Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

കര്‍ഷക പ്രക്ഷോഭം വരാനിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്

ഫസല്‍ കാതിക്കോട്

2017 മെയ്, ജൂണ്‍ മാസങ്ങള്‍ ഇന്ത്യയിലുടനീളം വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി.  കാര്‍ഷിക ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് തുടങ്ങിയവയോടൊപ്പം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ചെറുതും വലുതുമായ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായി. 

നൂറ്റാണ്ടുകളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് 6 ലക്ഷം വരുന്ന ഗ്രാമങ്ങളിലെ ഇന്ത്യന്‍ കര്‍ഷകര്‍. പാടങ്ങള്‍ക്കരികിലെ കുടിലുകളില്‍ ജനിച്ച് പിച്ചവെക്കുന്ന കാലം മുതല്‍ കൃഷിപ്പണി തുടങ്ങുന്ന അവരുടെ ജീവിതത്തിന്റെ സംവിധാനവും നിര്‍മാണവും കൃഷി തന്നെയാണ്. അവരുടെ കൈകളും അതോടു ചേരുന്ന ചളിമണ്ണും ചേര്‍ന്ന്   തന്നെയാണ് ഇന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ നിലനില്‍പിനെ നിര്‍ണയിക്കുന്നത്. 

രാജ്യത്തെ 50 ശതമാനം പേര്‍ പ്രത്യക്ഷമായും മറ്റൊരു 38 ശതമാനം പരോക്ഷമായും ജോലി ചെയ്യുന്നത് കാര്‍ഷിക മേഖലയിലാണ്. 10 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ ഇടപാടുകളാണ് കാര്‍ഷിക മേഖലയില്‍ പ്രതിവര്‍ഷം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു 7 ലക്ഷം കോടിയുടെ പരോക്ഷ ഇടപാടുകളും കൃഷിയെ ആശ്രയിച്ച് നടക്കുന്നു.

 

പല ദേശങ്ങള്‍ ഒരേ ദുരിതങ്ങള്‍

മധ്യപ്രദേശാണ് അതിരൂക്ഷമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ പ്രധാന സംസ്ഥാനം. ജൂണ്‍ ഒന്നു മുതല്‍ അവര്‍ പത്തു ദിവസത്തെ സമരം പ്രഖ്യാപിച്ചു. മാല്‍വാ മേഖലയിലാണ് ആരംഭം. വിളവുകള്‍ ധാരാളം. എന്നാല്‍ വാങ്ങാനാളില്ല. മൊത്തക്കച്ചവടക്കാര്‍ വില നല്‍കുന്നില്ല. സര്‍ക്കാര്‍ താങ്ങുവിലക്കെടുക്കുന്നത് കുറഞ്ഞ അളവു മാത്രം. അതിനു തന്നെ പ്രയാസങ്ങളുടെ നീണ്ട കടമ്പ കടക്കണം. ആരും പ്രക്ഷോഭകാരികളെ തിരിഞ്ഞു നോക്കിയില്ല.  ജൂണ്‍ 6 ആയതോടെ പ്രക്ഷോഭം അക്രമാസക്തമായി. കടകള്‍ അടപ്പിച്ചു. പച്ചക്കറികള്‍ റോഡില്‍ വിതറി. ഇന്‍ഡോര്‍, ദേവാസ്, ഷാജാപൂര്‍, സെഹോര്‍, ഭോപാല്‍ എന്നീ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. രൂപം കൊള്ളുന്ന കൊടുങ്കാറ്റിനെക്കുറിച്ച് ധാരണയില്ലാത്ത ബി.ജെ.പി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കര്‍ഷകര്‍ പ്രക്ഷോഭം പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. ചൗഹാന്റെ നാടകത്തിന്റെ ഈ ഒന്നാം രംഗത്ത് അഭിനയിക്കാന്‍ സംഘ് പരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റെ നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. ഇതോടെ രോഷം ഇരട്ടിയായി. തൊട്ടടുത്ത ദിവസം ദേശീയപാത ഉപരോധിക്കപ്പെട്ടു. ബസുകളും ട്രക്കുകളും കത്തിച്ചു. കാറുകളും ബൈക്കുകളും ഹെവി മെഷിനറികളും കയറ്റിപ്പോകുന്ന വലിയ ട്രക്കുകള്‍ മന്ദസോറിലെ ഹൈവേയില്‍ കത്തിക്കരിഞ്ഞു. മറ്റു മേഖലകളിലും സ്വകാര്യ വാഹനങ്ങളും ദീര്‍ഘദൂര വോള്‍വോ ബസുകളുമടക്കം തീയിട്ടു. കടകള്‍ കൊള്ളയടിച്ച് കത്തിച്ചു. പഴം, പച്ചക്കറി ചന്തകളൊന്നും തുറക്കാന്‍ സമ്മതിച്ചില്ല. പലയിടത്തും പോലീസും കര്‍ഷകരും ഏറ്റുമുട്ടി. ഭോപ്പാലിന് 350 കിലോമീറ്റര്‍ അകലെയുള്ള മന്ദസോറിലെ പിപഌയ മാണ്ഡിയില്‍ പോലീസും അര്‍ധസൈനിക വിഭാഗവും കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തു. അഞ്ചു പേര്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലും.  നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പോലീസ് വെടിവെച്ചിട്ടില്ല എന്ന് പറഞ്ഞ സര്‍ക്കാര്‍ രണ്ട് ദിവസം കഴിഞ്ഞ് തിരുത്തി. ജില്ലാ കലക്ടറെയും പോലീസ് മേധാവിയെയും സ്ഥലം മാറ്റി. കൊല്ലപ്പെട്ടവര്‍ക്ക് ആദ്യം അഞ്ച്, പിന്നെ പത്ത്, അവസാനം നൂറ് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സര്‍ക്കാര്‍  താങ്ങുവിലയില്‍ താഴെ വിലക്ക് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇതിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ  നാടകം രണ്ടാം രംഗം നിരാഹാരം പരിഹാസ്യമായ മിമിക്രിയായി അവസാനിച്ചു. 

