'നിങ്ങള്‍ക്ക് നിരീക്ഷണ പാടവമുണ്ടോ?'
ഞാന്‍ ഈയിടെ ഒരു രോഗിയെ സന്ദര്‍ശിക്കുകയുണ്ടായി. അയാളുടെ ആവര്‍ത്തിച്ചുള്ള ചോദ്യം: ''എന്തിനാണ് അല്ലാഹു എന്നെ ഇങ്ങനെ രോഗം കൊ് പരീക്ഷിക്കുന്നത്? ഞാന്‍ എന്റെ രക്ഷിതാവിന്റെ അവകാശത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലല്ലോ?''
ഞാന്‍ അയാളെ സമാധാനിപ്പിച്ച ശേഷം പറഞ്ഞു: ''ഈ ലോകത്ത് മനുഷ്യജീവിതത്തില്‍ ഉണ്ടാവുന്ന ഓരോ സംഭവവും ഒരു ഓര്‍മപ്പെടുത്തലും ശ്രദ്ധ ക്ഷണിക്കലും ബോധമണ്ഡലത്തെ തട്ടിയുണര്‍ത്തലുമാകുന്നു. ആലോചനകള്‍ നടത്തി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള ഉദ്‌ബോധനമാണ്. നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന ഓരോ സംഭവവും ഓരോ നിമിഷവും നമ്മെ തേടിയെത്തുന്ന കാര്യങ്ങളും നമ്മുടെ രക്ഷിതാവിനെ ഓര്‍മിപ്പിക്കുന്ന നിമിത്തങ്ങളാണ്. ഈ ഓര്‍മപ്പെടുത്തല്‍ പലവിധത്തില്‍ സംഭവിക്കാം. ഒരു വാട്‌സ്ആപ്പ് സന്ദേശം, നിങ്ങള്‍ വായിച്ച ചില വരികള്‍, നിങ്ങളുടെ കണ്‍മുന്നില്‍ നടന്ന സംഭവം, നിങ്ങള്‍ക്ക് വന്നണഞ്ഞ വിപത്ത്, നിങ്ങളുടെ ചിന്തകളെ മാറ്റിമറിച്ച പുസ്തകം, നമസ്‌കാര വേളയില്‍ നിങ്ങള്‍ കേട്ട ഒരു സൂക്തം-ഇങ്ങനെ നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും തട്ടിയുണര്‍ത്തുന്ന ദൈവിക സന്ദേശങ്ങള്‍ പലതുണ്ട്. ദൈവത്തോടുള്ള തന്റെ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഓരോ സന്ദേശത്തിലെയും പൊരുള്‍.''
അയാള്‍ പറഞ്ഞു: ''ഞാന്‍ ഈയിടെ കണ്ട ഒരു സ്വപ്‌നം എന്നെ ഇളക്കിമറിച്ചു. അതിന്റെ വ്യാഖ്യാനമായി ഒരാള്‍ എന്നോടു പറഞ്ഞത്, ഇബാദത്തുകളിലുള്ള എന്റെ വീഴ്ചയെ കുറിക്കുന്ന സ്വപ്‌നമാണ് അതെന്നാണ്. ഞാന്‍ ഇപ്പോള്‍ ഇബാദത്തിലും മറ്റു ആരാധനാ കര്‍മങ്ങളിലും പ്രത്യേക നിഷ്ഠ പുലര്‍ത്തുന്നുണ്ട്.''
ഞാന്‍: ''നിങ്ങള്‍ പറഞ്ഞത് ശരിയാണ്, സ്വപ്‌നം ദൈവികമായ ഒരു ഉണര്‍ത്തലാണ്.''
അയാള്‍: ''എങ്കില്‍ അതൊരു ദൈവിക അനുഗ്രഹമായി കരുതണം.''
