കാര്‍ഷിക രംഗത്ത് ഉദാരവല്‍ക്കരണത്തിന്റെ മരണക്കളി
ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ഏറ്റവും അനുയോജ്യര്‍ ആരുടെയും ദുരിതങ്ങള്‍ പരിഗണിക്കാതെ കര്‍ശനമായി എന്തും നടപ്പാക്കുന്ന ഏകാധിപതികളാണ്. ഹിന്ദുത്വ ഫാഷിസത്തിന് രാജ്യമോ ജനങ്ങളോ വലുതെന്ന് ചോദിച്ചാല്‍ ജനങ്ങള്‍ നശിച്ചാലും രാജ്യം മതിയെന്നായിരിക്കും ഉത്തരം. ജനങ്ങള്‍ എത്ര ദുരിതമനുഭവിച്ചാലും രാജ്യത്തിനു വേണ്ടി സഹിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ഉദാരവല്‍ക്കരണവും ഹിന്ദുത്വ ഫാഷിസവും ചേര്‍ന്നപ്പോള്‍ അത് കര്‍ഷകരടക്കമുള്ള അടിസ്ഥാന വിഭാഗങ്ങള്‍ക്ക് കനത്ത പ്രഹരമായി.
തെരഞ്ഞെടുപ്പ് വേളയില്‍ വായില്‍ തോന്നിയ വാഗ്ദാനങ്ങളാണ് മോദിയും ബി.ജെ.പി സംഘടനാ നേതാക്കളും വാരി വിതറിയിരുന്നത്. 2014 ഇലക്ഷന്‍ പ്രചാരണ വേളയില്‍ മോദി പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ തീരുമാനം കര്‍ഷകരുടെ കടം എഴുതിത്തള്ളുക എന്നതായിരിക്കും. മാത്രമല്ല കേന്ദ്രം ഇതിനു വേണ്ടി സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യും. മറ്റൊരു പ്രധാന വാഗ്ദാനം എം.എസ് സ്വാമിനാഥന്‍ അധ്യക്ഷനായി രൂപീകരിച്ച കര്‍ഷകര്‍ക്കായുള്ള ദേശീയ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കുമെന്നതായിരുന്നു. ഒരു വിളയുടെ കൃഷിച്ചെലവിന്റെ അമ്പത് ശതമാനം കൂടി കൂട്ടിയതായിരിക്കണം ആ വിളയുടെ താഴ്ന്ന താങ്ങുവില (Minimum Support Price - MSP) എന്നത് 2006-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമീഷന്റെ പ്രധാന ശിപാര്‍ശയായിരുന്നു. ഇതൊന്നും നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുക പോലും ചെയ്തില്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ഒരൊറ്റ സംസ്ഥാനത്തിനും കേന്ദ്രഫണ്ട് അനുവദിച്ചില്ല. സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശിച്ച താങ്ങുവില നടപ്പാക്കിയാല്‍ അത് മാര്‍ക്കറ്റിനെ ദോഷകരമായി ബാധിക്കുമെന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇതിനെല്ലാം പകരം പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന (PMFBY) എന്ന പദ്ധതി പ്രഖ്യാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഇനം. കാര്‍ഷിക മേഖലയിലുടനീളം ഇറിഗേഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുക എന്നത് മറ്റൊരു പദ്ധതിയാണ്. ഇതിലൂടെയെല്ലാം 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതാണ് വാഗ്ദാനം. കടമെടുക്കുന്ന കര്‍ഷകരില്‍നിന്ന് അവര്‍ പോലുമറിയാതെ ബാങ്കുകളുമായി ബന്ധിപ്പിച്ച വിള ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം പിടിച്ചെടുക്കുന്നു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2016-'17-ല്‍ 21500 കോടി പ്രീമിയമായി പിരിച്ചെടുത്തപ്പോള്‍ കാര്‍ഷിക ദുരന്തങ്ങളിലൂടെ കടന്നുപോയ കര്‍ഷകന് നഷ്ടപരിഹാരമായി കിട്ടിയത് 714.14 കോടി. കമ്പനികള്‍ പിരിച്ചെടുത്ത തുകയുടെ 3. 31 ശതമാനം മാത്രം. സ്വകാര്യ കുത്തക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കര്‍ഷകരെ കൊള്ളയടിക്കാന്‍ ഒരു വഴി കൂടി തുറന്നുകിട്ടി എന്നു സാരം.