137 ലക്ഷം കര്‍ഷകരാണ് മഹാരാഷ്ട്രയിലുള്ളത്. 78 ശതമാനവും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിടക്കാര്‍. ഇവരെല്ലാം തന്നെ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നു.  വന്‍കിട കര്‍ഷകര്‍ക്കാണ് ജലസേചന സൗകര്യമുള്ളത്. താങ്ങുവിലയായിരുന്നു 2014 നിയമസഭാ ഇലക്ഷനില്‍ മോദിയുടെ വാഗ്ദാനം. അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പകരം മറ്റൊരു പദ്ധതി പ്രഖ്യാപിച്ചു. ജലയുക്ത് ഷിവര്‍ അഭിയാന്‍. ചെക്ക് ഡാമുകളും കിണറുകളും നിര്‍മിച്ച് 2019-ഓടെ കാര്‍ഷിക മേഖലയാകെ വരള്‍ച്ചാ രഹിതമാക്കുക എന്നതാണ് പദ്ധതി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കാമെന്ന് വാഗ്ദാനം നല്‍കി  നടത്താന്‍ കഴിയാതെ പോയ അതേ പദ്ധതി. എല്ലാ വര്‍ഷവും കൃഷിക്കു മുമ്പ് കര്‍ഷകര്‍ കഴിയുന്നിടത്തെല്ലാം ജലാശയങ്ങള്‍ വൃത്തിയാക്കുകയും താല്‍ക്കാലിക ചെക്ക്ഡാമുകള്‍ നിര്‍മിക്കുകയും ചെയ്യാറുണ്ട്. ഫഡ്‌നാവിസ് ഇതിന്റെ പ്രചാരണത്തിനായി ബോളിവുഡ് താരങ്ങളെ വരെ ഇറക്കി രംഗം കൊഴുപ്പിച്ചു. കര്‍ഷകരുടെ ഏറ്റവും വലിയ സംഘടനയായ സ്വാഭിമാന്‍ ഷേഡ്കാരി സംഘടനയുടെ നേതാവായ സദാബാഹു ഘോട്ടിനെയാണ് ഫഡ്‌നാവിസ് കൃഷിമന്ത്രിയായി നിശ്ചയിച്ചത്.

മഹാരാഷ്ട്രയിലെ പ്രധാന വിളവായ പരിപ്പിന് താങ്ങുവില നിശ്ചയിക്കാതിരുന്നതോടെ എല്ലാ കര്‍ഷക സൗഹൃദവും തകര്‍ന്നു. 5050 രുപ മുന്‍വര്‍ഷങ്ങളില്‍ താങ്ങുവിലയുണ്ടായിരുന്ന പരിപ്പ് ക്വിന്റലിന് 2500 രൂപക്ക് വില്‍ക്കേണ്ടിവന്നു. കഴിഞ്ഞ വര്‍ഷത്തെ ക്ഷാമത്തില്‍ കടം കയറി മുടിഞ്ഞ കര്‍ഷകര്‍ പ്രക്ഷോഭമാരംഭിച്ചു. സര്‍ക്കാറിന് മുട്ടുമടക്കാതെ വഴിയില്ലായിരുന്നു. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് കടാശ്വാസം പ്രഖ്യാപിച്ചു. പുതിയ ലോണെടുക്കാന്‍ അവസരവും നല്‍കും. പാല്‍ വില വര്‍ധിപ്പിച്ചു. പോലീസ് കേസുകള്‍ പിന്‍വലിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് 12 അംഗ കമ്മിറ്റി. പക്ഷേ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് ഉറപ്പൊന്നുമില്ല. ജൂലൈ 26 വരെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് സമയപരിധി നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍. അതിന് സാധ്യമായില്ലെങ്കില്‍ സമരം പുനരാരംഭിക്കും. 

