Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

ആതുര ചൂഷണകേന്ദ്രങ്ങള്‍!

ആര്‍.എ കൊടിയത്തൂര്‍

ഇന്ന് ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു മേഖലയാണ് ആതുരസേവനം. മനുഷ്യന്‍ വല്ലാതെ നിസ്സഹായനായിപ്പോകുന്ന രോഗാവസ്ഥയിലാണ് ഈ ചൂഷണം. തെറ്റായ ജീവിതരീതിയും പരിസരമലിനീകരണവും മറ്റു അരാജകത്വങ്ങളും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് നിത്യ രോഗങ്ങളിലേക്കാണ്. നിസ്സാര രോഗങ്ങള്‍ക്കു പോലും വലിയ ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി ചെല്ലുന്നവര്‍ കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. കമ്പനികള്‍ പുറത്തിറക്കുന്ന പലതരം മരുന്നുകളുടെ പരീക്ഷണശാലയായി മാറിയിരിക്കുന്നു നമ്മുടെ ശരീരം. അങ്ങനെ നിസ്സാരമോ ഗുരുതരമോ ആയ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന നമ്മള്‍ നിത്യരോഗികളാക്കി മാറ്റപ്പെടുന്നു.

ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളില്‍ പോലും കൂണുകള്‍ പോലെ പൊന്തിവരുന്ന സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കഥയാണ് ഏറ്റവും ഭയാനകം. എന്താണ് ഇവിടെ നടക്കുന്നതെന്ന് പലരും അറിയുന്നില്ല. അറിയാന്‍ ശ്രമിക്കുന്നില്ല. നമുക്ക് ഏറ്റവും നല്ല ചികിത്സ വേണം. അതിന് എന്തും ചെലവഴിക്കാന്‍ ഉള്ളവനും ഇല്ലാത്തവനും തയാറാണ്. ഇല്ലാത്തവന്‍ വിറ്റും കടം വാങ്ങിയും നാട്ടില്‍ പിരിവ് നടത്തിയും പണം കണ്ടെത്തുന്നു. ഈ പണം പേരും പ്രശസ്തിയും നേടിയ ഹൈടെക് എന്നവകാശപ്പെടുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ചെലവഴിക്കുന്നു. ഇവിടെനിന്ന് നമുക്ക് തിരിച്ചുകിട്ടുന്നതാകട്ടെ അതിനേക്കാള്‍ വലിയ രോഗമോ ദുരിതമോ മരണമോ ആണ്.

സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനീ കുറിപ്പെഴുതുന്നത്. മാതാവിന്റെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 40 ദിവസത്തോളം കോഴിക്കോട്ടെ അന്താരാഷ്ട്ര നിലവാരമവകാശപ്പെടുന്ന ഒരു ഹോസ്പിറ്റലില്‍ കഴിയേണ്ടിവന്നപ്പോഴുള്ള ദുരനുഭവം.

ചികിത്സക്കെത്തിയ രോഗിയെയും കൂടെയുള്ളവരെയും സുന്ദര വാഗ്ദാനങ്ങളും അമിത പ്രതീക്ഷയും നല്‍കി പ്രായമോ ആരോഗ്യമോ പരിഗണിക്കാതെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ഓപ്പറേഷന്‍ കഴിഞ്ഞതോടെ പലതരം ന്യായങ്ങള്‍ പറഞ്ഞ് കൈമലര്‍ത്തുകയുമാണ് അവര്‍ ചെയ്തത്. ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയില്‍ പലതരം ടെസ്റ്റുകള്‍ നടത്തി. ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ അടക്കം എന്തെല്ലാം ഉപകരണങ്ങളുണ്ടോ അതെല്ലാം നിരന്തരം ഉപയോഗപ്പെടുത്തി, അവസാനം ഭാരിച്ച ബില്ലും രോഗിയുടെ ഡെഡ്‌ബോഡിയും തിരിച്ചേല്‍പിക്കുകയായിരുന്നു. 40 ദിവസത്തെ ചികിത്സക്ക് ശേഷം മരണപ്പെട്ട രോഗിയെ വെന്റിലേറ്ററിലാക്കുകയും ഞായറാഴ്ച ആയതുകൊണ്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ലീവാണെന്നും തിങ്കളാഴ്ച ഡോക്ടര്‍ വന്നതിനു ശേഷം പറയാമെന്നും മരണത്തിന് സാക്ഷികളായ മക്കളോട് പറഞ്ഞതും അനുഭവത്തിലുണ്ട്.

ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്ന രോഗിയുടെ അവസ്ഥയാണ് ഏറെ പരിതാപകരം. നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഏറ്റവും നല്ല പരിചരണം കിട്ടണമെന്നാണ് നമ്മുടെ ധാരണയെങ്കില്‍ തെറ്റി. ശബ്ദം പുറത്തു വരാതിരിക്കാന്‍ വായക്ക് ടാപ്പ് ഒട്ടിച്ചും കൈകള്‍ കട്ടിലില്‍ ബന്ധിച്ചും മുഖത്തടിച്ചും അസത്യങ്ങള്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന തടവറകളാണ് മിക്ക ഐ.സി.യുവുകളും. മരണം സംഭവിച്ച രോഗികളെപ്പോലും ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തിയ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രോഗിയുടെ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇതിനകത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഇഷ്ടാനുസരണം മൊബൈല്‍ ഉപയോഗിക്കുന്നതിനോ ഉറങ്ങുന്നതിനോ നഴ്‌സുമാര്‍ക്ക് യാതൊരു തടസ്സവുമില്ല. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമാകേണ്ട ഇവിടം ക്രൂരതയുടെയും പൈശാചികതയുടെയും കേന്ദ്രമായി മാറിയതെന്തേ? കാരണമുണ്ട്. ഉപജീവനത്തിനു വേണ്ടി ഏറ്റവും തുഛമായ നിരക്കില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാര്‍, നീതിയും ന്യായവും നടപ്പാക്കാന്‍ അവകാശമില്ലാതെ  ഹോസ്പിറ്റല്‍ മുതലാളിമാര്‍ക്കു വേണ്ടി തൊഴിലെടുക്കുന്ന ഡോക്ടര്‍മാര്‍, പണത്തിനു വേണ്ടി മനുഷ്യത്വം പണയം വെച്ച ആശുപത്രി ഉടമസ്ഥര്‍.

ഇവിടെ നമുക്കെന്ത് ചെയ്യാനാകും? സമൂഹ മനസ്സാക്ഷി ഈ ചൂഷണത്തിനെതിരെ കണ്‍തുറക്കേണ്ടതില്ലേ? ഏറ്റവും മുന്തിയതിനെ തേടിപ്പോകുന്നവരാണ് നമ്മള്‍. ഇന്നല്ലെങ്കില്‍ നാളെ നമ്മളും മനുഷ്യത്വം അടിയറവെച്ച, കാരുണ്യം വറ്റിയ ഈ കൊടുംകെണിയില്‍ ചെന്നു ചാടും, തീര്‍ച്ച. ജീവിതം ആതുരസേവനത്തിന് മാറ്റിവെച്ച ഒട്ടനവധി മഹദ് വ്യക്തിത്വങ്ങള്‍ ഈ മേഖലയില്‍ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

 

 

സൂഫിസം, ചില വായനാ കുറിപ്പുകള്‍

 

