ഓരോ മനുഷ്യനും ഓരോ പ്രപഞ്ചമാണ്
''ഓരോ മനുഷ്യനും രണ്ട് സ്വത്വങ്ങളുണ്ട്. വിവേചനശക്തിയാകുന്ന ബുദ്ധിയാണ് ഒന്ന്. ചേതനാശക്തിയാകുന്ന ആത്മാവാണ് മറ്റൊന്ന്'' -ഇബ്‌നുഅബ്ബാസ്
ദൈവത്തിന്റെ സുന്ദരമായ കലയാണ് മനുഷ്യന്‍. സത്താപരമായ വിലയും മൂല്യവും മനുഷ്യന് മാത്രമേയുള്ളൂ. ഇതര ജീവജാലങ്ങള്‍ മനുഷ്യനോട് താരതമ്യത്തിനുപോലും അര്‍ഹമല്ല. അത്രയും ഉയര്‍ന്ന വിതാനത്തിലാണ് മനുഷ്യന്‍ നിലകൊള്ളുന്നത്. അതായത് മനുഷ്യനു തുല്യം മനുഷ്യന്‍ മാത്രം. ഓരോ മനുഷ്യനും വ്യത്യസ്തമായ ഓരോ പ്രപഞ്ചമാണ്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയെ പോലെയല്ല. കോടാനുകോടി മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചു മണ്ണടിഞ്ഞുപോയിട്ടുണ്ട്. കോടാനുകോടി മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കോടാനുകോടി മനുഷ്യര്‍ ഭൂമിയില്‍ പിറന്നുവീഴുകയും ചെയ്യും. ഈ മനുഷ്യരെല്ലാം രൂപത്തിലും ഭാവത്തിലും ചിന്തയിലും കഴിവിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്നു. അസാധ്യമായതിനെ സാധ്യമാക്കുന്നവനാണ് മനുഷ്യന്‍. സാധ്യതയുടെ അത്യപൂര്‍വതയുമാണ് അവന്‍/ അവള്‍. ചരിത്രം, സംസ്‌കാരം, സാഹിത്യം, കല, ദര്‍ശനം ഇവയൊക്കെ ആരാണ് സാധ്യമാക്കിയതെന്ന് ചോദിച്ചാല്‍ മനുഷ്യനെന്ന മറുപടിയേയുള്ളൂ.
മനുഷ്യനെ നിര്‍വചിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. വിശുദ്ധവേദവും നബിചര്യയുമാണ് ഇസ്‌ലാമിന്റെ ആധാരങ്ങള്‍. അവയുടെ പ്രമേയം മനുഷ്യനാണ്. മനുഷ്യസംബന്ധിയായ വര്‍ത്തമാനങ്ങളാണ് അവ മുന്നോട്ടുവെക്കുന്നത്. എവിടെ നിന്നാണ് മനുഷ്യന്റെ ഉത്ഭവം? ഭൂമിയില്‍ അവന്റെ ധര്‍മമെന്താണ്? എവിടേക്കാണ് അവന്റെ യാത്ര? ഇത്തരം അസ്തിത്വപ്രധാനമായ വിഷയങ്ങളാണ് ഇസ്‌ലാം ചര്‍ച്ച ചെയ്യുന്നത്. ദൈവം മനുഷ്യനെ സവിശേഷമായ അര്‍ഥത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഏറ്റവും സുന്ദരമായ രൂപത്തിലാണ് ദൈവം മനുഷ്യനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്ഥാനത്ത് കണ്ണ്, മൂക്കിന്റെ സ്ഥാനത്ത് മൂക്ക്, ചെവിയുടെ സ്ഥാനത്ത് ചെവി എന്നിങ്ങനെ ബാഹ്യാവയവങ്ങള്‍ ഓരോന്നും നിര്‍ണയിച്ചിരിക്കുന്നു. ആന്തരികാവയവങ്ങള്‍ക്ക് അവയുടേതായ സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഏതെങ്കിലും ഒരവയവം സ്ഥാനംതെറ്റി വന്നിരുന്നെങ്കില്‍ മനുഷ്യന്‍ വിരൂപനായി മാറിയേനെ. മനുഷ്യന്റെ മറ്റൊരു സവിശേഷതയാണ് ദൈവത്താല്‍ ആദരിക്കപ്പെട്ടവനാണെന്നത്: ''ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു'' (അല്‍ഇസ്‌റാഅ് 70).
