Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

വംശവെറി ഒളിച്ചുവെച്ചവരുടെ വിദ്വേഷ പ്രചാരണങ്ങള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഭരണഘടനയുടെ പരിപാലനമാണ് പോലീസിന്റെ പ്രധാന ചുമതല. ഇന്ത്യന്‍ ഭരണഘടന മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായി ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മുഴുവന്‍ പൗരന്മാര്‍ക്കും അവകാശം നല്‍കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൗരജീവിത സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടി ക്രമസമാധാനം പരിപാലനം ചെയ്യുക, ഒട്ടും വിഭാഗീയത കൂടാതെ അക്കാര്യം നിര്‍വഹിക്കുക എന്നതാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ശമ്പളം പറ്റുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. ഉദ്യോഗസ്ഥന്മാര്‍ ജാതീയവും മതപരവും വംശീയവുമായ വിഭാഗീയ താല്‍പര്യങ്ങളോടെ പൗരജീവിതത്തെ വീക്ഷിക്കരുത്. ഒരു ജനാധിപത്യ വ്യവസ്ഥയിലെ ക്രമസമാധാന പരിപാലന സേന വിഭാഗീയവത്കരിക്കപ്പെട്ടാല്‍ ആ രാജ്യത്ത് തുല്യനീതി ഇല്ലാതാവും; സ്ഥാപിതവും വിഭാഗീയവുമായ താല്‍പര്യങ്ങളുടെ ഇരട്ട നീതി നടപ്പിലാകും. ജാതീയവും മതപരവുമായ വിഭാഗീയത വളര്‍ത്തി, ബ്രിട്ടീഷുകാരുടെ വിഭജിക്കല്‍ തന്ത്രം അനുകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന രാഷ്ട്രദ്രോഹ ശക്തികളെ സഹായിക്കാനേ വിഭാഗീയമനസ്‌കരായ പോലീസുകാരുടെ കൈയില്‍ ക്രമസമാധാന പരിപാലനാധികാരം ചെന്നുപെട്ടാല്‍ വഴിയൊരുങ്ങൂ. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് ടി.പി സെന്‍കുമാര്‍ എന്ന മുന്‍ ഡി.ജി.പിയുടെ ആര്‍.എസ്.എസ് പ്രകീര്‍ത്തനപരമായ അഭിപ്രായ പ്രകടനങ്ങള്‍ ജനാധിപത്യ മതേതര ഭാരതത്തിന്റെ ആത്മാവിനു നേരെ നടത്തപ്പെട്ട ചളിവാരിയെറിയലായി വിലയിരുത്തേണ്ടിവരുന്നത്.

വസ്തുതാവിരുദ്ധവും അതുകൊുതന്നെ നുണയെന്നു പറയാവുന്നതുമായ കാര്യങ്ങളാണ്, മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടും ഹിന്ദുരാഷ്ട്രവാദികളായ ആര്‍.എസ്.എസ് നിലപാടുകളെ പ്രകീര്‍ത്തിച്ചുകൊണ്ടും ടി.പി സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. കുമ്മനം രാജശേഖരന്‍, പി.എസ് ശ്രീധരന്‍ പിള്ള, എം.ടി രമേശ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തതോടെ ചിത്രം വ്യക്തമായി. അയാളുടെ ബൗദ്ധിക നിലവാരവും മനഃസ്ഥിതിയും ശശികല ടീച്ചറുടേതിനു സമാനമാണെന്നും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. കാക്കി നിക്കറിട്ട് റൂട്ട് മാര്‍ച്ച് നടത്തുന്ന ആര്‍.എസ്.എസ്സുകാരുടെ മനഃസ്ഥിതി കാക്കി ധരിച്ച് ക്രമസമാധാന പരിപാലനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായാല്‍ അതു തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ പത്തും പതിമൂന്നും വര്‍ഷങ്ങള്‍ തടങ്കലില്‍ കഴിഞ്ഞ് ജീവിതം ഇല്ലാതാവുന്ന അബ്ദുന്നാസിര്‍ മഅ്ദിനിമാരെ മാത്രമേ ഉണ്ടാക്കൂ. ടി.പി സെന്‍കുമാറുമാരിലൂടെ അബ്ദുന്നാസിര്‍ മഅ്ദനിമാര്‍ അന്യായ തടങ്കലില്‍ കഴിയുന്ന സ്ഥിതി ഇനി മേല്‍ ഉണ്ടായിക്കൂടാ. അതിനു വേണ്ടുന്ന ജനാധിപത്യ ജാഗ്രതയും മനുഷ്യാവകാശ പ്രതിബദ്ധതയും ജാതി മതഭേദമന്യേ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാവണം.

അവിശ്വാസികളെ എല്ലാം കൊല്ലലാണ് ജിഹാദ് എന്ന് ടി.പി സെന്‍കുമാര്‍ പറയുന്നു. എന്തടിസ്ഥാനമാണ് ആ പ്രസ്താവനക്കുള്ളത്? അവിശ്വാസികളെ കൊല്ലലാണ് ജിഹാദ് എങ്കില്‍ മുഹമ്മദ് നബി എന്ന മാതൃകാ മുസല്‍മാന്‍ ആദ്യം കൊല്ലേണ്ടിയിരുന്നത് മുസ്‌ലിം ആകാന്‍ വിസമ്മതിച്ചുകൊണ്ടുതന്നെ മുഹമ്മദ് നബിയെ സ്‌നേഹിച്ചു ജീവിച്ച അബൂത്വാലിബ് എന്ന മുഹമ്മദ് നബിയുടെ രക്തബന്ധുവിനെ ആയിരുന്നു. അലക്‌സാണ്ടര്‍ ജേക്കബ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനോട് ജിഹാദ് എന്തെന്നു ചോദിച്ച് മനസ്സിലാക്കാനുള്ള വിനയം ടി.പി സെന്‍കുമാര്‍ കാണിച്ചിരുന്നെങ്കില്‍ അയാള്‍ക്കൊരിക്കലും അവിശ്വാസികളെ കൊല്ലലാണ് 'ജിഹാദ്' എന്ന വിവരക്കേട് ശശികല ടീച്ചറുടെ ശൈലിയില്‍ പുലമ്പി സ്വയം നാണം കെടേണ്ടിവരില്ലായിരുന്നു.

