തുര്‍ക്കിയുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍
ലോകം ആകാംക്ഷയോടെ വീക്ഷിച്ച ഹിതപരിശോധനയാണ് ഏപ്രില്‍ 16-ന് തുര്‍ക്കിയില്‍ നടന്നത്. ഭരണഘടനാ ഭേദഗതിക്കായുള്ള റഫറണ്ടത്തില്‍ ഭരണകക്ഷി അക് പാര്‍ട്ടി 51.4 ശതമാനം വോട്ട് നേടി. ഇതോടെ 2019-ല്‍ തുര്‍ക്കിയില്‍ പാര്‍ലമെന്ററി സമ്പ്രദായം അവസാനിക്കുകയും പ്രസിഡന്‍ഷ്യല്‍ രീതി നടപ്പിലാവുകയും ചെയ്യും. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും പട്ടാള അട്ടിമറിശ്രമവും തുര്‍ക്കിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയ സമയത്ത് നടന്ന ഹിതപരിശോധന എന്തുകൊണ്ടും നിര്‍ണായകമായിരുന്നു അക് പാര്‍ട്ടിക്കും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്നും. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് പാര്‍ട്ടി ഹിതപരിശോധനയെ സമീപിച്ചത്. സാധാരണ പോലെ ഒറ്റക്ക് മത്സരിക്കുന്നതിനു പകരം പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കൂടി അക് പാര്‍ട്ടി ശ്രമിച്ചിരുന്നു. നാഷ്‌നലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിയുടെയും മറ്റു ചില ചെറു കക്ഷികളുടെയും പിന്തുണ ഉറപ്പിക്കാനും കഴിഞ്ഞു. എന്നിട്ടും മികച്ച വിജയം നേടാന്‍ അക് പാര്‍ട്ടിക്കായില്ല.
ഉര്‍ദുഗാന്‍ ഏകാധിപതിയോ?
തുര്‍ക്കിയില്‍ ഹിതപരിശോധന പ്രഖ്യാപിച്ചതു മുതല്‍ പലരുടെയും മനസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് ഉര്‍ദുഗാന്‍ മുഴുവന്‍ അധികാരങ്ങളും കൈപ്പിടിയിലൊതുക്കാന്‍ പോവുകയാണോ എന്നത്. യഥാര്‍ഥത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷമുള്ള തുര്‍ക്കിയുടെ ചരിത്രവും അതിന്റെ വര്‍ത്തമാനകാല സ്ഥിതിഗതികളും മനസ്സിലാകാത്തതുകൊണ്ടാണ് ഈ ചോദ്യം ഉയര്‍ന്നുവരുന്നതും, ഉര്‍ദുഗാനെ ചിലര്‍ മറ്റു അറബ് -മുസ്‌ലിം രാജ്യങ്ങളിലെ സ്വേഛാധിപതികളുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നതും. ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷം രൂപം കൊണ്ട തുര്‍ക്കി റിപ്പബ്ലിക്കിന്റെ ചരിത്രം വളരെ ഇരുണ്ടതായിരുന്നു. ഈ അവസ്ഥയെ പ്രശസ്ത തുര്‍ക്കി എഴുത്തുകാരനായ ഓര്‍ഹാന്‍ പാമൂക് തന്റെ 'ഇസ്താംബൂള്‍' എന്ന ഓര്‍മക്കുറിപ്പുകളില്‍ വരഞ്ഞിടുന്നത് ഇങ്ങനെ:
''എന്റെ ജനനത്തിന് നൂറ്റിരണ്ട് വര്‍ഷം മുമ്പ് ഇസ്തംബൂള്‍ സന്ദര്‍ശിച്ച ഫ്‌ളോബേര്‍ അതിന്റെ തെരുവുകളിലെ ആരവങ്ങള്‍ നിറഞ്ഞ ജീവിതം കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഒരു നൂറ്റാണ്ടുകൊണ്ട് ഇസ്തംബൂള്‍ ലോക തലസ്ഥാനമായി മാറുമെന്ന് തന്റെ കത്തുകളൊന്നില്‍ അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ അതിന്റെ എതിരാണ് സത്യമായിത്തീര്‍ന്നത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനാനന്തരം ഇസ്തംബൂള്‍ നിലനിന്നിരുന്നു എന്ന കാര്യം തന്നെ ലോകം ഏതാണ്ട് മറന്നു. അതിന്റെ 