Prabodhanm Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

റോഹിങ്ക്യ ക്യാമ്പില്‍ സഹായവിതരണം

ന്യൂദല്‍ഹി: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ റോഹിങ്ക്യന്‍ മുസ്‌ലിം പുനരധിവാസ ക്യാമ്പുകളില്‍ സഹായവിതരണം നടത്തി. ഭക്ഷണം, വസ്ത്രം, ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ടെന്റുകളുടെയും മറ്റും നവീകരണത്തിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും ആവശ്യമായ സാമഗ്രികള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഓരോ മാസവും കുടുംബങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ റേഷന്‍ അടിസ്ഥാനത്തിലും നല്‍കി വരുന്നുണ്ട്. 

റമദാനില്‍ അഭയാര്‍ഥി ക്യാമ്പുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നോമ്പ് ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ എത്തിക്കുന്നതിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രത്യേക ശ്രദ്ധനല്‍കിയിരുന്നു. ഈ ക്യാമ്പുകളിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകളെത്തിച്ചു. ഹൈദരാബാദ്, ജമ്മു, മേവാത്ത്, ഫരീദാബാദ്, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലാണ് വിഷന്‍ 26-ന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്. 

റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് പുറമേ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ 50000-ലധികം കുടുംബങ്ങള്‍ക്ക് വിഷന്‍ 26-ന്റെ കീഴില്‍ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കൂടുതല്‍ ഭാഗങ്ങളിലേക്ക് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

 

---------------------------------------------------------------------------------------------------------------------- 

 

ജമാഅത്ത് നേതാക്കള്‍ ജുനൈദിന്റെ വീട് സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ വല്ലഭ്ഗഢില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ഹാഫിള് ജുനൈദിന്റെ വീട് സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി ദേശീയ അസി.അമീര്‍ നുസ്‌റത്ത് അലിയുടെ നേതൃത്വത്തിലാണ് സംഘം ഹരിയാനയിലെ വീട്ടിലെത്തിയത്. ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍, പിതാമഹന്‍ ഹാജി അഅ്‌സം ഖാന്‍, ജുനൈദിന്റെ കൂടെ മര്‍ദനത്തിനിരയായ സഹോദരന്‍ മുഹമ്മദ് ഹാഷിം എന്നിവരോട് സംഘം സംസാരിച്ചു. കേസ് നടത്തിപ്പിനും മറ്റും ജമാഅത്തിന്റെ സഹകരണം ഉറപ്പു നല്‍കുകയും ചെയ്തു. 

സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കണമെന്നും സംഘം സര്‍ക്കാറിനോടാവശ്യപ്പെട്ടു. 

മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ നുവൈദ് ഹാമിദ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് എസ്.ക്യു.ആര്‍ ഇല്യാസ്, ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി, ഹരിയാന അമീര്‍ അബ്ദുല്‍ വഹീദ്, എ.യു ആസിഫ്, ഇഷ്തിയാഖ് അഹ്മദ്, അബൂദര്‍റുല്‍ ഗിഫാരി എന്നിവര്‍ നുസ്‌റത്ത് അലിയെ അനുഗമിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