ശാശ്വതമായ ദൈവരാജ്യത്തിലേക്ക്
ഈശോ മിശിഹ പഠിപ്പിച്ച ദൈവരാജ്യസങ്കല്‍പ്പത്തെ ആസ്പദമാക്കി ഇ.എം സക്കീര്‍ ഹുസൈന്‍ രചിച്ച് ഡയലോഗ് സെന്റര്‍ പുറത്തിറക്കിയ 'നിന്റെ രാജ്യം വരേണമേ' എന്നര്‍ഥമുള്ള 'തീഥേ മല്‍കൂഥാക്' എന്ന കൃതി ക്രിസ്തീയ സന്ദേശങ്ങളുടെ ആഴത്തിലുള്ള പഠനമാണ്. കലാപങ്ങളും യുദ്ധങ്ങളും വംശഹത്യകളും വഴി അരാജകത്വം സൃഷ്ടിക്കുന്ന മനുഷ്യനിര്‍മിത നിയമവ്യവസ്ഥകളില്‍നിന്ന് പ്രവാചകന്മാരിലൂടെയും ഋഷിമാരിലൂടെയും ലഭ്യമായ ദൈവിക നിയമങ്ങള്‍ അനുസരിച്ച് ശാശ്വതവും സമാധാനപൂര്‍ണവുമായ ദൈവരാജ്യത്തിനു വേണ്ടി പരിശ്രമിക്കാന്‍ ഈ കൃതി ആഹ്വാനം ചെയ്യുന്നു. നീതി നിഷേധിക്കുന്നവര്‍ക്ക് വേണ്ടി പടപൊരുതി, സമാധാന സംസ്ഥാപനത്തിനു വേണ്ടി പരിശ്രമിച്ച് ഹൃദയ വിശുദ്ധിയോടെ ഏക ദൈവവിശ്വാസത്തിലേക്ക് മടങ്ങാനുള്ള ഉള്‍ക്കാഴ്ചയാണ് ഇത് സമ്മാനിക്കുന്നത്. പുസ്തകത്തിന്റെ ശീര്‍ഷകവും അധ്യായങ്ങളുടെ പേരുകളും പരിചയപ്പെടുത്തുന്നത് സുറിയാനി ഭാഷയിലാണ്. യേശുവിന്റെ മതപരമായ ഭാഷയായി കൂടുതല്‍ ഉപയോഗിച്ചിരുന്നത് 'എബ്രായ' ആയിരുന്നുവെങ്കിലും മധ്യപൗരസ്ത മേഖലകളിലെ പൊതു വ്യവഹാരഭാഷ അരാമിക് ആയിരുന്നു. അരാമിക് ഭാഷയുടെ വകഭേദമായ സുറിയാനി ഭാഷ തന്നെ ഉപയോഗിക്കാന്‍ തുനിഞ്ഞത് ശ്ലാഘനീയമാണ്. ബൈബിളിന്റെയും മറ്റു അധികാരിക ഗ്രന്ഥങ്ങളുടെയും വസ്തുനിഷ്ഠമായ സമീപനങ്ങളുടെ ബലത്തില്‍ ഈ പഠനം വളരെ പ്രയോജനപ്രദവുമാണ്.