ഈ കമ്പനി മേധാവികള്‍ക്ക് പ്രതിവര്‍ഷം നൂറു കോടി പ്രതിഫലം നല്‍കുന്നു. ഇത് അമേരിക്കയില്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്. ദുരിതക്കയങ്ങളില്‍ മുങ്ങിത്താഴുമ്പോഴും ഇന്ത്യയുടെ നിലനില്‍പ്പിന്റെ ഭാരം മുഴുവന്‍ മുതുകില്‍ താങ്ങുന്ന കര്‍ഷകരുടെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്ക് ഈ മരണക്കളി നടത്താന്‍ ഒത്താശ ചെയ്യുന്നത് ദേശീയതയുടെ സ്വയംകൃത അവതാരങ്ങള്‍ തന്നെയാണ് എന്നതാണ് വിചിത്രം.
കാര്‍ഷിക വിളകളുടെ വില കുറയാന്‍ ഒരു പ്രധാന കാരണം ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ കര്‍ഷകരെ പരിഗണിക്കാതെ ഇറക്കുമതിയുടെ വാതിലുകള്‍ തുറന്നിട്ടു കൊടുത്തതാണ്. ഇന്ത്യയില്‍ വിലകള്‍ താഴ്ന്നുകൊണ്ടിരിക്കെത്തന്നെയാണ് മൊസാമ്പിക്, താന്‍സാനിയ, മ്യാന്മര്‍, മലാവി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇതേ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മൊസാമ്പിക്കില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമൊരുക്കിയത് മോദി സര്‍ക്കാര്‍ തന്നെയാണ്. 2016-'17-ല്‍ മൊസാമ്പിക്കില്‍ നിന്നു മാത്രം ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നതിനും 2020-'21-ല്‍ ഇത് രണ്ട് ലക്ഷം ടണ്ണാക്കി വര്‍ധിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ കരാറൊപ്പിട്ടിരിക്കുന്നത്.
ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍
കര്‍ഷക രോഷത്തിന് കാരണമായ മറ്റൊന്ന് മോദി സര്‍ക്കാര്‍ മാറ്റം വരുത്തി കര്‍ഷകവിരുദ്ധമാക്കി മാറ്റിയ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ്. 2013-ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലില്‍ മോദി സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കനുകൂലമായി വരുത്തിയ മാറ്റങ്ങളാണ് കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരില്‍ 80 ശതമാനത്തിന്റെ സമ്മതം വേണമെന്ന മുന്‍ നിയമത്തിലെ നിബന്ധന അഞ്ചു വിധം ആവശ്യങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിന് മോദി സര്‍ക്കാര്‍ ഒഴിവാക്കി. വ്യവസായ ഇടനാഴികള്‍, സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, അടിസ്ഥാന വികസനം, പ്രതിരോധ ആവശ്യങ്ങള്‍, ചെലവു കുറഞ്ഞ വീടു നിര്‍മാണം എന്നിവയാണവ. ഫലത്തില്‍ ഏത് ഭൂമിയേറ്റെടുക്കുന്നതിനും ആരുടെയും സമ്മതം ആവശ്യമില്ലാത്ത നിലയായി. ഏതാവശ്യവും ഇതിലേതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യാഖ്യാനിക്കാവുന്നതാണ്. ഈ അഞ്ചു മേഖലകളില്‍ സാമൂഹിക ആഘാത പഠനവും വേണ്ടതില്ല. ബഹു വിളകൃഷി ചെയ്യുന്ന ഭൂമിയെ ഒഴിവാക്കിയിരുന്നത് പുതിയ നിയമത്തില്‍ പിന്‍വലിച്ചു. ഭുമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ മുന്‍കുട്ടി സര്‍ക്കാര്‍ അനുമതി വാങ്ങണം. ഈ ഉദാര കുത്തകസൗഹൃദ വ്യവസ്ഥകള്‍ കര്‍ഷകരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. ഏത് നിമിഷവും പാരമ്പര്യമായി നൂറ്റാണ്ടുകളായി കൃഷി ചെയ്തു പോന്ന ഭൂമി ഏതെങ്കിലും മുതലാളി തട്ടിയെടുക്കുമെന്ന ഭയം നിലനില്‍ക്കുന്നു.
