Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-9

പ്രവാചകന്‍ ആഗതനാവുന്നതിനു മുമ്പുള്ള അറേബ്യയിലെ സമാധാനപരമായ മാര്‍ഗേണയുള്ള ചില സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് നമുക്ക് ലഭിച്ച വിവരം വെച്ച് പറയുകയാണെങ്കില്‍, അവയിലൊന്ന് ഇറക്കുമതി വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പത്തിലൊന്ന് നികുതിയായിരുന്നു. ഗോത്രത്തലവന്റെയോ ആ പ്രദേശത്ത് ചന്ത നടത്തുന്ന സംഘാടകരുടെയോ പണസഞ്ചിയിലേക്കാണ് ആ തുക പോവുക. അന്യദേശക്കാരെ ആകര്‍ഷിക്കുന്നതിനായി യുദ്ധം നിഷിദ്ധമായ 'ദൈവമാസങ്ങളുടെ' ഒരു പട്ടിക അവര്‍ തയാറാക്കിയിരുന്നു. ഒരു ദേവാലയ പ്രതിഷ്ഠയിലേക്ക് തീര്‍ഥാടകര്‍ എത്തുമ്പോഴോ മതാഘോഷങ്ങള്‍ നടക്കുമ്പോഴോ ആയിരിക്കും മറ്റു ദേശങ്ങളില്‍നിന്ന് ജനപ്രവാഹമുണ്ടാവുക. ഗോത്രങ്ങള്‍ തമ്മില്‍ കുടിപ്പക നിലനില്‍ക്കുന്നതുകൊണ്ട് പരിശുദ്ധ മാസങ്ങള്‍ ഏതെന്ന് നിര്‍ണയിക്കുന്നതില്‍ അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. വിവിധ മാസങ്ങളാണ് പവിത്രതയുള്ളതായി പ്രഖ്യാപിക്കപ്പെടുക. റജബ് മാസമായിക്കഴിഞ്ഞാല്‍ മുളര്‍ ഗോത്രക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലെല്ലാം പരിപൂര്‍ണ ശാന്തതയായിരിക്കും.1 റമദാന്‍ മാസത്തില്‍ റബീഅ ഗോത്രങ്ങളുടെ ആവാസ ഭൂമികളിലായിരിക്കും വിദേശികള്‍ക്ക് ശാന്തിയും സമാധാനവും അനുഭവപ്പെടുക.2 മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അറേബ്യയിലെ പകുതിയിലധികം ഭാഗങ്ങളില്‍ ഈ മാസങ്ങളില്‍ സമാധാനമായിരിക്കും. അപ്പോള്‍ മുളരികള്‍ റബീഅ ഗോത്രങ്ങളുമായി കച്ചവടത്തിലേര്‍പ്പെടുക റമദാന്‍ മാസത്തിലായിരിക്കും. കാരണം റബീഅക്കാര്‍ക്കത് പവിത്ര മാസമാണല്ലോ. മുളരികള്‍ യുദ്ധം വിലക്കുന്ന റജബ് മാസത്തിലാണ് അവരുടെ പ്രദേശങ്ങളിലേക്ക് റബീഅകള്‍ കച്ചവടത്തിനായി വരിക.