14 അധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്ന മല്‍കൂത്താദാലാഹ(ദൈവരാജ്യം), ഈഹിദായ(ഏകന്‍), മാലാഖേ(ദൂതന്മാര്‍), നവിയേ(പ്രവാചകന്മാര്‍), ക്താവാ കദ്ദീശ(വിശുദ്ധ ഗ്രന്ഥം), ആഖര്‍(മരണാനന്തര ജീവിതം), ഹൈമാനുത്താബ്ദീന (വിധിവിശ്വാസം), സഹദൂത്ത് ശ്‌റാറ(സത്യസാക്ഷ്യം), സ്‌ലോത്താ( പ്രാര്‍ഥന), മസാറേ(ദശാംശം), സൗമാ(ഉപവാസം), അക്‌സേന്യ(തീര്‍ഥാടനം), ഷെദാര്‍(പരിശ്രമം) എന്നീ ബഹുമുഖ വിഷയങ്ങള്‍ സമഞ്ജസമായി കോര്‍ത്തിണക്കി സാധാരണക്കാരനു പോലും പ്രാപ്യമാകുന്ന ശൈലിയിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
മോശക്കു ലഭിച്ച പത്തു കല്‍പ്പനകളില്‍ ഒന്നാമത്തെ വാക്യമായ 'നിന്റെ ദൈവമായ യഹോവ ഞാനാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്' എന്ന (പുറപ്പാട് 20:3,4) പ്രഖ്യാപനത്തിലൂടെ ഈശോ മിശിഹ പഠിപ്പിച്ച ഏകദൈവ വിശ്വാസത്തെ ചൂണ്ടിക്കാണിക്കുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഭിരമിച്ചിരുന്ന തന്റെ ജനതയെ വീണ്ടെടുത്ത് ദൈവിക വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ലോകത്തെ നയിക്കാന്‍ കഴിയുന്ന ഒരു ജനതയായി പരിവര്‍ത്തിക്കണമെന്നതാണ് ഈശോ മിശിഹായുടെ ലക്ഷ്യം. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവരാജ്യ പ്രയത്‌നത്തിനുള്ള ആഹ്വാനമില്ലെന്ന് ചൂണ്ടിക്കാണിച്ച യേശുവിനെതിരേ അന്നത്തെ ജനത ആരോപിച്ചത് യഹൂദന്മാരുടെ രാജാവാണ് താനെന്ന് പ്രഖ്യാപിച്ച രാജ്യദ്രോഹക്കുറ്റം ആയിരുന്നു. ദൈവരാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യേശുവിനെ ഗൂഢാലോചന വഴി റോമാ സാമ്രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുകയും ഈ ആരോപണം അദ്ദേഹത്തിന്റെ ശിരസ്സിന് മുകളില്‍ എഴുതിവെക്കുകയും ചെയ്തു (മത്തായി 27:3,6).
മരണാനന്തര ജീവിതത്തെപ്പറ്റി തെളിഞ്ഞ ചിത്രം നല്‍കാന്‍ ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈശോ മിശിഹ പഠിപ്പിച്ച ഗിരി പ്രഭാഷണങ്ങള്‍ ഊന്നല്‍ നല്‍കുന്നത് മരണാനന്തര ജീവിതത്തിലേക്കുള്ള ശുഭപ്രതീക്ഷയാണ്. ഇഹലോകത്ത് താഴ്മയുള്ളവര്‍ക്കും കരുണയുള്ളവര്‍ക്കും സമാധാനം സംസ്ഥാപിക്കുന്നവര്‍ക്കും നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹൃദയശുദ്ധിയുള്ളവര്‍ക്കും സ്വര്‍ഗരാജ്യം ഉണ്ടാകുമെന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ മത്തായി (5:3-12) സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുന്നതുകൊണ്ട് ആനന്ദിപ്പിന്‍ എന്നു സൂചിപ്പിക്കുന്നു.