തമിഴ്‌നാട്ടില്‍ 70 ശതമാനവും കര്‍ഷകരാണ്. മറ്റെല്ലായിടത്തുമെന്നപോലെ നോട്ട് പിന്‍വലിക്കല്‍ തമിഴ് കര്‍ഷകന്റെയും കഴുത്തില്‍ കുരുക്കിട്ടു വലിക്കലായി. 2014, 2015 വര്‍ഷങ്ങളിലെ വരള്‍ച്ച കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും കാഠിന്യമേറിയതായിരുന്നു. 150 ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.  സഹകരണ ബാങ്കുകളില്‍നിന്നു പോലും പണം കിട്ടാതായതോടെ കാവേരി ഡെല്‍റ്റ പ്രദേശങ്ങളില്‍ മാത്രം 40 പേര്‍ ആത്മഹത്യ ചെയ്തു.  ക്യൂവില്‍ കുഴഞ്ഞുവീണവരേക്കാള്‍ നോട്ട് പിന്‍വലിക്കല്‍ മരണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ എന്തു കൊണ്ടും അര്‍ഹമായവയാണ് ഈ ദയനീയ ആത്മഹത്യകള്‍.  നാല്‍പതിനായിരം കോടി കടാശ്വാസം ആവശ്യപ്പെട്ട കര്‍ഷകര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചത് രണ്ടായിരം കോടി.  കടാശ്വാസം അനുവദിക്കല്‍, സ്വാമിനാഥന്‍ കമീഷന്‍ അനുസരിച്ചുള്ള താങ്ങുവില, കാവേരി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട് കര്‍ഷകര്‍ ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭമാരംഭിച്ചു. മരിച്ച കര്‍ഷകരുടെ തലയോടുകള്‍ പ്രദര്‍ശിപ്പിക്കുക, എലികളെ തിന്നുക, നഗ്‌നരായി വീഥികളില്‍ ഉരുളുക, സ്വന്തം മൂത്രം കുടിക്കുക തുടങ്ങി നഷ്ടപ്പെടാനൊന്നുമില്ലാത്തവന്റെ മാരക സമരമുറകളാണ് അവര്‍ പുറത്തെടുത്തത്. അധികാരത്തിനായി കടിപിടി കൂടുന്ന തമിഴ് നേതാക്കന്മാരും കര്‍ഷക സ്‌നേഹം പ്രസംഗിക്കുന്ന മോദി പരിവാറും അവരെ തിരിഞ്ഞുനോക്കിയില്ല. സമരനേതാവായ പി. അയ്യക്കുന്ന് പറയുന്നതുപോലെ യാചകരെയും അടിമകളെയും പോലെയാണ് കര്‍ഷകരെ പരിഗണിക്കുന്നത്. സമരം ചെയ്യുന്നവരെ ഭീകരവാദികളായി കണക്കാക്കിയാണ് അടിച്ചമര്‍ത്തുന്നത്. പാടങ്ങളില്‍ അവര്‍ മരിച്ചുവീഴുന്നത് ആരും വിലവെക്കുന്നില്ല. ഉടന്‍ പ്രശ്‌ന പരിഹാരമെന്ന മുഖ്യമന്ത്രി കെ. പളനി സ്വാമിയുടെ ഉറപ്പിന്മേല്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

അസമിലെ കര്‍ഷകരെയും ദുരിതങ്ങളിലേക്ക് നയിച്ചത് നോട്ട് പിന്‍വലിക്കലാണ്. മുഖ്യവിളയായ ഉരുളക്കിഴങ്ങിന് റെക്കോര്‍ഡ് ഉല്‍പാദനമുണ്ടായിട്ടും കടം വീട്ടാനാവാതെ വിഷമിക്കുകയാണ്. 375000 ഹെക്ടര്‍ സ്ഥലത്താണ് ഉരുളക്കിഴങ്ങ് കൃഷി. 6-7 രൂപ കിലോക്ക് ഉല്‍പാദനച്ചെലവുള്ള ഉരുളക്കിഴങ്ങിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില 5 രൂപ. താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ എടുക്കുന്നത് വളരെ കുറഞ്ഞ അളവുമാത്രം. അതിന്റെ വില കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കുകയും വേണം. ഫലം ഏഴു രൂപക്ക് ഉല്‍പാദിപ്പിച്ച ഉരുളക്കിഴങ്ങ് ചീഞ്ഞു തുടങ്ങും മുമ്പ് ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ വിലയ്ക്ക് മാര്‍ക്കറ്റില്‍ വിറ്റൊഴിവാക്കുകയാണ് അസമിലെ കര്‍ഷകര്‍. 