സൂഫിസവുമായി ബന്ധപ്പെട്ടു നടത്തിയ വായനകളില്‍നിന്ന് ഉരുത്തിരിഞ്ഞു വന്ന ചില അഭിപ്രായങ്ങളാണ് ഇവിടെ കുറിക്കുന്നത്. സൂഫിസത്തെ ആത്മീയ പാരമ്പര്യവുമായി ചേര്‍ത്തു വെക്കുന്നത് കൊണ്ട് ആദ്യം എന്താണ് ആത്മീയത എന്ന് ലഘുവായി നിര്‍വചിക്കേണ്ടിവരും. മൂന്ന് കാര്യങ്ങളായാണ് പ്രധാനമായും ഇസ്‌ലാമിക വീക്ഷണത്തില്‍ ആത്മീയതയെ നിര്‍വചിക്കാന്‍ സാധിക്കുന്നത്. വിശ്വാസം, അനുഷ്ഠാനം, സൂക്ഷ്മത എന്നിവയാണവ. സൂഫിസത്തിന് വ്യത്യസ്തങ്ങളായ വായനകളും മനസ്സിലാക്കലുകളും അതിന്റെ അടിസ്ഥാനത്തില്‍ കുറേ വിഭാഗങ്ങളുമുണ്ട്. ശൈഖ് അഹ്മദ് ഉറൂജ് ഖാദിരിയുടെ 'ഇസ്‌ലാമിക സൂഫിസം' എന്ന ഗ്രന്ഥത്തില്‍ ഇത് പറയുന്നു്. എന്താണ് യഥാര്‍ഥ സൂഫിസം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥത്തിലേക്ക് എത്തിച്ചത്. മൂന്നു തരം സൂഫിസത്തെ കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇസ്‌ലാമിക സൂഫിസവും തത്ത്വശാസ്ത്ര സൂഫിസവും അദൈവിക സൂഫിസവുമാണവ. ഇതില്‍ ഇസ്‌ലാമിക സൂഫിസത്തെ പ്രതിനിധീകരിക്കുകയും ബാക്കിയുള്ള ധാരകളുടെ അപകടത്തെ കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. മുകളില്‍ ഉദ്ധരിച്ച നിര്‍വചനത്തോടെ ഇതിനെ സമീപിച്ചാല്‍ 'ഇസ്‌ലാമിക സൂഫിസം' ആണ് യഥാര്‍ഥ സൂഫി പ്രതിനിധാനം എന്ന് ബോധ്യപ്പെടും. സൂഫിസം ഒരു ഇസ്‌ലാമിക ആത്മീയ ധാരയാണ്. അതിനപ്പുറത്തേക്ക് അതിന് 'മതേതര' മതാതീത വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ആളുകളുടെ ഉദ്ദേശ്യശുദ്ധി സങ്കീര്‍ണമാണ്. ഇസ്‌ലാമിക സൂഫിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ നിര്‍ണയിക്കുന്നത് ഖുര്‍ആനും സുന്നത്തുമാണ്. ഖുര്‍ആനെയും സുന്നത്തിനെയും സമീപിക്കേണ്ട വിധത്തില്‍ സമീപിക്കുന്ന ആളുകള്‍ക്കു മാത്രമേ യഥാര്‍ഥ സൂഫി പ്രതിനിധാനം സാധ്യമാവുകയുള്ളൂ. ഖുര്‍ആനും സുന്നത്തുമല്ലാതെയുള്ള മറ്റെന്ത് മാര്‍ഗം സ്വീകരിച്ചാലും അത് അപകടത്തിലേക്കുള്ള എളുപ്പവഴിയാകും. പ്രമുഖ സൂഫിവര്യന്മാരെ ഉദ്ധരിച്ച് എന്താണ് യാഥാര്‍ഥ സൂഫിസം എന്ന് ഉറൂജ് ഖാദിരി വിശദീകരിക്കുന്നു്. അബ്ദുല്‍ ഖാസിം ഇബ്‌നു മുഹമ്മദ് നസ്രബാദി പറയുന്നു: ''സൂഫിസത്തിന്റെ അടിസ്ഥാനം ഏഴ് കാര്യങ്ങളാണ്; 1. ഖുര്‍ആനും സുന്നത്തും ഉള്‍ക്കൊള്ളല്‍. 2. മിഥ്യാ സങ്കല്‍പങ്ങളും ദുരാചാരങ്ങളും വെടിയല്‍. 3. ഗുരുനാഥന്മാരെ ആദരിക്കല്‍. 4. സൃഷ്ടികള്‍ക്ക് ന്യൂനതകള്‍ ഉണ്ടാകുമെന്ന് അംഗീകരിക്കല്‍. 5. സല്‍ക്കര്‍മങ്ങളുടെ നൈരന്തര്യം. 6. തെറ്റുകളില്‍നിന്ന് മുക്തി നേടാനുള്ള വ്രതം. 7. ദുര്‍വ്യാഖ്യാനങ്ങളോടുള്ള വിരക്തി.'' ഇങ്ങനെ കൃത്യമായും കണിശമായും സൂഫി അടിസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂഫിസത്തിന്റെ അടിസ്ഥാനം ഇഹ്സാന്‍ ആണെന്നതാണ് മറ്റൊരു നിര്‍വചനം. ഇഹ്സാന്‍ എന്നാല്‍ അല്ലാഹുവിനെ നേരില്‍ കാണുന്നു എന്ന വിധം കര്‍മങ്ങള്‍ അനുഷ്ഠിക്കലാണ്. കാരണം നമ്മള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ജീവിതത്തില്‍ സൂക്ഷിക്കേണ്ട അച്ചടക്കത്തിന്റെ പേരാണ് സൂഫിസം. ജീവിതവും കര്‍മവും സൂക്ഷ്മതയോടെ അതിര്‍വരമ്പുകള്‍ കൊണ്ട് പാകപ്പെടുത്തിയെടുക്കേണ്ടതാണ്. ഇതാണ് ആത്മീയതയുടെ പ്രധാന വശം.

 

ആതിഖ് ഹനീഫ് 

 

 

ദാമ്പത്യവിജയത്തിന്റെ ഒറ്റമൂലി

 

ഒരിണയും തുണയും വേണമെന്നത് പ്രായപൂര്‍ത്തിയായ ഏതൊരു പെണ്ണിന്റെയും ആണിന്റെയും ആഗ്രഹമാണ്; ദാഹമാണ്.

എന്നാല്‍ ഒരുപാട് പ്രതീക്ഷകളോടെ മണിയറയില്‍ പ്രവേശിക്കുന്ന ദമ്പതിമാരുടെ സ്വപ്‌നങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വാടിക്കരിഞ്ഞാലോ? ആ ദുരന്തം വിവരിക്കാന്‍ വാക്കുകളില്ല.