ക്രിസ്തീയ ദൈവശാസ്ത്ര സൂചനകളുടെ അടിസ്ഥാനത്തില്‍ ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായ 9 വിഭാഗം മാലാഖമാരും അവരുടെ ദൗത്യങ്ങളും പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. 'ജ്ഞാനസ്‌നാനം' എന്ന പ്രതീകാത്മകമായ ചടങ്ങിലൂടെ തങ്ങള്‍ വിശ്വസിച്ച ആദര്‍ശത്തെ ഏറ്റുപറഞ്ഞ് വെള്ളത്തില്‍ മുങ്ങിയുള്ള സ്‌നാനത്തിലൂടെ ആദര്‍ശ വിളംബരമാണ് നടക്കുന്നത്. ദൈവം കനിഞ്ഞരുളിയ സമ്പത്ത് സമസൃഷ്ടികള്‍ക്കും ഉപയോഗിക്കേണ്ടതുണ്ടെന്ന് മോശയുടെ ന്യായപ്രമാണമായ തോറയിലൂടെ ജനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി. സമ്പത്തിനെ സംസ്‌കരിക്കുന്ന ഈ ആരാധനയാണ് 'ദശാംശം' എന്ന രൂപത്തില്‍ അറിയപ്പെടുന്നത്.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലെ ഏഴ് പ്രാര്‍ഥനാ യാമങ്ങളെ പരിചയപ്പെടുത്തിയത് പുസ്തകത്തിന്റെ ആകര്‍ഷണ ഘടകമാണ്. പ്രഭാത പ്രാര്‍ഥന, പൂര്‍വാഹ്ന പ്രാര്‍ഥന, മധ്യാഹ്ന പ്രാര്‍ഥന, സായാഹ്ന പ്രാര്‍ഥന, സന്ധ്യാ പ്രാര്‍ഥന, ശയന പ്രാര്‍ഥന, പാതിരാ പ്രാര്‍ഥന എന്നിങ്ങനെ 7 യാമങ്ങളിലായി പ്രാര്‍ഥനാ നിരതരായിരിക്കാന്‍ കല്‍പിച്ചു. മാലാഖമാര്‍ അണിയണിയായി നില്‍ക്കുന്നതു പോലെ പ്രാര്‍ഥനക്ക് സംഘടിതമായി രൂപപ്പെടുത്തിയ സംവിധാനങ്ങള്‍ പില്‍ക്കാലത്ത് തകരുമെന്നുള്ള മുന്നറിയിപ്പായി വയലിലെ അധികരിച്ചുണ്ടാകുന്ന കളകളെക്കുറിച്ചുള്ള ഉപമയില്‍ കൃത്യമായ സൂചന നല്‍കുന്നു.
യരുശലേം ദൈവാലയത്തിലേക്കുള്ള തീര്‍ഥാടനം നിയമമായിരുന്ന അവസ്ഥയില്‍ (1 രാജാക്കന്മാര്‍ 8: 23-53) പ്രാര്‍ഥനാ കേന്ദ്രത്തെ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിനെ യേശു ശക്തമായി വിമര്‍ശിക്കുന്നു. സന്മാര്‍ഗത്തിന്റെയും നീതിയുടെയും ദൈവരാജ്യത്തിന്റെയും തലസ്ഥാനമായിരുന്ന യരുശലേം വിഗ്രഹാരാധനയുടെയും വാണിഭങ്ങളുടെയും കേന്ദ്രമായി മാറിയപ്പോള്‍ ദൈവരാജ്യത്തിന്റെ കേന്ദ്രമായിരുന്ന യരുശലേമില്‍നിന്നും തലസ്ഥാനം ഏതു ദേശത്തേക്കാണ്, ജനതയിലേക്കാണ് നീങ്ങിപ്പോയത്? ദൈവ വിളിക്കനുസരിച്ച് സത്യസാക്ഷ്യം നിര്‍വഹിക്കുകയും ഏഴു തവണ ദൈവത്തെ മഹത്വപ്പെടുത്തുകയും ദശാംശം കൃത്യമായി നല്‍കിയതിനു ശേഷം ഒടുവില്‍ ദശാംശം വാങ്ങാന്‍ പോലും ആളില്ലാത്തവിധം രാജ്യം സമ്പദ്‌സമൃദ്ധമാവുകയും ദൈവിക മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് ഉപവാസങ്ങളില്‍ ശ്രേഷ്ഠത നേടുകയും അബ്രഹാമിന്റെ കൂടാരപ്പെരുന്നാള്‍ ആഘോഷമാക്കി മാറ്റുകയും ചെയ്ത ആ ജനത ആരായിരുന്നുവെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കൂടുതല്‍ പഠനത്തിനും ചിന്തക്കും വാതില്‍ തുറക്കുകയാണ് പുസ്തകം. ദൈവിക നീതി സ്വപ്‌നം കണ്ട് സ്വര്‍ഗരാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി പ്രതീക്ഷയുടെ പൊന്‍പുലരിക്കു വേണ്ടിയുള്ള പ്രയാണത്തിന് ഊര്‍ജം നല്‍കുന്ന ഗ്രന്ഥമാണിത്. നാസര്‍ എരമംഗലത്തിന്റെ കവര്‍ രൂപകല്‍പന മനോഹരം. വില: 90 രൂപ. വിതരണം: ഐ.പി.എച്ച്.
Comments