ഇതിന്റെ മെച്ചം ഏറ്റവും കൂടുതലായി അനുഭവിച്ചിരുന്നത് മക്കാ-ത്വാഇഫ് -മദീന നഗരത്രയങ്ങളായിരുന്നു. ആ നഗരങ്ങളിലെ നിവാസികള്‍ക്ക് നാലു മാസങ്ങള്‍ പവിത്രമാക്കപ്പെട്ട നിലയില്‍ ലഭിക്കുമായിരുന്നു. ഇതില്‍ മൂന്ന് മാസങ്ങള്‍, അവയില്‍ ഹജ്ജ് തീര്‍ഥാടനം കൂടി ഉള്‍പ്പെട്ടതിനാല്‍, തുടര്‍ച്ചയായി ലഭിക്കും. അതിനാല്‍ ഈ മാസങ്ങളില്‍ അറേബ്യയുടെ ഏതറ്റം വരെയും കച്ചവടയാത്ര നടത്തി സുരക്ഷിതമായി തിരിച്ചുപോരാന്‍ കഴിയുമായിരുന്നു. മാത്രവുമല്ല, ഈ യുദ്ധമില്ലാ കരാര്‍ ലംഘിച്ച് ആരെങ്കിലും ആയുധമെടുത്താല്‍ അതിന് 'അധാര്‍മിക' (ഫിജാര്‍) യുദ്ധം എന്നാണ് പേര് പറഞ്ഞിരുന്നത്. യുദ്ധവിരുദ്ധ ഉടമ്പടി എന്ന ഈ സംവിധാനത്തിന്റെ ഉത്ഭവം എപ്പോള്‍ എന്ന് നിര്‍ണയിക്കാന്‍ സാധ്യമായിട്ടില്ല. പക്ഷേ, ഇസ്‌ലാമിനു മുമ്പ് സംഭവിച്ച നാല് കരാര്‍ ലംഘനങ്ങളെക്കുറിച്ച്/'ഫിജാര്‍' യുദ്ധങ്ങളെക്കുറിച്ച് ചരിത്രത്തില്‍ പരാമര്‍ശമുണ്ട്.

ഫിജാര്‍ യുദ്ധങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ നാം ഒഴിവാക്കുകയാണ്. അവക്ക് നിമിത്തമായത് നിസ്സാര കാരണങ്ങളായിരുന്നു. ഇതില്‍ അവസാനത്തെ രണ്ട് യുദ്ധങ്ങളില്‍ മുഹമ്മദ് തന്റെ യൗവനകാലത്ത് പങ്കെടുത്തിരുന്നു എന്നാണ് കരുതപ്പെടുന്നത്; പറയപ്പെടുന്ന രണ്ട് സംഭവങ്ങളും ഒന്നല്ലെങ്കില്‍ മാത്രമേ ഈ കണക്ക് ശരിയാവൂ. ഒരു ഫിജാര്‍ യുദ്ധത്തില്‍ മുഹമ്മദ് പ്രശസ്ത യോദ്ധാവായ അബൂബറാഅ് മുലാഇബ് അല്‍ അസിന്നയെ തന്റെ കുന്തം കൊണ്ട് പരിക്കേല്‍പിച്ചതായി പറയുന്നുണ്ട്.3 മറ്റൊരു വിവരണപ്രകാരം, നാലാം ഫിജാര്‍ യുദ്ധത്തില്‍ മുഹമ്മദ് തന്റെ പിതൃസഹോദരങ്ങളെ അമ്പുകള്‍ എടുത്തുകൊടുത്തുകൊണ്ട് സഹായിക്കുന്നുണ്ട്.4 (പിന്നീട്, ഇബ്‌നുസഅ്ദിന്റെ വിവരണപ്രകാരം, ഇതേക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത്, 'ഞാനങ്ങനെ ചെയ്യരുതായിരുന്നു'5 എന്നാണ്). നാലാം ഫിജാര്‍ യുദ്ധത്തില്‍ ശത്രുസൈനികരുടെ തലവനായിരുന്നു മുലാഇബു ബ്‌നു അസിന്ന.6 മൂന്നാം ഫിജാര്‍ യുദ്ധവും ഇതേ ഗോത്രങ്ങള്‍ തമ്മിലായിരുന്നു നടന്നത് എന്നും മനസ്സിലാക്കാം.

 