2000 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ദരിദ്രവും വികലവും ഏകാന്തവുമായ നഗരത്തിലേക്കാണ് ഞാന്‍ ജനിച്ചുവീണത്. അവശിഷ്ടങ്ങളുടെയും സാമ്രാജ്യത്തിന്റെ ഒടുവിലെ വിഷാദത്തിന്റെയും നഗരമായിരുന്നു ഇസ്തംബൂള്‍ എനിക്കെന്നും.'' ഈ അവസ്ഥ തൊള്ളായിരത്തി തൊണ്ണൂറു വരെ നിലനിന്നു. ഖിലാഫത്ത് തകര്‍ച്ചക്ക് ശേഷമുള്ള ആധുനിക തുര്‍ക്കിയുടെ ഒരു നൂറ്റാണ്ട് ചരിത്രത്തില്‍ കേവലം 30 വര്‍ഷം മാത്രമാണ് അല്‍പമെങ്കിലും വികസന പാതയില്‍ തുര്‍ക്കി മുന്നോട്ടുപോയത്. ഇതില്‍ ആദ്യ പതിനഞ്ച് വര്‍ഷം തുര്‍ഗുത് ഒസാല്‍, അദ്‌നാന്‍ മെന്‍ദരിസ് എന്നിവരുടെ ഭരണകാലമായിരുന്നു. പിന്നെയുള്ള 15 വര്‍ഷമാണ് തുര്‍ക്കിയില്‍ യഥാര്‍ഥ വികസനം ഉണ്ടാവുന്നത്. അത് നജ്മുദ്ദീന്‍ അര്‍ബകാന്റെയും ശിഷ്യന്‍ ഉര്‍ദുഗാന്റെയും ഭരണത്തിനു കീഴിലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ സമ്മതിക്കും. ബാക്കിയുളള കാലമത്രയും കൂട്ടുകക്ഷിഭരണത്തിന്റെയും പട്ടാള അട്ടിമറികളുടെയും ദുരന്തം അനുഭവിക്കാനായിരുന്നു തുര്‍ക്കികളുടെ വിധി. ഇതിന് അറുതി വരുത്താനാണ് തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ ഭരണ സമ്പ്രദായത്തിലേക്ക് മാറ്റുന്നത് എന്നാണ് അക് പാര്‍ട്ടിയുടെ വാദം.
ഹിതപരിശോധനയെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ തുര്‍ക്കി ജനതയുടെ വ്യക്തമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധ്യവുമാണ് പ്രകടമാകുന്നത്. പതിനഞ്ച് വര്‍ഷത്തോളമായി തുടര്‍ച്ചയായി എളുപ്പത്തില്‍ ജയിച്ചുകയറിയിരുന്ന അക് പാര്‍ട്ടിക്ക് പക്ഷേ, ഈ ഹിതപരിശോധനയില്‍ കാര്യങ്ങള്‍ വിചാരിച്ചപോലെ അനായാസമായിരുന്നില്ല. ഭൂരിപക്ഷം കുറയാനുള്ള പ്രധാന കാരണം പ്രസിഡന്‍ഷ്യല്‍ ഭരണ സമ്പ്രദായത്തിലേക്ക് മാറിയാല്‍ രാജ്യം ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമോ എന്ന വലിയൊരു വിഭാഗത്തിന്റെ ആശങ്ക തന്നെയായിരുന്നു. അത് സ്വാഭാവികവുമാണ്. കാരണം ഇറാഖ്, സിറിയ, ലിബിയ, യമന്‍, ഈജിപ്ത് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ ഭീകരവൃത്തികള്‍ക്കും ആ നാടുകളുടെ തകര്‍ച്ചക്കും സാക്ഷികളാണല്ലോ തുര്‍ക്കി ജനത. അതിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതും ഒരു രാഷ്ട്രമെന്ന നിലയില്‍ തുര്‍ക്കിയാണ്. പക്ഷേ, ഈ ഏകാധിപതികളുമായി ഉര്‍ദുഗാനെ താരതമ്യം ചെയ്യുന്നത് ഒട്ടും നീതിയല്ല. അതേസമയം, എല്ലാ അക് പാര്‍ട്ടി അംഗങ്ങളും ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചിട്ടില്ല എന്നതും വസ്തുതയാണ്. മുന്‍ പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവിന്റെ രാജിയിലേക്ക് നയിച്ച ഒരു പ്രധാന കാരണവും ഇതായിരുന്നു. ഇതൊക്കെ കൊണ്ടുതന്നെയാണ്, തുര്‍ക്കി ജനത അവരുടെ രാഷ്ട്രീയ പ്രബുദ്ധത ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു എന്ന് പറയുന്നത്.