കന്നുകാലികളും വിടപറയുന്നു
2015-'16 ല്‍ 155.5 ദശലക്ഷം ടണ്‍ ഉണ്ടാക്കികൊണ്ട് ഇന്ത്യ ലോകത്തിലേറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി. എന്നാല്‍ ഈ വാര്‍ത്തയൊന്നും അറിയാനിടയില്ലാത്ത ക്ഷീരകര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ് കാലി വളര്‍ത്തല്‍. കര്‍ഷകരുടെ സന്തത സഹചാരികളാണ് പശുക്കളും കാളകളും പോത്തുകളും എരുമകളും അടങ്ങുന്ന കന്നുകാലി സമ്പത്ത്. വിളനാശമോ വിലയിടിവോ ഉണ്ടാവുന്ന ഘട്ടങ്ങളില്‍ അവരുടെ രക്ഷകരാണ് കന്നുകാലികള്‍. കാലി വില്‍പനയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകള്‍ അവരുടെ നടുവൊടിച്ചിരിക്കുന്നു. കൃഷി ആവശ്യത്തിനല്ലാതെ മൃഗങ്ങളെ ചന്തകളില്‍ വാങ്ങാനും വില്‍ക്കാനും പാടില്ല എന്ന നിബന്ധന പ്രായമായ മൃഗങ്ങളെയും വില്‍ക്കാനാവാത്ത അവസ്ഥയിലെത്തിച്ചു. 15000 മുതല്‍ 20000 വരെ കറവ വറ്റിയ കാലികള്‍ക്ക് ലഭിച്ചിരുന്നു. ഈ കച്ചവടം ഗ്രാമീണ ഇന്ത്യയില്‍ ഏകദേശം നിലച്ചുകഴിഞ്ഞു. എല്ലാ കാലിച്ചന്തകളിലും കച്ചവടം കുറഞ്ഞു. പശുരക്ഷാ ഭീകരന്മാര്‍ എല്ലായിടത്തുമുണ്ട്. വളര്‍ത്താന്‍ മാത്രമേ കച്ചവടം ചെയ്യാവൂ എന്നതിനാല്‍ പ്രായമായ മൃഗങ്ങളെ കാലിച്ചന്തയിലേക്ക് കൊണ്ടുവരാന്‍ കര്‍ഷകര്‍ ഭയപ്പെടുകയാണ്. മീറത്തിലും കൊല്‍ക്കത്തയിലുമുള്ള കാലിച്ചന്തകളില്‍ പ്രായമുള്ള മൃഗങ്ങളുടെ കച്ചവടം അവസാനിപ്പിച്ചു. ഈ ചന്തകളില്‍നിന്ന് മൃഗങ്ങളെ വാങ്ങിപ്പോകുന്നവര്‍ സംസ്ഥാന അതിര്‍ത്തികളില്‍ പശുരക്ഷാ ഭീകരന്മാരുടെ ആക്രമണം ഭയപ്പെടുന്നു. പ്രായമായ മൃഗങ്ങളുടെ പരിപാലനച്ചെലവ് കര്‍ഷകരുടെ ദുരിതങ്ങള്‍ ഇരട്ടിയാക്കുന്നു. പലരും ഇവയെ ഉപേക്ഷിക്കുന്നതിനാല്‍ അലഞ്ഞു തിരിയുന്നവയുടെ എണ്ണം വളരെ വര്‍ധിച്ചിരിക്കുന്നു. ഇവ വളര്‍ന്നുനില്‍ക്കുന്ന വിളവുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു.