ധര്‍മസംസ്ഥാപന പ്രസ്ഥാനം

യുദ്ധമുണ്ടാവുക നിസ്സാര കാരണങ്ങളിലായിരിക്കുമെങ്കിലും രക്തമൊഴുകുന്നതിന് ഒരു കണക്കുമുണ്ടാവുകയില്ല. മനോവിഷമത്താലാവാം, പ്രവാചകന്റെ പിതൃസഹോദരന്മാരിലൊരാളായ അസ്സുബൈര്‍ (അദ്ദേഹം തന്റെ ഗോത്രത്തെ നയിക്കുക മാത്രമല്ല,7 മക്കയിലെ മിലിട്ടറി കൗണ്‍സിലില്‍ സജീവ അംഗവുമായിരുന്നു), ശതാബ്ദങ്ങള്‍ പഴക്കമുള്ള ഹില്‍ഫുല്‍ ഫുദൂല്‍8 എന്ന ധര്‍മസംസ്ഥാപന പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ മുന്‍കൈയെടുത്തത്.9 മക്കയിലെ യുവാക്കളും പ്രായം ചെന്നവരുമെല്ലാം അവിടത്തെ ആദരണീയനും ഒപ്പം ധനികനുമായ അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെ വീട്ടില്‍ ഒരുമിച്ചു ചേര്‍ന്ന് ഇങ്ങനെയൊരു പ്രതിജ്ഞ എടുക്കുകയാണുണ്ടായത്: ''ദൈവമാണ, മര്‍ദകര്‍ക്കെതിരെ മര്‍ദിതപക്ഷത്ത് ഞങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കും; മര്‍ദകര്‍ മര്‍ദിതരുടെ അവകാശങ്ങള്‍ തിരിച്ചുകൊടുക്കും വരെ. കടല്‍ വെള്ളം മുടിയെ നനക്കുന്ന കാലത്തോളം, ഹിറ-സബീര്‍ പര്‍വതങ്ങള്‍ അവയുടെ സ്ഥാനങ്ങളില്‍ നിലനില്‍ക്കുവോളം കാലം (മര്‍ദിതരുടെ10) സാമ്പത്തികാവസ്ഥ ന്യായമായി കൈകാര്യം ചെയ്യപ്പെടുന്ന കാലത്തോളം ഇത് തുടരും.''

ഈ പ്രതിജ്ഞ എടുത്തവരില്‍ പ്രമുഖര്‍ ഇവരാണ്: ബനൂ ഹാശിം കുടുംബ(നബിയുടെ കുടുംബം)വും, അവരുടെ ബന്ധുക്കളും സഖ്യ കുടുംബങ്ങളും (ബനുല്‍ മുത്ത്വലിബ്), ബനൂതൈം കുടുംബം (അബൂബക്ര്‍ സിദ്ദീഖിന്റെയും അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെയും കുടുംബം), ബനൂ സുഹ്‌റ (പ്രവാചകന്റെ മാതാവിന്റെ കുടുംബം). ഇബ്‌നുല്‍ ജൗസിയുടെ വിവരണമനുസരിച്ച് (വഫാഅ്, പേജ് 137-138), ഇതില്‍ പങ്കാളികളായവരില്‍ ബനൂ അസദ് (വറഖതുബ്‌നു നൗഫലിന്റെയും ഖദീജ(റ)യുടെയും കുടുംബം) മാത്രമല്ല, മക്കക്കാരുടെ സഖ്യ ഗോത്രമായ അഹാബീശ് വരെ ഉണ്ടായിരുന്നു. മക്കയിലോ അഹാബീശ് അധിവാസ കേന്ദ്രങ്ങളിലോ കൈയേറ്റം ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിക്കും അയാളുടെ അവകാശങ്ങള്‍ തിരിച്ചുകൊടുപ്പിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു പ്രതിജ്ഞയുടെ ഉള്ളടക്കം. ഇങ്ങനെയൊരു പ്രതിജ്ഞയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ പ്രവാചകനായതിനു ശേഷവും മുഹമ്മദ് നബി(സ) അഭിമാനിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെ വീട്ടില്‍ വെച്ച് നടന്ന പ്രതിജ്ഞക്ക് പകരമായി ഒരു പറ്റം മേത്തരം ചുവന്നൊട്ടകങ്ങളെ നല്‍കിയാലും താനത് സ്വീകരിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സഹായത്തിന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പ്രവാചകനായതിനു ശേഷവും താനത് സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.11 ഈ ധര്‍മസംസ്ഥാപന സംഘം പ്രവര്‍ത്തകര്‍ മക്കയിലെ അവഗണിക്കാനാവാത്ത ഒരു ശക്തി തന്നെയായിരുന്നു എന്നര്‍ഥം. ചില സംഭവങ്ങള്‍ ഉദ്ധരിക്കാം:

ഖസ്അം ഗോത്രത്തില്‍പെടുന്ന ഒരു യമന്‍കാരന്‍ മക്കയില്‍ തീര്‍ഥാടനത്തിന് വന്നതായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ മകളുമുണ്ട്. മക്കയിലെ പ്രബലന്മാരിലൊരാളായ നുബൈഹു ബ്‌നുല്‍ ഹജ്ജാജ് ബലാല്‍ക്കാരമായി ഈ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി. ഹില്‍ഫുല്‍ ഫുദൂല്‍ എന്ന ധര്‍മ സംസ്ഥാപന സംഘത്തോട് പരാതിപ്പെടാനാണ് പിതാവിന് കിട്ടിയ ഉപദേശം. അദ്ദേഹം പരാതിപ്പെടുകയും ഉടനടി ഹില്‍ഫുല്‍ ഫുദൂലില്‍പെട്ടവര്‍ നുബൈഹിന്റെ വീടു വളയുകയും ചെയ്തു. നുബൈഹിന് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. തന്റെ ഹൃദയം വശീകരിച്ച ഈ പെണ്‍കുട്ടിയോടൊപ്പം ഒരു ദിവസം കഴിയാന്‍ അനുവദിക്കണമെന്ന അയാളുടെ ആവശ്യവും ഫുദൂലികള്‍ തള്ളി. നുബൈഹ് ഉടന്‍ തന്നെ പെണ്‍കുട്ടിയെ അവളുടെ പിതാവിന് ഏല്‍പിച്ചുകൊടുത്തു.12

ഥുമാല (അസ്ദ് എന്നും പറയും) ഗോത്രത്തില്‍പെട്ട ഒരു പരദേശി മക്കയിലെ പ്രമാണിമാരിലൊരാളായ ഉബയ്യു ബ്‌നു ഖലഫിന് ചില സാധനങ്ങള്‍ വിറ്റു. പക്ഷേ പ്രമാണി കരാറില്‍ പറഞ്ഞ മുഴുവന്‍ തുകയും കൊടുക്കാന്‍ തയാറായില്ല. നിരാശനായ ആ പരദേശി ഫുദൂലികളുടെ സഹായം തേടി. ഫുദൂലികള്‍ അയാളോട് പറഞ്ഞു: ''നിങ്ങള്‍ ചെന്ന് ഉബയ്യിനോട് പറയുക, താന്‍ വരുന്നത് ഫുദൂലികളുടെ അടുത്തു നിന്നാണ് എന്ന്. നിങ്ങളെ തൃപ്തിപ്പെടുത്തുംവിധം അയാള്‍ ഇടപാടുകള്‍ തീര്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അങ്ങോട്ടു വരുന്നുണ്ടെന്നും അയാളോട് പറയുക.'' ഫുദൂലികളെ മെനക്കെടുത്താതെ ഉബയ്യ് അപ്പോള്‍ തന്നെ ഇടപാടുകള്‍ തീര്‍ത്തു.13

കച്ചവടച്ചരക്കുകള്‍ വില്‍ക്കാനായി സുബൈദ് ഗോത്രത്തിലെ ഒരാള്‍ മക്കയിലെത്തി. മക്കയിലെ മറ്റൊരു പ്രമാണിയായ അബൂജഹ്ല്‍ (ഇയാളെക്കുറിച്ച് ഒരുപാട് വിവരണങ്ങള്‍ വരുന്നുണ്ട് പിന്നീട്) ഈ സുബൈദുകാരനുമായി ഒരു കച്ചവടക്കാരനും ഒരു ഇടപാടും നടത്തിപ്പോകരുതെന്ന് വിലക്കി. താന്‍ മാത്രമാണ് അയാളുടെ സാധനങ്ങള്‍ വാങ്ങുക; അതും വളരെ കുറഞ്ഞ വിലയ്ക്ക്. അബൂജഹ്‌ലിന്റെ സ്വാധീനം വളരെ ശക്തമായിരുന്നതിനാല്‍ കച്ചവടച്ചരക്കുകള്‍ക്ക് കൂടുതല്‍ വില പറയാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. അനീതിക്കിരയായ ഈ കച്ചവടക്കാരന്‍ നേരെ മുഹമ്മദിനെ ചെന്നു കണ്ടു. അദ്ദേഹം ആ കച്ചവടക്കാരനില്‍ നിന്ന് അയാള്‍ പറഞ്ഞ വിലയ്ക്ക് മൂന്ന് ഒട്ടകങ്ങളെ വാങ്ങി. മോശം പെരുമാറ്റങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ അബൂജഹ്‌ലുമായി ചില സംസാരങ്ങളുമുണ്ടായി.14 ഒരുപക്ഷേ ഈ സംഭവമാകാം പില്‍ക്കാലത്ത് പ്രവാചകനും അബൂജഹ്‌ലും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത വിധം പരസ്പരം അകന്നുപോകാനുള്ള ഒരു കാരണം.