എല്ലാ തെരഞ്ഞെടുപ്പുകളിലുമെന്ന പോലെ ഈ ഹിത പരിശോധനയിലും പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവില്ലായ്മ പ്രകടമായിരുന്നു. ഹിതപരിശോധനക്ക് എതിരായി വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടത് സെക്യുലര്‍ സംഘടനകളും സ്ത്രീവാദ സംഘടനകളുമൊക്കെയായിരുന്നു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സി.എച്ച്പി.യുടെ പ്രധാന ആരോപണം രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് പോകും എന്നായിരുന്നു. എന്നാല്‍, സി.എച്ച്.പിയുടെ ആരാധ്യപുരുഷനായ കമാല്‍ അത്താതുര്‍ക്കിന്റെ ഏകാധിപത്യ ഭരണത്തിന്‍ കീഴിലെ ക്രൂരത അനുഭവിച്ചവര്‍ ഇന്നും തുര്‍ക്കിയില്‍ ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ട് സി.എച്ച്.പിയുടെ വാദത്തിലെ പൊള്ളത്തരം മനസ്സിലാക്കാന്‍ തുര്‍ക്കി ജനതക്ക് പ്രയാസമുണ്ടായിരുന്നില്ല. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ കുര്‍ദുകളുടെ എച്ച്.ഡി.പി തീര്‍ത്തും പ്രതിരോധത്തിലായിരുന്നു. മാസങ്ങളായി തുര്‍ക്കിയില്‍ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ ആസൂത്രകരായ പി.കെ.കെയുമായുള്ള എച്ച്.ഡി.പിയുടെ ബന്ധമാണ് കാരണം. ഇതിന്റെ പേരില്‍ പാര്‍ലമെന്റ് അംഗങ്ങളടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതുകൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ തീരെ നിറം മങ്ങിപ്പോയിരുന്നു. പല ചെറു പാര്‍ട്ടികളും ഹിതപരിശോധനക്ക് അനുകൂലമായിരുന്നെങ്കിലും ഉര്‍ദുഗാനോടുള്ള കണക്കു തീര്‍ക്കാനാവണം അര്‍ബകാന്‍ സ്ഥാപിച്ച സആദത്ത് പാര്‍ട്ടി ഭേദഗതിക്കെതിരായി നിലകൊണ്ടു. ഇത്രയും അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇത്ര നേരിയ തോതിലുള്ള വിജയം അക് പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്ര സൂക്ഷിച്ചുവേണം എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
ഹിതപരിശോധനാ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പാശ്ചാത്യ മീഡിയയുടെയും യഥാര്‍ഥ മുഖം നേരത്തേതന്നെ തുറന്നുകാട്ടപ്പെട്ടതാണ്. തുര്‍ക്കി വംശജരായ പ്രവാസികള്‍ കൂടുതല്‍ താമസിക്കുന്ന ജര്‍മനി, ഡെന്മാര്‍ക്ക്, ഹോളണ്ട് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുമതി നിഷേധിക്കുകയും ഇതില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി നേരിടുകയുമായിരുന്നു. പല പാശ്ചാത്യ മാധ്യമങ്ങളും പരസ്യമായിത്തന്നെ ഹിതപരിശോധനക്കെതിരെ പ്രചാരണം നടത്തുകയുണ്ടായി. ഒരു ഡച്ച് ടാബ്ലോയിഡ് ഉര്‍ദുഗാനെ കൊല്ലാന്‍ വരെ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പു ഫലം വന്ന ഉടനെ പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ഫോറിന്‍ പോളിസിയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ‘Rip Turkey, 1921-2017'; അതായത് സെക്യുലര്‍ തുര്‍ക്കിയുടെ കാലം അവസാനിച്ചുവെന്നും ഇനി വരാന്‍ പോകുന്നത് പഴയ ഒട്ടോമന്‍ തുര്‍ക്കിയുടെ കാലമാണെന്നും.
ഇതില്‍നിന്നൊക്കെ മനസ്സിലാകുന്നത് നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു മേഖലയില്‍നിന്ന് ഒരു രാജ്യം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതും അതിന് ഇസ്‌ലാമികമുഖം ഉണ്ടാകുന്നതും അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ് എന്നാണ്. ഉര്‍ദുഗാന്‍ ഉന്നം വെക്കുന്നതും ഇതു തന്നെയാണ്; ഇന്നത്തെ യൂറോപ്യന്‍ -അമേരിക്കന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഒരു രാജ്യമെങ്കിലും കെട്ടിപ്പടുക്കുകയും അതിന്റെ കീഴില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക. അതിലേക്കുള്ള ഒരു ചുവടുവെപ്പ് മാത്രമാണ് പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തിലേക്കുള്ള മാറ്റം എന്ന വിശകലനം പ്രസക്തമാണ്.
(ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍)
Comments