Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

മാലാഖമാരുടെ അനുഗ്രഹമാണ് ഇരകള്‍ക്ക് വേണ്ടത്

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഈജിപ്തിലെ ഗവണ്‍മെന്റ് സര്‍വീസില്‍ കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു എഞ്ചിനീയര്‍ കയ്‌റോയിലെ തന്റെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിനില്‍ സഹയാത്രികനായ ഒരു വൃദ്ധന്‍ തന്റെ കാലുകള്‍ക്കിടയില്‍ ഒരു ചാക്ക് ചേര്‍ത്തു പിടിച്ചതായും ഓരോ പതിനഞ്ച് മിനിറ്റ് കഴിയുമ്പോഴും ആ ചാക്ക് ഇളക്കുന്നതായും അയാളുടെ ശ്രദ്ധയില്‍പെട്ടു. യാത്രയിലുടനീളം ഇതാവര്‍ത്തിക്കുന്നതു കണ്ട അയാള്‍ വൃദ്ധനോട് കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'ഫര്‍ഷ്വൂത്വ ഗ്രാമത്തിലാണ് എന്റെ വീട്. കൃഷിപ്പാടങ്ങളില്‍നിന്ന് എലി, പെരുച്ചാഴി തുടങ്ങിയവയെ പിടിച്ച് കയ്‌റോയിലെ ശാസ്ത്ര പഠന വിഭാഗത്തിന് വില്‍ക്കുകയാണ് എന്റെ തൊഴില്‍. ഈ ചാക്കില്‍ നിറയെ എലികളാണ്. ഇടക്കിടെ ഞാന്‍ ഇവയെ ഇളക്കിയില്ലെങ്കില്‍ അവ ശാന്തരാവുകയും രക്ഷപ്പെടാനുള്ള മാര്‍ഗമെന്നോണം ചാക്ക് കരണ്ട് മുറിക്കുകയും ചെയ്യും. എന്നാല്‍ ഞാന്‍ ഇളക്കുന്നത് കാരണം അവ പരസ്പരം ശണ്ഠ കൂടുകയും രക്ഷപ്പെടാനുള്ള മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാതെ വരികയും ചെയ്യുന്നു.'

ചരിത്രത്തിലെ സ്വേഛാധിപതികളും മര്‍ദക ഭരണകൂടങ്ങളും മുറതെറ്റാതെ സ്വീകരിച്ചുവന്ന പ്രധാന തന്ത്രങ്ങളിലൊന്നാണ് മേല്‍പറഞ്ഞ കഥയിലെ കര്‍ഷകന്‍ സ്വീകരിച്ചത്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന പേരില്‍ ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഈ നയം പല നിറത്തിലും ഭാവത്തിലും ആധുനിക സമൂഹങ്ങളില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഫാഷിസ്റ്റ് മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരില്‍ ഇരകളുടെ-വിശിഷ്യാ മുസ്‌ലിംകളുടെ- ചെറുത്തുനില്‍പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പല ചര്‍ച്ചകളും, അതേതുടര്‍ന്ന് മിക്ക സംഘടനകളും വിഭാഗങ്ങളും സ്വീകരിച്ച സമീപനങ്ങളുമാണ് 'ചാക്കിലെ എലികളെ' വീണ്ടും ഓര്‍മയിലേക്ക് കൊുവന്നത്. 

ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ ഒന്നിച്ച് ഒറ്റക്കെട്ടായി അണിനിരക്കുന്നതിനു പകരം - അസ്സ്വഫ്ഫ് 4- ഫാഷിസ്റ്റ് വിരുദ്ധതയുടെ ആഴവും പരപ്പും കനവും തൂക്കവും പരിശോധിച്ച് പ്രസ്തുത പടയൊരുക്കത്തിന് കാര്‍മികത്വം വഹിക്കാന്‍ തങ്ങള്‍ മാത്രമാണ് യോഗ്യരെന്ന് സ്ഥാപിക്കുന്നതിനായി ഇരകള്‍ -മുസ്‌ലിം സംഘടനകള്‍ പ്രത്യേകിച്ചും- പരസ്പരം മത്സരിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായ ഇടങ്ങളെല്ലാം പരസ്പരം പഴിചാരുന്നതിനും കുറ്റമാരോപിക്കുന്നതിനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഫാഷിസ്റ്റുകള്‍ ഇരകളില്‍നിന്ന് ആഗ്രഹിക്കുന്നത്, ചാക്കിനുള്ളിലെ എലികളെപ്പോലെ പരസ്പരം കലഹിച്ച് മുസ്‌ലിം സംഘടനകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. 