'ഭീകരതക്ക് മതമില്ലെന്നും ഭീകരത മതമല്ലെന്നും ഐ.എസ് ഇസ്‌ലാം അല്ലെന്നും' ഒക്കെ ഇവിടെ ആദ്യം പറഞ്ഞത് മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരുമാണ്. ഇതൊക്കെ മറച്ചുവെച്ച് ഐ.എസ് എന്ന ഭീകര സംഘടനയുമായി കോടിക്കണക്കിന് വിശ്വാസികളായ മുസ്‌ലിംകളായ ഇന്ത്യന്‍ പൗരന്മാരെ സമീകരിച്ച് കരിവാരിത്തേക്കാനുള്ള സെന്‍ കുമാറിന്റെ ശ്രമം, സംഘ്പരിവാറിന്റെ സ്‌നേഹഭാജനമാകാനുള്ള പ്രവേശന പരീക്ഷയില്‍ അയാള്‍ ജയിച്ചിരിക്കുന്നു എന്നേ തെളിയിക്കുന്നുള്ളൂ. ഇന്ത്യയിലെ നീതിപീഠങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പും വസ്തുതാവിരുദ്ധമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ 'ലൗ ജിഹാദ്' ഇവിടെ നടക്കുന്നുണ്ടെന്ന് സെന്‍കുമാര്‍ പറഞ്ഞതിന് ആര്‍.എസ്.എസ്സുകാരുടെ പൊളിവചനങ്ങളല്ലാതെ മറ്റെന്ത് ആധികാരികതയാണുള്ളത്?

'ഐ.എസും ആര്‍.എസ്.എസ്സും തമ്മില്‍ താരതമ്യമില്ല. ഐ.എസ് അന്താരാഷ്ട്ര ഭീകര സംഘടനയാണ്. ആര്‍.എസ്.എസ് ദേശീയ സംഘടനയും' എന്ന സെന്‍കുമാര്‍ വാദവും അസംബന്ധവും അപകടകരവുമാണ്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ദേശീയത ഗാന്ധിജിമാരെ കൊല്ലുന്ന ഹിന്ദു രാഷ്ട്രവാദ ദേശീയതയാണ്. മഹാത്മജി രാഷ്ട്ര പിതാവായ ഇന്ത്യയില്‍ മഹാത്മജിമാരെ കൊല്ലുന്ന ഹിന്ദു രാഷ്ട്രവാദ ദേശീയതയുടെ പ്രസ്ഥാനം ഭീകരതയല്ല എന്നു പറയുന്ന സെന്‍കുമാര്‍ ഗാന്ധിജിയെ അവഹേളിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. ദാവൂദ് ഇബ്‌റാഹീം അന്താരാഷ്ട്ര മാഫിയാ സംഘത്തലവനാണ്. ഇയാളുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് ഖട്ടസേ എന്ന മഹാരാഷ്ട്രയിലെ ആര്‍.എസ്.എസ് നേതാവിനാണ്. ഈ ഒരൊറ്റ വസ്തുതയെങ്കിലും പത്രം വായിച്ച് മനസ്സിലാക്കിയിരുന്നെങ്കില്‍ അന്താരാഷ്ട്ര മാഫിയാ ഭീകര പ്രസ്ഥാനങ്ങളുമായി ആര്‍.എസ്.എസ്സിനുള്ള ബന്ധവും അതുവഴി ഐ.എസുമായി ആര്‍.എസ്.എസ്സിനെ താരതമ്യം ചെയ്യുന്നതിലെ വസ്തുതാപരമായ ശരികളും സെന്‍കുമാറിന് ബോധ്യപ്പെട്ടേനെ.

അവസാനമായി പറയട്ടെ, മി. സെന്‍കുമാര്‍, 'ഞങ്ങള്‍ക്ക് ഗാന്ധിജി രാഷ്ട്രപിതാവായ ദേശീയത മതി; ഗാന്ധി ഘാതകനു ക്ഷേത്രം പണിയുന്ന ദേശീയതയോ അതിനെ ചെറുക്കാന്‍ ചെറു വിരലനക്കാത്തവരുടെ ദേശീയതയോ ആവശ്യമില്ല. അതുപോലെ ഞങ്ങള്‍ക്ക് മൗലാനാ അബുല്‍ കലാം ആസാദും ഇ. മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും കുഞ്ഞാലി മരക്കാരുമൊക്കെ പ്രതിനിധാനം ചെയ്ത ഇസ്‌ലാമിനെ മതി; ഉസാമാ ബിന്‍ ലാദനും ഐ.എസും പ്രതിനിധാനം ചെയ്തതായി അവകാശപ്പെടുന്ന, മുതലാളിത്തത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ വളര്‍ത്തിയെടുത്ത നാമമാത്ര ഇസ്‌ലാം ആവശ്യമില്ല.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