ഞാന്‍ ഇങ്ങനെ വിശദീകരിച്ചു: ''ശരിയാണ്. പക്ഷേ അത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല. എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹു ഓരോരുത്തരെയും ഓര്‍മിപ്പിക്കുകയാണ്. ചിലരെ ജീവിതാനുഭവങ്ങള്‍ പിടിച്ചുനിര്‍ത്തും. അയാള്‍ അവക്ക് ചെവികൊടുത്ത് അല്ലാഹുവിലേക്ക് തിരിച്ചുചെല്ലും. ചിലര്‍ അശ്രദ്ധരായി കഴിഞ്ഞുകൂടും. അതാണ് അല്ലാഹു പറഞ്ഞത്: 'തീര്‍ച്ചയായും നിരീക്ഷിച്ചു പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.' ഒരു ദരിദ്രന്‍ നിങ്ങളെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചു എന്നിരിക്കട്ടെ. സമ്പത്തില്‍ നിങ്ങളുടെ ബാധ്യതകള്‍ ഓര്‍മപ്പെടുത്തുകയാണ് അയാള്‍. നിങ്ങളേക്കാള്‍ സാമ്പത്തികശേഷി കുറഞ്ഞ വ്യക്തി ദരിദ്രരെ സഹായിക്കുന്നത് നിങ്ങളുടെ ദൃഷ്ടിയില്‍ പെട്ടെന്നിരിക്കട്ടെ, ധനവ്യയത്തിന്റെ പാഠം അയാള്‍ നിങ്ങള്‍ക്ക് പകര്‍ന്നുനല്‍കുകയാണ്. നിങ്ങളുടെ സമീപത്തു കൂടി കടന്നുപോയ വാഹനം അപകടത്തില്‍ പെട്ടുവെങ്കില്‍, അല്ലാഹു നിങ്ങളെ കാത്തുരക്ഷിച്ചു എന്ന പാഠമാണത് നല്‍കുന്നത്. ഇനി നിങ്ങളുടെ വാഹനമാണ് അപകടം വരുത്തിയതെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവുമായുള്ള ബന്ധത്തെക്കുറിച്ച പുനരാലോചന നടത്താന്‍ സമയമായി എന്ന സന്ദേശമാണത് നല്‍കുന്നത്. തെറ്റിവന്ന ടെലിഫോണ്‍ സംസാരമാവാം ചിലരെ ഉണര്‍ത്തുന്നത്. പ്രിയപ്പെട്ട വ്യക്തിയുടെ മരണമാവാം ചിലപ്പോള്‍ കണ്ണ് തുറപ്പിക്കുന്നത്. മുതിര്‍ന്നവരുമായുള്ള സംസാരമാവാം ചിലരെ ചിന്തിപ്പിക്കുന്നത്, ഡോക്ടര്‍മാരുടെയോ വിദഗ്ധന്റെയോ ഇടപെടലാവാം ചിലപ്പോള്‍ ആലോചനാ വിഷയമാവുന്നത്....
പ്രപഞ്ചം അല്ലാഹുവിന്റെ കൈപ്പിടിയിലാണ്; നമുക്ക് വിധേയമാണത്. നാം കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഒന്നും അവഗണിച്ചുതള്ളരുത്. ഓരോന്നിലുമുണ്ട് നമുക്ക് പാഠം. ജാഗ്രത്തായ മനസ്സും നിരീക്ഷണ പാടവവുമാണ് നമുക്ക് വേണ്ടത്. ദൈവികമായ ഇത്തരം സന്ദേശങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നില്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാം. അതാവാം ഒരുവേള നമ്മെ ഉണര്‍ത്തുന്നത്. നമുക്ക് അല്ലാഹു നല്‍കുന്നതെന്തും അനുഗ്രഹമാവാം, പരീക്ഷണമാവാം. ബാധ്യതകള്‍ ഓര്‍ത്ത് നന്ദിപ്രകടിപ്പിച്ചാല്‍ അനുഗ്രഹമായി. ഇവ ദൈവിക പാതയില്‍നിന്ന് നമ്മെ അകറ്റിയാല്‍ അത് ശാപമായി, നാശഹേതുകമായി; ഭാര്യയും മക്കളുമൊക്കെ അനുഗ്രഹമാവാം, വിപത്താവാം. സമ്പത്തും പദവിയും സ്ഥാനമാനങ്ങളും സൗന്ദര്യവും ആരോഗ്യവുമൊക്കെ ഈവിധം അനുഗ്രഹമോ വിപത്തോ ആവാം.....
അല്ലാഹു മനുഷ്യന് അയക്കുന്ന സന്ദേശം വഹിച്ചെത്തുന്നത് നബിമാരാവാം, വേദഗ്രന്ഥമാവാം. വിപത്തോ പ്രിയപ്പെട്ടവരുടെ വേര്‍പാടോ ആവാം. മുടിയില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ധക്യസൂചകമായ നരയാവാം, ഷഷ്ടിപൂര്‍ത്തിയാവാം. അന്‍പതുകള്‍ പിന്നിട്ടവര്‍ 'പരലോകത്തെ തെരുവില്‍ എത്തി' എന്നാണ് പ്രമാണം. അങ്ങനെ ദൈവിക സന്ദേശങ്ങള്‍ പലതുണ്ട്. നാം അത് അറിഞ്ഞ് ഉള്‍ക്കൊള്ളണമെന്നു മാത്രം.
വിവ: പി.കെ ജമാല്‍
Comments