ഒരു സംഭവം കൂടി പറയാം. പ്രവാചകദൗത്യം ഏല്‍പിക്കപ്പെട്ടതിനു ശേഷമുള്ള സംഭവമാണ്. ഇതേ അബൂജഹ്ല്‍ അറാശ് ഗോത്രത്തിലെ ഒരാളോട് എന്തോ ചിലത് വാങ്ങി. പക്ഷേ, പറഞ്ഞുറപ്പിച്ച വില കൊടുത്തില്ല. മറ്റൊരു മാര്‍ഗവുമില്ലാതെ ഈ കച്ചവടക്കാരന്‍ കഅ്ബാലയത്തിന്റെ മുന്നില്‍ വന്നുനിന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി. അപ്പോഴേക്കും മുഹമ്മദ് നബി(സ)യുടെ ഏറ്റവും വലിയ പ്രതിയോഗിയായി അബൂജഹ്ല്‍ മാറിക്കഴിഞ്ഞിരുന്നു. ഈ അറാശ് ഗോത്രക്കാരനെ ഒന്ന് തമാശയാക്കാനായി അവിടെയുണ്ടായിരുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞു: 'പ്രശ്‌നമാക്കാനില്ല. നിങ്ങള്‍ മുഹമ്മദിനെ ചെന്നു കണ്ടാല്‍ മതി. അബൂജഹ്‌ലിനോട് എതിരിടാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ.' തന്നെ തമാശയാക്കുകയാണെന്ന് മനസ്സിലാക്കാതെ ഈ അറാശി നേരെ പ്രവാചകനെ ചെന്നു കാണുകയും തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രവാചകന്‍ എഴുന്നേറ്റ് അറാശിയെയും കൂട്ടി അബൂജഹ്‌ലിനെ കാണാനായി പുറപ്പെട്ടു. അബൂജഹ്ല്‍ വന്ന വിവരം തിരക്കുകയും ഉടന്‍ തന്നെ അറാശിക്ക് കൊടുക്കാനുള്ള ബാക്കി പണം കൈമാറുകയും ചെയ്തു. ഇതെല്ലാം കണ്ട് അന്തംവിട്ട് അബൂജഹ്‌ലിന്റെ സുഹൃത്തുക്കള്‍ അപ്പുറത്ത് നില്‍ക്കുന്നുണ്ട്. ഇവര്‍ പോയി കഴിഞ്ഞപ്പോള്‍ അവരോടായി അബൂജഹ്ല്‍ പറഞ്ഞു: ''മുഹമ്മദ് വാതിലില്‍ മുട്ടിയപ്പോള്‍ ഭൂകമ്പത്തിലെന്നപോലെ വീട് കുലുങ്ങുന്നതായി അനുഭവപ്പെട്ടു. അത് എന്നെ ഭയപ്പെടുത്തി. ഭീമാകാരനായ ഒരു ഭ്രാന്ത് പിടിച്ച ഒട്ടകവും മുഹമ്മദിനെ അനുഗമിക്കുന്നതായി തോന്നി. മുഹമ്മദ് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ആ ഒട്ടകം എന്നെ വിഴുങ്ങിയേനേ.''15

അതെന്തുമാവട്ടെ, ഈയൊരു പൊതുവേദിയെക്കുറിച്ച് മക്കക്കാര്‍ക്ക് വലിയ അഭിമാനമായിരുന്നു. പല സന്ദര്‍ഭങ്ങളിലും ആ വേദി പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നു. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ആ വേദിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തിരുന്നില്ല. അതിനാല്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം വേദിയിലെ അവസാനത്തെ അംഗം മരണപ്പെട്ടതോടെ ആ വേദിയും ഇല്ലാതായി.

