബിയുടെ മനസ്സലിഞ്ഞു, കണ്ണ് നിറഞ്ഞു. നബി(സ) അതിന്റെ മുതുകില്‍ സ്‌നേഹത്തോടെ തടവിയപ്പോള്‍ അതിന് സമാധാനമായി. തുടര്‍ന്ന് നബി(സ): 'ആരാണ് ഈ ഒട്ടകത്തിന്റെ ഉടമ?' ഒരു അന്‍സ്വാരി യുവാവ്: 'റസൂലേ എന്റേതാണ് ആ ഒട്ടകം?'
നബി(സ): ''അല്ലാഹു നിന്റെ അധീനതയില്‍ തന്ന ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? നീ അതിനെ പട്ടിണിക്കിട്ടെന്നും ഇടതടവില്ലാതെ അതിനെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നും അതെന്നോട് പരാതിപ്പെട്ടുവല്ലോ?'' (അഹ്മദ്, അബൂദാവൂദ്).
വയറൊട്ടിയ ക്ഷീണിച്ചവശയായ ഒട്ടകത്തെ കണ്ട നബി(സ): ''ജന്തുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. ആരോഗ്യമുള്ള കാലത്ത് നിങ്ങള്‍ അതിനെ വാഹനമായി ഉപയോഗിക്കുക. ആരോഗ്യമുള്ള കാലത്തു തന്നെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക'' (അഹ്മദ്, അബൂദാവൂദ്).
മൃഗത്തിന്റെ ഉടമ അതിനോട് ക്രൂരത കാട്ടിയാല്‍ ഇടപെടാന്‍ ഭരണാധികാരിക്ക് അവകാശമുണ്ടെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഉടമ അതിന് നിര്‍ബന്ധമായും വെള്ളവും ഭക്ഷണവും നല്‍കിയിരിക്കണം. ഉടമ വീഴ്ച വരുത്തിയാല്‍ ഭരണാധികാരിക്ക് മൃഗത്തെ പിടിച്ചെടുത്ത് കൈമാറ്റം നടത്താന്‍ അവകാശമുണ്ട്. ഉറുമ്പുകള്‍ക്ക് ആഹാരം നല്‍കുന്നത് ശീലമാക്കിയ അദിയ്യുബ്‌നു ഹാതിം പറയുമായിരുന്നു: 'അവ നമ്മുടെ അയല്‍ക്കാരാണ്. ചില അവകാശങ്ങള്‍ അവക്കുമുണ്ട്.' മൃഗക്ഷേമത്തിനു വേണ്ടി മാത്രം നീക്കിവെക്കപ്പെട്ട വഖ്ഫുകള്‍ മുസ്‌ലിം രാജ്യങ്ങളിലുണ്ടായിരുന്നു. പ്രായാധിക്യത്തില്‍ അവശതയനുഭവിക്കുന്നതോ തൊഴില്‍ ചെയ്യാന്‍ കഴിയാത്തതോ ആയ ജന്തുക്കളുടെ സംരക്ഷണാര്‍ഥം 'മുറൂജുന്‍ ഖള്‌റാഅ്' (പച്ചപ്പുല്‍ മേച്ചില്‍പുറങ്ങള്‍) എന്ന പേരില്‍ വിസ്തൃത നിലങ്ങള്‍ ഓരോ പ്രദേശത്തും പ്രത്യേകം ഒരുക്കിവെക്കുന്നതില്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
സസ്യങ്ങള്‍ക്കുമുണ്ട് വേദന
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലെ 'ക്രൂരത' സസ്യങ്ങളെ പറിച്ചെടുക്കുമ്പോഴുമുണ്ട് എന്നതാണ് വസ്തുത. ബയോ ഫിസിക്‌സില്‍ അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സര്‍ ജഗദീഷ് ചന്ദ്രബോസ് (1858-1937) സസ്യങ്ങളെ പിഴുതെടുക്കുമ്പോഴും പൂക്കളെ പറിച്ചെടുക്കുമ്പോഴുമുള്ള അവയുടെ വേദനയും പിടച്ചിലും പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. സസ്യങ്ങളുടെ മരണപ്പിടച്ചില്‍ മൃഗങ്ങളുടെ പിടച്ചിലില്‍നില്‍നിന്ന് ഒട്ടും ഭിന്നമല്ലെന്ന് അദ്ദേഹം സമര്‍ഥിച്ചു. നിരവധി നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെ: ''ചെടികള്‍ക്ക് നോവും, അവക്ക് വേദന അനുഭവപ്പെടും. സ്‌നേഹം തിരിച്ചറിയാനും മനസ്സിലാക്കാനും അവക്കാവും.'' സംഗീതം ആസ്വദിക്കാനുള്ള കഴിവും അവക്കുണ്ടെന്ന് സമര്‍ഥിച്ച ശാസ്ത്രജ്ഞന്മാരുമുണ്ട്. വികാരങ്ങളും വേദനകളും പ്രതികരണ ശേഷിയുമുള്ള സസ്യങ്ങളോട് സസ്യാഹാരികള്‍ കാട്ടുന്ന ക്രൂരത മാത്രമേ മൃഗങ്ങളോട് മാംസാഹാരികളും കാട്ടുന്നുള്ളൂ എന്നതാണ് ഒരു വാദം.
ഇസ്‌ലാമില്‍ ദൈവഭക്തിയുടെ അടയാളമായി അനുശാസിക്കപ്പെട്ട മൃഗബലിയുടെ യഥാര്‍ഥ പ്രായോജകര്‍ ദരിദ്രരും സമൂഹത്തിലെ പാവങ്ങളുമാണ്. ''അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാന്‍ വേണ്ടിയാകുന്നു അത്. അങ്ങനെ അവയില്‍നിന്ന് നിങ്ങള്‍ ആഹരിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക'' (അല്‍ ഹജ്ജ് 28). ''അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു'' (അല്‍ ഹജ്ജ് 37).
ഭ്രാന്തവും അന്ധവും ആക്രമണോത്സുകവുമായി പ്രതികരിച്ചുകൊണ്ടല്ല ജന്തുസ്‌നേഹം പ്രകടിപ്പിക്കേണ്ടത്. യാഥാര്‍ഥ്യബോധത്തോടെ, ബുദ്ധിയുടെയും യുക്തിയുടെയും വിവേകത്തിന്റെയും പില്‍ബലത്തിലാവണം മൃഗസ്‌നേഹം. മൃഗങ്ങള്‍ക്കു വേണ്ടി സൃഷ്ടിക്കേണ്ടത് സ്‌നേഹസാമ്രാജ്യമാണ്. മനുഷ്യര്‍ നല്‍കുന്ന ഉദാത്ത സ്‌നേഹത്തിന്റെ തണലില്‍ സുരക്ഷിതമായി ജീവിക്കാനും മാന്യമായി ഈ ലോകത്തോട് വിടപറയാനുമുള്ള മൃഗങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുകൂടാ.
Comments