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നത്.  അധികാരമേറ്റ് ഒന്നാമത്തെ കാബിനറ്റ് മീറ്റിംഗില്‍ തന്നെ ആദിത്യനാഥ് കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വഞ്ചന, വാചകമടി, തെരഞ്ഞെടുപ്പ് പ്രലോഭനം എന്നൊക്കെയാണ് ആദിത്യനാഥിന്റെ കടം എഴുതിത്തള്ളല്‍ പദ്ധതിയെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്. 2.3 കോടി കര്‍ഷകരാണ് യു.പിയിലുള്ളത്. 2017 മാര്‍ച്ചില്‍ അവരുടെ ആകെ കടം ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയാണ്. സര്‍ക്കാര്‍ അനുവദിച്ചതാകട്ടെ 30729 കോടി രൂപ മാത്രം. 25 ശതമാനം കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 

ഒട്ടനവധി കര്‍ശന നിബന്ധനകളോടെയാണ് ആദിത്യനാഥിന്റെ കടാശ്വാസ പദ്ധതി വന്നത്. ഒരു ലക്ഷം വരെയുള്ള കടം മാത്രമാണ് എഴുതിത്തള്ളുക. വളം, വിത്ത്, കീടനാശിനി ഇവക്ക് വേണ്ടി ഉപയോഗിച്ച തുക മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തൂ. ഇതിനു പുറമെ യു.പി കര്‍ഷകരുടെ കടമെടുപ്പ് രീതിയെ ഉപയോഗപ്പെടുത്തുന്ന ഒരു നിബന്ധന കൂടിയുണ്ടായിരുന്നു. 2016 മാര്‍ച്ച് 31-നു ശേഷം അവശേഷിക്കുന്ന കടം മാത്രമാണ് ഇതിന് പരിഗണിക്കുക എന്നതായിരുന്നു അത്. യു.പി.യിലെ രീതിയനുസരിച്ച് 9 മാസത്തേക്ക് 3 ശതമാനം പലിശ നിരക്കിലുള്ള കടമാണ് ബാങ്കുകള്‍ അനുവദിക്കുക. 9 മാസം കഴിഞ്ഞാല്‍ പലിശ 9 ശതമാനമായി വര്‍ധിക്കും. മാര്‍ച്ച 31-ന് 9 മാസം അവസാനിക്കുന്ന രീതിയിലാണ് ബാങ്കുകള്‍ കടം കൊടുക്കുന്നത്.  അതിനാല്‍ എന്തു പ്രയാസം സഹിച്ചായാലും മാര്‍ച്ച് 31-നുള്ളില്‍ കര്‍ഷകര്‍ കടം അടച്ചു തീര്‍ക്കാന്‍ ശ്രമിക്കും. ഇത് അറിയുന്ന സര്‍ക്കാര്‍ അതിനനുസരിച്ചാണ് തീയതി നിശ്ചയിച്ചത്. ഭൂരിഭാഗം കര്‍ഷകരെയും പദ്ധതിക്കു പുറത്താക്കാന്‍ ഇതുവഴി സര്‍ക്കാറിന്  സാധിച്ചു. 

ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, തെക്കന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്ര, കര്‍ണാടക ഇവയെല്ലാം പ്രക്ഷോഭപാതയിലാണ്. വിള വിലയിടിവ്, നോട്ട് പിന്‍വലിക്കല്‍, വന സംരക്ഷണനിയമം, ഭൂമിയേറ്റെടുക്കല്‍ നിയമം, കന്നുകാലി സംരക്ഷണ നിയമം, സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് താങ്ങുവില തുടങ്ങിയ അനേകം ജീവന്മരണ പ്രശ്‌നങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. 

സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന താങ്ങുവില ശരിയായി നല്‍കുന്നതും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതുമായ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് കേരളമാണത്രെ. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് ക്വിന്റലിന് 1470 രൂപയാണ് താങ്ങുവില നല്‍കുന്നതെങ്കില്‍ കൃഷി അധികമില്ലാത്ത കേരളത്തില്‍ 2200 രൂപയാണ് നല്‍കുന്നത്. ഇന്ത്യയിലുടനീളം കര്‍ഷക സമൂഹം ദുരിതത്തില്‍നിന്ന് ദുരന്തങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള ആര്‍ഷഭാരത മഹാപാരമ്പര്യങ്ങള്‍ പുനഃസ്ഥാപിക്കാനെന്ന പേരില്‍ അനേകം സവര്‍ണ വിശ്വാസ വൈകൃതങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ബലം പ്രയോഗിച്ച് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ അതിലുമേറെ പഴക്കമുള്ളതും ഈ നാടിനെ ഇന്നുവരെ കഞ്ഞികുടിച്ച് കഴിഞ്ഞു പോകാന്‍ സഹായിച്ചുപോന്നതുമായ മറ്റൊരു മഹാ പാരമ്പര്യത്തെയും അതിന്റെ പ്രയോക്താക്കളെയും തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ജനതയെ ഇന്നുവരെ  തീറ്റിപ്പോറ്റിയ കൃഷിയും കര്‍ഷകരുമാണത്.  സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായ ഏകാധിപത്യ പ്രവണതയും മുന്‍ സര്‍ക്കാറുകളേക്കാള്‍ തീവ്രതയോടെ അത് പിന്തുടരുന്ന ഉദാരവല്‍ക്കരണ നയങ്ങളുമാണ് പിന്മടക്കമില്ലാത്ത വിനാശത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന കാര്‍ഷികത്തകര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍. 

 

തീക്കാറ്റായി നോട്ട് പിന്‍വലിക്കല്‍

ഇന്ത്യയില്‍ കൃഷി ഇന്നും വലിയൊരളവോളം ഒരു അനുഷ്ഠാനം പോലെ തന്നെയാണ്. പ്രകൃതി ശക്തികളും കാലാവസ്ഥയും ഏതു നിമിഷവും അതിനോട് പിണങ്ങാന്‍ സാധ്യതയുണ്ട്. അവയെ നിയന്ത്രിക്കാനാവശ്യമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ നടന്ന കാര്‍ഷിക പശ്ചാത്തല വികസനത്തില്‍നിന്ന് വലിയ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യയിലെ കൃഷി നിലനിന്നുപോവുന്നത്. ഇടനിലക്കാര്‍, കോര്‍പറേറ്റ് കുത്തകകള്‍, സര്‍ക്കാര്‍ നയംമാറ്റങ്ങള്‍, ഇറക്കുമതിയും കയറ്റുമതിയും, മാറിമറിയുന്ന ആഗോള കച്ചവട സാഹചര്യങ്ങള്‍,  പണം കടം നല്‍കുന്ന ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ബ്ലേഡ് പലിശ സംഘങ്ങള്‍, ഡിജിറ്റലൈസേഷന്‍-ആധാര്‍ ലിങ്കിംഗ് തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ കര്‍ഷകന്റെ കഴുത്തില്‍ കുരുക്കിടുന്ന ഘടകങ്ങളുടെ എണ്ണം '90-കള്‍ക്കുശേഷം വളരെയധികം വര്‍ധിച്ചിരിക്കുന്നു. തനിക്ക് നിയന്ത്രിക്കാനാവാത്ത ഈ ശക്തികള്‍ക്കു മുന്നില്‍ എല്ലാ അടവുകളും ആചാരാനുഷ്ഠാനങ്ങളും നിഷ്ഫലമാകുന്നത് ഇന്ത്യന്‍ കര്‍ഷകന് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവരുന്നു.

നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതയുടെ പ്രകടനമായ നോട്ട് പിന്‍വലിക്കല്‍ ഇക്കൂട്ടത്തില്‍ അവസാനത്തേതല്ല. മൊത്തം കറന്‍സിയുടെ 86 ശതമാനം വരുന്ന 1000, 500 രൂപാ നോട്ടുകള്‍  2016 നവംബര്‍ 8-ന് അര്‍ധരാത്രിക്കു മുമ്പ് കടലാസുകഷ്ണങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ വിളവെല്ലാം കരിച്ചുകളയുന്ന തീക്കാറ്റായാണ് അത് ഇന്ത്യന്‍ കൃഷിക്കളങ്ങളില്‍ പതിച്ചത്. 