ഇതുപോലുള്ള മറ്റൊരു വേദിയെക്കുറിച്ച് സുബൈറു ബ്‌നു ബക്കാര്‍ തന്റെ നസബു ഖുറൈശ് എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്. ഏതു കാലത്താണ് അത് രൂപവത്കരിക്കപ്പെട്ടത് എന്നൊന്നും വ്യക്തമല്ല. മക്കയിലെ സുഹ്‌റ16 ഗോത്രവും ഗയാത്വീല്‍ (ബനൂ സഅ്ദുബ്‌നു സഹ്മ്) ഗോത്രവും ഉണ്ടാക്കിയ ധാരണാ പത്രത്തില്‍, ഖുറൈശികളിലോ അഹാബീശുകളിലോ പെട്ട ഒരാളും ആര്‍ക്കും ദ്രോഹം ചെയ്യരുതെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്നും തെറ്റുകള്‍ തിരുത്തണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ കൂട്ടായ്മക്ക് 'അനുരഞ്ജന സഖ്യം' (ഹില്‍ഫുസ്സ്വിലാഹ്) എന്നാണ് പറഞ്ഞിരുന്നത്. ഖുറൈശികളിലെ മറ്റു ഉപഗോത്രങ്ങളൊന്നും ഇതിനെ എതിര്‍ക്കുകയോ കൊച്ചാക്കുകയോ ചെയ്തിരുന്നില്ല; അവരതില്‍ ഭാഗഭാക്കാവുകയും ചെയ്തിരുന്നില്ല.

 

കുറിപ്പുകള്‍

1. പ്രവാചകന്റെ 'ഹജ്ജത്തുല്‍ വിദാഅ്' പ്രസംഗം കാണുക.

2. സുഹൈലി- റൗദ് II /351

3. കറാമത്ത് അലി സീറാ മുഹമ്മദിയ്യയില്‍ ഉദ്ധരിച്ചത്, പേജ് 45 (മഖ്ദീസിയുടെ ഇംതാഇല്‍നിന്നുള്ളത്)

4. ഇബ്‌നു ഹിശാം പേജ് 118-119

5. ത്വബഖാത്ത് 1/1 പേജ് 80, ഇബ്‌നു ഹബീബ് - മുനമ്മഖ് പേജ് 211

6. ഇബ്‌നു ഹബീബ് -മുനമ്മഖ് പേജ് 206.

7. ഇബ്‌നു ഹബീബ്- മുഹബ്ബര്‍, പേജ് 169, മുനമ്മഖ്, പേജ് 199

8. മുനമ്മഖ് പേജ് 219, സുഹൈലി - റൗദ് 1/91

9. സുഹൈലി, ഇബ്‌നു മന്‍സൂര്‍, ലിസാനുല്‍ അറബ്

10. സുഹൈലി, മുനമ്മഖ് പേജ് 219, 340-1. അല്‍ അഗാനിയിലെ വിവരണമനുസരിച്ച് (XVI, 66) പ്രതിജ്ഞയെടുക്കുന്നതിനു മുമ്പ് ഹജറുല്‍ അസ്‌വദ് കഴുകിയിരുന്നതായും സംസം ജലം അവര്‍ കുടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രതിജ്ഞയിലെ അവസാന വാക്യത്തിന്റെ അര്‍ഥം, പരദേശികളേക്കാള്‍ തദ്ദേശവാസികള്‍ക്ക് പരിഗണന ലഭിക്കില്ല എന്നാകാം.

11. സുഹൈലി 1/92, ഇബ്‌നു ഹബീബ് - മുഹബ്ബര്‍ പേജ് 167, ഇബ്‌നു ഹിശാം  പേജ് 86.

12. സുഹൈലി 1/91, മനുമ്മഖ് 48-56, 341-3

13. മുനമ്മഖ് പേജ് 47-8, 343-4

14. ബലാദുരി-അന്‍സാബ് 1/ 258, 261

15. ഇബ്‌നു ഹിശാം, പേജ് 257

16. സുഹ്‌റ ഗോത്രത്തിന്റെ പേര് ഹില്‍ഫുല്‍ ഫുദൂലിലും കാണുന്നുണ്ട്. ഒരുപക്ഷേ ഒരേ വേദി തന്നെയാവാം പല പേരുകളില്‍ അറിയപ്പെടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