മനുഷ്യനെ മനുഷ്യനാക്കുന്നത് അവനില്‍ അന്തഃസ്ഥിതമായ സ്വത്വവും സ്വത്വബോധവുമാണ്. സ്വത്വത്തിന് ഇസ്‌ലാം ഉപയോഗിച്ച സാങ്കേതിക ശബ്ദമാണ് നഫ്‌സ്. എളുപ്പത്തില്‍ നിര്‍വചിക്കാന്‍ സാധിക്കാത്ത ആശയമാണത്. അറബിഭാഷയില്‍ ഈ പദത്തിനര്‍ഥം ഏറ്റവും അമൂല്യമായത്, അങ്ങേയറ്റം വിലപിടിപ്പുള്ളത് എന്നൊക്കെയാണ്. മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന സത്ത ഏതാണോ അതാണ് സ്വത്വം. അതുതന്നെയാണ് നഫ്‌സും. സ്വത്വമെന്നാല്‍ മനുഷ്യന്റെ ശരീരമല്ല, അവയവങ്ങളല്ല, ബാഹ്യരൂപവുമല്ല. മറിച്ച് അവക്കപ്പുറമുള്ള അനിര്‍വചനീയമായ മറ്റെന്തോ ആണ്. സൗകര്യത്തിനുവേണ്ടി ബോധം, മനസ്സ് എന്നൊക്കെ പറയാറുണ്ട്. നഫ്‌സാകട്ടെ ബോധത്തിനും മനസിനും അതീതമായതും. ഇസ്‌ലാം പ്രയോഗിക്കുന്ന ഖല്‍ബ്, സ്വദ്ര്‍, ഫുആദ് തുടങ്ങിയ പദങ്ങള്‍ നഫ്‌സിന്റെ പര്യായങ്ങളാണെന്നു പറയാം. സ്വത്വത്തിന്റെ മൂന്ന് സ്വഭാവങ്ങളെയാണ് പ്രസ്തുത പദങ്ങള്‍ അടയാളപ്പെടുത്തുന്നത്. സ്വയം മാറിമറിയുന്നതും ജീവിതത്തിന്റെ ഗതിയെ നിര്‍ണയിക്കുന്നതുമായ സ്വത്വത്തിന്റെ സ്വഭാവത്തെ അടയാളപ്പെടുത്താനാണ് ഖല്‍ബ് എന്ന പദം പ്രയോഗിച്ചത്. ചിന്ത, സ്വഭാവം, പെരുമാറ്റം തുടങ്ങി എല്ലാറ്റിന്റെയും ഉറവിടത്തെ കുറിക്കുന്നു സ്വദ്ര്‍. വികാരവിചാരങ്ങള്‍ തീക്ഷ്ണമാവുന്ന ഇടമെന്ന അര്‍ഥത്തിലാണ് ഫുആദ് എന്ന് പ്രയോഗിച്ചിരിക്കുന്നത്.
മനുഷ്യന് രണ്ട് തലങ്ങളുണ്ട്. ജീവിതത്തിന് സൗന്ദര്യവും അനുഭൂതിയും ലഭിക്കുന്നത് ആ രണ്ട് തലങ്ങളെയും സന്തുലിതമായി ക്രമീകരിക്കുമ്പോഴാണ്. ഒന്നാമത്തേത് ആധ്യാത്മികതയുടേതാണ്. ആത്മാവുള്ളവനാണല്ലോ മനുഷ്യന്‍. തന്റെ ആത്മാവിനെ മനുഷ്യനില്‍ സന്നിവേശിപ്പിച്ചിരിക്കുന്നുവെന്ന് ദൈവം വെളിപ്പെടുത്തുന്നുണ്ട്. ആത്മാവാണ് ആധ്യാത്മികമായി ആലോചിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വിശാലമായ തലത്തില്‍ നഫ്‌സിന്റെ ഭാഗമാണ് ആത്മാവ്. രണ്ടാമത്തേത് ബുദ്ധിയുടെ തലമാണ്. ബുദ്ധിയാണ് യുക്തിയുക്തമായി കാര്യങ്ങളെ നോക്കിക്കാണാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്. വിശാലമായ തലത്തില്‍ നഫ്‌സിന്റെ ഭാഗം തന്നെയാണ് ബുദ്ധിയും അതിന്റെ സവിശേഷതയായ യുക്തിയും. ആത്മാവും ധിഷണയും മനുഷ്യന്റെ സാധ്യതകളെയാണ് അടയാളപ്പെടുത്തുന്നത്. നക്ഷത്രങ്ങള്‍ക്കപ്പുറം അനശ്വരതയുടെ ചക്രവാളങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്നത് ആത്മാവാണെങ്കില്‍ വിവേചനബോധത്തോടെയും സ്വതന്ത്രമായും ധര്‍മത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് ബുദ്ധിയാണ്.