2013-2014, 2015-2016 വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് കര്‍ഷകര്‍ നേരിട്ടത്. എല്ലായിടത്തും കൃഷിനാശം കൊണ്ട്  പൊറുതിമുട്ടി. മഴ കുറഞ്ഞപ്പോള്‍ ആത്മഹത്യകള്‍ പേമാരിയായി. എന്നാല്‍  മോദി സര്‍ക്കാറിനെ ദൈവം അനുഗ്രഹിച്ച സാമ്പത്തിക വര്‍ഷമാണ് 2016-2017. ഉത്തരേന്ത്യന്‍ കാര്‍ഷിക മേഖലയിലുടനീളം നല്ല മഴ ലഭിച്ചു. വിളവുകള്‍ സമൃദ്ധമായി. 270 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് സര്‍ക്കാര്‍ കണക്കു കൂട്ടിയത്. എന്നാല്‍ ഉല്‍പാദനം അതിനെയും മറികടന്ന് 273.4 ദശലക്ഷം ടണ്‍ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. എന്നിട്ടും രാജ്യം 1988-നു ശേഷമുണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടതിനു പ്രധാന കാരണം നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉണ്ടാക്കിയ സാമ്പത്തിക അരാജകത്വമാണ്. കര്‍ഷക പ്രക്ഷോഭം ദുരന്തത്തില്‍ കലാശിച്ച മധ്യപ്രദേശിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച the wire.com-ന്റെ ലേഖകര്‍ക്ക് ലഭിച്ച പ്രതികരണങ്ങളുടെ ചില സാമ്പിളുകള്‍ കാണുക.

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതു മുതല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ഒരാളും അവര്‍ക്ക് 1000  രൂപ പോലും നല്‍കാന്‍ തയാറല്ല. ഗ്രാമത്തില്‍ പണമാവശ്യം വരുമ്പോള്‍ കച്ചവടക്കാരോ കടം കൊടുക്കുന്നവരോ  നല്‍കുമായിരുന്നു. ഇപ്പോള്‍ അവരുടെ കൈയിലും പണമില്ല. 50000 രൂപക്കു മുകളില്‍ കൈവശമുള്ളവര്‍ കള്ളന്മാര്‍ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 2 ലക്ഷം ഉള്ളവര്‍ ഇന്‍കം ടാക്‌സ് കൊടുക്കണം. നോട്ട് പിന്‍വലിക്കല്‍ ഗ്രാമചന്തകളെയും ഗ്രാമ സാമ്പത്തിക വ്യവസ്ഥയെയും തകര്‍ത്തിരിക്കുന്നു. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ല. അവര്‍ എല്ലാവരെയും വിഡ്ഢികളാക്കുകയാണ്.  ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്തതിനാലാണ് കര്‍ഷകര്‍ ഒത്തുചേര്‍ന്നത്.  കിട്ടുന്ന വില തന്നെ ചെക്കായാണ്. അക്കൗണ്ട് തന്നെ ഇല്ലാത്തവര്‍ ആ ചെക്ക് മാറിക്കിട്ടാന്‍ മാസങ്ങള്‍ തന്നെ കാത്തിരിക്കണം. 

ഒരു ഗോതമ്പ് കര്‍ഷകന്‍ വില്‍പനക്കു ശേഷം പണം കിട്ടാന്‍ 8 മാസമാണ് കാത്തിരുന്നത്.   രണ്ട് ചാക്ക് സോയാബീന്‍ വിറ്റാലും ഒരാള്‍ക്ക് കിട്ടുന്നത് ചെക്കാണ്. അയാള്‍ക്ക് അന്നു തന്നെ പണമാവശ്യമു്. ഒരു ചാക്ക് ധാന്യം വില്‍ക്കാന്‍ ചന്തയില്‍ പോകാന്‍ ഒരു കര്‍ഷകന് ഒരു ദിവസം വേണം. അടുത്ത ദിവസം അയാള്‍ കിട്ടിയ ചെക് ബാങ്കില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കണം. ഒരാഴ്ചക്കു ശേഷം അയാള്‍ പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കണം. ആയിരം രൂപയുടെ ചെക്ക് മാറി പണമാക്കാന്‍ പലതവണ ജോലി മാറ്റി വെച്ച് നഗരത്തില്‍ പോവുന്ന കര്‍ഷകന്‍ അതില്‍ കൂടുതല്‍ പണം ചെലവാക്കുന്നു. നാല് തവണ ബാങ്കില്‍ പോകാന്‍ 500 രൂപ വേണം. അത്രയും ദിവസത്തെ ജോലിയും കളയണം. അവസാനം കിട്ടുന്ന പണം ഉപകാരമില്ലാത്ത വേസ്റ്റാണ്. താങ്ങുവിലയ്ക്ക് സര്‍ക്കാറിന് കൊടുത്താല്‍ അതിന്റെ പണം ബാങ്കിലാണെത്തുക. അത് ലഭിക്കുമ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവും. 500-ഓ 5000-മോ ആവട്ടെ ഇതുതന്നെ സ്ഥിതി.  എന്തിനാണവര്‍ ഞങ്ങളുടെ പണം ബാങ്കിലിടുന്നത്? മുമ്പ് ഒരു ലക്ഷം വിലയുള്ള ധാന്യം വിറ്റാലും പണം കിട്ടുമായിരുന്നു.  ഇപ്പോള്‍ 2000 രൂപക്കും ചെക്ക് മാത്രം. 

മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതികരണങ്ങളാണിവ. പ്രക്ഷോഭങ്ങള്‍ക്കു ശേഷം കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് പകുതി വില പണമായിത്തന്നെ നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടിരുന്നു.  ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ കച്ചവടക്കാര്‍ സമരത്തിന് ആഹ്വാനം ചെയ്തു. ഇങ്ങനെ ചെയ്യുന്നവരെ ഇന്‍കം ടാക്‌സ് കുടുക്കുമെന്നായിരുന്നു അവരുടെ പരാതി. പരിഹാരമായി പതിനായിരം രൂപ വരെ നല്‍കിയാല്‍ മതിയെന്നാക്കി. 

നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ ഗ്രാമീണരെ എങ്ങനെയെല്ലാം ദുരിതങ്ങളിലാക്കി എന്നതിന്റെ സാക്ഷ്യങ്ങളാണിവ. അനേകം ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മാത്രം സുഗമമായി നടപ്പാക്കാന്‍ സാധിക്കുന്ന ഡിജിറ്റലൈസേഷന്‍ യാതൊരു സൗകര്യവുമില്ലാത്ത ഗ്രാമങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതുമായി ഒത്തുപോകാന്‍ കഴിയാതെ കര്‍ഷകര്‍ പിടയുന്ന കാഴ്ചകളാണിത്.

ഉല്‍പാദനം വര്‍ധിച്ചപ്പോള്‍ ഉല്‍പ്പന്ന വില പാതാളത്തിലേക്കു താഴ്ന്നതിനു  പിന്നില്‍ നോട്ട് പിന്‍വലിക്കലാണെന്ന് റിസര്‍വ് ബാങ്കിനു പോലും സമ്മതിക്കേണ്ടിവന്നു. നോട്ട് പിന്‍വലിക്കല്‍ കാലത്ത് കര്‍ഷകര്‍ക്ക് നടത്തേണ്ടിവന്ന വിലയിടിച്ചു താഴ്ത്തിയുള്ള വില്‍പന മൂലം മണ്‍സൂണിന് മുമ്പുള്ള മാസങ്ങളില്‍ സാധാരണ ഉണ്ടാവുന്ന ചെറിയ വിലക്കയറ്റത്തിനുള്ള സാധ്യത പോലുമില്ലാതായി എന്ന് ഇക്കഴിഞ്ഞ ജൂണ്‍ 7-ന് പുറത്തിറക്കിയ സാമ്പത്തിക നയരേഖ (Monetary Policy statement) യില്‍ റിസര്‍വ് ബാങ്ക് പറയുന്നു.  ഹരിയാനയിലെ നിസ്സഹായനായ ഒരു കര്‍ഷകന്‍ നിരാശനായി നടത്തേണ്ടി വന്ന ഒരു കച്ചവടത്തെക്കുറിച്ച് ഫിനാന്‍ഷ്യല്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ. 4300 കിലോ ഉരുളക്കിഴങ്ങ് അദ്ദേഹം വിറ്റത് വെറും 900 രൂപക്കായിരുന്നു. ഇതില്‍ ഏജന്റ് ഫീസും കൂലിയും കഴിച്ച് അദ്ദേഹത്തിന് കിട്ടിയത് 380 രൂപ. 7 രൂപ കിലോക്ക് ഉല്‍പാദനച്ചെലവുള്ള ഉരുളക്കിഴങ്ങിന്   കിട്ടിയത് വെറും 9 പൈസ. നോട്ട് പിന്‍വലിക്കല്‍ കാര്‍ഷിക ഇന്ത്യയെ കൊണ്ടെത്തിച്ച പതനത്തിന്റെ ആഴമാണിത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതോടെ വെപ്രാളത്തിലായ കര്‍ഷകര്‍ വില കയറുമ്പോള്‍ വില്‍ക്കാന്‍ മാറ്റിവെച്ച വിളവെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു. 