കാലികള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടര്‍ തന്നെ വേണമെന്നത് മറ്റൊരു നിബന്ധനയാണ്. പരമ്പരാഗതമായി ഫലപ്രദമായി മൃഗചികിത്സ ചെയ്യുന്നവര്‍ കര്‍ഷകര്‍ക്കിടയിലുണ്ട്. അവരാണ് സാധാരണ രോഗങ്ങള്‍ക്ക് ചികിത്സിച്ചിരുന്നത്. പകരം ഒട്ടും ലഭ്യമല്ലാത്ത വെറ്ററിനറി ഡോക്ടര്‍ തന്നെ വേണമെന്നത് മറ്റൊരു തലവേദനയാണ്. ഇതിന്റെ അനുബന്ധമായ തുകല്‍ വ്യവസായവും തകരുകയാണ്.
പലായനവും ആത്മഹത്യകളും
2013-നു ശേഷം പ്രതിവര്‍ഷം ശരാശരി 12000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. നോട്ട് പിന്‍വലിക്കലിനു ശേഷം ഇത് വര്‍ധിച്ചിരിക്കുന്നു. ഇപ്പോള്‍ കര്‍ഷകരുടെ ശരാശരി പ്രതിമാസ വരുമാനം 6400 രൂപയാണ്. 2022 ഓടെ ഇത് ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജങഎആഥ ലക്ഷ്യമിടുന്നത്. 2022-ല്‍ 12800 രൂപ എന്നത് നിസ്സാരമായ തുകയായിരിക്കും. അതിനു തന്നെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 14 ശതമാനമായിരിക്കണം. ഇപ്പോള്‍ 4 ശതമാനത്തില്‍ താഴെയാണ് വളര്‍ച്ചാ നിരക്ക്. നോട്ട് പിന്‍വലിക്കല്‍ വളര്‍ച്ചാ നിരക്കിനെയും പിന്നോട്ടു വലിച്ചിരിക്കുന്നു. കടുത്ത നിരാശയിലായ കര്‍ഷകര്‍ ഭൂരിഭാഗവും കൃഷിപ്പണി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ദല്‍ഹിയിലെ ഇടഉട (ഇലിൃേല ളീൃ ഠവല ടൗേറ്യ ീള ഠവല ഉല്‌ലഹീുശിഴ ടീരശലശേല)െ നടത്തിയ സര്‍വെയനുസരിച്ച് 76 ശതമാനം കര്‍ഷകരും മറ്റേതെങ്കിലും ജോലിക്കു പോകാനാഗ്രഹിക്കുന്നു. കര്‍ഷകരുടെ വരും തലമുറ കൃഷി ചെയ്യാനാഗ്രഹിക്കുന്നില്ല, മാതാപിതാക്കള്‍ അവരെ കൃഷിക്കാരാക്കാനും. ഉദാരവത്കരണത്തിനുശേഷം നഗരങ്ങളിലേക്കുള്ള പലായനം വര്‍ധിച്ചിരിക്കുന്നു. 1991 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 7.7 കോടി കര്‍ഷകര്‍ നഗരങ്ങളിലെ കൂലിത്തൊഴിലാളികളായി. ഓരോ ദിവസവും 2035 പേര്‍ കൃഷിപ്പണി ഉപേക്ഷിക്കുന്നു. അടുത്ത പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയുടെ പകുതിയും നഗരവാസികളായിരിക്കും.