ആത്മാവും ബുദ്ധിയും ഉള്‍ച്ചേര്‍ന്ന സ്വത്വത്തിന്റെ സാന്നിധ്യമാണ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്. സ്വത്വമെന്ന ഒന്നില്ലെങ്കില്‍ മനുഷ്യന്‍ ഭൗതികവസ്തുവായി പരിണമിക്കുമായിരുന്നു. ഭൗതികശാസ്ത്രവീക്ഷണത്തില്‍ ചില ഭൗതികപദാര്‍ഥങ്ങള്‍ കൂടിച്ചേര്‍ന്ന അസ്തിത്വമാണ് മനുഷ്യന്‍. ഏഴു കഷ്ണം സോപ്പുണ്ടാക്കാനാവശ്യമായ എണ്ണ, ഏഴു പെന്‍സിലുണ്ടാക്കാനാവശ്യമായ കാര്‍ബണ്‍, നൂറ്റിയിരുപത് തീപ്പെട്ടിക്കോലിനു വേ ഫോസ്ഫറസ്, ഒരു കവിള്‍ വിരേചനൗഷധത്തിനാവശ്യമായ മെഗ്നീഷ്യം സാള്‍ട്ട്, ഒരിടത്തരം ആണി ഉണ്ടാക്കാനാവശ്യമായ ഇരുമ്പ്, ഒരു കോഴിക്കൂട് വെള്ള പൂശാനുള്ള ചുണ്ണാമ്പ്, ഒരു നായയുടെ തോല്‍ വൃത്തിയാക്കാവുന്ന ഗന്ധകം, പത്ത് ഗ്യാലന്‍ ജലം എന്നിവയാണ് പ്രസ്തുത പദാര്‍ഥങ്ങള്‍. ഇവ ശരിയായ അനുപാതത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യശരീരമായി. കൂടാതെ മണ്ണില്‍നിന്നാണ് മനുഷ്യന്റെ ഉത്ഭവം. മുട്ടിയാല്‍ മുഴക്കമുള്ള കറുത്ത ഗന്ധമുള്ള കളിമണ്ണ് എന്നാണ് ആ മണ്ണിനെ വിശുദ്ധവേദം വിശേഷിപ്പിക്കുന്നത്. മണ്ണ് അഴുകിയിഴുകി മിശ്രിതമാവുമ്പോഴാണ് കറുത്ത ഗന്ധമുള്ള കളിമണ്ണ് രൂപപ്പെടുന്നത്. അതേ കളിമണ്ണില്‍നിന്നു തന്നെയാണ് കീടങ്ങളും പുഴുക്കളും ഇതര ജീവജാലങ്ങളും സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ ഉയര്‍ന്ന സ്ഥാനത്ത് നിലകൊള്ളാനുള്ള കാരണം ദൈവം അവനില്‍ നിക്ഷേപിച്ച സ്വത്വമാണ്.