മാലാഖമാര്‍ ഇറങ്ങുന്ന സമൂഹം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിം ഉമ്മത്തിനെ പരിചയപ്പെടുത്തിയത്; ''ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ മേല്‍ മാലാഖമാര്‍ വന്നിറങ്ങുന്നതാണ്''(ഫുസ്സ്വിലത്ത്: 30). ദൈവിക മാര്‍ഗത്തില്‍ വിശ്വാസികള്‍ ഒന്നിച്ച് അണിനിരന്ന ബദ്‌റിലും ഉഹുദിലും മാലാഖമാരുടെ സാന്നിധ്യവും സഹായവും ഉണ്ടായിരുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (അല്‍അന്‍ഫാല്‍ 12, ആലുഇംറാന്‍ 123: 126).

എന്നാല്‍, ഇതിന് വിപരീതമെന്നോണം ഇതേ സമൂഹത്തിനു മേല്‍ മാലാഖമാര്‍ക്ക് പകരം പിശാച് അവതരിക്കുന്ന മറ്റൊരു സാഹചര്യവും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ''പിശാചുക്കള്‍ വന്നിറങ്ങുന്നത് ആരിലാണെന്ന് നാം നിങ്ങളെ അറിയിച്ചുതരട്ടെയോ? തനി നുണയന്‍മാരും കുറ്റവാളികളുമായ എല്ലാവരിലുമാണ് പിശാച് വന്നിറങ്ങുന്നത്. അവര്‍ പിശാചുക്കളുടെ വാക്കുകള്‍ കാതോര്‍ത്ത് കേള്‍ക്കുന്നു. അവരിലേറെപ്പേരും കള്ളം പറയുന്നവരാണ്'' (അശ്ശുഅറാഅ് 221-223). 

പരസ്പരം നുണപറഞ്ഞ്, കട്ടുകേട്ട്, വ്യാജാരോപണം നടത്തി ജീവിക്കുന്ന സമൂഹത്തിനു മേല്‍ പിശാച് അവതരിപ്പിക്കുമെന്ന ഖുര്‍ആനിക വചനത്തിന്റെ ചില നേര്‍സാക്ഷ്യങ്ങളുണ്ട്. മൂന്ന് നൂറ്റാണ്ട് തുടര്‍ച്ചയായി ഭരണം നടത്തിയ ശേഷം, മാനവ ചരിത്രത്തില്‍ തുല്യതയില്ലാത്ത ശോഭന നാഗരികത സമര്‍പ്പിച്ച ശേഷം മൂക്കുകുത്തി വീണ മുസ്‌ലിം സ്‌പെയിന്‍ 'പിശാചുബാധ'യേറ്റ സമൂഹത്തിന്റെ ഒട്ടനവധി സ്മാരകങ്ങളില്‍ ഒന്നു മാത്രമാണ്. പതിനേഴാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ മുസ്‌ലിം ലോകത്ത് കടന്നു കയറാനും അവിടങ്ങളിലെ സാമ്പത്തിക ഉറവിടങ്ങള്‍ കൊള്ളയടിക്കാനും ക്രൈസ്തവ യൂറോപ്പിന് വഴിയൊരുക്കിയതും 'പിശാച് ബാധയേറ്റ' തലമുറ തന്നെയായിരുന്നു. 