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി ഫലപ്രദമാണ്. അതുപോലെ ദാമ്പത്യവിജയത്തിന് വല്ല ഒറ്റമൂലിയുമുണ്ടണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോവുക സ്വാഭാവികം. നബിവചനങ്ങളില്‍ ആ ഒറ്റമൂലി കണ്ടെണ്ടത്തിയാലോ? അതില്‍പരം അനുഗ്രഹം വേറെയുണ്ടേണ്ടാ?

എന്താണ് ദാമ്പത്യവിജയത്തിന്റെ ഒറ്റമൂലി?

ഈ ഹദീസില്‍നിന്ന് അത് വായിച്ചെടുക്കാം:

'നിങ്ങളില്‍ ഏറ്റവും മാന്യന്‍ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്.' നബി(സ) പറഞ്ഞ ഒറ്റമൂലി പ്രയോഗിച്ചുനോക്കൂ, വിജയം ഉറപ്പ്. മാന്യനാവുക എന്നതാണ് ദാമ്പത്യവിജയത്തിന്റെ ഒറ്റമൂലി.

എന്താണ് മാന്യത?

സ്‌നേഹം, കാരുണ്യം, ദയ, സൗമ്യത, സഹകരണം, വിട്ടുവീഴ്ച തുടങ്ങി എല്ലാ മൃദുല വികാരങ്ങളും ചേര്‍ന്ന സ്വഭാവമേന്മയാണ് മാന്യത.

ദാമ്പത്യജീവിതത്തിലെ ദുരന്തങ്ങളില്‍ ഏറിയ പങ്കും ഇണകള്‍ സ്വയം വരുത്തിവെക്കുന്നതാണ്. വിവാഹജീവിതത്തിലേക്ക് കടക്കുമ്പോള്‍ നബി(സ)പറഞ്ഞ ഒറ്റമൂലിയെപ്പറ്റി പലരും ഒര്‍ക്കാറില്ല. ഇരു ഭാഗക്കാരുടെയും മനസ്സില്‍ മറ്റു പലതുമാണ് പരിഗണനക്ക് വരിക. സൗന്ദര്യം, പണം, സമൂഹത്തിലെ ഉന്നത പദവി, സ്വാധീനമുള്ള ബന്ധുക്കള്‍, ഉയര്‍ന്ന ശമ്പളമുള്ള ജോലി-അങ്ങനെ ഭൗതികമായ വിഭവങ്ങളെക്കുറിച്ചു മാത്രമായിരിക്കും ചിന്ത. ഈ പ്രതീക്ഷകള്‍ കൊഴിയുമ്പോള്‍ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുന്നു. പിന്നെ വഴക്കായി, കുറ്റപ്പെടുത്തലായി, പീഡനമായി, ഗത്യന്തരമില്ലാതെ 'മൂന്നും ചൊല്ലി' പിരിക്കലായി. ആര്‍ഭാടപൂര്‍വം നടത്തിയ പല വിവാഹങ്ങളുടെയും കഥാന്ത്യം ദയനീയമായ തകര്‍ച്ചയുടേതാണ്. അല്ലാഹുവും ദീനും പരലോകവും സത്യവും നീതിയും കാരുണ്യവും സ്‌നേഹവും ദാമ്പത്യത്തിന്റെ പുറത്തേക്ക് മാറ്റിനിര്‍ത്തിയ വിവാഹങ്ങളുടെയെല്ലാം ഗതി ഇതുതന്നെയാണ്.

പുരുഷനെന്ന ഒറ്റച്ചിറകില്‍ പറക്കുന്ന അത്ഭുത വാഹനമല്ല ദാമ്പത്യം. ചില പുരുഷകേസരികളുടെ വ്യാമോഹമാണത്. സ്ത്രീയും പുരുഷനും ചേര്‍ന്ന് ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനമാണ് ദാമ്പത്യം. സ്ത്രീയെന്ന  ചക്രം അടിച്ചുവളക്കുന്ന പുരുഷന്‍ സ്വന്തത്തെത്തന്നെയാണ് കുഴിയില്‍ ചാടിക്കുന്നത്. സ്ത്രീയെ  ഒറ്റപ്പെടുത്താനും അവഗണിക്കാനുമുള്ള ശ്രമം വിവരമില്ലാത്തവരുടെ ഭാഗത്തുനിന്നുമാത്രമേ ഉണ്ടാവൂ. തകര്‍ന്ന ദാമ്പത്യം താളംതെറ്റിയ ജീവിതത്തിലേക്ക് നയിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നവന് എങ്ങനെ വിശ്വാസപൂര്‍വം ദൈവസന്നിധിയില്‍ നില്‍ക്കാനാവും?

 

കെ.പി ഇസ്മാഈല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