നഗരങ്ങളില്‍ ഇവരുടെ സ്ഥിതി ഒട്ടും ശോഭനമല്ല. അവര്‍ക്കാവശ്യമായ ജോലി നഗരങ്ങളിലില്ല. കൂലിപ്പണിക്കാരും വീട്ടുവേലക്കാരും സേവകരുമായി കുറേയാളുകള്‍ക്ക് ജോലി ലഭിച്ചേക്കും. അവിടെയും നിരാശരായവരുടെ എണ്ണം വളരെ വലുതായിരിക്കും. നിയമവിരുദ്ധമായ വഴികളിലേക്ക് തിരിയുന്നവര്‍ വര്‍ധിക്കും. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ സമ്മര്‍ദത്തിലാവും. ജനങ്ങളുടെ ജീവിതാവസ്ഥ പരിഗണിക്കാതെ അടിച്ചേല്‍പിക്കുന്ന പദ്ധതികളെ പിന്തുണക്കുന്നവര്‍ക്കു തന്നെ അവ തിരിച്ചടിയാവും.
ഫാഷിസ്റ്റ് വാഴ്ചക്കു കീഴില്‍ പ്രതീക്ഷകളില്ല
കര്‍ഷകസമരങ്ങളെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ മികച്ച ഉദാഹരണമാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള കര്‍ഷകര്‍ മൂക്കിനു കീഴെ ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ അഭിമാനവും ജീവനും വെച്ച് വിലപേശിയിട്ടും മോദി തിരിഞ്ഞുനോക്കിയില്ല. യാതൊരിളവും പ്രഖ്യാപിച്ചില്ല. ആദിത്യനാഥ് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭൂരിഭാഗത്തെയും ഒഴിവാക്കി. മധ്യപ്രദേശില്‍ പലതരം കുതന്ത്രങ്ങള്‍ വഴി സമരത്തെ വഴിതെറ്റിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. 1988-ല്‍ ഉത്തര്‍പ്രദേശ് കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രക്ഷോഭത്തിനെത്തിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ടെത്തി ആവശ്യങ്ങള്‍ അംഗീകരിച്ചത് ജനാധിപത്യ സര്‍ക്കാറിന്റെ ഉത്തരവാദിത്വബോധമായിരുന്നു. അത്തരം സമീപനങ്ങള്‍ ബി.ജെ.പി സര്‍ക്കാറുകളില്‍നിന്ന് പ്രതീക്ഷിക്കാനേ സാധ്യമല്ല.
സാമ്പത്തിക ഡിജിറ്റലൈസേഷന്‍ അഥവാ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥ വിജയിക്കണമെങ്കില്‍ അനേകം സാങ്കേതിക ഘടകങ്ങള്‍ ആവശ്യമുള്ള അളവില്‍ ലഭ്യമാവണം. ബാങ്ക് ശാഖകള്‍, എ.ടി.എമ്മുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് സംവിധാനം, ഡിജിറ്റല്‍ സാക്ഷരത, ഇംഗ്ലീഷ് ഭാഷയുടെ പ്രാഥമിക പരിജ്ഞാനം, പൊതു സാക്ഷരത, ഇതിനാവശ്യമായ സാമ്പത്തിക പിന്‍ബലം തുടങ്ങി അനേകം ഘടകങ്ങള്‍. കാര്‍ഷിക ഇന്ത്യ 70 ശതമാനം ജനങ്ങളും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. ഇന്ത്യന്‍ ഗ്രാമീണരില്‍ 41 ശതമാനത്തിന് മാത്രമാണ് ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടുള്ളത്. 6 ലക്ഷം ഗ്രാമങ്ങളില്‍ 34000-ത്തില്‍ മാത്രമാണ് ഏതെങ്കിലും ബാങ്കിന് ശാഖകളുള്ളത്. ബാക്കി അഞ്ചു ലക്ഷത്തി അറുപതിനായിരം ഗ്രാമങ്ങളില്‍ ഒരൊറ്റ ബാങ്ക് ശാഖയുമില്ല. 90 കോടി വരുന്ന 70 ശതമാനം ഗ്രാമീണ ജനതക്ക് ആകെയുള്ള 2.15 ലക്ഷം എ.ടി.എമ്മുകളില്‍ കേവലം 20 ശതമാനമായ 40000 മാത്രമാണുള്ളത്. 70 ശതമാനം വരുന്ന ഗ്രാമീണ ഇന്ത്യയില്‍ ആകെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 9 ശതമാനം മാത്രമാണുള്ളത്. കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥക്കു മുന്നില്‍ വന്‍ പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നു.