എല്ലാ കാര്‍ഷികോല്‍പന്നങ്ങളുടെയും വില കുത്തനെ കുറഞ്ഞു. 2015-'16 ല്‍ 10000 രൂപ വരെ ക്വിന്റലിന് ലഭിച്ച പരിപ്പിന് 2500 രൂപ വരെയായി. 5000 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 400, 13000 വരെയുണ്ടായിരുന്ന വെളുത്തുള്ളിക്ക് വെറും ആയിരം, മല്ലി 7000 ഉണ്ടായിരുന്നത് 3000, വലിയ കടല 10000-4000, സോയാബീന്‍ 6000-2200, ഉലുവ 10000-2200 എന്നിങ്ങനെ പോകുന്നു വിലത്തകര്‍ച്ച.

സാമ്പത്തിക ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കി. അതിലൊന്നാണ് ആധാര്‍ ലിങ്കിംഗ്. മാര്‍ച്ച് 2017-ഓടെ സര്‍ക്കാറിന്റെ അനേകം കാര്‍ഷിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. മണ്ണ് ഹെല്‍ത്ത് കാര്‍ഡ് (Soil Health Card) ലഭിക്കാനും വളം സബ്‌സിഡിക്കും ആധാര്‍ വേണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ PMFBY  വിള ഇന്‍ഷുറന്‍സിന് ആധാര്‍ വേണമെന്നു മാത്രമല്ല ബാങ്കില്‍നിന്ന് കടം കിട്ടാന്‍ കടത്തില്‍നിന്ന് ഇതിന്റെ പ്രീമിയം അടക്കുകയും വേണം. കര്‍ണാടകയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിളനാശത്തിനുള്ള നഷ്ടപരിഹാരം ആധാര്‍ ലിങ്കിംഗ് നടത്തിയില്ല എന്നതിനാല്‍ 40000-ത്തോളം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. 

കടത്തില്‍ മുങ്ങിനിന്ന് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് ഗ്രാമീണ ഇന്ത്യക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അടുത്ത സീസണില്‍ വിതയ്ക്കുക, അല്ലെങ്കില്‍ കുടുംബത്തോടെ നശിക്കുക എന്ന രണ്ട് സാധ്യതകള്‍ മാത്രമാണുള്ളത്. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി അതിനെ ആധാറുമായി ലിങ്ക്  ചെയ്ത് മൊബൈലിലോ കമ്പ്യൂട്ടറുകളിലോ വില്‍പന നടത്തിയ വസ്തുവിന്റെ വിലയും സബ്‌സിഡികളും അക്കൗണ്ടില്‍ വരുന്നത് പരിശോധിച്ച് അത് ബാങ്കില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള സാവകാശവും ജീവിത സാഹചര്യവുമല്ല ഇന്ത്യന്‍ കര്‍ഷകനുള്ളത്. ഇന്ദ്രപ്രസ്ഥം വാഴുന്നോര്‍ക്ക് ഇതറിയാതെയല്ല. നഗരാധിഷ്ഠിത ഉപരിവര്‍ഗ ഉദ്യോഗസ്ഥരും അതിലും ഉയര്‍ന്ന ടെക്‌നോക്രാറ്റുകളും ചേര്‍ന്നുണ്ടാക്കുന്ന ഇത്തരം പരിപാടികള്‍ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നവര്‍ ചിന്തിക്കുന്നില്ല. ആരു നശിച്ചാലും തങ്ങള്‍ തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോവും എന്ന് തീരുമാനിച്ചിരിക്കുന്ന, ജനിതകമായിത്തന്നെ ഏകാധിപത്യ സ്വഭാവമുള്ള സവര്‍ണ അധികാരിവര്‍ഗത്തിന്  അങ്ങനെ ചിന്തിക്കണമെന്നു തന്നെ തോന്നുന്നില്ല. ജനങ്ങളല്ല രാജ്യവും അതിലെ മണ്ണുമാണ് വലുതെന്ന സവര്‍ണാധിപത്യ ആശയങ്ങള്‍ തന്നെയാണ് ഇത്തരം പദ്ധതികളുമായി മനസ്സാക്ഷിക്കുത്തില്ലാതെ മുന്നോട്ടുപോകാന്‍ അവര്‍ക്ക് പ്രേരകമായിരിക്കുന്നത്. നോട്ട് പിന്‍വലിക്കലിലും ആധാര്‍ അടിച്ചേല്‍പിക്കുന്നതിലും ഭൂമി ഏറ്റെടുക്കല്‍ നിയമമടക്കമുള്ള അനേകം നിയമങ്ങളിലും ഈ ആധിപത്യ സ്വഭാവം കാണാന്‍ കഴിയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