അക്രമികളായ ഭരണകൂടവും ഫാഷിസ്റ്റ് ഭീകരതയും അരങ്ങു വാഴുന്ന ലോകത്ത് ശത്രുവിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇരകള്‍ പരസ്പരം കൊമ്പു കോര്‍ക്കുന്നത് ആത്മഹത്യാപരമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ അതിഭീകരമായ ദുരന്തങ്ങളിലൊന്നായിരുന്നു ഉസ്മാന്റെ(റ) രക്തസാക്ഷിത്വത്തിന് ശേഷം അലി(റ)യുടെയും മുആവിയ(റ)യുടെയും നേതൃത്വത്തിലുള്ള ഇരുസംഘങ്ങള്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് സ്വിഫ്ഫീന്‍ യുദ്ധത്തില്‍ ഏറ്റുമുട്ടിയത്. ഉസ്മാന്റെ(റ) കൊലപാതകത്തെ തുടര്‍ന്നുള്ള സമീപനം എന്തായിരിക്കണം എന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായിരുന്നു -അധികാരത്തിനു വേണ്ടിയുള്ള വടംവലി ആയിരുന്നില്ല- പ്രസ്തുത യുദ്ധത്തില്‍ കലാശിച്ചത്. മുസ്‌ലിംകള്‍ പരസ്പരം യുദ്ധം ചെയ്തതറിഞ്ഞ റോമാ സാമ്രാജ്യത്തിന്റെ അധിപന്‍ കോണ്‍സ്റ്റന്റൈന്‍ മുസ്‌ലിംകള്‍ക്കിടയിലെ പിളര്‍പ്പ് മുതലെടുക്കാന്‍ തീരുമാനിച്ചു. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ കാലം മുതല്‍ മുസ്‌ലിംകള്‍ റോമക്കാരില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ പറ്റിയ സുവര്‍ണാവസരമാണിതെന്ന് അയാള്‍ കണക്കുകൂട്ടി. വിവരമറിഞ്ഞ മുആവിയ കോണ്‍സ്റ്റന്റൈന് എഴുതിയ കത്തിലെ വരികള്‍ ഇപ്രകാരമായിരുന്നു: ''വിഡ്ഢിയായ റോമന്‍ രാജാവേ, മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് അവരോട് യുദ്ധം ചെയ്യാനൊരുങ്ങുകയാണോ താങ്കള്‍? യുദ്ധത്തിനായി താങ്കള്‍ സൈന്യവുമായി മുന്നിട്ടിറങ്ങിയാല്‍ അലി(റ)യുടെ സൈന്യത്തിലെ ഏറ്റവും ചെറിയ പോരാളിയായി ഞാന്‍ താങ്കള്‍ക്കെതിരെ പടപൊരുന്നതാണ്.'' ഈ സന്ദേശം വായിച്ച റോമന്‍ രാജാവ് മുആവിയയുമായി സന്ധിക്ക് തയാറായെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടു്. 

ഫാഷിസത്തെ പ്രതിരോധിക്കാനിറങ്ങുന്ന 'ഇരകള്‍' മുആവിയ നല്‍കിയ മറുപടി ആവര്‍ത്തിച്ച് ഉരുവിടുകയും ഉള്‍ക്കൊള്ളുകയുമാണ് വേണ്ടത്. മുന്നില്‍ നില്‍ക്കാനും പോരാട്ടത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും പരസ്പരം മത്സരിക്കുന്നതിനു പകരം ഒന്നിച്ചണി നിരക്കാനുള്ള വിശാല മനസ്സ് പ്രകടിപ്പിച്ച് മുന്നോട്ട് വരികയെന്നതാണ് അവരുടെ ചരിത്രപരമായ ദൗത്യം. 

ഫാഷിസ്റ്റ് ഭീകരതയുടെ കൂരിരുട്ടില്‍ ഇരകളെ പ്രതിനിധീകരിക്കുന്ന വിവിധ സംഘങ്ങളും സംഘടനകളും ഉഹുദ് മലഞ്ചെരുവില്‍ കാവല്‍നിന്ന പോരാളികളെപ്പോലെയാണ്. അവരോട് നബി(സ) അരുളിയത് ഇങ്ങനെയായിരുന്നു: ''ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് ജാഗ്രതയോടെ നില്‍ക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുക.'' അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും  അകാരണമായി കൊല്ലപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഇടങ്ങളില്‍നിന്നു കൊണ്ട് പോരാടുകയാണ് ഈ വിഭാഗങ്ങള്‍ ചെയ്യേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ഓരോരുത്തര്‍ക്കും തങ്ങള്‍ തിരിയുന്നതായ ഓരോ ദിശയുണ്ട്. അതിനാല്‍ നിങ്ങള്‍ നന്മയിലേക്ക് മത്സരിച്ചു മുന്നേറുക'' (അല്‍ബഖറ 148). 

ഫാഷിസത്തിനെതിരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കേണ്ടവര്‍, ശത്രുവില്‍നിന്ന് മുഖം തിരിച്ച് പരസ്പരം വിഴുപ്പലക്കുകയാണെങ്കില്‍ ചരിത്രം ഇനിയും ആവര്‍ത്തിച്ചേക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താല്‍പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് തിരിച്ചുകളഞ്ഞു, നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ'' (ആലുഇംറാന്‍ 152). 