കറന്‍സിരഹിതമായാല്‍ മാത്രം കര്‍ഷകര്‍ രക്ഷപ്പെടുമെന്ന് കരുതുന്നത് നഗരജീവിയുടെ ദിവാസ്വപ്‌നമായിരിക്കും. അനേകം ആപല്‍ക്കരമായ ഉദാരവല്‍ക്കരണ നടപടികളാണ് ഡിജിറ്റലൈസേഷന്‍ പരിപാടികളേക്കാള്‍ കര്‍ഷകനെ യാതനകളിലേക്ക് വലിച്ചിഴച്ചത്. കര്‍ഷകദ്രോഹകരമായ എല്ലാ ഉദാരവല്‍ക്കരണ നടപടികളും പിന്‍വലിക്കണം. ഇന്ത്യയെ ഉദാരവല്‍ക്കരണത്തിലേക്ക് ആനയിച്ചുകൊണ്ടുപോകാന്‍ ഉത്സാഹത്തോടെ മുന്നില്‍നിന്ന രാജ്യങ്ങളെല്ലാം സ്വന്തം നാട്ടിലെ കര്‍ഷകര്‍ക്ക് സകല പരിരക്ഷകളും നല്‍കുന്നുണ്ട് എന്നോര്‍ക്കുക. സ്വാമിനാഥന്‍ കമീഷന്‍ നിശ്ചയിച്ച താങ്ങുവില ഏര്‍പ്പെടുത്തുക, നിലവിലുള്ള കടങ്ങള്‍ എഴുതിത്തള്ളുക, സമഗ്രമായ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനം നടത്തി വരള്‍ച്ചക്കാലത്തും ജലസേചന സൗകര്യം ഉറപ്പുവരുത്തുക തുടങ്ങിയ അനേകം നടപടികള്‍ അതിവേഗം നടപ്പിലാക്കേണ്ടവയാണ്.
ഗ്രാമങ്ങള്‍ സാവധാനം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണമായ മാറ്റത്തിന് പതിറ്റാണ്ടുകള്‍തന്നെ വേണ്ടിവരും. കര്‍ഷകദ്രോഹ നടപടികള്‍ ഇതുപോലെ തുടരുകയാണെങ്കില്‍ ആ കാലാവധി പിന്നെയും നീളും. മാറ്റങ്ങള്‍ വന്നുചേരുന്നതുവരെ യാതനകള്‍ അനുഭവിക്കട്ടേയെന്നാണ് അധികാരിവര്‍ഗം കരുതുന്നത്. ഇത്തരം ഓരോ നടപടികളിലും ഗ്രാമ-നഗര വ്യത്യാസം പരിഗണിച്ചു കൊണ്ടുള്ള ഇളവുകള്‍ നല്‍കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ വികസനത്തിന്റെ ബുള്‍ഡോസറിനടിയില്‍പെട്ട് ജനലക്ഷങ്ങള്‍ നശിക്കും. അത് കര്‍ഷകജനതയുടെ മാത്രം നാശമാവില്ല. മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും സുരക്ഷിതമായ നിലനില്‍പിനെത്തന്നെ ബാധിക്കുന്നതായിരിക്കും.
Comments