സ്വത്വത്തിന്റെ സാന്നിധ്യംകൊണ്ട് മാത്രം കാര്യമായില്ല. സ്വത്വത്തിന്റെ സാന്നിധ്യമല്ല മനുഷ്യന്റെ വിജയപരാജങ്ങളുടെ മാനദണ്ഡം. മറിച്ച് ആദര്‍ശവും ആദര്‍ശബോധവുമാണ്. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാകുന്നു' എന്നതാണ് ഇസ്‌ലാമിന്റെ ആദര്‍ശം. ആദര്‍ശം സ്വത്വത്തിലുറപ്പിച്ച് ദൈവത്തെയും ദൂതനെയും അനുസരിച്ച് ജീവിച്ചാല്‍ വിജയം ഉറപ്പ്; അല്ലെങ്കില്‍ പരാജയവും. ഇതര ജീവജാലങ്ങളില്‍നിന്ന് മനുഷ്യനെ വ്യതിരിക്തമാക്കുന്നതാണ് സ്വത്വം. സ്വത്വം പൂര്‍ണ സാക്ഷാല്‍ക്കാരം നേടുന്നത് ആദര്‍ശം വഴിയാണ്. ദൈവബോധവും പ്രവാചകധര്‍മത്തെക്കുറിച്ച ബോധവുമാണ് ആദര്‍ശം. ദൈവികവും പ്രവാചകന്‍ കാണിച്ചുതന്നതുമായ വഴികളിലൂടെ ജീവിതത്തെ ക്രമീകരിക്കുമ്പോഴാണ് പൂര്‍ണ മനുഷ്യന്‍ പിറവിയെടുക്കുന്നത്. സ്വത്വബോധവും ആദര്‍ശബോധവും സഹവര്‍ത്തിക്കുമ്പോഴാണ് പൂര്‍ണ മനുഷ്യന്‍ ഉാവുന്നത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന സ്വത്വബോധവും ആദര്‍ശബോധവും പരസ്പരബന്ധിതമാണ്. വിശുദ്ധവേദത്തിലും തിരുചര്യയിലും സ്വത്വം, ദൈവം, ദൂതന്‍ എന്നീ പദങ്ങള്‍ ഇടകലര്‍ന്നാണ് വരുന്നത്. ''പരമസത്യത്തെ (ദൈവം) തിരിച്ചറിഞ്ഞതിനാല്‍ ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം'' (അല്‍മാഇദ 86). ഒരു പ്രവാചക വചനം ഇപ്രകാരമാണ്: ''ആര്‍ സ്വത്വത്തെ തിരിച്ചറിഞ്ഞുവോ അവന്‍ തന്റെ നാഥനെ തിരിച്ചറിഞ്ഞിരിക്കുന്നു.'' ആദര്‍ശത്തെ സ്വത്വത്തോട് ബന്ധിപ്പിച്ച് വീും: ''സ്വത്വത്തില്‍ ആത്മാര്‍ഥമായി അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ലെന്ന് പ്രഖ്യാപിച്ചവനാണ് അന്ത്യദിനത്തില്‍ എന്റെ ശിപാര്‍ശയാല്‍ കൂടുതല്‍ സൗഭാഗ്യവാനാവുക'' (ബുഖാരി).
ഇതാണ് പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ മനുഷ്യ സങ്കല്‍പ്പം. മനുഷ്യരുടെ സര്‍വതോമുഖമായ വിമോചനമായിരുന്നു അവിടുന്ന് സ്വപ്‌നം കണ്ടത്. ഒരിക്കല്‍ പോലും ഒരാളെയും ലവലേശം അനാദരിച്ച സംഭവം പ്രവാചക ജീവിതത്തില്‍ കാണുക സാധ്യമല്ല. ജാതി, മത, വംശഭേദമില്ലാതെ ഓരോ മനുഷ്യനെയും പ്രവാചകന്‍ പരിഗണിച്ചു. ഒരിക്കല്‍ ഒരു ശവശരീരം വഹിച്ചുകൊുള്ള വിലാപയാത്ര പ്രവാചകന്റെ മുമ്പിലൂടെ കടന്നുപോവുകയുണ്ടായി. ഇതുകണ്ട പ്രവാചകന്‍ എഴുന്നേറ്റുനിന്നു. എഴുന്നേറ്റുനിന്നത് ശ്രദ്ധയില്‍പെട്ട അനുയായികള്‍ അതൊരു ജൂതന്റെ ശവശരീരമാണ് എന്ന് അറിയിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു: 'സ്വത്വം അഥവാ ആത്മാവ് ഉായിരുന്ന ശരീരം തന്നെയല്ലേ അത്.' മതജാതിഭേദമന്യേ ഏതൊരു മനുഷ്യന്നും അതുല്യ സ്ഥാനമാണുള്ളതെന്നും ഏതവസ്ഥയിലും അവന്‍ ആദരണീയനാണെന്നുമുള്ള പാഠമാണ് ഈ സംഭവം നല്‍കുന്നത്.
Comments