പോരാട്ടത്തില്‍ യഥാര്‍ഥ ശത്രുവിനെ വിസ്മരിച്ച്, ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി പരസ്പരം മത്സരിക്കുകയെന്നത് പരീക്ഷണമാണെന്നാണ്് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷിസ്റ്റ് പ്രതിരോധത്തിന് ആരാണ് നേതൃത്വം നല്‍കേണ്ടതെന്നും, പങ്കെടുക്കുന്നവന്റെ മതവും ജാതിയും നിറവും എന്തായിരിക്കണമെന്നും ചര്‍ച്ച ചെയ്യുന്നത് പ്രസ്തുത പരീക്ഷണത്തിന് നാം അറിയാതെയെങ്കിലും വിധേയരായിരിക്കുന്നുവെന്നതിന്റെ സൂചനകള്‍ മാത്രമാണ്. 

പ്രതിരോധത്തിന്റെ മാനദണ്ഡം 'മര്‍ദനമാ'ണെന്ന് യുദ്ധം അനുവദിച്ചുകൊണ്ട് അവതരിച്ച പ്രഥമ വചനത്തില്‍ (അല്‍ഹജ്ജ് 39) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദകര്‍കര്‍ക്കെതിരെ എല്ലാവരും ഒന്നിച്ചണിനിരന്ന് ചെറുക്കുകയാണ് വേത്. ളുല്‍മ് അഥവാ മര്‍ദനമാണ് ഭൂമിയിലെ മുഖ്യ പ്രശ്‌നങ്ങളിലൊന്ന് എന്നും പല സമൂഹങ്ങളുടെയും നാശത്തിന്റെ ഹേതു അത് തന്നെയായിരുന്നുവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''ആ നാടുകള്‍ അതിക്രമം കാണിച്ചപ്പോള്‍ നാം അവയെ നശിപ്പിച്ചു. അവയുടെ നാശത്തിനു നാം നിശ്ചിത കാലപരിധി വെച്ചിട്ടുണ്ടായിരുന്നു''(അല്‍കഹ്ഫ് 59). 

അതിനാലായിരിക്കണം നബിയുടെ മഹനീയ ചരിത്രത്തിലെ ശിഅ്ബ് അബീത്വാലിബിലെ ഉപരോധം മുതല്‍ ഉഹുദ്, അഹ്‌സാബ്, മക്കാവിജയം തുടങ്ങിയ ചരിത്രമുഹൂര്‍ത്തങ്ങളില്‍ വരെ അദ്ദേഹത്തിന്റെ കൂടെ മറ്റു മതസ്ഥരും അണിനിരന്നത്. ബഹുദൈവ വിശ്വാസിയായിരുന്ന ഖസ്മാന്‍ ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്റെ കൂടെ അണിനിരക്കുകയും ശത്രു നിരയില്‍നിന്ന് മൂന്ന് പേരെ വധിക്കുകയും ചെയ്തതായി ഇമാം ശൗകാനി നൈലുല്‍ ഔത്വാറില്‍ (വാള്യം 7, പേ 237) ഉദ്ധരിച്ചിരിക്കുന്നു. മക്കാവിജയ വേളയില്‍ നബിയുടെ കൂടെ ഖുസാഅഃ ഗോത്രത്തില്‍നിന്നുള്ള വിശ്വാസികളും നിഷേധികളും ഒന്നിച്ച് അണിനിരന്നതായി ഉദ്ധരിക്കപ്പെട്ടിട്ടു്. റോമക്കാരോട് സന്ധി ചെയ്ത് അവരുടെ കൂടെ പൊതു ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ നബി(സ) കല്‍പിച്ചതായും പ്രബല നിവേദനങ്ങളില്‍ കാണാം.

മര്‍ദനമാണ് അടിസ്ഥാന പ്രശ്‌നമെങ്കില്‍, പ്രസ്തുത പ്രതിസന്ധിയെ മറികടക്കാന്‍ ഇരകള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നാണ് സ്‌പെയിനില്‍ ഇന്നും അവശേഷിക്കുന്ന പ്രതാപ കാലത്തിന്റെ അവശിഷ്ടങ്ങള്‍ ഈ സമൂഹത്തോട് ചോദിക്കുന്നത്. ഒന്നിച്ച് അണിനിരക്കുന്നതിനു പകരം, മുന്നില്‍ നില്‍ക്കുന്നതിന് മത്സരിക്കുന്ന പക്ഷം, പിന്നില്‍ നില്‍ക്കാനുള്ള ത്രാണി കൂടി ഈ സംഘത്തിന് നഷ്ടപ്പെട്ടുപോവുമെന്ന ഖുര്‍ആന്റെ താക്കീത് അവഗണിക്കാതിരിക്കുകയാണ് ഉചിതം. ''അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്'' (അല്‍അന്‍ഫാല്‍ 46).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